ജീവിതത്തിലെ ദു:ഖങ്ങളും, സംഘർഷങ്ങളും, പ്രയാസങ്ങളും, ബുദ്ധിമുട്ടുകളൊക്കെ മനുഷ്യരായ നമ്മെ വല്ലാണ്ട് തളർത്തിയേക്കാം. ഒരുപക്ഷെ നമ്മിലുള്ള ജീവിതരുചി അവസാനിപ്പിച്ചേക്കാം, പല പല പ്രശ്‌നങ്ങള്‍ മുമ്പിൽ നിൽക്കുമ്പോൾ അതിനുള്ളൊരു പരിഹാരം കാണാൻ സാധിക്കാതെ വന്നേക്കാം, അപ്പോഴാണല്ലോ പലപ്പോഴും നമ്മുടെ സമൂഹത്തിൽ കാണപ്പെട്ടുവരുന്നതു പോലെയുള്ള ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത്.
ഇനി എങ്ങിനെ മുന്നോട്ടു പോകാൻ സാധിക്കും, മറ്റുള്ളവരെ എങ്ങിനെ നേരിടും, അവരോട് എന്ത് പറയും, എങ്ങിനെ പുറത്തിറങ്ങും, മറ്റുള്ളവർ ഇനിയും എന്നെ സ്വീകരിക്കുമോ എന്നല്ലാമായിരിക്കും
ഒരുപക്ഷെ ഇതിന്റെ പിന്നിലുള്ള കാരണങ്ങൾ. ഇങ്ങനെയൊക്കെയാണെങ്കിലും ആത്മഹത്യയാണോ ഇതിനുള്ള പരിഹാരം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു?
സിനിമയും മറ്റു ഫിക്ഷണൽ കഥകളിലും കാണുന്നത് അതേ പോലെ അനുകരിക്കുന്ന പിഞ്ചുമക്കളുടെ ചെയ്തികൾ എന്നതിലുപരി, ഒരു ചെറിയ പ്രശ്നം മുമ്പിലെത്തുമ്പോഴേക്കും ഇന്നത്തെ കാലത്ത് ‘ആത്മഹത്യ’ എന്ന ചിന്തയിലേക്ക് പോകുന്ന ഒരു വലിയ സംഘ്യ നമ്മുടെ ചുറ്റുമുണ്ട്.
സാന്ത്വനിപ്പിക്കാൻ മാതാപിതാക്കളോ, കൂട്ടുക്കാരോ, ബന്ധുക്കളോ ഇല്ലാത്തതായിരിക്കും പലരുടേയും ആത്മഹത്യക്ക് കാരണമാകുന്നത് അങ്ങനെയാണെങ്കിൽ, ഇവർക്ക് പിന്നാരുണ്ട്?
നമ്മെയെല്ലാം സൃഷ്ടിച്ച, പരിപാലിച്ച, വളർത്തിയ എല്ലാം കാണുന്ന, കേൾക്കുന്ന, അറിയുന്ന, മനസ്സിലാക്കുന്ന, നമ്മെ വേറാരേക്കാളും സ്നേഹിക്കുന്ന ഒരാളുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞാൽ ആർക്കെങ്കിലും ഇത്തരം ഒരു പ്രവർത്തിയിലേക്ക് എടുത്തുചാടാൻ കഴിയുമോ?
അതെ, നമുക്ക് അല്ലാഹുവുണ്ടെന്നുള്ളതാണ് നമ്മുടെയൊക്കെ മനസാന്ത്വനം!
നമ്മിലേക്ക് ഖൈറും ഷറും വിധിക്കുന്നത് അവനാണ്. നല്ലതു പ്രാവർത്തികമാവുമ്പോൾ അവനെ സ്തുതിക്കുകയും, ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അവനിൽ ഭരമേൽപ്പിച്ച് പ്രാർത്ഥിക്കുകയും, തെറ്റുകളിലേക്ക് തട്ടി വീഴുമ്പോൾ അവനിലേക്ക് മടങ്ങി ഇസ്‌തിഗ്‌ഫാർ തേടുകയുമാണ് സത്യവിശ്വാസികളായ നാം ചെയ്യേണ്ടത്. അതിൽ നിന്ന് തന്നെയാണ് യഥാർത്ഥ മനഃശാന്തി ലഭിക്കുന്നതും.
