ഖുർആൻ സംരക്ഷിതഗ്രന്ഥം -2

//ഖുർആൻ സംരക്ഷിതഗ്രന്ഥം -2
//ഖുർആൻ സംരക്ഷിതഗ്രന്ഥം -2
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -2

ഖുർആനിന്റെ സംരക്ഷണം

അവതരിപ്പിക്കപ്പെട്ട വിശുദ്ധിയില്‍ തന്നെ നില നിൽക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് ഖുര്‍ആൻ. അങ്ങനെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. “തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതാണ്.” (ഖുര്‍ആന്‍ 15: 9) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്.

അതിൽ യാതൊന്നും കൂട്ടിച്ചേർക്കാനോ എടുത്തുമാറ്റാനോ ആർക്കും കഴിയില്ല. “അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് അത്.” (ഖുര്‍ആന്‍ 41: 42) എന്ന പ്രഖ്യാപനം ഖുർആനിന്റെ ഈ അഖണ്ഡതയെയാണ് പ്രഖ്യാപിക്കുന്നത്. “അതില്‍ നിന്നും ഉളളതിനെ കുറക്കാനോ ഇല്ലാത്തതിനെ കൂട്ടിച്ചേര്‍ക്കാനോ സാധ്യമല്ല എന്നാണ് ഈ വചനം വിവക്ഷിക്കുന്നതെന്ന് ഖുർആൻ വ്യാഖ്യാതാവായ ഇമാം ത്വബ്‌രി (റ) വ്യക്തമാക്കിയിട്ടുണ്ട്. (തഫ്‌സീര്‍ ത്വബ്‌രി)

ഖുർആനിന്റെ ക്രോഡീകരണം നിർവ്വഹിച്ചതും പാരായണനിയമങ്ങൾ പഠിപ്പിച്ചതുമെല്ലാം അല്ലാഹു തന്നെയാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു; “നിശ്ചയം ഈ ഖുര്‍ആനിന്റെ സമാഹരണവും അത് പാരായണം ചെയ്തു തരലും നമ്മുടെബാധ്യതയാകുന്നു. അങ്ങനെ നാം അതിനെ ഓതിത്തന്നാല്‍ നീ ആ പാരായണത്തെ അനുഗമിക്കുക.” (ഖുര്‍ആന്‍ 75: 17-18). ‘ഈ “നബിയുടെ മനസ്സില്‍ ഉറച്ചു നില്‍ക്കുന്ന നിലയില്‍ ഖുര്‍ആനിനെ സമാഹരിക്കല്‍ അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു’വെന്നാണ് ഈ വചനം അർത്ഥമാക്കുന്നതെന്ന് ഇസ്ഹാഖ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി (റ) ഉദ്ധരിക്കുന്നുണ്ട്. (തഫ്‌സീര്‍ ത്വബ്‌രി)

മാറ്റമൊന്നും കൂടാതെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനം പൂര്‍ണമായും പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ലോകമെങ്ങും പ്രചാരത്തിലിരിക്കുന്ന ഖുര്‍ആന്‍ കോപ്പികളും ഖുര്‍ആന്‍ മനഃപാഠമാക്കിയിട്ടുള്ള ആയിരക്കണക്കിനു ഹാഫിദുകളും വ്യക്തമാക്കുന്നു. പ്രവാചകന്റെ കാലം മുതല്‍ ഇന്നുവരെ നൈരന്തര്യത്തോടെ നടന്നുവന്നിട്ടുള്ളതാണ് ഖുര്‍ആന്‍ രേഖീകരിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന പ്രക്രിയകളെന്ന വസ്തുതയ്ക്ക് ചരിത്രം നല്‍കുന്ന തെളിവുകള്‍ ഇതിനെ ദൃഢീകരിക്കുകയും ചെയ്യുന്നു.

കവിതകളും കഥാഖ്യാനങ്ങളും തലമുറകളിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്ന മനഃപാഠത്തിലൂടെയും വൈജ്ഞാനിക സാഹിത്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ലഭിക്കുന്ന രേഖീകരണത്തിലൂടെയും ഒരേപോലെ സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍. ഒന്നും കടത്തിക്കൂട്ടുകയോ എടുത്തൊഴിവാക്കുകയോ ചെയ്യാനാവാത്തവിധം പതിനാലു നൂറ്റാണ്ടുകളായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ രണ്ടു രീതികളിലും ഖുര്‍ആന്‍ പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്തുവെന്ന് വസ്തുനിഷ്ഠ തെളിവുകളുടെ വെളിച്ചത്തില്‍ ഒരാള്‍ക്കും ആരോപിക്കപ്പെടാനാവാത്ത നിലയില്‍, ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് ഒന്നര സഹസ്രാബ്ദക്കാലമായി തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള ഈ സംപ്രേഷണം നടക്കുന്നത്.

