സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -4

//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -4
//സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -4
ആനുകാലികം

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -4

من فوفه موج = അതിനു മുകളിൽ മറ്റൊരു തിരമാല

ആഴത്തിൽ ആപതിച്ച വ്യക്തിയുടെ മുകളിലെ അവസ്ഥയാണ് വിവരിക്കുന്നത്. സ്ഥലപരമായി മുകളിൽ ആണ് സംഭവം. من فوق എന്ന പ്രയോഗം അതാണ് വ്യക്തമാക്കുന്നത്.

 ഖുർആനിൽ من فوق പതിമൂന്നു സ്ഥലങ്ങളിൽ വന്നിട്ടുണ്ട്.
 ‘സ്ഥലപരമായ മേലെ’ എന്ന അർത്ഥത്തിലല്ലാതെ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. അതെത്രയും മേലെയാകാം.
 ‘മിൻ’ ആരംഭ / പ്രഭവസ്ഥാനത്തെ കാണിക്കാനും അല്ലാതെയും ഫൗഖിന്റെ കൂടെ വന്നിട്ടുണ്ട്.
 അതേസമയം ‘മിൻ’ കൂടെയില്ലാത്ത ‘ഫൗഖ്’ സ്ഥലപരമായ മേലെ എന്ന അർത്ഥത്തിൽ അല്ലാതെയും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

അൻആം 65 ലെ പ്രയോഗം നോക്കൂ:

قُلْ هُوَ ٱلْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَاباً مِّن فَوْقِكُمْ

“നബിയേ/പ്രബോധകാ അവരെ ഉണർത്തുക: നിങ്ങൾക്ക് മുകളിൽ നിന്നും പലവിധ ശിക്ഷ നിങ്ങൾക്കുമേൽ അയക്കാൻ ശക്തനാണവൻ”. ഇവിടെ ശിക്ഷ പതിക്കുന്നത് ‘അലൈകും’ = നിങ്ങൾക്കുമേൽ. ശിക്ഷ വരുന്നത് ‘മിൻ ഫൗഖിക്കും’= ദൂരെ മുകളിൽ നിന്നും. ശിക്ഷ പതിക്കുന്ന സ്ഥലവും അത് വരുന്ന സ്ഥലവും അടുത്തടുത്തല്ല എന്ന ആശയം ഇവിടെ വ്യക്തമാണ്. കൂടുതൽ മുകളിൽ നിന്നും വരുന്ന ആഘാതമായിരിക്കും കൂടുതൽ പ്രഹരമേല്പിക്കുക.

അല്ലാഹുവിനു പുറമെ ആരാധ്യരെ സങ്കല്പിക്കുന്ന ബഹുദൈവ വാദികൾ, ഏകദൈവ സത്യത്തിലേക്ക് പ്രബോധനം ചെയ്യുന്നവരെ പ്രതിരോധിക്കാൻ വലിയവലിയ കുതന്ത്രങ്ങൾ പണിതുയർത്തിയിരുന്നു. മുകളിലേക്ക് പൊക്കി ഉയർത്തിയ വൻ ഗോപുരത്തോടാണ് അല്ലാഹു അവരുടെ കുതന്ത്രങ്ങളുടെ വലുപ്പത്തെ ഉപമിച്ചിരിക്കുന്നത്. പക്ഷേ, അല്ലാഹു ആ ഗോപുരങ്ങളുടെ അടിത്തറ ഇളക്കി. വാദമുഖങ്ങളുടെ അടിക്കല്ലുകൾ തകർക്കുകയാണ് വേണ്ടതല്ലോ. (കടയ്ക്കലാണ് കൊത്തേണ്ടത്. ചില്ലകൾ താനേ നിലംപൊത്തിക്കൊള്ളും.) ആ മഹാ ഗോപുരം അപ്പാടെ ചെരിഞ്ഞു നിലംപൊത്തുകയായിരുന്നു. മനോഹരമായ ഉപമയിലൂടെ ഇക്കാര്യം വിവരിക്കുന്ന സൂറ നഹ്ൽ ഇരുപത്തിയാറാം സൂക്തത്തിൽ, ഗോപുരം പൊളിഞ്ഞു വീഴുന്നത് ‘അലൈഹിം’ = അവരുടെ തലയ്ക്ക് മുകളിൽ ആണെങ്കിൽ, അത് വീണു തുടങ്ങുന്നത് ‘മിൻ ഫൗഖിഹിം’= അവരുടെ മുകളിൽ നിന്നാണ്. അതായത്, ഗോപുരത്തിന്റെ ഉയരമെത്രയാണോ അത്രയും മുകളിൽ നിന്നും. ഗോപുരം നടുവൊടിയുകയോ, പൊട്ടിച്ചിതറുകയോ അല്ല ചെയ്തത്. ഗോപുരം മുകളറ്റം മുതൽ തന്നെ ആ ജനതയ്ക്കുമേൽ മറിഞ്ഞുവീഴുകയായിരുന്നു.

