ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എൻസിഇആർടി ഏറ്റെടുക്കുമ്പോൾ…

//ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എൻസിഇആർടി ഏറ്റെടുക്കുമ്പോൾ…
//ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എൻസിഇആർടി ഏറ്റെടുക്കുമ്പോൾ…
ആനുകാലികം

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എൻസിഇആർടി ഏറ്റെടുക്കുമ്പോൾ…

സാംസ്കാരികരംഗത്ത് അന്താരാഷ്ട്രീയമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന എൽജിബിറ്റി ആക്ടിവിസത്തിന്റെ സ്വാധീനം ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെയും സ്വാധീനിക്കുവാൻ പോകുന്നുവെന്നാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വന്ന എൻസിഇആർടി നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ വേണ്ടിയുള്ള കേരളസർക്കാരിന്റെ പരിശ്രമത്തോടനുബന്ധിച്ച് ഈ വിഷയം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്. എന്തുകൊണ്ടാണ് ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എതിർക്കപ്പെടുന്നതെന്നും അനുകൂലിക്കുന്നവരുടെ വാദങ്ങൾ എത്രത്തോളം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഈ കുറിപ്പ്.

എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

ഒന്ന്) ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ ലക്‌ഷ്യം അപകടകരമാണ്. എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധത്തെ തകർക്കുകയാണ് ലക്‌ഷ്യം. ഇക്കാര്യം ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ വസ്ത്രം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിർവ്വഹിച്ച അതേ ദിവസം 2021 ഡിസംബർ 15 വൈകുന്നേരം 4: 25 ന് മന്ത്രി ഡോ: ആർ ബിന്ദു ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. സ്വവർഗ്ഗാനുരാഗവും ലൈംഗികബന്ധവും സ്വാഭാവികവും ധാർമ്മികവുമാണെന്ന് പഠിപ്പിക്കപ്പെട്ടാൽ അതിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കും. വലിയ നാശമാണ് അതുകൊണ്ട് സമൂഹത്തിലുണ്ടാവുക; മാനവരാശിയെ തകർക്കാൻ പോന്ന നാശം. എയ്‌ഡ്‌സ്‌ മുതൽ മങ്കി പോക്സ് വരെ സ്വവർഗാനുരാഗികളിലാണ് വ്യാപകമായി ഉണ്ടാവുന്നതെന്ന് ഓർക്കുക.

രണ്ട്) ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന സിദ്ധാന്തങ്ങളൊന്നും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതല്ല. കേവലമായ സാമൂഹ്യശാസ്ത്രപരികല്പനകളുടെ അടിസ്ഥാനത്തിൽ മാത്രം സമർത്ഥിക്കപ്പെടുന്ന ജെൻഡർ തിയറിക്കോ ക്വിയർ തിയറിക്കോ യാതൊരുവിധ ശാസ്ത്രീയമായ അടിത്തറകളുമില്ല. അവയവങ്ങൾ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം അഥവാ ജെൻഡർ ഓരോരുത്തരുടെയും തോന്നലുകളാണ് തീരുമാനിക്കുന്നത് എന്നും സമർത്ഥിക്കുന്ന ജെൻഡർ തിയറിയോ ലിംഗത്വവും (gender) ലൈംഗികാഭിമുഖ്യവുമെല്ലാം (sexual orientation) വിപുലമായ വർണ്ണരാജിയിൽ നിലനിൽക്കുന്നുണ്ടെന്നും ഒരു വർണ്ണത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും (fluidity) സമർത്ഥിക്കുന്ന ക്വിയർ തിയറിയോ ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടവയല്ല. അശാസ്ത്രീയമായ പരികല്പനകളാൽ സ്ഥാപിക്കപ്പെട്ട ജെൻഡർ ന്യൂട്രൽ ആശയത്തിന് വേണ്ടി അടുത്ത തലമുറയുടെ ധാർമികതയെ തകർക്കുന്നത് ന്യായീകരിക്കാനാവില്ല.