ഒരു പ്രതിസന്ധിയേ മറികടക്കൽ ജീവിതം അവസാനിപ്പിച്ചുക്കൊണ്ടല്ല മറിച്ച്, അത് അല്ലാഹുവിൽ നിന്നാണ് എന്ന് മനസ്സിലാക്കി സ്വയം ആശ്വാസമേകുകയാണ് വേണ്ടത്. അപ്പോഴാണ് ഒരു യഥാർത്ഥ മുസ്‌ലിം ആകുന്നത്. അമാനി മൗലവി വ്യഖ്യാനിച്ചത് പോലെ – ഈ ലോകത്തുള്ള ഓരോ കാര്യത്തിന്നും സാധാരണമായ ചില കാരണങ്ങൾ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ആ കാരണങ്ങൾ ഒത്തുകൂടുമ്പോൾ ആ കാര്യങ്ങൾ സംഭവിക്കുന്നതായി നാം കാണുന്നു. അഥവാ, ആ സന്ദർഭത്തിൽ അല്ലാഹു അത് സംഭവിപ്പിക്കുന്നു. അല്ലാഹു സംഭവിപ്പിക്കുന്നതായതുകൊണ്ടാണല്ലോ ചിലപ്പോൾ നമുക്കറിയാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ട് പിന്നെയും ചില കാര്യങ്ങൾ സംഭവിക്കാതെ കാണുന്നത്- എന്ന്.
മനുഷ്യന്റെ ഓരോ വികാര വിചാരത്തെക്കുറിച്ചും അറിയുന്നവനാണ് അല്ലാഹു. അതുകൊണ്ടാണല്ലോ അറബിയിൽ ‘അലീം’ എന്ന് അല്ലാഹുവെ വിഷേശിപ്പിക്കുന്നത്. അങ്ങിനെ എല്ലാം അറിയുന്ന പടച്ചവനോട്, സുജൂദിൽ കിടന്ന് ഒന്നു കരഞ്ഞാൽ മതി, അല്ലായെങ്കിൽ ഒന്നു അരുളിയാൽ മതി, അതുമല്ലായെങ്കിൽ മനസ്സിൽ ഉരുവിട്ടാൽ മതി, അവൻ കേൾക്കും. അവൻ കേൾക്കാത്ത പ്രാർത്ഥനകളില്ല, അവൻ കാണാത്ത കണ്ണുനീരുകളില്ല, അവൻ അറിയാത്ത ദുഃഖങ്ങളില്ല.
അല്ലാഹു ഇഷ്ട്ടപ്പെടുന്നവരേയാണ് അവൻ പരീക്ഷിക്കുക. അങ്ങിനെയാണെങ്കിൽ ഒരുപക്ഷെ പരീക്ഷിക്കപ്പെടുന്നവൻ ഭാഗ്യവാനല്ലെ?
ഓരോ പരീക്ഷണങ്ങളും വിഷമങ്ങളും നമുക്ക് നൽകപ്പെടുന്ന അനുഗ്രഹങ്ങളാണ്. കാരണം സന്തോഷം ഉണ്ടാകുന്നതിനേക്കാൾ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളാണ് അവനു മനസാന്ത്വനം നൽകുന്ന വാർത്തകൾ തരുന്നത്. പാപങ്ങൾ പൊറുക്കപ്പെടൽ, സ്വർഗം കരസ്തമാക്കൽ, അല്ലാഹുവിലേക്ക് അടുക്കൽ എന്നിങ്ങിനെ പ്രതിഫലങ്ങളുടെ ഒരുകൂട്ടമാണ് നമ്മെ കാത്തു നിൽക്കുന്നത്. ഇതെല്ലാം മാറ്റിവെച്ചു കൊണ്ടാണോ അല്ലാഹുവിന് മാത്രം നിശ്ചയിക്കാൻ അധികാരമുള്ള മരണത്തിനെ നാം നിശ്ചയിക്കുന്നത്? അവൻ അമാനത്തായി നമ്മിൽ ഏൽപിച്ച നമ്മുടെ ശരീരം സ്വയം അവസാനിപ്പിക്കുന്നത്?
നമ്മുക്ക് ജീവൻ നൽകിയതും ഇതുവരെ ജീവിതം നിലനിർത്തിയതും അല്ലാഹുവാണെങ്കിൽ, ഇതിനു ശേഷമുള്ള മരണത്തെ കുറിക്കുവാനും അവനു തന്നെ അധികാരമുള്ളൂ. അവന് മാത്രമേ അത് അധികാരപ്പെടാൻ അർഹതയുമൊള്ളു.
ഈ ബോധം മനുഷ്യനിൽ നിലനിൽക്കുന്ന കാലത്തോളം അവന് വേറെ മനസാന്ത്വനത്തിന്റെ ആവശ്യം ഒന്നുമില്ല. അല്ലാഹു എന്ന പ്രപഞ്ചസ്രഷ്ടാവ് നമ്മുടെ കൂടെയുണ്ടെങ്കിൽ വേറെയെന്താണ് നമ്മുക്ക് കൂടുതൽ ആഗ്രഹിക്കുവാൻ കഴിയുക…..!
സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.
(Holy Qur’an 13:28)
ആത്മഹത്യ അല്ല ആത്മശാന്തിക്ക് പരിഹാരം, അല്ലാഹുവിലുള്ള ആശ്രയ ബോധമാണ് എന്ന സന്ദേശം നൽകുന്ന ലേഖനം.
വളരെ നല്ല ലേഖനം . സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ശൈലി . തുടര്‍ന്നും നല്ല ലേഖനം പ്രതീക്ഷിക്കുന്നു.