ധർമാധർമങ്ങൾ കാലാനുസൃതം മാറേണ്ടവയോ ?..

//ധർമാധർമങ്ങൾ കാലാനുസൃതം മാറേണ്ടവയോ ?..
//ധർമാധർമങ്ങൾ കാലാനുസൃതം മാറേണ്ടവയോ ?..
വായനക്കാരുടെ സംവാദം

ധർമാധർമങ്ങൾ കാലാനുസൃതം മാറേണ്ടവയോ ?..

ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലോകം എത്തി നിൽക്കുമ്പോൾപോലും ധാർമികതക്കൊരു വിവക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലയെന്നതാണ് യാഥാർഥ്യം.
ധർമാധർമങ്ങളെ വ്യക്തികളാണ് വേർതിരിക്കേണ്ടതെന്ന് വാദിക്കുന്നവർ, അല്ല ദൈവമാണ് അതിന് പരിധികൾ നിർണയിക്കുന്നതെന്ന് പറയുന്നവർ മറ്റൊരു കൂട്ടർ,
ധാർമികതയോ!?..
എന്തിനാണ് അങ്ങിനെയൊന്ന്!?.
അത് മനുഷ്യന്റെ ഇച്ചകളെ തളച്ചിടുന്നവയും മനുഷ്യ സ്വാതന്ത്രത്തെ അപഹരിക്കുന്നവയുമാണെന്ന് അവകാശപ്പെടുന്നവർ വേറൊരു കൂട്ടർ.

യഥാർത്ഥത്തിൽ എന്തിനാണ് ധാർമിക നിയമങ്ങൾ?…
നമുക്ക് ഒരു രാജ്യം തന്നെ ഉദാഹരണമായി എടുത്തു നോക്കാം, നിയമനടപടികളോ അതിർവരമ്പുകളോ ഇല്ലാത്തതിനേക്കാൾ വളർച്ച പ്രാപിക്കുന്നതും സമാധാനാന്തരീക്ഷം നിലനിർത്തുന്നതും നിയമങ്ങൾക്കൊണ്ട് ശക്തമായ ഒരു രാജ്യത്തിലാണ്. എന്നാൽ അവയെല്ലാം മനുഷ്യ നിർമിതമായതിനാൽ അവപോലും പലപ്പോഴും തർക്കവിതർക്കങ്ങൾക്കും സമരങ്ങൾക്കും വഴിയൊരുക്കുന്നു. പക്ഷെ നിയമങ്ങളൊന്നും തന്നെ ഇല്ലാത്തതിനേക്കാൾ മെച്ചം അത് തന്നെയാണെന്ന് നമുക്ക് നിരുപാധികം സമർത്ഥിക്കാം. അതുപോലെതന്നെ മനുഷ്യന്റെ വളർച്ചക്കും ഉയർച്ചക്കും ശരിതെറ്റുകളെ വേർതിരിച്ച് പറഞ്ഞുകൊടുക്കുന്ന ചില നിയമങ്ങൾ അനിവാര്യമാണ്.

അങ്ങിനെയെങ്കിൽ അത് നിർണയിക്കാനുള്ള പൂർണാധികാരം ആർക്കാണ്?….
മനുഷ്യൻ തന്നെയാണ് മനുഷ്യന്റെ ശരിതെറ്റുകളെ നിർണയിക്കേണ്ടതും, നിയമിക്കേണ്ടതും, എന്ന് പുരോഗമന വാദികളും, നാസ്തിക സിദ്ധാന്തത്തെ അവലംബിക്കുന്നവരും അലമുറയിടുന്നു. ഇങ്ങനെ എങ്കിൽ, ഓരോ മനുഷ്യരാണ് അവരവരുടെ ശരി തെറ്റുകളെ നിർണയിക്കുന്നതെങ്കിൽ ഓരോ മനുഷ്യർക്കും പലതായിരിക്കും അവരവരുടെ ശരിതെറ്റുകൾ.
അങ്ങിനെ പലർക്കും പലതായി തീർന്നാൽ എങ്ങിനെയാണ് ധാർമികത കൊണ്ട് ക്രമസമാധാനം നിലനിർത്താൻ കഴിയുക?…

