നബിചരിത്രത്തിന്റെ ഓരത്ത് -31

//നബിചരിത്രത്തിന്റെ ഓരത്ത് -31
//നബിചരിത്രത്തിന്റെ ഓരത്ത് -31
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -31

ചരിത്രാസ്വാദനം

മൂന്ന് ചോദ്യങ്ങൾ

കുറയ്ഷികളുടെ സഭയില്‍ സുദീര്‍ഘമായ വിചാരവിമര്‍ശങ്ങളാണ് നടന്നത്. തങ്ങള്‍ ഇന്നുവരെ അഭിമുഖീകരിച്ചതില്‍ വെച്ചേറ്റവും സങ്കീര്‍ണമെന്നവര്‍ കരുതിയ പ്രശ്‌നം തന്നെയാണ് ചര്‍ച്ചാവിഷയം; മുഹമ്മദും അയാളുടെ പുതിയ മതവും.

കുലച്ചുവിരിയുന്ന വിശ്വാസത്തിന്റെ പുതിയ പുതിയ നാമ്പുകള്‍ അവരെ തീര്‍ത്തും അസ്വസ്ഥരാക്കി. ഒടുവില്‍, രണ്ടംഗങ്ങളുള്‍ക്കൊള്ളുന്ന ഒരു പ്രതിനിധി സംഘത്തെ യസ്‌രിബിലേക്കയക്കാന്‍ അവര്‍ തീരുമാനിച്ചു. സംഘാംഗങ്ങളായ നദ്റ് ബിൻ അൽഹാരിസും ഉക്ബ ബിൻ അബൂ മുഐതും അവിടെയുള്ള യഹൂദ റബ്ബിമാരുമായി കൂടിക്കാഴ്ച നടത്തും, റബ്ബിമാരുമായി സംസാരിക്കേണ്ടതെന്തൊക്കെയാണെന്ന് നേതാക്കള്‍ സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു. മുഹമ്മദിനെയും അയാളുടെ വാദങ്ങളെയും പറ്റി റബ്ബിമാരോട് അവര്‍ പറയണം; അവരാണല്ലോ പൂര്‍വ്വവേദക്കാര്‍. പ്രവാചകന്മാരെക്കുറിച്ച് മക്കയിലാര്‍ക്കുമില്ലാത്ത വിവരങ്ങള്‍ അവരുടെ പക്കലുണ്ടാകും.

യസ്‌രിബിലേക്കു പോയ ദ്വയാംഗ സംഘം തിരിച്ചെത്താന്‍ ഒട്ടും സമയമെടുത്തില്ല. റബ്ബിമാര്‍ അവരോടു പറഞ്ഞുവത്രെ, ”ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ മൂന്നു ചോദ്യങ്ങള്‍ നിങ്ങള്‍ അദ്ദേഹത്തോടു ചോദിക്കുക. അവയ്‌ക്കെല്ലാം കൃത്യമായി മറുപടി നല്‍കുന്നുവെങ്കില്‍ അദ്ദേഹം ദൈവത്താല്‍ നിയുക്തനായ പ്രവാചകന്‍ തന്നെ. അതല്ല, അദ്ദേഹം മറുപടി പറയുന്നതൊന്നും നേരെ ചൊവ്വെ അല്ലെങ്കില്‍ കള്ളവാദിയാണ്.

ചോദ്യങ്ങളിവയാണ്:
പ്രാചീന കാലത്തൊരിക്കല്‍, സ്വന്തം ജനതയെ വിട്ടിറങ്ങിയ ഒരു കൂട്ടം യുവാക്കളെക്കുറിച്ച് അദ്ദേഹത്തിനെന്തു പറയാനുണ്ട്. കാരണം, അവരുടേത് ഒരത്ഭുത കഥയായിരുന്നു.

പ്രാചിയുടെയും പ്രതീചിയുടെയും അറ്റങ്ങള്‍ വരെ ചെന്നെത്തിയ പഴയ നൂറ്റാണ്ടിലെ ഒരു വിദൂരദേശസഞ്ചാരിയെക്കുറിച്ച് അദ്ദേഹം എന്തു പറയുന്നു?

ആത്മാവിനെക്കുറിച്ച് അദ്ദേഹം എന്തു പറയുന്നു, എന്താണാത്മാവ്?

