കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -9

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -9
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -9
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -9

Print Now
രോഗം പകരാതിരിക്കാൻ ദൈവികനിർദേശങ്ങൾ

കോവിഡ് 19 നെപ്പോലെയുള്ള സാംക്രമികരോഗങ്ങൾ ഇല്ലാതെയാക്കുവാൻ ദൈവമെന്ത് ചെയ്തുവെന്ന ചോദ്യത്തിനുള്ള ഒമ്പതാമത്തെ ഉത്തരം ശാസ്ത്രീയമായ പഠന-ഗവേഷണങ്ങൾ വികസിച്ചുണ്ടാവുന്നതിന് മുമ്പു തന്നെ അത്തരം രോഗങ്ങൾ വന്നാൽ എന്തുചെയ്യണമെന്ന് ദൈവദൂതന്മാരിലൂടെ നിർദേശങ്ങൾ നല്കിയെന്നതാണ്. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അന്തിമപ്രവാചകൻ വെളിപാടുകളുടെ അടിസ്ഥാനത്തിൽ നൽകിയ നിർദേശങ്ങൾ മാത്രമാണ് ഇന്നും പകർച്ചവ്യാധികൾ പകരാതിരിക്കുവാൻ ആധുനിക ശാസ്ത്രത്തിന്റെ അകമ്പടിയോടെ ആരോഗ്യപ്രവർത്തകർക്ക് നൽകാനുള്ളതെന്ന സത്യം ദൈവികമതത്തിന്റെ സർവ്വകാലപ്രസക്തിയാണ് വിളിച്ചോതുന്നത്. ശാസ്ത്രമാത്രവാദികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും.

സയന്റിസക്കാർക്ക് ഇഷ്ടപ്പെടുകയില്ലെന്നറിയാം, പക്ഷെ ഒരു സത്യം പറയാതിരിക്കുവാൻ നിർവ്വാഹമൊന്നുമില്ല. പകർച്ചവ്യാധികളെ മെരുക്കുന്നതിൽ ആധുനിക വൈദ്യശാസ്ത്രം ഒരിക്കലും വിജയിച്ചിട്ടില്ല. നിങ്ങൾക്കറിയാമോ, 1915 മുതൽ 1926 വരെ ലോകത്തെങ്ങുമായി പതിനഞ്ച് ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ എൻസഫാലിറ്റയ്സ് ലെത്താർജിക്ക (encephalitis lethargica) എന്ന മസ്തിഷ്കവീക്കത്തിന്റെ കാരണമെന്താണെന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇത് വരെ കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. വൈറസോ ബാക്റ്റീയയോ പരാദമോ ഒന്നുമല്ല, പിന്നെയെന്ത് എന്ന് ഞങ്ങൾക്കറിയില്ലെന്ന് കരയുന്നത് ലോകപ്രശസ്തരായ ശാസ്ത്രജ്ഞരാണ്. ‘ശാസ്ത്രത്തിന് കഴിയാത്തതൊന്നുമില്ല’ എന്ന് അഹങ്കരിക്കുന്നവർക്കാർക്കെങ്കിലും ആ കരച്ചിൽ കേൾക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ 2018 മാർച്ച് ഇരുപതിന് പുറത്തിറങ്ങിയ ‘ന്യൂറോളജി ജേർണലി’ൽ ബാർട്ട് ലൂട്ടേഴ്സ് (Bart Lutters), പോൾ ഫോളി (Paul Foley) പീറ്റർ ജെ കോലർ (Peter J. Koehler) എന്നീ നാഡീശാസ്ത്രപ്രതിഭകൾ ചേർന്നെഴുതിയ ‘എൻസഫാലിറ്റയ്സ് ലെത്താർജിക്ക നൽകുന്ന നൂറ്റാണ്ടിന്റെ പാഠം’ (The centennial lesson of encephalitis lethargica) എന്ന പഠനം വായിച്ചാൽ മതി. കാരണമറിയില്ലെന്ന് മാത്രമല്ല, പത്ത് വർഷങ്ങൾക്കിടയിൽ ലോകത്തെങ്ങുമായി അമ്പത് ലക്ഷത്തോളമാളുകൾക്ക് ബാധിച്ച ആ രോഗം പകർച്ചവ്യാധിയായിരുന്നുവോ അല്ലേ എന്നുപോലും തീരുമാനിക്കാൻ വരെ ഇന്നും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. ഈ പറയുന്നത് സത്യമാണോയെന്ന് സംശയിക്കുന്നവർ 2017 ആഗസ്തിൽ പുറത്തിറങ്ങിയ ‘ബ്രെയിൻ’ മാഗസിനിൽ ലെസ് ലി എ ഹോഫ്‌മാൻ(Leslie A Hoffman), ജോൾ എ വിലെൻസ്കി (Joel A Vilensky) എന്നിവർ ചേർന്നെഴുതിയ “എൻസഫാലിറ്റയ്സ് ലെത്താർജിക്ക: പകർച്ചവ്യാധിക്ക് നൂറ് വർഷങ്ങൾക്ക് ശേഷം”(Encephalitis lethargica: 100 years after the epidemic) എന്ന ലേഖനം വായിച്ചാൽ മതിയാകും.