ഘട്ടങ്ങളായുള്ള അവതരണം

വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും ഒറ്റപ്രാവശ്യമായിട്ടല്ല, അല്‍പാല്‍പമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടക്കായി വ്യത്യസ്ത സാഹചര്യങ്ങളിലായിട്ടാണ് അതിലെ സൂക്തങ്ങളുടെ അവതരണം നടന്നത്. പ്രവാചകന് ലഭിച്ചുകൊണ്ടിരുന്ന ദിവ്യബോധനത്തിന് നിര്‍ണിതമായ ഇടവേളകളൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം തന്നെ ഒന്നിലധികം തവണ ദിവ്യബോധനം ലഭിച്ച സന്ദര്‍ഭങ്ങളുണ്ട്. ചിലപ്പോള്‍ ചില വചനങ്ങള്‍ മാത്രമാണ് അവതരിപ്പിക്കപ്പെടുക. ഏതെങ്കിലുമൊരു അധ്യായത്തില്‍ പ്രത്യേക ഭാഗത്ത് ചേര്‍ക്കുവാന്‍ വേണ്ടി നിര്‍ദേശിക്കപ്പെട്ട വചനങ്ങള്‍ മാത്രമായിരിക്കും ചിലപ്പോൾ അവതരിക്കപ്പെടുക. മുഴുവനായി ഒറ്റ സമയം തന്നെ അവതരിപ്പിക്കപ്പെട്ട അധ്യായങ്ങളുമുണ്ട്. അവസരങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് അവതരിപ്പിക്കപ്പെട്ട ഒരുപാട് സൂക്തങ്ങളുടെ സമുച്ചയമാണ് ഖുര്‍ആന്‍.

എന്തുകൊണ്ടാണ് ഒരൊറ്റ ഗ്രന്ഥമായി ഖുര്‍ആന്‍ അവതരിപ്പിക്കാത്തതെന്ന ചോദ്യം മുഹമ്മദി(സ)ന്റെ കാലത്തുതന്നെ അവിശ്വാസികള്‍ ചോദിച്ചിരുന്നു. അതിനുള്ള മറുപടി ഖുർആൻ തന്നെ പറയുന്നുണ്ട്: “സത്യനിഷേധികള്‍ പറഞ്ഞു. ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അങ്ങനെത്തന്നെയാണത് വേണ്ടത്. താങ്കളുടെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താന്‍വേണ്ടിയാണത്. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു” (25:32).

“മനുഷ്യർക്ക് താങ്കൾ സാവകാശം പാരായണം ചെയ്തു കൊടുക്കാനായി ഖുര്‍ആനെ നാം പല ഭാഗങ്ങളാക്കുകയും നാം അതിനെ ക്രമേണ ഇറക്കുകയും ചെയ്തു” (17:106).

ഖുര്‍ആന്‍ ഒന്നിച്ച് ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കാതിരുന്ന ദൈവികനടപടിയുടെ ലക്ഷ്യമെന്താണെന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നു. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം നല്‍കേണ്ട വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അതു തോറയെപ്പോലെ കേവലം കുറെ നിയമങ്ങളുടെ സംഹിതയല്ല. വിശ്വാസ പരിവര്‍ത്തനത്തിലൂടെ ഒരു സമൂഹത്തെ എങ്ങനെ വിമലീകരിക്കാമെന്ന് പ്രായോഗികമായി കാണിച്ചുതരുന്ന ഗ്രന്ഥമാണത്. ഖുര്‍ആനിന്റെ അവതരണത്തിനനുസരിച്ച് പരിവര്‍ത്തിതമായിക്കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ ചിത്രം കൂടി ഉപയോഗിച്ചുകൊണ്ടാണ് ഓരോ സൂക്തത്തിന്റെയും പൂര്‍ണമായ ഉദ്ദേശ്യം നാം മനസ്സിലാക്കുന്നത്. ഒറ്റയടിക്കാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ഈ രൂപത്തില്‍ നമുക്ക് അത് മനസ്സിലാക്കുവാന്‍ കഴിയുകയില്ലായിരുന്നു. അത് നൂറുശതമാനം പ്രായോഗികമായ ഒരു ഗ്രന്ഥമാണെന്ന് പറയുവാനും സാധിക്കുമായിരുന്നില്ല. വളര്‍ന്നുകൊണ്ടിരുന്ന ഒരു സമൂഹത്തിന് ഘട്ടങ്ങളായി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെന്ന നിലയ്ക്ക് – പ്രസ്തുത മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം ആ സമൂഹം മാറിക്കൊണ്ടിരുന്നു – അത് പൂര്‍ണമായും പ്രായോഗികമാണെന്ന് നമുക്ക് ഉറപ്പിച്ചുപറയുവാനാകും.

ഖുര്‍ആന്‍ ഘട്ടങ്ങളായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുള്ള ഗുണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. ദീര്‍ഘകാലമായി സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളും അധാര്‍മികതകളും ഒറ്റയടിക്ക് നിര്‍ത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമേ അവ നിര്‍ത്തല്‍ ചെയ്യാനാകൂ. താല്‍ക്കാലിക നിയമങ്ങള്‍ വഴി പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ ക്രമേണ അകറ്റിക്കൊണ്ട് അവസാനം സ്ഥിരമായ നിയമങ്ങള്‍ നടപ്പില്‍വരുത്തുകയാണ് പ്രായോഗികം. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൗകര്യം നല്‍കുന്നു.

2. ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും അപ്പപ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും തദവസരത്തില്‍തന്നെ പരിഹാരമുണ്ടാവുന്നരീതിയില്‍ ദൈവിക സന്ദേശങ്ങള്‍ ലഭിക്കുന്നത് പ്രബോധിത ജനതയില്‍ കൂടുതല്‍ ഫലപ്രദമായ പരിവര്‍ത്തനങ്ങളുണ്ടാവുന്നതിന് നിമിത്തമാകുന്നു.

3. ഒറ്റപ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിര്‍ദേശങ്ങള്‍ ഒരൊറ്റ ദിവസംതന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂര്‍ണമായി വിമലീകരിക്കപ്പെട്ട ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സാധിക്കുന്നു.

4. ഇടയ്ക്കിടക്ക് ദൈവിക ബോധനം ലഭിക്കുന്നത് പ്രവാചകന് മനഃസമാധാനവും ഹൃദയദാര്‍ഢ്യവുമുണ്ടാവുന്നതിന് കാരണമാവുന്നു.

5. പ്രവാചകന്റെ അനുയായികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങള്‍ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും കുറേശ്ശെയുള്ള അവതരണം വഴി സാധിക്കുന്നു.

മനഃപാഠം വഴിയുള്ള സംരക്ഷണം:

അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് മുഹമ്മദ് നബി (സ) ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നുവെന്നും ഓരോവര്‍ഷവും റമദാനില്‍ ജിബ്‌രീല്‍ വന്ന് അവതരിപ്പിക്കപ്പെട്ടിടത്തോളമുള്ള വചനങ്ങള്‍ പാരായണം ചെയ്തുകേട്ട് ഉറപ്പുവരുത്തിയിരുന്നുവെന്നും ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ഫദാഇലില്‍ ഫാത്വിമ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.

ഖുര്‍ആന്‍ മനഃപാഠമാക്കുവാന്‍ സ്വഹാബിമാരെ പ്രവാചകന്‍ (സ) പ്രോത്സാഹിപ്പിക്കുകയും ഹൃദിസ്ഥമാക്കിയ വചനങ്ങള്‍ മറന്നു പോകാനിടയാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകൾ ബുഖാരിയിലും മുസ്‌ലിമിലും മറ്റു ഹദീഥ് ഗ്രന്ഥങ്ങളിലുമെല്ലാം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മനഃപാഠമാക്കുന്നതില്‍ വിദഗ്ധരായിരുന്നു അറബികളെന്നതിനാലും പദ്യ-ഗദ്യ സമ്മിശ്രമായ ഖുര്‍ആനിന്റെ ശൈലി കാണാതെ പഠിക്കുവാന്‍ എളുപ്പമായിരുന്നതിനാലും സ്വഹാബിമാര്‍ക്ക് ഖുര്‍ആന്‍ പഠനം ഒരു പ്രയാസമായി അനുഭവപ്പെട്ടതേയില്ല. പരമാവധി മനഃപാഠമാക്കുവാന്‍ ഓരോ സ്വഹാബിയും പരിശ്രമിച്ചു. കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചവന്‍ താനാണെന്ന് അഭിമാനത്തോടെ പറയുന്നവരായിരുന്നു സ്വഹാബിമാരെന്ന് ഇബ്‌നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്. ഉബയ്യ് ബിനു കഅ്ബ്, മുആദ് ബ്നു ജബൽ, അബൂ സൈദ്, സൈദ് ബിനു ഥാബിത് (റ) എന്നീ നാല് അൻസ്വാരികൾ ഖുർആൻ പൂർണമായി മനഃപാഠമാക്കിയവരായി പ്രവാചകകാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന് അനസിൽ (റ) നിന്ന് ബുഖാരിയും മുസ്‌ലിമും അഹ്‌മദുമെല്ലാം നിവേദനം ചെയ്ത ഹദീഥിലുണ്ട്. നാലു ഖലീഫമാരും ത്വല്‍ഹ, സഅദ്, ഇബ്‌നു മസ്ഊദ്, ഹുദൈഫ, സാലിം, അബൂ ഹുറൈറ, അബ്ദുല്ലാഹ് ബിന്‍ സാഇബ്, മുആദ്, മുജമ്മിഅ് ബിൻ ഹാരിസ, ഫളാലത് ബിൻ ഉബൈദ്, മസ്‌ലമ ബിൻ മഖ്ലദ് ,അബ്ദുല്ലാ ബിൻ ഉബയ്യ്, അബ്ദുല്ലാ ബിൻ മസ്ഊദ്, അബ്ദുല്ലാബിൻ സാഇബ്, അബ്ദുല്ലാ ബിൻ അബ്ബാസ്, അബ്ദുല്ലാ ബിൻ ഉമർ, അബ്ദുല്ലാ ബിൻ അംറ്, ഉഖ്ബത് ബിന്‍ ആമിര്‍, ഉബാദത്ത് ബിന്‍ ഹാരിസ്, മുആദ്, മുജ മഖ്‌ലദ്, അംറ് ബിന്‍ ആസ്, സഅദ് ബിന്‍ അബാദ്, അബൂ മൂസല്‍ അശ്അരി (റ) എന്നിവരും മഹിളാരത്നങ്ങളായിരുന്ന ആഇശ, ഹഫ്‌സ, ഉമ്മു സലമ (റ) എന്നിവരുമെല്ലാം ഖുർആൻ മനഃപാഠമാക്കിയിരുന്ന പ്രവാചകാനുചരന്മാരായിരുന്നുവെന്ന് വിവിധ സ്രോതസ്സുകൾ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) സമർത്ഥിക്കുന്നുണ്ട്. (ഫതഹുല്‍ ബാരി 9/52)