മൂന്ന്) ജെൻഡർ ന്യൂട്രൽ ആശയങ്ങൾ കുടുംബസംവിധാനത്തെ തകർക്കുന്നതാണ്. എൽജിബിറ്റി ആക്ടിവിസം ആഗ്രഹിക്കുന്നത് സ്വവർഗ്ഗാനുരാഗത്തെ ധാർമ്മികമായി അംഗീകരിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്. ബാധ്യതകളൊന്നുമില്ലാത്ത ലൈംഗികാസ്വാദനത്തിന്റെ വാതിൽ തുറന്നുകൊടുക്കുവാൻ സമൂഹത്തെ നിർബന്ധിക്കുകയാണ് ലക്‌ഷ്യം. കുടുംബം നില നിർത്തുന്നതിനായുള്ള ത്യാഗങ്ങൾ, മക്കളുടെ രക്ഷാകർതൃത്വം, വൃദ്ധരുടെ പരിപാലനം എന്നീ ‘തലവേദന’കളിൽ നിന്നെല്ലാം പുരുഷനെയും സ്ത്രീയെയും ‘രക്ഷിക്കുക’യാണ് ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ ആത്യന്തികമായ നേട്ടം. കുടുംബം ഇല്ലാതായാൽ അത് സമൂഹത്തിന്റെ സംതുലനത്തെയും ആണിനും പെണ്ണിനും ഒരേപോലെ സംതൃപ്തമാവുന്ന പരസ്പര്യത്തിലൂടെയുള്ള ലൈംഗികതയെയുയുമെല്ലാം ബാധിക്കും. കുടുംബത്തിന്റെ തകർച്ച കൂടുതലായും ബാധിക്കുക കുട്ടികളെയും സ്ത്രീകളെയുമാണ്. ബീജദാതാക്കളായ രക്ഷിതാക്കളുടെ വൈകാരികസ്പർശമില്ലാത്ത ബാല്യം സാമൂഹികവിരുദ്ധരെയാണ് സൃഷ്ടിക്കുക.

നാല്) ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുക വഴി ലിംഗത്വ അസ്വാസ്ഥ്യ(gender dysphoria)മുള്ളവരുടെ എണ്ണം വർധിക്കുവാൻ കാരണമായേക്കും. താൻ ജനിച്ച ലിംഗമായിരുന്നില്ല തനിക്ക് ഉണ്ടാവേണ്ടിയിരുന്നത് എന്നും ഉള്ള ലിംഗം മാറ്റി എതിർലിംഗം വെച്ച് പിടിപ്പിച്ചാൽ മാത്രമേ തനിക്ക് സംതൃപ്തിയും സമാധാനവും ലഭിക്കുകയുള്ളൂവെന്നും ഒരാൾക്ക് തോന്നുന്നതാണ് ജെൻഡർ ഡിസ്‌ഫോറിയ. ഓരോരുത്തരുടെയും ഉള്ളിൽ തോന്നുന്നതെന്താണോ അതാണ് അവരുടെ ലിംഗത്വമെന്നും അതിലേക്ക് തങ്ങളുടെ ലിംഗത്തെ മാറ്റാൻ ആർക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും പഠിപ്പിക്കപ്പെടുന്ന സാഹചര്യവും ഒപ്പം തന്നെ അങ്ങനെ മാറാനുള്ള സംവിധാങ്ങളൊരുക്കി ആശുപത്രികൾ സജ്ജമാവുകയും ചെയ്‌താൽ ജെൻഡർ ഡിസ്‌ഫോറിയ വ്യാപകമാകുമെന്ന് നിരവധി അനുഭവങ്ങൾ നിരത്തി കനേഡിയൻ നാഡീശാസ്ത്രജ്ഞയും (neuroscientist) അസാധാരാണ ലൈംഗികതാല്പര്യങ്ങളെയും (paraphilias) അമിതലൈംഗികതയെയും (hypersexuality) കുറിച്ച പഠനശാഖകളിൽ വിദഗ്ധയുമായ ഡോ: ഡെബ്രാ സോ സമർത്ഥിക്കുന്നുണ്ട്. (Dr. Debra W. Soh: The End of Gender, Debunking the Myths about Sex and Identity in Our Society, New York 2020). സ്കാന്ഡിനേവിയൻ നാടുകളിൽ നടത്തിയ പഠനങ്ങൾ ഇത് സത്യമാണെന്ന് വ്യക്തമാക്കുന്നതാണ്.