ശരി, തെറ്റ്, നന്മ, തിന്മ, രാത്രി, പകൽ, ആണ്, പെണ്ണ് എന്നിങ്ങനെ ഒരു വേർതിരിവുകളും ഇല്ലാതെയാകും..
ഒരാളുടെ കണ്ണിലൂടെ തെറ്റായതിനെ മറ്റൊരാളുടെ കണ്ണിലൂടെ ശരിയായി തോന്നിയേക്കാം, എന്റെ പകലുകൾ മറ്റൊരാൾക്ക്‌ രാത്രിയായി തോന്നാം.. ഇങ്ങനെ വരുമ്പോൾ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ട് ശരിതെറ്റുകളെ വിലയിരുത്താൻ കഴിയില്ല. ഇന്നത്തെ പുരോഗമന വാദികൾ പറയുന്ന പോലെ ജെർമി ബന്ധാമിന്റെ യൂട്ടിലിട്ടേറിയൻ സിദ്ധാന്തം വഴി ധാർമികതയെ അളന്നാൽ….

“മനുഷ്യന് ഏറ്റവും കൂടുതലായി സന്തോഷം നൽകുന്നതോ ഏറ്റവും കൂടുതൽ പേർക്ക് സന്തോഷം നൽകുന്നതോ ആയ എല്ലാം ധർമമായി പരിഗണിക്കാം.” ഇങ്ങനെ വരുമ്പോൾ ഗാങ് റേപ്പ് പോലുള്ളളവ അനുവദനീയമായി തീരുന്നു. അവിടെ ഒരുകൂട്ടം ആളുകളുടെ സന്തോഷത്തിനോ സുഖത്തിനോ ഇരയാവുന്നത് ഒരു പാവം പെൺകുട്ടിയൊ ആൺകുട്ടിയോ ആണ്. ആ കുട്ടിയുടെ നീതിയേയും ന്യായത്തെയും അവകാശങ്ങളെയും അവർ തീയ്യിട്ടെരിയിക്കുന്നു..
രണ്ടാമതായി അവർ ഉദ്ധരിക്കാറുള്ളത്. മിൽസ്സിന്റെ ‘Harm principle’ ആണ്.
“മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാത്ത എന്തും ധാർമികതയായി പരിഗണിക്കാവുന്നതാണ്.”
അങ്ങിനെ എങ്കിൽ ആത്മഹത്യാ, ദയാവധം എന്നിവ അനുവദനീയം ആകുന്നു..

പ്രസിദ്ധനും കാലിക പ്രശസ്തനുമായ ഒരു പുരോഗമന വാദി അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളെ ഇങ്ങനെ കുറിക്കാം.
“50 വയസ്സ് കഴിഞ്ഞൊരാൾ തന്റെ മക്കൾക്കോ രാജ്യത്തിനോ ഉപദ്രവം ഉണ്ടാക്കാതെ സ്വയം മരണത്തിന് വിധേയമാവണം. അതുപോലെ മാനസികമായോ ശാരീരികമായോ വൈകല്യമുള്ളവർ ജനിക്കാനെ പാടില്ല അവരെ കൊണ്ട് രാജ്യത്തിനോ നാട്ടുകാർക്കോ ഉപകാരമില്ലാത്തതിനാൽ അവരെയും കൊന്നു കളയണം” എന്നാണ് അയാളുടെ വാദം. ജീവിക്കാൻ കൊതിയുണ്ടായിരിക്കെ തന്നെ വയസ്സായ്യൊരാൾ തന്റെ രാജ്യത്തിനുവേണ്ടി സ്വയം മരണത്തിന് കീഴടങ്ങുന്നു. അതു പോലെ നമ്മുടെ സന്തോഷത്തിനു വേണ്ടി മാത്രം വൈകല്യമുള്ളവർക്കുള്ള ജന്മവകാശം പോലും നാം ഇല്ലാതാക്കുന്നു. ഇതിനെ എങ്ങിനെയാണ് മനുഷ്യന് ധർമമായി ന്യായീകരിക്കാൻ കഴിയുക?..
ഇതിലൂടെ എന്ത് ധർമമാണ് പുരോഗമന തലച്ചോറുകൾ ദർശിക്കുന്നത്?