റബ്ബിമാര്‍ ഒരിക്കല്‍ക്കൂടി അവരെ ഓര്‍മിപ്പിച്ചുവത്രെ, ”ഈ ചോദ്യങ്ങള്‍ക്കെല്ലാം
കിറുകൃത്യം മുഹമ്മദ് മറുപടി നല്‍കുന്നുവെങ്കില്‍ പിന്നെ അമാന്തിച്ചു നില്‍ക്കേണ്ട, അദ്ദേഹത്തെ അനുധാവനം ചെയ്‌തേക്കൂ, കാരണം അദ്ദേഹം ഒരു പ്രവാചകന്‍ തന്നെയാണ്.”

ദ്വയാംഗ കുറയ്ഷി സംഘം മക്കയില്‍ മടങ്ങിയെത്തിയ അന്നുതന്നെ മൂന്നു ചോദ്യങ്ങളുമായി നേതാക്കള്‍ പ്രവാചകനടുത്തെത്തി. ഭയലേശത്തിന്റെ കരിപ്പാടുകളൊന്നുമില്ലാതെ നബി അവരോടു പറഞ്ഞു,
”ഞാന്‍ നാളെ മറുപടി നൽകാം.” പക്ഷേ, അല്ലാഹു ഇഛിച്ചെങ്കില്‍ എന്നു കൂട്ടിച്ചേര്‍ക്കാന്‍ വിട്ടുപോയി.

പിറ്റേന്ന് പ്രഭാതത്തില്‍, തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി കുറയ്ഷി നേതാക്കള്‍ നബിയുടെ അടുത്തെത്തി. പക്ഷേ, വെളിപാടുകള്‍ കൂടാതെ നബിക്കെന്തെങ്കിലും പറയാന്‍ സാധിക്കുമായിരുന്നില്ല. പോയരാവില്‍ വെളിപാടൊന്നും വന്നണഞ്ഞുമില്ല. പിറ്റേന്നും അതിനു പിറ്റേന്നുമായി ദിനം ഒന്നിനു പിറകെ മറ്റൊന്നായി പതിനഞ്ചെണ്ണം കടന്നുപോയി. ആ അശാന്തരാവുകളിലും പ്രവാചകന് കൂട്ട് തന്റെ നാഥന്റെ വറ്റാത്ത കാരുണ്യാശിസ്സുകളിലുള്ള വിശ്വാസമായിരുന്നു. പകലിലെ എരിപൊരിച്ചിലിലും ഇരവുകളിലെ ഏകാന്തതയിലും തിരുമേനി പ്രാർത്ഥനാനിരതനായി.

വെളിപാടിന്റെ ഒരടയാളവും തെളിഞ്ഞു വരുന്നതു കാണാതെ കുറയ്ഷികളുടെ പരിഹാസങ്ങൾക്ക് നടുവില്‍ ആധിയുമായി പ്രവാചകന്‍ നീണ്ട ആ രാവുകള്‍ തള്ളിനീക്കി. അല്ലാഹു അവന്റെ പ്രാചകനെ കൈവിടുകയോ? അതുണ്ടാവില്ലെന്ന് മുമ്പേ അവന്റെ വാഗ്ദാനമുണ്ട്.

ഒടുവില്‍, കാത്തുനില്‍പ്പിന്നറുതിയായി, ജിബ്‌രീല്‍ വന്നണഞ്ഞു. അവര്‍ ഉന്നയിച്ച മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം പുതിയ വെളിപാടിലുണ്ടായിരുന്നു. കാത്തിരിപ്പിന്റെ താരതമ്യേന ദൈര്‍ഘ്യമേറിയ ഇടവേളക്കു പരിസമാപ്തിയായി,

”നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് ഒരു കാര്യത്തെക്കുറിച്ചും താങ്കള്‍ പറഞ്ഞേക്കരുത്. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ എന്നു പറഞ്ഞിട്ടല്ലാതെ.”

വെളിപാടിന്നുള്ള വിളംബം പ്രവാചകനും അനുയായികള്‍ക്കും ചില വൈഷമ്യങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും യഥാര്‍ത്ഥത്തില്‍ അതവര്‍ക്ക് വര്‍ധിതവീര്യം പ്രദാനം ചെയ്തു. അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കള്‍ കാര്യമംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഭയാക്രാന്തമായ കുശുകുശുപ്പുകളോടെ അവര്‍ ഇസ്‌ലാമിന്റെ പാതയില്‍ നിന്നുതന്നെ വഴി തിരിഞ്ഞു നടക്കുന്നു.

