വിവാഹപൂര്‍വ പ്രണയം: ഇസ്‌ലാമിന്റെ സമീപനം

//വിവാഹപൂര്‍വ പ്രണയം: ഇസ്‌ലാമിന്റെ സമീപനം
//വിവാഹപൂര്‍വ പ്രണയം: ഇസ്‌ലാമിന്റെ സമീപനം
ആനുകാലികം

വിവാഹപൂര്‍വ പ്രണയം: ഇസ്‌ലാമിന്റെ സമീപനം

വിവാഹപൂർവ പ്രണയബന്ധങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നത് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. വിവാഹത്തിന് ശേഷമുള്ള പ്രണയത്തെ ഇസ്‌ലാം അനുവദിക്കുകയും വളരെയേറെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിവാഹപൂർവ പ്രണയബന്ധങ്ങളെയാകട്ടെ വ്യഭിചാരത്തിലേക്കുള്ള മാർഗങ്ങളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്.

വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: “നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.”(17:32). വ്യഭിചരിക്കരുത്‌ എന്ന്‌ പറയാതെ, അതിനെ സമീപിക്കരുതെന്നത്രെ അല്ലാഹു പറഞ്ഞ വാക്ക്‌. വളരെ ശ്രദ്ധേയമാണിത്‌. വ്യഭിചാരത്തിലേക്ക്‌ നയിക്കുന്നതോ, അതിന്‌ വഴിവെക്കുന്നതോ ആയ എല്ലാ കാര്യവും വര്‍ജ്ജിക്കണമെന്നാണിതിന്റെ താല്‍പര്യം. അന്യ സ്ത്രീപുരുഷന്മാർ തനിച്ചാവൽ, പ്രകോപനപരമായ സൗന്ദര്യപ്രകടനം തുടങ്ങി തെറ്റിന് സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് ഇസ്‌ലാം കർശനമായ മുന്നറിയിപ്പ് നൽകുന്നു. മുഹമ്മദ് നബിﷺയുടെ വാക്കുകൾ കാണുക: “ഒരു പുരുഷൻ ഒരു സ്ത്രീയുമായി ഒരിക്കലും തനിച്ചാവരുത്. അവളുടെ മഹ്‌റം (അവളുമായി രക്തബന്ധമുള്ള ഒരാൾ) കൂടെയുണ്ടെങ്കിലല്ലാതെ.” (ബുഖാരി 1862, മുസ്‌ലിം 1341). അന്യരായ സ്ത്രീപുരുഷന്മാർ തനിച്ചാകുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്ന മറ്റൊരു പ്രവാചകവചനം ഇങ്ങനെയാണ്: “ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവർക്കിടയിൽ മൂന്നാമനായി പിശാചുണ്ടായിട്ടല്ലാതെ.” (തിർമിദി 1171). ലൈംഗികജീവിതത്തിൽ പാലിക്കേണ്ട വിശുദ്ധിക്കായി ഇത്ര സുവ്യക്തമായ നിർദേശങ്ങൾ ഇസ്‌ലാമിലുണ്ടെന്നിരിക്കെ മതനിഷ്ഠയുള്ള ഒരു മുസ്‌ലിംപുരുഷന് വിവാഹത്തിന് മുമ്പുള്ള പ്രണയബന്ധങ്ങളെ പുൽകുവാൻ സാധിക്കുകയില്ല.

അന്യ സ്ത്രീകളെ വികാരപൂർവം നോക്കുന്നതും അവരുമായി കൊഞ്ചിക്കുഴഞ്ഞുള്ള സംസാരങ്ങളുമെല്ലാം ഇസ്‌ലാം വിലക്കിയിട്ടുണ്ട്. “(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ഖുർആൻ 24:30,31).

പുരുഷൻ സ്ത്രീയിലേക്കും സ്ത്രീ പുരുഷനിലേക്കും ആകർഷിക്കപ്പെടുകയെന്നത് അല്ലാഹു നിർണയിച്ച പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് പ്രണയമെന്ന വികാരത്തെ ഇസ്‌ലാം ഉൾക്കൊള്ളുകയും അതിന്റെ പൂർത്തീകരണത്തിനായി വിവാഹമെന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം പുരുഷന് ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ വിവാഹാലോചനയ്ക്കായി അവളുടെ രക്ഷകർത്താവിനെ സമീപിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം. വിവാഹം കഴിക്കുന്നതിന് മുമ്പ് അവളെ പ്രണയിച്ച് കറങ്ങി നടക്കുന്ന രീതിയെ മ്ലേച്ഛവൃത്തിയായാണ് ഇസ്‌ലാം കണക്കാക്കുന്നത്.

“നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.” (ഖുർആൻ 30:21). ദൃഷ്ടികൾ നിയന്ത്രിക്കുന്നതിനുള്ള സുപ്രധാനമായ ഒരു മാർഗമായി പ്രവാചകൻ ﷺ പഠിപ്പിച്ച കർമ്മമാണ് വിവാഹം. ഒരു ഹദീഥ് കാണുക: “അല്ലയോ യുവസമൂഹമേ, നിങ്ങളിൽ വിവാഹത്തിന് സാധിക്കുന്നവർ വിവാഹം കഴിക്കട്ടെ. തീർച്ചയായും അത് കണ്ണുകളെ താഴ്‌ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. വിവാഹത്തിന് സാധിക്കാത്തവർ നോമ്പനുഷ്ഠിക്കട്ടെ. അത് അവന് ഒരു പരിചയാണ്.” (ബുഖാരി, മുസ്‌ലിം). വിവാഹത്തെയും അതുവഴിയുള്ള ലൈംഗിക ബന്ധത്തെയുമെല്ലാം പുണ്യകർമ്മങ്ങളായാണ് ഇസ്‌ലാം കാണുന്നത്. നബിയും ﷺ അനുയായികളും തമ്മിൽ തമ്മിൽ നടന്ന ഒരു സംഭാഷണം ഇങ്ങനെയായിരുന്നു- നബി ﷺ പറഞ്ഞു: “ഭാര്യമാരുമായി ലൈംഗികബന്ധത്തിലേർപ്പെടൽ ധർമമാണ്.” സ്വഹാബികൾ ചോദിച്ചു: “തിരുദൂതരേ, ഒരാൾ തന്റെ വികാരം ശമിപ്പിക്കുന്നതിനും പ്രതിഫലം നൽകപ്പെടുമോ?” മറുപടിയായിക്കൊണ്ട് പ്രവാചകൻ ﷺ ചോദിച്ചു: “നിഷിദ്ധമായതിലൂടെയാണ് അവനത് പ്രവർത്തിച്ചതെങ്കിൽ അവൻ അതിന്റെ കുറ്റം വഹിക്കേണ്ടി വരില്ലേ?” സ്വഹാബികൾ പറഞ്ഞു: “തീർച്ചയായും.” നബി ﷺ പറഞ്ഞു: “അപ്രകാരം തന്നെ അനുവദനീയമായ മാർഗത്തിലൂടെയാണെങ്കിൽ അവന് പ്രതിഫലവുമുണ്ട്.” (മുസ്‌ലിം, അഹ്‌മദ്‌)

സ്വർഗത്തിനായി പ്രയത്നിക്കാം

സൽക്കർമകാരികൾക്കായി അല്ലാഹു ഒരുക്കിവച്ചിട്ടുള്ള പാരിതോഷികമാണ് സ്വർഗം. സ്വർഗത്തെക്കുറിച്ച ഖുർആനിലെയും ഹദീഥുകളിലെയും പരാമർശങ്ങളെക്കുറിച്ച ചിന്തയും സ്വർഗം നേടുന്നതിനായുള്ള പ്രയത്നവും വിശുദ്ധജീവിതം നയിക്കുന്നതിന് ഏറെ പര്യാപ്തമാണ്. “ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസിലും വിരിയാത്തതുമായ അനുഭൂതികളുടെ സ്വർഗം” എന്നാണ് സ്വർഗത്തെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത് (ബുഖാരി). ഖുർആൻ പറയുന്നു: “(നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ താഴ്ഭാഗത്ത്കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന്‌ മുമ്പ്‌ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക്‌ നല്‍കപ്പെടുകയാണുണ്ടായത്‌. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും” (2:25). സ്വർഗസ്ത്രീകളെക്കുറിച്ച് ഖുർആനിലെ സൂറത്ത് അർറഹ്മാനിലെ ഒരു പരാമർശം കാണുക: “അവയില്‍ (സ്വർഗീയാരാമങ്ങളിൽ) ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ (സ്വർഗവാസികൾക്ക്) മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.”(55:56). ഈ നാരീമണികളുടെ യഥാര്‍ഥ നന്മ അവര്‍ നാണമില്ലാത്തവരോ കൂസലില്ലാത്തവരോ അല്ല എന്നതാകുന്നു. അവരുടെ നയനങ്ങളിലതു വഴിയുന്നുണ്ടാകാം. അതുകൊണ്ടാണ് സ്വര്‍ഗീയാനുഗ്രഹങ്ങള്‍ വര്‍ണിക്കുന്നതിനിടക്ക് സ്വര്‍ഗീയ തരുണികളെ പരാമര്‍ശിക്കേണ്ടിവന്നപ്പോള്‍ അല്ലാഹു ആദ്യമായി അവരുടെ അഴകും വടിവും വര്‍ണിക്കാതെ വിശുദ്ധിയും ലജ്ജാസ്വഭാവവും വര്‍ണിക്കുന്നത്.

