എന്താണ് മനസ്സ് ? ചിന്തകളുടെ കേന്ദ്രം എവിടെയാണ് ? ഈ ചോദ്യങ്ങൾക്ക് ഒന്നും വ്യക്തമായ ഉത്തരം ശാസ്ത്രത്തിന് ഇല്ല. ഇതിനെക്കുറിച്ചൊന്നും നമുക്ക് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. തലച്ചോറാണ് മനസ്സും ചിന്തയും ഒക്കെ നിയന്ത്രിക്കുന്നത് എന്ന് പൊതുവിൽ വിശ്വസിക്കപ്പെടുന്നു എന്ന് മാത്രം. എന്നാൽ ഇതെല്ലാം കൃത്യമായ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യം ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. ഒരു വിശ്വാസം മാത്രമാണത്. തലച്ചോറിന്റെ ഏതു ഭാഗത്താണ് മനസ്സും ചിന്തയും എന്ന് ചോദിച്ചാൽ അതിനു വ്യക്തമായ ഒരു ഉത്തരവും ഇന്നത്തെ അറിവനുസരിച്ച് ശാസ്ത്രത്തിന് ഇല്ല. മനസ്സ്, ചിന്ത തുടങ്ങിയവയൊക്കെ ഇപ്പോഴും നമുക്ക് അത്ര പിടുത്തം കിട്ടാത്ത ഒരു പ്രഹേളിക തന്നെയാണ്.
പഞ്ചേന്ദ്രിയങ്ങളിൽ നിന്ന് വരുന്ന സംവേദനങ്ങൾ തലച്ചോറിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് സ്വീകരിക്കപ്പെടുന്നത് എന്ന കാര്യം നമുക്ക് ഏകദേശം കൃത്യമായി അറിയാം. ഉദാഹരണമായി കേൾവി കൈകാര്യം ചെയ്യുന്നത് തലച്ചോറിന്റെ വശങ്ങളിലുള്ള ടെമ്പറൽ ലോബിലെ ബ്രോഡ്മാൻ ഏരിയ 41, 42 ആണെങ്കിൽ കാഴ്ച കൈകാര്യം ചെയ്യുന്നത് തലച്ചോറിന്റെ പിൻഭാഗത്തുള്ള ഓക്സ്പിറ്റൽ ലോബിലെ വിഷ്വൽ കോർടെക്സ് ആണ്. മണം കൈകാര്യം ചെയ്യുന്നത് തലച്ചോറിന് അടിഭാഗത്തുള്ള ഓൾഫാക്റ്ററി കോർട്ടക്സ് ആണ്. രുചി മനസ്സിലാക്കുന്നത് തലച്ചോറിന്റെ ഗസ്റ്റേറ്ററി കോർട്ടക്സിലാണ്. ശരീരത്തിന്റെ കാൽ മുതൽ തല വരെയുള്ള തൊലികളിൽ നിന്നുള്ള സ്പർശന സംവേദനങ്ങൾ തലച്ചോറിലെ ഏതെല്ലാം ഭാഗങ്ങളിലാണ് രേഖപ്പെടുത്തപ്പെട്ടത് എന്നും ഏറെക്കുറെ നമുക്കറിയാം.
ശരീരത്തിലുള്ള വ്യത്യസ്തമായ മസിലുകൾക്കും മറ്റ് അവയവങ്ങൾക്കും നിർദ്ദേശം നൽകപ്പെടുന്നത് തലച്ചോറിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്ന് ആണെന്ന വിവരവും ഏറെക്കുറെ ശാസ്ത്രത്തിന് അറിയാം. ഉദാഹരണത്തിന് കണ്ണിന്റെ മസിലുകളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ് എന്നും തള്ളവിരലിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ് എന്നുമൊക്കെ നമുക്ക് അറിയാം. ഓർമ്മകൾ സൂക്ഷിക്കപ്പെടുന്നത് തലച്ചോറിലാണ് എന്നും ഏകദേശം ധാരണയുണ്ട്.
എന്നാൽ എവിടെയാണ് നമ്മുടെ ചിന്തകൾ രൂപംകൊള്ളുന്നത് ? മനസ്സ് എവിടെയാണ് ? എന്താണ് മനസ്സ് എന്നൊന്നും കൃത്യമായ ധാരണ ശാസ്ത്രത്തിനും ഇല്ല. മൊത്തത്തിൽ തലച്ചോറാണ് ഇതിന്റെയെല്ലാം കേന്ദ്രമെന്ന് പൊതുവിൽ വിശ്വസിക്കുന്നു എന്ന് മാത്രം. അതൊരു വിശ്വാസം മാത്രമാണ്. അല്ലാതെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യം ഒന്നുമല്ല. കൃത്യമായ തെളിവുകൾ ആരെങ്കിലും തന്നാൽ ഈ അഭിപ്രായം തിരുത്തുന്നതാണ്.
