ഖുർആൻ ഒരു പരിചയം
സ്രഷ്ടാവും സംരക്ഷകനുമായവനിൽ നിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അന്തിമ പ്രവാചകനായ മുഹമ്മദി(ﷺ) ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യന് വരെ സകലരും സ്വീകരിക്കേണ്ട ദൈവികഗ്രന്ഥമാണത്.
‘ഖുര്‍ആന്‍’ എന്ന പദത്തിന് ‘വായന’ എന്നും ‘പാരായണം’ എന്നും അർഥം പറയാം. ‘വായിക്കപ്പെടുന്ന രേഖ’എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ തന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.(13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെപ്പോലെ നിയമസംഹിതയോ (തൗറാത്ത്) സങ്കീര്‍ത്തനങ്ങളോ (സബൂര്‍), സുവിശേഷ വര്‍ത്തമാനങ്ങളോ (ഇന്‍ജീല്‍) മാത്രമല്ല ഖുര്‍ആന്‍. അതിലെ ഓരോ പദവും അന്ത്യനാളുവരെയുള്ള കോടിക്കണക്കിന് സത്യവിശ്വാസികളാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളില്‍ കൊത്തിവെച്ച് സ്വജീവിതം അതനുസരിച്ച് വാര്‍ക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുര്‍ആന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യ വിവേചനത്തിനുള്ള മാനദണ്ഡമാണ് ഖുര്‍ആന്‍. അതില്‍ കല്പിച്ചതെല്ലാം നന്മയും അതില്‍ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന് അവന് മനസ്സിലാക്കുന്നു. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് ‘ഫുര്‍ഖാന്‍’എന്നാണ് (2:53, 2:185, 3:4, 25:1) ‘സത്യാസത്യവിവേചകം’ എന്നര്‍ഥം.
കിതാബ് (ഗ്രന്ഥം), ദിക്ര് (ഉദ്ബോധനം), നൂര്‍ (പ്രകാശം), ഹുദാ (സന്മാര്ഗം), ബുര്‍ഹാന്‍ (തെളിവ്), ശിഫാ (ശമനം), ഖയ്യിം (ഋജുവായത്), മുഹൈമിന്(പൂര്‍വവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷിക്കുന്നത്) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഇവയിലൂടെ ഖുര്‍ആനിന്റെ ധര്മത്തെക്കുറിച്ച വ്യക്തമായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്.
സ്വന്തത്തെ പരിചയപ്പെടുത്തുന്ന ചില ഖുർആൻ വചനങ്ങൾ കാണുക:
1)ദൈവികഗ്രന്ഥം.
“ലോക പരിപാലകനില്നിന്നും അവതീര്‍ണമായതാണ് ഇത്.” (ഖുര്‍ആന്‍ 56: 80, 69: 43)
2) സമാനമായത് സമാഹരിക്കാന്‍ സ്രഷ്ടാവിനല്ലാതെ സാധ്യമല്ല.
“അല്ലാഹു അല്ലാത്ത ആരാലും ഈ ക്വുര്‍ആന്‍ കെട്ടിച്ചമക്കപ്പെടാനാവില്ല.” (ഖുര്‍ആന്‍ 10: 37)
3) മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള മാര്‍ഗദര്‍ശനമാണ്.
“ഇത് ലോകര്‍ക്കുള്ള ഉദ്ബോധനമല്ലാതെ മറ്റൊന്നല്ല.”‘ (ഖുര്‍ആന്‍ 38: 87)
“നിശ്ചയം ഈ ഗ്രന്ഥം സത്യപ്രകാരം ജനങ്ങള്‍ക്കായി താങ്കളുടെ മേല്‍ നാം അവതരിപ്പിച്ചിരിക്കുന്നു.” (ക്വുര്‍ആന്‍ 39: 41)
4) ദുശ്ശക്തികളില്നിന്നും സംരക്ഷിക്കപ്പെട്ടതാണ്.
“ഇത് അഭിശപ്തനായ പിശാചിന്റെ വചനമല്ല” (ഖുര്‍ആന്‍ 81: 25)
5) വൈരുധ്യങ്ങളില്‍നിന്നും സുരക്ഷിതമാണ്.
“ഇത് അല്ലാഹു അല്ലാത്തവരുടെ അടുത്തുനിന്നുള്ളതായിരുന്നുവെങ്കില് അവര്‍ ഇതില്‍ നിരവധി വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു.” (ഖുര്‍ആന്‍ 4: 82)
6) ന്യൂനത വരുന്നതില്‍നിന്നും സുരക്ഷിതമാണ്.