സുന്ദരികള്‍ സങ്കരക്ലബുകളിലും ചലച്ചിത്ര നിര്‍മാണകേന്ദ്രങ്ങളിലും ഒന്നിച്ചുകൂടാറുണ്ട്. സൗന്ദര്യമത്സരങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തി ഒരുവള്‍ക്ക് സുന്ദരിപ്പട്ടം ചാര്‍ത്തുന്ന പതിവുമുണ്ട്. ആസ്വാദനശേഷി മ്ലേച്ഛമായവര്‍ക്കേ അതില്‍ രസം കൊള്ളാന്‍ കഴിയൂ. നയനഭോഗികളെ ക്ഷണിക്കുന്ന അക്ഷിവിക്ഷേപങ്ങളെയും കൊഞ്ചിക്കുഴയലുകളെയും അലങ്കാരമാക്കാന്‍ തയ്യാറാകുന്ന സൗന്ദര്യം മാന്യന്‍മാരില്‍ താല്‍പര്യം ജനിപ്പിക്കുകയില്ല (www.thafheem.net). സ്വർഗീയ വനിതകളുടെ സൗന്ദര്യത്തെയും ഖുർആൻ വർണിക്കുന്നുണ്ട്: “വിശാലമായ നയനങ്ങളുള്ള സുന്ദരികളായ തരുണികളും (സ്വർഗസ്ഥർക്കുണ്ട്). (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവർ.” (56:22-23). “അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.”(55:58). “അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും (മനുഷ്യരുടെയും ജിന്നുകളുടെയും) രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട ഹൂറികൾ!” (55:70-72).

കറുത്ത കൃഷ്ണമണിയും തൂവെള്ള കൺവെള്ളയുമടങ്ങുന്ന വിശാലമായ നയനങ്ങളുള്ളവർ എന്നാണ് സ്വഹാബികൾ ഹൂറുൽ ഈനിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ‘ഹൂർ’ എന്നാൽ കറുത്ത കൃഷ്ണമണിയുള്ളവൾ എന്നാണ് ഉദ്ദേശ്യമെന്ന് പ്രവാചക ശിഷ്യന്മാരായ ഇബ്നു അബ്ബാസ് (റ), അബൂദർറ് (റ) എന്നിവർ പ്രസ്‌താവിച്ചിരിക്കുന്നു (ബുഖാരി).
“തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.” (ഖുർആൻ 56:35-37). ഒരു ഹദീഥ് കാണുക- നബി ﷺ പറഞ്ഞു: “സ്വർഗവാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തിനോക്കിയിരുന്നുവെങ്കിൽ അവൾ വാനത്തിനും ഭൂമിക്കുമിടയിൽ പ്രഭ പരത്തുമായിരുന്നു. അവൾ അവിടം സുഗന്ധം നിറക്കുമായിരുന്നു. അവളുടെ ശിരോവസ്ത്രം ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാണ്.” (ബുഖാരി).

സ്വർഗസ്ഥനായ പുരുഷന് ഇണയായി സ്ത്രീയെ ലഭിക്കുന്നത് പോലെ സ്വർഗ പ്രവേശനം ലഭിക്കുന്ന സ്ത്രീക്ക് പുരുഷനെ ഇണയായി ലഭിക്കും. സ്ത്രീയാകട്ടെ പുരുഷനാകട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന ഏതൊരാൾക്കും സ്വർഗവും സ്വർഗത്തിൽ ഇച്ഛിക്കുന്ന സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. “ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (ഖുർആൻ: 16:97). വേറെയും നിരവധി സ്വർഗീയാനുഗ്രഹങ്ങളെക്കുറിച്ച പരാമർശങ്ങൾ ഖുർആനിലും നബിവചനങ്ങളിലുമുണ്ട്. ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് സ്വർഗം. സ്വർഗം നേടിയെടുക്കുന്നതിന് വേണ്ടിയാണ് നാം മത്സരിക്കേണ്ടത്.

print

No comments yet.

Leave a comment

Your email address will not be published.