എൻസഫാലിറ്റയ്സ് ലെത്താർജിക്കയടക്കം ഉണ്ടായിടത്തോളമുള്ള പകർച്ചവ്യാധികളൊന്നും വന്നത് എവിടെനിന്നെന്നോ പോയത് എങ്ങനെയെന്നോ ശാസ്ത്രജ്ഞർക്കടക്കം ആർക്കുമറിയില്ല. അമ്പത് കോടിയോളമാളുകളെ ബാധിക്കുകയും അഞ്ച് കോടിയിലധികം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത സ്പാനിഷ് ഫ്ലൂ വന്നു പോയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. അതേക്കുറിച്ച ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതിനെക്കുറിച്ച് ആകെ നമുക്കറിയാവുന്നത് മനുഷ്യരോടൊപ്പം പന്നികൾക്കും പനി ബാധിച്ചിരുന്നു എന്ന് മാത്രമാണ്. 1918 ജനുവരിയിൽ അത് എവിടെ നിന്നോ വന്നു; 1920 ഡിസംബറിൽ അത് എവിടെക്കോ പോയി. പകർച്ചപ്പനിയുണ്ടാക്കുന്ന വൈറസിന്റെ ഒരു വകഭേദമാണ് സ്പാനിഷ് ഫ്ലൂവും ഉണ്ടാക്കിയത് എന്ന് മാത്രാമാണ് ഇവ്വിഷയകമായി ആകെയുണ്ടായ ഒരേയൊരു കണ്ടെത്തൽ. Influenza A virus subtype H1N1 (A/H1N1) എന്ന് ആ വൈറസിന് നാം പേരും നൽകി. അതിലപ്പുറം യാതൊന്നും നമുക്കറിയില്ല.

പകർച്ചപ്പനിയുണ്ടാക്കുന്ന H1N1, H1N2, H3N1, H3N2, H2N3 വൈറസുകളെല്ലാം കാണാനാവുക പന്നികളിലാണ്. മനുഷ്യരുടെ പന്നിബന്ധം തന്നെയാവണം ഈ വൈറസുകൾ മനുഷ്യർക്കിടയിലേക്ക് കടന്നുവരാൻ കാരണമെന്ന സത്യം പന്നിവ്യാപാരത്തെ ബാധിക്കുമെന്നതിനാൽ തുറന്നു പറയാൻ മുതലാളിത്തശാസ്ത്രത്തിന് കഴിയില്ല. പന്നിയുടെ മാംസം മനുഷ്യർക്ക് ഭക്ഷിക്കാനുള്ളതല്ലെന്ന ദൈവികനിർദേശത്തിന്റെ (ഖുർആൻ 2:173,16:115) ഉല്ലംഘനം സൃഷ്ടിക്കുന്ന വിനയായി ഇത്തരം വ്യാധികളെ മനസ്സിലാക്കാനുള്ള വിവേകമൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കാനാവുകയില്ല. പന്നിയുടെ രൂപവും പന്നിമാംസത്തിന്റെ രുചിയും മരണസമയത്തുള്ള പന്നിയുടെ അലർച്ചയും അതിന്റെ ബുദ്ധിശക്തിയുമെല്ലാം മനുഷ്യന്റേതിന് സമാനമായതു കൊണ്ടാണ് ഇസ്‌ലാം പന്നിമാംസത്തിനെതിരായത് എന്നും ഇസ്‌ലാമിന്റെ പന്നിവിരോധം മനുഷ്യബലിയുടെ ബാക്കിപത്രവും നരമാംസഭോജനത്വരയുമാണ് എന്നുമെല്ലാം യാതൊരു അടിത്തറയുമില്ലാതെ പറയുന്ന ക്രിസ്റ്റഫർ ഹിച്ചെൻസിനെ (God Is Not Great: How Religion Poisons Everything എന്ന കൃതിയിൽ നിന്ന്) ആഘോഷിക്കാനാണ് മുതലാളിത്തലോകത്തിന് താല്പര്യം. ഹിച്ചെൻസിനെപ്പോലെയുള്ള മതവിരോധത്തിന്റെ വക്താക്കൾ മുന്നോട്ടു വെക്കുന്ന ഭക്ഷണക്രമത്തിലും ജീവിതക്രമത്തിലുമാണ് അപകടകരമായ രോഗങ്ങളിൽ പലതിന്റെയും ബീജം. തെളിവുകളായി കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം പേരെ കൊന്ന പന്നിപ്പനികളും ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്ന എയിഡ്‌സും തന്നെ ധാരാളമാണ്. മനുഷ്യരിൽ ഇത് വരെ രോഗങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലാത്ത H4N6, H9N2 എന്നീ വൈറസുകൾ കൂടി പന്നികളിലുണ്ട്. അവ മനുഷ്യരിലെത്തിയാൽ എന്തെല്ലാം അപകടങ്ങളാണ് ഉണ്ടാവാൻ പോകുന്നതെന്ന് അനുഭവിച്ചു തന്നെ അറിയണം. ആസ്വാദനങ്ങളെന്ന് കരുതുന്ന ജീർണതകൾ വേണ്ടി മതത്തിന്റെ വിലക്കുകളെ കാറ്റിൽ പരത്തുന്നവർ കൊണ്ട് വരുന്ന ദുരിതങ്ങൾ സഹിക്കേണ്ടി വരിക മുഴുവൻ മനുഷ്യരുമാണല്ലോ.

