LGBTQIA+ ശാസ്ത്രവും മതവും -2

//LGBTQIA+ ശാസ്ത്രവും മതവും -2
//LGBTQIA+ ശാസ്ത്രവും മതവും -2
ആനുകാലികം

LGBTQIA+ ശാസ്ത്രവും മതവും -2

രണ്ട്) പുരുഷലിംഗം ചെത്തിയാൽ പെണ്ണായിത്തീരുമോ ?

‘സർജറിക്കുശേഷമുള്ള കുറച്ചുകാലം വലിയ കുഴപ്പമില്ലാതെ പോയതായിരുന്നു. പക്ഷേ അടുത്തിടെ വജൈനൽ ‍ഡിസ്ചാർജ് കൂടി. ഒപ്പം ഭയങ്കര വേദനയും തുടങ്ങി. ഒരു വർഷത്തോളമായി വേദന അനുഭവിക്കുകയാണ്. നിലവിൽ വേദനയ്ക്കുള്ള ഇൻജെക്ഷൻ എടുത്തും മരുന്നു കഴിച്ചുമൊക്കെയാണ് വേദനയെ മറികടക്കുന്നത്.’

ആണായി ജനിച്ച് പെണ്ണായി മാറുകയും ഒരു ട്രാൻസ്‌മാനുമായി വിവാഹിതയാവുകയും മാസങ്ങൾക്ക് ശേഷം വിവാഹമോചിതയാവുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌മാധ്യമപ്രവർത്തക ഹെയ്ദി സാദിയയുടെ വാക്കുകൾ. ട്രാൻസ്ജെൻഡറുകൾക്ക് ലിംഗമാറ്റശസ്ത്രക്രിയ ദുരിതങ്ങൾ മാത്രമാണ് നൽകുന്നതെന്ന് ബോധപ്പെടുത്തുന്ന അഭിമുഖം. ലിംഗമാറ്റം വഴിയുള്ള ദുരിതങ്ങൾ സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തവർക്ക് പറയാനുണ്ടായിരുന്നത് ഇതിനേക്കാൾ വലിയ ദുരിതങ്ങളുടെ കഥയാണ്. എന്തുകൊണ്ടാണിത് ? ഉത്തരം ഒന്ന് മാത്രം. അവരുടെ ശരീരത്തിൽ ചെയ്യുന്നതെല്ലാം അവരുടെ ബയോളജിക്കെതിരായ ഇടപെടലുകളാണ്. അത്തരം ഇടപെടലുകൾ നഷ്ടവും ദുരിതങ്ങളും മാത്രമേ നൽകൂ.

കടൽക്കുതിരയെപ്പോലെയുള്ള സിഗ്നിത്താഡെ സമുദ്രജീവികളിലെ ആണുങ്ങളാണ് പ്രസവിക്കുന്നതെങ്കിൽ മനുഷ്യനിലും ആണുങ്ങളെ പ്രസവിപ്പിക്കുവാൻ പരിശ്രമിച്ചാൽ അതിലെന്താണ് തെറ്റ്? ലിംഗം ചെത്തിക്കളയുകയും അണ്ഡാശയങ്ങളും ഗർഭാശയവുമെല്ലാം വെച്ചുപിടിപ്പിക്കുകയും ചെയ്‌താൽ ആണുങ്ങളെയും പ്രസവിപ്പിക്കുവാൻ ശാസ്ത്രത്തിന് കഴിയുകയില്ലേ? ഇന്ന് അതിന്ന് കഴിയുകയില്ലെങ്കിലും ശാസ്ത്രം കൂടുതൽ വളരുകയും സാങ്കേതികവിദ്യകൾ വികസിക്കുകയും ചെയ്താൽ അതിന്ന് സാധിക്കുകയില്ലേ? അങ്ങനെ സാധിക്കുമ്പോഴെങ്കിലും പരമ്പരാഗതമായി നാം പുലർത്തിപ്പോരുന്ന ജെൻഡർ സങ്കല്പങ്ങളെല്ലാം തകർന്നടിയുകയില്ലേ ?

