നബിചരിത്രത്തിന്റെ ഓരത്ത് -30

//നബിചരിത്രത്തിന്റെ ഓരത്ത് -30
//നബിചരിത്രത്തിന്റെ ഓരത്ത് -30
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -30

Print Now
ചരിത്രാസ്വാദനം

സ്വന്തബന്ധങ്ങൾ

”താങ്കൾ ഇഷ്ടപ്പെടുന്നവരെ നേര്‍മാര്‍ഗ്ഗത്തിലാക്കാൻ, തീർച്ചയായും, താങ്കൾക്കാവില്ല. എന്നാല്‍, അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാർഗം പ്രാപിക്കുന്നവരെ നന്നായി അവന്നറിയാമല്ലോ.”

ഈ സൂക്തത്തിലെ ഉള്ളടക്കം കുര്‍ആനിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നുണ്ട്. അവയാകട്ടെ തിരുദൂതർക്ക് വല്ലാത്ത ആശ്വാസമാണ് നൽകിയത്. തന്റെ ഉത്തരവാദിത്തം സന്ദേശമെത്തിക്കുക മാത്രമാണ്, ബാക്കിയെല്ലാം അല്ലാഹുവിന്നറിയാം.

ഈ സൂക്തത്തിന്റെ ആശ്വാസ സമീരണനിലും പ്രവാചകനെ ക്ലേശിപ്പിച്ച ചില തെറിച്ചുനില്‍ക്കലുകളുണ്ടായിരുന്നു. അത്രമേൽ പ്രിയപ്പെട്ടവരില്‍ ചിലരുടെ ശത്രുത അദ്ദേഹത്തെ വല്ലാതെ വിസ്മയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. മഖ്‌സൂമിയായ മച്ചുനന്‍ അബ്ദുല്ലയുടെ സമീപനം അത്തരത്തിലൊന്നാണ്.

അതിനെക്കാള്‍ പ്രവാചകനെ അമ്പരപ്പിച്ചതും ദുഃഖിപ്പിച്ചതും പിതൃവ്യനായിരുന്ന ഹാരിസിന്റെ പുത്രന്‍ അബൂസുഫ്‌യാന്റെ നിലപാടാണ്. ബാദിയ സഅദിയ്യയിൽ ഒരുമിച്ച് വളർന്ന കളിക്കൂട്ടുകാരൻ, മുലകുടിബന്ധത്തിലെ സഹോദരന്‍, പിതൃവ്യ പുത്രന്‍, ചിരകാല സുഹൃത്ത് ഇതെല്ലാമായിരുന്നു പ്രവാചകന് അബൂസുഫ്‌യാന്‍. പ്രവാചകന്‍ ന്യായമായും കരുതിയത് കവികൂടിയായ അബൂസുഫ്‌യാന് ദൈവിക സന്ദേശം ഉള്‍ക്കൊള്ളാന്‍ തടസ്സമൊന്നുമുണ്ടായിരിക്കില്ലെന്നാണ്. എന്നാല്‍, സൃഷ്ടികള്‍ ഒന്നു കരുതുന്നു, സ്രഷ്ടാവ് മറ്റൊന്നു തീരുമാനിക്കുന്നു. സത്യസന്ദേശം പ്രവാചകനും ചിരകാല സുഹൃത്തിനുമിടയില്‍ കനത്ത വിടവാണ് സൃഷ്ടിച്ചത്. അബൂസുഫ്‌യാന്റെ തണുത്ത പ്രതികരണവും അകല്‍ച്ചയുടെ ഗതിവേഗവും പ്രതിദിനം കൂടിക്കൂടിവന്നു. ഇരുവരുടെയും പിതൃവ്യന്‍ അബൂലഹബ് ഇക്കാര്യത്തില്‍ തന്റെ പങ്ക് വേണ്ടുവോളം നിര്‍വഹിക്കുകയും ചെയ്തു.

