പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -1

//പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -1
//പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -1
ആനുകാലികം

പ്രപഞ്ച നിയമങ്ങള്‍ കൊണ്ട് ദൈവം ഇല്ലാതാകുമോ? -1

പ്രകൃതിയില്‍ കാണുന്ന ഏതൊരു പ്രതിഭാസത്തിനും ഭൗതികമായി തന്നെയുള്ള കാരണങ്ങളുണ്ട്. എല്ലാം പ്രകൃതി നിയമങ്ങളാല്‍ ബന്ധിതമാണ്. അവയ്ക്കതീതമായി ഒന്നും ഒരിക്കലും സംഭവിക്കുന്നതായി നാം നിരീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ പ്രകൃത്യാതീതമായ ഒരു അഭൗതിക ശക്തിയും പ്രപഞ്ചത്തില്‍ ഇടപെടുന്നില്ല. തത്ത്വശാസ്ത്രപരമായ നാച്ചുറലിസത്തിന്റെ അടിത്തറ ഈ നിരീക്ഷണമാണ്.

ആധുനിക ശാസ്ത്രത്തിന്റെയെല്ലാം വളര്‍ച്ചയോടെ ഈ നിരീക്ഷണം കൂടുതല്‍ ശക്തമായിയെന്ന് തന്നെ പറയാം. രാപകലുകള്‍ എങ്ങനെയുണ്ടാകുന്നുവെന്നും, ആകാശഗോളങ്ങളുടെ ചലനത്തിന് ഹേതുവാകുന്നതെന്താണെന്നും, സൂര്യന്‍ എന്തുകൊണ്ട് ജ്വലിക്കുന്നുവെന്നും കാറ്റും മഴയും മഴവില്ലും, ഇടിയും ഉണ്ടാകുന്നതിന്റെ പ്രകൃതി നിയമങ്ങള്‍ എന്താണെന്നും എല്ലാം വ്യക്തമാക്കാന്‍ ഇന്നത്തെ ശാസ്ത്രത്തിനെക്കൊണ്ടാകും. മനുഷ്യൻ ജനിക്കുന്നതിനും, മരിക്കുന്നതിനും, മുതൽ അണുവിനകത്തെ നേരിയ ചലനങ്ങൾക്ക് വരെ ശാസ്ത്രം ഭൗതികമായ വിശദീകരണം പറയുന്നു.

ചരിത്രപരമായി നാസ്തിക ദര്‍ശനങ്ങളുടെ ഉത്പത്തിയെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും ഉയര്‍ന്നു കാണുന്ന വാദവും ഇതു തന്നെയാണ്.

എല്ലാ പ്രപഞ്ച പ്രതിഭാസത്തിനും ഭൗതികമായി തന്നെയുള്ള കാര്യകാരണ ബന്ധങ്ങള്‍ ആണ് ഉള്ളത്. അതിനാല്‍ പ്രകൃതിയില്‍ ഒരു ദൈവത്തിന്റെയും ഇടപെടലില്ലായെന്ന വീക്ഷണം. ഇതേ ലോക വീക്ഷണത്തിന്റെ തന്നെ മറ്റൊരു ഹേതുവായി പറയപ്പെടാനുള്ളത് ആറ്റോമിസം (Atomism) ആണ്. വിഭജിക്കാനാവാത്ത അടിസ്ഥാന കണങ്ങൾ കൊണ്ട് നിര്‍മിതമാണ് സകല പ്രപഞ്ചവും എന്ന സിദ്ധാന്തമാണിത്. പ്രാചീന ഗ്രീക്ക് തത്ത്വചിന്തകരായ ലൂസിപ്പസ് (Leucippus) ഡെമോക്രിറ്റസ് (Democritus), എപ്പിക്കുറസ് (Epicurus) ലൂക്രിട്ടസ് (Lucretius) തുടങ്ങിയവര്‍ ആറ്റോമിസത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭൗതിക പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവരാണ്.

ഈ വീക്ഷണങ്ങളുടെയെല്ലാം ആകെത്തുകയാണ് നവനാസ്തിക ലോകത്തിന്റെയും തത്ത്വശാസ്ത്രം. അഥവാ അടിസ്ഥാന കണങ്ങളും, മൗലിക ബലങ്ങളും മാത്രമാണ് നിലനില്‍ക്കുന്നത്. ഇവ കൊണ്ട് സര്‍വ്വതും വിശദീകരിക്കാനും കഴിയും. ആയതിനാല്‍  ഒരു ദൈവത്തെയും തിരയേണ്ടതില്ലാ- അതിന്റെ ആവശ്യം തന്നെയില്ലാ എന്നിവര്‍ വാദിക്കുന്നു.

