ഭൗതികവാദങ്ങളുടെ അധാർമികതയും, ഇസ്‌ലാമിലെ ധാർമികതയും

//ഭൗതികവാദങ്ങളുടെ അധാർമികതയും, ഇസ്‌ലാമിലെ ധാർമികതയും
//ഭൗതികവാദങ്ങളുടെ അധാർമികതയും, ഇസ്‌ലാമിലെ ധാർമികതയും
ആനുകാലികം

ഭൗതികവാദങ്ങളുടെ അധാർമികതയും, ഇസ്‌ലാമിലെ ധാർമികതയും

Print Now
“മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരാറില്ല, അതുപോലെ മറ്റുള്ളവരുടെ സന്തോഷവും എന്നിൽ ആനന്ദം ഉണ്ടാക്കാറില്ല…. ”

ലോകമെമ്പാടുമുള്ള മലയാളികളുടെ ഫേസ്ബുക് കൂട്ടായ്മയിൽ ഇപ്പോൾ ട്രെൻറ്റായിക്കൊണ്ടിരിക്കുന്ന “ഇൻട്രോ” ക്യാമ്പയ്‌നിൽ ഞാൻ യുക്തിവാദിയെന്നു പരിചയപ്പെടുത്തിയ ഒരാളുടെ പോസ്റ്റാണിത്. അത്ഭുതപ്പെടാനൊന്നുമില്ല, ഒരു ശരാശരി യുക്തിവാദിയുടെ പ്രവർത്തനങ്ങളിൽ നിന്നും, പ്രസംഗങ്ങളിൽ നിന്നും, എഴുത്തുകളിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. കാരണം ഇവർ യുക്തിവാദത്തിലേക്കു ആകൃഷ്ടരാകാൻ കാരണം ഒരു വ്യക്തിക്ക് സുഖമുണ്ടാകുന്നത് ധാർമികവും, ദുഖമുണ്ടാക്കുന്നതു അധാർമികവുമാണെന്നുള്ള അവരുടെ അടിസ്ഥാന ആശയമാണല്ലോ. സമൂഹനന്മ ഒരിക്കലും ഇവരുടെ പ്രവർത്തനങ്ങളിൽ നമുക്ക് ദർശിക്കാൻ കഴിയില്ല, അതിനു ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ പ്രളയത്തിലും, ഇപ്പോൾ ഉള്ള ഈ കോവിഡ് കാലത്തിലും ഇവരുടെ “സാമൂഹ്യ ബാധ്യതകൾ”.

സമൂഹത്തിലെ രാഷ്ട്രീയ സംഘടനകളും, മത സംഘടനകളും, സാമൂഹ്യപ്രവർത്തകരും, ഭിഷഗ്വരൻമാരും, ശാസ്ത്രജ്ഞന്‍മാരും, അധ്യാപകന്മാരും, പോലീസ് ഉദ്യോഗസ്ഥന്മാരും, വിവിധ സർക്കാർ വകുപ്പുകളും, മറ്റു ഉത്തരവാദിത്വമുള്ള സന്നദ്ധപ്രവർത്തകരും, വിവിധ കൂട്ടായ്മകളുമൊക്കെ തങ്ങളെകൊണ്ട് കഴിയുന്നത്ര അവരവരുടെ മേഖലകളിൽ സേവനങ്ങൾ ചെയ്തു മുന്നേറുമ്പോൾ ഇവർ പ്രത്യേകിച്ച് ഒരു ദൗത്യവും ഏറ്റെടുക്കാതിരിക്കുകയും, സോഷ്യൽ മീഡിയയുടെ ഒരു ഓരത്തു ശീതീകരിച്ച റൂമിലിരുന്നുകൊണ്ടു മതവിശ്വാസികളോട് പരിഹസിച്ചുകൊണ്ട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു “നിങ്ങളുടെ ദൈവം ഒന്നും ചെയ്യുന്നില്ലേ” ?