പ്രിയപ്പെട്ടവര്‍ പ്രിയപ്പെട്ടവരെ വെറുക്കുന്ന കയ്പുറ്റ കാലത്തിന്റെ മാതൃകകള്‍ ഇനിയും ചരിത്രത്തിന്റെ ചവറുകളില്‍നിന്ന് ചികഞ്ഞെടുക്കാനാകും. അബൂബക്ര്‍ ഇസ്‌ലാം സ്വീകരിച്ചതിനു പിന്നാലെ പത്‌നി ഉമ്മുറുമാനും, അപ്പോഴേക്കും മരണമടഞ്ഞിരുന്ന മറ്റൊരു ഭാര്യയിലെ പുത്രന്‍ അബ്ദുല്ലയും പുത്രി അസ്‌മയും മുസ്‌ലിംകളായി. ഉമ്മുറുമാന്‍ അദ്ദേഹത്തിന് അടുത്തിട മറ്റൊരു മകളെക്കൂടി നല്‍കിയിരിക്കുന്നു; ആയിശ എന്ന് അവര്‍ അവള്‍ക്കു പേരു നല്‍കി. സെയ്ദ്ബിന്‍ ഹാരിസയുടെ പുത്രന്‍ ഉസാമയെപ്പോലെ, ഇസ്‌ലാമില്‍ പിറന്നുവീണ ആദ്യ സന്താനങ്ങളിലുള്‍പ്പെടുന്നു ആയിശ.

നിരവധി പേരെ വിശ്വാസത്തിന്റെ മധുരം കുടിപ്പിച്ച അബൂബക്‌റിന് പക്ഷേ, തന്റെ മൂത്ത പുത്രന്‍ അബ്ദുല്‍ കഅ്ബയെ ഇസ്‌ലാമിലേക്കു കൊണ്ടുവരാനായില്ല. നാം ഒന്ന് കണക്കുകൂട്ടുന്നു, വിധി മറ്റൊന്ന് കരുതിവെക്കുന്നു. സ്‌നേഹനിധിയായ പിതാവിന്റെയും കൃപാലുവായ ഉമ്മ, ഉമ്മുറുമാന്റെയും തീവ്രശ്രമങ്ങളില്‍ ചുണ്ടോടടുത്തു വന്ന വിശ്വാസത്തിന്റെ പുഷ്പരസത്തെ രോഗാതുരനായ മന്ദബുദ്ധിയുടെ ദുര്‍വാശിയോടെ അയാള്‍ തട്ടിമാറ്റി.

വിശ്വാസികളില്‍ പലര്‍ക്കും മനോവിഷമമുണ്ടായ നിരവധി സംഭവങ്ങള്‍ ഇത്തരത്തിലുണ്ടായെങ്കിലും ആരും തളര്‍ന്നുപോയില്ല. അതേസമയം, ഇസ്‌ലാമിന്റെ സാന്നിധ്യം ശത്രുക്കളെ ഭ്രാന്തുപിടിപ്പിച്ചു. അതവരെ എന്തു ചെയ്യേണ്ടൂ എന്ന പരുവത്തില്‍ കൊണ്ടെത്തിച്ചു. തങ്ങള്‍ക്കിടയിലെ ബുദ്ധിമാന്മാരില്‍ ബുദ്ധിന്മാരുടെ പോലും കണക്കുകൂട്ടലുകളിലെവിടെയും ഈ ‘ഭീഷണി’ ഇല്ലായിരുന്നുവല്ലോ. പുതിയ മതം അവരുടെ ജീവിതരീതിയെ താറുമാറാക്കി. ഭാവിയിലേക്കായി ഓരോരുത്തരുമൊരുക്കിയിരുന്ന വന്‍പദ്ധതികള്‍ ധൂളികളായി ആകാശത്തിലുയര്‍ന്ന് പിന്നെ ഭൂമിയോടു ചേര്‍ന്നു. പ്രായപൂര്‍ത്തിയായ മക്കളുടെ വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തു കഴിഞ്ഞ ആളുകളാണ് വല്ലാതെ ചിന്താകുഴപ്പത്തിലായത്.