അഞ്ച്) ജെൻഡർ ന്യൂട്രൽ ആശയങ്ങൾ പ്രകൃതിവിരുദ്ധമാണ്. ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ നിർബന്ധമാക്കുകയും ലിംഗവ്യത്യാസമില്ലാത്ത അഭിസംബോധനാരീതികൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണ്. കോശവിന്യാസം മുതൽ മസ്തിഷ്ക ഘടന വരെ വ്യത്യസ്തമായ ആൺകുട്ടികളെയും പെൺകുട്ടികളെയും തിരിച്ചറിയാത്ത സ്ഥിതി സൃഷ്ടിക്കുന്നത് മനുഷ്യപ്രകൃതിക്കെതിരാണ്. പുരുഷനും സ്ത്രീയും തമ്മിൽ തിരിച്ചറിയുകയും സ്വന്തം സ്വത്വവും വ്യതിരിക്തതകളും പാരസ്പര്യവും മനസ്സിലാക്കുകയും ചെയ്തുകൊണ്ടാവണം വളർന്നു വരേണ്ടത്. അപ്പോഴാണ് അവർക്ക് വ്യക്തിത്വബോധമുണ്ടാവുകയും സമൂഹനിർമ്മിതിയിൽ അവരുടേതായ പങ്കുവഹിക്കുവാൻ കഴിയുകയും ചെയ്യുക. ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളും ആശയങ്ങളും അടിച്ചേല്പിച്ചുകൊണ്ട് അവനവന്റെ സ്വത്വവും വ്യതിരിക്തതയും മനസ്സിലാകാൻ അനുവദിക്കാതെ വളർത്തുന്നത് ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും നാഡീശാസ്ത്രത്തിനും അന്തഃസ്രാവശാസ്ത്രത്തിനുമെല്ലാം എതിരാണ്.

അനുകൂലികളുടെ വാദങ്ങളും പ്രതിവാദങ്ങളും:

വാദം: സ്ത്രീ-പുരുഷസമത്വത്തിന് സമൂഹം ജെൻഡർ ന്യൂട്രൽ ആകണം:
പ്രതിവാദം: ജെൻഡർ ന്യൂട്രാലിറ്റിയും ജെൻഡർ ഇക്വാലിറ്റിയും ഒന്നല്ല. ജെൻഡർ ന്യൂട്രാലിറ്റിയെന്നാൽ സ്ത്രീ-പുരുഷസമത്വമാണെന്ന ധാരണ തെറ്റാണ്. സ്ത്രീക്കും പുരുഷനുമുള്ള സവിശേഷതകൾ പരിഗണിക്കാതെയുള്ള സമൂഹനിർമ്മിതിയാണ് ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ ലക്‌ഷ്യം. അശാസ്ത്രീയവും മാനവവിരുദ്ധവുമായ ആശയമാണത്. മനുഷ്യർക്കറിയാവുന്ന 6,495 സസ്തനി വർഗങ്ങളിൽ ഒരെണ്ണത്തിൽ പോലും അവയിലെ ആണും പെണ്ണും ഒരേ ധർമ്മങ്ങൾ നിർവ്വഹിക്കുന്നവയല്ല. അവയുടെ ദൗത്യങ്ങൾ സമമല്ല; എന്നാൽ പരസ്പരപൂരകമാണ്. മനുഷ്യവർഗ്ഗത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. അമ്മയാവുക, മുലയൂട്ടുക തുടങ്ങിയ സ്ത്രീദൗത്യങ്ങൾ ഏറ്റെടുക്കാൻ പുരുഷന് ഒരിക്കലും കഴിയുകയില്ല. വർഗ്ഗത്തിന്റെ നിലനിൽപ്പിന് തന്നെ ആധാരമാവുന്ന സുപ്രധാനമായ ആ ദൗത്യങ്ങൾ നിർവ്വഹിക്കാൻ ജീവശാസ്ത്രപരമായി നിർബന്ധിതരായ സ്ത്രീകൾ സമൂഹത്തിൽ സവിശേഷമായ പരിഗണന അർഹിക്കുന്നുണ്ട്. സ്വാഭാവികമായി ഇല്ലാത്തതും എത്ര ശ്രമിച്ചാലും ഉണ്ടാകാൻ പോകുന്നില്ലാത്തതുമായ സ്ത്രീ-പുരുഷ സമത്വം എന്ന ആശയം തന്നെ പ്രകൃതിവിരുദ്ധമാണ്. ആ ആശയത്തിൽ നിന്ന് കുറേക്കൂടി മുന്നോട്ട് പോയി സ്ത്രീ-പുരുഷ വ്യതിരിക്തതകളെയും സവിശേഷതകളെയും പരിഗണിക്കാതെയുള്ള ജെൻഡർ ന്യൂട്രൽ സമൂഹമെന്ന ആശയം പ്രകൃതവിരുദ്ധം മാത്രമല്ല, അപകടകരവും മനുഷ്യസമൂഹത്തെത്തന്നെ തകർക്കാൻ പോന്നതുമാണ്. അത്തരം സമൂഹങ്ങളിലുണ്ടാവുക സ്ത്രീ-പുരുഷ സമത്വമല്ല, പ്രത്യുത വ്യാപകമായ ധാർമ്മികതകർച്ചയാണ്.

