കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -1

//കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -1
//കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -1
ആനുകാലികം

കോവിഡ് 19; നാസ്തികതയാണ് പ്രതിക്കൂട്ടിൽ !! -1

“ദൈവം സൃഷ്ടിച്ചതെല്ലാം കുറ്റമറ്റതാണെന്ന് നിങ്ങൾ പറയാറുണ്ടല്ലോ. എങ്കിലെന്തിനാണ് കഴുത്തിൽ കുറച്ച് സ്ഥലത്ത് അന്നനാളിയും ശ്വസനനാളിയും ഒന്നിച്ചാവുന്ന സ്ഥിതിയിൽ മനുഷ്യനെ സൃഷ്ടിച്ചത്? അത് കൊണ്ടാണല്ലോ ചിലപ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാവുന്നതും അത് വഴി ചിലർ മരണപ്പെടുന്നതുമെല്ലാം. ബുദ്ധിയുള്ള ആസൂത്രകനാണ് സൃഷ്ടി നടത്തിയതെങ്കിൽ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടാകാത്ത രൂപത്തിൽ വ്യത്യസ്തമായ രണ്ട് കുഴലുകൾ സൃഷ്ടിക്കാമായിരുന്നില്ലേ. ദൈവവിശ്വാസികൾ പറയുന്നതുപോലെ മനുഷ്യസൃഷ്ടിക്ക് പിന്നിൽ ഒരു അതിബുദ്ധിമാന്റെ ആസൂത്രണങ്ങളൊന്നും നടന്നിട്ടില്ലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

നാസ്തികനായ പരിണാമവാദിയുടേതാണ് ചോദ്യം. ബുദ്ധിപരമായ ഡിസൈൻ ആണ് പ്രപഞ്ചത്തിലുടനീളം കാണപ്പെടുന്നത് എന്ന വസ്തുത ഒരു ആസൂത്രകന്റെ അസ്തിത്വത്തെ ബോധ്യപ്പെടുത്തുന്നുവെന്നു സമർത്ഥിക്കുന്ന ദൈവവിശ്വാസികളോടുള്ള പ്രതിവാദം! 1919 ൽ മരണപ്പെട്ട പ്രസിദ്ധ ജർമൻ പരിണാമവാദിയായ ഏണസ്‌റ്റ് ഹേക്കൽ തുടക്കം കുറിക്കുകയും റിച്ചാർഡ് ഡോക്കിൻസ് അടക്കമുള്ള നവനാസ്തികകുതിരക്കാരുടെയെല്ലാം ഗവേഷണസമയം ഏറെയും അപഹരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന, പ്രപഞ്ചസൃഷ്ടിയിലെ യാതൊന്നിനും തന്നെ യാതൊരു ഉദ്ദേശ്യവുമില്ലെന്ന അപ്രയോജനവാദ(dysteleology)ത്തിന്റെ വക്താക്കളിൽ ആരുടെയോ ലേഖനത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് ചോദ്യം. ഒന്നിന് പിന്നിലും ഒരു ആസൂത്രണവുമില്ലെന്നും അപൂർണതയിൽ നിന്ന് നിന്ന് പൂർണതയിലേക്കുള്ള ജീവിയുടെ പ്രകൃതിനിർധാരണം വഴിയുള്ള പ്രയാണത്തിനിടയിൽ യാദൃച്‌ഛികമായാണ് ആസൂത്രണമെന്ന് ദൈവവിശ്വാസികൾ പറയുന്ന കാര്യങ്ങളെല്ലാം ഉരുത്തിരിഞ്ഞതെന്നും സ്ഥാപിക്കുകയാണ് ലക്ഷ്യം. മനുഷ്യകണ്ഠത്തിലേക്ക് മൂക്കിലൂടെയെത്തുന്ന ശ്വാസവായുവും വായിലൂടെയെത്തുന്ന ഭക്ഷണപാനീയങ്ങളും ആദ്യം കടന്നുപോകുന്ന ഗ്രസനി(pharynx) ആവശ്യമില്ലാത്തതും അപകങ്ങളുണ്ടാക്കുന്നതുമാണ് എന്നാണ് സമർത്ഥനം. ഗ്രസനിയിലെത്തിയ ശേഷമാണ് അവ യഥാക്രമം ശ്വാസനാള(larynx)ത്തിലേക്കും അന്നനാള(esophagus)ത്തിലേക്കും പോകുന്നത് എന്നതിനാലാണ് ചിലപ്പോൾ ഭക്ഷണം ശ്വാസനാളിയിൽ കുടുങ്ങി ഗളസ്‌തംഭ(choking) മുണ്ടാകുന്നത് എന്ന നിരീക്ഷണമാണ് വിമർശനത്തിന്റെ അടിത്തറ. ഗ്രസനിയില്ലാതെ മൂക്ക് മുതൽ ശ്വാസകോശം വരെ ശ്വാസനാളവും വായ മുതൽ ആമാശയം വരെ അന്നനാളവും രണ്ട് കുഴലുകളായിത്തന്നെ ക്രമീകരിച്ചിരുന്നുവെങ്കിൽ ഗളസ്‌തംഭത്തിലൂടെയുള്ള അപകടങ്ങളും മരണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നാണ് ‘സാങ്കല്പിക’ പടച്ചവനോടുള്ള നിർദേശം. തന്നെപ്പോലെ ബുദ്ധിമാനായിരുന്നു സ്രഷ്ടാവെങ്കിൽ ഗ്രസനിയില്ലാതെയാവുമായിരുന്നു മനുഷ്യരെ സൃഷ്ടിക്കുകയെന്നാണ് നിരീക്ഷണം. അതിനാൽ മനുഷ്യകണ്ഠത്തിൽ ഗ്രസനിയുണ്ട് എന്നത് ഒന്നുകിൽ ദൈവം തന്റെയത്ര ബുദ്ധിയില്ലാത്തവനാണെന്ന് തെളിയിക്കുകയോ അല്ലെങ്കിൽ ദൈവമില്ലെന്ന് വ്യക്തമാക്കുകയോ ചെയ്യുന്നുവെന്നാണ് ഉപസംഹാരം. ദൈവമില്ലെന്നതിനുള്ള ശാസ്ത്രീയമായ തെളിവ് !!!