തങ്ങളുടെ ഗോത്രജന്‍ അബ്ദുല്ല പുതിയ മതത്തെ ക്വുറയ്ശികളുടെ സദസ്സില്‍ വെച്ച് നിശിതമായി കടിച്ചുകുടഞ്ഞത് ബനൂമഖ്‌സൂമിനെ സന്തുഷ്ടരാക്കി. അബ്ദുല്ലയുടെ സഹോദരന്‍ സുഹൈര്‍ ഇസ്‌ലാമിനോട് ഒട്ടും ശത്രുത പുലര്‍ത്തിയില്ല. അതേസമയം, ഇസ്‌ലാം സ്വീകരിച്ചതുമില്ല.

അബ്ദുല്ലയും സുഹൈറും മുഹമ്മദിനെപ്പോലെ അബ്ദുല്‍ മുത്തലിബിന്റെ പേരക്കിടാങ്ങളാണ്. അബ്ദുല്‍ മുത്തലിബിന്റെ പുത്രന്‍ അബ്ദുല്ലയുടെ പുത്രനാണ് മുഹമ്മദെങ്കില്‍ അബ്ദുല്‍ മുത്തലിബിന്റെ പുത്രി ആത്തിക്കയുടെ പുത്രന്മാരാണ് അബ്ദുല്ലയും സുഹൈറും. എന്നാല്‍, മരണപ്പെട്ടുപോയ അവരുടെ പിതാവിന് മറ്റൊരു ഭാര്യകൂടിയുണ്ടായിരുന്നു; അവരുടെ പേരും ആത്തിക്ക, അവര്‍ക്ക് ഒരു മകളുണ്ട്. ഹിന്ദ് എന്നവള്‍ക്കു പേര്‍. വളരെ വളരെ സുന്ദരിയായിരുന്നു ഹിന്ദ്. പത്തൊമ്പത് വയസ്സ് പ്രായം. അടുത്തിടയാണ് അവളുടെ വിവാഹം തന്റെ രണ്ട് അര്‍ധസഹോദരന്മാരുടെ മച്ചുനനായ അബൂസലമയുമൊത്ത് നടന്നത്.

മഖ്‌സൂമികളെല്ലാം വിവാഹത്തില്‍ സന്തുഷ്ടരായി. പക്ഷേ, ആഹ്ളാദം നൈമിഷികമായിരുന്നു. അത് സമ്മാനിച്ച പുഞ്ചിരിപ്പാടുകള്‍ അവരുടെ ദന്തനിരകളോടു വിടചൊല്ലിയത് വളരെ പെട്ടെന്നായിരുന്നു. അബൂസലമ മുസ്‌ലിമായിരിക്കുന്നുവത്രെ! എന്നാലെന്ത് എന്ന് സമാധാനിക്കാമായിരുന്നു, അയാളുടെ പത്‌നി ഉമ്മുസലമ എന്ന ഹിന്ദ് ഭര്‍ത്താവിനെ പിന്തുടര്‍ന്ന് മുസ്‌ലിമായിട്ടില്ലായിരുന്നെങ്കില്‍. തന്റെ വിശ്വാസ പ്രഖ്യാപനത്തിലൂടെ ബനൂമഖ്‌സൂമിന് സഹിക്കേണ്ട ഇരട്ട ദുഃഖം കുറക്കാനെങ്കിലും ഭര്‍ത്താവിനെ പിരിയുന്നതിനുപകരം പ്രവാചകന്റെ അടുത്ത അനുയായിയാകാനാണ് അവള്‍ ഇഷ്ടപ്പെട്ടത്.