ഭൗതിക നിയമങ്ങള്‍ മാത്രമാണ് സകലതിന്റെയും അടിത്തറയെന്ന മെറ്റീരിയലിസ്റ്റിക് ചിന്താഗതിയുടെ ഒരാവിഷ്‌കാരം തന്നെയാണ് നാസ്തികള്‍ പ്രത്യേകിച്ച് മുന്‍കൈയെടുത്ത് നടത്തുന്ന ശാസ്ത്രപഠന ക്ലാസുകളുടെ ഹേതു. ജീവശാസ്ത്രവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവുമൊക്കെ വെറുതേ പറഞ്ഞു കൊടുക്കുന്നതിന്റെ ചോതന ഈ ശാസ്ത്ര തത്ത്വങ്ങള്‍ മാത്രമാണ് പ്രകൃതിയെ നിലനിര്‍ത്തുന്നത് എന്നു കൂടെ പറയാനാണ്.

പരിണാമ സിദ്ധാന്തം പ്രസംഗിക്കുന്നതിലൂടെ മനുഷ്യന്റെ അസ്തിത്വത്തെ ജീവശാസ്ത്രപരമായും, ബിഗ് ബാംഗ് തിയറി പറയുന്നതിലൂടെ പ്രപഞ്ചത്തെ ഭൗതിക ശാസ്ത്രപരമായും വിശദീകരിക്കാന്‍ കഴിയുന്നെങ്കില്‍ പിന്നെ ദൈവത്തിന്റെ ആവശ്യമില്ലല്ലോ. ചുരുക്കത്തില്‍ ഭൗതികത മാത്രമാണെല്ലാം എന്ന വിശ്വാസമാണ് അടിസ്ഥാനപരമായി നാസ്തികതയുടെ ചാലക ശക്തി. അടിസ്ഥാന കണങ്ങളും, മൗലിക ബലങ്ങളും അവയാല്‍ സൃഷ്ടിക്കപ്പെടുന്ന കാര്യകാരണ ബന്ധങ്ങളും (Cause, Effect Relations) മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അതിനാല്‍ ഈ പ്രകൃതി നിയമങ്ങള്‍ കൊണ്ട് സര്‍വ്വതിനെയും വ്യാഖ്യാനിക്കാനും കഴിയും എന്ന വിശ്വാസം.

ഇത്രയും പറഞ്ഞുവെച്ചത് ഭൗതികതയും ഭൗതിക വാദവും തമ്മിലുള്ള ബന്ധത്തിന്റെ ആമുഖമെന്ന നിലക്കാണ്. ഒരു ശരാശരി ഭൗതിക വാദിയുടെ ചിന്തകളെത്രത്തോളമെത്തുമെന്നതിന്റെ ആകെത്തുകയായി മുകളിലത്തെ വാദങ്ങളെ വായിക്കാം. പ്രകൃതിയെ നിരീക്ഷിക്കുന്നതില്‍ നിന്നും സ്വാഭാവിക യുക്തികൊണ്ട് വളരെ ലളിതമായി എത്തുന്ന തീര്‍പ്പു മാത്രമാണിതൊക്കെയും. എന്നാല്‍ ഈ ലളിത യുക്തി അന്തിമമല്ലെന്നു മാത്രമല്ല, ഇത്തരം ലളിത യുക്തിക്കപ്പുറം മനസ്സിലാക്കാനോ, ചിന്തിക്കാനോ, നിലവാരം പുലര്‍ത്തുന്നില്ല എന്നത് നാസ്തികത പ്രകടിപ്പിക്കുന്ന ഒരു പ്രധാന പരിമിതിയാണ്.

പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് കാരണമായി ഭൗതിക നിയമങ്ങളെ പറയാം എന്നത് ശരിയാണ്. എന്നാല്‍ അതൊരിക്കലും ഈ പ്രശ്‌നത്തിന് തീര്‍പ്പാകുന്നില്ലെന്ന് മാത്രം. ഒരു ഭൗതിക പ്രതിഭാസത്തിന് കാരണമായി മറ്റൊരു പ്രകൃതി നിയമത്തെ എണ്ണുന്നത് ആ പ്രകൃതി നിയമത്തിന്റെ നിലനില്‍പിനെ സംബന്ധിച്ച കൂടുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് കാരണമാവുക മാത്രമാണ് ചെയ്യുന്നത്. 

