കാത്തിരിക്കുക, ഇൻക്വിസിഷന്റെ പുതിയ രൂപങ്ങൾ

//കാത്തിരിക്കുക, ഇൻക്വിസിഷന്റെ പുതിയ രൂപങ്ങൾ
//കാത്തിരിക്കുക, ഇൻക്വിസിഷന്റെ പുതിയ രൂപങ്ങൾ
ആനുകാലികം

കാത്തിരിക്കുക, ഇൻക്വിസിഷന്റെ പുതിയ രൂപങ്ങൾ

പേരു മറന്നുപോയ ഒരു ഉര്‍ദു ചരിത്രാഖ്യായിക വായിച്ചതോർക്കുന്നു. പ്രശോഭിതമായിരുന്ന ഇസ്‌ലാമിക സ്‌പെയ്‌നിൽ അവസാനത്തെ മുസ്‌ലിം ഭരണപ്രദേശമായിരുന്ന ഗ്രാനഡയുടെ പതനത്തോടെ, അവിടത്തെ മുസ്‌ലിംകളും യഹൂദരും ജീവിച്ചു തീര്‍ത്ത യാതനാപൂര്‍ണമായ കാലം നോവല്‍ ചിത്രീകരിക്കുന്ന രംഗം, വായിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നലെയെന്നവണ്ണം ഓർമ്മയിലുണ്ട്.

തന്റെ മാതാപിതാക്കളില്‍ അടുത്തിടയായി കണ്ടുവരുന്ന ചില രീതികളിലും പ്രവൃത്തികളിലും, അവരുടെ വാക്കുകളിലും ചിന്തയിലുമെല്ലാം വിചിത്രമായ അപരിചിതത്വമുള്ളതായി ഒരു പത്തു വയസ്സുകാരന് തോന്നുന്നു. തന്നിൽ നിന്ന് അവരെന്തോ മറച്ചുവെക്കുകയാണെന്ന് അവന് ബലമായ സംശയമുണ്ട്. വീടിനകത്തെ ഒരു മുറിയില്‍ പോയിരുന്ന് അവർക്ക് രഹസ്യമായ എന്തോ ഇടപാടുകളുണ്ട്, അതെന്താണെന്നവന് മനസ്സിലാകുന്നുമില്ല.

ഒരു ദിവസം പിതാവ് അവനെ വിളിച്ചു വരുത്തി പറഞ്ഞു, “മകനേ, നിനക്ക് പ്രായപൂര്‍ത്തിയാകാന്‍ പോകുന്നു. എന്റെ മനസ്സിനകത്ത് രഹസ്യത്തിന്റെ വലിയൊരു ഭാരമുണ്ട്. അതിനെക്കുറിച്ച് നിനക്കും കൃത്യമായ ധാരണകളുണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്നാല്‍, ഇക്കാര്യം മറ്റാരുമറിയാതെ രഹസ്യമായിതന്നെ സൂക്ഷിക്കുമെന്ന് നീ എനിക്ക് വാക്കു നൽകണം.”

“പപ്പാ, താങ്കൾ ഞാനുമായി പങ്കുവെക്കാനുദ്ദേശിക്കുന്ന കാര്യം, അതെന്തായാലും, താങ്കളുടെ ഇഷ്ടം പോലെ, ഞാനും താങ്കളുമല്ലാതെ മറ്റൊരാൾ അറിയാൻ പോകുന്നില്ല. കര്‍ത്താവായ യേശുവാണേ സത്യം,” അവന്‍ പിതാവിന് ഉറപ്പു കൊടുത്തു.

മകന്റെ വായിൽ നിന്ന് അവസാനത്തെ വാക്യം അടർന്നു വീണതും പിതാവിന്റെ കണ്ണുകള്‍ സജലങ്ങളായി, “മകനേ, നാം ക്രസ്തുമതത്തിന്റെ ആവരണമണിഞ്ഞിട്ടുണ്ടെങ്കിലും അത് നമ്മുടെ യഥാര്‍ഥ മതസ്വത്വമല്ല. ഭരണകൂടം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണത്. വാസ്തവത്തില്‍ നാം മുസ്‌ലിംകളാണ്. കലര്‍പ്പില്ലാത്ത മതത്തിന്റെ അമാനത്ത് നിന്നെ ഏല്‍പ്പിക്കാന്‍ സമയമായിരുക്കുന്നു എന്നെനിക്ക് തോന്നുന്നു.” അയാൾ മകനോട് പറഞ്ഞു.

