പ്രചോദനത്തിന്റെ പെരുന്നാൾ

//പ്രചോദനത്തിന്റെ പെരുന്നാൾ
//പ്രചോദനത്തിന്റെ പെരുന്നാൾ
ആനുകാലികം

പ്രചോദനത്തിന്റെ പെരുന്നാൾ

Print Now
രു റമദാൻ കൂടി നമ്മിൽ നിന്ന് കൊഴിഞ്ഞുപോവുകയാണ്. ആത്മീയോൽക്കർഷത്തിന്റെ മഹാമാസത്തെ വരവേൽക്കുവാൻ അടുത്ത വർഷം നമ്മിൽ എത്ര പേർക്ക് ഭാഗ്യമുണ്ടാവുമെന്നറിയില്ല. ഈ റമദാൻ നമ്മുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചുവെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ത്യാഗത്തിന്റെ മാസത്തിന് തിരശീല വീഴുമ്പോൾ ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളെ നേരിടുവാൻ നാം എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന ആത്മപരിശോധന. ഖുർആനിന്റെ അവതരണമാസം അവസാനിക്കുമ്പോൾ ദൈവികഗ്രൻഥത്തിന്റെ വാഹകരാകുവാൻ നമുക്കെത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന ആത്മപരിശോധന. തഖ്‌വയുണ്ടാക്കാനായി നിർദേശിക്കപ്പെട്ട വ്രതാനുഷ്ഠനത്തിന്റെ മാസം കഴിയുമ്പോൾ നമ്മിൽ ഈമാനും ഇത്തിബാഉം ഇഖ്‌ലാസും എത്രത്തോളം വർധിച്ചിട്ടുണ്ടെന്ന ആത്മപരിശോധന. ഇത്തരം ആത്മപരിശോധനകളുടേതാണ്, ആകണം ഈദുൽ ഫിത്വർ.

പരീക്ഷണങ്ങളുടെ പെരുമഴക്കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. യഥാർത്ഥ മുസ്‌ലിമാവുകയെന്ന ദൗത്യം ത്യാഗങ്ങളെയും പരീക്ഷണങ്ങളെയും ക്ഷണിച്ചുവരുത്തുന്ന കാലം. ഈ പരീക്ഷണങ്ങളിൽ വിശ്വാസിയുടെ വഴികാട്ടികൾ ഖുർആനും നബിനിർദേശങ്ങളുമാണ്. ഈ വഴികാട്ടികൾ നമുക്ക് നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷയും അപാരമാണ്. ഖുർആനിലെ കഥനങ്ങൾ നമ്മുടെയെല്ലാം ആത്മവിശ്വാസത്തെയും ത്യാഗസന്നദ്ധതയെയും എത്രത്തോളം വർധിപ്പിച്ചുവെന്ന് പരിശോധിക്കുവാൻ കൂടിയുള്ളതാണ് ഈദുൽ ഫിത്വർ. അല്ലാഹു അക്ബർ എന്ന തക്ബീർധ്വനികൾ ചുണ്ടുകളിൽ നിന്നാണോ അതല്ല ഹൃദയത്തിൽ നിന്നാണോ ഉയരുന്നത് എന്ന പരിശോധന.

