ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -1

//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -1
//ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -1
ആനുകാലികം

ആണും പെണ്ണും ഒന്നല്ല: ലിബറലുകൾ സത്യം പറയുമോ ?? -1

ആണുങ്ങൾ ചൊവ്വയില്‍ നിന്ന്; പെണ്ണുങ്ങൾ ശുക്രനിൽ നിന്ന്

ജീവശാസ്ത്രം (പരിണാമ സിദ്ധാന്തം), മനശാസ്ത്രം, നാഡീശാസ്‌ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ വിരചിതമായ ചില ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ, സ്ത്രീ പുരുഷ ലൈംഗികതയെ സംബന്ധിച്ച് അവതരിപ്പിക്കുന്ന വസ്തുനിഷ്ഠമായ വീക്ഷണങ്ങളാണ് ലേഖനത്തിന്റെ ഉള്ളടക്കം; മതവീക്ഷണങ്ങളല്ല.

ഈ ലേഖനത്തിന്റെ തലക്കെട്ട് നാം സ്വീകരിച്ചിരിക്കുന്നത്, അമേരിക്കൻ എഴുത്തുകാരനും റിലേഷൻഷിപ്പ് കൗൺസിലറുമായ ജോൺ ഗ്രേ എഴുതിയ Men are from mars and women are from venus എന്ന പുസ്തകത്തിന്റെ പേരിൽ നിന്നാണ്. 15 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ട പുസ്തകമാണിത്. ഒരു CNN റിപ്പോർട്ട് അനുസരിച്ച്, 1990-കളിലെ “ഏറ്റവും ഉയർന്ന റാങ്കുള്ള നോൺ-ഫിക്ഷൻ കൃതി” ആയിരുന്ന ഈ പുസ്തകം, ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ 121 ആഴ്ചകൾ നില നിന്നു.

സ്ത്രീയും പുരുഷനും (ദമ്പതികൾ) തമ്മിൽ ഏറ്റവും സാധാരണമായി ഉണ്ടാവുന്ന ദാമ്പത്യബന്ധ പ്രശ്നങ്ങൾ ലിംഗഭേദം തമ്മിലുള്ള അടിസ്ഥാനപരമായ, മനഃശാസ്ത്രപരമായ വ്യത്യാസങ്ങളുടെ ഫലമാണെന്നാണ് പുസ്തകം പ്രസ്താവിക്കുന്നത്. ഈ വ്യത്യാസങ്ങളെ പുസ്തകത്തിന്റെ പേരിലുള്ള രൂപകത്തിലൂടെ രചയിതാവ് ഉദാഹരിക്കുന്നു: പുരുഷന്മാരും സ്ത്രീകളും വ്യത്യസ്‌ത ഗ്രഹങ്ങളിൽ നിന്നുള്ളവരാണ് —പുരുഷൻമാർ ചൊവ്വയിൽ നിന്നുള്ളവരും സ്ത്രീകൾ ശുക്രനിൽ നിന്നുള്ളവരും- ഓരോ ലിംഗവും സ്വന്തം ഗ്രഹത്തിന്റെ സമൂഹത്തോടും ആചാരങ്ങളോടും ഇണങ്ങിച്ചേർന്നതാണ്, എന്നാൽ മറ്റൊന്നിന്റെ രീതികളോടല്ല. ഇത്തരം വ്യത്യസ്ത ഗ്രഹക്കാർ എതിർ ഗ്രഹത്തിന്റെയും അവിടുത്തെ നിവാസികളുടേയും പ്രകൃത വ്യത്യാസത്തെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ സഹജീവിതവും ദാമ്പത്യവും ഊഷ്മളമായി തീരുന്നു എന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സ്ത്രീ പുരുഷ ലിംഗങ്ങളുടെ ഈ പ്രകൃതി വ്യത്യാസങ്ങളും അതിനനുസൃതമായ പ്രതികരണങ്ങളും ഉള്ളടങ്ങുന്നതാണ് പുസ്തകം. ഒരു ഉദാഹരണം മാത്രം പറയാം: ഒരു പുരുഷൻ ഒരു പ്രശ്നം നേരിടുമ്പോൾ അവൻ ഒരു പരിഹാരം ആഗ്രഹിക്കുന്നു. ഒരു സ്ത്രീക്ക് ഒരു പ്രശ്നം നേരിടുമ്പോൾ, അവൾ അത് പങ്കിടാൻ, അതിനെ പറ്റി പരാതിപ്പെടാൻ ഒരു ആളെ ആഗ്രഹിക്കുന്നു, പരിഹാരമല്ല മിക്കവാറും ആഗ്രഹിക്കുന്നത്. അതിനാൽ ഒരു പ്രശ്നത്തെ നേരിടുന്ന പുരുഷന് ഒരു പരിഹാരം നൽകുക. അതേസമയം ഒരു പ്രശ്നത്തെ നേരിടുന്ന ഒരു സ്ത്രീക്ക് ശ്രദ്ധയും സഹതാപവും നൽകുക, പരിഹാരം ഉപ പ്രധാനം മാത്രമാണ്… ഒരു വേള സ്ത്രീക്ക് അത് അനാവശ്യമായും അനുഭവപ്പെട്ടേക്കാം…

*******************************

“സ്ത്രീ അവളുടെ ലൈംഗികാഭിനിവേശത്തിൽ, പുരുഷ മേധാവിത്വം -ഇടക്ക് വെറുക്കുമെങ്കിലും- ആസ്വദിക്കുന്നതും നാം കണ്ടു…”