എന്നാല്‍, സംശയഗ്രസ്തമായ മനവുമായി ചിലര്‍ മക്കയിലുണ്ടായിരുന്നു. ഗതാനുഗതിക സംഭവങ്ങളുടെ ആക്കത്തൂക്കങ്ങള്‍ നോക്കി ഇസ്‌ലാം സ്വീകരിക്കാനായി കാത്തിരുന്ന അവര്‍ക്ക് പുതിയ വെളിപാട് ശക്തിശാലിയായ ഒരു പ്രചോദനമായിരുന്നു. കുര്‍ആന്‍ ആകാശത്തു നിന്നിറങ്ങുന്ന വെളിപാടാണെന്നും അതിന്റെ അവതരണത്തിലും നിലച്ചുപോക്കിലും തനിക്കൊരു സ്വാധീനവുമില്ലെന്നുമാണല്ലോ മുഹമ്മദ് പറഞ്ഞിരുന്നത്. ഈ സംഭവം ആ വാദഗതത്തെ അരക്കിട്ടുറപ്പിക്കുന്ന ഒന്നുതന്നെയാണല്ലോ. മുഹമ്മദിന്റെ സൃഷ്ടിയായിരുന്നു ഈ വചനങ്ങളെങ്കില്‍ മക്കക്കാരുടെ നെറികെട്ട പരിഹാസ കോപ്രായങ്ങള്‍ക്കു നടുവില്‍ ഒരു കാത്തിരിപ്പിന്റെ ആവശ്യമില്ലാതെ ഇത്തവണയും വെളിപാട് പടച്ചെടുക്കാമായിരുന്നു.

ഭൂതവും വര്‍ത്തമാനവും ഇഴചേര്‍ന്ന പുതിയ വെളിപാടില്‍ നിന്ന് വിശ്വാസികള്‍ ശക്തി ശേഖരിച്ചു. പ്രാചീന കാലത്തൊരിക്കല്‍ സ്വന്തം ജനതയെ വിട്ടിറങ്ങിയ ഒരു കൂട്ടം യുവാക്കളെക്കുറിച്ച് അവര്‍ നബിയോടു ചോദിച്ചു. മക്കയിലാരും ഇത്തരമൊരു കഥ കേട്ടിരുന്നില്ല. ഈ അറിവില്ലായ്മ തങ്ങള്‍ക്കൊരു ചുരുക്കവും വിശ്വാസികള്‍ക്ക് പെരുക്കവുമായിത്തീരുമെന്ന് ചോദ്യമുന്നയിച്ച അവസരത്തില്‍ കുറയ്ഷികള്‍ കരുതിയിരുന്നില്ല.

യൂഫേസൂസിലെ നിദ്രാധീനരുടെ കഥ ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം, തെളിഞ്ഞ വൈശദ്യത്തോടെ ക്വുര്‍ആന്‍ സംഭവം വിവരിക്കുന്നുണ്ട്. ക്രിസ്തുവിനു ശേഷം മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് സംഭവം നടന്നത്.

തങ്ങളുടെ ജനത വിഗ്രഹാരാധനയിലേക്ക് വഴിമാറി സഞ്ചരിച്ചപ്പോള്‍ ഒരേയൊരു ദൈവത്തെ മാത്രം ആരാധിച്ച് കഴിഞ്ഞുകൂടാന്‍ ആ ചെറുപ്പക്കാര്‍ തീരുമാനിച്ചു. അതിന്റെ പേരില്‍തന്നെ അവര്‍ പീഡിപ്പിക്കപ്പെട്ടു. നാടോടുമ്പോള്‍ നടുവെ ഓടാൻ വിസമ്മതിച്ച ചെറുപ്പക്കാരെ വെച്ചു പൊറുപ്പിക്കാന്‍ ആ ജനതക്കായില്ല. പോകപ്പോകെ ചെറുപ്പക്കാര്‍ക്ക് സ്വന്തം ജനതയുടെ ഇടയിലെ ജീവിതം ദുസ്സഹമായി. അങ്ങനെയാണവര്‍ ആ ഗുഹയില്‍ അഭയം തേടിയത്. അവിടെയവര്‍ തങ്ങളെത്തുടര്‍ന്നുവരുന്ന ഇളമുറക്കാര്‍ക്കൊരു ദൃഷ്ടാന്തമായി മുന്നൂറുവര്‍ഷം നിദ്രകൊണ്ടു.