സ്‌പെയ്‌നിലെയും ഇന്‍ഡ്യയിലെയും മുസ്‌ലിംകള്‍ ശോഭയേറിയ ഭൂതകാലം പിന്നിട്ടിട്ടുണ്ട്. രണ്ടിടത്തും ഏഴ് നൂറ്റാണ്ടോളം മുസ്‌ലിംകൾ ഭരണം നടത്തിയിട്ടുണ്ട്. അവരുടെ ഭരണത്തിനു കീഴിൽ ഇരു നാടുകളും വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യകളുടെയും സംസ്കാരത്തിന്റെയും സമ്പന്നതയുടെയും കൊടുമുടികൾ കയറിയിട്ടുണ്ട്.

സ്പെയ്നിലെ അവസാനത്തെ മുസ്‌ലിം കോട്ടയായിരുന്ന ഗ്രാനഡയും വീണതോടെ മുസ്‌ലിംകൾ നീന്തിക്കടന്നത് കരിങ്കയങ്ങളായിരുന്നു. സർക്കാർ ഉത്തരവു പ്രകാരം അവർ ബലാൽക്കാരമായി കൃസ്ത്യാനികളായി പരിവർത്തിക്കപ്പെട്ടു. പുറമേക്ക് കൃസ്താനികളായെങ്കിലും അകമേ മുസ്‌ലിംകളായിതന്നെ അവർ ജീവിച്ചു. മോറിസ്കോ (Morisco) എന്ന പേരിലറിയപ്പെടുന്ന ഇവർ ജീവിതവ്യവഹാരങ്ങളിൽ മുഴുക്കെ ഇസ്‌ലാമിനെ കൂടെക്കൂട്ടി. അറബിതന്നെ അവരുടെ ഭാഷയായി തുടർന്നും നിലകൊണ്ടു. ഭരണകൂടമാകട്ടെ, കൂടെക്കൂടെ മുസ്‌ലിംകളുടെ മതപരമോ, സാംസ്കാരികമോ ആയ ഏതെങ്കിലും അടയാളങ്ങൾ പേറുന്നത് ശിക്ഷക്ക് കാരണമാകുമെന്ന് തിട്ടൂരങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. എന്തു ഫലം! അവർ അപായങ്ങളുടെ ചുരവക്കിലൂടെ നടക്കുമ്പോഴും ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഇസ്‌ലാം ശ്രദ്ധാപൂർവം കൈമാറ്റം ചെയ്യപ്പെട്ടു.

പിന്നീട്, അറബി പുസ്തകങ്ങൾ വീടുകളിൽ സൂക്ഷിക്കുന്നതും അവ പാരായണം ചെയ്യുന്നതും കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടു. രഹസ്യപ്പൊലീസ് അവയ്ക്കു വേണ്ടി വീടുകളിൽ കേറി തിരച്ചിൽ നടത്തി. എന്നാൽ മോറിസ്കോകൾ തങ്ങളുടെ മതകീയവും സാംസ്കാരികവുമായ പൈതൃകത്തെ അത്ര പെട്ടെന്ന് കയ്യൊഴിയാൻ തയ്യാറായിരുന്നില്ല. സ്ത്രീകളായിരുന്നു ഈ ചെറുത്തുനില്പുകളുടെ മുന്നണിയിൽ എന്നത് ഈ വിഷയത്തിന്റെ കൂടുതൽ താല്പര്യമുളവാക്കുന്ന സാമൂഹ്യശാസ്ത്ര വശമാണ്. ക്വുർആന്റെ ഏടുകൾ അവർ വസ്ത്രങ്ങൾക്കകത്തൊളിപ്പിച്ച് പരിശോധകരുടെ പകപുകഞ്ഞ കണ്ണുകളെ കബളിപ്പിച്ചു.

ഈ ഒളിപ്പിച്ചു കടത്തൽ പിന്നീട് പോപ്പടക്കമുള്ള ക്രിസ്ത്യൻ അധികാര കേന്ദ്രങ്ങളെ എങ്ങനെ ഇളിഭ്യരാക്കി എന്നതിന്റെ രസകരമായ വിവരണമുണ്ട് ഇപ്പോൾ ഗ്രാനഡയിലെ അൽബയാസീനി(Albayzín)ൽ താമമുറപ്പിച്ച അമേരിക്കൻ എഴുത്തുകാരൻ സ്റ്റീവെൻ നൈറ്റിംഗെയ്ലിന്റെ ‘ഗ്രാനഡ: ദൈവത്തിന്റെ കയ്യിലൊരു നീർമാതളം’ (Granada: A Pomegranate in the Hand of God) എന്ന ഉജ്ജ്വല കൃതിയിൽ.