قَدْ مَكَرَ ٱلَّذِينَ مِنْ قَبْلِهِمْ فَأَتَى ٱللَّهُ بُنْيَانَهُمْ مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَاهُمُ ٱلْعَذَابُ مِنْ حَيْثُ لاَ يَشْعُرُونَ

നരകത്തിൽ അവിശ്വാസികളുടെ തലയ്ക്കുമീതെ, വെള്ളച്ചാട്ടം പോലെ ഉയരത്തിൽ നിന്നും ഹമീം എന്ന നരകീയ ചുടുപാനീയം കുത്തിയൊഴിക്കുന്ന രംഗം വിവരിക്കുമ്പോഴും ‘മിൻ ഫൗഖി’ യാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്നത്.

يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ

ചുരുക്കത്തിൽ, من فوفه موج എന്ന വാചകം ദ്യോതിപ്പിക്കുന്നത്, താഴെ കാണുന്ന തിരമാലയിൽ നിന്നും കുറെ ദൂരെയാണ് ഈ തിരമാല എന്നതാണ്.

മറ്റൊരു പ്രധാന കാര്യം ഇവിടെ ശ്രദ്ധിക്കാനുണ്ട്. തിരമാലയെക്കുറിച്ചും സമുദ്ര സഞ്ചാരികൾക്ക് അവ ഉണ്ടാക്കുന്ന ഭീഷണികളെക്കുറിച്ചും ഖുർആൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അവയിൽ നിന്നും ഭിന്നമായ ഒരു ‘രംഗവിവരണ’ ശൈലിയാണ് ഈ സൂക്തത്തിൽ കാണുന്നത്. അക്കാര്യം തിരിച്ചറിയാൻ കടലിലെ പ്രക്ഷുബ്ധ രംഗങ്ങൾ വിവരിക്കുന്ന ഖുർആൻ സൂക്തങ്ങൾ പരിചയപ്പെടാം.

സൂറ യൂനുസിലെ ഇരുപത്തിരണ്ടാം സൂക്തം നോക്കൂ:

هُوَ ٱلَّذِي يُسَيِّرُكُمْ فِي ٱلْبَرِّ وَٱلْبَحْرِ حَتَّىٰ إِذَا كُنتُمْ فِي ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّواْ أَنَّهُمْ أُحِيطَ بِهِمْ دَعَوُاْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنْجَيْتَنَا مِنْ هَـٰذِهِ لَنَكُونَنَّ مِنَ ٱلشَّاكِرِينَ

“അവനാണ് നിങ്ങളെ കരയിലും കടലിലും സഞ്ചരിപ്പിക്കുന്നത്/ സഞ്ചരിക്കാൻ ആവശ്യമായ പശ്ചാത്തല പ്രതിഭാസങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. അങ്ങനെ നിങ്ങൾ ഉരുക്കളിൽ സഞ്ചരിക്കവേ, അവയെ നല്ല കാറ്റ് മുന്നോട്ടു നയിക്കുമ്പോൾ നിങ്ങളതിൽ ആഹ്‌ളാദം കൊള്ളുന്നു. അപ്പോഴാണ് ചുഴലിക്കാറ്റ് അതിനെ സമീപിക്കുന്നത്. അതിനെത്തുടർന്ന് അവരെ എല്ലാ ഭാഗത്തുനിന്നും തിരമാല സമീപിക്കുന്നു. തങ്ങൾ തിരമാലകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നവർ കരുതി. രക്ഷയില്ലെന്ന് കണ്ടപ്പോൾ അവർ അല്ലാഹുവിനെ വിളിച്ചു. അവനോടുള്ള വണക്കം നിഷ്കളങ്കമാക്കിയവരായിട്ട്..”

സൂറ ലുഖ്മാൻ 32 ൽ സമാനമായ രംഗം ആവർത്തിക്കുന്നു.

وَإِذَا غَشِيَهُمْ مَّوْجٌ كَٱلظُّلَلِ دَعَوُاْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ

“പർവ്വതങ്ങൾ പോലുള്ള തിരമാല അവരെ പൊതിഞ്ഞപ്പോൾ”.

നൂഹ് നബി ഏതാനും അനുയായികളെയും കൂട്ടി കപ്പൽ കയറിയത്, ചരിത്രത്തിലെ ഭീകരമായ തൂഫാൻ സമയത്തായിരുന്നല്ലോ. മഹാ പ്രളയം, കൊടുങ്കാറ്റ്. ഘോരമായ മഴയും ഇടിയും മിന്നലും. ആ രംഗം വിവരിക്കുന്ന ഖുർആൻ, അവിടെ ഉണ്ടായ ഭീകര തിരമാലകളെ കുറിച്ച് വിവരിക്കുന്നത്, സൂറ ഹൂദ് 42 ൽ വായിക്കാം:

وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَٱلْجِبَالِ

“പർവ്വത സമാനമായ തിരമാലയ്ക്കിടയിലൂടെ ആ കപ്പൽ അവരെയും കൊണ്ട് സഞ്ചരിച്ചു”.