മനുഷ്യനാണ് ധാർമികത നിർണയിക്കുന്നതെങ്കിൽ അതിൽ ന്യൂനതകളും, വൈകല്യങ്ങളും, എതിർപ്പുകളും, കുറവുകളും സ്വഭാവികമാണ്. അവ കാലാനുസൃതമായിരിക്കും..
ഉദാഹരണമായി:-
‘pregnancy act’ നിലവിൽ വരുന്നത് 1971 ലാണ്. അന്ന് “അബോർഷൻ” കൊലപാതകമായാണ് വിലയിരുത്തിയിരുന്നത്. എന്നാൽ പിന്നീട് മാതാവിന്റെ ജീവന് അപായമുണ്ടാകുന്ന സാഹചര്യത്തിൽ അങ്ങനെ ഒരു കൃത്യം അനുവദനീയമാക്കികൊടുക്കുന്നു. ഇന്ന് ഈ കാലഘട്ടത്തിൽ pregnancy act പ്രകാരം സുപ്രീം കോടതി വിധി ഇങ്ങനെ.
“അബോർഷൻ സ്ത്രീകളുടെ അവകാശമാണ്. വിവാഹിതരല്ലാത്തവർക്കും അത് അനുവദനീയമാണ്.”
ഗർഭചിദ്രത്തെ സ്ത്രീയുടെ അവകാശമായി എഴുതുമ്പോൾ എന്തുകൊണ്ട് ആ കുഞ്ഞിന് ജനിക്കാനുള്ള അവകാശത്തിന് നേരെ ഇവർ കണ്ണടക്കുന്നു. ചോയ്സുകൾക്ക് വേണ്ടി വാചാലമാവുന്നവർ ആ കുഞ്ഞിന് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു. 06-12-2022 ൽ സുപ്രീം കോടതി വിധി “ഗർഭചിദ്രത നടത്തുന്നതിൽ അന്തിമ വിധി മാതാവിനാണ്” എന്നതാണ്.
“33 ആഴ്ച പിന്നിട്ടാലും ഗർഭം അലസിപ്പിക്കാം” എന്നും ആ വിധിയിലൂടെ നമുക്ക് വായിക്കാം. ഇവിടെയാണ് പുരോഗമന ധാർമികതയും ഇസ്‌ലാമും തമ്മിൽ വ്യത്യസ്തമാവുന്നത്. ഇസ്‌ലാമിലെ ധർമാധർമങ്ങളെ വേർതിരിച്ചിരിക്കുന്നത് അവനെ നന്നായി അറിയുന്ന, അവനെ സൃഷ്ടിച്ച് പരിപാലിക്കുന്ന അവന്റെ സ്രഷ്ടാവാണ് അതുകൊണ്ട് തന്നെ അവിടെ ന്യൂനതകളോ, പോരായ്മകളോ, വൈകല്യങ്ങളോ, അനീതിയോ കാണുക സാധ്യമല്ല…
ഭ്രൂണഹത്യയെക്കുറിച്ച് ഇസ്‌ലാം പറയുന്നു

وَلَا تَقْتُلُوٓا۟ أَوْلَـٰدَكُمْ خَشْيَةَ إِمْلَـٰقٍۢ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًۭٔا كَبِيرًۭا ﴿٣١﴾

അന്ന് ദാരിദ്രത്തെ ഭയന്ന് കുട്ടികളെ കൊന്നിരുന്ന കാലത്ത് ഖുർആൻ നൽകിയ താക്കീതാണ് ഇത്. ഇന്ന് മനുഷ്യൻ സ്വാർത്ഥമായ സ്വാതന്ത്രത്തിന് മുറവിളികൂട്ടികൊണ്ടാണ് സ്വന്തം ഉദരത്തിലുള്ള കുഞ്ഞിനെ നിഷ്ഠൂരം കൊല്ലുന്നത് എന്നത് മാത്രമാണ് വ്യത്യാസം. എന്നാൽ ഇന്നും ഖുർആനിന് പറയാനുള്ളത് ഇതുതന്നെയാണ്. മനുഷ്യനോട് ദയാവധം നടത്തണമെന്നും, വയോവൃദ്ധർ സമൂഹത്തിന് പാടില്ല അവർ മരണത്തിന് കീഴടങ്ങണമെന്നും പറയുന്നവരോടും ഖുർആൻ പറയുന്നത്:

وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
നിങ്ങൾ ആത്‍മഹത്യ ചെയ്യരുത്..

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَـٰنًا ۚ إِمَّا
يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّۢ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًۭا كَرِيمًۭا﴿٢٣﴾
നിന്റെ റബ്ബ് തീരുമാനി(കല്‍പിച്ച്)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു “പ്ഫെ!” (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا
كَمَا رَبَّيَانِى صَغِيرًۭا﴿٢٤﴾
കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: “റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!” എന്ന്.