കത്തിയാളുന്ന നരകത്തീയില്‍ വീഴാതെ തന്നെ പ്രവാചകന്‍ രക്ഷിക്കുന്നത് സ്വപ്നം കണ്ട അബ്ദ്ശംസ് ഗോത്രജനായ ഖാലിദ് തന്റെ വിശ്വാസം ഇതുവരെ പരമ രഹസ്യമാക്കി വെച്ചിട്ടുണ്ട്. എന്നാല്‍, പിതാവ് അക്കാര്യമറിഞ്ഞത് വളരെ പെട്ടെന്നാണ്. പുതിയ വിശ്വാസത്തെ തള്ളിപ്പറയാന്‍ അയാൾ മകനോടാവശ്യപ്പെട്ടു. ഉറച്ചതും ആത്മവിശ്വാസം ദ്യോതിപ്പിക്കുന്നതുമായ സ്വരത്തില്‍ ഖാലിദ് പിതാവിനോടു പറഞ്ഞു, ”ആ മതം ഉപേക്ഷിക്കുന്നതിനേക്കാള്‍ ഞാന്‍ തെരഞ്ഞെടുക്കുക മരണമാണ്.

ഇതോടെ ശരീരപീഡനമായി; ദാക്ഷിണ്യലേശമില്ലാത്ത ശരീരപീഡനം. കഴിക്കാന്‍ അന്നമില്ല, കുടിക്കാന്‍ കുടിനീരില്ല. കഠോരമായ പീഡന താഡന മുറകളുടെ ഇടതടവില്ലാത്ത മൂന്ന് പകലിരവുകള്‍ക്കുശേഷം ഖാലിദ് തടവറയില്‍ നിന്ന് പുറത്തുകടന്നു. താപകോപഭരിതമായ മാനസിക സ്ഥിതിയില്‍ പിതാവ്, ഖാലിദിനെ പടിക്ക് പുറത്താക്കി. കാട്ടിയതില്‍ കൂടുതല്‍ ക്രൂരത മകന്റെ നേരെ പ്രയോഗിക്കാനായി അയാളുടെ പ്രാകൃത മനസ്സില്‍ തെളിഞ്ഞുവന്നതുമില്ല.

അബ്ദ്ശംസിലെ ഉമയ്യാ വംശത്തിനും ‘ആള്‍ചോർച്ച’യുണ്ടായി. പ്രവാചകപുത്രി റുകയ്യയെ പരിണയിച്ച ഉസ്മാനു പിറകെ അവര്‍ക്ക് പലരേയും നഷ്ടപ്പെട്ടു. അവരുടെ സഖ്യ കക്ഷിയായ ബനൂസഅ്ദ് ബിന്‍ ഖുസയ്മ ഗോത്രത്തില്‍ നിന്ന് ഇസ്‌ലാമിലേക്കു കടന്നുവന്നത് ഒന്നും രണ്ടുമല്ല, പതിനാലു പേരായിരുന്നു. പ്രവാചകന്റെ അടുത്ത ബന്ധുവായ ജഹ്ശിന്റെ കുടുംബവും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ വിലപ്പെട്ട സഖ്യകക്ഷിക്കു പുറമെ ഉമയ്യാ സന്തതികളില്‍ നിന്ന് പ്രധാന നഷ്ടമുണ്ടായത് കുറയ്ഷികളുടെ നേതൃത്വമേറ്റെടുക്കാൻ പലവഴികളന്വേഷിക്കുന്ന അബൂസുഫ്‌യാൻ ബിൻ ഹർബിനു തന്നെയാണ്. അയാളുടെ മകള്‍ ഉമ്മുഹബീബ മുസ്‌ലിമായി, ഭര്‍ത്താവ് ഉബൈദുല്ലാഹ് ബിന്‍ ജഹ്ശിനെ പിന്തുടരുകയായിരുന്നു അവര്‍.

