പോണോഗ്രഫിക്കെതിരെ ജിഹാദ് ചെയ്യുക

//പോണോഗ്രഫിക്കെതിരെ ജിഹാദ് ചെയ്യുക
//പോണോഗ്രഫിക്കെതിരെ ജിഹാദ് ചെയ്യുക
ആനുകാലികം

പോണോഗ്രഫിക്കെതിരെ ജിഹാദ് ചെയ്യുക

Print Now
“ഞാനൊരു വിദ്യാർത്ഥിയാണ്; മതസ്‌നേഹിയും. ആരാധനാകാര്യങ്ങളിൽ നിഷ്‌ഠയുണ്ട്. പക്ഷേ, ഒരു പ്രതിസന്ധിയിലാണ് ഞാൻ. ലൈംഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതു ദൃശ്യവും എന്നെ വികാരാധീനനാക്കുന്നു. അപ്പോൾ എനിക്ക് ഒട്ടും ആത്മനിയന്ത്രണം സാധിക്കുന്നില്ല. ഇടക്കിടെ കുളിക്കുകയും അടിവസ്ത്രങ്ങൾ വൃത്തിയാക്കേണ്ടിവരികയും ചെയ്യുന്നത് എന്നെ വല്ലാതെ കുഴക്കുന്നു. മതനിഷ്ഠയോടെ ജീവിക്കാൻ കഴിയുന്ന ഒരു പരിഹാരം നിർദേശിച്ചാലും!”

“ഇരുപത് വയസ് പ്രായമുള്ള ഒരു യുവാവാണ് ഞാൻ. അഞ്ചു നേരത്തെ നമസ്‌കാരങ്ങൾ കൃത്യമായി നിർവഹിക്കുകയും റമദാനിൽ നോമ്പനുഷ്ഠിക്കുകയും അമുസ്‌ലിംകൾക്കിടയിൽ ഇസ്‌ലാമിക പ്രബോധനം നിർവഹിക്കുകയുമെല്ലാം ചെയ്യുന്നു. പക്ഷേ, എന്റെ തിന്മകൾ കാരണം ഇതെല്ലാം ഒരു കാപട്യമായി എനിക്കനുഭവപ്പെടുന്നു. ഞാൻ അല്ലാഹുവിനെ നന്നായി ഭയപ്പെടുകയും ഖുർആനിനെയും പ്രവാചകചര്യയെയും ആദരിക്കുകയും ചെയ്യുന്നു. എന്നിട്ടും എനിക്ക് തിന്മകൾ നിർത്താൻ സാധിക്കുന്നില്ല. ഞാൻ പോണോഗ്രഫി കാണുന്നതിന് അടിമപ്പെട്ടിരിക്കുന്നു. അത് ഹറാമാണെന്ന് അറിഞ്ഞിട്ടുപോലും അതിൽനിന്ന് മോചനം നേടാൻ എനിക്ക് കഴിയുന്നില്ല. പല തവണ അത് നിർത്താൻ ശ്രമിച്ചു. പക്ഷേ, നിർത്തിയ ശേഷം വീണ്ടും അതിലേക്ക് തിരിച്ചു പോകുന്നു. ഓരോ തവണ അതിലേക്ക് തിരിച്ചു പോകുമ്പോഴും, അതിൽനിന്ന് മോചനം നേടുകയെന്നത് മുമ്പത്തേതിനേക്കാൾ കഠിനമായി അനുഭവപ്പെടുന്നു. ഞാനെന്തു ചെയ്യും? എനിക്കിതിൽനിന്ന് മോചനം നേടാൻ സഹായകമായ ഒരു മാർഗം ഖുർആനിനെയും ഹദീഥുകളെയും അടിസ്ഥാനമാക്കി നിർദേശിക്കാമോ? ഇതിൽനിന്ന് മോചനം സാധ്യമാണെന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ട്. പക്ഷേ, എന്റെ വികാരങ്ങളെ പ്രതിരോധിക്കുവാൻ പര്യാപ്‌തമായ രീതിയിൽ എന്റെ ഇസ്‌ലാമിക വിശ്വാസവും മനസും ശക്തമാക്കുവാൻ ഞാനെന്ത് ചെയ്യണം?”