ഇതിന്നെല്ലാമുള്ള ഉത്തരം മനസ്സിലാക്കണമെങ്കിൽ കടൽക്കുതിരയെപ്പോലെയുള്ള സിഗ്നിത്താഡെ സമുദ്രജീവികളിൽ ആൺവർഗ്ഗമാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയണം. ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നവയെ സ്ത്രീ എന്ന് വിളിച്ച് പരിഹരിക്കാനാകുന്നതാണോ കടൽക്കുതിരയടക്കമുള്ള ജീവികളിലെ ലിംഗത്വപ്രശ്നമെന്ന് പരിശോധിച്ചാൽ ലിംഗമാറ്റം നടത്തി മാറ്റാവുന്നതാണോ മനുഷ്യരിലെ ലിംഗത്വഅസ്വാസ്ഥ്യമെന്ന് മനസ്സിലാവും.

ലൈംഗികപ്രത്യുല്പാദനം നടക്കുന്ന ജീവികളിലെല്ലാം കാണപ്പെടുന്ന സവിശേഷതയാണ് അനൈസോഗമി (anisogamy). വ്യത്യസ്ത വലിപ്പത്തിലുള്ള പ്രത്യുല്പാദനകോശങ്ങൾ (gametes) കൂടിച്ചേർന്ന് ആദ്യ സന്തതികോശമുണ്ടാവുകയും അത് വളർന്ന് കുഞ്ഞായിത്തീരുകയും ചെയ്യുന്നതിനാണ് അനൈസോഗമി എന്ന് പറയുക. അനൈസോഗമി പ്രകാരം ഒരു ജീവി ഉല്പാദിപ്പിക്കുന്ന പ്രത്യുല്പാദന കോശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ആ വർഗ്ഗത്തിലെ ലിംഗം നിശ്ചയിക്കപ്പെടുക. അതനുസരിച്ചാണ് കടൽക്കുതിരയടക്കമുള്ള സിഗ്നിത്താഡെ കുടുംബത്തിലെ സമുദ്രജീവികളിൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വർഗ്ഗത്തെ ആണുങ്ങളെന്ന് വിളിക്കുന്നത്. ദാനം ചെയ്യപ്പെടുന്ന ബീജമാണെങ്കിലും അതിനാണ് വലിപ്പം കൂടുതൽ എന്നതിനാൽ അതിനെ അണ്ഡമായും (ovum) പുറത്തേക്ക് സ്രവിക്കുന്നില്ലെങ്കിലും ബീജത്തിന് വലിപ്പം കുറവായതിനാൽ അതിനെ പുംബീജാണുവായും (sperm) പരിഗണിച്ചുകൊണ്ടാണ് അവയിലെ ആണുങ്ങളാണ് പ്രസവിക്കുന്നത് എന്ന് പറയുന്നത്. വലിപ്പമുള്ള ബീജം ഉല്പാദിപ്പിക്കുന്നവർ പെണ്ണുങ്ങളും ചെറിയവ ഉൽപ്പാദിപ്പിക്കുന്നവർ ആണുങ്ങളും എന്നതാണ് ജീവശാസ്ത്രപരമായ നിർവ്വചനം. ആ നിർവ്വചനമാണ് സിഗ്നിത്താഡെ കുടുംബത്തിലുള്ള ജീവികളിലുള്ള ആണുങ്ങളെ പ്രസവിപ്പിക്കുന്നവരാക്കിത്തീർക്കുന്നത് എന്നർത്ഥം.