യമാമഃ യുദ്ധത്തിൽ ഖുർആൻ പൂർണമായും മനഃപാഠമുള്ള എഴുപത് സ്വഹാബിമാർ വധിക്കപ്പെട്ടതായുള്ള പരാമർശങ്ങളും പ്രവാചകകാലത്ത് തന്നെ നടന്ന ബിഅ്ര്‍ മഈന സംഭവത്തിൽ അത്ര തന്നെ ഖുർആൻ മനഃപാഠമുള്ളവർ കൊല്ലപ്പെട്ടതായുള്ള പരാമർശങ്ങളും നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെ നൂറുക്കണക്കിനാളുകൾക്ക് ഖുർആൻ പൂർണമായും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. (ഇമാം ജലാലുദ്ധീൻ സുയൂഥ്വി: അൽഇത്ഖാന്‍ ഫീ ഉലൂമിൽ ഖുർആൻ 1/245, അശൈഖ് മുഹമ്മദ് അബ്ദുൽ അദ്വീ അസ്സർഖാനി: മനാഹിലുല്‍ ഇര്‍ഫാന്‍ ഫീ ഉലൂമിൽ ഖുർആൻ 1/242)

“ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ട രേഖകളെ അവലംബിക്കുന്നതിനേക്കാള്‍ മനസ്സില്‍ സൂക്ഷിക്കപ്പെട്ടതിനെ അവലംബിക്കാന്‍ ഈ സമുദായത്തിന് അല്ലാഹു നല്‍കിയ പ്രത്യേകതകളില്‍പെട്ടതാണ്” (അന്നശ്ർ ഫില്‍ ഖിറാഅത്തില്‍ അശ്ർ 1/6) എന്ന പാരായണങ്ങളുടെ ഇമാമായി അറിയപ്പെടുന്ന ഇമാം മുഹമ്മദ് ബിൻ മുഹമ്മദ് അൽ ജസാരിയുടെ പ്രസ്താവന മനഃപാഠത്തിലൂടെയുള്ള ഖുർആൻ സംരക്ഷണത്തിന്റെ കൃത്യതയെയാണ് അടയാളപ്പെടുത്തുന്നത്. ഈ ആധുനിക കാലഘട്ടത്തിലും ഖുര്‍ആന്‍ പൂര്‍ണമായും ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഒരു പിഴവുമില്ലാതെ പൂര്‍ണമായും മറ്റൊരാള്‍ക്ക് മനഃപ്പാഠമായി കേള്‍പ്പിക്കുന്ന അനേകായിരങ്ങള്‍ ലോകത്ത് ജീവിച്ചിരിക്കുന്നുവെന്ന സത്യം ഈ സംരക്ഷണം എത്രത്തോളം കുറ്റമറ്റതായിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട്. വൈജ്ഞാനികവിസ്ഫോടനത്തിന്റെ പുതിയ കാലത്ത് പോലും ഖുർആൻ പൂർണമായി മനഃപാഠമുള്ള പതിനായിരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരിക്കുന്നുവെന്നതാണ് വസ്തുത. അറിവിലും മനഃപ്പാഠമാക്കുന്നതിലും ആധുനികരേക്കാൾ ഉയർന്ന നിലവാരമുണ്ടായിരുന്ന പൂര്‍വികര്‍ ഈ വിഷയത്തില്‍ അതിനിപുണരായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പല സ്വഹാബിമാരും തങ്ങൾക്ക് ഖുർആൻ മനഃപാഠമുണ്ടായിരുന്നുവെന്ന വസ്തുത ഉറക്കെ പറഞ്ഞതായി വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഇബ്‌നു അംറിൽ (റ) നിന്നുള്ള നിവേദനം ഉദാഹരണം. അദ്ദേഹം പറഞ്ഞു: ഞാന്‍ ഖുര്‍ആന്‍ പൂര്‍ണമായും ശേഖരിച്ച് എല്ലാ രാത്രിയിലും പൂര്‍ണമായും പാരായണം ചെയ്തിരുന്നു. ഈ വിവരം നബി(സ)ക്ക് ലഭിച്ചു. അദ്ദേഹം പറഞ്ഞു: നീ എല്ലാ മാസവും ഒരു പ്രാവശ്യം പൂര്‍ണമായി ഓതുക. (ഇബ്‌നു മാജ, അഹ്‌മദ്, നസാഈ. ഈ ഹദീഥ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി സ്വഹീഹ് ഇബ്‌നു മാജയിൽ വ്യക്തമാക്കിയിട്ടുണ്ട്).

