ഗ്രഹണം: അന്ധവിശ്വാസങ്ങൾക്കെതിരെ ഇസ്‌ലാം

//ഗ്രഹണം: അന്ധവിശ്വാസങ്ങൾക്കെതിരെ ഇസ്‌ലാം
//ഗ്രഹണം: അന്ധവിശ്വാസങ്ങൾക്കെതിരെ ഇസ്‌ലാം
ആനുകാലികം

ഗ്രഹണം: അന്ധവിശ്വാസങ്ങൾക്കെതിരെ ഇസ്‌ലാം

സൂര്യഗ്രഹണവുമായും ചന്ദ്രഗ്രഹണവുമായും ബന്ധപ്പെട്ട് പല മിഥ്യാധാരണകളും സമൂഹത്തിൽ നിലവിലുണ്ട്. പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് അറേബ്യൻ ജനതയും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ടിരുന്നു. ഒരു സംഭവം കാണുക- മുഗീറ (റ) എന്ന പ്രവാചകാനുചരൻ നിവേദനം ചെയ്യുന്നു: മുഹമ്മദ് നബിﷺയുടെ ഇബ്രാഹീം എന്ന മകന്‍ മരണപ്പെട്ട ദിവസം സൂര്യഗ്രഹണം നടക്കുകയുണ്ടായി. അപ്പോള്‍, പ്രവാചക പുത്രന്റെ വിയോഗത്തിലുള്ള ദു:ഖം കാരണമാണ് സൂര്യന് ഗ്രഹണം ബാധിച്ചതെന്ന് ആളുകള്‍ക്കിടയില്‍ സംസാരമുണ്ടായി. ഇതറിഞ്ഞ പ്രവാചകന്‍ ﷺ ആളുകളുടെ പ്രസ്തുത ധാരണയെ തിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങളാണ്. ഒരാളുടെയും മരണം മൂലമോ ജനനം മൂലമോ അവയ്‌ക്ക് ഗ്രഹണം ബാധിക്കുകയില്ല.”(ബുഖാരി). മഹത് വ്യക്തിത്വങ്ങളുടെ ജനനവും മരണവുമെല്ലാം ഗ്രഹണത്തിനു നിമിത്തമാകാമെന്ന തെറ്റായ ധാരണയുടെ സ്വാധീനം മൂലമായിരുന്നു പ്രസ്‌തുത ജനസംസാരം. “നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങളാണ്, ഒരാളുടേയും മരണം മൂലമോ ജനനം മൂലമോ അവയ്‌ക്ക് ഗ്രഹണം ബാധിക്കുകയില്ല” എന്ന പ്രഖ്യാപനം വഴി ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെയെല്ലാം ഇസ്‌ലാം പിഴുതെറിയുന്നു.

മിഥ്യാധാരണകളോടുള്ള മമത ഇന്നും ലോകത്ത് സജീവമാണ്. ഇസ്‌ലാം ഇത്തരം ധാരണകളുടെയെല്ലാം അടിവേരറുക്കുന്നു. വിശുദ്ധ ഖുർആനിന്റെ അനുശാസന ഇങ്ങനെയാണ്: “നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.”(17:36). ഇസ്‌ലാം ശാസ്‌ത്രീയ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നു; കേട്ടുകേൾവികളെയും മിഥ്യാധാരണകളെയുമെല്ലാം പിന്തുടരുന്ന അന്ധവിശ്വാസപരമായ മനോഭാവത്തിനെതിരെ ശക്തമായി ശബ്ദമുയർത്തുകയും ചെയ്യുന്നു. കാഴ്‌ചയും കേൾവിയും ചിന്താശേഷിയുമെല്ലാം ഉപയോഗിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. അല്ലാഹു നൽകിയ ഈ അനുഗ്രഹങ്ങളെ നിഷ്‌ക്രിയവും നിശ്ചേതനവുമായി വിട്ട് അയഥാർത്ഥമായ കാര്യങ്ങളെ സ്വീകരിക്കുവാൻ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നർത്ഥം. ഖുർആനിലെ നിരവധി സൂക്തങ്ങൾ “നിങ്ങൾ കാണുന്നില്ലേ?”, “നിങ്ങൾ കേൾക്കുന്നില്ലേ?”, “നിങ്ങൾ ചിന്തിക്കുന്നില്ലേ?” എന്നീ ചോദ്യങ്ങളുൾക്കൊള്ളുന്നവയാണ്. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുവാനും പഠിക്കുവാനും അതുവഴി സ്രഷ്ടാവിന്റെ ഔന്നത്യം മനസിലാക്കുവാനും ഖുർആൻ ആഹ്വാനം ചെയ്യുന്നു: “തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപ്പകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ.”(3:191)