യഹൂദര്‍ക്ക് ഈ കഥ അറിയാമായിരുന്നു. എന്നാല്‍ അവര്‍ക്കറിയാതിരുന്ന ധാരാളം വിവരങ്ങള്‍ കുര്‍ആനിക സൂക്തങ്ങളിലുണ്ട്. മൂന്നു നൂറ്റാണ്ടുകളിലേക്ക് പരന്നുചെന്ന അത്ഭുതസുഷുപ്തി എങ്ങിനെയായിരുന്നുവെന്നും അവരുടെ വിശ്വസ്ത ശ്വാനൻ മുന്‍കാലുകള്‍ മുമ്പോട്ടുവിരിച്ച് ഗുഹാമുഖത്ത് കാവല്‍പാര്‍ത്തതെങ്ങനെയെന്നും കുര്‍ആന്‍ വിശദീകരിച്ചു.

രണ്ടാമത്തെ ചോദ്യത്തിന് ഇങ്ങനെ ഉത്തരം നല്‍കി: മഹാനായ ആ സഞ്ചാരി ദുല്‍കര്‍നെയ്ന്‍ ആയിരുന്നു. വിദൂരസ്ഥങ്ങളായ കിഴക്കും പടിഞ്ഞാറും ദേശങ്ങളിലേക്ക് അദ്ദേഹം സഞ്ചാരം നടത്തി. അവര്‍ ചോദിച്ചതിനെക്കാള്‍ കാര്യങ്ങള്‍ ഉത്തരത്തിലുണ്ടായിരുന്നു. അദ്ദേഹം നടത്തിയ മൂന്നാമതൊരു യാത്രയെക്കുറിച്ചായിരുന്നു അവ.

രണ്ടു മലകള്‍ക്കിടയിലുള്ള ഒരു ദേശത്തേക്കായിരുന്നു യാത്ര. ദുല്‍കര്‍നെയ്ന്റെ ഭാഷയൊന്നും വശമില്ലാതിരുന്ന തദ്ദേശീയര്‍ അദ്ദേഹത്തോടപേക്ഷിച്ചു, “ദുല്‍കര്‍നെയ്ന്‍, യഅ്ജൂജും മഅ്ജൂജും ഇന്നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ തിരുമനസ്സ് ഒരു മതില്‍ക്കെട്ടുണ്ടാക്കിത്തരണം. ഞങ്ങള്‍ അങ്ങേക്ക് കരം നല്‍കിക്കൊണ്ടിരിക്കാം. അത് അങ്ങേക്ക് സമ്മതമാകുമോ?”

അദ്ദേഹം പറഞ്ഞു, “എന്റെ നാഥന്‍ എനിക്കു തന്നിട്ടുള്ള കഴിവുകള്‍ നിങ്ങളെനിക്കു നല്‍കുന്ന കരത്തെക്കാള്‍ എത്രയോ അധികമാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, കഴിവിന്റെ പരമാവധി എന്നെ സഹായിക്കുക, എങ്കില്‍ നിങ്ങള്‍ക്കും യഅ്ജൂജ് മഅ്ജൂജുകള്‍ക്കുമിടയില്‍ ഒരു മതില്‍ക്കെട്ട് ഞാന്‍ സ്ഥാപിച്ചു നല്‍കാം.”

“കുറെ ഇരുമ്പു കഷ്ണങ്ങള്‍ കൊണ്ടു വരൂ”, അദ്ദേഹം അവരോടാവശ്യപ്പെട്ടു. വലിയവരും കുട്ടികളും ആണും പെണ്ണും ചേര്‍ന്ന് അവര്‍ വസ്തുശേഖരണത്തിലേര്‍പ്പെട്ടു. മതിയായ സാധനസാമഗ്രികള്‍ ശേഖരിച്ചതിനു ശേഷം ദുല്‍കര്‍നെയ്ന്‍ അവര്‍ക്കായി മതില്‍ക്കെട്ടു പണിതു. എന്നിട്ടദ്ദേഹം അവരോടാവശ്യപ്പെട്ടു, “നിങ്ങള്‍ കാറ്റടിച്ചേല്‍പ്പിക്കുക.” അങ്ങനെ അത് പഴുപ്പിച്ച് അഗ്നിയാക്കിയപ്പോള്‍ അദ്ദേഹം കല്‍പിച്ചു, “ഉരുക്കിയ ചെമ്പുകൊണ്ടുവരൂ.” അവര്‍ കൊണ്ടുവന്ന ദ്രവരൂപത്തിലുള്ള ചെമ്പ് അദ്ദേഹം അതിനുമേല്‍ ഒഴിക്കുകയും ചെയ്തു. അതോടെ ആ മതില്‍ക്കെട്ട് സുഭദ്രമായി. പിന്നീട് യഅ്ജൂജ് മഅ്ജൂജുകള്‍ക്ക് ആ മതില്‍ കയറിമറിയാനോ തുരന്നു ദ്വാരം ഉണ്ടാക്കാനോ കഴിഞ്ഞില്ല.

