LGBTQIA+ ശാസ്ത്രവും മതവും -1

//LGBTQIA+ ശാസ്ത്രവും മതവും -1
//LGBTQIA+ ശാസ്ത്രവും മതവും -1
ആനുകാലികം

LGBTQIA+ ശാസ്ത്രവും മതവും -1

ഒന്ന്) പുരുഷന്മാർ പ്രസവിക്കാറുണ്ടോ?

ആണുങ്ങൾ പ്രസവിക്കാറുണ്ടോ?

മാധ്യമങ്ങളുടെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയനായ മലയാളി പറയുക ‘അതെ’ എന്നായിരിക്കും.

സിയ പവലിൻ- സഹദ് ട്രാൻസ്‌ദമ്പതികളിൽ പുരുഷനായ സഹദ് ആണല്ലോ പ്രസവിച്ചത് എന്നുമവർ അനുബന്ധം പറയും.

പക്ഷെ പ്രസവിക്കേണ്ട പെണ്ണിനുണ്ടാവേണ്ട എല്ലാം സഹദിനുണ്ടായിരുന്നു. യോനി, അണ്ഡാശയം, ഗർഭാശയം… എല്ലാം…

ആകെ ഇല്ലാതിരുന്നത് മുല മാത്രമാണ്. ആണാണെന്ന് തോന്നിപ്പിക്കുവാൻ വേണ്ടി മുറിച്ച് കളഞ്ഞതാണ് അത്. അതിന്റെ വൈകാരിക പ്രയാസം സഹദും ശാരീരികപ്രയാസം കുഞ്ഞും ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ‘ഞാനിപ്പോള്‍ വിചാരിക്കുന്നത്, ബ്രെസ്റ്റ് റിമൂവ് ചെയ്തില്ലായിരുന്നെങ്കില്‍ വാവക്ക് മില്‍ക്ക് കൊടുക്കാമായിരുന്നു, വിധിയായിരിക്കാം’ എന്ന സഹദിന്റെ വർത്തമാനത്തിൽ ഈ പ്രയാസങ്ങളുടെയെല്ലാം പ്രതിഫലനമുണ്ട്.

മനുഷ്യനിൽ പ്രസവിക്കുന്ന ആണിനെ കൃത്രിമമായി നിർമ്മിച്ചെടുക്കുകയാണെന്ന് സാരം.

എന്നാൽ മറ്റു ചില ജീവികൾക്കിടയിൽ പ്രസവിക്കുന്ന ആണുങ്ങളുണ്ട്. ‘ആണുങ്ങൾ പ്രസവിക്കാറുണ്ടോ?’ എന്ന് ജീവശാസ്ത്രജ്ഞനോടാണ് ചോദിക്കുന്നതെങ്കിൽ അയാൾ ഉത്തരം നൽകുക ‘അതെ‘യെന്നായിരിക്കും. കടൽക്കുതിര (Seahorse), കുഴൽ മൽസ്യം (Pipefish), കടൽവ്യാളി (Sea dragon) തുടങ്ങിയ സിഗ്നിത്താഡെ (Syngnathidae) കുടുംബത്തിലെ സമുദ്രജീവികളിൽ ആൺവർഗ്ഗമാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്നുകൂടി അയാൾ കൂട്ടിച്ചേർക്കും.

ആൺകടൽക്കുതിര കുഞ്ഞുങ്ങളെ പ്രസവിക്കുകയോ, അതെങ്ങനെയാണ്?