ആരാധിക്കുക; സൃഷ്ടികളെയല്ല, സ്രഷ്ടാവിനെ

അന്ധവിശ്വാസങ്ങളുടെ മൂർത്തീഭാവമാണ് സൃഷ്ടിപൂജ. സൂര്യനെയും ചന്ദ്രനെയും മറ്റു പ്രകൃതി പ്രതിഭാസങ്ങളുമെല്ലാം മനുഷ്യർ ആരാധിച്ചിരുന്നു. സൂര്യാരാധനയുടെ വിവിധ രൂപങ്ങൾ ലോകത്ത് ഇന്നും നമുക്ക് ദർശിക്കാനാകും. സഹസ്രാബ്ദങ്ങൾക്കു മുമ്പ് വിഗ്രഹങ്ങളെയും സൂര്യ-ചന്ദ്ര-നക്ഷത്രാദി ഗോളങ്ങളെയുമെല്ലാം ആരാധിച്ചിരുന്ന തന്റെ ജനതയുമായി ഏകദൈവവിശ്വാസത്തിന്റെ പ്രവാചകനായ ഇബ്രാഹീം നബി (അ) യുക്തിപൂർവം സംവദിച്ച സംഭവം വിശുദ്ധ ഖുർആൻ വിവരിക്കുന്നു: “ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന്‌ ഞാന്‍ കാണുന്നു. അപ്രകാരം ഇബ്രാഹീമിന്‌ നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌. അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്‌) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്‌ എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട്‌ തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌? നിങ്ങള്‍ അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക്‌ യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട്‌ പങ്ക്‌ ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ്‌ നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.”(6:74-82)

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന് മാത്രമേ ആരാധനകളർപ്പിക്കാവൂ എന്നാണ് ഇസ്‌ലാം സുപ്രധാനമായി പഠിപ്പിക്കുന്നത്. കല്ല് മുതൽ വിഗ്രഹം വരെയും ആൽമരം മുതൽ തുളസിച്ചെടി വരെയും ശവകുടീരങ്ങൾ മുതൽ മഹാത്മാക്കൾ വരെയും നാഗം മുതൽ പശു വരെയും മാലാഖമാർ മുതൽ പിശാചുക്കൾ വരെയും പുണ്യവാളന്മാർ മുതൽ പ്രവാചകന്മാർ വരെയുമുള്ള ആരും തന്നെ ആരാധനകളർഹിക്കുന്നില്ല. സർവശക്തനായ അല്ലാഹു അല്ലാതെ. ഇതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം-“ലാ ഇലാഹ ഇല്ലല്ലാഹ്.”