ലൈംഗിക പ്രത്യുല്പാദനം നടക്കുന്ന ജീവികളിലെല്ലാം ആണും പെണ്ണുമുണ്ട്. ഉല്പാദിപ്പിക്കപ്പെടുന്ന പ്രത്യുല്പാദനകോശങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ജീവശാസ്ത്രം ജീവിയുടെ ലിംഗം തീരുമാനിക്കുന്നത്. എതിർലിംഗത്തിന്റേതെന്ന് കരുതപ്പെടുന്ന മറ്റ് സവിശേഷതകളുണ്ടങ്കിലും പ്രത്യുല്പാദനകോശം വലുതാണെങ്കിൽ അത് പെണ്ണും ചെറുതാണെങ്കിൽ അത് ആണുമാണ് എന്നാണ് നിർവ്വചനം. അതുകൊണ്ടാണ് ബാഹ്യമായ സവിശേഷതകളുടെയും ധർമ്മത്തിന്റെയും അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ പെണ്ണെന്ന് വിളിക്കേണ്ട സിഗ്നിത്താഡെ സമുദ്രജീവികളിലെ വിഭാഗത്തെ ആണായി പരിഗണിക്കുന്നത്. ഉല്പാദിപ്പിക്കപ്പെടുന്ന ലൈംഗികകോശമാണ് ജീവിവർഗ്ഗത്തിലെ ആണിനേയും പെണ്ണിനേയും തീരുമാനിക്കുന്നത് എന്നാണ് ഇതിന്നർത്ഥം. ലൈംഗികപ്രത്യുല്പാദനം നടത്തുന്ന ജീവികളിലെല്ലാം ഇത് ബാധകമാണ്.

ലൈംഗികപ്രത്യുല്പാദനം നടത്തുന്ന ജീവികളിലെല്ലാം രണ്ട് തരം ലിംഗകോശങ്ങളാണ് ഉണ്ടാവുക. ആൺകോശത്തിലെ ലിംഗക്രോമോസോമുകളുടെ വിന്യാസമാണ് പുത്രകോശത്തിന്റെ ലിംഗം തീരുമാനിക്കുന്നതെങ്കിൽ അത്തരം ലിംഗക്രോമോസോമുകളെ X, Y എന്നിങ്ങനെയും തിരിച്ചാണെങ്കിൽ Z, W എന്നിങ്ങനെയുമാണ് വിളിക്കുക.

ആണിന്റെ ലിംഗകോശത്തിലും പെണ്ണിന്റെ ലിംഗകോശത്തിലുമുള്ള ക്രോമോസോമുകളുടെ വിന്യാസം ഏതെങ്കിലും രൂപത്തിൽ വ്യത്യസ്തമായിരിക്കും. ചിലപ്പോൾ അത് ക്രോമോസോമിന്റെ എണ്ണത്തിലുള്ള വ്യത്യസ്തതയായിരിക്കും. നാടവിര, മൂട്ട, പച്ചക്കുതിര, പാറ്റ എന്നിവ ഉദാഹരണം. X എന്ന് വിളിക്കുന്ന ഒരൊറ്റ ലിംഗക്രോമസോം മാത്രമേ അവയിലുള്ളൂ. അവയിലെ പെൺവർഗ്ഗത്തിന്റെ ലിംഗകോശത്തിൽ രണ്ട് X ക്രോമോസോമുകളും ആൺവർഗ്ഗത്തിന്റേതിൽ ഒരു X ക്രോമോസോമുമാണുണ്ടാവുക. ഇവയിലെ കോശങ്ങളിലെ ലിംഗ ക്രോമോസോമുകളുടെ വിന്യാസം XX, XO എന്നിങ്ങനെയാണ് അടയാളപ്പെടുത്താറുള്ളത്.

ഇതിന്ന് വിപരീതമായി പെൺവർഗ്ഗത്തിൽ ഒരു ലിംഗക്രോമോസോമും ആൺവർഗ്ഗത്തിൽ രണ്ട് ലിംഗക്രോമോസോമുകളുമുള്ള ജീവികളുമുണ്ട്. ചില തരം ഈയാംപാറ്റകളും ചിത്രശലഭങ്ങളും ഉദാഹരണം. ഇവയിലെ ലിംഗക്രോമോസോമുകളെ Z എന്നാണ് വിളിക്കുന്നത്. അവയുടെ വിന്യാസം ZZ, ZO എന്നിങ്ങനെയായിരിക്കും.