മരുന്നുകൾ കൊണ്ട് മാറാത്ത ചില അപസ്മാരങ്ങൾക്ക് ചികിത്സയായി കൊണ്ട് തലച്ചോറിന്റെ ചില ഭാഗങ്ങൾ ഭാഗികമായോ പൂർണ്ണമായോ തന്നെ നീക്കം ചെയ്യുന്ന ചികിത്സാ രീതികൾ ഉണ്ട്. തലച്ചോറിന്റെ ഫ്രോണ്ടൽ ലോബ്, ടെംപൊറൽ ലോബ് എന്നിവയൊക്കെ ഇങ്ങനെ നീക്കം ചെയ്യാറുണ്ട്. ചിലപ്പോൾ തലച്ചോറിന്റെ ഒരു പകുതി പൂർണ്ണമായും തന്നെ തന്നെ നീക്കം ചെയ്യാറുണ്ട്. ഇത്തരത്തിൽ തലച്ചോറിന്റെ ഭാഗങ്ങൾ നീക്കം ചെയ്തവർക്ക് ബുദ്ധിശക്തിയിലോ ചിന്തയിലോ മറ്റോ കുറവ് ഉണ്ടാവാറില്ല എന്ന വസ്തുത, തലച്ചോറാണ് ചിന്തകളുടെ കേന്ദ്രം എന്ന ധാരണ മാറ്റിമറിക്കാൻ പര്യാപ്തമാണ്.
വിശുദ്ധ ഖുർആൻ ചിന്തയുടെ കേന്ദ്രമായി ഹൃദയത്തെ ധാരാളം ഇടങ്ങളിൽ പരിചയപ്പെടുത്തുന്നുണ്ട്. ഉദാഹരണമായി,
أَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌۭ يَعْقِلُونَ بِهَآ أَوْ ءَاذَانٌۭ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്. (ഖുർആൻ 22: 46)
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല് പൂട്ടുകളിട്ടിരിക്കയാണോ?
(ഖുർആൻ 47 :24)
مَّنْ خَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍۢ مُّنِيبٍ
അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്.
(ഖുർആൻ 50: 33)
സമാനമായ ധാരാളം പരാമർശങ്ങൾ ഹദീസുകളിലും കാണാവുന്നതാണ്. ഇതൊക്കെ വ്യക്തമാക്കുന്നത് ചിന്തയുടെ കേന്ദ്രമായി ഇസ്ലാം പരിചയപ്പെടുത്തുന്നത് ഹൃദയമാണ് എന്നതാണ്. ഇക്കാര്യമൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. തലച്ചോറാണ് ചിന്തകളുടെ കേന്ദ്രം എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല എന്നപോലെ ഇക്കാര്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ല.
സാധാരണയായി വിമർശകർ ഉന്നയിക്കുന്ന ആരോപണമാണ് ശാസ്ത്രം എന്തെങ്കിലുമൊന്ന് പുതുതായി കണ്ടെത്തുമ്പോൾ അതെല്ലാം പണ്ടേ ഞങ്ങളുടെ കിതാബിൽ പറഞ്ഞിട്ടുണ്ട് എന്ന് വിശ്വാസികൾ പറയാറുണ്ട്. ശാസ്ത്രം കണ്ടുപിടിക്കുന്നതിനുമുമ്പ് എന്തുകൊണ്ട് ഇത്തരം അവകാശവാദങ്ങൾ നടത്തുന്നില്ല എന്ന് ! യഥാർത്ഥത്തിൽ ശാസ്ത്രം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. ഖുർആൻ പ്രപഞ്ചസൃഷ്ടാവിന്റെ വചനമാണെന്ന് ഉറപ്പുള്ള വിശ്വാസികൾ അതെല്ലാം വിശ്വസിക്കുകയും ചെയ്യുന്നു. അതിൽപെട്ട ഒന്നാണ് ചിന്തയുടെ കേന്ദ്രം ഹൃദയമാണ് എന്നത്. ഈ പ്രപഞ്ചത്തിനു പുറമേയുള്ള മറ്റ് ആറ് പ്രപഞ്ചങ്ങൾ കൂടി -മൾട്ടിവേഴ്സ് – ഉണ്ടെന്ന് ഖുർആനിൽ പറയുന്നുണ്ട്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ നാളെ ശാസ്ത്രം കണ്ടെത്തിയേക്കാം. കണ്ടെത്തിയാലും ഇല്ലെങ്കിലും ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണെന്ന് മുസ്ലിംകൾ ഉറച്ച് വിശ്വസിക്കുന്നു.