“സ്ത്രീ പുരുഷനേക്കാൾ ദുർബലയാണ്; അവൾക്ക് പേശികളുടെ ശക്തി കുറവാണ്, ചുവന്ന രക്താണുക്കളുടെ കുറവുണ്ട്, ശ്വസന ശേഷി കുറവാണ്; അവൾ കുറഞ്ഞ വേഗത്തിൽ ഓടുന്നു, കുറഞ്ഞ ഭാരം ഉയർത്തുന്നു – അവൾക്ക് പ്രായോഗികമായി അവനുമായി മത്സരിക്കാൻ ഒരു കായിക വിനോദവുമില്ല; അവൾക്ക് പുരുഷനുമായി വഴക്കിടാൻ കഴിയില്ല. അസ്ഥിരത, നിയന്ത്രണമില്ലായ്മ, ദുർബലത എന്നിവ ചർച്ച ചെയ്യപ്പെട്ടവയാണ്: ഇവ വസ്തുതകളാണ്. ലോകത്തെ കുറിച്ചുള്ള അവളുടെ ഗ്രാഹ്യം അങ്ങനെ കൂടുതൽ പരിമിതമാണ്; പ്രോജക്ടുകളിൽ അവൾക്ക് ദൃഢതയും സ്ഥിരോത്സാഹവും കുറവാണ്. അവളുടെ വ്യക്തിജീവിതം പുരുഷന്റേത് പോലെ സമ്പന്നമല്ല എന്നാണ് ഇതിനർത്ഥം. സത്യത്തിൽ ഈ വസ്‌തുതകൾ നിഷേധിക്കാനാവില്ല…”

(Second Sex: Simone de Beauvoir: 69)

ഏത് സ്‌ത്രീവിദ്വേഷിയുടെ (misogynist) വാക്കുകളാണിത് എന്ന് നവ ഫെമിനിസ്റ്റുകൾ അറിയാതെ ചോദിച്ചു പോയേക്കാം. സ്ത്രീ പുരുഷ പ്രകൃതത്തെ വിശിഷ്യാ ലിംഗത്വത്തെ ഇത്രമാത്രം അകന്നതും അതുല്യവുമായി ചിത്രീകരിക്കുന്നത് സ്ത്രീ വിരുദ്ധതയായി (misogyny) കൊണ്ടല്ലാതെ ഫെമിനിസ്റ്റുകൾക്ക് കാണാൻ കഴിയില്ല. ഈ സ്ത്രീ വിരുദ്ധത ഒരു പുരുഷന്റേതാണെന്ന് അവർ കട്ടായം പറഞ്ഞേക്കാം. “പുരോഗമന” വിരുദ്ധമായ ഈ നിരീക്ഷണം വല്ല മത പണ്ഡിതന്റെയോ സ്ത്രീ പീഢകരുടേതോ ആണെന്ന് നിഴല് നോക്കി അവർ പ്രവചിച്ചേക്കാം. എന്നാൽ ഈ വരികൾ ഒരു സ്ത്രീയുടേതാണ് ! വെറുമൊരു സ്ത്രീയുടേതല്ല മറിച്ചു ഫെമിനിസത്തിന്റെ മാതാവ് സാക്ഷാൽ സിമോൺ ഡി ബ്യൂവോയറിന്റെ നിരീക്ഷണമാണിത് ! തൊള്ളായിരം പേജുകളിലൂടെ, നിരുപാധിക സ്ത്രീ പുരുഷ സമത്വം (absolute equality) ലോകത്താദ്യമായി ഉൽഘോഷിച്ച ഫെമിനിസ്റ്റ് ബൈബിളായ Second Sex എന്നതാണ് ഗ്രന്ഥം. എന്നിരുന്നാലും അവരുടെ വസ്തുതാ പ്രതിബദ്ധത കൊണ്ട് എഴുതിപ്പോയ നിവർത്തികേടാണ് ഈ വരികൾ. സ്ത്രീയും പുരുഷനും പ്രകൃതിയിലും ലിംഗത്വത്തിലും നിരുപാധികം തുല്യമാണെന്ന് മിഥ്യ മെനയാൻ ഇന്നത്തെ ലിബറലിസ്റ്റുകളെ പോലെ മനസ്സു വന്നില്ല അവർക്ക്. സ്ത്രീ പുരുഷ പ്രകൃതിയും ലിംഗത്വവും തമ്മിലുള്ള അന്തരം അതിശയോക്തി കലർത്തിയും ദുരുദ്ദേശപരമായുമാണ് അവർ വിവരിച്ചിരിക്കുന്നത് എങ്കിലും അവരുടെ വരികളുടെ ആകത്തുക ഒരു അനിഷേധ്യമായ യാഥാർത്ഥ്യത്തെ നിവർത്തികേട് കൊണ്ടെങ്കിലും അംഗീകരിക്കുന്നതാണ്. സ്ത്രീ പുരുഷ പ്രകൃതിയും ലിംഗത്വവും ലൈംഗികതയും തമ്മിലുള്ള സ്ഥൂലമായ വ്യതിരിക്തതയും അസമാനതയുമാണത്. ശാസ്ത്രീയവും സാമൂഹികവുമായ വസ്തുതകളോട് അൽപ്പമെങ്കിലും നീതി പുലർത്തുന്നവർക്ക് ഈ യാഥാർത്ഥ്യത്തെ അംഗീകരിക്കാതിരിക്കാൻ നിവർത്തിയില്ല.

സ്ത്രീ പുരുഷനേക്കാൾ ദുർബലയാണ് എന്ന പച്ഛ പരമാർത്ഥം പറയാൻ, രണ്ടാം തരംഗ ഫെമിനിസത്തിന്റെ മാതാവ് സാക്ഷാൽ സിമോൺ ഡി ബ്യൂവോയർ ഭയന്നില്ലെങ്കിൽ നമ്മളെന്തിനാണ് ഭയക്കുന്നത് ?! സമകാലിക സാമൂഹിക വസ്തുതകളും പണ്ട് സിമോൺ ഡി ബ്യൂവോയർ തുറന്ന് പറഞ്ഞ സത്യത്തെ അടിവരയിടുന്നതാണ്.

ഉദാഹരണത്തിന്, സ്ത്രീകൾ കായിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ തന്നെ പുരുഷന്മാരോട് പ്രകൃതിയിലും ലിംഗത്വത്തിലും തുല്യത കൈവരിക്കാൻ സ്ത്രീകൾക്ക് സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയല്ലെ ?!