കൊടുങ്കാറ്റു സമയത്തുണ്ടാകുന്നതും യാത്രക്കാരെ നാനാഭാഗത്തുനിന്നും പൊതിയുന്നതുമായ ഒന്നിനുപിറകെ ഒന്നായി കുതിച്ചുവരുന്ന തിരമാലകളെ കുറിച്ച് വിവരിക്കുന്ന ഇത്തരം പശ്ചാത്തലത്തിൽ പോലും, ‘ഒരു തിരമാല, അതിനു മുകളിൽ തിരമാല’ എന്ന് ഖുർആൻ പറഞ്ഞില്ല. പ്രത്യക്ഷ നിരീക്ഷണത്തിൽ ഈ സന്ദർഭങ്ങളിലായിരുന്നു അങ്ങനെ പറയേണ്ടിയിരുന്നത്.

അങ്ങനെ പറയാതിരിക്കാൻ കാരണം,

ഒന്ന്: തിരമാല എന്ന് പറഞ്ഞാൽ തന്നെ ഒന്നിനുപിറകെ ഒന്നായി വരുന്ന തിരകൾ എന്നാണ്. അതിനാൽ ഖുർആൻ ഒരിക്കൽ പോലും ‘തിരമാലകൾ’ (أمواج) എന്ന് പറഞ്ഞില്ല. ശക്തമായ കാറ്റിൽ തിരമാലകൾ ഉയർന്നുപൊങ്ങുകയും യാത്രികരെ മൂടുകയും ചെയ്യും. ഒരിടത്ത് ളുലൽ (ظلل) പോലെയെന്നും മറ്റൊരിടത്ത് ജിബാൽ പോലെയെന്നും ആ തിരമാലകളെ ഉപമിച്ചു. രണ്ടും പർവ്വതങ്ങൾ എന്ന അർത്ഥമാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം മൗജ് ഏകവചനവും ‘പർവ്വതങ്ങൾ’ ബഹുവചനവുമാണ് എന്നതാണ്. അതായത്, തിരമാലയിൽ തിര ഒന്നല്ല. ഓരോ തിരയും പർവ്വതസമാനം ഉയരത്തിൽ ആ കൊടുങ്കാറ്റിൽ പൊങ്ങിത്താഴുന്നു എന്നർത്ഥം. റാസിയുടെ വരികൾ:

مَّوْجٌ كَٱلظُّلَلِ } وحد الموج وجمع الظلل، وقيل في معناه كالجبال، وقيل كالسحاب إشارة إلى عظم الموج، ويمكن أن يقال الموج الواحد العظيم يرى فيه طلوع ونزول وإذا نظرت في الجرية الواحدة من النهر العظيم تبين لك ذلك فيكون ذلك كالجبال المتلاصقة}

രണ്ട്: കടൽ യാത്രികർ അനുഭവിക്കുന്ന പ്രക്ഷുബ്ധാവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്. അതേസമയം നൂർ 40 ൽ അത്തരമൊരു കടൽ ക്ഷോഭമല്ല വിഷയം; കടലിൽ ഇരുട്ടുകൾ രൂപപ്പെടുന്ന വിധം വിവരിക്കുകയാണ്. അതിനാൽ ഇവിടെ മാത്രം ‘തിരമാല, അതിനെത്രയോ മുകളിൽ വീണ്ടും തിരമാല’ എന്ന് പ്രത്യേകം എടുത്തുപറഞ്ഞു. സാധാരണയിൽ കടലിൽ ഉണ്ടാകുന്ന ‘മേൽക്കുമേൽ വരുന്ന’ തിരമാല അല്ല എന്ന് വ്യക്തം.

من فوقه سحاب = അതിനു മുകളിൽ മേഘമുണ്ട്.

ഇപ്പോൾ ഇതാണ് രംഗം. ആഴമുള്ള സമുദ്രത്തിലെ അഗാധതയിൽ ഇരുട്ടുകൾ. അവിടേക്ക് ആപതിച്ച വ്യക്തി. അയാളെ തിരമാല പൊതിയുന്നു. അതിനു മുകളിൽ വേറെയും തിരമാലയുണ്ട്; അതിനും മുകളിൽ മേഘവും കാണാം.

താഴത്തെ തിരമാലയിൽ നിന്നും മുകളിലെ തിരമാലയിലേക്കുള്ള ദൂരം തന്നെയാകണം സാധാരണയിൽ അന്തരീക്ഷത്തിലെ മേഘത്തിലേക്കും. തിരിച്ചും പറയാം. മുകൾ പരപ്പിലെ തിരമാലയിൽ നിന്നും ‘അതിനു മുകളിലുള്ള മേഘ’ത്തിലേക്കുള്ള അകലം, മുകൾ പരപ്പിലെ തിരമാലയിൽ നിന്നും താഴെ തിരമാലയിലേക്ക് ഉണ്ടായിരിക്കണം. രണ്ടകലവും ‘മിൻ ഫൗഖ്’ കൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അഗാധതയിൽ ഇരുട്ടുണ്ടാകുന്നത് സൂര്യപ്രകാശം അവിടെ എത്തുന്നത് കുറയുമ്പോൾ ആണല്ലോ. അതിനിടയാക്കിയ മൂന്നു ഘട്ടങ്ങൾ ഇതുവരെ സൂചിപ്പിച്ചു.