പെൺകോശങ്ങളിലെ ലിംഗക്രോമോസോം വിന്യാസം കുഞ്ഞിന്റെ ലിംഗം തീരുമാനിക്കുന്ന ജീവികളാണ് പക്ഷികൾ. ചില തരം ഉരഗങ്ങളിലും അങ്ങനെയാണ്. അവയിലെ പെൺകോശങ്ങളിൽ Z, W എന്നിങ്ങനെ വ്യത്യസ്തങ്ങളായ രണ്ട് ലിംഗക്രോമോസോമുകളും ആൺകോശങ്ങളിൽ രണ്ട് Z ക്രോമോസോമുകളുമാണുണ്ടാവുക. ZZ, ZW ആണ് അവയിലെ ലിംഗാക്രോമോസോമുകളുടെ വിന്യാസം.

മനുഷ്യനടക്കമുള്ള സസ്തനികളിൽ XX, XY എന്നിങ്ങനെയാണ് ക്രോമോസോം വിന്യാസം അടയാളപ്പെടുത്തപ്പെടുന്നത്. പുരുഷകോശത്തിലെ ഒരു ജോഡി ലിംഗനിർണ്ണയക്രോമോസോമുകളിൽ ഒരെണ്ണം X ഉം മറ്റേത് Y യുമാണെന്നും സ്ത്രീകോശത്തിൽ രണ്ടും X തന്നെയാണെന്നുമാണ് ഇതിനർത്ഥം. മാതൃകോശം വിഭജിച്ച് ഊനഭംഗ (meiosis)ത്തിലൂടെ ലിംഗകോശനിർമ്മാണം നടക്കുമ്പോൾ കോശത്തിലെ ക്രോമോസോം ജോഡികൾ ഇഴ പിരിയുകയാണ് ചെയ്യുന്നത്. അതിനാൽ ലിംഗകോശങ്ങളിൽ ഇരുപത്തി മൂന്ന് ക്രോമോസോമുകളേ ഉണ്ടാവൂ. സ്ത്രീകോശങ്ങളിൽ X ക്രോമോസോമുകൾ മാത്രമായതിനാൽ സ്ത്രീയുടെ അണ്ഡത്തിലുള്ള ലിംഗനിർണ്ണയക്രോമോസോം എപ്പോഴും X തന്നെയായിരിക്കും. XY ക്രോമോസോമുകളുള്ള ഒരു പുരുഷകോശം വിഭജിച്ചുണ്ടാവുന്ന ലിംഗകോശങ്ങളിൽ ഒരെണ്ണത്തിൽ X ക്രോമോസോമും മറ്റേതിൽ Y ക്രോമോസോമുമാണ് ഉണ്ടാവുക. അതിനാൽ ഒരു തവണ സ്ഖലിക്കുന്ന ശുക്ളത്തിലുള്ള കോടിക്കണക്കിന് പുരുഷബീജങ്ങളിൽ പകുതി X ക്രോമോസോമിനെയും പകുതി Y ക്രോമോസോമിനെയും വഹിക്കുന്നവയായിരിക്കും.

പുരുഷശുക്‌ളത്തിലുള്ള കോടിക്കണക്കിന് ബീജങ്ങളിൽ Y ക്രോമോസോമിനെ വഹിക്കുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കിൽ സ്വാഭാവികമായും സിക്താണ്ഡം XY ക്രോമോസോം ജോഡിയെ വഹിക്കുന്നതായിരിക്കും. അത് വളർന്നാൽ ആൺകുഞ്ഞാണുണ്ടാവുക. X ക്രോമോസോമിനെ വഹിക്കുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കിൽ സിക്താണ്ഡത്തിൽ XX ക്രോമോസോം ജോഡിയാണുണ്ടാവുക. അത് വളർന്നാൽ പെൺകുഞ്ഞാണുണ്ടാവുക. കുഞ്ഞിന്റെ സൃഷ്ടിയുടെ ആദ്യകോശമായ സിക്താണ്ഡത്തിൽ XY ക്രോമോസോം ജോഡിയാണുള്ളതെങ്കിൽ പുരുഷൻ; XX ക്രോമോസോം ജോഡിയാണുള്ളതെങ്കിൽ സ്ത്രീ. ഇതാണ് മനുഷ്യരിലെ ലിംഗനിർണ്ണയത്തിന്റെ ക്രോമോസോമികമായ അടിത്തറ.