ടെന്നിസ് മത്സരമെടുക്കുക. 1998 ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ കാർസ്റ്റൺ ബ്രാഷും വില്യംസ് സഹോദരിമാരും തമ്മിൽ ഏറ്റുമുട്ടുകയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച, 200-ന് പുറത്തുള്ള ഏത് പുരുഷ താരത്തെയും തോൽപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് സ്ത്രീകളുടെ ടെന്നീസിലെ ഒന്നാം റാങ്കുകാരായ വീനസ് വില്യംസും സെറീന വില്യംസും അവകാശപ്പെട്ടിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത് പുരുഷ ടെന്നിസിലെ 203-ാം റാങ്കിലുള്ള ബ്രാഷ് ഇരുവരുടേയും വെല്ലുവിളി ഏറ്റെടുത്തു.

ബ്രാഷ്, സെറീനയെ 6–1 നും വീനസിനെ 6-2 നും പരാജയപ്പെടുത്തുകയുണ്ടായി.

റിയോ ഒളിമ്പിക്‌സിന് തൊട്ട് മുമ്പ് ഓസ്‌ട്രേലിയയുടെ ദേശീയ വനിതാ ഫുട്‌ബോൾ ടീം, ന്യൂകാസിൽ ജെറ്റ്‌സ് അണ്ടർ 15 ആൺകുട്ടികളുടെ ടീമിനോട് 7-0 ന് തോറ്റു കൊണ്ട് ദയനീയ പരാജയം ഏറ്റുവാങ്ങി.

ലോകകപ്പ് ജേതാക്കളായ യു.എസ് വനിതാ ടീം എഫ്‌സി ഡാളസ് അണ്ടർ 15 ആൺകുട്ടികളുടെ ടീമിനോട് 5-2ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.

ഇത്തരം എണ്ണമറ്റ കായിക വാർത്തകൾ സ്ത്രീ പുരുഷ പ്രകൃതികളുടെ അന്തരം തർക്കമന്യേ തെളിയിക്കേണ്ടവയാണ്. പക്ഷെ നവ ലിബറലിസ്റ്റുകളെയും നവ ഫെമിനിസ്റ്റുകളേയും സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യങ്ങൾക്കും ജൈവശാസ്ത്ര വസ്തുതകൾക്കും അവരുടെ സ്വയം നിർമ്മിത ആഖ്യാനങ്ങൾക്ക് മുന്നിൽ സ്ഥാനമോ നിലനിൽപ്പോ ഇല്ല. അവരുടെ സ്വേച്ഛകളാണ് പുരോഗമനോത്സുകം. യാതൊരു വിധ ശാസ്ത്രീയാടിത്തറയുമില്ലാത്ത അവരുടെ വ്യക്തിനിഷ്ടമായ ലിംഗത്വവാദങ്ങൾ മാത്രമാണ് “ശാസ്ത്രീയം”. നവനാസ്തികതയും ഈ വ്യക്തിനിഷ്ട ശാസ്ത്രീയതയുടെ വക്താക്കളാണ്. ശാസ്ത്രമെന്നത് ഇവരുടെ അടുക്കൽ രണ്ടേ രണ്ട് ലക്ഷ്യങ്ങൾക്കുള്ളതാണ്. ഒന്ന്, ശാസ്ത്രവും സാങ്കേതിക വിദ്യയും സ്വന്തം ഭൗതിക പ്രവൃദ്ധിയേയും സുഖലോലുപതയേയും സാക്ഷാത്കരിക്കാൻ ഉപയുക്തമാണ്. രണ്ട്, മതത്തേയും മത വിശ്വാസത്തേയും ദുർവ്യാഖ്യാനിച്ച് അവമതിക്കാൻ ശാസ്ത്രത്തെ സമാന്തരമായ ഒരു “മതമായി” ഉപയോഗിക്കാം. ഇതിനപ്പുറം ഒരു ശാസ്ത്ര പ്രതിബദ്ധതയും ഇവരെ തൊട്ട് തീണ്ടിയിട്ടില്ല. അതിനേറ്റവും പ്രകടമായ തെളിവാണ് സ്ത്രീ പുരുഷ ലിംഗത്വം (Gender), ലൈംഗികത (Sexuality) എന്നിവയുമായി ബന്ധപ്പെട്ട ഇക്കൂട്ടരുടെ ശാസ്ത്ര വിരുദ്ധതയും വസ്തുതാ വിമുഖതയും. ശാസ്ത്രത്തോടുള്ള ഈ പൊരുത്തമില്ലാത്ത വ്യത്യസ്ത പ്രതികരണങ്ങളെയാണ് കോഗ്നിറ്റീവ് ഡിസോണൻസ് (cognitive dissonance) എന്ന് സൈക്കോളജിസ്റ്റുകൾ വിളിക്കുന്നത്.

മതത്തെ വിമർശിക്കാൻ പരിണാമ സിദ്ധാന്തത്തെ അവസര ബോധമന്യേ ആനയിക്കാൻ മടിക്കാത്ത ഇവർ ലിംഗത്വ ചർച്ചകളെത്തുമ്പോൾ പരിണാമ സിദ്ധാന്തത്തെ പായിനടിയിലേക്ക് തള്ളുകയാണ് പതിവ്. അതിനൊരു കാരണവുമുണ്ട്. പരിണാമ സിദ്ധാന്തത്തിലെ മെക്കാനിസമായ Natural selection നും അതിന്റെ അനിഷേധ്യ ഘടകമായ Sexual selection നും സ്ത്രീ പുരുഷ ലിംഗത്വം (Gender), ലൈംഗികത (Sexuality) എന്നിവയുടെ അന്തരവും അസമാനതയും അടിസ്ഥാന സിദ്ധാന്തങ്ങളായി മുന്നോട്ടുവെക്കുന്നു എന്നതാണ് ഇതിന് കാരണം. നാച്ചുറൽ സെലക്ഷനെ സംബന്ധിച്ച് റെസിഡെൻഷ്യൽ കാമ്പുകൾ നടത്തി പഠിപ്പിക്കുന്നവർ എന്തുകൊണ്ട് സെക്ഷ്വൽ സെലക്ഷനെ പറ്റി ഒരക്ഷരം ഉരിയാടുന്നില്ല ?! കാരണം മറ്റൊന്നുമല്ല; ഒരു ജീവവർഗത്തിന്റെ അതിജീവനത്തിന് അനിവാര്യമായ അനുരൂപീകരണത്തിന്റെ അല്ലെങ്കിൽ പരിതഃസ്ഥിതകളോടുള്ള ഇണങ്ങിചേരലിന്റെ (Natural selection) ഭാഗമാണ് സ്ത്രീ പുരുഷ ലിംഗത്വത്തിന്റേയും ലൈംഗികതയുടേയും അന്തരവും വ്യതിരിക്തതയും (Sexual selection) എന്ന് തുറന്നു പറയാനുള്ള ഭീരുത്വം മാത്രമാണ് കാരണം.