മരുന്ന് കണ്ടുപിടിച്ചാലും ഇല്ലെങ്കിലും പന്നിപ്പനികളെയും പ്ളേഗുകളെയും സാർസിനെയും മാർസിനെയും പോലെ കോവിഡ് 19ഉം ഈ ലോകത്ത് നിന്ന് പോകും. മുമ്പുണ്ടായ ആഗോളപകർച്ചവ്യാധികളെപ്പോലെ ഇതും ഇല്ലാതാവും. ആ ഇല്ലാതാകൽ എത്രത്തോളം പെട്ടെന്നാകുമോ അത്രയും നാശങ്ങൾ കുറവായിരിക്കും എന്ന് മാത്രം. എപ്പോൾ ഇത് പോകുമെന്ന് തീരുമാനിക്കുന്നത് നമ്മുടെ വർത്തനങ്ങളാണ്. ഒരാളിലൂടെയാകണം ഈ പകർച്ചവ്യാധി മനുഷ്യരിലേക്ക് കടന്നത്. ഒരാളിലൂടെ തന്നെ ഇത് അവസാനിക്കണം. അതിനാവശ്യം വൈറസിനെ ഒറ്റപ്പെടുത്തുകയാണ്. വൈറസുകൾ ശരീരത്തിലുള്ളവർ മറ്റുള്ളവരിലേക്ക് അത് പകരാതെ സൂക്ഷിക്കുകയാണ്. അങ്ങനെ സൂക്ഷിക്കുന്നതിനാണ് ക്വാറന്റൈൻ എന്നും ഐസൊലേഷൻ എന്നുമെല്ലാം പറയുന്നത്. നമ്മുടെ രാഷ്ട്രസംവിധാനങ്ങൾ നിർദേശിക്കുന്ന രൂപത്തിൽ ഒറ്റപ്പെടേണ്ടവർ ഒറ്റപ്പെട്ടും സമൂഹത്തിൽ നിന്ന് അകന്നു നിൽക്കേണ്ടവർ അകന്നുനിന്നും മുന്നോട്ടുപോയാൽ കഴിയുന്നത്ര പെട്ടെന്ന് വൈറസിനെ ഒറ്റപ്പെടുത്താനും മാനവരാശിയെ രക്ഷിക്കാനും കഴിയും. അതിനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.

ഇറ്റലിയിലെ വെനെറ്റോ(veneto)ക്കാരുടെ ഒരു പ്രാദേശിക സംസാരഭാഷയായ വെനീഷ്യനിലെ ക്വാറന്റിന (quarantena) എന്ന പ്രയോഗത്തിൽ നിന്നാണ് ക്വാറന്റൈൻ (quarantine) എന്ന പദമുണ്ടായത്. നാല്പത് ദിവസം എന്നാണ് അർത്ഥം. ലോകത്താകമാനം ഇരുപത് കോടിയോളം മനുഷ്യർ മരിച്ചിരിക്കാനിടയുണ്ടെന്ന് കരുതുന്ന കരിമരണം എന്നറിയപ്പെട്ട പതിനാലാം നൂറ്റാണ്ടിലെ പ്ളേഗിന്റെ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇറ്റലിയിലെ വെനീഷ്യൻ പോർട്ടിലെത്തുന്ന കപ്പലുകൾ കരയിലേക്ക് അടുപ്പിക്കുന്നതിനും യാത്രക്കാരെ ഇറക്കുന്നതിനും മുമ്പ് നാല്പത് ദിവസം കടലിൽ തന്നെ നങ്കൂരമിടണമെന്നും ആർക്കും പ്ളേഗില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ അവിടെ ഇറങ്ങാൻ പാടുള്ളൂവെന്നുമുള്ള നിർദേശത്തെയാണ് ക്വാറന്റൈൻ എന്നറിയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലോകത്തെങ്ങുമുണ്ടാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം 269, 270, 271 വകുപ്പുകളിലാണ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങളുള്ളത്. രോഗകാരികളെ വഹിക്കുന്ന കപ്പലുകളെക്കുറിച്ചാണ് ഈ വകുപ്പുകൾ പ്രധാനമായും പരാമർശിക്കുന്നത്. സർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നത് ഇന്നും ഈ വകുപ്പുകൾ പ്രകാരമാണ്.

