
ബാൻഡേജുകൾ തുന്നിക്കെട്ടിയിട്ടും രക്തം അയാളിൽ നിന്നിറങ്ങിവരികയാണ്. ശരീരത്തിൽ ബാൻഡേജുകൾ ഇല്ലാത്ത സ്ഥലം പരിമിതമാണ്. വേഗതയോ അശ്രദ്ധയോ എന്താണ് അയാളെ അങ്ങോട്ടെത്തിച്ചത്? ആളുകൾ ആശുപത്രി വരാന്തയിൽ നിന്ന് ചർച്ചയായി.
‘അബദ്ധത്തിൽ ചെന്നിടിക്കാൻ അവിടെ വളവുകൾ ഇല്ലല്ലോ’
‘സദാസമയം ഫോണിൽ ആണല്ലോ..അങ്ങനെ ശ്രദ്ധ തെറ്റിയതാവും’
‘ഹേയ്..ഇതാരോ ശരിക്കും പണി കൊടുത്തതാ…അല്ലെങ്കിൽ ഇടിച്ച ലോറി നിർത്താതെ പോകുമോ?’
ചർച്ചകൾ അങ്ങാടി വരെ നീണ്ടു. പക്ഷേ ആരുടെ വാക്കുകളും അയാൾക്ക് വേണ്ടി സഹതപിച്ചില്ല. ആരുടെ മുഖവും അയാൾക്ക് വേണ്ടി മ്ലാനമായില്ല. എല്ലാവരും ഒരു സംശയത്തോടെയാണ് ആ സംഭവത്തെ നോക്കിക്കണ്ടത്. ബന്ധുക്കൾ പോലും. അതിന് കാരണങ്ങളുണ്ട്. തന്റെ തിരക്കുകൾക്കിടയിൽ അയാൾ ജനങ്ങളോട് സൗഹൃദം സ്ഥാപിക്കാൻ മറന്നു പോയി. തന്റെ വർത്തമാനങ്ങൾ മുഴുവൻ കച്ചവടങ്ങൾക്ക് വേണ്ടി മാത്രമാക്കി. അതയാളെ വല്ലാതെ കാർക്കശ്യക്കാരനാക്കി. അഹങ്കാരിയാക്കി. ആളുകളോട് പരിഹാസച്ചുവയിൽ മാത്രം സംസാരിക്കുന്നവനാക്കി. എത്രയോ മനസ്സുകളെ അയാൾ വേദനിപ്പിച്ചു. ഒരുപാട് മുറിവുകൾ മനുഷ്യരിലുണ്ടാക്കി.
ആശുപത്രി വരാന്തയിൽ അയാളുടെ പിതാവ് ചാരി ഇരുന്നു കൊണ്ട് മുകളിലേക്ക് നോക്കിയിരിക്കുകയാണ്. ആ ആക്സിഡന്റിന്റെ ഷോക്കിൽ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല. അതിനേക്കൾ വേദന ആളുകളുടെ മുറുമുറുപ്പുകൾ കേൾക്കുമ്പോഴാണ്. കാതുകൾ അടച്ചു പിടിക്കാനാവാതെ, കലങ്ങിയ കണ്ണുകളുമായി ആ വൃദ്ധൻ ഇരിപ്പ് തുടരുകയാണ്. അരികിൽ കരഞ്ഞു തളർന്ന മകന്റെ ഭാര്യയോട് അയാൾക്ക് ഒന്നും പറയുവാനില്ലായിരുന്നു. ഒരുപക്ഷേ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമയെ ഒരുനിമിഷത്തേക്കെങ്കിലും തന്റെ അടുത്ത് കിട്ടിയിരുന്നെങ്കിൽ എന്നദ്ദേഹം ആശിച്ചു പോയിട്ടുണ്ടാവും.
പതുക്കെ ബോധത്തിലേക്ക് വരികയാണ് അയാൾ. ബാൻഡേജുകളുടെ ഭാരം അനുഭവപ്പെടാൻ തുടങ്ങി. ഉള്ളിൽ വേദനകളെല്ലാം ഒരു സ്ഥലത്ത് സംഗമിച്ച് ആർത്തട്ടസഹിക്കുന്നത് പോലെ. കാതുകൾ മൂകതയെ വെടിഞ്ഞ് ശബ്ദങ്ങളെ പുണരാൻ തുടങ്ങിയിരിക്കുന്നു. അവയിലേക്ക് ഒരു മനുഷ്യ ശബ്ദം ഓടി വന്നു.
‘ദൈവ ശിക്ഷയാണ്. ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു..’
പരിചിതമായാ ആ ശബ്ദം എല്ലാ വേദനകൾക്കും മീതെ അയാളിലൂടെ പാറി നടന്നു. ബാൻഡേജുകൾക്ക് ഭാരമില്ലാതെയായി. പതുക്കെ തുറന്നു വന്ന തന്റെ കണ്ണുകൾ കണ്ണീരിന് വേണ്ടി കൊതിച്ചു..!
മനുഷ്യരെ മുറിവേൽപ്പിക്കാതെ ജീവിക്കുമ്പോഴാണ് നാം ശരിക്കും നമ്മെത്തന്നെ ബഹുമാനിക്കുന്നത്. സംവാദങ്ങളോ ചർച്ചകളോ തമാശകളോ ഒന്നും ആളുകളെ മുറിവേല്പിക്കാതെ ആവുമ്പോഴാണ് അത് മനോഹരമാവുന്നത്. മനുഷ്യരെ മുറിവേൽപ്പിക്കാതെ, മനസ്സുകളിൽ നാമെന്ന സുന്ദര സ്മാരകം പണിഞ്ഞു കൊണ്ട് ഈ ലോകത്ത് നിന്ന് വിട പറയുന്നതിനേക്കാൾ ഭൂമിയിൽ വിട്ടേച്ചു പോകാൻ പറ്റുന്ന മറ്റെന്തുണ്ട്..!
No comments yet.