പരിണാമ മനഃശാസ്ത്രത്തിന്റെ സ്ഥാപകരിൽ ഒരാളായി അറിയപ്പെടുന്ന അമേരിക്കൻ നരവംശശാസ്ത്രജ്ഞനാണ് ഡൊണാൾഡ് സൈമൺസ്. സമകാലിക ലൈംഗിക ഗവേഷണത്തിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന ഗവേഷകരിൽ ഒരാളാണ് അദ്ദേഹം. ഡാർവിൻ ആവിഷ്‌കരിച്ച സെക്ഷ്വൽ സെലക്ഷൻ തിയറി, ഡൊണാൾഡ് സൈമൺസ് വിശദീകരിച്ചതിന്റെ ആകത്തുക ഇവിടെ ഉദ്ധരിക്കാം:

“പ്രാഥമികമായി സ്ത്രീപുരുഷ ലിംഗവ്യത്യാസങ്ങളുടെ കാരണമായി sexual selection ന്റെ (പ്രകൃതിയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ) പ്രവർത്തനത്തെ ഡാർവിൻ (1871) നിരീക്ഷിച്ചു. സെക്ഷ്വൽ സെലക്ഷനെയും, നാച്ചുറൽ സെലക്ഷനെയും അദ്ദേഹം വേർതിരിച്ചു. ഒരു ജീവവർഗത്തിലെ വ്യക്തികളുടെ “പരിസ്ഥിതി” യുമായി പൊരുത്തപ്പെടാനുള്ള വ്യത്യസ്ത കഴിവുകളെ നാച്ചുറൽ സെലക്ഷനെന്ന് അദ്ദേഹം വേർതിരിച്ചു. ഒരു ജീവവർഗത്തിലെ വ്യക്തികൾ ഇണകളെ നേടാനായി ആർജിക്കുന്ന വ്യത്യസ്ത കഴിവുകളെ സെക്ഷ്വൽ സെലക്ഷനെന്നും അദ്ദേഹം വേർതിരിച്ചു.

ഡാർവിൻ, സെക്ഷ്വൽ സെലക്ഷനെ രണ്ട് തരമായി വേർതിരിച്ചു:

ഒന്ന്, ഇന്റർസെക്ഷ്വൽ സെലക്ഷൻ (Intersexual selection): ഒരു ജീവവർഗത്തിലെ പെൺ ഇണകൾ തങ്ങളുടെ ആൺ ഇണകളെ തിരഞ്ഞെടുക്കുന്നതിനെ അടിസ്ഥാനമാക്കി ആണുങ്ങൾ ആർജിക്കുന്ന (സ്ത്രീകളെ ആകർഷിക്കാനുള്ള ശക്തി അല്ലെങ്കിൽ) സവിശേഷതകൾ.

രണ്ട്, ഇൻട്രാസെക്ഷ്വൽ സെലക്ഷൻ (Intrasexual selection):
പെൺ ഇണയെ സ്വന്തമാക്കുന്നതിനായി പരസ്പരം നടത്തുന്ന പുരുഷ-പുരുഷ മത്സരം (സംഘട്ടനത്തിൽ മറ്റ് പുരുഷന്മാരെ കീഴടക്കാനുള്ള ഒരു പുരുഷന്റെ ശക്തി) ആണ് ഇതിന്റെ അടിസ്ഥാനം.

ഇന്റർസെക്ഷ്വൽ സെലക്ഷന്റെ ഫലമായി പുരുഷന്മാരിൽ തിളങ്ങുന്ന നിറങ്ങളും അലങ്കാരങ്ങളും പരിണമിച്ചുണ്ടാവുന്നു. അഥവാ സ്ത്രീകളെ ആകർഷിക്കണമെങ്കിൽ വ്യതിരിക്തവും ആകർഷണീയവുമായ ഗുണവിശേഷണങ്ങൾ പുരുഷന്മാർ വികസിപ്പിച്ചെടുക്കേണ്ടതായി വരുന്നു.

ഇൻട്രാസെക്ഷ്വൽ സെലക്ഷന്റെ ഫലമായി -പെണ്ണിണയെ സ്വന്തമാക്കാനായി മറ്റു പുരുഷൻമാരോട് പോരിടേണ്ടതിനാൽ അതിന് അനുഗുണമായ സവിശേഷതകളായ – വലിയ ശരീര ആകാരവും, പ്രകൃതിദത്ത ആയുധങ്ങളും, എല്ലായ്‌പ്പോഴും പോരാടാൻ തയ്യാറുള്ള പ്രകൃതവും പല ജീവവർഗത്തിലെയും പുരുഷന്മാരിൽ ഉണ്ടാവുന്നു. ഈ രണ്ട് തരത്തിലുള്ള ലൈംഗിക പരിണാമവും ഒരേസമയം സംഭവിക്കാം (റാൾസ് 1977).

ട്രൈവേഴ്സ് (1972) പറയുന്നു: ലൈംഗിക സവിശേഷതകളുടെ വ്യതിരിക്തമായ പരിണാമത്തിന്റെ അഥവാ സെക്ഷ്വൽ സെലക്ഷന്റെ സംഭവ്യതയും തീവ്രതയും ഓരോ ലിംഗവും (സ്ത്രീയും പുരുഷനും) അതിന്റെ സന്തതികളുടെ ജനനത്തിലും പരിപാലനത്തിലും സാധാരണയായി നിക്ഷേപിക്കുന്ന ഭാഗധേയം അഥവാ “രക്ഷാകർതൃ നിക്ഷേപം” (Parental investment) അനുസരിച്ചാണ് നിർണ്ണയിക്കുന്നത്.