ഖുർആൻ ഹൃദിസ്ഥമാക്കിയവരെ പ്രവാചകൻ (സ) പ്രത്യേകമായ ദൗത്യങ്ങൾ ഏൽപിച്ചതായും പ്രത്യേകം പരിഗണിച്ചതായുമുള്ള നിവേദനങ്ങളിൽ നിന്ന് അതിന് ആ സമൂഹം നൽകിയിരുന്ന പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനാവും. ഖുര്‍ആന്‍ പൂര്‍ണമായി മനഃപ്പാഠമാക്കിയിരുന്ന ഉമ്മു വറഖ (റ) എന്ന മഹിളയെ അവരുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഇമാമായി നിശ്ചയിച്ചിരുന്നതായുള്ള ഇബ്‌നു ഖുസൈമയുടെ നിവേദനം ഹസനാണെന്ന് ശൈഖ് അല്‍ബാനി (റ) പറഞ്ഞിട്ടുണ്ട്.

ജാബിര്‍ (റ) പറയുന്നു: ഉഹുദ് യുദ്ധദിവസം ഒരേ ഖബറിൽ തന്നെ ഒന്നിലധികം രക്തസാക്ഷികളെ അടക്കം ചെയ്യേണ്ടിവന്നപ്പോൾ ഇവരില്‍ ‘ആരാണ് കൂടുതലായി ഖുര്‍ആന്‍ മനഃപ്പാഠമാക്കിയത്?’ എന്ന് ചോദിച്ച് അക്കാര്യത്തിൽ മുന്നിലുള്ളയാളെ ആദ്യം ഖബറില്‍ വെക്കുകയാണ് നബി (സ) ചെയ്തതെന്ന ജാബിറിൽ (റ) നിന്ന് ബുഖാരിയും ഇബ്‌നു മാജയും അബൂദാവൂദും നസാഈയുമെല്ലാം നിവേദനം ചെയ്ത ഹദീഥിൽ നിന്ന് എത്ര ഉന്നതരായാണ് ഖുർആൻ ഹൃദിസ്ഥമാക്കിയവർ പരിഗണിക്കപ്പെട്ടിരുന്നതെന്ന് മനസ്സിലാവുന്നുണ്ട്.

രേഖീകരണത്തിലൂടെയുള്ള സംരക്ഷണം.

പ്രവാചകന്റെ (സ) കാലത്ത്, മനഃപാഠമാക്കുന്നതോടൊപ്പം തന്നെ, ഖുര്‍ആന്‍ രേഖീകരിക്കുന്ന പതിവുമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ചരിത്രരേഖകളുണ്ട്. ഉമറിന്റെ (റ) ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച ഇബ്‌നു ഇസ്ഹാഖിന്റെ വിവരണത്തില്‍, തന്റെ സഹോദരിയും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി കോപാകുലനായി അവരുടെ വീട്ടിലേക്ക് അദ്ദേഹം കുതിച്ചെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവും ഖബ്ബാബിനോടൊപ്പമിരുന്ന് ഒരു ചര്‍മപടത്തിലെഴുതിയ ഖുര്‍ആനിലെ ത്വാഹാ സൂറത്ത് പാരായണം ചെയ്യുകയായിരുന്നുവെന്നും ഉമര്‍ (റ) പുറത്തു വന്നിട്ടുണ്ടെന്നറിഞ്ഞ സഹോദരി ഫാത്വിമഃ (റ) ആ കയ്യെഴുത്തുരേഖ അവരുടെ തുടയ്ക്ക് താഴെ ഒളിപ്പിച്ചുവെച്ചുവെന്നും പറയുന്നതില്‍ നിന്ന് അന്നുമുതല്‍ തന്നെ ഖുര്‍ആന്‍ രേഖീകരിച്ചു സൂക്ഷിക്കുന്ന പതിവ് നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്നു. (ഈ സംഭവം വ്യത്യസ്ത സ്രോതസ്സുകളെ ആസ്പദിച്ചു കൊണ്ട് മൗലാനാ സഫീഉർ റഹ്‌മാൻ മുബാറക്‌പൂരി തന്റെ നബി ചരിത്രഗ്രന്ഥമായ ‘അർറഹീഖുൽ മഖ്‌തൂമി’ൽ ഉദ്ധരിക്കുന്നുണ്ട്. Safi ur Rahman Mubarakpury, Ar-Raheeq Al-Makhtum (The Sealed Nectar). Riyadh, 2002, Pages 130–131. സൂറഃ ത്വാഹാ എഴുതിയ ഏട് വായിച്ചാണ് അദ്ദേഹത്തിന്റെ മനസ്സ് മാറിയത് എന്ന ചരിത്രത്തിന്റെ നിവേദകപരമ്പരയിൽ ചില ദുർബലതകളുണ്ടെങ്കിലും ഇബ്‌നുല്‍ ജൗസി (റ) (മനാഖിബ് ഉമര്‍ പേജ് 15), ഇമാം ഇബ്‌നു സഅദ് (ത്വബഖാത് 3/267), ഇമാം ബൈഹഖി (ദലാഇല്‍ 2/219), ഇമാം ദാറുഖുത്‌നി (സുനന് 1/123) എന്നിവരും വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് ഇത് നിവേദനം ചെയ്യുന്നുണ്ട്.) ഉമറിന്റെ ഇസ്‌ലാം സ്വീകരണം നടന്ന പ്രവാചകത്വത്തിന്റെ ആറാം വര്‍ഷത്തിനു മുമ്പുതന്നെ ഖുര്‍ആന്‍ കയ്യെഴുത്ത് രേഖകളിലാക്കി സൂക്ഷിക്കുന്ന പതിവ് മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരണം. മക്കയില്‍വെച്ച് അവതരിക്കപ്പെട്ട വചനങ്ങള്‍ മക്കയില്‍വെച്ചുതന്നെ രേഖപ്പെടുത്തിവെച്ചിരുന്നതായി അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്ബ്‌നു ശിഹാബ് അസ്സുഹ്‌രി സാക്ഷ്യപ്പെടുത്തിയതായി ഇമാം ഇബ്‌നു കഥീര്‍ രേഖപ്പെടുത്തുന്നുമുണ്ട്. (അല്‍ ബിദായ വന്നിഹായ, വാല്യം 5, പുറം 340)