സിക്താണ്ഡത്തിലെ ന്യൂക്ലിയസ്സിലുള്ളത് XX ക്രോമോസോം ജോഡിയാണെങ്കിലും XY ക്രോമോസോം ജോഡിയാണെങ്കിലും ഭ്രൂണവളർച്ചയുടെ ആദ്യത്തെ ആറ് ആഴ്ചകളിൽ അതിൽ യാതൊരുവിധ ലിംഗവ്യത്യാസവും പ്രകടമാവുകയില്ല. XY ക്രോമോസോം ജോഡിയെ വഹിക്കുന്ന ഭ്രൂണത്തിൽ ആറ് ആഴ്ചകൾ കഴിയുന്നതോടെ പ്രകടമായ ആൺസവിശേഷതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. വൈ ക്രോമോസോമിലുള്ള എസ്ആർവൈ ജീൻ (SRY gene) പ്രവർത്തനക്ഷമമാവുന്നതോടെയാണിത്. പൗരുഷത്തിന്റെ ജനിതകമായ അടിത്തറ ഈ എസ്ആർവൈ ജീൻ ആണ്. അത് പ്രവർത്തനക്ഷമമാവുമ്പോഴാണ് കുഞ്ഞിൽ പൗരുഷത്തിന്റെ സവിശേഷതകൾ ഓരോന്നായി പ്രകടമാകുന്നത്. സ്ത്രീത്വമാകട്ടെ എക്സ് ക്രോമോസോമിനാൽ സ്വാഭാവികമായി നിർണ്ണയിക്കപ്പെടുന്നതാണ്.

XY ക്രോമോസോം ജോഡിയാണ് കോശങ്ങളിലുള്ളതെങ്കിലും എന്തെങ്കിലും കാരണങ്ങളാൽ SRY ജീൻ പ്രവർത്തനക്ഷമമായിട്ടില്ലെങ്കിൽ ഭ്രൂണത്തിൽ ആൺസവിശേഷതകൾ വളർന്നു വരികയില്ല. പെൺകുട്ടിയാണെങ്കിലും കോശങ്ങളിൽ XY ക്രോമോസോം ജോഡിയുള്ള ഈ ജനിതകവൈകല്യത്തെ ‘സ്വയേർ അസ്വാസ്ഥ്യം’ (Swyer syndrome) എന്നാണ് വിളിക്കുക. ഊനഭംഗത്തിത്തിന്റെ സന്ദർഭത്തിൽ ശുക്ലത്തിലെ X ബീജാണുക്കളിൽ ഒന്നിനോ കൂടുതലിനോ അബദ്ധത്തിൽ SRY ജീൻ ലഭിക്കുകയും ആ ബീജം അണ്ഡവുമായി സംയോജിച്ച് ഭ്രൂണമായിത്തീരുകയും ചെയ്യുമ്പോൾ XX ക്രോമോസോമുകളോട് കൂടിയ പുരുഷൻ ജനിക്കുന്നു. ക്രോമോസോം ജോഡി XX ആണെങ്കിലും പിതാവിൽ നിന്ന് ലഭിച്ച X ക്രോമോസോമിൽ SRY ജീൻ ഉള്ളതിനാൽ അത് ഭ്രൂണാവസ്ഥയിൽ തന്നെ പുരുഷലക്ഷണങ്ങളാണ് പ്രകടിപ്പിക്കാൻ തുടങ്ങുക. കോശങ്ങളിലെ ലിംഗക്രോമോസോം വിന്യാസം XX ആയ ആൺകുട്ടിയുണ്ടാകുന്ന ജനിതകവൈകല്യമാണ് ഡി ലാ ചാപല്ലെ അസ്വാസ്ഥ്യം (de la Chapelle syndrome). ഇവയെല്ലാം വ്യത്യസ്തങ്ങളായ ഇന്റെർസെക്സ് ജനിതകവൈകല്യങ്ങളാണ്.