ഉദാഹരണത്തിന് ആകാശഗോളങ്ങളുടെ ചലനത്തിനും, ഭ്രമണത്തിനുമൊക്കെ കാരണമായി ഗുരുത്വാകര്‍ഷണത്തെ (Gravitation) പറയാവുന്നതാണ്. എന്നാല്‍ ഈ വിശദീകരണം ചോദ്യത്തെ മറ്റൊരു തലത്തിലേക്ക് മാറ്റിവെക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അഥവാ എന്തുകൊണ്ട് ഗുരുത്വാകര്‍ഷണം നിലനില്‍ക്കുന്നു?, അവയെന്തുകൊണ്ട് ഒരു നിശ്ചിത മൂല്യത്തില്‍ പ്രവര്‍ത്തിക്കുന്നു?, സ്ഥലകാലങ്ങളുടെ വ്യത്യാസമില്ലാതെ സ്വഭാവത്തിലും മൂല്യത്തിലും ഇവ എന്തുകൊണ്ട് സ്ഥിരത പ്രകടിപ്പിക്കുന്നു?, ഇവയെങ്ങനെ ഭൗതിക ലോകത്തെ സ്വാധീനിക്കുന്നു?, തുടങ്ങിയ മറ്റനേകം ചോദ്യങ്ങള്‍ക്ക് കാരണമാവുക മാത്രമേ ഇവിടെ ഒരു പ്രകൃതി നിയമത്തെ കാരണമായി പറയുന്നതു കൊണ്ട് സംഭവിക്കുന്നുള്ളൂ..

ഈ ചോദ്യങ്ങളുടെ മറുപടിയെന്നോണം സ്ഥലകാലങ്ങളുടെ വക്രതയോ (Curvature in Space time), ഗ്രാവിറ്റോണ്‍ കണികകളോ ഒക്കെയാണ് ഗുരുത്വാകര്‍ഷണത്തിന്റെ കാരണക്കാര്‍ എന്ന് വാദിച്ച് ഒരു പടി കൂടെ പോകാവുന്നതാണ്. എന്നാല്‍ ഒരു ഭൗതിക പ്രതിഭാസത്തെയോ, നിയമത്തെയോ ഹേതുവായി പറഞ്ഞാല്‍ മുകളില്‍ ഉന്നയിച്ച അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കപ്പെടുക. 

എന്തുകൊണ്ട് സ്ഥലകാല മാനങ്ങളില്‍ ഉണ്ടാകുന്ന വക്രത(Curvature) ഗുരുത്വാകര്‍ഷണമായി പ്രവര്‍ത്തിക്കുന്നു?, കൂടുതുല്‍ പിണ്ഡമുള്ള (Massive) വസ്തുക്കള്‍ എന്തുകൊണ്ട് സ്ഥലകാല വക്രതയ്ക്ക് കാരണമാകുന്നു?, ഇങ്ങനെയുണ്ടാകുന്ന വക്രത ഏകമാനമായ സ്വാധീനം മാത്രം എന്തുകൊണ്ട് ഉണ്ടാക്കുന്നു?, അവയെന്തുകൊണ്ട് നിശ്ചിത മൂല്യം പ്രകടിപ്പിക്കുന്നു?, എന്തുകൊണ്ട് ഇത്തരമൊരു പ്രകൃതിയുള്ള സ്ഥലകാല മാനങ്ങള്‍ തന്നെ നിലനില്‍ക്കുന്നു തുടങ്ങി വീണ്ടും ഉണ്ടാകുന്ന മറു ചോദ്യങ്ങള്‍ നിരവധിയാണ്?, ഇതിന് ബദലമായി ഗ്രാവിറ്റോണ്‍ കണികകളെയോ ഭൗതികമായ മറ്റെന്തിനെയോ എണ്ണിയാലും വീണ്ടും മുകളില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കപ്പെടുക. ഇങ്ങനെയുള്ള ചോദ്യംചെയ്യലുകള്‍ തുടര്‍ന്നാല്‍ ഒരു തരത്തിലുള്ള വിശദീകരണങ്ങളും സയന്‍സിന് പറയാനാകാത്ത ഒരവസ്ഥയുണ്ടാകും. അത്തരമൊരവസ്ഥയില്‍ ശാസ്ത്രമാകെ പറയുക ഭൗതിക ലോകത്ത് കാണപ്പെടുന്ന ക്രമമായ സംവിധാനങ്ങൾ (Patterns) ആ രീതിക്ക് സംവിധാനിക്കപ്പെട്ടിരിക്കുന്നുവെന്നല്ലാതെ അതെന്തുകൊണ്ടങ്ങനെയെന്ന് സംശയിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരമില്ലെന്നാണ്.