ഇവയെല്ലാം ആധുനികകാലഘട്ടത്തിലെ യുവസുഹൃത്തുക്കളിൽനിന്ന് ഇസ്‌ലാമിക പണ്ഡിതരും പ്രബോധകരും നേരിടുന്ന ചോദ്യങ്ങളിൽ ചിലതു മാത്രം. മതാഭിമുഖ്യം പുലർത്തുകയും തിന്മകളിൽനിന്നുള്ള മോചനം ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്ന കളങ്കരഹിതമായ മനസുകളിൽനിന്നുയർന്നു വരുന്ന ചോദ്യങ്ങൾ..
ഇന്നത്തെ യുവസമൂഹം നേരിടുന്ന ഒരു വൻ വെല്ലുവിളിയാണ് പോണോഗ്രഫിയടക്കമുള്ള നഗ്നദൃശ്യങ്ങളുടെ വ്യാപനം. കുട്ടികളിൽ പ്രകൃതിപരമായി അതിശക്തമായ ലൈംഗിക താൽപര്യങ്ങൾ ഉടലെടുക്കുന്ന പ്രായമാണല്ലോ കൗമാരപ്രായം. ഈ ലൈംഗിക താൽപര്യത്തെ വളരെ സമർത്ഥമായി ചൂഷണം ചെയ്യുകയാണ് പോണോഗ്രഫി ചെയ്യുന്നത്. നഗ്നദൃശ്യങ്ങളിലേക്ക് നയിക്കുന്ന പോസ്റ്ററുൾ ഇന്ന് വഴിയോരങ്ങളിൽപ്പോലും കുത്തിനിറയ്ക്കപ്പെട്ടിരിക്കുന്നു. ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അമിതമായ ഉത്പാദനത്തിലേക്കും അതുവഴി ലൈംഗികവൈകൃതങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കുമാണ് ഇത്തരം ദൃശ്യങ്ങൾ യുവസമൂഹത്തെ നയിക്കുന്നത്. കാഴ്ചയിലൂടെ ലൈംഗികോദ്ദീപനം സംഭവിക്കുന്നത് പ്രധാനമായും പുരുഷനിലായതിനാൽ പുരുഷന്മാരാണ് നഗ്നദൃശ്യങ്ങൾക്ക് അടിമപ്പെടുന്നതിൽ ബഹുഭൂരിപക്ഷവുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇഹലോകത്തു മാത്രമല്ല, പരലോകത്തും വൻ നഷ്ടങ്ങളാണ് ഇത്തരം ദൃശ്യങ്ങളുടെ ആസ്വാദനം വഴി സംഭവിക്കുന്നത്.

നഗ്നദൃശ്യങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനും അത്തരം ദൃശ്യങ്ങൾ കാണുകയെന്ന വിപത്തിൽ പെട്ടു പോയവർക്ക് അതിൽ നിന്ന് മോചനം നേടുന്നതിനും ആവശ്യമായ ചില ഇസ്‌ലാമിക നിർദേശങ്ങൾ യുവസമൂഹത്തിനായി സമർപ്പിക്കുന്നു.

1. അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധം

അല്ലാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്നും നമ്മുടെ പ്രവർത്തനങ്ങൾ പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള കൃത്യമായ അവബോധമാണ് നമ്മുടെ രഹസ്യജീവിതത്തിന്റെ ശുദ്ധീകരണത്തിന് പ്രാഥമികമായി വേണ്ടത്. ആരും കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട്. അല്ലാഹുവിന്റെ നിരീക്ഷണത്തിൽനിന്ന് നമ്മുടെ ഇന്റർനെറ്റ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുവാൻ സാധ്യമല്ല എന്ന വസ്‌തുത നാം സദാ ഓർമ്മിക്കേണ്ടതുണ്ട്. നമ്മെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത നാഥനാണ് അല്ലാഹു. നമ്മുടെ ഹൃദയമിടിപ്പുകളെ നിയന്ത്രിക്കുന്നവൻ..നമ്മുടെ മനസുകൾക്കകത്തുള്ളത് കൃത്യമായി അറിയുന്നവൻ…അവൻ നമ്മുടെ ഓരോ പ്രവർത്തനവും സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: “കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു.”(6:103). “…അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല…”(6:59).

2. ഖുർആനുമായുള്ള ആത്മബന്ധം

ഖുർആനുമായുള്ള ആത്മന്ധം ജീവിതവിശുദ്ധി കൈവരിക്കുന്നതിനും അത് നിലനിർത്തുന്നതിനുമുള്ള മികവുറ്റ ഒരു മാർഗമാണ്. അല്ലാഹുവിന്റെ വചനങ്ങളാണ് ഖുർആൻ. ഖുർആൻ പാരായണം ചെയ്യുന്നതോടൊപ്പം തന്നെ അതിന്റെ പഠനത്തിനും സമയം കണ്ടെത്തുക. മികച്ച ഖുർആൻ പരിഭാഷകളും വ്യാഖ്യാന ഗ്രന്ഥങ്ങളും ഇന്ന് മലയാളത്തിൽ തന്നെ ലഭ്യമാണ്. അവ നന്നായി പ്രയോജനപ്പെടുത്തുക. സുബ്‌ഹ്‌ നമസ്‌കാരശേഷമുള്ള സമയം ഖുർആൻ പഠനത്തിനായി വിനിയോഗിക്കുന്നത് ഏറെ ഗുണകരമായിരിക്കും. ഇതിനായി ശാന്തമായ നല്ലൊരു അന്തരീക്ഷവും കണ്ടെത്താം. അതിസുന്ദരമായ ഖുർആൻ പാരായണങ്ങൾ നമ്മുടെ മൊബൈൽ ഫോണുകളിൽ സ്ഥാനം പിടിക്കട്ടെ. കർണങ്ങൾക്ക് ആനന്ദവും മനസിന് ഏറെ ഉന്മേഷവും പകരുന്ന വിവിധ ഖാരിഉകളുടെ ഇമ്പമാർന്ന ഖുർആൻ പാരായണങ്ങൾ ഇന്ന് യൂട്യൂബിൽ സുലഭമാണ്. അവയിൽനിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് മൊബൈൽ ഫോണിൽ സേവ് ചെയ്‌ത്‌ ഉപയോഗപ്പെടുത്തുന്നത് ജീവിതത്തിൽ നന്മയുടെ വാതായനങ്ങൾ തുറന്നു തരും. അങ്ങനെ വിശുദ്ധ ഗ്രന്ഥത്തെ നമ്മുടെ ഉറ്റ സുഹൃത്താക്കാം. ഖുർആൻ പാരായണവും അതിന്റെ പരിഭാഷയും അടങ്ങിയ ഓഡിയോകളും ഇന്ന് ലഭ്യമാണ്. അവ കേൾക്കുന്നത് വല്ലാത്തൊരനുഭൂതിയായിരിക്കും സൃഷ്ടിക്കുക. ഖുർആനിലെ സ്വർഗത്തെക്കുറിച്ചുള്ള പരാമർശങ്ങളും അവയുടെ വ്യാഖ്യാനങ്ങളും പ്രത്യേകമായി വായിക്കുവാനും പഠിക്കുവാനും ശ്രമിക്കുക. അങ്ങനെ ഖുർആനിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം തിരഞ്ഞെടുക്കുന്നതെങ്കിൽ പിന്നെ നമ്മുടെ രഹസ്യജീവിതത്തിൽ അശ്ലീലതയെ ചെറുക്കുവാൻ നമുക്ക് സാധിക്കും.

3. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച ഭയം

നാം കണ്ട കാഴ്ചകളെക്കുറിച്ച് വിചാരണ ചെയ്യപ്പെടുന്ന ഒരു ദിനം വരുന്നുണ്ടെന്ന ബോധമാണ് നമ്മെ നയിക്കേണ്ടത്. നഗ്നദൃശ്യങ്ങൾ കണ്ടാസ്വദിക്കുകയെന്നത് ഇസ്‌ലാമിൽ വ്യക്തമായും നിഷിദ്ധമാക്കപ്പെട്ട കാര്യമാണ്. പരലോകത്ത് നമുക്ക് വലിയ നഷ്ടമാണ് നയനഭോഗം വഴി സംഭവിക്കുന്നത്. “മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക” എന്ന് ഖുർആൻ നമ്മെ ഉണർത്തുന്നു (2:24). നാം സാധാരണ കത്തിക്കുന്ന തീയിൽ കല്ലുകൾ എരിയുകയില്ലല്ലോ..എന്നാൽ നരകത്തിലെ തീയിൽ കല്ലുകൾ പോലും ഇന്ധനമാണെന്ന് ഖുർആൻ പറയുമ്പോൾ നരകത്തീയിന്റെ ചൂടിന്റെ കാഠിന്യത്തെക്കുറിച്ച ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. പരലോകത്ത് സംഭവിക്കുന്ന നഷ്ടമാണ് ഏറ്റവും വലിയ നഷ്‌ടം. ഇഹലോകത്തെ കാലദൈർഘ്യമാകട്ടെ പരലോകത്തെ അപേക്ഷിച്ച് വളരെ ചെറുതുമാണ്. അതിനാൽ ഇവിടെ നാം ക്ഷമ പാലിച്ചാൽ അല്ലാഹുവിന്റെ കാരുണ്യത്താൽ വലിയ നഷ്ടത്തെ തടുക്കുവാൻ നമുക്ക് സാധിക്കും.