ഇതിപ്പോൾ ഓർമ്മ വന്നത് പുതിയ കൊറോണാ വൈറസ്ബാധയായ കോവിഡ് 19 ഉമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ നാസ്തികരുടെ ആഹ്ലാദപ്രകടനങ്ങൾ കണ്ടപ്പോഴാണ്. കോവിഡ് ബാധയിൽ നിന്ന് എങ്ങനെ മനുഷ്യരെ രക്ഷിക്കാനാകുമെന്ന ചിന്തയിലും അന്വേഷണത്തിലും പ്രവർത്തനങ്ങളിലാണ് ലോകമെങ്ങും. ശാസ്ത്രജ്ഞർ മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാൻ വേണ്ടിയുള്ള ഗവേഷണങ്ങളിൽ; രാഷ്ട്രനേതാക്കൾ തങ്ങളുടെ ഭരണപ്രദേശത്തെ രോഗാണുമുക്തമാക്കാൻ എങ്ങനെ കഴിയുമെന്ന ചിന്തയിലും ചർച്ചയിലും പ്രവർത്തനങ്ങളിലും; ഭിഷഗ്വരന്മാരും സഹപ്രവർത്തകരും കൊറോണ ബാധിച്ചവരെ പരിചരിക്കുവാനും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള തീവ്രമായ പരിശ്രമങ്ങളിൽ; ആരോഗ്യപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും കൊറോണ പടരാതിരിയ്ക്കുവാനുള്ള നിർദേശങ്ങൾ നൽകുകയും ബോധവൽക്കരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാനുള്ള നെട്ടോട്ടത്തിൽ; മതപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും രോഗസംക്രമണം തടയാനുള്ള സംവിധാനങ്ങൾ വിതരണം ചെയ്യാനുള്ള സേവനങ്ങളിൽ; പുരോഹിതരും പണ്ഡിതരും പ്രബോധകരും പ്രാർത്ഥിക്കുകയും പ്രാർത്ഥിപ്പിക്കുകയും ചെയ്തുകൊണ്ട് ദുരന്തങ്ങളെ സമചിത്തതയോടെ നേരിടാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്ന തിരക്കുകളിൽ…

എല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോഴും ഓരോ ദിവസവും പതിനായിരങ്ങൾ പുതുതായി രോഗികളായിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുത എല്ലാവരെയും ദുഃഖിപ്പിക്കുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് രോഗികളുടെ എണ്ണം179,829 ആയിരുന്നുവെങ്കിൽ ഇന്ന് രാവിലെ ഏഴ് മണിയായപ്പോഴേക്ക് അത് 182,611 ആയിട്ടുണ്ടെന്ന സത്യം എല്ലാവരെയും ഞെട്ടിപ്പിക്കുന്നു; വൈറസ് ബാധയാൽ ഇതേവരെ മരണപ്പെട്ട 7,171 സഹോദരങ്ങളെയോർത്ത് മനുഷ്യത്വമുള്ളവരുടെയെല്ലാം ഹൃദയം തേങ്ങുന്നു; ദൈവവിശ്വാസികൾ അവർക്കു വേണ്ടിയും രോഗികളായവർക്കുവേണ്ടിയും ലോകത്തെ മുഴുവൻ മനുഷ്യർക്കുവേണ്ടിയും കണ്ണ് നിറഞ്ഞു പ്രാർത്ഥിക്കുന്നു….