ഗ്രാവിറ്റിയെ മാത്രം ഉദാഹരണമായെടുത്ത് പറഞ്ഞതാണിവ. ഇത് തന്നെ Electro Magnetic Force-ന്റെ കാര്യത്തിലും, Strong and weak Nuclear forces- ന്റെ കാര്യത്തിലുമെല്ലാം ആവര്‍ത്തിച്ച് നോക്കാം. പക്ഷേ അടിസ്ഥാനപരമായി എന്തുകൊണ്ടാണിവയെല്ലാം ഒരു പ്രത്യേക സ്വഭാവ ഗുണത്തോടെ നിലനിൽക്കുന്നത് എന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലെന്ന് മാത്രമേ ശാസ്ത്രത്തിന് പറയാന്‍ കഴിയൂ.  

ചുരുക്കത്തില്‍ പ്രകൃതി നിയമങ്ങള്‍ കൊണ്ട് സകലതിനെയും വിശദീകരിക്കാന്‍ കഴിയുമെന്ന ഭൗതികവാദ ചിന്ത മരീചികക്ക് സമാനമായ മിഥ്യയാണ്. അധികമൊന്നും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരെ തളച്ചിടാന്‍ അത് മതിയാകും. എന്നാല്‍ ആ പ്രകൃതി നിയമങ്ങളുടെ നിലനില്‍പിനെ സ്വയം വിശദീകരിക്കാന്‍ പോലും ഭൗതികത കൊണ്ടാകില്ല.

എന്തുകൊണ്ട് പ്രപഞ്ച നിയമങ്ങള്‍ (Why Physical Laws)

എന്താണ് ഭൗതിക നിയമങ്ങള്‍ (Physical Law) എന്നതിനെ സംബന്ധിച്ചുള്ള ആഴമേറിയ ചര്‍ച്ചകള്‍ തത്ത്വശാസ്ത്ര രംഗത്ത് നടന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളെ ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് പ്രപഞ്ചം പുലര്‍ത്തുന്ന കേവലമായ യാന്ത്രിക പ്രകൃതം മാത്രമാണെല്ലാമെന്ന് അന്ധമായി ആശ്വസിക്കുക സാധ്യമല്ല. 

വാസ്തവത്തില്‍ പ്രപഞ്ച നിയമങ്ങളെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നവയൊക്കെ പ്രകൃതിയുടെ പൊതുസ്വഭാവത്തെ നിരീക്ഷിക്കുന്നതില്‍ നിന്നും നാം എത്തുന്ന തീര്‍പ്പാണ്. അഥവാ പ്രകൃതിയില്‍ കാണപ്പെടുന്ന ഒരു സ്ഥിര സ്വഭാവത്തിന് ഒരു വ്യാഖ്യാനം (Interpretation) നല്‍കി പ്രകൃതിക്ക് മേല്‍ ഒരു നിയമമാക്കി നാം കല്‍പ്പിച്ചു കൊടുക്കുന്നതാണ്. അതുകൊണ്ട് പ്രപഞ്ച നിയമങ്ങളെന്തുകൊണ്ട് എന്നതിന് നല്‍കി വരുന്ന ഒരു ശാസ്ത്ര വ്യാഖ്യാനത്തെയും നൂറ് ശതമാനം തീര്‍പ്പായി ഒരിക്കലും ഗണിക്കാനും കഴിയില്ല. അത് മാറാവുന്നതാണ്.