4. സ്വർഗത്തെക്കുറിച്ച പ്രതീക്ഷ

സൽക്കർമകാരികൾക്കായി അല്ലാഹു ഒരുക്കിവച്ചിട്ടുള്ള പാരിതോഷികമാണ് സ്വർഗം. സ്വർഗത്തെക്കുറിച്ച ഖുർആനിലെയും ഹദീഥുകളിലെയും പരാമർശങ്ങളെക്കുറിച്ച ചിന്തയും സ്വർഗം നേടുന്നതിനായുള്ള പ്രയത്നവും വിശുദ്ധജീവിതം നയിക്കുന്നതിന് ഏറെ പര്യാപ്തമാണ്. “ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസിലും വിരിയാത്തതുമായ അനുഭൂതികളുടെ സ്വർഗം” എന്നാണ് സ്വർഗത്തെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത് (ബുഖാരി). ഖുർആൻ പറയുന്നു: “(നബിയേ,) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍, ഇതിന്‌ മുമ്പ്‌ ഞങ്ങള്‍ക്ക്‌ നല്‍കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍ പറയുക. (വാസ്തവത്തില്‍) പരസ്പര സാദൃശ്യമുള്ള നിലയില്‍ അതവര്‍ക്ക്‌ നല്‍കപ്പെടുകയാണുണ്ടായത്‌. പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും” (2:25). സ്വർഗസ്ത്രീകളെക്കുറിച്ച് ഖുർആനിലെ സൂറത്ത് അർറഹ്മാനിലെ ഒരു പരാമർശം കാണുക: “അവയില്‍ (സ്വർഗീയാരാമങ്ങളിൽ) ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ (സ്വർഗവാസികൾക്ക്) മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.”(55:56). ഈ നാരീമണികളുടെ യഥാര്‍ഥ നന്മ അവര്‍ നാണമില്ലാത്തവരോ കൂസലില്ലാത്തവരോ അല്ല എന്നതാകുന്നു. അവരുടെ നയനങ്ങളിലതു വഴിയുന്നുണ്ടാകാം. അതുകൊണ്ടാണ് സ്വര്‍ഗീയാനുഗ്രഹങ്ങള്‍ വര്‍ണിക്കുന്നതിനിടക്ക് സ്വര്‍ഗീയ തരുണികളെ പരാമര്‍ശിക്കേണ്ടിവന്നപ്പോള്‍ അല്ലാഹു ആദ്യമായി അവരുടെ അഴകും വടിവും വര്‍ണിക്കാതെ വിശുദ്ധിയും ലജ്ജാസ്വഭാവവും വര്‍ണിക്കുന്നത്. സുന്ദരികള്‍ സങ്കരക്ലബുകളിലും ചലച്ചിത്ര നിര്‍മാണകേന്ദ്രങ്ങളിലും ഒന്നിച്ചുകൂടാറുണ്ട്. സൗന്ദര്യമത്സരങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തി ഒരുവള്‍ക്ക് സുന്ദരിപ്പട്ടം ചാര്‍ത്തുന്ന പതിവുമുണ്ട്. ആസ്വാദനശേഷി മ്ലേച്ഛമായവര്‍ക്കേ അതില്‍ രസം കൊള്ളാന്‍ കഴിയൂ. നയനഭോഗികളെ ക്ഷണിക്കുന്ന അക്ഷിവിക്ഷേപങ്ങളെയും കൊഞ്ചിക്കുഴയലുകളെയും അലങ്കാരമാക്കാന്‍ തയ്യാറാകുന്ന സൗന്ദര്യം മാന്യന്‍മാരില്‍ താല്‍പര്യം ജനിപ്പിക്കുകയില്ല (www.thafheem.net). സ്വർഗീയ വനിതകളുടെ സൗന്ദര്യത്തെയും ഖുർആൻ വർണിക്കുന്നുണ്ട്: “വിശാലമായ നയനങ്ങളുള്ള സുന്ദരികളായ തരുണികളും (സ്വർഗസ്ഥർക്കുണ്ട്). (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുകളെന്നോണം അഴകുറ്റവർ.” (56:22-23). “അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.”(55:58). “അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും (മനുഷ്യരുടെയും ജിന്നുകളുടെയും) രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട ഹൂറികൾ!” (55:70-72). കറുത്ത കൃഷ്ണമണിയും തൂവെള്ള കൺവെള്ളയുമടങ്ങുന്ന വിശാലമായ നയനങ്ങളുള്ളവർ എന്നാണ് സ്വഹാബികൾ ഹൂറുൽ ഈനിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ‘ഹൂർ’ എന്നാൽ കറുത്ത കൃഷ്ണമണിയുള്ളവൾ എന്നാണ് ഉദ്ദേശ്യമെന്ന് പ്രവാചക ശിഷ്യന്മാരായ ഇബ്നു അബ്ബാസ് (റ), അബൂദർറ് (റ) എന്നിവർ പ്രസ്‌താവിച്ചിരിക്കുന്നു (ബുഖാരി). “തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.” (ഖുർആൻ 56:35-37). ഒരു ഹദീഥ് കാണുക- നബി ﷺ പറഞ്ഞു: “സ്വർഗവാസികളിലെ ഒരു സ്ത്രീ ഭൂവാസികളിലേക്ക് എത്തിനോക്കിയിരുന്നുവെങ്കിൽ അവൾ വാനത്തിനും ഭൂമിക്കുമിടയിൽ പ്രഭ പരത്തുമായിരുന്നു. അവൾ അവിടം സുഗന്ധം നിറക്കുമായിരുന്നു. അവളുടെ ശിരോവസ്ത്രം ഈ ലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാണ്.” (ബുഖാരി). സ്വർഗസ്ഥനായ പുരുഷന് ഇണയായി സ്ത്രീയെ ലഭിക്കുന്നത് പോലെ സ്വർഗ പ്രവേശനം ലഭിക്കുന്ന സ്ത്രീക്ക് പുരുഷനെ ഇണയായി ലഭിക്കും. സ്ത്രീയാകട്ടെ പുരുഷനാകട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന ഏതൊരാൾക്കും സ്വർഗവും സ്വർഗത്തിൽ ഇച്ഛിക്കുന്ന സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. “ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (ഖുർആൻ: 16:97). വേറെയും നിരവധി സ്വർഗീയാനുഗ്രഹങ്ങളെക്കുറിച്ച പരാമർശങ്ങൾ ഖുർആനിലും നബിവചനങ്ങളിലുമുണ്ട്. ഏറ്റവും ശ്രേഷ്ഠമായ സമ്മാനമാണ് സ്വർഗം. സ്വർഗം നേടിയെടുക്കുന്നതിന് വേണ്ടിയാണ് നാം മത്സരിക്കേണ്ടത്.