ഹൃദയവും ചിന്തയും ആയുള്ള ബന്ധങ്ങളെപ്പറ്റി ധാരാളം ഗവേഷണങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. അതൊന്നും നടത്തുന്നത് മുസ്ലിം ശാസ്ത്രജ്ഞരോ സിന്താനീ പ്രോജക്റ്റോ ഒന്നുമല്ല. തലച്ചോറിൽ നിന്നുള്ള കേന്ദ്രനാഡി വ്യവസ്ഥയാണ് ശരീരത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്നതെങ്കിലും ഹൃദയത്തിന് അതിന്റേതായ സ്വന്തം ഒരു നിയന്ത്രണവ്യവസ്ഥയുണ്ട്. ഹൃദയനാഡീവ്യവസ്ഥയെന്നാണ് (cardiac nervous system) ഇത് അറിയപ്പെടുന്നത്. ഇതിനെ കുറിച്ചുള്ള പഠനം ഹൃദയനാഡീശാസ്ത്രം (neurocardiology) എന്നറിയപ്പെടുന്നു. മനുഷ്യന്റെ ചിന്തകളെ നിയന്ത്രിക്കുന്നതിൽ ഈ നാഡീ വ്യവസ്ഥയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ ഗവേഷണങ്ങൾ ശാസ്ത്രലോകത്ത് നടക്കുന്നുണ്ട്. അതുപോലെ ഹൃദയത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളും പലതരത്തിൽ ശരീരത്തെയും ചിന്തകളെയും സ്വാധീനിക്കുന്നുണ്ട്.
ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ പല ആളുകൾക്കും അവരുടെ ചിന്തകളിൽ മാറ്റം വന്നതായി അവകാശപ്പെടാറുണ്ട്. വെജിറ്റേറിയൻ ആയിരുന്ന ആൾ ശസ്ത്രക്രിയയ്ക്കുശേഷം നോൺവെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നതും മ്യൂസിക് ഇഷ്ടമല്ലാത്ത ആൾ മ്യൂസിക് ഇഷ്ടപ്പെടുന്നതും ലൈംഗിക താൽപര്യങ്ങൾ മാറുന്നതും പലതരം ചിന്താഗതികൾ മാറിയതും ഒക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കുറെ ആളുകളുടെ അനുഭവങ്ങൾ വായിക്കാൻ:
https://pubmed.ncbi.nlm.nih.gov/10882878/
ഹൃദയം മാറ്റിവച്ചാൽ ചിന്തകൾ എല്ലാം മാറും എന്നല്ല ഇതിനർത്ഥം. ഹൃദയം മാറ്റിവെച്ച ആളുകൾക്ക് ഇത്തരത്തിൽ അതുവരെയില്ലാത്ത പലതരം ചിന്തകളും മാറ്റങ്ങളും ജീവിതത്തിലുണ്ടായ ധാരാളം റിപ്പോർട്ടുകൾ ഉണ്ട് എന്ന കാര്യം സൂചിപ്പിച്ചത് മാത്രമാണ്. അത്തരത്തിൽ ഹൃദയം മാറ്റിവെക്കപ്പെട്ട ഒരാൾ തന്റെ അനുഭവം വിവരിക്കുന്ന വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. ഓപ്പറേഷന് ശേഷം മുമ്പ് നോൺവെജിറ്റേറിയൻ ആയിരുന്ന ഇയാൾ വെജിറ്റേറിയൻ ആയി മാറിയതും അതുവരെ സിഗാർ ഉപയോഗിച്ചിട്ടില്ലാത്ത ഇയാൾ സിഗാർ ഇഷ്ടപ്പെടാൻ തുടങ്ങിയതും, ലെമൺ ഇഷ്ടപ്പെടാൻ തുടങ്ങിയതും ഒക്കെ വിചിത്രമായ അനുഭവമായി അയാൾ തന്നെ പറയുന്നു. ഇൻറർവ്യൂ ചെയ്യുന്ന ന്യൂറോസർജൻ ഇത്തരം ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യവും ഇവയെല്ലാം വെറും യാദൃശ്ചികം ആണെന്ന് എഴുതിത്തള്ളാൻ ആവില്ല എന്നും പുതിയ പഠനങ്ങൾ നടക്കുന്നുണ്ട് എന്ന കാര്യവും പറയുന്നതെല്ലാം കാണാൻ ഈ youtube ട്യൂബ് വീഡിയോ കാണുക:
ചിന്തകൾ എന്നത് ഓരോ അവസരത്തിലും നമ്മുടെ അറിവുകൾക്കും പല സ്വാധീനങ്ങൾക്കും അനുസരിച്ച് പുതുതായി ഉണ്ടാകുന്ന ഒന്നാണ്. അതുകൊണ്ടാണ് നമ്മുടെ ചിന്താഗതികൾ ഒക്കെ ഓരോ സമയവും മാറി മാറി വരുന്നത്. ഒരു പത്തു വർഷം മുമ്പ് നമുക്ക് ഉണ്ടായിരുന്ന ചിന്താഗതി ആയിരിക്കില്ല ഇപ്പോൾ നമുക്കുള്ളത്. ഇന്നത്തെ ചിന്ത ആയിരിക്കില്ല നാളെ ഉണ്ടാവുക. അത്തരത്തിൽ സമയാസമയങ്ങളിൽ ഉണ്ടാകുന്ന ചിന്തകളിൽ നമ്മുടെ ഹൃദയം വലിയ ഒരു പങ്കു വഹിക്കുന്നു എന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്. ഹൃദയം മാറ്റിവെക്കപ്പെട്ടാലും ചിന്തിക്കുന്നത് ഹൃദയം കൊണ്ടാണ് എന്ന കാര്യത്തിൽ മാറ്റം ഒന്നും വരുന്നില്ലല്ലോ!.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഒരാൾ തന്റെ സ്വന്തം ഹൃദയം കൊണ്ടാണ് ചിന്തിച്ചിരുന്നത് എങ്കിൽ ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് ശേഷം പുതുതായി ശരീരത്തിൽ പിടിപ്പിച്ച മറ്റൊരാളുടെ ഹൃദയം കൊണ്ട് ചിന്തിക്കുന്നതിൽ തടസ്സം ഒന്നുമില്ലല്ലോ ! ചിന്ത എന്ന പ്രക്രിയ നടക്കുന്നത് ഹൃദയത്തിലാണ് എന്നുമാത്രമാണ് ഖുർആൻ സൂചിപ്പിക്കുന്നത്. അതിനർത്ഥം ഒരാളുടെ ഹൃദയം മാറ്റിവച്ചാൽ ചിന്തകൾ എല്ലാം അയാളുടെ കൂടെ പോരും എന്നൊന്നുമല്ല. ഹൃദയം മാറ്റിവെച്ചാലും ചിന്ത എന്ന പ്രകിയ നടക്കുന്നത് ഹൃദയത്തിൽ തന്നെയായിരിക്കും. പഴയ ഹൃദയം രക്തം പമ്പ് ചെയ്യുക, ചിന്തകളെ സ്വാധീനിക്കുക എന്നീ പ്രക്രിയകൾ മുമ്പ് ചെയ്തിരുന്ന പോലെ പുതിയ ഹൃദയവും ഈ പണികൾ ഏറ്റെടുക്കും എന്ന് മാത്രമേയുള്ളൂ. ചിന്തിക്കുക എന്ന പ്രോസസ് നടത്തുന്നതിൽ ഹൃദയത്തിന് വലിയ റോൾ ഉണ്ട് എന്നു മാത്രമാണ് ഖുർആൻ വെളിപ്പെടുത്തുന്നത്. ഓരോ സമയത്തും ഉള്ള നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത് ഹൃദയമാണ് എന്ന് മാത്രം.
ചിന്തകൾ മാറി മറിഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഹൃദയത്തിന്റെ ഇത്തരം മാറിമറിയുന്ന ചിന്തകൾ കൊണ്ടാണ് വിശ്വാസി അവിശ്വാസി ആവുന്നതും അവിശ്വാസി വിശ്വാസി ആവുന്നതുമെല്ലാം. അതുകൊണ്ടാണ് മുഹമ്മദ് നബി (സ) വിശ്വാസികളോട് ഇപ്രകാരം പ്രാർത്ഥിക്കാൻ കൽപ്പിച്ചതും.
اللَّهُمَّ يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ.
“ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, നീ എന്റെ ഹൃദയത്തെ നിന്റെ സത്യമതത്തിൽ സ്ഥിരപ്പെടുത്തി നിർത്തണേ.”
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ചിന്തകളുടെ കേന്ദ്രം അഥവാ centre of cognition തലച്ചോറാണ് എന്നത് ഒരു വിശ്വാസം മാത്രമാണ് അല്ലാതെ കൃത്യമായ തെളിവുകളുള്ള ശാസ്ത്രസത്യം ഒന്നുമല്ല. ചിന്തകളുടെ കേന്ദ്രം ഹൃദയമാണ് എന്ന് ഖുർആൻ പറയുന്നു. ഇക്കാര്യവും ശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. നാളെ ഒരു പക്ഷെ ശാസ്ത്രം ഇത് കണ്ടെത്തിയേക്കാം. കണ്ടെത്തിയാലും ഇല്ലെങ്കിലും പടച്ചവന്റെ വചനങ്ങൾ മുസ്ലിംകൾ വിശ്വസിക്കുന്നു.
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًۭا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.
(ഖുർആൻ 8 :2)
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
(അവര്‍ തുടരും:) ‘ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്.
(ഖുർആൻ 3: 8)
No comments yet.