1595 ൽ അൽബയാസീനിൽ നിന്നു കണ്ടുകിട്ടിയ ഇയ്യത്താളുകൾ (Lead Books of Sacromonte) കൃസ്ത്യൻ ലോകത്തുടനീളം തിരുശേഷിപ്പുകളുടെ വീണ്ടെടുപ്പിന്റെ അത്യന്തം ആഹ്ളാദകരമായ ഉന്മാദ തരംഗങ്ങൾ പായിച്ചു. താമസംവിനാ അവിടെ ഉദ്ഖനനങ്ങൾ നടന്നു. ഇയ്യം കൊണ്ടുള്ള താളുകൾ ഇയ്യം കൊണ്ടുതന്നെയുള്ള കമ്പികളുപയോഗിച്ച് തുന്നിച്ചേർത്ത വൃത്താകാരത്തിലുള്ള 22 പുസ്തകങ്ങൾ ലഭിച്ചു. കന്യാമറിയം വിശുദ്ധ പത്രോസുമായി നടത്തുന്ന സംഭാഷണത്തിന്റെ ‘ആധികാരികരേഖകൾ’ ലഭിച്ചുവെന്ന് പരക്കെ വിളംബരം ചെയ്യപ്പെട്ടു. ഒരുപോലെ, കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകൾക്കുമിടയിൽ വിഷയം ചർച്ചയായി.

അറബി ഭാഷയെന്നു കേട്ടാൽ കാർക്കിച്ചു തുപ്പുന്നവരിൽ നിന്ന് അറബി ഭാഷാവിരോധം തൽക്കാലത്തേങ്കിലും നീങ്ങിപ്പോയി. കണ്ടെടുക്കപ്പെട്ട ലിഖിതങ്ങളിൽ കന്യാമറിയവും പത്രോസും തമ്മിൽ സംസാരിക്കുന്നത് അറബിയിലാണ്. താളുകൾ പരിഭാഷ ചെയ്യാനായി ചർച്ച് മോറിസ്കോകളുടെ സഹായം തേടി. എന്നാൽ, അധികം കഴിഞ്ഞില്ല, കണ്ടെടുക്കപ്പെട്ട താളുകൾക്ക് യാഥാർത്ഥ്യങ്ങളുമായി ഒരു ഒക്കായ്ക എഴുന്നു നിന്നു. അത്യന്തം കൗതുകകരമായ ചില ലിഖിതങ്ങളുണ്ടവയിൽ. “അല്ലാഹുവല്ലാതെ ആരാധ്യനില്ല, മസീഹ് അല്ലാഹുവിന്റെ ആത്മാവാണ്, ഈ ഗ്രന്ഥം മുഴുക്കെ ഈസാ മസീഹിനെക്കുറിച്ചുള്ളതാണ്” എന്നിങ്ങനെ… അതേസമയം, യേശു ദൈവ പുത്രനാണെന്ന് രേഖയിലെവിടെയുമില്ല. വിശുദ്ധ പൗലോസും എവിടെയും കടന്നുവരുന്നില്ല. ഇതോടെ കൊട്ടിഘോഷിക്കപ്പെട്ട ‘ആധികാരികരേഖ’യുടെ അടപ്പൂരി.

രേഖകളെക്കുറിച്ചുള്ള ചർച്ചകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് പിൻവാങ്ങാൻ മടിച്ചുവെങ്കിലും 1682 ൽ ഇതു സംബന്ധിച്ച സംസാരങ്ങൾക്കുതന്നെ വത്തിക്കാൻ കർശനമായ വിലക്കേർപ്പെടുത്തി. Steven Nightingale, പേജ് 95, 96)

ഈ താളുകളുടെ യഥാർത്ഥ അവകാശികൾ ഗ്രാനഡയിലെ, പുറമേ ക്രിസ്തുമതം പുലർത്തുന്ന മോറിസ്കോകളാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട് ചില പണ്ഡിതന്മാർ (ഡോ. റാഷിദ് ഷാസ്, ലാ യമൂത്: ഏക് ഖുദ് നവിഷ്ത്, പേജ് 76) ‘രേഖകളു’ടെ പരിഭാഷകരായ ലൂനാ, കെസ്റ്റിലോ എന്നീ മോറിസ്കോകൾ, തങ്ങളുടെ ഭാഷയോടും സംസ്കാരത്തോടുമുള്ള സ്പാനിഷ് കത്തോലിക്കരുടെ വിരോധം ശമിപ്പിക്കാൻ നടത്തിയ സോദ്ദേശക ശ്രമങ്ങളുടെ ഭാഗമായിരുന്നുവത്രെ ഈ കബളിപ്പിക്കൽ; അവയൊന്നും ഫലം ചെയ്തില്ല എന്നത് വേറെ കാര്യം.