“രക്ഷാകർതൃ നിക്ഷേപം” (Parental investment): “മറ്റ് സന്തതികൾക്ക് അനുകൂലമായ രൂപത്തിൽ ഒരു വ്യക്തിഗത സന്തതിയുടെ അതിജീവന സാധ്യതയും പ്രത്യുൽപാദന വിജയവും വർദ്ധിപ്പിക്കുന്നതിന് ഉതകുമാറ് മാതാപിതാക്കൾ -തങ്ങളുടെ സമയവും ഊർജവും അപകടസാധ്യതയും കഴിവുകളും – നിക്ഷേപിക്കുന്നതാണ് “രക്ഷാകർതൃ നിക്ഷേപം” (ട്രിവേഴ്സ് 1972:139).

നിക്ഷേപം സമയം, ഊർജ്ജം അല്ലെങ്കിൽ അപകടസാധ്യത സ്വയം ഏറ്റെടുക്കൽ (Time, energy and risk) എന്നിവയുടെ രൂപത്തിലായിരിക്കാം. ഈ സിദ്ധാന്തമനുസരിച്ച്, ഒരു ജൈവവർഗത്തിലെ ആണും പെണ്ണും അവരുടെ സാധാരണ രക്ഷാകർതൃ നിക്ഷേപത്തിൽ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവോ അത്രയും തീവ്രമായ വ്യത്യാസങ്ങൾ അവരുടെ ലൈംഗിക പ്രകൃതിയിലും പ്രകടമാവുന്നു.

പല ജീവവർഗത്തിലേയും പെൺ വർഗം ആൺ വർഗത്തേക്കാൾ നിഗൂഢമായ നിറമുള്ളവരായിരിക്കും. ശരീരവലിപ്പത്തിൽ ചെറിയവരും, വികൃതി കുറഞ്ഞവരും, -അപൂർവ്വമായി മാത്രം ആണുങ്ങൾക്കുവേണ്ടി മത്സരിക്കുകയോ ശണ്ഠ കൂടുകയോ ചെയ്യേണ്ടി വരുന്നതിനാൽ – ശക്തി കുറഞ്ഞവരും ആയുധങ്ങളാൽ സജ്ജരല്ലാത്തവരുമായിരിക്കും പെൺ വർഗം.

രക്ഷാകർതൃ നിക്ഷേപത്തിന്റെ അനുപാതം സെക്ഷ്വൽ സെലക്ഷനെ സ്വാധീനിക്കുന്നു എന്ന് പരിണാമ സിദ്ധാന്തം വീക്ഷിക്കുന്നു.

ആൺ രക്ഷാകർതൃ നിക്ഷേപം പെൺ രക്ഷാകർതൃ നിക്ഷേപത്തിനേക്കാൾ അധികമായ ജീവവർഗങ്ങളിൽ സെക്ഷ്വൽ സെലക്ഷന്റെ സ്വാധീനം പെൺവർഗത്തിനിടയിൽ അധികരിച്ചിരിക്കുന്നത് ഇതിന് തെളിവാണ്. ഈ ജീവവർഗങ്ങളിൽ പെൺ വർഗമാണ് പ്രത്യുൽപാദന ഇണക്കായുള്ള മത്സരത്തിന് ഉപയോഗപ്രദമായ ശരീരഘടനാപരവും പെരുമാറ്റപരവുമായ സവിശേഷതകൾ ആർജിച്ചിരിക്കുന്നതും പ്രകടിപ്പിക്കുന്നതും. ലഭ്യമായ തെളിവുകൾ സെക്ഷ്വൽ സെലക്ഷൻ സിദ്ധാന്തത്തെ സ്ഥിരീകരിക്കുന്നു (വിൽസൺ 1975 ലെ പരാമർശങ്ങൾ).

പൈപ്പ് ഫിഷ് (കുഴൽ മൽസ്യം), കടൽ കുതിരകൾ എന്നിവ ഉദാഹരണങ്ങളാണ്. ഈ ജീവിവർഗങ്ങളിൽ പെൺ വർഗം മുട്ടകൾ ആണിന്റെ ബ്രൂഡ്‌പൗച്ചിലേക്ക് (ആൺകടൽ കുതിരകളുടെ ശരീരത്തിലെ സഞ്ചി പോലെയുള്ള ഒരു ശരീര പാളി) മാറ്റുന്നു, അവിടെ അവ വികസിക്കുന്നു, അവക്ക് പുരുഷന്റെ രക്തപ്രവാഹത്തിലേക്ക് പ്ലാസന്റൽ കണക്ഷൻ ഉണ്ടാക്കുന്നു. (ഗർഭ -പ്രസവ സമാനമായ രക്ഷാകർതൃ നിക്ഷേപം കൂടുതലും അർപ്പിക്കുന്നത് ആൺ വർഗമാണ്)

അതിനാൽ തന്നെ പൈപ്പ് ഫിഷ്-കടൽ കുതിര ജീവവർഗങ്ങളിൽ, പെണ്ണുങ്ങളാണ് ആക്രമണാത്മകയും ശക്തിയും പ്രകടിപ്പിക്കുന്നത്. ഏതൊരു ആണുമായും ഇണചേരാനുള്ള സന്നദ്ധതയും അവ കാണിക്കുന്നു. ആൺ കടൽ കുതിരകളാകട്ടെ കൂടുതൽ അച്ചടക്കവും ജാഗ്രതയും പുലർത്തുന്നു, പെണ്ണിണകളെ തിരഞ്ഞെടുക്കുന്നതിൽ തിരഞ്ഞെടുപ്പു സ്വഭാവവും പ്രകടിപ്പിക്കുന്നു. (വില്യംസ് 1966).