ലോകത്തിന്റെ ഇന്നത്തെ സ്ഥിതിയോർത്ത് എല്ലാ മനുഷ്യരും ദുഖത്തിലാണ്; ഒരുകൂട്ടരൊഴിച്ച്. അവർ, അവർ മാത്രം ആഹ്ലാദിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് അവരുടെ അർമ്മാദനൃത്തമാണ്. തങ്ങൾ തന്നെ സ്വയം പ്രഖ്യാപിച്ച തങ്ങളുടെ ശത്രുവായ ദൈവത്തെ അടിക്കാനുള്ള വലിയൊരു വടി കിട്ടിയ സന്തോഷത്തിലാണവർ! രോഗലക്ഷണമുള്ളവർ പള്ളികളിലേക്ക് വരേണ്ടതില്ലെന്ന് പണ്ഡിതന്മാർ പറഞ്ഞപ്പോൾ അവർ സന്തോഷപ്പൂത്തിരി കത്തിച്ചു; കുർബാന നിർത്തിവെച്ചത് കേട്ടപ്പോൾ അവർ ആനന്ദനൃത്തമാടി; മക്കയിൽ ഉംറാതീർത്ഥാടനം താൽക്കാലികമായി നിർത്തിയ വാർത്ത കൂടി വന്നതോടെ അവരിപ്പോൾ അർമ്മാദലഹരിയിൽ ആർത്തട്ടഹസിച്ചുകൊണ്ടിരിക്കുകയാണ്. ദൈവം തോറ്റുവെന്നാണ് അവരുടെ അട്ടഹാസം. ചെറിയൊരു വൈറസിനോട് ദൈവം തോറ്റുപോയത്രെ! പാവം ദൈവത്തെ രക്ഷിക്കാൻ പണ്ഡിതന്മാർക്കോ പുരോഹിതന്മാർക്കോ കഴിഞ്ഞില്ലത്രേ!! ഉംറ തീർത്ഥാടനം കൂടി നിർത്തിയതോടെ ദൈവത്തിന് ഇനിയൊരിക്കലും ജയിക്കാൻ കഴിയാത്തവിധം മക്കയിൽ നിന്നുപോലും ദൈവം പടിയിറങ്ങിയത്രേ !!! പാവം ദൈവം! അവനോട് സഹതപിക്കുവാൻ കുറച്ച് നാസ്തികന്മാർ കൂടിയില്ലായിരുന്നുവെങ്കിൽ !!!

എപ്പോഴുമിവർ ഇങ്ങനെയാണ്! കേരളത്തിൽ രണ്ട് പ്രളയങ്ങളുണ്ടായപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനങ്ങളിലായിരുന്നു. പണക്കാരും പണിക്കാരും മുതലാളിമാരും തൊഴിലാളികളും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നവരും വിവിധ മതങ്ങളുടെ അനുയായികളുമെല്ലാം കൈകോർത്ത് പിടിച്ച് നാടിനെ രക്ഷിക്കാനുള്ള പ്രയത്നത്തിലായിരുന്നു. അന്നും ഇവർ ആഹ്ലാദത്തിമിർപ്പിലായിരുന്നു; പേനയുന്തുകയും പോസ്റ്റിടുകയും ചെയ്യുകയെന്ന സേവനം മാത്രം സമൂഹത്തിനായി ചെയ്യുന്ന ഇവർ സ്ഥിരം ചോദ്യവുമായി സോഷ്യൽ മീഡിയയിൽ ആനന്ദനർത്തനത്തിലായിരുന്നു! ദൈവമുണ്ടെങ്കിൽ പിന്നെ പ്രളയമുണ്ടാകുന്നതെങ്ങനെ എന്നായിരുന്നു അന്നത്തെ അവരുടെ ചോദ്യം !!!