5. കണ്ണുകൾ താഴ്‌ത്തുക

നഗ്‌ന ദൃശ്യങ്ങൾ ഏറെ വ്യാപകമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്തരം ദൃശ്യങ്ങൾ കൺമുന്നിലെത്തിയാൽ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്നുകൊണ്ടും അവന്റെ സ്വർഗീയാനുഗ്രഹങ്ങളെ കാംക്ഷിച്ചുകൊണ്ടും നമ്മുടെ കണ്ണുകളെ അത്തരം ദൃശ്യങ്ങളിൽനിന്ന് ഉടനടി മാറ്റുവാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നഗ്നതയും അർദ്ധനഗ്നതയുമെല്ലാം നമ്മുടെ കൺമുന്നിലെത്തിയിട്ടും അത്തരം ദൃശ്യങ്ങളിൽനിന്ന് അല്ലാഹുവിന്റെ മാർഗത്തിൽ വിട്ടുനിൽക്കുക വഴി ഈമാനിന്റെ മാധുര്യം നമുക്ക് അനുഭവിച്ചറിയാനാകും. അന്യരായ സ്‌ത്രീ പുരുഷന്മാർ തമ്മിൽ വികാരപൂർവമുള്ള നോട്ടം പോലും ഉപേക്ഷിക്കണമെന്നാണ് ഖുർആനിന്റെ അനുശാസന: “(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”(24:30,31)

6. നമസ്‌കാരങ്ങൾ ഭക്തിപൂർവ്വം നിർവഹിക്കുക

അല്ലാഹുവുമായുള്ള കൂടിക്കാഴ്ച്ചയാണല്ലോ അഞ്ചു നേരത്തെ നമസ്‌കാരങ്ങൾ. അവ ഭയഭക്തിയോടെ നിർവഹിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നമസ്കാരങ്ങളിൽ നാം ചൊല്ലുന്ന പ്രാർത്ഥനകളുടെയും സ്തുതികീർത്തനങ്ങളുടെയുമെല്ലാം അർത്ഥം മനസിലാക്കി നമസ്‌കാരം നിർവഹിക്കുന്നത് ഭയഭക്തി ലഭിക്കുന്നതിന് ഏറെ സഹായകമാണ്. ഈ രൂപത്തിൽ നമസ്‌കാരങ്ങൾ നിർവഹിക്കുക വഴി നാം വിമലീകരിക്കപ്പെടുന്നു. ഒരു ദാസൻ അല്ലാഹുവുമായി ഏറ്റവുമധികം അടുക്കുന്നത് നമസ്കാരത്തിലെ സുജൂദിൽ വച്ചാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. നമസ്‌കാരം നീചകൃത്യങ്ങളെ തടയുമെന്നാണ് ഖുർആനിന്റെ അധ്യാപനം: “(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക്‌ ബോധനം നല്‍കപ്പെട്ടത്‌ ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത്‌ അല്ലാഹു അറിയുന്നു.”(29:45)

7. പ്രാർത്ഥിക്കുക

പ്രാർത്ഥനയാണ് വിശ്വാസിയുടെ ആയുധം. പോണോഗ്രാഫിയടക്കമുള്ള നഗ്നദൃശ്യങ്ങളുടെ ആസ്വാദനത്തിൽ പെട്ടു പോയാൽ അതിൽനിന്നുള്ള മോചനത്തിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുക. രാത്രിയിൽ തഹജ്ജുദ് നമസ്‌കാരം നിർവഹിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ ഏറെ ഗുണകരമായിരിക്കും. രാത്രിയുടെ അന്ത്യയാമങ്ങളിൽ നടത്തപ്പെടുന്ന പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അല്ലാഹുവുമായി അടുക്കുവാൻ ലഭിക്കുന്ന അമൂല്യമായ സന്ദർഭമാണത്. സൗകര്യപ്പെടുന്ന രാത്രികൾ ഇതിനായി തിരഞ്ഞെടുക്കാം. അകപ്പെട്ടിരിക്കുന്ന തിൻമയിൽനിന്നുള്ള മോചനത്തിനായി അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക; അവൻ സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെ. നമ്മെ സൃഷ്‌ടിച്ച നമ്മുടെ നാഥനാണല്ലോ നമ്മെ ഏറ്റവും നന്നായി അറിയുക. ഹൃദയത്തിനകത്തുള്ളത് കൃത്യമായി അറിയുന്ന ആ കാരുണ്യവാനോട് കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുണ്ടാവട്ടെ. നിഷ്കളങ്കഹൃദയങ്ങളിൽ നിന്നുള്ള പ്രാർത്ഥനകൾ അവൻ സ്വീകരിക്കുക തന്നെ ചെയ്യും. പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള ദിക്റുകൾ അർത്ഥമറിഞ്ഞ് ഭക്തിപൂർവ്വം ചൊല്ലുന്നത് ഒരു ശീലമാക്കുകയും ചെയ്യുക. അതും വലിയ ഗുണഫലങ്ങളുളവാക്കും.