സ്വന്തം ജീവിതം പരമാവധി ആസ്വദിക്കുക എന്നതാണല്ലോ ഭൗതികാദർശങ്ങൾ എല്ലാം മുന്നോട്ടു വെക്കുന്ന മറ്റൊരു സാമൂഹിക വീക്ഷണം. പരമാവധി തിന്നുകയും കുടിക്കുകയും രമിക്കുകയും രസിക്കുകയും എന്നതിലുപരി പൊതുസമൂഹതിൻ്റെ യാതൊരു ബാധ്യതയും ഏറ്റെടുക്കാൻ ഇവർ തയ്യാറല്ലല്ലോ.

മദ്യപിക്കരുത്‌, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ ‘അരുതുകൾ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകൾ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയിട്ടുള്ളവയാണ്’. ‘അരുതു’ കളുടെ അതിരു ലംഘിക്കുന്നവർക്ക്‌ സ്വർഗ്ഗരാജ്യം നഷ്ടപ്പെടുമെന്നു മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാൻ ഇത്തരം ചില ‘വ്രതങ്ങൾ’ അനുഷ്ഠിക്കണമെന്നാണ് മതങ്ങൾ പഠിപ്പിക്കുന്നത്. ഭൗതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാൽ അങ്ങനെ ചെയ്യാൻ പലർക്കും കഴിഞ്ഞെന്നു വരികയില്ല. (യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം – ഏറ്റുമാനൂർ ഗോപാലൻ).

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിലാണ് കേരളത്തിലും ഭൗതിക പ്രസ്ഥാനത്തിൻ്റെ അലയൊലികൾ ഉണ്ടാകുന്നത്, ആദ്യം ജാതി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലും പിന്നീട് മാർക്സിസത്തിൻ്റെ വളർച്ചയോടനുബന്ധിച്ചും അവസാനം സ്വതന്ത്ര യുക്തിവാദത്തിൻ്റെയും, ഹ്യൂമനിസ്റ്റു ഹിപ്പി തരംഗത്തിൻ്റെയും അകമ്പടി സേവിച്ചുമാണ് ആധുനിക പാശ്ചാത്യൻ നിരീശ്വരവാദം കടൽകടന്ന് മലയാളി ബുദ്ധിജീവികൾക്കിടയിലെത്തിയത്. അമ്പതുകളുടെ തുടക്കം മുതലും എൺപതുകളുടെ അവസാനം വരേയും ഏറെക്കുറെ സജീവമായിരുന്ന യുക്തിവാദ ആദർശങ്ങൾ കമ്മ്യൂണിസ്റ്റു ചിന്താഗതികളിലൂടെയും, ശാസ്ത്ര സാഹത്യ പരിഷത് പോലുള്ള കൂട്ടായ്മകളിലൂടെയുമാണ് കുറച്ചെങ്കിലും ജീവൻ വെച്ചത്, പക്ഷെ ഇന്നും പ്രബുദ്ധമായ കേരളത്തിന്റെ മണ്ണിൽ യാതൊരു കടിഞ്ഞാണുമില്ലാത്ത സ്വതന്ത്രചിന്തക്ക് ആളെക്കൂട്ടാൻ കഴിഞ്ഞട്ടില്ല എന്നത് വസ്തുതയാണ്; ഉള്ളവർ അധികവും സോഷ്യൽ മീഡിയയിൽ സജീവമാണുതാനും; അതിൽ പലരും തന്നെ പല ഫേക്ക് അക്കൗണ്ടുകളിലാണ് വിരാജിക്കുന്നതും. ഒളിഞ്ഞും പതുങ്ങിയും മതവിശ്വാസികൾക്ക് നേരെ ഒളിയമ്പുകൾ എറിയുന്നതും, നേർക്കുനേരെ ആർജവത്തോടെ ചോദ്യങ്ങൾ ചോദിക്കാനോ, മതവിശ്വാസികളുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരങ്ങൾ നൽകാനോ ഇവർക്ക് കഴിയാറില്ല. സമൂഹത്തെ നാശത്തിലേക്കു നയിക്കുന്ന സ്വതന്ത്ര ചിന്താഗതികൾക്കു അന്നും ഇന്നും ആദർശത്തെ ആദർശം കൊണ്ട് കൃത്യമായ രീതിയിൽ മറുപടി നല്കിയിട്ടുള്ളതും, നൽകുന്നതും ഇസ്‌ലാമിക പ്രബോധകരാണ് എന്നതാണ് വസ്തുത. പക്ഷെ ആധുനിക സോഷ്യൽ, ഡിജിറ്റൽ മീഡിയ ലോകത്തു യുക്തിവാദ പ്രസ്ഥാനത്തിലേക്കു ന്യൂജൻ തലമുറയിൽ നിന്നും ന്യൂനാൽ ന്യൂനപക്ഷം ആളുകളെയെങ്കിലും ആകർഷിക്കാൻ കേരളത്തിലെ ‘ആസ്ഥാന ദാർശനികന്മാർ ശ്രമിച്ചതിൻറെ ഫലമായി സാധിച്ചിട്ടുണ്ട് എന്നുള്ളത് പ്രബുദ്ധ കേരളം കാണാതെ പോകരുത്. വ്യക്തിസ്വാതന്ത്രം പറഞ്ഞു തട്ടിക്കൂട്ടിയ ചുംബനസമരത്തിനു ചുക്കാൻ പിടിച്ചവർ പെൺ വാണിഭത്തിനു അറസ്റ്റിലായതും, മത മൂല്യങ്ങൾക്കെതിരെ ഫ്ലാഷ് മോബ് കളിച്ചവരും പിന്നീട് ഈ സമൂഹത്തിനു എന്ത് സന്ദേശമാണ് നൽകിയത് ?