അദിയ്യ് ഗോത്രത്തിലെ സെയ്‌ദ് ഇസ്‌ലാമിന്റെ ആഗമനത്തിന് വളരെ മുമ്പുതന്നെ മക്കയിലെ ആചാരങ്ങളെയും ഉപാസനാ രീതികളെയും കഠിനമായി വെറുത്തു. നൗഫലിന്റെ പുതന്‍ വറക്വയെപ്പോലെ, മക്കക്കാരുടെ മതത്തിന്റെ നിര്‍ത്ഥകത ശരിക്കും ബോധ്യപ്പെട്ട ആളായിരുന്നു അംറിന്റെ പുത്രന്‍ സെയ്‌ദ്. വിഗ്രഹാരാധനയെ നഖനിഖാന്തം അയാൾ എതിര്‍ത്തു. വിഗ്രഹങ്ങള്‍ക്കു വേണ്ടി അറുക്കപ്പെട്ട മൃഗങ്ങളുടെ മാംസം ഭക്ഷിച്ചില്ല.

ദൈവങ്ങളെ നിന്ദിച്ചുകൊണ്ടുള്ള സെയ്‌ദിന്റെ വാക്കുകള്‍ അയാളുടെ മൂത്ത സഹോദരന്‍ ഖതാബിനെ അരിശം കൊള്ളിച്ചു. സഹോദരന്റെ ധിക്കാരപൂര്‍ണമായ പെരുമാറ്റം തന്നെ മറ്റുള്ളവരുടെ മുമ്പില്‍ ചെറുതാക്കുന്നത് അയാൾക്ക് സഹിക്കാനാകുന്നില്ല. കുറയ്ഷീ പ്രമുഖരുടെയും മറ്റു ഗോത്രമേലാളന്മാരുടെയും പ്രീതി നേടിയെടുക്കുന്നതിനുവേണ്ടി കൂടിയാവണം ഖതാബ് അനുജനെ മക്കയില്‍ നിന്നുതന്നെ പുറത്താക്കി. സെയ്‌ദ് പ്രാര്‍ത്ഥനകള്‍ക്കായി കഅ്ബയില്‍ എത്തുന്നത് തടയണമെന്ന് നിര്‍ദ്ദേശിച്ച് ചുറ്റുവട്ടങ്ങളില്‍ കിങ്കരന്മാരെ വിന്യസിച്ചു. മലമുകളിലേക്ക് പിന്‍വാങ്ങിയ സെയ്‌ദ് ഇടക്കിടെ ഇറാകും സിറിയയും സന്ദര്‍ശിച്ചു. ഇത്തരമൊരു യാത്രക്കിടയില്‍ അയാൾ കൊല്ലപ്പെടുകയായിരുന്നു.

സെയ്‌ദ് കൊല്ലപ്പെട്ട് വര്‍ഷങ്ങള്‍ കടന്നുപോയി. അതിനുശേഷം സഹോദരന്‍ ഖതാബും മരണമടഞ്ഞു. ഖതാബിന്റെ പുത്രന്‍ ഉമര്‍ ഇപ്പോള്‍ സെയ്‌ദിന്റെ പുത്രന്‍ സഈദുമായി നല്ല ബന്ധത്തിലാണ്. ഇവര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ധിബന്ധങ്ങള്‍ കൂടുതല്‍ ദൃഢത കൈവരിച്ചത് ഉമറിന്റെ സഹോദരി ഫാത്വിമയെ സഈദ് പരിഗ്രഹിച്ചപ്പോഴാണ്. ഇതോടെ കുടുംബബന്ധത്തിലുണ്ടായിരുന്ന അസ്വാരസ്യത്തിന്റെ മുമ്പേതന്നെ നേര്‍ത്തുവന്നിരുന്ന വരമ്പുകള്‍ അലിഞ്ഞില്ലായി. ഇസ്‌ലാമിന്റെ ആഗമനത്തോടെ സഈദ് അതിന്റെ ആദ്യപഥികരില്‍ ഒരാളായി.

അതേസമയം, ഉമര്‍ -അബൂജഹ്‌ലിന്റെ സഹോദരിയായിരുന്നു അയാളുടെ മാതാവ്- മതത്തിന്റെ കഠിനവിരോധിയായി. സഹോദരി ഫാത്വിമ ഭര്‍ത്താവ് സഈദിന്റെ കൂടെ നിന്നു. സഹോദരന്റെ ആക്രമണോത്സുകതയും ക്ഷിപ്രകോപവും അവള്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് തന്റെ വിശ്വാസത്തിന്റെ കഥ സഹോദരനോടു പറയാതിരുന്നതും.