 ഒന്ന്: സൂര്യ വെളിച്ചം തടയുന്ന മേഘം.
 രണ്ട്: മുകൾത്തട്ടിലെ തിരമാല. തിരമാലയില്ലാത്ത കേവല ജല സ്രോതസ്സിൽ ഇത്രയ്ക്ക് പ്രകാശാകിരണം ഉണ്ടാകില്ല.
 മൂന്ന്: താഴത്തെ തിരമാല.

താഴത്ത് തിരമാല ഉണ്ടെന്നും താഴത്തേക്ക് പോകുന്തോറും ഇരുട്ടുകൾ ‘മേൽക്കുമേൽ’ കട്ടി കൂടുകയാണെന്നും ശാസ്ത്രലോകം അടുത്തകാലത്താണ് മനസിലാക്കുന്നത്.

ظلمات بعضها فوق بعض = ഒന്നിനുമേൽ ഒന്നായി കട്ടിയേറുന്ന ഇരുട്ടുകൾ സമുദ്രാന്തർ ഭാഗത്തുണ്ട്.

സമുദ്രാന്തർഭാഗത്ത് ഇരുട്ട് കനത്തു വരുന്നതായാണ് ഖുർആൻ പ്രസ്താവിക്കുന്നത്. മുൻ വാചകങ്ങളോട് ഘടനാപരമായി ബന്ധമില്ലാത്ത പുതിയ സെന്റെൻസ് ആണിത്.

ഈ വാചകത്തിൽ ചില പ്രത്യേകതകൾ കാണാം. വാചകം തുടങ്ങുന്നത് ظلمات എന്ന നകിറ ((Indefinite Noun) കൊണ്ടാണ്. നകിറ നാമ വാചകത്തിന്റെ സബ്ജെക്ട് ആകാൻ സാധാരണ ഗതിയിൽ ചില ഭാഷാ സ്കൂളിൽ അനുവാദമില്ല. സൂറത്തുന്നൂറിന്റെ ആദ്യ വാചകം തന്നെ ഇതേ പ്രശ്നം ഉള്ളതാണ്. ‘സൂറത്തുൻ’ എന്ന നകിറ കൊണ്ടാണല്ലോ തുടക്കം. هذه سورة = ഇതൊരു സൂറത്താകുന്നു’ എന്നിങ്ങനെ സങ്കല്പിച്ചു അവിടെ പ്രശ്നം പരിഹരിക്കുന്നു. അതുപോലെ تلك ظلمات = ‘മുകളിൽ പറഞ്ഞ (അന്തർ തിരമാല, മുകൾ തിരമാല, മേഘം എന്നിവ) യാകുന്നു ഇരുട്ടുകൾ’ എന്ന്, മറയത്തുള്ള ഒരു സബ്ജെക്ട് സങ്കല്പിച്ചുകൊണ്ട് പ്രശ്നം ലളിതമായി അവസാനിപ്പിക്കുന്നു. അറബി ഭാഷയിൽ സർവ്വ സാധാരണമാണീ രീതി.

വേറെ ചിലർ, നാമ വിശേഷണം നൽകുകയോ സങ്കല്പിക്കുകയോ ചെയ്താൽ നകിറ കൊണ്ട് നാമവാചകം ആരംഭിക്കാമെന്ന അഭിപ്രായമുള്ളവരാണ്. سورة أنزلناها = ‘നാം അവതരിപ്പിച്ചിരിക്കുന്ന സൂറത്ത്’ എന്ന് അർത്ഥം. അപ്പോൾ വാചകത്തിൽ ഖബർ (Predicate) ഉണ്ടാകില്ല. അവർ ഇവിടെ ഖബറിനെ സങ്കല്പിച്ചു അർത്ഥം കാണുന്നു. فيما يتلى عليكم = “താങ്കൾക്കുമേൽ ഓതിക്കേൾപ്പിക്കപ്പെടുന്ന വേദത്തിൽ നിന്നുള്ളതാകുന്നു”. അങ്ങനെ വാചകം അർത്ഥപൂർണ്ണമാക്കുന്നു.

അതുപോലെ ظلمات كثيرة أو عظيمة = ‘അനേകം ഇരുട്ടുകൾ’ എന്ന് നാമവിശേഷണം സങ്കല്പിച്ചുകൊണ്ട്, ശേഷം വരുന്ന بعضها فوق بعض എന്ന വാചകം അതിന്റെ വിവരണമായി (ഖബർ) പരിഗണിക്കുന്നു.