ഉദാഹരണത്തിന് ഗ്രാവിറ്റിയെ തത്ത്വശാസ്ത്രപരമായി വിശദീകരിക്കാന്‍ ശ്രമിച്ചവരിലാദ്യം കാണുന്നത് അരിസ്റ്റോട്ടിലിനെയാണ്. അദ്ദേഹം സകല ഭൗതിക വസ്തുക്കളും അവയുടെ നൈസര്‍ഗികമായ ഗുണത്തിനനുസരിച്ചാണ് നിലനില്‍ക്കുന്നതെന്നും പ്രപഞ്ചത്തില്‍ അവയുടെ സ്ഥാനം ഈ ഗുണം കൊണ്ട് നിശ്ചയിക്കപ്പെടുന്നതാണെന്നും ബി.സി നാലാം നൂറ്റാണ്ടില്‍ സമര്‍ത്ഥിച്ചു. കാറ്റും തീയും മണ്ണും, ജലവും ഒക്കെ അവയുടെ നൈസര്‍ഗികമായ സ്വഭാവം പ്രകടിപ്പിക്കുന്നു. ഇങ്ങനെ വസ്തുക്കള്‍ കാണിക്കുന്ന, അവയില്‍ ഉള്ളടങ്ങിയ ഒന്നാണ് ഗുരുത്വ ബലവും എന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. അരിസ്റ്റോട്ടിലിന് ശേഷം ഈ വിഷയം കാര്യമായി കൈകാര്യം ചെയ്ത വ്യക്തി സര്‍ ഐസക് ന്യൂട്ടനാണ്. ന്യൂട്ടന്‍ അരിസ്റ്റോട്ടിലിന്റെ ഗുരുത്വാകര്‍ഷണത്തെ സംബന്ധിച്ച തിയറികള്‍ മുഴുവനായും തെറ്റാണെന്ന് വാദിച്ചു.

വസ്തുക്കളില്‍ ഉള്ളടങ്ങിയ ഗുണമല്ല ഗ്രാവിറ്റി; മറിച്ച് വസ്തുക്കളില്‍ പ്രയോഗിക്കപ്പെടുന്ന ബലമാണ് ഗുരുത്വാകര്‍ഷണമെന്ന് തിരുത്തുകയാണ് ന്യൂട്ടൺ ചെയ്തത്. അതിനെ ഗണിത ശാസ്ത്രമുപയോഗിച്ച് വിശദീകരിക്കാനും ആ ഗണിത തത്ത്വമുപയോഗിച്ച് പ്രതിഭാസങ്ങളെ വിശദീകരിക്കാനും ഒക്കെ ന്യൂട്ടനെ കൊണ്ട് കഴിഞ്ഞു. എന്നാല്‍ ആ ന്യൂട്ടനും തെറ്റാണെന്ന് പറഞ്ഞ് അടുത്തൊരാള്‍ കൂടി വന്നു. ആ പ്രതിഭയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍.

ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം ഒരു ബലം തന്നെയല്ലെന്നാണ് വാദിച്ചത്. പകരം സ്ഥലകാല മാനങ്ങളില്‍ (Space Time Dimensions) പിണ്ഡമുള്ള ഒരു വസ്തു കാരണമായി ഉണ്ടാകുന്ന വക്രതയാണ്(curvature) ഗുരുത്വബലമായി അനുഭവപ്പെടുന്നതെന്ന് അദ്ദേഹം സ്ഥാപിച്ചുപോയി. 

ശാസ്ത്രം തിരിച്ചും, മറിച്ചും പറയുന്നു എന്ന സ്ഥിരതയില്ലായ്മ മാത്രമല്ല ഇവിടെയൊരു പോരായ്മയായി പറയുന്നത്; മറിച്ച് ഒരു പ്രകൃതി നിയമത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ല എന്നതു കൂടെയാണ് പ്രശ്‌നം. അതുകൊണ്ടു തന്നെ ഒരു നിയമത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച് താല്‍ക്കാലികമായ വ്യാഖ്യാനങ്ങള്‍ പറയുക മാത്രമാണ് ശാസ്ത്രം ചെയ്യുന്നുള്ളൂ. അത്തരമൊരു വ്യാഖ്യാനത്തെ മറ്റൊരു വസ്തുത കൊണ്ട് ഖണ്ഡിക്കുന്നത് വരെ അതിനെ വിശ്വസിക്കുകയല്ലാതെ വഴിയില്ല. തത്ത്വശാസ്ത്രത്തില്‍ കാള്‍ കൂപ്പര്‍ പരിചയപ്പെടുത്തിയ ഈ മാനദണ്ഡം ഫാള്‍സിഫയബിലിറ്റി എന്നറിയപ്പെടുന്നു. അപ്പോള്‍ ഇത്തരമൊരു മാനദണ്ഡം പ്രയോഗിക്കാന്‍ കഴിയാതിരിക്കുന്നെങ്കിലോ അത്രയും കാലം ഒരു തെറ്റായ തിയറി ശാസ്ത്രത്തിന്റെ കണ്ണില്‍ ശരിയായി തന്നെ കിടക്കും.