കോശങ്ങളാണ് ഒരു ജീവിയുടെ ലിംഗം തീരുമാനിക്കുന്നതെന്ന് പറഞ്ഞാൽ അതിന്നർത്ഥം അതിന്റെ ലൈംഗികാവയവങ്ങൾ ലിംഗത്വത്തിന്റെ പ്രകടനങ്ങളാണെന്നാണ്. അവയവങ്ങൾ രൂപപ്പെടുന്നത് പോലും ലിംഗനിർണ്ണയ ക്രോമോസോമുകളിലെ ജീനുകളുടെ നിർദ്ദേശങ്ങൾ വഴിയാണ്. ജനിച്ചതിന് ശേഷം ഈ അവയവങ്ങൾ മുറിച്ച് കളയുന്നതുകൊണ്ടോ വെച്ചുപിടിപ്പിക്കുന്നത് കൊണ്ടോ ആരുടെയും ലിംഗത്വത്തിന് മാറ്റമൊന്നുമുണ്ടാവുകയില്ല. ശരീരത്തിലുള്ള 37.2 ലക്ഷം കോടി (trillion) കോശങ്ങൾ പുരുഷനായ ഒരാളുടെ ലിംഗം മുറിച്ച് കളഞ്ഞ് അവിടെ ഒരു ദ്വാരമുണ്ടാക്കിയാൽ അയാൾ സ്ത്രീയാകാൻ പോകുന്നില്ല. കോശങ്ങളെല്ലാം സ്ത്രീയായ ഒരാളുടെ ശരീരത്തിൽ കൃത്രിമമായ ലിംഗം വെച്ചുപിടിപ്പിച്ചാൽ അയാൾ പുരുഷനാവുകയുമില്ല.

ഒരാളുടെ ബോധമാണ് അയാളുടെ ലിംഗത്വം നിർണ്ണയിക്കുന്നതെന്നും ശരീരം എങ്ങനെയുള്ളതാണെങ്കിലും അയാളുടെ താല്പര്യപ്രകാരം ലിംഗമാറ്റശസ്ത്രക്രിയ നടത്തിയാൽ അയാൾ ആഗ്രഹിച്ച ലിംഗത്വത്തിലുള്ളയാളാകുമെന്നുമുള്ള എൽജിബിറ്റി ആക്ടിവിസത്തിന്റെ വാദം ജീവശാസ്ത്രവസ്തുതകൾക്ക് വിരുദ്ധമാണ്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടിന് കരിങ്കല്ലിന്റെ പെയിന്റ് അടിച്ചാൽ അതൊരിക്കലും കരിങ്കൽ വീടാവുകയില്ലല്ലോ. പെയിന്റ് എത്ര പെർഫെക്റ്റ് ആണെങ്കിലും വീടിന് അത് നിർമ്മിച്ച അടിസ്ഥാനഘടകമെന്താണോ അതിന്റെ ഗുണനിലവാരമേയുണ്ടാവൂ. അത് എപ്പോഴും ഇഷ്ടികവീടുതന്നെയായിരിക്കും.