“നിശ്ചയം നാമാണ് ഈ ഉദ്ബോധനത്തെ അവതരിപ്പിച്ചത്. നിശ്ചയം നാം ഇതിനെ സംരക്ഷിക്കുന്നതാണ്.” (ഖുര്‍ആന്‍ 15: 9)
7) പഠനവും മനഃപാഠമാക്കലും എളുപ്പമാണ്.
“നിശ്ചയം ഈ ക്വുര്‍ആനിനെ ഉദ്ബോധനം സ്വീകരിക്കുന്നതിനായി എളുപ്പമാക്കിയിരിക്കുന്നു. ഉദ്ബോധനം സ്വീകരിക്കുന്ന ആരാണുള്ളത്.” (ക്വുര്‍ആന്‍ 54: 17)
8) ദുര്വ്യാഖ്യാനങ്ങളില് നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
“ജനങ്ങള്‍ക്കായി അവതീര്‍ണമായതിനെ നീ അവര്‍ക്ക് വിവരിച്ചു നല്‍കുന്നതിനായി നാം ഈ ഉദ്ബോധനം അവതരിപ്പിച്ചു.” (ഖുര്‍ആന്‍ 16: 44)
ഖുര്‍ആനില്‍ 114 അധ്യായങ്ങളാണുള്ളത്. അധ്യായത്തിന് ‘സൂറത്ത്’എന്ന് പേര്. ഹിജ്റക്ക് മുമ്പ് അവതീർണമായ സൂറത്തുകൾ (മക്കിയ്യ) 86 ഉം ഹിജ്റക്ക് ശേഷം അവതീർണമായവ (മദനിയ്യ്) 28 ഉമാണ്. ഓരോ സൂറത്തുകള്‍ക്കും വ്യത്യസ്തങ്ങളായ പേരുകള്‍ നല്‍കിയിട്ടുണ്ട്. ചില അധ്യായങ്ങളുടെ പ്രാരംഭശബ്ദങ്ങള്‍ അവയുടെ നാമങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മറ്റു ചില സൂറത്തുകള്‍ക്ക് അവയുടെ മധ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഏതെങ്കിലും കാര്യങ്ങളാണ് പേരുകളായി നല്കപ്പെട്ടിരിക്കുന്നത്. പ്രതിപാദിക്കപ്പെട്ട പ്രധാന വിഷയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങള്‍ നല്കപ്പെട്ട സൂറത്തുകളുമുണ്ട്. മറ്റു ചില സൂറത്തുകളുടെ പേരുകളാവട്ടെ പദം അതിന്റെ ഉള്ളടക്കത്തിലില്ലെങ്കിലും പ്രതിപാദിക്കപ്പെട്ട അടിസ്ഥാന വിഷയങ്ങളെ ദ്യോതിപ്പിക്കുന്നവയാണ്.
സൂറത്തുകളുടെ വലിപ്പത്തിലും വലിയ അന്തരമുണ്ട്. മൂന്നു വാചകങ്ങള്‍ മാത്രമുള്ള ചെറിയ അധ്യായങ്ങള്‍ മുതല്‍ മുന്നൂറോളം വചനങ്ങളുള്ള ദീര്‍ഘമായ സൂറത്തുകള്‍ വരെയുണ്ട്.
സൂറത്തുകളിലെ ഓരോ വാക്യങ്ങള്‍ക്കാണ് ‘ആയത്തു’കളെന്ന് പറയുക. ആയത്തുകളുടെ വലിപ്പത്തിലും ഗണ്യമായ അന്തരമുണ്ട്. ഏതാനും ശബ്ദങ്ങള്‍ മാത്രം ചേര്‍ന്ന ആയത്തുകള്‍ മുതല്‍ ഒരുപാട് ദീര്‍ഘമായ ആയത്തുകള്‍ വരെയുണ്ട്. പല ആയത്തുകളും സമ്പൂര്‍ണ വാക്യങ്ങളാണ്. എന്നാല്‍, ഏതാനും ആയത്തുകള്‍ ചേര്‍ന്നാല്‍ മാത്രം പൂര്ണവാക്യമായിത്തീരുന്നവയുമുണ്ട്. അതുപോലെതന്നെ കുറേ പൂര്‍ണവാക്യങ്ങള്‍ ചേര്‍ന്ന ആയത്തുകളുമുണ്ട്. ആയത്തുകളുടെ ഘടനയും ദൈര്‍ഘ്യവുമെല്ലാം നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്.