എന്നാൽ, യേശുക്രിസ്തു ദൈവപുത്രനാണെന്നംഗീകരിക്കാത്ത സ്പെയ്നിലെ ആര്യൻ ക്രിസ്ത്യാനികൾ (Aryan Visigoths of Spain) ആകാം അവയുടെ അവകാശികൾ എന്ന് നൈറ്റിംഗെയ്ൽ സംശയിക്കുന്നു. പഴയ ഇൻഡ്യയിൽ ഉർദു എന്ന പോലെ അന്നത്തെ സ്പെയ്നിലെ വ്യവഹാര ഭാഷ അറബിയായിരുന്നല്ലോ.

ഗ്രാനഡയുടെ വീഴ്ചക്കു ശേഷം ഒന്നര-രണ്ട് നൂറ്റാണ്ടോളം മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനുള്ള ജിഹാദ് തുടർന്നു കൊണ്ടിരുന്നു. ക്രിസ്ത്യൻ സ്പെയ്നിന്റെ വീണ്ടെടുപ്പ് (Reconquestia) വേളയിൽ, പഴയ മുസ്‌ലിം ഭരണത്തിനു കീഴിൽ അനുവദിക്കപ്പെട്ടിരുന്ന ‘ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കാം’ എന്ന് ഫെർഡിനാൻഡ്-ഇസ്ബെൽ സഖ്യം കരാർ ഒപ്പിട്ടിരുന്നുവെങ്കിലും അധികം താമസിയാതെ അത് ലംഘിക്കപ്പെട്ടു. അറബി സംസാരിക്കുക, അറബി പുസ്തകങ്ങൾ കൈവശം വെക്കുക, അറബികളുടെ രൂപത്തിൽ അഭിവാദ്യം ചെയ്യുക, അവരെപ്പോലെ പുറത്തിറങ്ങുക, മുസ്‌ലിം വസ്ത്രങ്ങൾ ധരിക്കുക, മുസ്‌ലിം ഭക്ഷണം കഴിക്കുക എന്നതെല്ലാം ശിക്ഷാർഹമായി പ്രഖ്യാപിക്കപ്പെട്ടു. എത്രത്തോളമെന്നോ? കുളിക്കുന്നതും വസ്ത്രമലക്കുന്നതും അവർ അങ്ങേയറ്റം വെറുത്തു, കാരണം അവ മുസ്‌ലിംകളുടെ രീതിയായിരുന്നു! (ജവാഹർലാൽ നെഹ്റു, Glimpses of World History, Cordoba and Granada എന്ന അധ്യായം നോക്കുക.)

നമ്മുടെ നാട്ടിലെ, ഘർവാപ്സിയും ഉർദുവിനെതിരെയുള്ള നീക്കങ്ങളും ഹലാൽ- ഹിജാബ് വിവാദങ്ങളുമൊന്നും ശൂന്യതയിൽ നിന്ന് പൊട്ടിമുളച്ചവയല്ല എന്ന് സാരം. സൂചിപ്പിച്ചുവല്ലോ, ഇൻഡ്യയിലെ സംഘ് പരിവാറിന്റെ മാതൃകകളിൽ ഹിറ്റ്ലറുടെ ജർമ്മനി മാത്രമല്ല ഉള്ളത്; ഫെർഡിനാൻഡ് മുതൽ ജനറൽ ഫ്രാങ്കൊ വരെയുള്ളവരുടെ സ്പെയ്നുമുണ്ട്. ജർമൻ ഹോളൊകോസ്റ്റ് മാത്രമല്ല, സ്പാനിഷ് ഇൻക്വിസിഷനുമുണ്ട്.