അബ്ദില്ലാഹിബ്‌നു സഅ്ദ്ബ്‌നു അബീ സര്‍ഹിനെയായിരുന്നു നബി(സ)യില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കാനും അത് അന്ന് ഉപലബ്ധമായ എഴുത്തുവസ്തുക്കളില്‍ എഴുതി രേഖപ്പെടുത്തുവാനുമായി മക്കയില്‍വെച്ച് പ്രധാനമായും നബി (സ) ഏല്‍പിച്ചത്. ഖാലിദ്ബ്‌നു സഈദ്ബ്‌നുല്‍ ആസ്വ് ആയിരുന്നു നബി(സ)യുടെ നിര്‍ദേശാനുസരണം ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്ന മറ്റൊരാള്‍. ‘ഖുര്‍ആന്‍ അല്ലാതെ മറ്റൊന്നും നിങ്ങള്‍ എന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുത്’ (സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സുഹുദു വര്‍ റഖാഇഖ്) എന്ന പ്രവാചകനിര്‍ദേശത്തില്‍ നിന്ന് നിരവധി പേര്‍ ഖുര്‍ആന്‍ രേഖപ്പെടുത്തിവെക്കാറുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. മദീനയില്‍ നിന്നെത്തിയവരുമായി പ്രവാചകന്‍ (സ) അഖബയില്‍വെച്ചുണ്ടാക്കിയ ഉടമ്പടിയില്‍ പങ്കെടുത്ത റാഫിഉബ്‌നു മാലിക് അല്‍ അന്‍സ്വാരിക്ക് അതുവരെ അവതരിക്കപ്പെട്ട എല്ലാ ഖുര്‍ആന്‍ വചനങ്ങളും രേഖപ്പെടുത്തിയ ഒരു കയ്യെഴുത്ത് രേഖ നല്‍കിയതായും തന്റെ നാട്ടിലെത്തിയശേഷം ഗോത്രത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി അത് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചതായും വ്യക്തമാക്കുന്ന രേഖകളുണ്ട്. (സുബൈർ ബിൻ ബക്കറിന്റെ, അഖ്ബാർ അൽമദീന’യിൽ നിന്ന് ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമി ഉദ്ധരിച്ചത്. (M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003, Page 68.)

നബി(സ)യില്‍ നിന്നും ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് എഴുതി വെക്കാനായി ഒരു സംഘം തന്നെയുണ്ടായിരുന്നു. അവരെ കുതുബുല്‍ വഹ്‌യ് -ദിവ്യസന്ദേശം എഴുതുന്നവര്‍- എന്നാണ് അറിയപ്പെട്ടിരുന്നത്. അബൂ ബക്കര്‍, ഉമര്‍, ഉസ്മാന്‍, അലിയ്യ്, അബന്‍ ബിന്‍ സഈദ്, ഉബയ്യ്, സൈദ് ബിന്‍ സാബിത്, മുആദ്, അര്‍ഖം, സാബിത് ബിന്‍ ഖൈസ്, ഹന്‍ളല, ഖാലിദ് ബിന്‍ സഈദ്, ഖാലിദ് ബിന്‍ വലീദ്, സുബൈര്‍ മുആവിയ, മുഗീറ (റ) തുടങ്ങിയ 23 പേരുടെ പേരുകള്‍ ഇമാം ഇബ്‌നു കഥീർ (റ) അല്‍ ബിദായ വന്നിഹായയില്‍ ഉദ്ധരിക്കുന്നുണ്ട്. (5/321)