ഭാഷാ നിപുണനായ അബൂ ഹയ്യാൻ എഴുതിയ ഖുർആൻ വ്യാഖ്യാനത്തിൽ വിവരിക്കുന്നു:

وأجاز الحوفي أن تكون مبتدأ و ്രبعضها فوق بعض ്യൂ مبتدأ وخبره في موضع خبر ്രظلمات ്യൂ. والظاهر أنه لا يجوز لعدم المسوغ فيه للابتداء بالنكرة إلاّ إن قدرت صفة محذوفة أي ظلمات كثيرة أو عظيمة ്രبعضها فوق بعض

ഇപ്പോൾ വാചകത്തിന്റെ അർത്ഥം രണ്ടുതരത്തിലായി:

1. അവയാകുന്നു ഇരുട്ടുകൾ; അതിലെ ചിലത് മറ്റു ചിലതിനേക്കാൾ മുകളിലാകുന്നു.
2. ധാരാളമായി/ഗംഭീരമായുള്ള ഇരുട്ടുകൾ അവയിൽ ചിലത് ചിലതിനേക്കാൾ ഇരുട്ടിൽ മുകളിലാകുന്നു. ആദ്യ വിഭാഗം ചെയ്ത പോലെ, സബ്ജെക്ടിനെ സങ്കല്പിച്ചുകൊണ്ടുള്ള അർത്ഥ കല്പന പ്രകാരം അതിനുമുന്നേ പരാമർശിച്ച ഇരുട്ടുകളാണ് ആഴമുള്ള സമുദ്രത്തിലെ ഇരുട്ടുകൾ എന്നുവരും. മറ്റു ഇരുട്ടുകൾ ചിത്രത്തിലില്ല. രണ്ടാമത്തെ രീതി അനുസരിച്ചുള്ള അർത്ഥ കല്പനയിൽ, കടലിനടിയിൽ മുകളിൽ വിവരിച്ച ഇരുട്ടുകൾക്ക് പുറമെ ധാരാളം ഇരുട്ടുകൾ ഉണ്ടെന്നും അവ അൽപാൽപമായി കനത്തു വരികയാണെന്നും ധ്വനിപ്പിക്കുന്നു.

بعضها فوق بعض = ഇരുട്ടുകളിലൽപം മറ്റേ അൽപത്തെക്കാൾ ഇരുട്ടിൽ കനമുള്ളതാകുന്നു/ ചില ഇരുട്ട് മറ്റു ചിലതിന്റെ മുകളിലാകുന്നു.

ഈ വാചകം പ്രത്യേകം ശ്രദ്ധിക്കാം. നേരത്തെ മുകളിൽ മുകളിലായി തിരമാലയും മേഘവും ഉള്ള കാര്യം പറയുമ്പോൾ ഉപയോഗിച്ച പദങ്ങൾ ഓർക്കുന്നല്ലോ. അവിടെ താഴത്തെ തിരമാലയും മുകളിലെ തിരമാലയും മേഘവും തമ്മിൽ ഒന്നൊന്നിന്റെ തുടർച്ചയോ ഭാഗമോ അല്ലെന്നു വെളിപ്പെടുത്താൻ വേണ്ടിയുള്ള പദപ്രയോഗങ്ങളാകുന്നു. എന്നാൽ, ഇവിടെ ഇരുട്ടുകൾ ക്രമത്തിൽ കനത്തു വരുകയാണ്. ഒന്ന് മറ്റൊന്നിൽ അന്യമല്ല. വേറിട്ട് കിടക്കുകയും അല്ല. എന്നാൽ ചില സവിശേഷതകൾ കാണിക്കുന്നതിനാൽ, ഇരുട്ടുകൾ എന്ന് എണ്ണം പറയാൻ സാധിക്കുകയും ചെയ്യും. എന്ന ആശയം ദ്യോതിപ്പിക്കുന്ന പദപ്രയോഗമാണ്. ഖുർആനിൽ വന്നിട്ടുള്ള بعض…بعض ഉപയോഗിച്ചുള്ള പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും.
بعض ..لبعض
بعض ..إلى بعض
بعض ..ببعض
بعض .. على بعض
بعض. . من بعض

തുടങ്ങിയ പ്രയോഗങ്ങൾ ധാരാളം തവണ കാണാം.

بعض.. فوق بعض പ്രയോഗിച്ചിട്ടുള്ള മറ്റു രണ്ടിടങ്ങൾ പരിചയപ്പെടാം.

അൻആം 165 കാണുക:

وَهُوَ ٱلَّذِي جَعَلَكُمْ خَلاَئِفَ ٱلأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَآ آتَاكُمْ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ .

അവനാണ് നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കിയത്; നിങ്ങളിൽ ചിലരെ ചിലർക്ക് മുകളിൽ ഉയർത്തുകയും ചെയ്തു; പല പടവുകൾ ആയിട്ട്. നിങ്ങൾക്കുവന്നെത്തിയ സന്ദേശത്തിന്റെ കാര്യത്തിൽ നിങ്ങളെ അവനു പരീക്ഷിക്കാൻ വേണ്ടി”.