സാംക്രമികരോഗികളുമായി അകലം പാലിക്കുകയെന്ന നിയമം ആധുനികശാസ്ത്രം ഗവേഷണം ചെയ്ത കണ്ടുപിടിച്ചതൊന്നുമല്ല. മഞ്ഞ നീര് (yellow bile),കറുത്ത നീര്(black bile), കഫം(phlegm,) രക്തം (blood) എന്നീ നാല് രസങ്ങളാണ്(humours) മനുഷ്യശരീരത്തിലുള്ളതെന്നും അവയുടെ സംതുലനത്തിന് സംഭവിക്കുന്ന കുഴപ്പങ്ങളാണ് രോഗങ്ങൾക്ക് കാരണമാവുന്നതെന്നുമുള്ള രോഗത്തിന്റെ രസസിദ്ധാന്തമായിരുന്നു ആധുനികവൈദ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രറ്റസും അദ്ദേഹത്തിന്റെ പിൻഗാമിയായ ഗാലനുമെല്ലാവും വിശ്വസിച്ചിരുന്നത്. പ്രസ്തുത സിദ്ധാന്തപ്രകാരം മിയാസ്മ (miasma) എന്ന് വിളിക്കപ്പെടുന്ന വിഷവായുവിൽ നിന്നാണ് കോളറയെയും പ്ളേഗിനെയും പോലെയുള്ള രോഗങ്ങളെല്ലാം ഉണ്ടാവുന്നത്. അവരുടെയൊന്നും രചനകളിൽ രോഗികളുമായി അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച പരാമർശങ്ങളോ സാമൂഹികമായ യാത്രാനിരോധം പോലെയുള്ള നിർദേശങ്ങളോ കാണാൻ കഴിയുന്നില്ല. യൂറോപ്യൻ ശാസ്ത്രലോകത്തുനിന്ന് ലോകം ആദ്യമായി ക്വാറന്റൈൻ നിർദേശങ്ങൾ കേൾക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിന് ശേഷം മാത്രമാണ്. അനുഭവങ്ങളിലൂടെ സമൂഹം പഠിച്ച പാഠം എന്ന നിലയിലുള്ള ഒരു നിർദേശമെന്ന നിലയ്ക്കല്ലാതെ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള തത്വമെന്ന നിലയിലല്ല അന്നും യൂറോപ്യൻ ശാസ്ത്രം രോഗികളെ മാറ്റിപാർപ്പിക്കുകയെന്ന നിർദേശത്തെ കണ്ടിരുന്നത്. അതേക്കുറിച്ച് ഗൗരവതരമായ യൂറോപ്യൻപഠനങ്ങളൊന്നും കാണാത്തത് അതുകൊണ്ടാണ്.

സാംക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട രോഗിയെ മാറ്റിപ്പാർപ്പിക്കുകയെന്ന നിർദേശം ആദ്യമായി കാണുന്നത് ഒരു ശുദ്ധ മതഗ്രന്ഥമായ തോറയിലാണ്. ബൈബിൾ പഴമിയമത്തിലെ ലേവ്യ പുസ്തകത്തിലുള്ള കുഷ്ഠരോഗവുമായി ബന്ധപ്പെട്ട ഒരു കല്പനയാണത്: “യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ: ഒരു മനുഷ്യന്റെ ത്വക്കിന്മേൽ തിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം. പുരോഹിതൻ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ടലക്ഷണം; പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം. അവന്റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നിലക്കുന്നു എങ്കിൽ പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം. ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേൽ അധികമായി പരന്നാൽ അവൻ പിന്നെയും തന്നെത്താൻ പുരോഹിതനെ കാണിക്കേണം. ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതൻ കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ” (ലേവ്യ 13: 1-8)