മോറിസ്കോകളുടെ ജീവിതം ദുസ്സഹമായി വന്നു. കാശിനു പകരം പലായനം എന്ന ഒരു തെരഞ്ഞെടുപ്പ് അവർക്കു മുമ്പിൽ ഭണകൂടം ഇട്ടുകൊടുത്തു, പക്ഷേ, ക്രൂരമായ നിബന്ധനകളോടെ- അവരുടെ കൊച്ചു കുട്ടികളെ ഭരണകൂടത്തെ ഏൽപ്പിക്കണം. കുട്ടികൾ ക്രിസ്ത്യാനികളാണ്. ‘ഘർവാപ്സി’യിലൂടെ ലഭിച്ച ക്രിസ്ത്യൻ കുട്ടികളെ വളർത്താൻ മുസ്‌ലിം മാതാപിതാക്കളെ ഏൽപ്പിക്കാനാവില്ല. ആ മാതാപിതാക്കൾ എന്തു ചെയ്തുകാണും? അവർ തങ്ങളുടെ മക്കളെ കൊന്നുകാണുമോ? എന്നിട്ട് നമ്മുടെ നടപ്പുകാലത്തെ ആചാരം പോലെ സ്വയം ജീവനൊടുക്കിക്കാണുമോ? അവരുടെ വിശ്വാസം അതിനവരെ അനുവദിച്ചു കാണുമോ?
ഈമാൻ മുഝെ റോക്കേ ഹെ
ജൊ ഖീചേ മുഝെ കുഫ്റ്
കാബാ മെരെ പീഛേ ഹെ
കലീസാ മെരെ ആഗേ
(വിശ്വാസം എന്നെ പിടിച്ചുവെക്കുന്നുണ്ട്,
അവിശ്വാസം പിടിച്ചുവലിക്കുന്നുമുണ്ട്,
ക’അബ എന്റെ പിന്നിലും
ചർച്ച് എന്റെ മുന്നിലുമുണ്ട്) എന്ന് ഒന്നര നൂറ്റാണ്ട് മുമ്പ് ഡൽഹിയിൽ മിർസാ ഗാലിബ് അനുഭവിച്ച അതേ സന്ദിഗ്ധത അവരും അനുഭവിച്ചു കാണില്ലേ? (മുഗൾ ഭരണം ഏതാണ്ട് തകരുമെന്ന ഘട്ടത്തിൽ 1853 ലാണ് ഡൽഹി കോളെജിൽ ഇംഗ്ലീഷ് ഡിപാർട്മെന്റ് നിലവിൽ വരുന്നത്. അതോടെ പഴയ രീതികളെ വിട്ട് പുതിയവ പുൽകണമെന്ന കാഴ്ചപ്പാട് ഡൽഹിയിലെ ബുദ്ധിജീവികൾക്കിടയിൽ ശക്തിയായി ഉയർന്നുവന്നു. മാസ്റ്റർ രാമചന്ദ്രയടക്കമുള്ള തന്റെ പ്രിയസുഹൃത്തുക്കളിൽ പലരും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു ധർമ്മസങ്കടത്തിലാണ് ഗാലിബ് ഈ വരികൾ കുറിക്കുന്നത് എന്നതും മോറിസ്കോകളുടെ അന്നത്തെ മാനസികാവസ്ഥയുമായി തുലനം ചെയ്യാവുന്നതാണ്.)

തുടക്കത്തിൽ പരാമർശിക്കപ്പെട്ട ഉർദു നോവലിലേക്ക് വീണ്ടും വരാം. ഫാത്വിമ എന്ന അഞ്ച് വയസ്സുകാരിയുടെ ചിത്രം തെളിയുമ്പോഴെല്ലാം കണ്ണുകൾ ഈറനണിയുന്നു. സ്പെയ്നിൽ അവശേഷിച്ച മോറിസ്കോകൾ ബലമായി പുറംതള്ളപ്പെട്ടു കൊണ്ടിരുന്ന സമയം. മകളെ അവിടെ ഉപേക്ഷിക്കാൻ നിർബന്ധിതനായ അവളുടെ പിതാവ് ഇടറിയതും അടഞ്ഞതുമായ സ്വരത്തിൽ, “ഫാത്വിമാ, മ’അസ്സലാമ” എന്ന് വിടചൊല്ലുമ്പോൾ അവളുടെ കണ്ണുകളിൽ ഉപ്പുനീർ പെരുകിപ്പൊങ്ങി. കദനം കൊണ്ട് ശരീരം തേങ്ങിക്കുലുങ്ങി. അവൾക്കറിയാമായിരുന്നു, പിതാവിന്റെ വീശിക്കൊണ്ടിരിക്കുന്ന കൈകൾ അല്പ നിമിഷങ്ങൾക്കകം കാണാമറയത്തേക്ക് മാറുന്നതോടെ ഈ അറബിപ്പേര് ചൊല്ലി തന്നെ വിളിക്കാൻ ഇനിയാരും ആ തുറയിലിൽ അവശേഷിക്കുന്നില്ല എന്ന്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.