മരണത്തോടുകൂടി എല്ലാം അവസാനിക്കും, ആർക്കും കണക്കു ബോധിപ്പിക്കേണ്ട എന്ന മൗഢ്യമായ ധാരണയാണ് യുക്തിവാദികൾക്ക് ഏതു നീചപ്രവർത്തിയും ചെയ്യാനുള്ള ലൈസൻസ്. അത് എത്രത്തോളം എന്നുവെച്ചാൽ 2016 ഫെബ്രുവരി 28 ൽ അടുത്ത ബന്ധുക്കളായ സഹോദരി സഹോദരങ്ങൾ തമ്മിലുള്ള ലൈംഗീക ബന്ധവും (Incest), മൃതദേഹ രതിയും (Necrophilia) നിയമവിധേയമാക്കണമെന്നാണ് ആഗോള നവനാസ്തികരുടെ സംഘടനയായ സ്വീഡിഷ് ലിബറേഷൻ പീപ്പിൾസ് പാർട്ടി യുവജനവിഭാഗം പ്രമേയം പാസ്സാക്കിയത്. അതിന് ചുവടുപിടിച്ചുകൊണ്ടു പരസ്‌പര സമ്മതത്തോടുകൂടി അഗമ്യഗമനം പോലുള്ള ബന്ധങ്ങൾ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ലെന്ന് പറയാൻ കേരളത്തിലും ആളുണ്ടായി എന്നത് എത്രത്തോളം രതിവൈകൃതത്തിലേക്കാണ് ഇവർ തരംതാഴുന്നത് എന്നത് നാം നോക്കികാണണം.