വാദം: ജെൻഡർ ന്യൂട്രൽ ആശയങ്ങൾ വഴി ഊഷ്മളമായ ആൺ-പെൺ സൗഹൃദമുണ്ടാക്കാനും അവർ തുല്യരായണെന്ന ബോധമുണ്ടാക്കുവാനും കഴിയും.

പ്രതിവാദം: വസ്ത്രധാരണത്തിലും അഭിസംബോധനകളിലുമുള്ള ഐക്യരൂപ്യവും സമൂഹത്തിലെ ആൺ-പെൺ വ്യതിരിക്തതകളുടെ നിഷേധവും വഴി സൗഹൃദം ഊഷ്മളമാകുമെന്നും തുല്യതാബോധമുണ്ടാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? അത്തരത്തിലുള്ള വല്ല പഠനവും നടന്നിട്ടുണ്ടോ?. വസ്ത്രം ഓരോരുത്തരുടെയും സ്വത്വത്തെ പ്രതിനിധീകരിക്കുന്നതാണ്. സ്വത്വം ഇല്ലാതാക്കിക്കൊണ്ടുള്ള സൗഹൃദത്തിന് യാന്ത്രികതയാണുണ്ടാവുക. സ്വത്വം മറച്ചുവെച്ചുകൊണ്ടുള്ള, സ്വാഭാവികമല്ലാത്ത സൗഹൃദം വഴിയുണ്ടാകുന്ന ബന്ധങ്ങൾക്ക്, അത് കേവലമായ സ്നേഹബന്ധമാണെങ്കിലും പ്രണയമാണെങ്കിലും, സ്ഥായീഭാവമുണ്ടാവുകയില്ല. തികച്ചും യാന്ത്രികമായ കൊടുക്കൽ വാങ്ങലുകൾ മാത്രമേ അതിലൂടെയുണ്ടാവൂ. ജെൻഡർ ന്യൂട്രൽ വസ്ത്രവും അഭിസംബോധനകളും വഴി തുല്യതാബോധമുണ്ടാകുമെന്ന് വാദിക്കുന്നതിന്റെ ശാസ്ത്രീയമായ അടിസ്ഥാനമെന്താണ് എന്ന് അങ്ങനെ വാദിക്കുന്നവർ വ്യക്തമാക്കേണ്ടേതുണ്ട്?. ശാസ്ത്രീയമായ ഒരു പഠനവും അങ്ങനെ സ്ഥാപിക്കുന്നില്ല; സ്ഥിതിവിവരക്കണക്കുകളൊന്നും ആ വാദത്തെ സ്ഥിരീകരിക്കുന്നുമില്ല. കേവലമായ ഊഹത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പരികല്പനയാണത്. അത്തരം പരികല്പനകളുടെ പരീക്ഷണത്തിന് വേണ്ടി ഭാവിപൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് ന്യായീകരിക്കാനാവില്ല.

വാദം 4: ജെൻഡർ ന്യൂട്രൽ യൂണിഫോമും അഭിസംബോധനകളും പെൺകുട്ടികൾക്ക് ആത്മവിശ്വാസമുണ്ടാക്കുകയും അപകർഷതയില്ലാതെ സമൂഹത്തിൽ ഇടപെടാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