‘അല്ലാഹു’ എന്ന് പറയുമ്പോൾ അത് മുസ്‌ലിംകളുടെ ഒരു കുലദൈവമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എല്ലാ ദേശക്കാരുടെയും വർഗക്കാരുടെയും സാക്ഷാൽ ദൈവത്തെ അറബിയിൽപറയുന്ന പേരാണ് ‘അല്ലാഹു’ എന്നത്. അറബികളായ അമുസ്‌ലിംകളും ദൈവത്തെ വിളിക്കുന്നത് ‘അല്ലാഹു’ എന്നാണ്(https://en.wikipedia.org/wiki/Allah). ദൈവത്തെ കുറിക്കാൻ അറബിക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദവും ‘അല്ലാഹു’ എന്നാണ് (https://www.thegospelcoalition.org/article/is-allah-god/). ഏകദൈവമല്ലാതെ ആരും ആരാധിക്കപ്പെടരുതെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിനു മുമ്പിൽ തകർന്നു വീണത് വിഗ്രഹങ്ങളും ശവകുടീരങ്ങളും മാത്രമായിരുന്നില്ല; ദൈവങ്ങളുടെയും മനുഷ്യരുടെയും ഇടയിൽ ദല്ലാളന്മാരായി ചമഞ്ഞ പൗരോഹിത്യം കൂടിയായിരുന്നു. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മധ്യവർത്തികളൊന്നും ആവശ്യമില്ലെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. ദൈവങ്ങളുടെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ ചൂഷണത്തിൽനിന്ന് മാനവസമൂഹത്തെ രക്ഷിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്തിരിക്കുന്നത്.

ഏകദൈവം മാത്രമാണ് ആരാധനകൾ അർഹിക്കുന്നത്. സ്രഷ്ടാവും (ഖുർആൻ 2:29), സർവ്വ ശക്തനും (ഖുർആൻ 5:120), അദ്വിതീയനും (ഖുർആൻ 112:1), തുടക്കമുള്ളവനോ ജനിക്കുന്നവനോ അല്ലാത്തവനും (ഖുർആൻ 112:3), ഒടുക്കമോ മരണമോ ഇല്ലാത്തവനും (ഖുർആൻ 2:255), യാതൊന്നുമായും സാദൃശ്യപ്പെടുത്താൻ സാധ്യമല്ലാത്ത ഉണ്മയുള്ളവനും(ഖുർആൻ 42:11) ആയ ഏകനായ നാഥനെ മാത്രമാണ് ആരാധിക്കേണ്ടതെന്ന് നമ്മുടെ സാമാന്യ ബുദ്ധി തന്നെ സമ്മതിക്കുന്നു. എന്നാൽ നിരവധി മനുഷ്യർ ആരാധിക്കുന്നത് സൃഷ്ടികളെയാണ്. വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ആൾദൈവങ്ങളെയുമാണ്. സൃഷ്ടിപൂജയിൽ നിന്ന് മോചിതരായി സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ഖുർആൻ മനുഷ്യരെ ക്ഷണിക്കുന്നു: “മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ സൂക്ഷ്മതയുള്ളവരായിത്തീരാൻ.”(2:21). “അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.”(41:37)

മനുഷ്യരേ, നിങ്ങൾ വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ഒഴിവാക്കി ഒരു അറേബ്യൻ ദൈവത്തെ ആരാധിച്ചുകൊള്ളുവിൻ എന്നോ കൃഷ്ണനെയും ക്രിസ്തുവിനെയുമെല്ലാം ഒഴിവാക്കി മുഹമ്മദ് നബിﷺയെ ആരാധിച്ചുകൊള്ളുവിൻ എന്നോ ഉള്ള തത്ത്വത്തിലേക്കല്ല; കൃഷ്ണനെയും ക്രിസ്തുവിനെയും മുഹമ്മദ് നബിﷺയെയുമെല്ലാം സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന മഹോന്നതമായ തത്ത്വത്തിലേക്കാണ് ഖുർആൻ മാനവകുലത്തെ ക്ഷണിക്കുന്നത്. അതെ, ഭൂമിയെയും സൂര്യനെയും ചന്ദ്രനെയുമെല്ലാം സൃഷ്‌ടിച്ച ആ ഏകാസ്തിത്വത്തെ മാത്രം ആരാധിക്കുന്നതിലേക്ക്..”നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.”(ഖുർആൻ 2:163)

print

2 Comments

  • നല്ല അർത്ഥവത്തായ കാര്യങ്ങൾ ഇത്പ്പോലെ ഇനിയും വിജ്ഞാനപ്രഥമായ എഴുത്തുകൾ പ്രതീക്ഷിക്കുന്നു

    Rabiya k k 22.06.2020
  • This article is really informative. It gives the real picture of Monotheism..Mind blowing.

    Roshy 29.06.2020

Leave a comment

Your email address will not be published.