മനുഷ്യരിൽ ഓരോരുത്തരും മറ്റൊരാളേക്കാൾ പദവിയിൽ ഭിന്നരാണ്; എന്നാൽ, റസൂൽ, നബി, സ്വഹാബി, വലിയ്യ്, സ്വാലിഹ്, ശഹീദ്, ആലിം ഇങ്ങനെ വിവിധ കാറ്റഗറി ആക്കാനും സാധിക്കും. ‘ചിലർക്ക് മുകളിൽ ചിലർ’ എന്നതിൽ സ്ഥലപരമായ മുകൾ അല്ല ഉദ്ദേശ്യമെന്ന് വ്യക്തം. ഇതേ ആശയം തന്നെയാണ് 43/സുഖ്റുഫ് 32 ലും കാണുന്നത്.

بعضها فوق بعض എന്നതിന്റെ സാരം ഇരുട്ടുകൾ ക്രമത്തിൽ കനക്കുന്നു എന്നാകുന്നു. ‘ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ’ എന്ന പ്രയോഗത്തിലെ മീതെ (ഫൗഖ്) സ്ഥലപരമായ അർത്ഥത്തിൽ മനസ്സിലാക്കിയവർ, താഴേക്കല്ലേ ഇരുട്ട് കനക്കുന്നത്, സൂക്തത്തിൽ മുകളിലേക്കാണെന്നല്ലോ പറയുന്നത് എന്ന് ശങ്കിക്കും. ഫൗഖ് കേവലം സ്ഥലപരമായ ‘മീതെ’ മാത്രമല്ല അർത്ഥമാക്കുന്നതെന്ന തിരിച്ചറിവ് ഇതിനു പരിഹാരമാകും. നെഗറ്റിവ് വാല്യൂ പോലെയാണ് ‘അന്ധകാരാവസ്ഥയിൽ മീതെയാകുക’ എന്ന ആശയം. ഇതുപോലൊരു പ്രയോഗം അൽബഖറ 26 ൽ കാണാം.

إِنَّ ٱللَّهَ لاَ يَسْتَحْى أَن يَضْرِبَ مَثَلاً مَّا بَعُوضَةً فَمَا فَوْقَهَا

‘കൊതുകിനെയും അതിന്റെ മീതെയുള്ളതിനെയും ഉദാഹരിക്കാൻ അല്ലാഹു നാണിക്കുന്നില്ല’
ഈ പ്രസ്താവനയുടെ അർത്ഥമെന്താണ്? കൊതുക് പോലുള്ള ചെറിയ ജീവികളെപ്പോലും അല്ലാഹു ഉദാഹരിക്കുന്നു എന്ന് പറഞ്ഞു അവിശ്വാസികൾ പരിഹസിക്കുന്നതിനോട് പ്രതികരിക്കുന്നതാണ് രംഗം. അപ്പോൾ ‘കൊതുകും അതിനു മീതെയുള്ളതും ഞാൻ ഉദാഹരിക്കും’ എന്ന് പറഞ്ഞാൽ, “ചെറുപ്പമെന്ന അവസ്ഥയിൽ മീതെയുള്ളത്’ എന്നാണ്. കൊതുകിന്റെ മുകളിൽ സ്ഥാനംപിടിച്ചത് എന്നോ കൊതുകിനേക്കാൾ വലുതെന്നോ അല്ല. ‘ഏറ്റവും വലിയ ചെറിയ കുട’ എന്നാൽ മറ്റു കുടകളെക്കാൾ ചെറുതാണെന്ന് മലയാളിക്കറിയാം. ഇരുണ്ട അവസ്ഥയിൽ മീതെയായത് എന്നാൽ, കൂടുതൽ ഇരുണ്ടത് എന്നർത്ഥം. താഴേക്ക് പോകുമ്പാഴാണിത് സംഭവിക്കുക. ഖുർആന്റെ പ്രയോഗം കൃത്യമാണ്.

إِذَآ أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا = അയാൾ തന്റെ കൈ പുറത്തെടുത്താൽ അതയാൾ കാണില്ല/ കാണാൻ ഒട്ടും വഴിയില്ല.
സമുദ്രത്തിനടിയിൽ നിപതിച്ച വ്യക്തി ഇപ്പോഴാണ് അനുവാചകരുടെ മുന്നിൽ തെളിയുന്നത്. അയാൾ ആ അഗാധതയിൽ തന്റെ കൈ പുറത്തെടുത്തു നോക്കുമെന്നല്ല പ്രസ്താവന. നോക്കിയെന്നു കരുതുക. തന്റെ കൈവെള്ള പോലും അയാൾക്ക് കാണാൻ കഴിയില്ല എന്നത്രെ. ഈ അവസ്ഥ സമുദ്രത്തിന്റെ എത്ര താഴെയാണെന്നു വ്യക്തമാക്കിയിട്ടില്ല. അത്രയ്ക്കും ഇരുട്ടുള്ള സ്ഥലം അവിടെയുണ്ടെന്ന് വെളിപ്പെടുത്തുകയാണ്. ഇരുട്ടിന്റെ കാഠിന്യം അനുവാചകന് മനസ്സിലാകാൻ ഇതിലും നല്ലൊരു സരള വിവരണം ഇല്ല. രാത്രിയിലെ കൂരാകൂരിരുട്ടാണ് ഒരു മനുഷ്യൻ സാധാരണ ചുറ്റുപാടിൽ അനുഭവിക്കാൻ കഴിയുന്ന ഏറ്റവും കനത്ത ഇരുട്ട്. ആ ഇരുട്ടിൽ പോലും സ്വന്തം കൈപ്പള്ള കാണാൻ സാധിച്ചേക്കും. അതിനുപോലും കഴിയാത്ത ഒരിടം കടലിനടിയിലുണ്ടെന്നു പറഞ്ഞാൽ, ഇരുട്ടിന്റെ ഉഗ്രത ആർക്കും മനസ്സിലാകും.