ശരിയായിരിക്കാം ഇന്ന് അവരുടെ വാർദ്ധക്യം നിങ്ങളെ തളർത്തുന്നുണ്ടായിരിക്കാം. അവരുടെ കണ്ണുകൾക്കൊണ്ട് നിങ്ങളുണ്ടാക്കിയെടുക്കുന്ന ലോകത്തെ കാണാനുള്ളത്ര തെളിച്ചവും ഇല്ലായിരിക്കും. പക്ഷെ നിങ്ങൾക്ക് ഒന്നും കഴിയാതിരുന്നൊരവസ്ഥയിൽ നിന്ന് നിങ്ങളെ എന്തിനൊക്കെയോ കഴിയുന്നവനാക്കി പിടിച്ചു നടത്തിയവർ അവരാണ് എന്ന് മറന്നുപോകരുതേ എന്ന് ഖുർആൻ കല്പിക്കുന്നു…..

മനുഷ്യനാണ് ധാർമികതക്ക് അളവുകോൽ നൽകുന്നതെങ്കിൽ, എത്രയെത്ര കുഞ്ഞുങ്ങൾ ജനിക്കാതെ പോകും. എത്രയെത്ര വൃദ്ധർ സംരക്ഷിക്കപ്പെടാതെയും.

ധാർമികത ഒട്ടും ഇല്ലാതിരുന്നാല്ലോ..?

മൃഗങ്ങൾക്ക് ജീവിക്കാൻ ധാർമിക നിയമങ്ങളൊന്നും തന്നെ ഇല്ല. എന്നിട്ടും അവർ ജീവിക്കുന്നുണ്ടല്ലോ. ശരിയാണ് അവർക്ക് വസ്ത്രം ധരിക്കണ്ട, അവർ ആരാധനാലയങ്ങളിൽ പോകുന്നില്ല, എന്നിട്ടും അവർ സുഖമായി ജീവിക്കുന്നു. പക്ഷെ ഒരു മൃഗവും ഇതുവരെ ശാസ്ത്രജ്ഞനൊ, വൈദ്യനൊ, അധ്യാപകനൊ ആയിട്ടില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. മനുഷ്യൻ മൃഗമാവാൻ തുടങ്ങിയാൽ അത് അവന്റെ നിലനിൽപിനെ തന്നെയാണ് കൊന്നുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കുക.

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًۭا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌۭ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌۭ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌۭ لَّا يَسْمَعُونَ بِهَآ ۚ أُو۟لَـٰٓئِكَ كَٱلْأَنْعَـٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَـٰٓئِكَ هُمُ ٱلْغَـٰفِلُونَ﴿١٧٩﴾
ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നും വളരെ ആളുകളെ “ജഹന്നമി” [നരകത്തി]നുവേണ്ടി നാം സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ടു: അവര്‍ക്കു ഹൃദയങ്ങളുണ്ടു, അവകൊണ്ടു അവര്‍ ഗ്രഹി(ച്ചു മനസ്സിലാ)ക്കുകയില്ല; അവര്‍ക്കു കണ്ണുകളുമുണ്ടു, അവകൊണ്ടു അവര്‍ കണ്ടറിയുകയില്ല. അവര്‍ക്കു കാതുകളുമുണ്ടു. അവകൊണ്ടു അവര്‍ കേട്ടറിയുകയില്ല: അക്കൂട്ടര്‍ കാലികളെപ്പോലെയാകുന്നു. എന്നല്ല, (അവയെക്കാള്‍) അധികം വഴിപിഴച്ചവരാകുന്നു. അക്കൂട്ടര്‍തന്നെയാണ് അശ്രദ്ധന്‍മാര്‍.
അല്ലാഹു പറഞ്ഞത് കേൾക്കാതെ സ്വന്തം ഇച്ഛകളെ അവലംബിക്കുന്നവരെ കുറിച്ച് ഖുർആൻ വിവരിച്ചത് എത്ര ശരിയാണല്ലേ. ഖുർആനിന്റെയും ഇസ്ലാമിന്റെയും ധാർമിക നിയമങ്ങൾ നാസ്‌തികർക്കും പുരോഗമന വാദികൾക്കും എന്നും കഴപ്പുണ്ടാക്കുന്നവയാണ്. അവരോട് പറയാനുള്ളത് ഇത്രമാത്രം.
ഞാൻ ഈ എഴുതിക്കൊണ്ടിരിക്കുന്ന പേന പോലും തനിയെ ഉണ്ടായതാണെന്ന് വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ അതിനെ നിർമിച്ചതാരാണ് എന്ന ചോദ്യം പ്രസക്തമാവുന്നത്. എന്നിരിക്കെ ഇത്രയും വ്യവസ്ഥാപിതമായ ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണെന്ന് പറയുന്നതിലെ യുക്തിയുടെ അല്പത്തരം ഒന്ന് ആലോചിച്ച് നോക്കുക..