ഒരു ചിന്താപരീക്ഷണത്തിലൂടെ ആശയം കുറച്ചുകൂടി വ്യക്തമാക്കാം. ഉദാഹരണത്തിന് X എന്ന അദൃശ്യ ജീവികള്‍ ആണ് ഗ്രാവിറ്റിയുടെ കാരണക്കാര്‍ എന്നും, ഓരോ ആറ്റത്തിനകത്തും ഇവ നിലനില്‍ക്കുന്നുണ്ടെന്നും, എപ്പോഴൊക്കെ ഭൂമിയില്‍ നിന്നൊരു വസ്തു ഉയരുന്നുവോ അപ്പോഴൊക്കെ X അവയുടെ അദൃശ്യ കുരുക്കുകള്‍ ഉപയോഗിച്ച് ആ വസ്തുവിനെ തിരിച്ച് ഭൂമിയിലേക്ക് തന്നെ വലിക്കുന്നുവെന്നും ഇതാണ് ഗ്രാവിറ്റിയായി അനുഭവപ്പെടുന്നതെന്നും സിദ്ധാന്തിക്കുന്നൊരു തിയറിയെ ഞാന്‍ മുന്നോട്ടു വെച്ചുവെന്നു കരുതുക. ഗ്രാവിറ്റിയെന്ന പ്രകൃതി നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു വിശദീകരിക്കാന്‍ ഞാന്‍ വെറുതെ അതിന് കൊടുക്കുന്നൊരു വ്യാഖ്യാനം മാത്രമാണിത്. ഇത്തരമൊരു തിയറിയോട് ശാസ്ത്രത്തിനാകെ ചെയ്യാന്‍ കഴിയുക ഇതനുസരിച്ചുള്ള ഫലം തന്നെയാണോ ഭൗതിക ലോകത്ത് പ്രകടമാകുന്നത് എന്ന് പരിശോധിക്കുക മാത്രമാണ്. എന്നാല്‍ ഗ്രാവിറ്റിയെന്ന എഫക്ടിന് കാരണമായി പറയുന്ന X എന്ന അമൂര്‍ത്ത ജീവികളുടെ അസ്തിത്വത്തെയോ സ്വഭാവത്തെയോ ഫാൾസിഫൈ ചെയ്യാന്‍ ശാസ്ത്രത്തിന് കഴിയില്ല.

മുകളില്‍ ഞാന്‍ ഉന്നയിച്ച തിയറിയില്‍ X എന്ന പേരിന്റെ സ്ഥാനത്ത് ‘ബലം’ എന്ന വ്യാഖ്യാനം കൊടുക്കുക മാത്രമേ ന്യൂട്ടന്‍ ചെയ്തുള്ളൂ. വാസ്തവത്തില്‍ അവിടെ എവിടെയും X എന്ന ഒരു തരം അമൂര്‍ത്ത ജീവികളെ നാം കാണാത്ത പോലെ തന്നെ. ഒരു ബലത്തെ നാം കാണുന്നില്ല. മറിച്ച് അത് കാരണമായി ഉണ്ടാകുന്നതെന്ന് പൊതുവില്‍ പറയുന്ന എഫക്ടിനെ അനുഭവിക്കുക മാത്രമാണ് സംഭവിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഗ്രാവിറ്റിയെന്ന നാം അനുഭവിക്കുന്ന എഫക്ടിന് കാരണമായി X എന്ന അമൂര്‍ത്ത ജീവികളെ ഞാന്‍ വ്യാഖ്യാനിച്ചതിന് പകരം X ന്റെ സ്ഥാനത്ത് ബലം എന്ന സങ്കല്പം ഉപയോഗിക്കുക മാത്രമേ ന്യൂട്ടന്‍ ചെയ്തുള്ളു.