പ്രതിവാദം: ഏത് തരം സ്വത്വമാണെങ്കിലും ആ സ്വത്വത്തെ അംഗീകരിക്കാതെയുള്ള നടപടികളൊന്നും തന്നെ അതുമായി ബന്ധപ്പെട്ട അപകർഷതകളുണ്ടെങ്കിൽ അവയെ പരിഹരിക്കാനുതകുകയില്ല എന്ന സാമൂഹ്യശാസ്ത്രയാഥാർഥ്യം അംഗീകരിക്കാതെയുള്ളതാണ് ഈ വാദം. പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിക്കുകയും അവരുടെ സ്വത്വങ്ങളെ പരിഗണിക്കുകയും ചെയ്തു കൊണ്ടാണ് അവരിൽ ആർക്കെങ്കിലും സ്വന്തം സ്വത്വത്തിന്റെ പേരിൽ അപകർഷതയുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനാവശ്യമായ മാർഗങ്ങൾ ആരായേണ്ടത്. അല്ലാത്ത പക്ഷം ഏത് സ്വത്വത്തിന്റെ രീതികളാണോ സ്വീകരിക്കപ്പെടുന്നത് അവരോടുള്ള മനസികാടിമത്തത്തിന് മാത്രമേ നിമിത്തമാകൂ. ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പേരിൽ ആൺവസ്ത്രങ്ങൾ അടിച്ചേല്പിക്കപ്പെടുമ്പോൾ ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുന്ന രീതിക്ക് ആക്കം വർധിക്കുക മാത്രമേയുള്ളൂ. പെൺവസ്ത്രങ്ങളാണ് അടിച്ചേല്പിക്കപ്പെടുന്നതെങ്കിൽ അത് ഒരുതരം കോമാളിത്തം മാത്രമാണാവുകയെന്ന് എല്ലാവർക്കുമറിയാം. ആണവസ്ഥകളെ വിഗ്രഹവൽക്കരിക്കുകയല്ല, പകരം പെണ്ണവസ്ഥകളെ സ്വാഭാവികമായി മനസ്സിലാക്കുകയും അത് ആണവസ്ഥകളെക്കാൾ ഒട്ടും അധമമല്ലെന്ന് ഉൾക്കൊള്ളുകയും ചെയ്യുമ്പോഴാണ് അപകർഷതയില്ലാതെയാക്കാൻ കഴിയുക. ആ രംഗത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോമും അഭിസംബോധനകളും വിപരീതഫഫലം മാത്രമേയുണ്ടാക്കൂ.

വാദം 5: അപരലിംഗത്വമുള്ളവരെ (transgender) ഉൾക്കൊള്ളുവാനും അത് വഴി അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമാകുവാനും ജെൻഡർ ന്യൂട്രൽ യൂണിഫോം വഴി സാധിക്കും.

പ്രതിവാദം: അപരലിംഗത്വമുള്ളവരുടെ പ്രശ്നം ഏതെങ്കിലുമൊരു വസ്ത്രമാണെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഇത്തരം പരിഹാരങ്ങൾ നിർദേശിക്കപ്പെടുന്നത്. അവരുടെ പ്രശ്‍നങ്ങളിലൊന്ന് മാത്രമാണ് എതിർലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള ഇച്ഛ (transvestism). എല്ലാവരുടെയും വസ്ത്രം ഒന്നുതന്നെയാക്കിയാൽ ഈ ഇച്ഛ ഇല്ലാതെയാകുമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നും തന്നെയില്ല. ആൺഅപരലിംഗത്വമുള്ളയാൾക്ക് (transman) ചിലപ്പോൾ ആൺവസ്ത്രം അടിച്ചേല്പിക്കപ്പെടുമ്പോൾ അത് സന്തോഷം നൽകിയേക്കാം. എന്നാൽ പെൺഅപരലിംഗത്വമുള്ളയാൾ (transwoman) അപ്പോഴും മാനസികമായി അസംതൃപ്തയായിരിക്കും. അപരലിംഗത്വമുള്ളവരുടെ പ്രയാസങ്ങൾ അംഗീകരിക്കുകയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കുകയും ചെയ്യുവാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങളാണുണ്ടാവേണ്ടത്. അത് സമ്മതിക്കാതെ അവർ അനുഭവിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും മറവിൽ LGBTQIA+ ലൈംഗികാഭിനിവേശങ്ങളെയെല്ലാം ന്യായീകരിക്കാനാണ് ഇന്ന് ആ രംഗത്തെ ആക്ടിവിസ്റ്റുകൾ ശ്രമിക്കുന്നത്. അവരുടേത് ദുരിതങ്ങളാണ് എന്ന് അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കുവാനുള്ള പരിശ്രമങ്ങൾ നടക്കൂ. അത് അംഗീകരിക്കാതെ, അവരെ മുന്നിൽ നിർത്തിക്കൊണ്ട് എല്ലാ തരം വൈകൃതങ്ങളെയും ന്യായീകരിക്കുവാൻ അവരെ മറയാക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല.

print

1 Comment

  • Very nice.
    Jazaakka Allah Khair

    Sidheeqlekkidi 20.01.2023

Leave a comment

Your email address will not be published.