കണ്ടീജന്റ് ആയ ഒന്നിനെ non-കണ്ടീജന്റ് ആയ ഒന്നിനേ സൃഷ്ടിക്കാൻ കഴിയൂ എന്നിരിക്കെ അവിടെക്ക് ദൈവം എന്നല്ലാതെ വേറെ ഒന്നിനെയും കൊണ്ടുവരാൻ സാധ്യമല്ല. ആ ദൈവം എല്ലാത്തിനും കഴിവുള്ളവനും എല്ലാത്തിന്റെയും കൈകാര്യകർത്താവും ആണെന്നുള്ളതിൽ സംശയം ഉണ്ടാവേണ്ടതില്ല. അതിനാൽ അങ്ങിനെയുള്ള ദൈവത്തിന് മാത്രമേ മനുഷ്യനെ പൂർണമായി അറിഞ്ഞുകൊണ്ട് അവന്റെ ശരിതെറ്റുകളെ വേർതിരിച്ചു കൊടുക്കാൻ കഴിയുകയുള്ളു. അങ്ങിനെ ദൈവനിർമിതമായ നിയമങ്ങൾക്ക് മാത്രമേ മനുഷ്യന്റെ ക്രമസമാധാനം പൂർണമായി നിലനിർത്താൻ കഴിയുക…

ഇനി ഇതിനെയെല്ലാം വെറും ആറാം നൂറ്റാണ്ടിന്റെ പ്രാകൃത ഭ്രാന്തുകൾ എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ. ലൈംഗിക തൊഴിലുകളെ നിയപരമാക്കികൊണ്ടും അതിൽ പോലീസിന് ഇടപാടാനുള്ള സ്വാതന്ത്രത്തെ തടഞ്ഞുകൊണ്ടും വിധി വരുന്നു. അറേബ്യയിൽ സ്ത്രീകൾ തങ്ങളുടെ വീടുകളിൽ തുണികൾ കെട്ടിയിട്ട് താനൊരു വേശ്യയാണ് എന്ന് അറിയിച്ചു കൊടുത്തിരുന്നതിൽ നിന്ന് അവർ വെറും ഒരു ഉപഭോഗവസ്തുക്കൾ അല്ല അവർക്കും അവകാശങ്ങളും അഭിമാനവും ഉണ്ടെന്നും അവരെ ഭർത്താവിന്റെ അനന്തര സ്വത്തായി മാത്രം കണ്ടിരുന്നതിൽ നിന്നും അവരെ സ്വത്തിന്റെ അവകാശിയാക്കി ഉയർത്തിയെടുക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. എന്നിരിക്കെ അതിൽ മാറ്റങ്ങൾ വരുത്തി വീണ്ടും പ്രാകൃതരിലേക്ക് തിരിഞ്ഞു പോകുന്നവർ ആരാണെന്ന് കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ.

ധർമം ഏത് അധർമം ഏത് എന്ന് സ്വാർത്ഥപരമല്ലാതെ വേർതിരിക്കുക അനിവാര്യമാണ്. അവ മനുഷ്യനാണ് തരം തിരിക്കുന്നതെങ്കിലും അതിൽ അവന്റെതായ സ്വാർത്ഥത കടന്നുകൂടും എന്നത് സ്വാഭാവികമാണ്. അതുപോലെ അവ കാലാനുസൃതമായ അനിവാര്യതയിലൂടെയും വാക്കുതർക്കങ്ങളിലൂടെയും മാറ്റപെട്ടേക്കാം. എന്നാൽ ദൈവീകമായ ധാർമിക നിയമങ്ങൾ മനുഷ്യരുടെ സന്തുലിതാവസ്തക്കും സമാധാനത്തിനും യോജിക്കുന്നവയാണ്, അവ കാലാനുസൃതമായി മാറേണ്ടവയല്ല.

കാലത്തിനും മനുഷ്യനുമൊപ്പം ധാർമികത സഞ്ചരിക്കാതെ ധാർമിക പരിധികൾക്കുള്ളിൽ ഒതുങ്ങി മനുഷ്യൻ സഞ്ചരിക്കുകയാണ് വേണ്ടത്…

print

No comments yet.

Leave a comment

Your email address will not be published.