അനുഭവിക്കുന്ന ഗ്രാവിറ്റിക്ക് തെളിവുണ്ടെന്നല്ലാതെ അതെന്തു കൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്ന വ്യാഖ്യാനത്തിന് തെളിവൊന്നുമില്ല. ഗുരുത്വാകര്‍ഷണത്തിന് കാരണം സ്ഥലകാല വക്രതയാണെന്നോ ഗ്രാവിറ്റേഷന്‍ കണികകള്‍ ആണെന്നോ ഒക്കെ പറഞ്ഞു വരുമ്പോഴും ഒടുക്കം ഈ വിശദീകരണമില്ലായ്മയില്‍ എത്തും. മറ്റു ബലങ്ങളായ ഇലക്‌ട്രോ മാഗ്നറ്റിക് ഫോഴ്‌സിന്റെയും strong and weak Nuclear forces-  ന്റെയും ഒക്കെ വിശദീകരണങ്ങള്‍ ഈ പരിമിതികള്‍കത്താണ്. അഥവാ ശാസ്ത്രം അടിസ്ഥാനപരമായി ഒന്നിനും ഉത്തരമാകുന്നില്ല ചോദ്യത്തെ ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറ്റിവെക്കുക മാത്രമാണത്. ഭൗതിക നിയമങ്ങൾ അടിസ്ഥാനപരമായി എന്തുകൊണ്ട് ആ പ്രകൃതം കാണിക്കുന്നുവെന്ന പ്രധാന ചോദ്യത്തിന് ഉത്തരം നല്‍കാനും ശാസ്ത്രത്തിനെക്കൊണ്ട് കഴിയുന്നില്ല.

അപ്പോള്‍ എന്താണ് ഭൗതിക നിയമങ്ങളെന്ന ചോദ്യത്തിന് നല്‍കാവുന്ന മറുപടി പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സ്ഥിര സ്വഭാവങ്ങളാണവ എന്നാണ്. ആ സ്ഥിരം സ്വഭാവങ്ങളുടെ മൂല കാരണത്തെ(root Cause) കുറിച്ച് നമുക്കറിയില്ല.

അസ്വഭാവികതയുടെ ആമുഖം

നാച്ചുറലിസത്തിന്റെ തത്ത്വശാസ്ത്രപരമായ പ്രധാന നിലപാട് ദൈവത്തെ നിരാകരിക്കലല്ല മറിച്ച് ഭൗതിക പ്രപഞ്ചത്തില്‍ ദൈവമോ, മറ്റ് അഭൗതിക ശക്തികളോ ഇടപെടുന്നില്ലെന്ന ലോക വീക്ഷണമാണ്. അത് സ്വയം ഘടികാരം കണക്കെ ഭൗതിക നിയമങ്ങളനുസരിച്ച് നിലനില്‍ക്കുന്നതാണെന്നിവര്‍ വാദിക്കുന്നു. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്ന ഒരു കൂട്ടര്‍ തന്നെ പക്ഷേ അങ്ങനൊരു ദൈവത്തിന് പ്രപഞ്ചകാര്യങ്ങളുമായി ബന്ധമൊന്നുമില്ലെന്ന് വിശ്വസിക്കുന്നു. DEISTS എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. 

പ്രപഞ്ചത്തില്‍ ദൈവത്തിന്റെ ഇടപെടലുകള്‍ സാധ്യമാണോ എന്ന് പരിശോധിക്കുന്നതിന് എന്താണ് ഭൗതിക നിയമങ്ങളെന്നും, പ്രകൃതിയിലെ ദൈവത്തിന്റെ ഇടപെടലിന്റെ സ്വഭാവമെന്തായിരിക്കുമെന്നും എന്തിനെയാണ് പൊതുവില്‍ അത്ഭുതങ്ങള്‍ എന്ന് വിലയിരുത്തുമെന്നതിനെ സംബന്ധിച്ചും ആമുഖമായി മനസ്സിലാക്കേണ്ടതുണ്ട്. ആദ്യമായി എന്താണ് ഭൗതിക നിയമമെന്നതിനെ സംബന്ധിച്ച വിശദമായ ചര്‍ച്ച കഴിഞ്ഞ ഭാഗങ്ങളിലായി പറഞ്ഞുവെച്ചതാണ്.