‘ദൈവമുണ്ടെങ്കിൽ വൈറസുകളുണ്ടാവുന്നതെങ്ങനെ?’എന്ന ചോദ്യം കേട്ടപ്പോഴാണ് മനുഷ്യകണ്ഠത്തിലെ ഗ്രസനിയെ ദൈവനിഷേധത്തിനുള്ള തെളിവാക്കിയ ചോദ്യകർത്താവിനെ ഓർമ്മ വന്നത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ചെറിയവരൊന്നുമല്ല. ശാസ്ത്രവിഷയങ്ങൾ എഴുതുന്ന മഹാപണ്ഡിതന്മാർ മുതൽ അവരിൽ നിന്നുള്ള കോപ്പിയടി ശീലമാക്കിയ മലയാളീട്രോളുകാർ വരെയുണ്ട് അവരിൽ. ജീവശാസ്ത്രജ്ഞനെന്ന് സ്വയം പരിചയപ്പെടുത്തുന്ന റിച്ചാർഡ് ഡോക്കിൻസ് കിലോമീറ്ററുകൾക്കപ്പുറത്ത് ഒരു ജിറാഫ് ചത്തുപോയിയെന്നറിഞ്ഞപ്പോൾ ഓടിയെത്തി അതിന്റെ നീണ്ട കഴുത്ത് മുറിച്ച് ആവർത്തിത കണ്ഠനാഢിയുടെ (recurring laryngeal nerve) നീളം ആവശ്യത്തിലധികമുണ്ടെന്ന് ‘കണ്ടുപിടിച്ചതും’, അത് റെക്കോർഡ് ചെയ്ത് പ്രദർശിപ്പിച്ചതും ദൈവമുണ്ടെങ്കിൽ അതിന് ഇത്ര നീളമുണ്ടാകാൻ പാടില്ലെന്ന് ലോകത്തെ അറിയിക്കാൻ വേണ്ടിയായിരുന്നു!!

‘ദൈവമുണ്ടെങ്കിൽ മനുഷ്യഗ്രസനിയുണ്ടാകുമോ?’ എന്ന് ചോദിച്ചയാളോടുള്ള ഉത്തരം ഒരു മറുചോദ്യമാണ്; “അൽപം സങ്കീർണമാണെങ്കിലും വേണമെങ്കിൽ ഒരു ശസ്ത്രക്രിയയിലൂടെ മൂക്കിൽ നിന്നും വായിൽ നിന്നും വേറെ വേറെ കുഴലുകൾ ശ്വാസനാളത്തിലേക്കും അന്നനാളത്തിലേക്കും ഘടിപ്പിക്കാൻ ഇന്ന് കഴിയും; കുറച്ച് പണം മുടക്കി അത്തരമൊരു പരീക്ഷണം നടത്തി ദൈവം മരമണ്ടനാണെന്ന് സ്ഥാപിക്കുവാനുള്ള പരീക്ഷണത്തിന് ശരീരത്തെ വിട്ടുകൊടുക്കാൻ സന്നദ്ധനാണോ?” യെന്ന മറുചോദ്യം.

മറുചോദ്യത്തിന് “അതെ”എന്ന് ഉത്തരം പറയുന്നതിന് മുൻപ് അതിനുശേഷമുള്ള തന്റെ മുഖത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഇപ്പോഴുള്ളതല്ലാത്ത ഒരു ദ്വാരം കൂടി മുഖത്ത്; ഒലിച്ചുകൊണ്ടിരിക്കുന്ന വലിയൊരു മൂക്ക്; സ്വാദോ മണമോ യഥാരൂപത്തിൽ ആസ്വദിക്കുവാനോ, ഇണയെ ഒന്ന് പ്രേമാവേശത്തോടെ അധരചുംബനം നടത്താനോ കഴിയാത്ത ഒരു തരം മുഖം. അതായിരിക്കും ശസ്ത്രക്രിയക്ക് ശേഷമുണ്ടാവുക!

വാനരന്മാർക്ക് സമാനമായ രണ്ട് ഉപാപചയ പ്രവർത്തനങ്ങളും അവയിൽ നിന്ന് വ്യസ്ത്യസ്തമായ അനുഭവങ്ങൾ നൽകുന്ന രണ്ട് ഇന്ദ്രിയങ്ങളും ഒരു നരമാത്രസവിശേഷതയുമെല്ലാം സങ്കീർണമായി സംയോജിക്കപ്പെട്ട ഒരു മനുഷ്യാവയവമാണ് മനുഷ്യഗ്രസനി. ശ്വസിക്കലും ഭക്ഷണപാനീയങ്ങൾ അകത്താക്കലുമാണ് രണ്ട് ഉപാപചയ പ്രവർത്തനങ്ങൾ. മനുഷ്യനിലെ ഈ ഉപാപചയ പ്രവർത്തത്തനങ്ങളുടെ ശരീരശാസ്ത്രം ഏകദേശം വാനരന്മാരാരുടേതിന് തുല്യമാണ്. വാസന അനുഭവിക്കുന്ന മൂക്കും രുചി അനുഭവിക്കുന്ന നാക്കും വാനരന്മാർക്കുണ്ടെങ്കിലും ഇവ മനുഷ്യൻ അനുഭവിക്കുന്നതുപോലെയല്ല അവ അനുഭവിക്കുന്നത്. മൂക്ക്, നാക്ക്, ചുണ്ട് എന്നിവയ്ക്ക് മനുഷ്യനിൽ ചില ലൈംഗികധർമ്മങ്ങൾ കൂടിയുണ്ട്. സംസാരമാണ് മനുഷ്യനിൽ ഗ്രസനി നിർവഹിക്കുന്ന നരമാത്രസവിശേഷത. സംസാരം മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇവയെയെല്ലാം പരിഗണിച്ചുകൊണ്ടാണ് മനുഷ്യനിൽ ഗ്രസനിയുടെ ഡിസൈനിങ് നിർവ്വഹിച്ചിരിക്കുന്നത്.