മദീനയില്‍ എത്തിയതോടെ പ്രവാചകന്‍ (സ) കൂടുതല്‍ അനുയായികള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ കൂടുതല്‍ ഖുര്‍ആന്‍ എഴുത്തുകാരുമുണ്ടായി. അബ്ദുബ്‌നു സഈദ് അബൂ ഉമാമ, അബൂഅയ്യൂബല്‍ അന്‍സ്വാരി, അബൂബക്ര്‍ സിദ്ദീഖ്, അബൂഹുദൈഫ, അബൂസുഫ്‌യാന്‍, അബൂസലമ, അബൂ അബസ്, ഉബയ്യ്ബ്‌നു കഅ്ബ്, അല്‍അര്‍ഖം, ഉസൈദ്ബ്‌നുല്‍ ഹുദൈര്‍, ഔസ്, ബുറൈദ, ബഷീര്‍, ഥാബിത്ബ്‌നു ഖൈസ്, ജഅ്ഫര്‍ബിന്‍ അബീത്വാലിബ്, ജഹ്മ്ബ്‌നു സഅദ്, ജുഹൈം, ഹാതിബ്, ഹുദൈഫ, ഹുസൈന്‍, ഹന്‍ദല, ഹുവൈതിബ്, ഖാലിദ്ബ്‌നു സഈദ്, ഖാലിദ്ബ്‌നു വലീദ്, അസ്സുബൈറ്ബ്‌നു അവ്വാം, സുബൈറ്ബ്‌നു അര്‍ഖം, സൈദ്ബ്‌നു ഥാബിത്, സഅ്ദ്ബ്‌നു റബീഅ്, സഅ്ദ്ബ്‌നു ഉബാദ, സഈദ്ബ്‌നു സഈദ്, കുറഹ്ബില്‍ ബിന്‍ ഹസ്‌ന, ത്വല്‍ഹ, ആമിര്‍ ബിന്‍ ഫുഹൈറ, അബ്ബാസ്, അബ്ദുല്ലാഹിബ്‌നുല്‍ അര്‍ഖം, അബ്ദുല്ലാഹിബ്‌നു അബീബക്ര്‍, അബ്ദുല്ലാഹിബ്‌നു റവാഹ, അബ്ദുല്ലാഹിബ്‌നു സൈദ്, അബ്ദുല്ലാഹിബ്‌നു സഅദ്, അബ്ദുല്ലാഹിബ്‌നു അബ്ദില്ല, അബ്ദുല്ലാഹിബ്‌നു അംറ്, ഉഥ്മാനുബ്‌നു അഫ്ഫാന്‍, ഉഖ്ബ, അല്‍ അലാഅ് അല്‍ ഹദ്‌റമി, അല്‍ അലാഅ്ബ്ന്‍ ഉഖ്ബ, അലിയ്യുബിന്‍ അബീത്വാലിബ്, ഉമറുബ്‌നുല്‍ ഖത്വാബ്, അംറുബ്‌നുല്‍ ആസ്വ്, മുഹമ്മദ്ബ്‌നു മസ്‌ലമ, മുആദ്ബ്‌നു ജബല്‍, മുആവിയ, മഅ്‌നുബ്‌നു അദിയ്യ്, മുഐഖിബ്, മുന്‍ദിര്‍, മുഹാജിര്‍, യസീദിബ്‌നു അബീസുഫ്‌യാന്‍ (റ) എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രവാചകനില്‍ (സ) നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ കേട്ടെഴുതിയ അറുപത്തഞ്ച് അനുചരന്‍മാരുടെ പട്ടിക ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമി തന്റെ പഠനത്തില്‍ വിവരിക്കുന്നുണ്ട്. (M.M Al Azami,Ibid, Page 68.)

വഹ്‌യ് അവതരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പ്രാപ്തനായ ഒരു അനുചരനെ വിളിച്ച് അത് എഴുതിവെക്കാനാവശ്യപ്പെടുക മുഹമ്മദ് നബി(സ)യുടെ പതിവായിരുന്നു. പ്രവാചകന്റെ (സ) പള്ളിക്കടുത്ത് താമസിച്ചിരുന്നതിനാല്‍ സൈദ്ബ്‌നു ഥാബിത്തിന് (റ) പലപ്പോഴും പ്രവാചകനില്‍ (സ) നിന്ന് വഹ്‌യ് എഴുതിവെക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായിരുന്നതായി അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്. (ഇബ്‌നു അബീ ദാവൂദ്: അൽ മസാഹിഫ് പുറം 3, സ്വഹീഹുൽ ബുഖാരിയിലെ ഫദാഇലിൽ ഖുർആൻ എന്ന അധ്യായവും നോക്കുക) എഴുതാന്‍ കഴിയാത്ത പ്രവാചകാനുചരന്‍മാര്‍ തോല്‍ച്ചുരുളുകളും ചര്‍മപടങ്ങളുമായി വന്ന് എഴുതാന്‍ കഴിയുന്നവരെക്കൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിപ്പിച്ച് വാങ്ങുന്ന പതിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്. (ഇമാം ബൈഹഖിയുടെ സുനനുൽ കുബ്റാ നോക്കുക 6/16)

മനഃപാഠത്തിലൂടെയാണ് പ്രവാചകകാലത്ത് പ്രധാനമായും ഖുർആൻ സംരക്ഷിക്കപ്പെട്ടത് എങ്കിലും, അതോടൊപ്പം തന്നെ രേഖീകരണവും നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച നിവേദനങ്ങൾ. അവതരണത്തോടൊപ്പം തന്നെ മനുഷ്യഹൃദയങ്ങളിലും അതോടൊപ്പം തന്നെ രേഖകളിലുമായി സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ എന്നർത്ഥം. മദീനാ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ ധാരാളമായി ഉണ്ടായിരുന്നതുപോലെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികളും ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണല്ലോ ശത്രുക്കളുടെ നാട്ടിലേക്ക് ഖുര്‍ആനുമായി യാത്ര ചെയ്യുന്നത് നബി (സ) നിരോധിച്ചത്. (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്) മദീനയിലെ മുസ്‌ലിംകളില്‍ പലരുടെയും പക്കല്‍ ഖുര്‍ആന്‍ രേഖപ്പെടുത്തിയ ചുരുളുകളുണ്ടായിരുന്നുവെന്നും അതുമായി ശത്രുനാട്ടിലേക്കു പോകുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്നുമാണ് അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം ചെയ്ത ഈ ഹദീഥ് വ്യക്തമാക്കുന്നത്. മദീനയില്‍ ഖുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ വ്യാപകമായിരുന്നുവെന്ന് തന്നെയാണ് ഇത് മനസ്സിലാക്കിത്തരുന്നത്.