പക്ഷികളുടെ ഇടയിലാകട്ടെ, കുഞ്ഞുങ്ങളുടെ ജനനവും വികസനവും പെൺപക്ഷിയുടെ ശരീരത്തിന് പുറത്താണ് സംഭവിക്കുന്നത്. സസ്തനികളിൽ നിന്ന് വ്യത്യസ്തമായി, അമ്മ തന്റെ കുഞ്ഞുങ്ങളെ മുലയൂട്ടുകയും ചെയ്യുന്നില്ല. അതിനാൽ തന്നെ ഒരു ആൺപക്ഷിക്ക് അതിന്റെ സന്തതികളുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഗണ്യമായ ‘രക്ഷാകർതൃ നിക്ഷേപം’ നടത്താൻ കഴിയും, കൂടാതെ ഭൂരിഭാഗം പക്ഷി ഇനങ്ങളും “ഏക ഇണ” പ്രകൃതിക്കാരാണ്. (സ്ലാൻഡർ 1972).

ചിലപ്പോഴെല്ലാം കുഞ്ഞുങ്ങളുടെ ഇൻകുബേഷൻ, പ്രൊവിഷൻ എന്നിവയുടെ മുഴുവൻ ഭാരവും ആൺപക്ഷികൾക്ക് ഏറ്റെടുക്കാൻ പോലും സാധ്യമാണ്. ഈ സാഹചര്യത്തിൽ പെൺപക്ഷികൾക്ക് തങ്ങളുടെ സമയവും ഊർജവും ഉപയോഗിച്ച് മറ്റ് ആൺ പക്ഷികളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. അതിന്റെ ഫലമായി ചില പക്ഷികളിൽ ബഹുഭർതൃത്വം അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആൺ ഇണകളെ സ്വീകരിക്കൽ (polyandry) നിലനിൽക്കുന്നു. പക്ഷികളിലെ ഈ “പോലിയാൻട്രി” യുടെ തുടർച്ചയായി ചുരുക്കം ചില കേസുകളിൽ ആൺ ഇണകൾക്കായുള്ള തീവ്രമായ പെൺ-പെൺ മത്സരങ്ങൾ നിലനിൽക്കുന്നു, ഇത്തരം ജീവവർഗത്തിലെ പെൺപക്ഷികൾ ശാരീരികമായി വലുതും ശക്തരും കൂടുതൽ ആക്രമണാത്മകവുമായ സ്വഭാവവും ലൈംഗികതയുമുള്ളവരായിരിക്കും. (ജെന്നി 1974).

ആൺ-പെൺ രക്ഷിതാക്കളിൽ സന്തതികൾക്കായുള്ള “രക്ഷാകർതൃത്വ നിക്ഷേപ”ത്തിലെ ഏറ്റകുറച്ചിലിന്റെ ഫലമായിട്ടാണ് ഓരോ ജീവവർഗത്തിലേയും വ്യത്യസ്ഥ ലിംഗക്കാർക്ക് വ്യത്യസ്തമായ സവിശേഷതകൾ സംജാതമാകുന്നത് എന്നാണ് സെക്ഷ്വൽ സെലക്ഷൻ സിദ്ധാന്തം പറയുന്നത്. “രക്ഷാകർതൃത്വ നിക്ഷേപം” പെൺ വർഗത്തിലാണ് കൂടുതൽ എങ്കിൽ ആൺ ഇണയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ദൗത്യം പെൺ വർഗത്തിൽ നിക്ഷിപ്തമായിരിക്കും. പെൺ വർഗത്തിന്റെ തിരഞ്ഞെടുപ്പിന് അർഹത നേടിയെടുക്കുക എന്ന ലക്ഷ്യമായിരിക്കും ആൺ വർഗത്തിനുണ്ടാവുക. അതിനായി രണ്ട് തരത്തിലുള്ള സവിശേഷതകൾ ആൺ വർഗം ആർജിക്കേണ്ടതുണ്ട്.

ഒന്ന്, പെൺ വർഗത്തെ ആകർഷിക്കാൻ ഉതകുന്ന കഴിവുകൾ, ശക്തികൾ, നിറങ്ങൾ…
ഇതിനെ ഇന്റർസെക്ഷ്വൽ സെലക്ഷൻ എന്നു വിളിക്കപ്പെടുന്നു.

രണ്ട്, മറ്റു ആൺ വർഗ അംഗങ്ങളുമായി മത്സരിച്ചും മല്ലിട്ടുമാണ് പെൺ ഇണയെ സ്വന്തമാക്കാൻ കഴിയൂ എന്നതിനാൽ സഹ പുരുഷാംഗങ്ങളെ അതിജയിക്കാനുതകുന്ന ശക്തികളും കഴിവുകളും ആൺ വർഗ്ഗം ആർജിക്കണം. ഇതിനെ ഇന്റ്രാസെക്ഷ്വൽ സെലക്ഷൻ എന്ന് വിളിക്കപ്പെടുന്നു.

ഇതിന് രണ്ടിനും പുറമെ, താരതമ്യേന കുറവ് “രക്ഷാകർതൃത്വ നിക്ഷേപമാണ്” ആൺ വർഗ്ഗം നിക്ഷേപിക്കുന്നത് എന്നതിനാൽ തങ്ങളുടെ ശേഷിക്കുന്ന സമയവും ഊർജവും പ്രത്യുൽപാദന വർദ്ധനവിനായി, കൂടുതൽ പെൺ ഇണകളെ സ്വന്തമാക്കുന്നതിനായി ആൺ വർഗം ഉപയോഗിക്കുന്നു.

ഇതിന് നേർ വിപരീതമായി, ഒരു ജീവവർഗത്തിലെ ആണുങ്ങളാണ് (കുഴൽ മത്സം – കടൽ കുതിര എന്നിവയെ പോലെ) കൂടുതൽ “രക്ഷാകർതൃത്വ നിക്ഷേപം” നടത്തുന്നതെങ്കിൽ പെൺ വർഗത്തിൽ ഇന്റർസെക്ഷ്വൽ സെലക്ഷനും ഇന്റ്രാസെക്ഷ്വൽ സെലക്ഷനും ശക്തമായിരിക്കും. കൂടാതെ താരതമ്യേന കുറവ് “രക്ഷാകർതൃത്വ നിക്ഷേപമാണ്” പെൺ വർഗ്ഗം നിക്ഷേപിക്കുന്നത് എന്നതിനാൽ തങ്ങളുടെ ശേഷിക്കുന്ന സമയവും ഊർജവും പ്രത്യുൽപാദന വർദ്ധനവിനായി, കൂടുതൽ ആൺ ഇണകളെ സ്വന്തമാക്കുന്നതിനായി പെൺ വർഗം ഉപയോഗിക്കുന്നു.

