മുസ്‌ലിംകൾക്ക് മതം നൽകുന്ന കരുത്ത്

//മുസ്‌ലിംകൾക്ക് മതം നൽകുന്ന കരുത്ത്
//മുസ്‌ലിംകൾക്ക് മതം നൽകുന്ന കരുത്ത്
ആനുകാലികം

മുസ്‌ലിംകൾക്ക് മതം നൽകുന്ന കരുത്ത്

Print Now
ന്മകള്‍ക്ക് ക്ഷയം വന്നിട്ടില്ല. നല്ലിടങ്ങളൊന്നും നശിച്ചൊടുങ്ങിയിട്ടില്ല. നന്മകളോട് ആദരവും ആഭിമുഖ്യവുമുള്ള മനസ്സുകളൊന്നും മരിച്ചുപോയിട്ടുമില്ല. മനുഷ്യന്‍റെ ജീവിത പരിസരങ്ങളില്‍ ഇവയെല്ലാം സജീവമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇനിയും അവ നിലനില്‍ക്കുക തന്നെ ചെയ്യും. ദൈവബോധം ധാര്‍മ്മികത സദാചാരനിഷ്ഠ പൗരധര്‍മ്മം തുടങ്ങിയവയൊക്കെ മനുഷ്യനിലെ മൂല്യങ്ങളാണ്. മറ്റു ജീവജാലങ്ങളില്‍ നിന്നും അവനെ വ്യതിരിക്തമാക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍. മനുഷ്യ ജീവിതത്തില്‍ നിന്ന് ഇവയെ മുഴുവന്‍ മൂടറുത്തുമാറ്റാന്‍ ശ്രമിച്ചവരുടെ നാളിതുവരെയുള്ള പ്രയത്നങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് ബോധ്യപ്പെടും. സമ്പൂര്‍ണ്ണ പരാജയമാണ് മാനുഷിക മൂല്യങ്ങള്‍ക്കെതിരിലുള്ള അവരുടെ യത്നങ്ങള്‍ മുഴുവനും.

ഇസ്‌ലാമിന്‍റെ പരിപ്രേഷ്യത്തില്‍ നിന്നുകൊണ്ടാണ് ഈ അവകാശവാദം. ഏതൊരു ആദര്‍ശവും, ഉത്ഥാനങ്ങള്‍ക്കൊപ്പം പതനങ്ങളും നേരിട്ടിട്ടുണ്ടാകും. എന്നാല്‍ തീര്‍ത്തും ദൈവിക മതമായ ഇസ്‌ലാമിന്, സഞ്ചാരം തുടങ്ങിയ ദിനം മുതല്‍ ഇന്നുവരെ ഉത്ഥാനമല്ലാതെ പതനാവസ്ഥകള്‍ ബാധിച്ചിട്ടേയില്ല. മക്കയെന്ന വെറും കൊച്ചു ഗ്രാമത്തിലാണ് ഇസ്‌ലാമിന്‍റെ ദിവ്യവെളിച്ചം പ്രവാചകന്‍ മുഹമ്മദി(സ്വ)ലൂടെ സംജാതമാകുന്നത്. അത് മദീനയിലേക്ക് വ്യാപിച്ചു. മദീനയില്‍ നിന്ന് ചുറ്റുപാടുമുള്ള പട്ടണങ്ങളിലേക്കും നാടുകളിലേക്കും പടര്‍ന്നു. കുന്നും കാടും കടലും കടന്ന് ഇസ്‌ലാം രാജ്യാന്തര പ്രയാണം ചെയ്തു. നിഷ്പ്രയാസമായിരുന്നില്ല അതിന്‍റെ സഞ്ചാരവും മനുഷ്യ മനസ്സുകളിലുള്ള അതിന്‍റെ സ്വാധീനവും. പ്രതിസന്ധികളെത്രയോ അതിന്‍റെ മുന്നിലുണ്ടായിരുന്നു. എല്ലാം അതിജീവിച്ചു മുന്നേറാന്‍ അതിന്ന് സാധിച്ചു. എല്ലാ പ്രതിബന്ധങ്ങളേയും അതിജയിക്കാന്‍ പോന്ന ജീവിതാദര്‍ശമാണ് ഇസ്‌ലാമിന്‍റേത് എന്നത് കൊണ്ടാണ് അതിന് അതിജീവനം സാധ്യമാകുന്നത്. ആ ആദര്‍ശമാകട്ടെ പ്രപഞ്ച സ്രഷ്ടാവില്‍ നിന്ന് മനുഷ്യകുലത്തിന് ലഭിച്ച വഴിവിളക്കാണു താനും. അതിന്‍റെ വെട്ടം കെടുത്തിക്കളയാന്‍ ആരു ശ്രമിച്ചാലും സാധ്യമല്ല. അല്ലാഹു അക്കാര്യം ഇപ്രകാരം പറഞ്ഞു

“അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.” (തൗബ:32)

ഇതേ ആശയത്തില്‍ മറ്റൊരു സൂക്തം ഇപ്രകാരമാണ്: “അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.” (സ്വഫ്ഫ്: 8)

ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്ന ഏത് വിശ്വാസമാണ്, ഏത് ധര്‍മ്മാചരണമാണ്, ഏത് സദാചാരനിഷ്ഠയാണ് മാനവികതക്ക് അനുഗുണമല്ലാത്തത്, മനുഷ്യ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ ഇസ്‌ലാമിന്‍റെ പ്രതിയോഗികള്‍ക്കൊന്നും ഇന്നേവരെ സാധിച്ചിട്ടില്ല. നിരീശ്വര നിര്‍മ്മത വാദികള്‍ മറ്റേതൊരു മതത്തെ പിടികൂടുന്നതിനേക്കാള്‍ ഇസ്‌ലാമിനെ പിടികൂടാനാണ് താത്പര്യം കാണിച്ചിട്ടുള്ളത്. അവരുടെ ഊര്‍ജ്ജം മുക്കാലും ഇസ്‌ലാമിനെതിരിലാണ് അവര്‍ പ്രയോഗിക്കുന്നത്. എന്നിട്ട് ഫലമെന്തുണ്ട്; വെറും നാസ്തി!

മനുഷ്യനും ഒരു മൃഗം എന്ന പരിഗണനയിലാണ് പാഷണ്ഡവര്‍ഗ്ഗത്തിന്‍റെ ചിന്തകളും സന്ദേശങ്ങളും. മൃഗങ്ങള്‍ക്കില്ലാത്ത ഒരു വിശ്വാസവും ധര്‍മ്മവും സദാചാരവും മനുഷ്യനും വേണ്ട എന്നതാണ് അവരുടെ ശാഠ്യം. മൃഗങ്ങള്‍ക്കില്ലാത്ത സ്കൂളുകളും കോളേജുകളും, വസ്ത്രവും ശസ്ത്രവും, വിവാഹവും കുടുംബവും, നഗരവും നാഗരികതയും, പോലീസും കോടതിയും, സിനിമാ ഹാളും ഷോപ്പിംഗ് മാളും ഒന്നും മനുഷ്യനും വേണ്ട എന്ന ശാഠ്യം പക്ഷെ, അവര്‍ക്കില്ല. (കു)യുക്തിവാദികളുടെ ശാഠ്യത്തിലെ വിരോധാഭാസത്തിന് നന്നേ ചെറിയ ചില ഉദാരഹണം പറഞ്ഞു എന്ന് മാത്രം.

മൃഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായ മറ്റൊരു മൃഗം എന്നതിലുപരി വേറൊരു മാന്യതയും മനുഷ്യനു കല്‍പിക്കാന്‍ നാസ്തികര്‍ തയ്യാറല്ല. തിന്നാനും കുടിക്കാനും രമിക്കാനും ഭൂമി ജീവിതം തോന്നിയതു പോലെ കഴിച്ചുതീര്‍ക്കാനും മൃഗങ്ങളുടേതുപോലുള്ളൊരു ജീവിതാവസ്ഥയാണ് അവര്‍ക്കു വേണ്ടത്. അതിന്നുള്ള സാഹചര്യങ്ങളും അവസരങ്ങളും പരിസരങ്ങളും സൃഷ്ടിക്കാനാണ് അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ നാസ്തിക മൃഗങ്ങളുടെ നിലപാടില്‍ തലതിരിഞ്ഞ ഒരു തമാശയുണ്ട്. കൂടെ വളരുന്ന സ്വന്തം രക്തത്തില്‍ പിറന്ന (മൃഗ) കുഞ്ഞിന് സര്‍വ്വതന്ത്ര സാതന്ത്ര്യമുണ്ടാകണം എന്ന് ശഠിക്കുന്ന നാസ്തികന്‍, കൂടെ വളര്‍ത്തുന്ന മറ്റൊരു മൃഗത്തിന്‍റെ കഴുത്തില്‍ ചങ്ങലയും തുടലും കെട്ടിയിടും. ചാടിപ്പോകാതിരിക്കാന്‍ പ്രത്യേകം കൂട്ടില്‍ അടച്ചിടും! ഒരു മൃഗത്തിന് പരിധിയില്ലാത്ത സ്വാതന്ത്ര്യവും മറ്റൊരു മൃഗത്തിന് പരിമിതമായ സ്വാതന്ത്ര്യവും! സ്വന്തത്തെത്തന്നെ വിഭ്രമിപ്പിക്കുന്ന അത്ഭുതങ്ങളുടെ കലവറയാണ് ഈ നാസ്തിക ലോകം!