കഥാകഥന രൂപത്തില്‍ ചരിത്രം പറയുന്ന ക്വുര്‍ആനിലെ ഒരേയൊരു അധ്യായമായ സൂറത്തു യൂസുഫ് വിശ്വാസികള്‍ക്ക് പൊതുവെയും പ്രബോധകര്‍ക്ക് വിശേഷിച്ചും നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും അപാരമാണ്. ‘ഭൂമിയിലെ ഖജനാവുകളുടെ അധികാരം എന്നെയേല്‍പിക്കൂ, അറിവുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും ഞാന്‍’ എന്ന രാജാവിനോടുള്ള യൂസുഫ് നബി(അ)യുടെ പ്രഖ്യാപനം വിശ്വാസികളുടെ മനസ്സിലുണ്ടാക്കുന്ന പ്രകമ്പനം സമകാലിക ലോകത്തെ പരീക്ഷണങ്ങളിലെല്ലാം പിടിച്ചുനില്‍ക്കുവാനുള്ള പ്രചോദനമായിത്തീരുന്നുണ്ട്. യൂസുഫിന്റെ(അ) പൂര്‍വചരിത്രത്തിലെവിടെയും ഇങ്ങനെ പറയാനാകുന്ന ഒരു അവസ്ഥയുണ്ടാകുമെന്ന് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാനാകുന്ന യാതൊന്നും നമുക്ക് കാണാനാവുന്നില്ല. തന്റെ സ്വപ്‌നവാര്‍ത്തയെക്കുറിച്ച് യൂസുഫ് (അ) പിതാവിനോടു പറഞ്ഞത് ഉദ്ധരിക്കുന്ന പന്ത്രണ്ടാം അധ്യായത്തിലെ നാലാം വചനം മുതലാരംഭിക്കുന്ന അദ്ദേഹത്തെക്കുറിച്ച കഥാകഥനത്തിന്റെ ആദ്യഭാഗങ്ങളിലെല്ലാം പ്രതീക്ഷയൊന്നുമില്ലാത്ത പാവം ബാലന്‍ മാത്രമാണ് യൂസുഫ് (അ). തന്നെ കൊന്നുകളയുവാന്‍ ഗൂഢാലോചന നടത്തിയ സഹോദരങ്ങളോടൊപ്പം പോകാന്‍ യൂസുഫിനെ (അ) പിതാവ് പറഞ്ഞയക്കുന്നതുമുതല്‍ ആരംഭിക്കുന്നതാണ് അദ്ദേഹം നേരിട്ട പരീക്ഷണങ്ങള്‍.

ശക്തരായ പത്തു സഹോദരങ്ങളുടെ കൈകളില്‍ ഞെരിഞ്ഞമരാന്‍ പോകുന്ന പിഞ്ചുബാലനില്‍ എന്തുപ്രതീക്ഷയാണ് അതുകണ്ടു നില്‍ക്കുന്നവര്‍ക്ക് പുലര്‍ത്താന്‍ കഴിയുക! സഹോദരന്‍മാരാല്‍ കിണറ്റിലെറിയപ്പെട്ട യൂസുഫിന്റെ(അ) ജീവിതം കാട്ടിലെ ആ കിണറ്റില്‍ അവസാനിക്കുമെന്നാണ് ആര്‍ക്കും തോന്നുക. കച്ചവടസംഘം കിണറ്റില്‍നിന്നു പുറത്തെടുത്ത് അടിമച്ചന്തയില്‍ വില്‍ക്കുന്ന യൂസുഫിലും (അ) യാതൊരു പ്രതീക്ഷയുമില്ല. യജമാനവീട്ടില്‍ നിന്ന് വ്യഭിചാരശ്രമം ആരോപിക്കപ്പെട്ട് തടവിലാകുന്ന യൂസുഫിലും (അ) പ്രതീക്ഷയുടെ നാമ്പുകളൊന്നും നമുക്ക് കാണാനാവില്ല. അധാര്‍മികക്കുറ്റം കൂടി ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട ഒരു അടിമയില്‍ ആർ എന്ത് പ്രതീക്ഷിക്കാനാണ്!!