സസ്തനികളിലെ മനുഷ്യ വംശത്തിൽ സ്ത്രീ വർഗമാണ് കൂടുതൽ “രക്ഷാകർതൃത്വ നിക്ഷേപം” നടത്തുന്നത് എന്നത് സുവിദിതമാണല്ലൊ. അതുകൊണ്ടു തന്നെ പുരുഷന്മാരിലാണ് ഇന്റർസെക്ഷ്വൽ സെലക്ഷനും ഇന്റ്രാസെക്ഷ്വൽ സെലക്ഷനും ശക്തമായിരിക്കുന്നത്. കൂടുതൽ ഇണകളോടുള്ള അഭിവാജ്ഞയും പുരുഷന്മാരിൽ തന്നെയാണ് കുടികൊള്ളുന്നത്.

ഈ “രക്ഷാകർതൃത്വ നിക്ഷേപ”വും അതിന്റെ ഫലമായി ഉണ്ടാകുന്ന സെക്ഷ്വൽ സെലക്ഷന്റെയും തുടർച്ചയുമായി ജൈവശാസ്ത്രപരമായ പല വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും സ്ത്രീ – പുരുഷ ലിംഗത്വത്തിലും ലൈംഗികതയിലും ഉടലെടുത്തിരിക്കുന്നു.

ഈ പരിണാപരമായ വ്യത്യാസങ്ങളെ ഡൊണാൾഡ് സൈമൺസ് ഇപ്രകാരം സംഗ്രഹിക്കുന്നു:

“മനുഷ്യർക്കിടയിലെ ലൈംഗികതയിലെ പ്രാഥമികമായ ആൺ-പെൺ വ്യത്യാസങ്ങൾ മൂന്ന് മുതൽ പത്ത് വരെയുള്ള അധ്യായങ്ങളിൽ ചർച്ചചെയ്യുന്നത് ഇനിപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം:

(1) സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കിടയിൽ ഇണകൾക്കു വേണ്ടിയുള്ള മത്സരം പൊതുവെ കൂടുതൽ തീവ്രമാണ്, നിരക്ഷരരായ സമൂഹങ്ങളിൽ അക്രമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം തന്നെ സ്ത്രീകൾക്കു വേണ്ടിയുള്ള മത്സരമാണ്.

(2) പുരുഷന്മാർ ബഹുഭാര്യത്വത്തിലേക്ക് ചായ്‌വ്‌ ഉള്ളവരാണ് എന്നാൽ സ്ത്രീകൾ ഇക്കാര്യത്തിൽ കൂടുതൽ വഴക്കമുള്ള കൂട്ടരാണ്, സാഹചര്യങ്ങൾക്കനുസരിച്ച്, ബഹുഭാര്യ, ഏകഭാര്യ, അല്ലെങ്കിൽ ബഹുഭർതൃ വിവാഹങ്ങളിൽ അവർക്ക് തുല്യ സംതൃപ്തി നേടാൻ സാധിക്കും.

(3) ഏതാണ്ട് സാർവത്രികമായി, പുരുഷന്മാർ അവരുടെ ഇണകളോട് ലൈംഗികമായി അസൂയ (sexual jealousy) ഉള്ളവർ ആണ്. ഇക്കാര്യത്തിൽ സ്ത്രീകൾ കൂടുതൽ വഴക്കമുള്ളവരാണ്…

(4) പുരുഷന്മാരുടെ കാഴ്ചയിലൂടെ സ്ത്രീകൾ ലൈംഗിക ഉണർച്ച നേടുന്നതിലും വളരെ അധികമായി സ്ത്രീകളുടെയും സ്ത്രീ ജനനേന്ദ്രിയങ്ങളുടെയും കാഴ്ചയാൽ പുരുഷന്മാർ ലൈംഗികമായി കൂടുതൽ ഉണർത്തപ്പെടുന്നു…

(5) സ്ത്രീകളെ ലൈംഗികമായി ആകർഷണീയരാക്കുന്നതിന്റെ നിർണ്ണായക ഘടകങ്ങൾ ശാരീരിക സവിശേഷതകൾ ആണ്, പ്രത്യേകിച്ച് യുവത്വത്തെ സൂചിപ്പിക്കുന്ന ശാരീരിക സവിശേഷതകൾ ആണ് ഏറ്റവും പ്രധാനപ്പെട്ട നിർണ്ണായക ഘടകങ്ങൾ. എന്നാൽ പുരുഷന്മാരുടെ ലൈംഗിക ആകർഷണീയത നിർണ്ണയിക്കുന്നതിൽ ശാരീരിക സവിശേഷതകൾക്ക് വലിയ സ്ഥാനമില്ല. പുരുഷന്റെ കാര്യത്തിൽ പ്രധാന ഘടകങ്ങൾ; രാഷ്ട്രീയവും, സാമ്പത്തികവുമായ ആധികാരികതയാണ്. യുവത്വം താരതമ്യേന അപ്രധാനമാണ്.

(6) വൈവിധ്യത്തിനായി വിവിധ ലൈംഗിക പങ്കാളികളെ ആഗ്രഹിക്കുന്ന പ്രവണത സ്ത്രീകളെക്കാൾ പുരുഷന്മാരിൽ വളരെ കൂടുതലാണ്.

(7) പൊതുവെ എല്ലാവർക്കും ഇടയിൽ, ലൈംഗികബന്ധം അടിസ്ഥാനപരമായി പുരുഷന് സ്ത്രീ നൽകുന്ന സേവനമോ ആനുകൂല്യമോ ആയി കണക്കാക്കപ്പെടുന്നു.”