ഇത്രയ്ക്ക് കട്ടിയുള്ള ഇരുട്ടിനു കടലിന്റെ ഏറ്റവും അഗാധതയിൽ എത്തണോ? ഇരുട്ടുകളുടെ അവസാനത്തിലെത്തിയാൽ എന്നൊരു നിബന്ധനയും അവിടെ സൂചിപ്പിച്ചിട്ടില്ല. ‘അങ്ങനെ അയാൾ അങ്ങേയറ്റം എത്തിയാൽ പിന്നെ കൈപോലും കാണില്ല’ എന്നല്ല ഖുർആനിൽ പറഞ്ഞിട്ടുള്ളത്. മനുഷ്യന് കാണാവുന്ന സൂര്യ വെളിച്ചം (visible light) ഇല്ലാതാകുന്ന അന്ധകാരത്തിൽ തന്നെ ഇത് സംഭവിക്കും. അങ്ങനെ സ്വന്തം കൈ കാണാൻ കഴിയാത്ത വിധം വിസിബിൾലൈറ്റ് അലിഞ്ഞില്ലാതാകുന്ന അവസ്ഥ പ്രകൃതിയിൽ ഉണ്ടെന്നുള്ള കൃത്യമായ സൂചന ഇതിലുണ്ട്. ഇതെല്ലാം ശാസ്ത്രം മനസ്സിലാക്കുന്നത് വളരെ വൈകിയാണ്.

കൈ സമുദ്രത്തിനു പുറത്തേക്കിട്ടാൽ കാണാൻ കഴിയില്ല എന്നാണിതിന്റെ ആവശ്യമെന്നു തെറ്റിദ്ധരിച്ചേക്കാം. അങ്ങനെവരുമ്പോൾ സമുദ്രത്തിൽ ആപതിച്ച ആൾ എത്ര ആഴത്തിൽ ആയിരിക്കും? അരമീറ്റർ ആഴത്തിൽ നിന്നും കൈപുറത്തേക്കിട്ടാൽ കാണില്ല എന്നാണ് ഉദ്ദേശ്യമെങ്കിൽ, ഈ ആഴമേറിയ കടലിനെക്കുറിച്ച് പറയേണ്ട കാര്യമെന്തുണ്ട്? أخرج = പുറത്തെടുക്കുക എന്ന പദമാണ് ഇങ്ങനെ തെറ്റായി ധരിക്കാൻ കാരണം. കടലിനു വെളിയിലേക്ക് കൈ ഇടുക എന്ന് കഴിഞ്ഞകാല മുഫസ്സിറുകൾ ആരെങ്കിലും ഈ പദത്തിനു അർത്ഥം നൽകിയതായി കണ്ടിട്ടില്ല. കടലനുഭവം ഉള്ള ആരെങ്കിലും അതുപറയുമോ?

കക്ഷത്തിലിരിക്കുന്ന കൈ, പോക്കിറ്റിലിട്ട കൈ പുറത്തെടുക്കുന്നതിനെ കുറിച്ചും ഇതേ പദങ്ങൾ ഉപയോഗിച്ച മൂന്ന് സന്ദർഭങ്ങൾ വിശുദ്ധ ഖുർആനിൽ തന്നെ കാണാം. ത്വാഹാ 22 , നംല് 12 , ഖസ്വസ് 32 എന്നീ സൂക്തങ്ങൾ പരിശോധിക്കുക.’കക്ഷത്തിലേക്ക് ചേർത്തുപിടിച്ച കൈ, തെളിഞ്ഞ വെള്ള നിറമുള്ളതായി ‘പുറത്തു’വരുന്ന മൂസാ നബിയുമായി ബന്ധപ്പെട്ട സംഭവം ത്വാഹാ 22 ൽ പറയുന്നു.

وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوءٍ آيَةً أُخْرَىٰ

അതായത്, ശരീരത്തോട് ചേർന്ന് കിടക്കുന്ന കൈ അവിടെനിന്നും എടുക്കുന്നതിനും ‘പുറത്തെടുക്കുക’ എന്ന പ്രയോഗം ഖുർആന്റെ ശൈലിയാണ്. കുപ്പായത്തിന്റെ മാറിനകത്തു നിന്നും കൈ പുറത്തുവരുന്നതിനെക്കുറിച്ച് നംല് 12 ലും ഖസ്വസ് 32 ലും വായിക്കാം. അതായത്, إِذَآ أَخْرَجَ يَدَهُ = കൈ പുറത്തെടുത്താൽ എന്ന വാചാകാംശത്തിന്റെ സാരം, ശരീരത്തിൽ എവിടെയെങ്കിലും ചേർത്തുവെച്ചിട്ടുള്ള കൈ അവിടെനിന്നും കാഴ്ചക്ക് പാത്രമാകുന്ന വിധം കണ്ണിനടുത്തേക്ക് കൊണ്ടുവരിക എന്നേയുള്ളൂ.

കണ്ണിനടുത്തേക്ക് എളുപ്പത്തിൽ കൊണ്ടുവരാൻ കഴിയുന്ന ഏക അവയവമാണു കൈ. അതുപോലും കാണാനുള്ള സൂര്യ വെളിച്ചം ഇല്ലാത്ത അവസ്ഥ കടലിനടിയിൽ ഉണ്ടെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത്.
ഖുർആൻ, സമുദ്രാന്തർ ഭാഗത്തെ ഈ യാഥാർഥ്യം ഉപമയാക്കി, സത്യനിഷേധികളുടെ മാനസികാവസ്ഥ വെളിപ്പെടുത്തുകയാണ്. എട്ടാം നൂറ്റാണ്ടിലെ അല്ലാമാ ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തിയിരിക്കുന്നത്, പ്രസ്തുത ഉപമ, ‘ശാസ്ത്രം, ദർശനം, ഗവേഷണം തുടങ്ങിയ ബൗദ്ധിക വ്യാപാരങ്ങളിൽ ഏർപ്പെടുന്നവരാണെങ്കിലും അവയൊന്നും ഉപകരിക്കാത്ത ആളുകളെക്കുറിച്ചാകുന്നു’ എന്നത്രെ. (والمثل الثاني لأصحاب العلوم والنظر الأبحاث الذي ل تنفعന أمثال القرآن).

ഉപമയിൽ നിന്നും, വളരെ ഭീകരമായ തമസ്സിനകത്താണ് സത്യനിഷേധികൾ കഴിയുന്നതെന്ന് ആർക്കും മനസ്സിലാകും. ഇതിലെ താഴെ തിരമാല, മേലെ തിരമാല, മേഘം, മറ്റു ഇരുട്ടുകൾ തുടങ്ങിയ സൂചകങ്ങൾ സത്യനിഷേധിയുടെ വ്യത്യസ്ത മാനസിക നിലപാടുകളുമായി താരതമ്യം ചെയ്തു കൊണ്ട് ഖുർആൻ വ്യാഖ്യാതാക്കളും ആധ്യാത്മിക ഗുരുക്കന്മാരും വിവരിക്കുന്നു. സൂചനകൾ ആയതിനാൽ അവരുടെ വ്യാഖ്യാനങ്ങൾക്കിടയിൽ യോജിപ്പ് കുറവാണ്. വിശുദ്ധ ഖുർആനിലെ പല ഉപമകളും അക്കാലക്കാരോട് മാത്രം സംവദിക്കുന്നതല്ല; പിൽക്കാലങ്ങളിൽ അവയിലെ പൊരുളുകൾ കൂടുതൽ വ്യക്തമാകും. പ്രഥമ സംബോധിതരായ മക്ക മദീനയിലെ പ്രവാചക ശിഷ്യന്മാരിൽ അത്യപൂർവം പേർക്കുമാത്രമേ കടലിൽ യാത്ര ചെയ്ത പരിചയം പോലും ഉണ്ടായിരുന്നുള്ളൂ. കടലിൽ മൽസ്യബന്ധനം തൊഴിലാക്കിയവർ ആരും നബിയുടെ അനുചരന്മാരിൽ അന്നുണ്ടായിരുന്നില്ല. സമുദ്രാന്തർ ഭാഗത്തെ ഭീകര ഇരുട്ടുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നവർക്ക് ഉപമ കൂടുതൽ കൂടുതൽ ഹൃദ്യമാകും. ചുരുക്കത്തിൽ അല്ലാഹുവിനു അനുവാചകരോട് പറയാനുള്ളത് ഇതാണ്:
وَمَن لَّمْ يَجْعَلِ ٱللَّهُ لَهُ نُوراً فَمَا لَهُ مِن نُورٍ ആർക്ക് അല്ലാഹു വെളിച്ചം ഏർപ്പാടാക്കിയില്ലയോ ആ വ്യക്തിക്ക് വെളിച്ചത്തിൽ നിന്നും അല്പം പോലും സ്വന്തമാക്കാൻ ഉണ്ടാകില്ല”.

ഇരുട്ടുകളും വെളിച്ചവും ഖുർആനിൽ എന്ന പുസ്തകത്തിൽ വിശദമായി വായിക്കാം, ഇൻശാ അല്ലാഹ് ..

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.