മറ്റു പല സൃഷ്ടികളേക്കാളും പവിത്രതയും ആദരണീയതയും മനുഷ്യനുണ്ട് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രസ്തുത ആദരണീയത മനുഷ്യനെ സൃഷ്ടിച്ച നാഥന്‍ തന്നെ എടുത്തു പറയുന്നുണ്ട്. അവന്നു നല്‍കിയ ജീവിതാനുകൂല സാഹചര്യങ്ങളും അനുഗ്രഹങ്ങളും അതിനോട് ചേര്‍ത്ത് പ്രസ്താവിക്കുന്നുമുണ്ട്.

“തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.” (ഇസ്റാഅ്: 70)

പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് മനുഷ്യര്‍ക്കു നല്‍കിയ ഈ സവിശേഷമായ ശ്രേഷ്ഠതയെ നശിപ്പിക്കുക എന്നതാണ് ദൈവനിഷേധികളുടെ എന്നത്തേയും ലക്ഷ്യം. ഇസ്‌ലാം മനുഷ്യനെ മൃഗമായല്ല പരിഗണിക്കുന്നത്. വിവേകവും വിവേചന ശേഷിയുള്ള പ്രത്യേകം സൃഷ്ടിയാണ് മനുഷ്യന്‍. അവന്‍റെ സൃഷ്ടിപ്പില്‍ കണിശമായ ലക്ഷ്യമുണ്ടെന്നാണ് ഇസ്‌ലാമിന്‍റെ തീര്‍പ്പ്. ഭൗതിക ജീവിതം ക്ഷണികമാണെന്നും മരണാനന്തര ജീവിതം ശാശ്വതമാണെന്നും മനുഷ്യനെ ഉദ്ബോധിപ്പിക്കുന്നത് ആ ലക്ഷ്യത്തെ മുന്നില്‍ വെച്ചു കൊണ്ടാണ്. മനുഷ്യന്‍ മനുഷ്യനായിത്തന്നെ ഭൂമിയില്‍ ജീവിക്കണം എന്നുളളതിനാല്‍ അവന്‍റെ മാനുഷികതയ്ക്കുതകുന്ന ജീവത നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവന്‍റെ സ്രഷ്ടാവ് ഔദാര്യപൂര്‍വ്വം പ്രവചാകന്മാരിലൂടെ പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. അപ്രകാരം പഠിപ്പിക്കപ്പെട്ട ഒരു വിശ്വാസവും ആരാധനയും ധാര്‍മ്മികതയും സ്വഭാവനിഷ്ഠയും മനുഷ്യന്ന് ഇണങ്ങുന്നതല്ല എന്ന് സ്ഥാപിക്കാന്‍ അങ്ങേത്തലയിലെ നാസ്തികാചാര്യന്മാര്‍ക്കൊ ഇങ്ങേത്തലയിലെ നാസ്തികാനുചരന്മാര്‍ക്കൊ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ബഹുഭര്‍തൃത്വം മനുഷ്യപ്രകൃതിക്ക് യോജിച്ചതല്ലെന്നും അത് നിഷിദ്ധമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നാല്‍ ബഹുഭാര്യത്വമാകാമെങ്കില്‍ എന്തു കൊണ്ട് ബഹുഭര്‍തൃത്വം ആയിക്കൂടാ എന്ന് നാസ്തികന്‍ ഇസ്‌ലാമിനോട് ചോദ്യമുന്നയിക്കുന്നു. സത്യത്തില്‍ നാസ്തികര്‍ ചെയ്യേണ്ടത്, സ്വന്തം കുടുംബത്തില്‍ സ്വന്തം ജീവിതത്തില്‍ ബഹുഭര്‍തൃത്വം നടപ്പിലാക്കി ഇസ്‌ലാമിക നിയമത്തിന്‍റെ അപ്രായോഗികതയും പ്രകൃതി വിരുദ്ധതയും ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. അതിന്നു തയ്യാറായി അപ്രകാരമൊരു കൂടുംബ ജീവിതം നയിക്കുന്ന ഒരൊറ്റ നാസ്തികനേയും നാളിതുവരെ നാം കണ്ടിട്ടില്ല. ഇതൊരു ഉദാഹരണമാണ്. ഇതുപോലെ ഇസ്‌ലാം നിഷിദ്ധമെന്നു പഠിപ്പിച്ച മദ്യപാനവും വ്യഭിചാരവും മാതാവും സഹോദരിയും പുത്രിയുമൊക്കെയായുള്ള ലൈംഗികബന്ധവും നാസ്തിക വൃത്തത്തിലെങ്കിലും സാര്‍വ്വത്രിക ജീവിതമായി ആചരിച്ച് ഇസ്‌ലാമിനേയും അതിന്‍റെ നിയമങ്ങളെയും അപ്രായോഗികമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ദൈവനിഷേധികള്‍ ചെയ്യേണ്ടത്. വെറും ചോദ്യങ്ങളുന്നയിച്ച് ആത്മരതി അനുഭവിക്കുന്നതിനേക്കാള്‍ നാസ്തികക്കൂട്ടമെങ്കിലും ഇക്കൂട്ടരില്‍ നിന്ന് ആഗ്രഹിക്കുന്നത് അത്തരമൊരു മാതൃകയാണ്. യുക്തിവാദികള്‍ അതിന്ന് തയ്യാറുണ്ടൊ എന്നത് വിശ്വാസികളുടെ ഭാഗത്തുനിന്നുകൊണ്ടുള്ള വെല്ലുവിളിയാണ്.