മരണത്തോടുകൂടി ജീവിതം അവസാനിക്കുകയല്ല മറിച്ച് ഒരിക്കലും മരിക്കാത്ത അനശ്വര ലോകത്തേക്കുള്ള തുടക്കം എന്നതാണ് ഇസ്‌ലാമിൻറെ അടിത്തറയിൽ പ്രധാനം. മരണാനന്തര ജീവിതത്തിൽ ഈ ക്ഷണികമായ നശ്വര ലോകത്തു ജീവിച്ചുതീർത്ത ഓരോ പ്രവർത്തനത്തിനും ലോകനിയന്താവായ യഥാർത്ഥ ആരാധ്യനായ ദൈവത്തോട്- അല്ലാഹുവിനോട് കണക്കു ബോധിപ്പിക്കേണ്ടിവരും എന്ന അചഞ്ചലമായ വിശ്വാസത്തിൽ നിന്നുമാണ് ഒരു മുസ്‌ലിമിൻ്റെയും ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല (ഖു : 3-185).
സർവ്വചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന അള്ളാഹു തന്നെയാണ് നന്മയും, തിന്മയും പ്രവാചകന്മാരിലൂടെയും അവൻ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലൂടെയും പഠിപ്പിച്ചു തന്നത്. പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെ അവതരിച്ച വിശുദ്ധ ഖുർആനിൽ വളരെ കൃത്യമായി തന്നെ ഇത് വിശദീകരിച്ചിരിക്കുന്നു.
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. (ഖു 2 :185)
മദ്യപാനം, ചൂതാട്ടം, വ്യഭിചാരം, സ്വവർഗരതി, അന്യായമായ വധം, പലിശ, കളവ്, പരദൂഷണം, വഞ്ചന തുടങ്ങിയ എല്ലാ സാമൂഹികതിന്മകളില്‍നിന്ന് വിട്ടു നില്‍ക്കാന്‍ മുസ്‌ലിംകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ പലതും സ്വന്തത്തിനുണ്ടാക്കുന്ന ദോഷങ്ങളേക്കാള്‍ സമൂഹത്തിനുണ്ടാക്കുന്ന വിപത്തുകളാണ് ഇസ്‌ലാം മുഖ്യമായി പരിഗണിച്ചിരിക്കുന്നതെന്ന് കാണാം.
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. (ഖുർആൻ 5:90)

സ്വവർഗ്ഗരതി(homosexuality)യോടുമുള്ള മതത്തിന്റെ സമീപനം കർക്കശമാണ്.
നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. (ഖുർആൻ 27:55).
ലൂത്ത് നബിയുടെ സമുദായമായ സദൂം വാസികളെ നശിപ്പിക്കുവാനുള്ള പ്രധാനകാരണം സ്വവർഗരതിയെ നിയമമാക്കിയതാണെന്ന് ഖുർആനിൽ പല തവണ സൂചിപ്പിക്കുന്നുണ്ട്. “ലൂത്തിന്റെ സമുദായം ചെയ്തത് ചെയ്യുന്നവനെ അല്ലാഹു ശപിക്കട്ടെ” എന്ന് പ്രവാചകൻ (സ) മൂന്ന് പ്രവശ്യം ആവർത്തിച്ചു പറഞ്ഞതായുള്ള ഇബ്നു അബ്ബാസിൽ നിന്ന് അഹ്‌മദ്‌ നിവേദനം ചെയ്യുന്ന സ്വഹീഹായ ഹദീഥ് മതം അതിനെ എത്രത്തോളം വെറുക്കപ്പെട്ടതായാണ് കാണുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.

തിരുനബി അരുളി: ഒരുവന്‍ തന്റെ രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ(നാവ്)യും രണ്ടു കാലുകള്‍ക്കിടയിലുള്ളതിന്റെ(ലൈംഗികാവയവം)യും ഉത്തരവാദിത്വമേല്‍ക്കുകയാണെങ്കില്‍ ഞാന്‍ അവന് സ്വര്‍ഗത്തിന്റെ ഉത്തരവാദിത്വമേല്‍ക്കും. (സ്വഹീഹുമുസ്‌ലിം)

അന്ത്യനാളില്‍ സത്യവിശ്വാസിയുടെ തുലാസില്‍ വെക്കുന്ന ഏറ്റവും കനം കൂടിയ വസ്തു സല്‍സ്വഭാവമായിരിക്കും, അശ്ലീലവും അസഭ്യവും പറയുന്നവരെ അല്ലാഹു വെറുക്കുമെന്ന പ്രവാചക ഉപദേശം ഒരു മുസ്‌ലിം ബന്ധപ്പെടുന്ന സർവ മേഖലകളിലും എത്രത്തോളം സൂഷ്മത പാലിക്കണമെന്നും, ഏറ്റവും നല്ല രീതിയിൽ സ്വഭാവം നന്നാക്കുവാനും, എല്ലാവിധ അശ്ലീലത്തിൽ നിന്നും മാറിനിൽക്കുവാനും ശക്തമായ താക്കീത് നൽകുകയും ചെയ്യുന്നു.

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പൂര്‍ണമായും നല്‍കും. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (ഖുർആൻ 4:57)

No comments yet.

Leave a comment

Your email address will not be published.