കുഷ്ഠരോഗികളെയും രോഗലക്ഷണമുള്ളവരെയും മാറ്റിപ്പാർപ്പിക്കുകയെന്ന തോറയുടെ നിർദേശം ഇന്ന് നാം പറയുന്ന ഐസൊലേഷനെ (isolation) നിർദേശിക്കുന്നതാണ്. കുഷ്ഠരോഗവുമായി ബന്ധപ്പെട്ട് സമാനമായ നിർദേശം മുഹമ്മദ് നബിയിൽ നിന്നും നമുക്ക് കാണാൻ കഴിയും. “കുഷ്ഠം ഉള്ളവരിൽ നിന്ന് സിംഹത്തിൽ നിന്ന് ഓടി അകലുന്നതുപോലെ ഓടി അകലുക”യെന്ന നബിനിദേശം ആയിഷ(റ)യിൽ നിന്ന് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. സാംക്രമികരോഗമുള്ളവരിൽ നിന്ന് ദൂരെ മാറി നിൽക്കണമെന്ന നിർദേശം നൽകുക മാത്രമല്ല, അത്തരക്കാരുമായി സ്വീകരിക്കേണ്ട അകലത്തെക്കുറിച്ചും കൃത്യമായ ചര്യ കാണിച്ച് തരിക കൂടി ചെയ്തിട്ടുണ്ട് അന്തിമ പ്രവാചകൻ. താഇഫിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് എത്തിയ നിവേദക സംഘത്തിൽ ഒരു കുഷ്ഠരോഗിയുണ്ടായിരുന്നു. അങ്ങനെ എത്തുന്നവരിലെ പുരുഷന്മാരിൽ നിന്ന് കൈപിടിച്ച് അനുസരണ പ്രതിജ്ഞ(ബൈഅത്ത്) ചെയ്യിക്കുകയാണ് പ്രവാചകന്റെ രീതി. എന്നാൽ കുഷ്ഠരോഗിയുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് “താങ്കളുടെ ബൈഅത്ത് സ്വീകരിച്ചിരിക്കുന്നു ഇങ്ങോട്ട് വരാതെ തിരിച്ച് പോകുക” എന്ന സന്ദേശം കൊടുത്തയക്കുകയാണ് പ്രവാചകൻ (സ) ചെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ രോഗികളുടെയും രോഗികളെന്ന് സംശയിക്കുന്നവരുടെയും ഹസ്തദാനം ചെയ്യരുതെന്ന് പണ്ഡിതന്മാർ വിധിക്കുന്നത് ഈ സംഭവത്തിന്റെ വെളിച്ചത്തിലാണ്. അംറി ബ്നി ശ്ശരീദിൽ നിന്ന് നിവേദനം ചെയ്ത ഈ ഹദീഥുൾക്കൊള്ളുന്ന ഉപാധ്യായത്തിന് മുസ്‌ലിം നൽകിയിരിക്കുന്ന തലക്കെട്ട് “കുഷ്ഠരോഗിയുമായുള്ള സമ്പർക്കനിഷേധവും അതിന്റെ രീതിയും” (باب اجْتِنَابِ الْمَجْذُومِ وَنَحْوِهِ) എന്നാണ്. സാംക്രമികരോഗമുള്ളവരിൽ നിന്ന് മാറി നിൽക്കുകയെന്ന ഐസൊലേഷൻ പാഠം മുസ്‌ലിംകൾ പഠിച്ചത് പ്രവാചനിൽ നിന്നാണ്; ലോകം പഠിച്ചത് മുസ്‌ലിംകളിൽ നിന്നാണ്.

സാംക്രമികരോഗമുള്ളപ്പോൾ രോഗലക്ഷണങ്ങൾ കാണിക്കാത്തവരാണെങ്കിലും തങ്ങൾ എവിടെയാണോ ഉള്ളത് അവിടെത്തന്നെ താമസിക്കുന്നതിനാണ് ക്വാറന്റൈൻ എന്ന് പറയുന്നത്. രോഗമുള്ള സ്ഥലത്തുള്ളവർ മറ്റു സ്ഥലങ്ങളിലേക്ക് പോകരുത്; രോഗമില്ലാത്തിടങ്ങളിലുള്ളവർ രോഗമുള്ളിടത്തേക്കും പോകരുത്. രോഗമുള്ള സ്ഥലങ്ങളിലുള്ളവർ പരമാവധി വീട്ടിൽ തന്നെ കഴിയുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം വരാതെ ശ്രദ്ധിക്കുകയും വേണം. ഇതാണ് ക്വാറന്റൈൻ എന്ന പേരിൽ നമ്മളെല്ലാം പിന്തുടരുന്ന ഇന്നത്തെ ജീവിതക്രമമെങ്കിൽ ഇക്കാര്യം മുഹമ്മദ് നബിക്കു മുമ്പ് മറ്റാരും തന്നെ ലോകത്തോട് പറഞ്ഞട്ടില്ല. ഉണ്ടെന്ന് തെളിയിക്കാൻ ആൾക്കും കഴിയില്ല. “പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (ബുഖാരിയും മുസ്‌ലിമും ഒന്നിലേറെ സ്വഹാബിമാരിൽ നിന്ന് നിവേദനം ചെയ്തത്) എന്നു പഠിപ്പിച്ച മുഹമ്മദ് നബി തന്നെയാണ് ഈ രംഗത്തെ ലോകത്തിന്റെ വഴികാട്ടി.