സിഗ്നിത്താഡെ സമുദ്രജീവികളിൽ ഗർഭം ധരിക്കുകയും പ്രസവവേദന അനുഭവിക്കുകയും പ്രസവിക്കുകയുമെല്ലാം ചെയ്യുന്ന വിഭാഗത്തെ പെണ്ണുങ്ങളായി അംഗീകരിക്കുവാൻ ജീവസ്ത്രത്തിന് കഴിയാത്തത് അവയിലെ ലിംഗകോശങ്ങളുടെ ഘടന ആണുങ്ങളുടേതായതിനാലാണെങ്കിൽ മനുഷ്യരിൽ സ്വന്തം ഇഷ്ടപ്രകാരം ആൺശരീരത്തിൽ ആരെങ്കിലും യോനിയും അണ്ഡാശയവും ഗർഭാശയവുമെമെല്ലാം വെച്ചുപിടിപ്പിച്ച് പ്രസവിച്ചാൽ പോലും അവരെ പെണ്ണുങ്ങളായി അംഗീകരിക്കാൻ ജീവശാസ്ത്രത്തിന് കഴിയുന്നതെങ്ങനെ? ലിംഗകോശങ്ങളുടെ ഘടനയാണ് ആണിനേയും പെണ്ണിനേയും വേർതിരിക്കുന്നതെന്ന പതിനായിരക്കണക്കിന് ജീവിവർഗ്ഗങ്ങളിളെ വർഗ്ഗീകരിക്കാൻ വേണ്ടി ജീവശാസ്ത്രം ഉപയോഗിക്കുന്ന മാനദണ്‌ഡം മനുഷ്യന്റെ കാര്യത്തിലെത്തുമ്പോൾ മാത്രം നിഷേധി‌ക്കുന്നതെങ്ങനെ? ജീവികളുടെയെല്ലാം ലിംഗത്വം തീരുമാനിക്കുന്നതിന് വസ്തുനിഷ്ഠവും വ്യക്തവുമായ മാനദണ്ഡമുള്ളപ്പോൾ മനുഷ്യന്റെ കാര്യത്തിൽ മാത്രം ഓരോരുത്തരുടെയും തോന്നലുകളെന്ന തികച്ചും ആത്മനിഷ്ഠമായ മാനദണ്ഡമുപയോഗിച്ച് ലിംഗത്വം തീരുമാനിക്കുകയെന്ന തീരുമാനത്തിലെത്തുന്നതെങ്ങനെ? അവയവങ്ങളല്ല, ജീനുകളും ക്രോമോസോമുകളുമാണ് എല്ലാ ജീവികളിലും അവയുടെ ലിംഗത്വം തീരുമാനിക്കുന്നതെങ്കിൽ മനുഷ്യനിൽ മാത്രം ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ഒരാളുടെ ലിംഗത്വം മാറ്റാനാകുമെന്ന് കരുതുന്നതെങ്ങനെ? ബയോളജിയുടെ ഈ ചോദ്യങ്ങൾക്കൊന്നും എൽജിബിറ്റി ആക്ടിവിസത്തിന്റെ കയ്യിൽ ഉത്തരങ്ങളില്ല. ചോദിക്കുന്നവരെ ട്രാൻസ്‌ഫോബുകളെന്ന് ആരോപിച്ച് സമൂഹത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കാൻ ശ്രമിക്കുന്നത് അതുകൊണ്ടാണല്ലോ.

അവയവങ്ങളല്ല ക്രോമോസോമുകളും ജീനുകളുമാണ് ആത്യന്തികമായി ഒരാളുടെ ലിംഗത്വമെന്താണെന്ന് തീരുമാനിക്കുന്നതെന്ന് പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. എങ്കിൽ, ജനിതകമാറ്റം വരുത്തിക്കൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ള ലിംഗത്തിലേക്ക് മാറാനാകുമോ ? ഇന്നല്ലെങ്കിൽ നാളെ ജനിതകമാറ്റം വരുത്താൻ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തിയാൽ അതുവഴി ദോഷമറ്റ രീതിയിലുള്ള ലിംഗമാറ്റം സാധിക്കുകയില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ഉത്തരം അടുത്ത ദിവസം പറയാം…..

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.