6236 ആയത്തുകളും 77439 വാക്കുകളുമാണ് ഖുർആനിലുള്ളത്. ഖിറാഅത്തുകളുടെ വ്യത്യാസമനുസരിച്ച് അക്ഷരങ്ങളുടെ എണ്ണത്തിലും ആയത്തുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. (6666 ആയത്തുകള്‍ ക്വുര്ആനിലുണ്ടെന്ന് സാധാരണയായി പലരും പറയാറുണ്ട്. പ്രാമാണികരായ പണ്ഡിതന്മാരൊന്നും അങ്ങനെ പറഞ്ഞിട്ടില്ല. അതിന്ന് യാതൊരു അടിസ്ഥാനവുമില്ല.)
മനുഷ്യരോടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. അവന്റെ വിജയത്തിലേക്കാണ് അത് മനുഷ്യരെ ക്ഷണിക്കുന്നത്. പടച്ചവന്റെ അസ്തിത്വത്തെക്കുറിച്ച് പ്രകൃതിയിലെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് അവനെ തെര്യപ്പെടുത്തുന്നു. ഇഹലോകജീവിതത്തിന്റെ നശ്വരതയെയും ഇവിടത്തെ സുഖഭോഗങ്ങള്‍ക്കുപിന്നില്‍ ഓടി ജീവിതം തുലയ്ക്കുന്നതിന്റെ അര്‍ഥമില്ലായ്മയെയുംകുറിച്ച് അത് അവനോട് സംസാരിക്കുന്നു. മരണാനന്തരമുള്ള അനശ്വരജീവിതത്തില്‍ സ്വര്‍ഗപ്രവേശത്തിന് അര്‍ഹരാവുകയും നരകയാതനകളില്‍നിന്ന് രക്ഷപ്രാപിക്കുകയും ചെയ്യുന്ന അനുഗ്രഹീതരില്‍ ഉള്‍പ്പെടുവാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്ന് അവന് വ്യക്തമാക്കിക്കൊടുക്കുന്നു. ഭൗതിക ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി നരകം വിലയ്ക്കെടുത്തവരുടെ ചരിത്രത്തിലേക്ക് അവന്റെ ശ്രദ്ധ ക്ഷണിക്കുന്നു. വിശുദ്ധമായ ജീവിതം നയിച്ച് സ്വര്‍ഗപ്രവേശത്തിന് അനുമതി നല്‍കപ്പെട്ടവരെക്കുറിച്ച് അവന് പറഞ്ഞുകൊടുക്കുന്നു.
പടച്ചവന്റെ വചനങ്ങളാണ് ഖുര്‍ആനിലുള്ളത്. മനുഷ്യരാണ് അതിന്റെ സംബോധിതര്‍. സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദനശൈലിയല്ല ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. വൈജ്ഞാനിക ഗ്രന്ഥങ്ങളുടേതുപോലെ സമര്‍ഥനത്തിന്റെ ശൈലിയോ ചരിത്രഗ്രന്ഥങ്ങളിലേതുപോലെ പ്രതിപാദനത്തിന്റെ ശൈലിയോ സാഹിത്യ ഗ്രന്ഥങ്ങളിലേതുപോലെ കഥനത്തിന്റെ ശൈലിയോ അല്ല ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഈ ശൈലികളെല്ലാം ഖുര്‍ആന്‍ സ്വീകരിക്കുന്നുണ്ടുതാനും. നിര്‍ണയിക്കപ്പെട്ട ഒരു കേന്ദ്ര വിഷയത്തിന്റെ ശാഖകളും ഉപശാഖകളും വിശദീകരിച്ചുകൊണ്ട് ഉദ്ദേശിച്ച കാര്യം സമര്‍ഥിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. വിഷയങ്ങള്‍ നിര്‍ണയിച്ച് അതിന്റെ അടിസ്ഥാനത്തില്‍ അധ്യായങ്ങളും ശീര്‍ഷകങ്ങളും തരംതിരിക്കുകയെന്ന ശൈലിയല്ല ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത വിഷയങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി പ്രതിപാദിക്കുന്ന സവിശേഷമായ ശൈലിയാണ് ഖുർആനിന്റേത്.