ഉമറി(റ)ന്റെ പടയോട്ടകാലത്ത് പലസ്തീനിലെ എമ്മാവൂസിൽ പ്ളേഗ് പടർന്ന് പിടിച്ചപ്പോൾ അവിടെയുള്ളവരോട് സംഘജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മലകളിലും മറ്റും കഴിയാനായി അവിടുത്തെ ഗവർണറായ അംറുബ്നു ആസ് (റ) നിർദേശിക്കുകയും അത് ഉമർ (റ) അംഗീകരിക്കുകയും ചെയ്തത് (ഇമാം അഹ്‌മദ് തന്റെ മുസ്നദിൽ ഉദ്ധരിച്ചത്) അവർ അങ്ങനെ പ്രവാചകനിൽ നിന്ന് പഠിച്ചത് കൊണ്ടായിരുന്നു. ക്ഷയം ബാധിച്ച രോഗികളെ ആരോഗ്യമുള്ളവരിൽ നിന്ന് മാറ്റിനിർത്തണമെന്ന് മുസ്‌ലിംലോകത്തെ മഹാചിന്തകനായ ഇബ്നു സീന നിർദേശിച്ചതും ഈ പ്രവാചകപാഠമുൾക്കൊണ്ടുകൊണ്ടുകൂടിയായിരുന്നു. അമവിയ്യാ ഖലീഫയായ വലീദ് ഒന്നാമൻ ഡമാസ്കസിൽ ആദ്യത്തെ ആശുപത്രി നിർമ്മിച്ചപ്പോൾ കുഷ്ഠരോഗികൾക്ക് വേണ്ടി പ്രത്യേകം മുറികൾ വേണമെന്നും അവരെ മറ്റു രോഗികളുമായി കൂടിക്കലരാൻ അനുവദിക്കരുതെന്നും കല്പന പുറപ്പെടുവിച്ചതും ഈ പ്രവാചകനിർദേശത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് തന്നെ. പ്ളേഗ് പടർന്ന് പിടിച്ചപ്പോൾ 1838ൽ ലോകത്ത് ആദ്യമായി നിർബന്ധിതക്വാറന്റൈൻ കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ അന്നത്തെ ഉഥ്മാനിയാ ഭരണാധികാരികളെ പ്രേരിപ്പിച്ചതും ഈ പ്രവാചകകല്പനകൾ തന്നെ. ഈ സംഭവങ്ങളെക്കുറിച്ച് കൂടുതൽ അറിയണമെന്നുള്ളവർ റോയ് ജെ ഷെപ്പേർഡ്(Roy J. Shephard) എഴുതിയ An Illustrated History of Health and Fitness, from Pre-History to our Post-Modern World എന്ന ഗ്രന്ഥവും ബിർസെൻ ബുൾമുസ് (Birsen Bulmus) എഴുതിയ Plague, Quarantines and Geopolitics in the Ottoman Empire എന്ന ഗ്രൻഥവും വായിച്ചാൽ മതിയാവും