8. ഐച്ഛിക വ്രതാനുഷ്ഠാനങ്ങൾ

സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്നത് കണ്ണുകൾ നിയന്ത്രിക്കുന്നതിന് ഏറെ സഹായകമാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. പല സുന്നത്തുനോമ്പുകളും സ്വഹീഹായ ഹദീഥുകളിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പുകൾ ഉദാഹരണം. സൗകര്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം നോമ്പുകൾ അനുഷ്ഠിക്കുന്നത് വഴി അശ്ലീലതയ്‌ക്കെതിരെ നല്ലൊരു പ്രതിരോധം തീർക്കുവാൻ നമുക്ക് സാധിക്കും. വ്രതാനുഷ്ഠാനം ശരീരത്തിന് കടിഞ്ഞാണിടാനും ദേഹേച്ഛയുടെ കാഠിന്യം കുറയ്‌ക്കുവാനും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുവാനും സഹായകമാണ്.

9. പശ്ചാത്തപിക്കുക

സംഭവിച്ചു പോയ തിന്മകൾ അല്ലാഹുവിനോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കുക. ഖുർആൻ വ്യക്തമാക്കുന്നു: “വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട്‌ തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക്‌ മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി (സ്വർഗം ഒരുക്കപ്പെട്ടിരിക്കുന്നു). പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!”(3:135,136). സൂറത്ത് ആലു ഇംറാനിൽ സ്വർഗാവകാശികളായ ദാസന്മാരുടെ ഗുണങ്ങൾ വിവരിക്കവെയാണീ സൂക്തങ്ങൾ. മലയാളത്തിലെ പ്രമുഖ ഖുർആൻ വ്യാഖ്യാനമായ അമാനി തഫ്‌സീറിൽ ഈ സൂക്തങ്ങളെ വിശദീകരിച്ചുകൊണ്ട് പറയുന്നത് കാണുക: “വല്ല നീചകൃത്യമോ, സ്വന്തം ദേഹത്തോട് തന്നെയുള്ള അക്രമമോ ചെയ്തുപോയാല്‍ അല്ലാഹുവിനെ ഓര്‍മവരികയും, ഉടനെ പാപമോചനം തേടുകയും ചെയ്യുന്നവരാണവർ. അതായത് വല്ല പാപവും ചെയ്തുപോയാല്‍ ഉടനെത്തന്നെ കുറ്റബോധം വരുകയും, അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരുമെന്ന ഭയം ജനിക്കുകയും, അങ്ങനെ പശ്ചാത്തപിച്ച് പൊറുക്കലിനപേക്ഷിക്കുകയും ചെയ്യുക. തെറ്റുകുറ്റം വരുക മനുഷ്യസഹജമാകുന്നു. അതേ സമയത്ത് അല്ലാഹുവാകട്ടെ, കാരുണ്യവാനും കരുണാനിധിയുമാണ്. അവന്റെ അടിയാന്‍മാരുടെ പക്കല്‍ വരുന്ന തെറ്റുകുറ്റങ്ങള്‍ പൊറുക്കുവാന്‍ വേറെ ആരാണുള്ളത്?! ആരുമില്ലല്ലോ. അതുകൊണ്ട് തെറ്റ് ചെയ്താല്‍ ഉടനെ മടങ്ങി മാപ്പിന്നപേക്ഷിക്കലാണ് മനുഷ്യന്റെ കടമ. നേരെ മറിച്ച് കുറ്റം ചെയ്യുകയും, കുറ്റമാണെന്നറിഞ്ഞുകൊണ്ട് അതില്‍ നിന്ന് ഖേദിച്ച് മടങ്ങാതെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് നന്ദികേടും ധിക്കാരവുമാകുന്നു. അതുകൊണ്ടാണ് ‘അവര്‍ ചെയ്തതില്‍ അവര്‍ അറിഞ്ഞും കൊണ്ട് ശഠിച്ച് നില്‍ക്കുകയുമില്ല (…. وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا )’ എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. കുറ്റം ചെയ്തുപോയെങ്കിലും ഉടനെ അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നപക്ഷം കുറ്റം പൊറുക്കപ്പെടുമെന്ന് മാത്രമല്ല, ആ മടക്കം ഒരു പുണ്യകര്‍മമായിത്തീരുന്നതുമാകുന്നു. ചെയ്ത കുറ്റത്തില്‍ ശഠിച്ചുനില്‍ക്കാതിരിക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഒരിക്കല്‍ ചെയ്ത കുറ്റം പിന്നീടൊരിക്കലും ആവര്‍ത്തിക്കാതിരിക്കുക എന്നല്ല. കുറ്റം ആവര്‍ത്തിക്കുന്നതും തെറ്റുതന്നെ. പക്ഷേ, കുറ്റം ആവര്‍ത്തിക്കുമ്പോള്‍ പശ്ചാത്താപവും ആവര്‍ത്തിക്കുന്ന പക്ഷം അത് കുറ്റത്തില്‍ ശഠിച്ച് നില്‍ക്കലായിരിക്കയില്ല. ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിക്കാതിരിക്കലാണ് ശഠിച്ച് നില്‍ക്കല്‍. നബി ﷺ പറയുന്നു: ‘പാപമോചനം തേടിയവന്‍ ശഠിച്ച് നിന്നിട്ടില്ല. അവന്‍ ഒരു ദിവസം എഴുപത് പ്രാവശ്യം ആവര്‍ത്തിച്ചാലും ശരി.’ (അബൂദാവൂദ്, തിർമിദി). പാപം പലപ്രാവശ്യം ആവര്‍ത്തിച്ചാലും അപ്പോഴൊക്കെ ഖേദിച്ച് മടങ്ങുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും വേണം; അല്ലാഹു പൊറുത്തുതരികയില്ലെന്ന് നിരാശപ്പെടരുത് എന്നത്രെ ഹദീഥിന്റെ സാരം. മറ്റൊരു ഹദീഥില്‍ നബി ﷺ പറയുന്നു: ‘നിങ്ങളില്‍ ഒരാളുടെ ഒട്ടകം (വാഹനം) ഒരു മരുഭൂമിയില്‍ വെച്ച് പാഴായി (കാണാതായി) പോയിട്ട് അതിനെ അവന് കണ്ടുകിട്ടുമ്പോഴത്തെ സന്തോഷത്തേക്കാള്‍ അധികമാണ് അല്ലാഹുവിന് അവന്റെ അടിയാന്‍ പശ്ചാത്തപിക്കുന്നതിലുള്ള സന്തോഷം.’ (ബുഖാരി, മുസ്‌ലിം) പാപം ചെയ്തവന്‍റെ പശ്ചാത്താപത്തെപ്പറ്റി പ്രസ്താവിച്ചപ്പോള്‍ ആ പ്രസ്താവന തീരും മുമ്പ് തന്നെ- ഒരു ഇടവാക്യമായി وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ (അല്ലാഹു അല്ലാതെ ആരാണ് പാപങ്ങള്‍ പൊറുക്കുക?!) എന്ന് അല്ലാഹു ചോദിച്ച ചോദ്യം, ഹാ, ഏത് പാപിക്കാണ് അല്ലാഹുവിന്റെ കാരുണ്യത്തില്‍ ആശ നല്‍കാത്തത്?! അവനോട് പാപമോചനം തേടുവാന്‍ ആര്‍ക്കാണ് ആവേശം നല്‍കാത്തത്?! അല്ലാഹുവേ! നീ ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ!”(www.malayalaqurantafsir.com)