ഇണ ചേരാൻ സമയമായാൽ ആൺ കടൽക്കുതിരയും പെൺ കടൽക്കുതിരയും പരസ്പരം ആകർഷിക്കുന്ന വിധത്തിൽ അവയുടെ ചിറകുകൾ ചലിപ്പിച്ച് നൃത്തമാടാൻ തുടങ്ങുന്നു. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന നൃത്തത്തിന് ശേഷം പെൺ കടൽക്കുതിര ജലോപരിതലത്തിലേക്ക് നീങ്ങുന്നു; ആണ് അതിനെ പിന്തുടരുന്നു. പെണ്ണ് അതിന്റെ ഓറഞ്ച് നിറത്തിലുള്ള മുട്ടകൾ ആൺശരീരത്തിന് മുൻവശത്തുള്ള സഞ്ചിയുടെ ദ്വാരത്തിലൂടെ അതിന്നകത്തേക്ക് നിക്ഷേപിക്കുന്നു. മുട്ടകൾ സുരക്ഷിതമായി തന്റെ സഞ്ചിക്കകത്തെത്തിക്കഴിഞ്ഞാൽ ആൺകടൽക്കുതിര അതിന്റെ ബീജം സഞ്ചിക്കകത്തേക്ക് സ്രവിക്കുകയും അതിന്റെ ദ്വാരം അടയ്ക്കുകയും ചെയ്യുന്നു. ഈ സഞ്ചിക്കകത്ത് വെച്ച് പെൺമുട്ടകളും ആൺമുട്ടകളും സംയോജിക്കുകയും സിക്താണ്ഡം വളർന്ന് കുഞ്ഞുങ്ങളായിത്തീരുകയും ചെയ്യുന്നു. ശരാശരി ഇരുപത് ദിവസമാണ് കുഞ്ഞുങ്ങൾ ആൺസഞ്ചിയിലുണ്ടാവുക. പ്രസവസമയമായാൽ അത് തന്നെ തന്റെ ശരീരത്തിലെ സഞ്ചിയിൽ ഒരു ദ്വാരമുണ്ടാക്കുകയും പ്രസവവേദനയ്ക്ക് സമാനമായ പ്രയാസം ദ്യോതിപ്പിക്കുന്ന ഒരു തരം സീൽക്കാരശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അതിലൂടെ കുഞ്ഞുങ്ങളെ വേഗത്തിൽ പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യുന്നു. കടൽക്കുതിരയുടെ ഒരു പ്രസവത്തിൽ ആയിരം വരെ കുഞ്ഞുങ്ങളുണ്ടാകുമെങ്കിലും അവയിൽ ഭൂരിപക്ഷവും മൽസ്യങ്ങളുടെയും മറ്റും ഇരകളായിത്തീരുകയാണ് ചെയ്യുക. പ്രസവത്തോടെ സ്വാതന്ത്രരാവുന്ന മക്കളെ സംരക്ഷിക്കാനായി ആൺകടൽക്കുതിരയോ പെൺകടൽക്കുതിരയോ ഒന്നും ചെയ്യാറില്ല. തങ്ങളുടെ സംരക്ഷണത്തിന് എന്ത് ചെയ്യണമെന്ന ബോധത്തോടെയാണ് അവ പിറന്നു വീഴുന്നത്. അതനുസരിച്ച് അവ പ്രവർത്തിക്കുന്നു. ഏതാനും എണ്ണം രക്ഷപ്പെടുന്നു; ഭൂരിപക്ഷവും തങ്ങളുടെ മാതാപിതാക്കളടക്കമുള്ള കടൽജീവികളുടെ ഇരകളായിത്തീരുകയാണ് ചെയ്യുന്നത്.

കടൽക്കുതിരകളുടെ പ്രണയം മുതൽ പ്രസവം വരെയുള്ള വർത്തനങ്ങൾ പരിശോധിക്കുക. സസ്തനികളിലെ പെണ്ണുങ്ങൾ പ്രത്യുൽപ്പാദനത്തിനായി ചെയ്യുന്നതെല്ലാം അവിടെ ചെയ്യുന്നത് ആണുങ്ങളാണ്; ആണുങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യുന്നത് പെണ്ണുങ്ങളും. ഇക്കാര്യം മനസ്സിലാക്കുമ്പോൾ സാധാരണക്കാർ സ്വാഭാവികമായും ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. സസ്തനികളിലെ പെണ്ണുങ്ങൾ ചെയ്യുന്നതായി കാണുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നത് കടൽക്കുതിരയിലെ ആണുങ്ങളാണെന്ന് പറയുന്നതെന്നതിനേക്കാൾ നല്ലത് അവയാണ് പെണ്ണുങ്ങളെന്ന് പറയുകയല്ലേ എന്നാണ് ചോദ്യം. ഭ്രൂണങ്ങൾ വളരുന്ന ആൺകടൽക്കുതിരയുടെ സഞ്ചി കംഗാരുവിന്റെ സഞ്ചിപോലെയുള്ള ഒരു സംരക്ഷിതസ്ഥലം മാത്രമാണെന്ന് കരുതപ്പെട്ടിരിക്കുന്ന ഇന്നലെകളിൽ ഈ ചോദ്യം അത്ര തന്നെ പ്രസക്തമായിരുന്നില്ല. എന്നാൽ സരളമായ ഒരു സഞ്ചി എന്നതിലുപരിയായി ഇത് വളരെ സങ്കീർണ്ണമായ ഒരു അവയവമാണെന്നും സസ്തനികളിലെ ഗർഭാശയത്തെപ്പോലെതന്നെ ഭ്രൂണവളർച്ചയുടെ ഓരോ ഘട്ടത്തിലും അത് വ്യത്യസ്തങ്ങളായ ധർമ്മങ്ങൾ നിർവ്വഹിക്കുന്നുണ്ടെന്നും പിതൃശരീരവും ഭ്രൂണവും തമ്മിലുള്ള പരസ്പര്യത്തെ നിർണ്ണയിക്കുന്നതിനായി മാത്രം മുവ്വായിരത്തിലധികം ജീനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലാക്കിയിട്ടുള്ള ഇന്ന് ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. ബീജം നൽകുന്ന ജീവിവർഗം ആണും അവരിൽ നിന്ന് ബീജം സ്വീകരിക്കുകയും സ്വന്തം ശരീരത്തിനകത്തെ അണ്ഡവുമായി അതിനെ സംയോജിപ്പിക്കുകയും സിക്താണ്ഡത്തെ സ്വന്തം ശരീരത്തിനകത്ത് വളർത്തുകയും അതിനെ പോഷിപ്പിക്കുകയും ചെയ്യുന്ന ജീവിവർഗം പെണ്ണും എന്ന സസ്തനികളിലെ അളവ് കോൽ വെച്ച് കൊണ്ട് പരിശോധിച്ചാൽ കടൽക്കുതിരകളിലെ ആണിനെ പെണ്ണായും പെണ്ണിനെ ആണായും വ്യവഹരിക്കേണ്ടതായി വരും. എന്നാൽ ജീവശാസ്ത്രലോകം അത് അംഗീകരിക്കുകയില്ല. അവർ പറയുക കടൽക്കുതിരയടക്കമുള്ള സിഗ്നിത്താഡെ കുടുംബത്തിലെ സമുദ്രജീവികളിലെ ആൺവർഗ്ഗമാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്നാണ്.