സ്ഥലകാല വ്യത്യാസമില്ലാതെ ദൈവനിഷേധികളെ വിറളിപിടിപ്പിക്കുന്ന മതം ഇസ്‌ലാം തന്നെയാണ്. മറ്റേതൊരു മതത്തോടുമുള്ളതിനേക്കാള്‍ കലിപ്പ് ഇസ്‌ലാമിനോട് അവര്‍ക്കുണ്ട്. തലയ്ക്കുള്ളില്‍ വകവെച്ചു കിട്ടിയിട്ടുള്ള നന്നേ ചെറിയ ബുദ്ധിശേഷിയും കൈവശമുള്ള കുഞ്ഞുകുഞ്ഞു ശാസ്ത്രീയ അറിവുകളും ഉപയോഗിച്ച് ഇസ്‌ലാമിക അധ്യാപനങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ നാസ്തികര്‍ക്ക് ആകുന്നില്ല എന്നത് അവര്‍ക്കിടയിലെത്തന്നെ സ്വകാര്യ ദുഃഖമാണ്. അറബിക് മുന്‍ഷി മുതല്‍ മദ്രസാ ടീച്ചര്‍ വരെ കൂടെയുണ്ടായിട്ടും ഖുര്‍ആനിനെയും ഇസ്‌ലാമിനേയും എതിര്‍ത്തു തോല്‍പ്പിക്കാനാകാത്തത്, നാസ്തിക മക്കളേ, അതിന്നുമാത്രം പോന്ന ശേഷി നിങ്ങളെ പടച്ച അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല എന്നതു കൊണ്ടാണ്. പക്ഷി ചിലച്ചാല്‍ പര്‍വ്വതം നീങ്ങില്ലല്ലൊ? ഇവിടെ ഉപരിയുക്ത ഖുര്‍ആനിക വചനം ഒന്നു കൂടി ഉദ്ധരിക്കുന്നത് സംഗതമാണ്.

“അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.” (തൗബ:32)

