റമദാൻ തീരം -2

//റമദാൻ തീരം -2
//റമദാൻ തീരം -2
ആനുകാലികം

റമദാൻ തീരം -2

Print Now
ബു ലുബാബത്തുൽ അൻസാരി (റ) അൻസാരികളിലെ പ്രധാനിയായിരുന്നു. മദീനയിലെ ജൂത ഗോത്രമായ ബനു ഖുറൈളയുമായി അദ്ദേഹത്തിന് സഖ്യബന്ധം ഉണ്ടായിരുന്നു. ബനു ഖുറൈളയുമായുണ്ടായ യുദ്ധത്തിൽ യഹൂദികൾ ഉപരോധം ചെയ്യപ്പെട്ട ഒരു സാഹചര്യം ഉണ്ടായി ആ സന്ദർഭത്തിൽ ജൂത ഗോത്രവുമായി സംഭാഷണം നടത്തുവാൻ അബു ലുബാബ(റ)യെ നബി തിരുമേനി (സ) അവരുടെ അടുക്കലേക്ക് സംഭാഷണത്തിനായി പറഞ്ഞയച്ചു. ഒരു മധ്യസ്ഥ തീരുമാനത്തിന് കീഴടങ്ങുവാൻ അവരെ പ്രേരിപ്പിക്കലായിരുന്നു അദ്ദേഹത്തിൻറെ നിയോഗദൗത്യം. സഖ്യ ബന്ധമുള്ള വ്യക്തി എന്ന നിലക്ക് തങ്ങൾ എന്തുചെയ്യണമെന്ന് ജൂത ഗോത്രം അദ്ദേഹത്തോട് ആലോചിക്കുകയുണ്ടായി. അദ്ദേഹം വ്യക്തമായി അവരോട് ഒന്നും പറഞ്ഞില്ലെങ്കിലും അവർക്ക് അനുകൂലമായ ചില സൂചനകൾ കൈകൾ കൊണ്ട് നൽകുകയുണ്ടായി. അനന്തരം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയാണ് താൻ ചെയ്തതെന്ന് അദ്ദേഹത്തിന് കുറ്റബോധം വന്നു. താൻ മരണപ്പെടുകയോ തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയോ ചെയ്യുന്നതുവരെ താൻ ഒന്നും കഴിക്കുകയില്ലെന്ന് ശപഥം ചെയ്തു കൊണ്ട് പള്ളിയിൽ പോയി ഒരു തൂണിന്മേൽ തന്നെ സ്വയം കെട്ടി ബന്ധിച്ചു 9 ദിവസം അങ്ങനെ കഴിഞ്ഞു. അന്നപാനങ്ങൾ ഉപേക്ഷിച്ചത് നിമിത്തം അദ്ദേഹം പരവശനായി ബോധംകെട്ട് വീഴുകയുണ്ടായി. പിന്നീട് അല്ലാഹു അദ്ദേഹത്തിൻറെ പശ്ചാത്താപം സ്വീകരിച്ചു. നബി (സ)വിവരം അറിയിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തെ അനുമോദിക്കുകയും അദ്ദേഹത്തെ അഴിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം വിസമ്മതിച്ചു. റസൂൽ (സ) തിരുമേനിയല്ലാതെ മറ്റാരും തന്നെ അഴിച്ചു വിടേണ്ടതില്ലെന്ന് പറഞ്ഞു. അവസാനം നബി(സ) തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിടുകയാണ് ഉണ്ടായത്.

അല്ലാഹുവിനും റസൂലിനും അവരുടെ കൽപ്പനകൾക്കും എതിരായി പ്രവർത്തിക്കുന്ന കാര്യങ്ങൾക്ക് അത് കൈ കൊണ്ടുള്ള ഒരു ആംഗ്യമാണെങ്കിൽ പോലും എത്രമാത്രം ഗൗരവമുണ്ട് എന്ന പാഠമാണ് അബൂലുബാബയുടെ സംഭവം നമ്മെ പഠിപ്പിക്കുന്നത്. പരിശുദ്ധ ഖുർആനിലെ എട്ടാം അധ്യായം സൂറത്ത് അൻഫാലിലെ ഇരുപത്തിയേഴാം വചനത്തിന്റെ അവതരണ പശ്ചാത്തലം ഈ സംഭവമാണ് എന്ന് തഫ്സീറുകളിൽ കാണാം.

“വിശ്വസിച്ചവരെ നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കരുത്. നിങ്ങളുടെ അമാനത്ത്(നിങ്ങളിൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യം)കളെ വഞ്ചിക്കുകയും(അരുത്)നിങ്ങൾ അറിഞ്ഞു കൊണ്ടിരിക്കെ”.

പരിശുദ്ധ റമദാൻ അല്ലാഹുവിനോടും അവൻറെ തിരുദൂതരോടും അവരിലൂടെ നമുക്ക് നൽകപ്പെട്ട ദീനിന്റെ കൽപ്പനാ നിർദ്ദേശങ്ങളോടുമുള്ള നമ്മുടെ നിലപാടുകൾ പുനപരിശോധിക്കേണ്ടുന്ന ദിനരാത്രങ്ങളാണ്. പരിപൂർണ്ണമായി അല്ലാഹുവിൻറെ കൽപ്പനകൾക്ക് കീഴുതുങ്ങിയാണ് ജീവിതം എന്ന് ഉറപ്പുവരുത്തുക. തിരുദൂതരുടെ ചര്യകളെ മുറുകെപ്പിടിച്ച് തന്നെ മുന്നോട്ടുപോകുക.
നാഥൻ അനുഗ്രഹിക്കുമാറാകട്ടെ….

No comments yet.

Leave a comment

Your email address will not be published.