പ്രത്യുല്പാദനവിജ്ഞാനീയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന ജീവശാസ്ത്രജ്ഞർ സിഗ്നിത്താഡെ വർഗ്ഗത്തിൽ പെട്ട ജീവികളിലെ ആൺവർഗ്ഗമാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതെന്ന് ആണയിട്ട് പറഞ്ഞുകൊണ്ടിരിക്കും. ആൺ-പെൺ വ്യത്യാസങ്ങൾ പ്രകൃതിപരമല്ലെന്നും സാമൂഹ്യനിർമ്മിതിയാണെന്നുമുള്ള എൽജിബിറ്റി ആക്ടിവിസ്റ്റുകളുടെ വാദത്തിന് അനുകൂലമായ തെളിവ് നൽകുന്നുണ്ട് ഈ ജീവികളെന്ന് വാദിക്കാവുന്നതാണ്. സ്ത്രീക്കായി സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന ഗർഭധാരണവും പ്രസവവുമെല്ലാം ചെയ്യുന്ന ആണുങ്ങൾ ചില ജീവിവർഗ്ഗങ്ങളിലെങ്കിലുമുണ്ടെങ്കിൽ എന്തുകൊണ്ട് മനുഷ്യർക്കും അങ്ങനെയെല്ലാം ആയിക്കൂടാ എന്ന് ചോദിക്കാൻ വകുപ്പുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം വളരുകയും ആൺശരീരത്തിൽ അണ്ഡാശയവും ഗർഭാശയവുമെല്ലാം വെച്ചുപിടിപ്പിക്കാൻ കഴിയുകയും പ്രസവിക്കുന്നവരായി പുരുഷന്മാരെ ആക്കിത്തീർക്കുകയും ചെയ്യാൻ കഴിഞ്ഞാൽ നിലനിൽക്കുന്ന ജെൻഡർ സങ്കല്പങ്ങളെയെല്ലാം അത് മാറ്റിയെഴുതുമെന്ന് കരുതുന്നവർക്ക് പ്രതീക്ഷ നൽകുന്ന ജീവികളാണ് കടൽക്കുതിരയുടെ വർഗ്ഗത്തിൽ പെട്ടവരെന്ന് ന്യായമായും കരുതാൻ വകുപ്പുണ്ട്.

എന്നാൽ വസ്തുത അതല്ല. സിഗ്നിത്താഡെ ജീവികൾ എൽജിബിറ്റി ആക്ടിവിസ്റ്റുകൾക്ക് എതിരെയുള്ള തെളിവാണ് നൽകുന്നത്. ട്രാൻസ്ജെൻഡറിസം ജീവശാസ്ത്രപരമായി തെറ്റാണെന്നാണ് സിഗ്നിത്താഡെ ജീവികൾ പറയുന്നത്. എന്തുകൊണ്ട്? എങ്ങനെ?

നാളെ അത് നമുക്ക് ചർച്ച ചെയ്യാം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.