പകർച്ചവ്യാധിയുള്ള രോഗിയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് പറയുമ്പോൾ അയാളോട് വെറുപ്പോ വിദ്വേഷമോ ഉണ്ടാകാനിടയുണ്ട്. രോഗിയുടെ കുറ്റം കൊണ്ടല്ല രോഗമുണ്ടാവുന്നത് എന്നത് കൊണ്ട് തന്നെ പ്രസ്തുത വിദ്വേഷവും വെറുപ്പുമെല്ലാം അർത്ഥമില്ലാത്തതാണ്. രോഗികളെ വെറുക്കരുതെന്ന കേവലമായ ഉപദേശത്തിൽ ഒതുങ്ങാതെ രോഗിയെ രക്തസാക്ഷിയുടെ പദവിയിലേക്ക് ഉയർത്തിക്കൊണ്ട് അവരെ സ്നേഹിക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുകയെന്ന ദൗത്യം കൂടി മുഹമ്മദ് നബി (സ) നിർവ്വഹിച്ചിട്ടുണ്ട്. ജാബിറു ബ്നു അതീഖിൽ (റ) നിന്ന് അബൂദാവൂദ് നിവേദനം ചെയ്ത “പ്ളേഗ് ബാധിച്ച് മരണപ്പെട്ടയാൾ രക്തസാക്ഷിയാണ്” എന്ന സ്വഹീഹായ ഹദീഥ് സാംക്രമിക രോഗങ്ങളെക്കുറിച്ച് മുസ്‌ലിംലോകത്തിന്റെ ചിന്തയെ വ്യതിരിക്തമാക്കിയതെങ്ങനെയെന്ന് കാലിഫോർണിയാ സർവ്വകലാശാലയിലെ ചരിത്രാധ്യാപകനായ മിക്കായേൽ വാൾട്ടേഴ്‌സ് ഡോൾസ്‌ (Michael Walters Dols) തന്റെ The Black Death in the Middle East എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ഇരുപത് കോടിയോളം മനുഷ്യരുടെ ജീവനെടുത്ത പതിനാലാം നൂറ്റാണ്ടിലെ കരിമരണം എന്നറിയപ്പെട്ട പ്ളേഗ് ലോകത്തെങ്ങും സംഹാരതാണ്ഡവമാടിയപ്പോൾ മുസ്‌ലിംലോകം അതിനോട് പ്രതികരിച്ച രീതി തികച്ചും വ്യത്യസ്തമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ആദിപാപസങ്കല്പത്തിലധിഷ്ഠിതമായി ലോകസംഭവങ്ങളെയെല്ലാം നോക്കിക്കാണുന്ന ക്രൈസ്തവലോകം രോഗികളെ പാപികളായി കണ്ട് അവരോട് മ്ലേച്ഛമായി പെരുമാറിയപ്പോൾ മുസ്‌ലിംകൾ രോഗികളെ അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യത്തിന് വിധേയരായവരായി കാണുകയും രക്തസാക്ഷികളാകുന്നവർ എന്ന നിലയിൽ മുന്തിയ പരിഗണന നൽകുകയും ചെയ്തിരുന്നുവെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. അതിന്ന് മുസ്‌ലിംകളെ പ്രേരിപ്പിച്ചത് പ്ളേഗിനെക്കുറിച്ച ആയിഷയുടെ(റ) ചോദ്യത്തിന് പ്രവാചകൻ (സ) നൽകിയ മറുപടിയായിരുന്നു: “അല്ലാഹു ഉദ്ദേശിച്ച ചിലർക്ക് നേരെ അവൻ അയച്ചുകൊണ്ടിരുന്ന ശിക്ഷയാണത്; എന്നാൽ വിശ്വാസികൾക്ക് അല്ലാഹു അതൊരു കാരുണ്യമാക്കിത്തീർക്കുകയും ചെയ്തു. പ്ളേഗ് ബാധിച്ച ദേശത്ത് ജീവിക്കുന്ന ദൈവദാസന്മാരിലാരെങ്കിലും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും അല്ലാഹു വിധിച്ചതല്ലാതെ യാതൊന്നും തന്നെ ആർക്കും ബാധിക്കുകയില്ലെന്ന് മനസ്സിലാക്കിക്കൊണ്ടും സഹനത്തോടെയിരുന്നാൽ അവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ടായിരിക്കും.” (സ്വഹീഹുൽ ബുഖാരി)

കേവലമായ ക്വാറന്റൈൻ നിർദേശങ്ങൾ നൽകുക മാത്രമല്ല മുഹമ്മദ് നബി (സ) ചെയ്തത്. അതിനെ മതവുമായി ബന്ധപ്പെടുത്തുകയും വിശ്വാസികളെല്ലാം നിർബന്ധിതമായും സ്വമനസ്സോടെയും അത് അനുഷ്ഠിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ്. പകർച്ചവ്യാധികളുള്ളപ്പോൾ സ്വന്തം നാട്ടിലും വീട്ടിലും അടങ്ങിയൊതുങ്ങിയിരിക്കുന്നവർ മരിച്ചാലും ഇല്ലെങ്കിലും രാക്ഷസാക്ഷിയുടെ പ്രതിഫലത്തിന് അർഹരാണ് എന്ന് പഠിപ്പിച്ച നബിയേക്കാൾ നന്നായി ഇക്കാര്യത്തിൽ പ്രചോദനം നൽകിയവരാരെങ്കിലും ചരിത്രത്തിലുണ്ടോ?. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്ളേഗ് ബാധിച്ച നാട്ടിൽ തന്നെ വസിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്ന ആയിശ(റ) യിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത പ്രവാചകവചനമാണ് ചരിത്രത്തിലെ ആദ്യത്തെ സോഷ്യൽ ക്വാറന്റൈൻ നിർദേശം. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടെയും പ്രതിഫലേച്ഛയോട് കൂടിയും പ്ളേഗ് പടർന്ന് പിടിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്നആയിശ (റ)യിൽ നിന്ന് തന്നെ സ്വഹീഹായ സനദോടെ ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്ത നബിനിർദേശമാണ് ആദ്യത്തെ ഹോം ക്വാറന്റൈൻ നിർദേശം. ഇവിടെ ക്വാറന്റൈൻ എന്ന പദമല്ലാതെ മറ്റൊന്നും ആധുനികമല്ല. എല്ലാം നബിവചനകളിൽ നിന്ന് കടം കൊണ്ടവയാണ്. പകർച്ചവ്യാധികളുണ്ടാവുമ്പോൾ മരണമെങ്കിൽ മരണം എന്ന് വിചാരിച്ചുകൊണ്ട് മറ്റുള്ളവർക്ക് അത് പകർത്താതെ വീട്ടിലും നാട്ടിലുമിരിക്കുകയെന്ന പ്രവാചകനിർദേശത്തിനപ്പുറം മറ്റെന്താണ് ആധുനികശാസ്ത്രത്തിന്റെ അകമ്പടിയോടു കൂടി ഇന്നും നമുക്ക് നൽകാനുള്ളത്?!!