അവതരിക്കപ്പെട്ട മുറയിൽ കാണാതെ പഠിച്ചും ലഭ്യമായ ചുരുളുകളിൽ എഴുതി സൂക്ഷിച്ചും എഴുത്ത് രൂപത്തിലും മനഃപാഠമായും സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ എന്ന സത്യം വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. പ്രവാചകകാലം മുതൽ ഇന്ന് വരെ ഈ രണ്ട് രുപത്തിലും ഖുർആൻ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കിയ വിശ്വാസികളെ അന്വേഷിക്കുന്ന ആർക്കും ഇന്ന് ലോകത്തിലെവിടെയും കണ്ടെത്താൻ കഴിയും. പ്രവാചകനിൽ നിന്ന് തുടങ്ങിയ ഹൃദിസ്ഥമാക്കൽപരമ്പരയുടെ ഇന്നത്തെ കണ്ണികളാണ് അവർ. മനഃപാഠത്തിലൂടെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നതിന്റെ ജീവിക്കുന്ന തെളിവുകളായി പതിനായിരങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ടെന്നർത്ഥം.

പ്രവാചകകാലത്ത് തന്നെ അവതരിപ്പിക്കപ്പെടുന്ന മുറയിൽ ഖുർആൻ എഴുതിവെക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അങ്ങനെ എഴുതിയവർ തന്നെ ഒന്നാം ഖലീഫ അബൂബക്കറിന്റെ (റ) ഭരണകാലത്ത് അവ രണ്ട് ചട്ടകൾക്കുള്ളിൽ ക്രോഡീകരിച്ച് ഒറ്റ ഗ്രന്ഥരൂപത്തിലാക്കി. പ്രവാചകവിയോഗത്തിന് ശേഷം ഇരുപത്തിയേഴ് മാസങ്ങൾക്കുള്ളിൽ നടന്ന ഈ ക്രോഡീകരണത്തിൽ അവസാനനാളുവരെ നിലനിർത്തണമെന്ന് പ്രവാചകൻ (സ) നിഷ്കർഷിച്ച മുഴുവൻ ഖുർആൻ വചനങ്ങളും ഉൾക്കൊള്ളുന്നുണ്ടെന്ന് അന്ന് ജീവിച്ചിരുന്ന ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകാനുചരന്മാരെല്ലാം സാക്ഷ്യപ്പെടുത്തി. അതേ രേഖയുടെ തന്നെ പ്രവാചകൻ (സ) പഠിപ്പിച്ച പാരായണഭേദങ്ങൾ കൂടി ഉൾക്കൊണ്ടു കൊണ്ടുള്ള പതിപ്പുകൾ മൂന്നാം ഖലീഫ ഉഥ്മാനിന്റെ(റ) കാലത്ത് തയ്യാറാക്കി ഇസ്‌ലാമികരാഷ്ട്രത്തിന്റെ വ്യത്യസ്ത പ്രവിശ്യകളിലേക്ക് കൊടുത്തയച്ചു. പ്രവാചകവിയോഗത്തിന് ഇരുപത് വർഷങ്ങൾക്കുള്ളിൽ നടന്ന പതിപ്പുകളുടെ ഈ നിർമാണത്തിലും സ്ഖലിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്ന് ജീവിച്ചിരുന്ന പതിനായിരക്കണക്കിന് പ്രവാചകാനുചരന്മാർ പ്രതിപക്ഷസ്വരങ്ങളൊന്നുമില്ലാതെ സാക്ഷ്യം വഹിച്ചു. ആ പതിപ്പുകളുടെ മാതൃകയിൽ, യാതൊരു മാറ്റവുമില്ലാതെ തയ്യാർ ചെയ്യപ്പെടുന്നതാണ് ഇന്ന് ലോകത്തെങ്ങും പ്രസിദ്ധീകരിക്കപ്പെടുന്ന ഖുർആൻ കോപ്പികൾ. അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ യാതൊരു മാറ്റവുമില്ലാതെ വരമൊഴിയായും ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നതിനുള്ള തെളിവുകളാണ് ലോകത്തെവിടെനിന്നും ആർക്കും വാങ്ങാൻ കിട്ടുന്ന ഖുർആൻ കോപ്പികൾ. പ്രവാചകൻ പഠിപ്പിച്ച ഖുർആനിന്റെ മാറ്റങ്ങളൊന്നുമില്ലാതെയുള്ള കോപ്പികളാണവ.

print

No comments yet.

Leave a comment

Your email address will not be published.