പ്രബോധിതരോട് സമര്‍ഥമായി സംവദിക്കുന്ന പ്രഭാഷകന്റെ ശൈലിയാണ് ഖുര്‍ആനില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയാം. മനുഷ്യരെ രക്ഷാമാര്‍ഗം പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതിനത് ശാസ്ത്രത്തെയും ചരിത്രത്തെയുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. സദ്വര്‍ത്തമാനങ്ങളും അതോടൊപ്പം താക്കീതും അതിന്റെ സൂക്തങ്ങള്‍ക്കിടക്ക് കടന്നുവരുന്നു. സത്യമാര്‍ഗം സ്വീകരിച്ചാല്‍ ലഭിക്കാന്‍ പോകുന്ന പ്രതിഫലത്തെയും തിരസ്കരിച്ചാലുള്ള ഭവിഷ്യത്തുകളെയും കുറിച്ച് അത് ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ ബുദ്ധിയെയും യുക്തിയെയും തട്ടിയുണര്‍ത്തിക്കൊണ്ട് തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുവാനും അങ്ങനെ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ സത്യതയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്താനും അത് ആവശ്യപ്പെടുന്നു. ഇതെല്ലാം കൂടിക്കുഴഞ്ഞുകൊണ്ടാണ് കടന്നുവരുന്നത്.
പ്രബോധിതരുടെ താല്പര്യം പരിഗണിച്ച് പടച്ചവന് സ്വീകരിച്ചതാണ് ഈ ശൈലി. ബുദ്ധിജീവികളും സാധാരണക്കാരുമെല്ലാം ഉള്‍പ്പെടുന്ന മനുഷ്യസമൂഹത്തിന്റെ മൊത്തം ബോധവത്കരണത്തിന് ഉതകുന്നതത്രേ ഈ ശൈലി. ഖുര്‍ആനിന്റെ സവിശേഷമായ ഈ പ്രതിപാദനശൈലിയെക്കുറിച്ച് മനസ്സിലാക്കാതെ ഒരു വൈജ്ഞാനിക ഗ്രന്ഥത്തെയോ ചരിത്രപുസ്തകത്തെയോ സമീപിക്കുന്ന രീതിയില്‍ ഖുര്‍ആനിനെ സമീപിക്കുന്നത് അതിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നതിന് വിഘാതമാവും.
ദൈവികഗ്രൻഥമാണ് ഖുർആൻ. എന്തുകൊണ്ട് ഖുർആൻ ദൈവികമാണ് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരത്തെ ഇങ്ങനെ സംഗ്രഹിക്കാം:
സ്വയം ദൈവിക ഗ്രന്ഥമാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരേ ഒരു ഗ്രന്ഥമാണത്.
അന്ത്യനാളുവരെ മാറ്റമില്ലാതെ അവതരിക്കപ്പെട്ട അതേ രൂപത്തിൽ തന്നെ നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണത്.
അത് പ്രദാനം ചെയ്യുന്ന സാന്മാര്ഗികക്രമം കിടയറ്റതാണ്.
അതിലെ നിയമനിർദേശങ്ങളെല്ലാം മാനവികവും പ്രായോഗികവുമാണ്.
അത് പഠിപ്പിക്കുന്ന ചരിത്രം കളങ്കരഹിതവും സത്യസന്ധവുമാണ്.
അതിന്റെ സാഹിത്യം നിസ്തുലമാണ്.
അത് നടത്തിയ പ്രവചനങ്ങള്‍ സത്യസന്ധമായി പുലര്ന്നിട്ടുണ്ട്.
ദൈവത്തിന്റെ ദൃഷ്ടാന്തങ്ങള്‍ എന്ന നിലയില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി അതില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രമാദമുക്തമാകുന്നു.
അതില്‍ അശാസ്ത്രീയമായ യാതൊരു പരാമര്‍ശവുമില്ല.
അതില്‍ യാതൊരു വൈരുധ്യവുമില്ല.
അതിലേതുപോലെയുള്ള ഒരു അധ്യായമെങ്കിലുംകൊണ്ടുവരാന്‍ മനുഷ്യരോട് അത് നടത്തിയ വെല്ലുവിളിക്ക് മറുപടി നല്കാന് ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
അതുമായി ലോകത്തു നിയുക്തനായ വ്യക്തി മുഹമ്മദ് നബി(ﷺ) സത്യസന്ധനും നിസ്വാര്‍ഥനുമാണ്.
മരണാനന്തരമുള്ള ശാശ്വതജീവിതത്തിലെ വിജയത്തിനാവശ്യമായ മുഴുവൻ മാർഗദർശനവും അത് നൽകുന്നു.
ما شاء الله