10. വിവാഹം കഴിക്കുക

ദൃഷ്ടികൾ നിയന്ത്രിക്കുന്നതിനുള്ള സുപ്രധാനമായ ഒരു മാർഗമായി പ്രവാചകൻ ﷺ പഠിപ്പിച്ച കർമ്മമാണ് വിവാഹം. ഒരു ഹദീഥ് കാണുക: “അല്ലയോ യുവസമൂഹമേ, നിങ്ങളിൽ വിവാഹത്തിന് സാധിക്കുന്നവർ വിവാഹം കഴിക്കട്ടെ. തീർച്ചയായും അത് കണ്ണുകളെ താഴ്‌ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. വിവാഹത്തിന് സാധിക്കാത്തവർ നോമ്പനുഷ്ഠിക്കട്ടെ. അത് അവന് ഒരു പരിചയാണ്.” (ബുഖാരി, മുസ്‌ലിം). വിവാഹത്തെയും അതുവഴിയുള്ള ലൈംഗിക ബന്ധത്തെയുമെല്ലാം പുണ്യകർമ്മങ്ങളായാണ് ഇസ്‌ലാം കാണുന്നത്. നബിയും ﷺ അനുയായികളും തമ്മിൽ തമ്മിൽ നടന്ന ഒരു സംഭാഷണം ഇങ്ങനെയായിരുന്നു- നബി ﷺ പറഞ്ഞു: “ഭാര്യമാരുമായി ലൈംഗികബന്ധത്തിലേർപ്പെടൽ ധർമമാണ്.” സ്വഹാബികൾ ചോദിച്ചു: “തിരുദൂതരേ, ഒരാൾ തന്റെ വികാരം ശമിപ്പിക്കുന്നതിനും പ്രതിഫലം നൽകപ്പെടുമോ?” മറുപടിയായിക്കൊണ്ട് പ്രവാചകൻ ﷺ ചോദിച്ചു: “നിഷിദ്ധമായതിലൂടെയാണ് അവനത് പ്രവർത്തിച്ചതെങ്കിൽ അവൻ അതിന്റെ കുറ്റം വഹിക്കേണ്ടി വരില്ലേ?” സ്വഹാബികൾ പറഞ്ഞു: “തീർച്ചയായും.” നബി ﷺ പറഞ്ഞു: “അപ്രകാരം തന്നെ അനുവദനീയമായ മാർഗത്തിലൂടെയാണെങ്കിൽ അവന് പ്രതിഫലവുമുണ്ട്.” (മുസ്‌ലിം, അഹ്‌മദ്‌)