(Evolution of sexuality: Donald Symons)

ലൈംഗിക മനശാസ്ത്രത്തിലെ ആധുനിക ഗവേഷണങ്ങളും, സൈമൺസ് അവലോകനം ചെയ്ത സ്ത്രീ – പുരുഷ ലൈംഗികതയിലെ മൗലികമായ വ്യത്യാസങ്ങളെ പദാനുപദം ബലപ്പെടുത്തുന്നു. അത്തരം ചില ആധുനിക, ലൈംഗിക മനശാസ്ത്ര – സാമൂഹിക മനശാസ്ത്ര പഠനങ്ങൾ നമുക്ക് തുടർന്ന് പരിചയപ്പെടാം. ഇവിടെ തുടർന്ന് ഉദ്ധരിക്കുന്ന പഠനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രസക്തവും പ്രാധാനവുമായി നാം കാണുന്നത് ഈ പഠനങ്ങൾ അവലംബിക്കുന്ന രീതിശാസ്ത്രത്തിന്റേയും മാധ്യമത്തിന്റെയും പ്രസക്തിയും വ്യതിരിക്തതയുമാണ്.

ഒരു ലൈംഗിക മനശാസ്ത്ര ഗവേഷണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ് ?

സ്ത്രീയും പുരുഷനും തങ്ങളുടെ ലൈംഗിക താൽപര്യങ്ങളേയും പ്രവണതകളേയും ചോദനകളേയും സംബന്ധിച്ച് തുറന്ന് സംസാരിക്കാൻ മടിക്കുന്നു എന്നത് തന്നെ. ഇനി തുറന്ന് സംസാരിക്കുകയാണെങ്കിൽ തന്നെ പല പ്രസക്തവും മൗലികവുമായ കാര്യങ്ങൾ പലരും മറച്ചുവെക്കുകയോ ദുർവ്യാഖ്യാനിച്ച് അവതരിപ്പിക്കുകയോ ചെയ്തേക്കും. സാമൂഹിക സങ്കൽപ്പങ്ങളുടേയൊ സാംസ്കാരിക നിർമ്മിതിയുടേയോ സമ്മർദ്ദങ്ങൾ കാരണം സത്യത്തിന് പകരം സാമൂഹിക മിഥ്യകൾ ഗവേഷണത്തിൽ പങ്കെടുക്കുന്നവർ ഗവേഷകരോട് പങ്കു വെച്ചേക്കാം. ഇതിനുള്ള പരിഹാരം നിരുപാധികമായ അജ്ഞാതാവസ്ഥയാണ് (absolute anonymity). അഥവാ, ഗവേഷണത്തിന്റെ ഭാഗമായ വ്യക്തികൾക്ക് തങ്ങളുടെ ലൈംഗികമായ താൽപര്യങ്ങളും പ്രവണതകളും ചോദനകളും ആരുമറിയാതെയും ആരുടേയും സ്വാധീനമില്ലാതെയും പ്രകടിപ്പിക്കാനും പ്രകാശിപ്പിക്കാനുമുള്ള ഒരു ഇടമുണ്ടാകണം. തങ്ങൾ ഗവേഷണത്തിന്റെ ഭാഗമാണ് എന്ന് പങ്കെടുക്കുന്നവർ അറിയുന്നില്ലെങ്കിൽ കൂടുതൽ നല്ലത്.

ഭാഗ്യവശാൽ, ലൈംഗിക മനശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ചില ഗവേഷകർ ഇത്തരമൊരു ഇടം കണ്ടെത്തി. അതാണ് ഇന്റർനെറ്റ്.

വെളിപ്പെടുത്തലിന്റെയും വ്യക്തിത്വം പരസ്യപ്പെടുത്തുന്നതിന്റെയും സർവ്വ സാധ്യതകളും ഇല്ലെന്ന് ഉറപ്പു നൽകി സർവ്വവിധ അജ്ഞാതാവസ്ഥയും (anonymity) ഒരുക്കി തന്ന് മനുഷ്യർക്ക് തങ്ങളുടെ ലൈംഗികാഭിനിവേശങ്ങളെ പരതാനും പിന്തുടരാനും അവസരം നൽകുന്ന ഒരു ആധുനിക സാങ്കേതിക വിദ്യയാണല്ലൊ ഇന്റർനെറ്റ്. മനുഷ്യരുടെ ലൈംഗിക അഭിനിവേശങ്ങളെയും ആഗ്രഹങ്ങളേയും കുറിച്ച് പഠിക്കുന്നതിന് വൻ സാധ്യത ഒരുക്കുന്ന ഈ നൂതന ഭൂമിക ചിക്കി ചികഞ്ഞ് കണ്ടെത്തിയ വിവരങ്ങളും രേഖകളും ഉള്ളടങ്ങിയ ഒരു ഗ്രന്ഥമാണ്, ഒഗി ഒഗാസ് (Ogi Ogas), സായ് ഗദ്ദം (Sai Gaddam) എന്നിവർ രചിച്ച “A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire” (ഒരു ആയിരം കോടി ദുഷിച്ച ചിന്തകൾ: ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം മനുഷ്യന്റെ ലൈംഗിക അഭിനിവേശങ്ങളെയും ആഗ്രഹങ്ങളേയും കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത് ?)

ഗ്രന്ഥത്തിലെ പ്രസക്ത ഭാഗങ്ങളാണ് തുടർന്ന് നാം ഉദ്ധരിക്കുന്നത്. സ്ത്രീ പുരുഷ ലൈംഗികത്വത്തിന്റേയും ലൈംഗികതയുടേയും പ്രകൃതിയും താൽപര്യങ്ങളും മാധ്യമങ്ങളും ചോദനകളും തമ്മിലുള്ള അസമാനമായ അന്തരം പരകോടി തെളിവുകളുടെ അടിസ്ഥാനത്തിൽ ബലപ്പെടുത്തുകയാണ് ഗ്രന്ഥം ചെയ്യുന്നത്.

print

No comments yet.

Leave a comment

Your email address will not be published.