ഇത് കൊറോണക്കാലമാണ്. ഇസ്‌ലാമിനെതിരില്‍ ചോദ്യങ്ങള്‍ക്കുള്ള ചാകരക്കാലമായിട്ടാണ് നാസ്തികരിതിനെ കാണുന്നത്. ഒരു ചെറിയൊരു വൈറസിന്‍റെ മുന്നില്‍ അല്ലാഹു പേടിച്ചു പോയില്ലെ? മക്കാ മദീന പള്ളികള്‍ പോലും പൂട്ടിയിട്ടില്ലെ? പ്രവാചകന്‍ പറഞ്ഞ മരുന്നുകളെല്ലാം അസ്ഥാനത്തായില്ലെ? മഹല്ലുകള്‍ മസ്ജിദുകളെല്ലാം അടച്ചു വെച്ചില്ലെ? അടിമകളെ രക്ഷിക്കുമെന്ന് പറഞ്ഞ അല്ലാഹു ഇപ്പോള്‍ എവിടെപ്പോയിരിക്കുന്നു? തുടങ്ങിയ പഴികളും പരിഹാസങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ അര്‍മാദിക്കുകയാണ് നാസ്തികര്‍. തങ്ങള്‍ ജല്‍പിക്കുന്നതിലെ അര്‍ത്ഥശൂന്യതയെപ്പറ്റി കൊറോണവൈറസിന്‍റെ അത്ര വലുപ്പത്തില്‍ പോലും ബോധമില്ല ഈ നാസ്തികര്‍ക്ക് എന്ന് വന്നാല്‍ എന്താണ് ചെയ്യാനാകുക?

ഈ പ്രപഞ്ചത്തിന്‍റെ അകത്തും പുറത്തും സംഭവിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും അല്ലാഹുവിന്‍റെ അറിവോടെയും തീരുമാനത്തോടെയും അവന്‍റെ കൃത്യമായ ഉദ്ദേശ്യത്തോടെയും മാത്രമാണ് എന്ന് സംശയരഹിതമായി വിശ്വസിക്കുന്ന മുസ്‌ലിംകള്‍, കൊറോണ വൈറസും അതു മുഖേനയുള്ള കോവിഡ് രോഗവും അല്ലാഹുവിന്‍റെ തന്നെ സൃഷ്ടിപ്പാണ് എന്ന് വിശ്വസിക്കാന്‍ മാനസിക ശേഷിയുള്ളവരാണ്. അല്ലാഹു സൃഷ്ടിച്ച കൊറോണയെയും കോവിഡിനേയും അല്ലാഹുവിനെന്തിന് ഭയക്കണം? ഭയമിരിക്കുന്നതും രോഗം ബാധിക്കുന്നതും മനുഷ്യനിലാണ്. അതില്‍ ആസ്തികനും നാസ്തികനും വ്യത്യാസമില്ല. ഒരു മുസ്‌ലിം ആസ്തികനാണ് എന്നതു കൊണ്ടു തന്നെ ഭയാന്തരീക്ഷത്തിലും രോഗാവസ്ഥയിലും തന്‍റെ നാഥനെ ഓര്‍ക്കുന്നു. ഏതു പ്രയാസ ഘട്ടത്തിലും സുരക്ഷാ മാര്‍ഗ്ഗങ്ങളും ചികിത്സാരീതികളും സ്വീകരിക്കണമെന്ന നിര്‍ദ്ദേശങ്ങളും അവന്‍ അവലംബിക്കുന്നു. ഒപ്പം കാരുണ്യവാനായ അല്ലാഹുവിനോട് പ്രയാസങ്ങള്‍ ദുരീകരിച്ചു തരുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ശേഷം അവന്‍റെ മനസ്സ് ശാന്തമാണ്. എന്തു ബാധിച്ചു മരിക്കും എന്നതില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു ഭീതിയുമില്ല. എങ്ങനെ മരിക്കുന്നുവെങ്കിലും മുസ്‌ലിമായി മരിക്കണമെന്ന ആഗ്രഹമേ അവര്‍ക്കുണ്ടാകുകയുള്ളൂ.

സര്‍വ്വ പരിപാലികനായ അല്ലാഹുവിന്നാണ് തന്‍റെ ജീവിതത്തിലെ എല്ലാ കൈകാര്യകര്‍തൃത്വവും എന്ന് വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ മുസ്‌ലിമിന്‍റെ കണിശമായ ജീവിത നിലപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.” (അല്‍ബഖറ: 155-157)