മൂക്കും തൊണ്ടയും സംയോജിക്കുന്ന ഗ്രസനിയില്ലായിരുന്നുവെങ്കിൽ സംസാരവും ഭാഷാനിർമ്മിതിയും മനുഷ്യന് കഴിയുമായിരുന്നില്ല. അക്ഷരങ്ങളും വാക്കുകളും വായിൽ രൂപീകരിക്കപ്പെടുന്നത് മൂക്കിന്റെയും വായുടെയും സംയുക്തപ്രവർത്തനം വഴിയാണ്. സംസാരനിർമ്മാണത്തിനായി ഈ രണ്ട് അവയവങ്ങളെയും സംയോജിപ്പിക്കുന്നത് ഗ്രസനിയാണ്. മൂക്കിലൂടെയാണ് പ്രധാനമായും ശ്വസിക്കുന്നതെങ്കിലും അനിവാര്യമായ സാഹചര്യങ്ങളിൽ വായിലൂടെ ശ്വസിക്കാൻ കഴിയുന്നത് ഗ്രസനിയുള്ളതുകൊണ്ടാണ്. കഠിനമായ അധ്വാനാവസരങ്ങളിലും കായികമത്സരങ്ങളുടെ സന്ദർഭത്തിലും നീന്തുമ്പോഴും ഊളിയിടുന്നതിന് മുമ്പുമെല്ലാം ഗ്രസനിയില്ലായിരുന്നുവെങ്കിൽ, വായിലൂടെ ശ്വാസം അകത്താക്കാനാകാതെ മനുഷ്യർക്ക് ശ്വാസം മുട്ടുമായിരുന്നു. മൂക്കിലൂടെ മാത്രമേ ശ്വസിക്കാൻ കഴിയുകയുള്ളൂവെങ്കിൽ മനുഷ്യർക്ക് വലിയ മൂക്ക് വേണ്ടി വരുമായിരുന്നു. മഹാമൂക്കനായ മനുഷ്യന് പ്രാണിശല്യം തീർക്കാനായി അരിപ്പയും കൂടെ കൊണ്ട് നടക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നു. ശ്വാസവായുവിലെ ഈർപ്പത്തിന് തൊണ്ടയിലൂടെ അകത്ത്‌ പോകാനാവാത്തതിനാൽ എപ്പോഴും മൂക്കൊലിപ്പിച്ചു നടക്കേണ്ടി വരുമായിരുന്നു. ഭക്ഷണം ആസ്വദിച്ച് കഴിക്കുവാൻ സാധിക്കുന്നതും ഗ്രസനിയിൽ ഗന്ധവും രസവും സംയോജിക്കുന്നതുകൊണ്ടാണ്. മൂക്കടപ്പിന്റെ സമയത്ത് ഭക്ഷണപദാർത്ഥങ്ങൾ സ്വാദില്ലാത്തതായി അനുഭവിക്കുന്നതുപോലെയാകുമായിരുന്നു, അതില്ലായിരുന്നുവെങ്കിൽ എല്ലായ്പ്പോഴുമുള്ള അവസ്ഥ. ഗ്രസനിയില്ലായിരുന്നുവെങ്കിൽ സംസാരിക്കാൻ വേണ്ടി മാത്രമായി തുറക്കാൻ കഴിയുന്ന മറ്റൊരു അവയവം കൂടി തലയിൽ വേണ്ടിവരുമായിരുന്നു; അതിലൂടെ ഉള്ളിലേക്ക് പോകാൻ സാധ്യതയുള്ള രോഗാണുക്കളെ ചെറുക്കാനുള്ള സംവിധാനങ്ങൾ വേറെയും; ഇങ്ങനെ എന്തെല്ലാം….

ഇനി ചോദ്യകർത്താവ് പറയട്ടെ! മൂക്കിൽ നിന്നും വായിൽ നിന്നും വേറെ വേറെ കുഴലുകൾ ശ്വാസനാളത്തിലേക്കും അന്നനാളത്തിലേക്കും ഘടിപ്പിച്ച് ഗ്രസനിയില്ലാതാക്കാനുള്ള ശസ്ത്രക്രിയ ചെയ്യണമോ? യുദ്ധോൽത്സുകനാസ്തികത മാനസികരോഗമായിത്തീർന്നിട്ടില്ലാത്തവരെല്ലാം പറയുക ‘വേണ്ട’ എന്ന് തന്നെയായിരിക്കും.