സഹതടവുകാരുടെ സ്വപ്‌നവും അതിന് യൂസുഫ് (അ) നല്‍കിയ വ്യാഖ്യാനവുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. രക്ഷപ്പെട്ട തടവുകാരന്‍ ജയിലില്‍ നിന്ന് പുറത്തുകടക്കാനും രാജാവുമായി സന്ധിക്കുവാനുമുള്ള യൂസുഫിന് (അ) നിമിത്തമായിത്തീരുകയായിരുന്നു. രാജാവിന്റെ സ്വപ്‌നത്തിന് യൂസുഫ് (അ) നല്‍കിയ വ്യാഖ്യാനത്തില്‍ നിന്നാണ് മന്ത്രിപദത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണമുണ്ടായത്. പ്രസ്തുത സ്വപ്‌നവ്യാഖ്യാനം മാത്രമാണ് പ്രസ്തുത അനുഗ്രഹത്തിന് കാരണമായതെന്ന് യൂസുഫിന്റെ(അ) ചരിത്രം വായിക്കുന്ന ആര്‍ക്കും പറയാനാവുകയില്ല. മറ്റു മക്കളെപ്പോലെ യൂസുഫും (അ) പിതാവിന്റെ പരിലാളനകളോടെ അദ്ദേഹത്തോടൊപ്പം കഴിയുകയായിരുന്നുവെങ്കില്‍, ഈജിപ്തിലെ ഭക്ഷ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന് ഉയരാന്‍ കഴിയുമായിരുന്നില്ല. കിണറ്റിലെറിയപ്പെട്ട യൂസുഫും (അ), അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ട യൂസുഫും (അ), യജമാനഭാര്യ പ്രലോഭിതയായ യൂസുഫും (അ), വ്യഭിചാരാരോപണം ഉന്നയിക്കപ്പെട്ട യൂസുഫും (അ), ജയിലിലടക്കപ്പെട്ട യൂസുഫു(അ)മെല്ലാം മന്ത്രിപദത്തിലേക്കുള്ള യൂസുഫിന്റെ (അ) പ്രയാണത്തിന്റെ ചവിട്ടുപടികളായിരുന്നു. പരീക്ഷണങ്ങളെല്ലാം വലിയ അനുഗ്രഹങ്ങളിലേക്കുള്ള ചവിട്ടുപടികളായിരിക്കുമെന്ന വലിയ പാഠമാണ് യൂസുഫിന്റെ (അ) ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. പരീക്ഷണങ്ങള്‍ കൊടുങ്കാറ്റായി അടിച്ചുവീശുമ്പോഴും വിശ്വാസിയുടെ മനസ്സില്‍ പ്രതീക്ഷയുടെ വിളക്ക് കെടാതിരിക്കുന്നത് ഈ വലിയപാഠം ശരിക്കും ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്. അത് ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പരീക്ഷണത്തെയും ആസ്വാദ്യകരമായ അനുഭവമാക്കിത്തീര്‍ക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയും.

പരീക്ഷണങ്ങളുണ്ടാകുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവനായി തീരേണ്ടവനല്ല വിശ്വാസി. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലുമെല്ലാം ഉണ്ടാകുന്ന പരീക്ഷണങ്ങള്‍ മടിയും ഉദാസീനതയും സൃഷ്ടിക്കുവാനുള്ള നിമിത്തങ്ങളായി തീര്‍ന്നുകൂടാ. ഇസ്‌ലാമിക പ്രബോധനം തന്നെ വലിയൊരു കുറ്റകൃത്യമായി കാണുന്ന സാമൂഹ്യാന്തരീക്ഷമുണ്ടാകുമ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം പിന്‍മാറി ചടഞ്ഞിരിക്കുകയല്ല വേണ്ടത്. അങ്ങനെ ആരെങ്കിലും ചടഞ്ഞിരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് അല്ലാഹുവിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്. അല്ലാഹുവിനെ അറിയേണ്ട രൂപത്തില്‍ അറിയാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ആശയും പ്രതീക്ഷയും പുലര്‍ത്തി ആത്മവിശ്വാസത്തോടെ മുന്നേറുന്നവര്‍ പരീക്ഷണങ്ങളുടെ മുന്നില്‍ തളരുകയല്ല ചെയ്യുക. പരീക്ഷണങ്ങളെയെല്ലാം വരാനിരിക്കുന്ന വലിയ അനുഗ്രഹത്തിലേക്കുള്ള ചവിട്ടുപടികളാണ് അവര്‍ക്ക്. പ്രസ്തുത അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് നമുക്കറിയില്ല. എല്ലാം അല്ലാഹുവിന്റെ ആസൂത്രണങ്ങളാണ്. പ്രസ്തുത ആസൂത്രണങ്ങള്‍ക്കു പിന്നിലുള്ള വലിയ യുക്തിയെക്കുറിച്ച് പൂര്‍ണമായറിയുക അല്ലാഹുവിനു മാത്രമാണ്. അല്ലാഹുവിന്റെ ഇച്ഛ മാത്രമാണ് ഈ പ്രപഞ്ചത്തിലെ സുക്ഷ്മവും സ്ഥൂലവുമായ എല്ലാത്തിനെയും നിലനിര്‍ത്തുന്നത് എന്നു മനസ്സിലാക്കുകയും അവന്റെ ഉദ്ദേശത്തിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്ന് അറിയുകയും അവനില്‍ നിന്നുണ്ടാകുന്നതെല്ലാം അവന്റെ കാരുണ്യത്തിന്റെ നിദര്‍ശനങ്ങളാണെന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരൊന്നും പരീക്ഷണങ്ങളില്‍ തളരുകയില്ല.