പള്ളികള്‍ അടച്ചിട്ടതിലാണ് നാസ്തികരുടെ മറ്റൊരാഹ്ളാദം. കൊറോണ വന്നതോടെ വിശ്വാസികളെല്ലാം ദൈവത്തെ വെടിഞ്ഞ് യുക്തിവാദീ സംഘത്തില്‍ അംഗത്വമെടുത്തതുപോലൊരു സന്തോഷമാണ് പാവങ്ങള്‍ക്ക്. കഷ്ടമെന്നേ പറയേണ്ടു. പള്ളികള്‍ പണിയാനും അതില്‍ പ്രാര്‍ത്ഥനകള്‍ നടത്താനും കല്‍പിച്ച അതേ മതത്തിന്‍റെ ശാസനകളുടെ അടിസ്ഥാനത്തിലാണ്, രോഗവ്യാപനം നടക്കുന്ന വേളയില്‍ പള്ളികളുടെ വാതിലുകള്‍ അടച്ചിട്ടതും താത്കാലികമായി അവിടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്ക് സംഘം ചേരരുത് എന്ന് വിശ്വാസികള്‍ തീരുമാനിച്ചതും. ഇക്കാര്യം നാസ്തികര്‍ക്കു മനസ്സിലാകാന്‍ വഴിയില്ല. ഒരു പ്രദേശത്തെ ഒന്നോ രണ്ടോ പള്ളികളുടെ വാതിലുകള്‍ അടഞ്ഞപ്പോഴും ആ പ്രദേശത്തെ മുഴുവന്‍ വീടുകളും പള്ളികളാക്കി പ്രാര്‍ത്ഥന തുടര്‍ന്ന മുസ്‌ലിംകളെ നോക്കി വേണം ദൈവനിഷേധികളേ, നിങ്ങള്‍ ചിരിക്കണൊ കരയണൊ എന്ന തീരുമാനത്തിലെത്തേണ്ടത്.

വന്നു ഭവിച്ച മഹാമാരിക്ക് പരിഹാരക്രിയകളുമായി ലോകം മുഴുവനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോഴും മതഹിംസയും ദൈവഹത്യയുമായി സാമൂഹ്യമാധ്യമങ്ങളില്‍ ചടഞ്ഞിരിക്കുന്ന നാസ്തികരോട് നൂറായിരം പുച്ഛമാണ് തോന്നുന്നത്. ജീവിത പീഢകളനുഭവിക്കുന്നവരിലാണ് അന്ധവിശ്വാസം വേഗത്തില്‍ പടര്‍ത്താനാകുക എന്ന മതചൂഷകന്മാരുടെ ഫിലോസഫിയാണ് യുക്തിവാദികളും സ്വീകരിക്കുന്നത്. അന്ധവിശ്വാസം പോലെത്തന്നെ ഇത്തരം ആളുകളില്‍ ദൈവനിഷേധവും പെട്ടെന്ന് പടര്‍ത്താനാകും എന്ന ധാരണയാണ് അവര്‍ക്ക്. വേദനയനുഭവിക്കുന്നവന്‍റെ കണ്ണീരൊപ്പുന്നതിന് പകരം അവന്‍റെ മുന്നില്‍ ചെന്ന് നിന്‍റെ ദൈവമെവിടെ പോയി, അവന്‍ ക്രൂരന്‍ തന്നെ എന്ന് പുലമ്പുന്നവന്‍റെ മാനസികാവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കുക.

വിശ്വാസികള്‍ വേറിട്ടു നില്‍ക്കുന്നത് ഇവിടെയാണ്. ജീവിതം സുഖദുഃഖ സമ്മിശ്രമാണ് എന്ന് അവനറിയാം. ഐഹിക ലോകത്തിലെ ദൈവിക പരീക്ഷണങ്ങളായി അവനവയെ മനസ്സിലാക്കും. ഏത് പ്രതിസന്ധികളേയും അതിജീവിക്കാന്‍ ദൈവം തന്നെ സംവിധാനിച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുകയും അനുഗുണമായി ഉപയോഗിക്കുകയും ചെയ്യും. ആത്യന്തികമായി സഹായമേകുന്നവന്‍ തന്‍റെ സ്രഷ്ടാവും നിയന്ത്രകനുമായ അല്ലാഹുവാണ് എന്ന് വിശ്വസിക്കുന്നതിനാല്‍ അവനോട് കയ്യുയര്‍ത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് മുസ്‌ലിംമിന്‍റെ ജീവിത രീതി. ഇതിനെ മാറ്റാന്‍ ഒരു കൊറോണയ്ക്കും സാധ്യമല്ല. കൊറോണ വൈറസിനേക്കാള്‍ മാരകമായ യുക്തിവാദത്തിനും സാധ്യമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ മുസ്‌ലിമിന് മാനസികമായ കരുത്തുണ്ട്. ആ കരുത്താകട്ടെ അവന്റെ നെഞ്ചില്‍ രൂഢമൂലമായിരിക്കുന്ന ഈമാനില്‍ നിന്നാണുതാനും.

No comments yet.

Leave a comment

Your email address will not be published.