വേറൊരു വഴിയിലൂടെയും ഇസ്‌ലാം ഉമറിന്റെ മുമ്പില്‍ വന്നുനിന്നു. അദ്ദേഹത്തിന്റെ പത്‌നി സെയ്‌നബ്, മദ്ഊന്റെ പുത്രന്‍ ഉസ്മാന്റെ സഹോദരിയായിരുന്നു. പ്രവാചക നിയോഗത്തിനു മുമ്പുതന്നെ ഏകദൈവ വിശ്വാസത്തോട് മമത പുലര്‍ത്തിയിരുന്നു ഉസ്മാന്‍. അദ്ദേഹവും രണ്ടു സഹോദരന്മാരും ഇസ്‌ലാമിനോട് ആദ്യം പ്രതികരിച്ച വിശ്വാസികളാണ്. ആര്‍ക്കറിയാം, ഉമറിന്റെ പത്‌നി സെയ്നബ് തന്നെ അക്കാലം മുസ്‌ലിമായിട്ടുണ്ടാകണം. ഭര്‍ത്താവിന്റെ കുപിത പ്രകൃതം തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞിരിക്കണം. ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുവും ഉമയ്യാ വംശത്തിന്റെ തലയാളുമായ ഉമയ്യബിന്‍ ഖലഫ് സെയ്ബിന്റെ മച്ചുനനാണെന്നോര്‍ക്കണം.

ഉമയ്യയുടെ സഹോദരന്‍ ഉബയ്യാണ് ഒരുനാള്‍ നുരുമ്പിയ എല്ലിന്‍ കഷ്ണമെടുത്തു കൊണ്ടു പ്രവാചകനോടു ചോദിച്ചത്, “മുഹമ്മദ്, ഈ അസ്ഥിശകലത്തിന് അല്ലാഹു വീണ്ടും ജീവന്‍ നല്‍കും എന്നാണോ നിങ്ങളുടെ അവകാശവാദം?” പിന്നീടയാള്‍ അല്‍പം പണിപ്പെട്ടുതന്നെ ആ എല്ലിന്‍ കഷ്ണം കൈകൊണ്ട് ഒടിച്ചു മുറിച്ചു നുറുക്കിപ്പൊടിച്ച് പ്രവാചകന്റെ മുഖം ലക്ഷ്യമാക്കി ഊതിപ്പറത്തി. പരിഹാസത്തിന്റെ ചിരി അയാളുടെ മുഖം വികൃതമാക്കി. അക്ഷോഭ്യനായി പ്രവാചകന്‍ പറഞ്ഞു, “അതെ, അങ്ങനെ തന്നെ. നിങ്ങളെ ഇക്കോലത്തില്‍ അവന്‍ പുനഃസൃഷ്ടിക്കും, എന്നിട്ട് നരകത്തില്‍ തള്ളുകയും ചെയ്യും.”

കുര്‍ആന്‍ അക്കാര്യം ഇങ്ങിനെ സൂചിപ്പിച്ചു, ”അയാള്‍ നമുക്കായി ഒരു ഉപമ കൊണ്ടുവന്നിരിക്കുന്നു. തന്റെ സൃഷ്ടി അയാള്‍ മറന്നുകളയുകയും ചെയ്തു. അയാള്‍ ചോദിച്ചു, ദ്രവിച്ചുതീര്‍ന്നിരിക്കെ ആരാണ് എല്ലുകളെ ജീവിപ്പിക്കുന്നത്? പറഞ്ഞുകൊടുക്കൂ, ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍തന്നെ അവയ്ക്ക് ജീവന്‍ നല്‍കും. എല്ലാതരം
സഷ്ടിവേലയെക്കുറിച്ചും അവന്‍ അറിവുള്ളവനുമാണ്.”

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.