11. തിന്മയിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക

നഗ്നദൃശ്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽനിന്ന് പരമാവധി വിട്ടു നിൽക്കുക എന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. മോശമായ ചുറ്റുപാടുകൾ നമ്മെ തേടി വരുന്ന ഇക്കാലത്ത് അവയിൽ നിന്ന് അകലം പാലിച്ചു ജീവിക്കുകയെന്നത് അല്ലാഹുവിന്റെ തൃപ്‌തി കരസ്ഥമാക്കുവാൻ ഏറ്റവും പര്യാപ്‌തമായ മാർഗങ്ങളിലൊന്നാണ്. സ്‌ത്രീ നഗ്നതകൾ നിഴലിക്കുന്ന സിനിമകളുടെ ലോകത്തുനിന്ന് നന്മകൾ പകർന്നു നൽകുന്ന പുസ്തകങ്ങളിലേക്കുള്ള പ്രയാണം സുപ്രധാനമാണ്. ചീത്ത കൂട്ടുകെട്ടുകളിൽനിന്ന് അകന്നു നിൽക്കുകയും നന്മയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളെ സ്വീകരിക്കുകയും ചെയ്യുക. നമ്മുടെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഒന്നും തന്നെ ഒരിക്കൽപോലും നഗ്നതയോ അർദ്ധനഗ്നതയോ സ്ഥാനം പിടിക്കരുതെന്ന് പ്രതിജ്ഞയെടുക്കുക. അവയിൽ ഖുർആൻ സൂക്തങ്ങളും അവ രേഖപ്പെടുത്തപ്പെട്ട ഇമേജുകളും അവയുമായി ബന്ധപ്പെട്ട വീഡിയോകളുമെല്ലാം സ്ഥാനം പിടിക്കട്ടെ. അങ്ങനെ ഈ ഇലക്രോണിക് ഉപകരണങ്ങളും നമ്മെ ഖുർആനിന്റെ പ്രകാശത്തിലേക്ക് നയിക്കട്ടെ.

പോണോഗ്രഫിയടക്കമുള്ള നഗ്നദൃശ്യങ്ങളിൽ നിന്ന് നേത്രങ്ങളെ സംരക്ഷിക്കുവാൻ നിഷ്‌കളങ്കമായ പ്രാർത്ഥനയും പരിശ്രമവും ആവശ്യമാണ്. കണ്ണുകളെ സൃഷ്‌ടിച്ച നാഥനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. അവനിൽ ഭരമേൽപിക്കുക. സ്വശരീരത്തെ തിന്മയിലേക്ക് വലിക്കുന്ന ഇടങ്ങൾ ഒഴിവാക്കുകയും നമ്മുടെ ഇസ്‌ലാമിക ജീവിതത്തിന് നാശം വരുത്തുന്ന കവാടങ്ങൾ കൊട്ടിയടക്കുകയും ചെയ്യേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. ലൈംഗികജീവിതത്തിൽ സൂക്ഷ്‌മത പാലിക്കുന്ന വ്യക്തിക്ക് ഈമാനിന്റെ മാധുര്യം നന്നായി ആസ്വദിക്കുവാൻ സാധിക്കുമെന്ന് വ്യക്തം. നമ്മുടെ നോട്ടങ്ങളും ചിന്തകളുമെല്ലാം സുഖാനുഭൂതികളുടെ ഭവനമായ സ്വർഗം നേടിയെടുക്കുന്നതിന് വേണ്ടിയാകട്ടെ. ഈ രൂപത്തിൽ വിശുദ്ധജീവിതം നയിക്കുന്നതിന് നാം കളങ്കമുക്തമായി പരിശ്രമിക്കുകയാണെങ്കിൽ അല്ലാഹുവിന്റെ സഹായം തീർച്ചയായും നമുക്കുണ്ടാകുമെന്നാണ് ഖുർആൻ പ്രഖ്യാപിക്കുന്നത്: “…ഒരുവൻ അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌…” (ഖുർആൻ 65: 2,3)

1 Comment

 • Some additional tips from personal experience;
  1) Always try to stay in the state of wudoo. Make sure that you take wudoo before sleep and after every time you go to toilet
  2) Increase dua & dhikr. Especially the ones in the morning and evening. Never miss them
  3) completely avoid seeing movies, web series, tv shows and all other forms of entertainment. Even Ads which appear on News channels. These are filled with filth.
  4) Whenever you’re watching women news anchors, lower your gaze.
  4) Avoid listening to any kind of music.
  5) Avoid all kinds of haram relationships. Even don’t involve in unnecessary or casual talks with the opposite gender at work, school or college.
  6) Avoid staring at women even if they are dressed appropriately.
  7) Avoid gatherings where men and women mix freely. Especially events like College Day, Jubilee Celebrations, etc.
  8) Have a good routine and follow it strictly. Avoid staying awake at night.
  9) Indulge in some physical activities like sports and fitness

  May ALLAH guide us all.

  AHMED SAIF 02.08.2021

Leave a comment

Your email address will not be published.