വൈറസിലേക്ക് വരിക. ജീവനുള്ളത് എന്നോ ജീവനില്ലാത്തത് എന്നോ പറയാനാകാത്ത ജൈവലോകതന്മാത്രകളാണ് വൈറസുകൾ. ഒറ്റയ്ക്ക് നിൽക്കുമ്പോൾ ജീവന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തതും ജൈവകോശത്തിനകത്തെത്തുമ്പോൾ മാത്രം പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്ന ഈ സൂക്ഷ്‌മാൽസൂക്ഷ്മവസ്തുക്കളാണ് ജൈവലോകത്ത് ഏറ്റവുമധികമുള്ളത് എന്നാണ് ജീവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. 1892ൽ റഷ്യൻ സസ്യശാസ്ത്രജ്ഞനായ ദിമിത്രി ഇവാനോവ്സ്കി പുകയിലച്ചെടിക്ക് ബാധിക്കുന്ന അസുഖത്തിന്റെ കാരണമായ സൂക്ഷ്മമവസ്തുക്കളെക്കുറിച്ച് മനസ്സിലാക്കുന്നതുവരെ വൈറസുകളെക്കുറിച്ച് ലോകത്തിന് അറിയുമായിരുന്നില്ല. ഏകകോശജീവികളായ ബാക്ടീരിയകളേക്കാൾ വളരെ ചെറുതാണിവ. ബാക്ടീരിയകൾ ആയിരം നാനോ മീറ്റർ വരെ വലിപ്പമുള്ളവയാണെങ്കിൽ വൈറസുകളുടെ വലിപ്പം 20 മുതൽ 400 വരെ നാനോ മീറ്റർ മാത്രമാണ്. ഒരു ഗ്രാം മണൽത്തരിയിൽ നാല് കോടി ബാക്ടീരിയകളുണ്ടാവുമെന്ന് പറഞ്ഞാൽ എത്രത്തോളം ചെറുതായിരിക്കും അവയും വൈറസുകളുമെല്ലാം എന്ന് ഊഹിക്കാവുന്നതാണ്.

വൈറസുകളെയും ബാക്ടീരിയകളെയുമെല്ലാം എന്തിനാണ് സൃഷ്ടിച്ചത് എന്ന ചോദ്യം യഥാർത്ഥത്തിൽ അവയെക്കുറിച്ച് മനസ്സിലാക്കാത്തതുകൊണ്ട് ഉണ്ടാവുന്നതാണ്. രോഗകാരികളായി മാത്രമേ നമുക്ക് അവയെ പരിചയമുള്ളൂ. എന്നാൽ സത്യമതല്ല. മനുഷ്യശരീരത്തിൽ നമ്മുടെ കോശങ്ങളേക്കാളധികം ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളുമുണ്ട്..37.2 ലക്ഷം കോടി കോശങ്ങളാണ് നമ്മുടെ ശരീരത്തിലുള്ളതെന്നോർക്കുക. കോശങ്ങളുടെ മൂന്നിരട്ടി സൂക്ഷ്മജീവികളുണ്ടെന്നും 1.3 ഇരട്ടിയെയുള്ളൂവെന്നും സ്ഥാപിക്കുന്ന പഠനങ്ങളുണ്ട്. അതെന്തായിരുന്നാലും കോടാനുകോടി വരുന്ന ഈ സൂക്ഷ്മജീവികൾ നമ്മുടെ ശരീരത്തിൽ നിർവഹിക്കുന്ന മർമ്മപ്രധാനമായ പല ധർമങ്ങളുമുണ്ട്. നമ്മുടെ ദഹനപ്രക്രിയയിലും പ്രതിരോധവ്യവസ്ഥയിലും ശ്വസനവ്യവസ്ഥയിലുമെല്ലാം അവയ്ക്ക് അവയുടേതായ ധർമങ്ങൾ നിർവ്വഹിക്കുവാനുണ്ട്. നമ്മുടെ കോശങ്ങൾക്ക് ചെയ്യാനാകാത്ത പലകാര്യങ്ങളും ചെയ്യുന്നത് ഈ സൂക്ഷ്മജീവികളാണ്. കാർബോഹൈഡ്രേറ്റുകളെയും വിഷപദാർത്ഥങ്ങളെയും വിഘടിപ്പിക്കുന്നതും കോശവളർച്ചക്കാവശ്യമായ ഫാറ്റി ആസിഡുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നതും ശ്വേതരക്താണുക്കൾക്ക് തടഞ്ഞുനിർത്താനാകാത്ത അപകടകാരികളായ ചില സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്നതും ഉദാഹരണം. ഇവയെല്ലാം നടക്കുന്നത് ഈ സൂക്ഷ്മജീവികളും നമ്മുടെ ശരീരവും തമ്മിലുള്ള ഒരുതരം സഹജീവനം(symbiosis) നിലനിൽക്കുന്നതുകൊണ്ടാണ്. ഈ സഹജീവനം തകരാറിലാകുമ്പോഴാണ് ഇതേ സൂക്ഷ്മജീവികൾ തന്നെ നാശകാരികളായിത്തീരുന്നത്.