കോവിഡ് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ‘കോവിഡ് 19 രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കവിഞ്ഞു; മരണം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെയായി’ എന്ന് എഴുതിക്കൊണ്ടാണ് 2020 ഏപ്രിൽ 16 ന് ഈ ലേഖന പരമ്പര തുടങ്ങിയത്. ഇന്ന്, രണ്ട് മാസങ്ങൾക്ക് ശേഷം ജൂൺ 14 ന് ഈ പരമ്പര അവസാനിപ്പിക്കുമ്പോൾ ലോകത്ത് എൺപത് ലക്ഷത്തോളം രോഗികളുണ്ട്. മരണം നാലര ലക്ഷത്തോളമായി. എത്ര കാലം രോഗസംക്രമണം തുടരുമെന്ന് പറയാനാവില്ല. ശാസ്ത്രജ്ഞർ മരുന്നോ വാക്‌സിനോ കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിന്നായുള്ള അവരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാം. നമുക്ക് പ്രാർത്ഥിക്കാം: മരുന്ന് കണ്ട് പിടിച്ചാലും ഇല്ലെങ്കിലും നമുക്ക് അന്തിമപ്രവാചകന്റെ നിർദേശങ്ങൾ അനുസരിച്ച് ക്വാറന്റീനിൽ കഴിയാം. തൽക്കാലം പ്രവാചകവിരോധികൾക്കും ദൈവനിഷേധികൾക്കുമൊന്നും പ്രവാചകകല്പന അനുധാവനം ചെയ്യുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. സർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കുന്നവർ യഥാർത്ഥത്തിൽ പ്രവാചകന്റെ നിർദേശങ്ങളാണ് പാലിക്കുന്നത്. ഇഷ്ടമില്ലാത്തയാളെ നിർബന്ധമായും അനുധാവനം ചെയ്യേണ്ടി വരുമ്പോഴുള്ള വൈക്ലബ്യം മറച്ചുവെക്കാൻ കുറച്ച് പ്രവാചകനിന്ദയും ഖുർആൻ വിമർശനവുമെല്ലാം നാസ്തികർക്ക് ഉപയോഗപ്പെടുമെങ്കിൽ അവർ അതിൽ അഭിരമിച്ചുകൊള്ളട്ടെ. രോഗീപരിചരണം മുതൽ ബോധവത്കരണം വരെയും ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കുന്നതു മുതൽ മാനസികമായ ഊർജ്ജം നൽകുന്നത് വരെയും വിശ്വാസികൾക്ക് നിരവധി കാര്യങ്ങൾ പ്രവർത്തിക്കാനുണ്ട്. പിന്നെ അവർക്ക് പ്രാർത്ഥിക്കുവാനുമുണ്ട്. പടച്ചവനല്ലാതെ മറ്റാർക്കും ഈ ദുരന്തത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനാവില്ലെന്ന് അറിയുന്നവരാണല്ലോ അവർ.

സൂക്ഷ്മജീവികളുടെ സമുദ്രത്തിൽ ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് ആരുടെയെങ്കിലും ഒരാളുടെ കൊള്ളരുതായ്മ കൊണ്ട് മാരകമായ ഏതെങ്കിലും രോഗകാരി എത്തുകയും അത് വഴി പകർച്ചവ്യാധികളുണ്ടാവുകയുമാണെകിൽ അത് പകരാതിരിക്കുവാനുള്ള നിർദേശങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രവാചകന്മാരിലൂടെ നല്കിയവനാണ് അല്ലാഹു. ഇപ്പോൾ നാം ശാസ്ത്രീയം എന്ന് വിളിക്കുന്നത് അതേ നിർദേശങ്ങളെയാണ്. ആ നിർദേശങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ച്ചകളാണ് പകർച്ചവ്യാധികളെ വലിയ ദുരന്തങ്ങളാക്കിത്തീർത്തത്. നമ്മെ രക്ഷിക്കാനായി അല്ലാഹുവിന്റെ പ്രവാചകൻ (സ) നൽകിയ നിർദേശങ്ങളെയും അവ എങ്ങനെ ആധുനിക ശാസ്ത്രത്തിന്റെ വക്താക്കളുടെ പ്രോട്ടോക്കോളുകളുമായി യോജിക്കുന്നുവെന്നും മനസ്സിലാക്കുമ്പോൾ ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമ്മുടെ മനസ്സിലെത്തും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക?’.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.