ദുരിതപൂര്‍ണമായ പരീക്ഷണങ്ങള്‍ പോലും പരമകാരുണികന്റെ കരുണ ചൊരിയലിന്റെ ഭാഗമായി നടക്കുന്നതാണെന്ന് മനസ്സിലാക്കുന്നവര്‍ക്ക് പിന്നെ നിരാശയുണ്ടാവുകയില്ല. പ്രതീക്ഷയും പ്രത്യാശയുമാകുന്ന കവചങ്ങള്‍ പരീക്ഷണങ്ങളുടെ അഗ്നിയിലൂടെ നടക്കാന്‍ അവരെ പ്രാപ്തരാക്കും. അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് അസ്തിത്വത്തില്‍ തന്നെ കാരുണ്യം രേഖപ്പെടുത്തിയ അല്ലാഹുവിലാണല്ലോ!

‘നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഞാന്‍ അവയ്ക്ക് പരിഹാരം കാണാം’ എന്നുപറയുന്ന വിതാനത്തിലേക്ക് യൂസുഫി(അ)നെ കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന് കടന്നുപോകാന്‍ വ്യത്യസ്തങ്ങളായ ഘട്ടങ്ങളുണ്ടായിരുന്നു. ആ ഘട്ടങ്ങളെല്ലാം പ്രയാസകരമായ പരീക്ഷണങ്ങളുടേതായിരുന്നു. പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന മുസ്‌ലിം ഉമ്മത്തിനെ ലോകത്തിന്റെ പരിഹാരമായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ അല്ലാഹുവിനു കഴിയും. അലസതയോടെ പ്രബോധനരംഗത്തുനിന്ന് പിന്‍മാറുന്നവര്‍ക്ക് പരീക്ഷണങ്ങളെല്ലാം നിരാശ മാത്രമേ സമ്മാനിക്കുകയുള്ളൂ. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടുന്നത് വിശ്വാസത്തിന്റെ ലക്ഷണമല്ല. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് മുന്നേറുന്നവര്‍ക്ക് പ്രയാസങ്ങളില്ലാത്ത ഭാവിയുണ്ടാകുമെന്ന അവന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് നിരാശ തീണ്ടാതെ ജീവിക്കുന്നവനാണ് വിശ്വാസി. അല്ലാഹുവിലാണ് അവന്റെ പ്രതീക്ഷ. സര്‍വലോക രക്ഷിതാവായ അല്ലാഹുവില്‍! സര്‍വശക്തന്റെ വാഗ്ദാനം അവന്റെ മനസ്സില്‍ ആശ്വാസത്തിന്റെ കുളിരു നിറക്കുകയും ചെയ്യുന്നു!

‘അല്ലാഹു അക്ബറി’ൽ നിന്ന് തുടങ്ങി ‘വലില്ലാഹിൽ ഹംദി’ൽ അവസാനിക്കുന്ന തക്ബീർ ധ്വനികൾ നമുക്ക് നൽകേണ്ടത് ഈ പ്രതീക്ഷയാണ്. അല്ലാഹുവിലുള്ള പ്രതീക്ഷ. അവന്റെ വാഗ്ദാനങ്ങളിലുള്ള പ്രതീക്ഷ. പരീക്ഷണങ്ങളെയെല്ലാം അനുഗ്രഹങ്ങളാക്കിത്തീർക്കുമെന്ന പ്രവാചകബോധനത്തിലുള്ള പ്രതീക്ഷ. പരീക്ഷണങ്ങൾ പെയ്തിറങ്ങട്ടെ; അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ട് നാം മുന്നോട്ടു പോവുക; അതിന്ന് ഈ ഈദുൽ ഫിത്വർ നമുക്കെല്ലാം പ്രചോദനമാകട്ടെ; അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

2 Comments

  • This kind of motivation really needed to all believers to protect their IMAN even after the holy month of Ramdan and the effort by Sneha Samvadam i to enlighten the entire humankind to seek the truth is vital at this juncture. May ALLAH bless Sneha Samvadam and its Director MM Akbar.

    Akbar Sha 11.05.2022
    • Ameen

      Shahin 23.05.2022

Leave a comment

Your email address will not be published.