നമ്മുടെ ശരീരകോശങ്ങളും ശരീരത്തിനകത്ത് പാർക്കുന്ന സൂക്ഷ്മജീവികളും തമ്മിൽ നിലനിൽക്കുന്ന സഹജീവനത്തിന് തകരാറുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നത് നമ്മുടെ പ്രതിരോധവ്യവസ്ഥയാണ്. ഈ പ്രതിരോധവ്യവസ്ഥയെ ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ടുവരുന്നത് പുറത്തുനിന്നുള്ള വൈറസുകളാണ്. ചെറുപ്പകാലത്തെ വൈറസ് അക്രമണങ്ങളിലൂടെയാണ് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ശാക്തീകരിക്കപ്പെടുന്നത്. അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്ന വൈറസുകളുമുണ്ട്. ബാക്ടീരിയാഭോജികൾ(bacteria phages) എന്നാണ് അവ അറിയപ്പെടുന്നത്. രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനായി മനുഷ്യർ നിർമ്മിച്ചെടുത്ത ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുവാനുള്ള ശേഷി കാലക്രമേണ പ്രസ്തുത ബാക്ടീരിയകൾ നേടിയെടുക്കുന്നുണ്ടെന്ന വസ്തുത ശാസ്ത്രജ്ഞരെ കുഴക്കുമ്പോൾ അവർ പരിഹാരമായി കാണുന്നത് ബാക്ടീരിയഭോജികളായ വൈറസുകളെയാണ്. ആ രംഗത്തെ ഗവേഷണങ്ങൾ ശാസ്ത്രലോകത്ത് സജീവമാണിന്ന്. വൈറസുകൾ അപകടകാരികൾ മാത്രമല്ലെന്ന വസ്തുത ശാസ്ത്രലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ‘അമേരിക്കൻ സൊസൈറ്റി ഓഫ് വൈറോളജി’ പുറത്തിറക്കുന്ന ‘ജേർണൽ ഓഫ് വൈറോളജി’യിൽ 2015 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനം. പെൻസിൽവാനിയ സ്റ്റേറ്റ് സർവ്വകലാശാലയിലെ Plant Pathology and Environmental Microbiology വിഭാഗം പ്രൊഫസ്സർ Marilyn Roossinck, PhDയുടെ പഠനത്തിന് നൽകിയിരിക്കുന്നത് Move over bacteria! Viruses make their mark as mutualistic microbial symbionts എന്ന തലക്കെട്ടാണ്. മണ്ണും ജലവുമെല്ലാം ജീവയോഗ്യമാക്കുന്നതിലും ഭൂമിയിലെ ഭക്ഷ്യോത്പാദകരായ സസ്യങ്ങളെ നിലനിർത്തുന്നതിലും മനുഷ്യരടക്കമുള്ള ജീവികളുടെ പ്രതിരോധവ്യവസ്ഥയുടെ നിലനിൽപ്പിലുമെല്ലാം നാം രോഗകാരികൾ മാത്രമായി കണക്കാക്കുന്ന വൈറസുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട് എന്ന് വിശദമായി പഠനത്തിൽ സമർത്ഥിക്കുന്നുണ്ട്. പഠനം ആവശ്യമുള്ളവർ ജേർണൽ ഓഫ് വൈറോളജിയുടെ വെബ്സൈറ്റ് (https://jvi.asm.org/) സന്ദർശിച്ചാൽ മതി.

പരമ കാരുണികനായ പടച്ചവന്റെ സൃഷിടികളിൽ ജൈവലോകത്തുള്ള അതിസൂക്ഷ്മകണങ്ങളായ വൈറസുകൾക്കും തികച്ചും ഗുണപരമായ പങ്കാണ് നിർവ്വഹിക്കുവാനുള്ളത് എന്ന വസ്തുത ലോകം തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു. നന്മയായും തിന്മയായും നമുക്ക് തോന്നുന്ന കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ കാരുണ്യം അന്തർലീനമായിരിക്കും എന്ന ‘എന്റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും'(ക്വുർആൻ 7: 156) എന്ന ദൈവവചനത്തിന്റെ വിശദീകരണമായാണ് വൈറോളജി രോഗത്തെ പുതിയ പഠനങ്ങൾ വിശ്വാസികൾക്ക് അനുഭവപ്പെടുക. അതെ! പ്രപഞ്ചത്തിലെ ചെറുതും വലുതുമായ മുഴുവൻ പ്രതിഭാസങ്ങളും അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും അജയ്യതയുടെയും അധീശത്വത്തിന്റെയും പ്രകടനമാണ്; നമുക്കത് മനസ്സിലായാലും ഇല്ലെങ്കിലും.