പണി പൂര്‍ത്തിയായ നിമിഷം അദ്ദേഹം തദ്ദേശീയരോടു പറഞ്ഞു, ”ഇത് എന്റെ നാഥങ്കല്‍ നിന്നുള്ള അനുഗ്രഹമാണ്. എന്നാല്‍, എന്റെ നാഥന്‍ നിശ്ചയിച്ച ഘട്ടമെത്തിക്കഴിഞ്ഞാല്‍ യഅ്ജൂജ് മഅ്ജൂജുകള്‍ അതിനെ തകര്‍ത്ത് നിരത്തും. എന്റെ നാഥന്റെ നിശ്ചയം സത്യമായി പുലരുകതന്നെ ചെയ്യും.”

മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കുര്‍ആന്‍ നല്‍കിയത് ഇങ്ങനെ, ”ആത്മാവിനെക്കുറിച്ച് താങ്കളോടവര്‍ ചോദിക്കുന്നു. അതെന്റെ നാഥന്റെ കാര്യത്തിലുള്‍പ്പെടുന്നുവെന്ന് പറഞ്ഞേക്കൂ. വളരെ കുറച്ചു ജ്ഞാനമേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.”

തങ്ങളുടെ റബ്ബിമാര്‍ കുറയ്ഷി പ്രമുഖര്‍ വഴി കൊടുത്തയച്ച ചോദ്യങ്ങള്‍ക്ക് മുഹമ്മദ് എന്തുത്തരമാണ് നല്‍കുകയെന്നറിയാന്‍ യസ്‌രിബിലെ യഹൂദർ ക്ഷമാപൂര്‍വം കാത്തിരുന്നു. അവസാനം പറഞ്ഞ അല്‍പജ്ഞാനത്തെക്കുറിച്ച്, തങ്ങള്‍ക്കു ലഭിച്ച ആദ്യത്തെ അവസരത്തില്‍ തന്നെ അവര്‍ നബിയോട് ചോദിക്കുകയും ചെയ്തു. കുറയ്ഷികളെയാണോ അതോ തങ്ങളെയാണോ അതുകൊണ്ടുദ്ദേശിച്ചത് എന്നായിരുന്നു അവര്‍ക്കറിയേണ്ടത്. ”നിങ്ങളിരു കൂട്ടരെയും”, – നബി പറഞ്ഞു. അവിടെ അവര്‍ എതിര്‍പ്പുമായി എഴുന്നേറ്റു, ”തോറയില്‍ എല്ലാ വിജ്ഞാനവുമില്ലേ?”

നബി പറഞ്ഞു,
”അല്ലാഹുവിന്റെ ജ്ഞാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു നല്‍കിയ വിജ്ഞാനമെത്രയുണ്ടാകും? തോറയില്‍ നിങ്ങള്‍ക്ക് വേണ്ടതില്‍ ചിലതെല്ലാമുണ്ട്. എന്നാൽ, അവയില്‍ എത്രയെണ്ണമാണ് നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത്?

അതില്‍പ്പിന്നെ കുര്‍ആന്‍ അവതരിക്കുകയായി, ”ഭൂമിയിലെ സമസ്ത വൃക്ഷങ്ങളും പേനകളായി ഉപയോഗിച്ചു; മഷിയായി സമുദ്രത്തെയും. അതിനെ സഹായിക്കാന്‍ ഏഴു സമുദ്രങ്ങള്‍ വേറെയുമുണ്ടെങ്കില്‍പ്പോലും ദൈവിക തത്ത്വങ്ങള്‍ എഴുതിത്തീരുകയില്ല. അല്ലാഹു അജയ്യനാണ്, വിവേകജ്ഞനാണ്.”

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.