അവയെ ചുരുക്കത്തില്‍ ഭൗതിക ലോകം പ്രകടിപ്പിക്കുന്ന സ്ഥിര സ്വഭാവങ്ങള്‍ എന്നു വിളിക്കാം. ഈ സ്ഥിര സ്വഭാവങ്ങളുടെ അടിസ്ഥാന കാരണങ്ങളെ സംബന്ധിച്ച് നമുക്ക് ഒന്നും അറിയില്ല എന്നതാണ് ഇവിടുത്തെ പ്രധാന  പരിമിധി. നമ്മളൊക്കെ കാണുന്നത് പ്രകൃതി പുലര്‍ത്തുന്ന സ്ഥായിയായ സ്വഭാവങ്ങളുടെ തുടര്‍ച്ചകള്‍ മാത്രമാണ്.
ഇവയെ നിരീക്ഷിക്കുന്നതില്‍ നിന്നും നാമാണ് പ്രകൃതി നിയമങ്ങളെന്ന് അവയെ വിലയിരുത്തി പ്രകൃതിക്ക് മേല്‍ ആരോപിക്കുന്നത്. ഇത്തരം പൊതു നിയമങ്ങളില്‍ നിന്നും വിഭിന്നമായി പ്രപഞ്ചത്തില്‍ എന്തൊക്കെ കാണുന്നുവോ അതിനെയെല്ലാം സ്വാഭാവികമായും അത്ഭുതങ്ങള്‍(MURACLES) എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ഇത്തരം അത്ഭുതങ്ങള്‍ മാത്രമാണോ ദൈവത്തിന്റെ ഇടപെടലായി വിലയിരുത്താന്‍ കഴിയുക? അടിസ്ഥാന കാരണങ്ങളെ വിലയിരുത്താൻ കഴിയാത്തതു കൊണ്ടു തന്നെ പ്രകൃതി നിയമങ്ങളുടെ അസ്തിത്വത്തെ അത്ഭുതം (Miracle) എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ? ..തുടങ്ങിയ ചോദ്യങ്ങളുണ്ട്.

ഈ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ ഒരു ചിന്താപരീക്ഷണം കൂടെ മുന്നോട്ടു വെക്കാം. ഉദാഹരണത്തിന് ഒരു കോയിൻ ടോസ് ചെയ്യുന്നതിനെ താങ്കള്‍ ആദ്യമായി നിരീക്ഷിക്കുകയാണെന്ന് കരുതുക. ആ കോയിൻ ടോസ് ചെയ്തപ്പോള്‍ കുറച്ചു മുകളിലോട്ടു വീണ ശേഷം അതൊരു പൂമ്പാറ്റയായി പറന്നുപോകുന്നതായൊരു അനുഭവമാണ് താങ്കള്‍ക്ക് കിട്ടിയതെന്നും കരുതുക. 

ആദ്യത്തെ നിരീക്ഷണത്തില്‍ താങ്കള്‍ക്കതിനെ അത്ഭുതമായാണ് തോന്നുക എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതേ പ്രവര്‍ത്തി തന്നെ ഒരു നൂറുവട്ടം ആവര്‍ത്തിക്കുകയും അപ്പോഴെല്ലാം ടോസ് ചെയ്യപ്പെടുന്ന കോയിൻ പൂമ്പാറ്റയായി പറന്നുപോകുന്നതായുള്ള റിസര്‍ട്ട് കിട്ടുകയും ചെയ്താല്‍ നൂറ്റിയൊന്നാമത്തെ വട്ടം ടോസ് ചെയ്യുമ്പോള്‍ തന്നെ ആ കോയിന്‍ പൂമ്പാറ്റയായി പറന്നുയരാന്‍ പോവുകയാണെന്ന് നിങ്ങള്‍ അനുമാനിക്കും. നിങ്ങള്‍ക്കൊരു അത്ഭുതമായേ തോന്നില്ല. അപ്പോള്‍ കാര്യകാരണ ബന്ധങ്ങള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതം. പിന്നെയെങ്ങനെയാണ് അത്ഭുതം (Miracle) അല്ലാതായത്? തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളില്‍ നിന്നും അതിന്റെ ആവര്‍ത്തന സ്വഭാവങ്ങളില്‍ നിന്നും പൊതു നിയമമാണതെന്ന അനുമാനത്തില്‍ മസ്തിഷ്കം എത്തിച്ചേരുകയാണ് ഇവിടെ സംഭവിക്കുന്നത്. അപ്പോള്‍ ആവര്‍ത്തന സ്വഭാവം കാണിക്കുന്ന ഒരു അത്ഭുതം മനുഷ്യന് അത്ഭുതമല്ലാതായി തോന്നാം.

നമുക്ക് അടിസ്ഥാനപരമായ കാരണങ്ങളെ വിശദീകരിക്കാന്‍ കഴിയാത്ത പ്രപഞ്ച നിയമങ്ങളും പ്രകൃതി പ്രതിഭാസങ്ങളുമൊക്കെ അപ്പോള്‍ അത്ഭുതങ്ങള്‍ തന്നെയാണ്. അവ അത്ഭുതങ്ങള്‍ അല്ലായെന്ന മിഥ്യാധാരണ നമുക്കുണ്ടാവുന്നത് നാം അവയുടെ ആവര്‍ത്തന സ്വഭാവം അനുഭവിക്കുന്നതു കൊണ്ടാണ്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.