(തുടരും)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

7 Comments

  • നാസ്തികർക്ക് ഇതിനും ബേധം കൊറോണ പിടിക്കുന്നതിയിരുന്നു.. കണ്ടംവഴി ഓടാംംം..
    മാസ്ക് ധരിക്കാൻ മറക്കേണ്ട…
    ഈ അടുത്ത കാലത്ത് നാസ്തികർക്കെതിരെ, ഇത്ര നല്ല മറുപടി കണ്ടിട്ടില്ല… എല്ലാവരും ഈ അന്തംകമ്മിൾക്ക് അയച്ചുകൊടുക്കണേ…

    Afreen 18.03.2020
  • Waiting for next episode

    Azhar atheri 18.03.2020
  • വീഡിയോയിലെ ശബ്ദം അനാകർഷകമെന്ന് പറയുന്നില്ല; പക്ഷേ,. അക്ഷര വ്യക്തത ശ്വാസ ശബ്ദത്തിൽ മറയുന്നതും ( വലിയ മൂക്ക് എന്ന് പറയുമ്പോൾ വലിയ ബൂത്ത്, വലിയ മൂത്ത് എന്നൊക്കെ തോന്നുന്നത് ഉദാഹരണം) വിവരമില്ലായ്മ (‘ശാസ്ത്രക്രിയ’ ഉദാഹരണം) യും ഇത് രണ്ടും തനിക്കുണ്ട് എന്നറിയാതെ പറച്ചിലിലുള്ള കാട്ടിക്കൂട്ടലും കൂടിയാകുമ്പോൾ M M AKBAR സാഹിബിന്റെ ഗഹനമായ വീഡിയോ അരോചകവും ഉപകാര രഹിതവുമായിത്തീരുന്നു.
    ലേഖനം കൂടെയുള്ളതിനാൽ അത് വായിക്കാനായതിനാൽ വീഡിയോ കേൾക്കേണ്ട എന്ന തീരുമാനം നഷ്ടബോധത്തിന് കാരണമായില്ല,. الحمدلله

    Dr.Rasheed Hussain T 18.03.2020
  • Masha Allah,
    Atheists could never explain how the symbiotic relationship came in such a level in all animalia that they could not exist without these relationships. If it is in evolution, let them speak about its origin.

    Shemeem Hashim 18.03.2020
  • നാസ്തികത ഒരു ദുരന്തമാണ്. മതവും ശാസ്ത്രവുമറിയാത്ത അഹങ്കാര ജീവിതമാണ് നാസ്തികരുടേത്. എല്ലാ മതാധ്യാപനങ്ങളും മനുഷ്യന് നന്മ നേരുന്പോൾ നാസ്തികാധ്യാപനം സമൂഹത്തിന് എന്ത് നൽകുന്നൂ എന്നത് ചോദ്യമാണ്. ശാസ്ത്രം ജയിച്ചു ഈശ്വരൻ മരിച്ചു എന്ന് മുന്പേ പാടിയവരും ഇന്നും അതേറ്റു പാടുന്നവരും കോവിഡിൻറെ മുന്നിൽ പകച്ചു നിൽക്കുകയാണ്. കൊറോണയുണ്ടാക്കിയ ഭീതിതമായ ചുറ്റുപാടിലും അടച്ചു പൂട്ടാതെ അർമാദിക്കുന്ന രണ്ട് കേന്ദ്രങ്ങളേ ഉള്ളൂ; ഒന്ന്, ബിവറേജസ് ഔട് ലെറ്റുകൾ രണ്ട്, നാസ്തികരുടെ വായകൾ.
    മനുഷ്യ ശരീരത്തിൽ പ്രപഞ്ച സ്രഷ്ടാവ് സംവിധാനിച്ച അപാകതകളില്ലാത്ത, സന്പൂർണ്ണമായ അവയവങ്ങളും അവയുടെ ധർമ്മങ്ങളും, ‘ജയിച്ചു നിൽക്കുന്ന ശാസ്ത്ര’ത്തിൻറെ കഴിവിൽ ‘മാറ്റി സംവിധാനിക്കാൻ’ നാസ്തിക ശാസ്ത്രജ്ഞന്മാർക്ക് ഇതുവരെയും സാധിക്കാതെ പോകുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം യുക്തിവാദികളെ ചിന്തിപ്പിക്കില്ല എങ്കിലും മതവിശ്വാസികളെ സാരമായിത്തന്നെ ചിന്തിപ്പിക്കും.

    Kabeer M. Parali 18.03.2020
  • Masha Allah 👍

    Mubashira N 20.03.2020
  • Masha Allah… Informative …

    Shafi Majeed 23.03.2020

Leave a comment

Your email address will not be published.