ഇസ്‌ലാം മാനവികതയുടെ മതം

//ഇസ്‌ലാം മാനവികതയുടെ മതം
//ഇസ്‌ലാം മാനവികതയുടെ മതം
ആനുകാലികം

ഇസ്‌ലാം മാനവികതയുടെ മതം

Print Now
ത്യാഗത്തിന്റെയും, ദൈവീക ബോധത്തിന്റെയും, ഖുർആനിക അവതരണത്തിന്റെയും ഓർമ്മകൾ പുതുക്കി കൊണ്ട് പരിശുദ്ധ റമദാൻ ആഗതമായിരിക്കുന്നു.
മനുഷ്യനെ വഴി തെറ്റിക്കുന്ന പിശാചുക്കളെ ബന്ധനസ്ഥനാക്കുന്ന, നരകത്തിന്റെ വാതിലുകൾ കൊട്ടിയടച്ച് സ്വർഗ്ഗ കവാടങ്ങൾ മലർക്കെ തുറക്കുന്ന പുണ്യങ്ങളുടെ പൂക്കാലം.
അന്നപാനീയങ്ങൾ മാത്രമല്ല തന്റെ നാഥൻ വിരോധിച്ചതിൽ നിന്നെല്ലാം വിട്ടു നിൽക്കണം.
കണ്ണ് കൊണ്ട് അരുതാത്തത് കാണാൻ പാടില്ല.
കാത് കൊണ്ട് അരുതാത്തത് കേൾക്കാവതല്ല.
നാവ് കൊണ്ട് അരുതാത്തത് പറയാൻ പാടില്ല.
കൈ കാലുകൾ കൊണ്ട് അരുതാത്തത് സ്പർശിക്കാനോ, അതിലേക്ക് നടന്നടുക്കാനോ പാടില്ല. ലൈംഗികാവയവത്തെ അള്ളാഹു പൊരുത്തപ്പെടാത്ത അവിഹിത മാർഗ്ഗത്തിൽ ഉപയോഗിക്കാനും പാടില്ല.
ചീത്തയായ പ്രവർത്തനങ്ങളും, വാക്കുകളും, അവിവേകത്തോടെയുള്ള പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ തയ്യാറല്ലാത്തവൻ അവന്റെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കുന്നത് വെറുതെയാണ്. അല്ലാഹുവിന് അങ്ങിനെയുള്ളവന്റെ നോമ്പ് ആവശ്യമില്ല, അവന് ഒരു പ്രതിഫലവും ലഭിക്കുന്നതല്ല.

ഇസ്‌ലാമിലെ ആരാധനകളെ പലരും വിമർശിക്കാറുണ്ട്. മനുഷ്യന്റെ സാമൂഹിക ജീവിതത്തെ കൂടുതൽ കുടുസ്സാക്കുകയും, അവന്റെ ആവിഷ്‌ക്കാര സ്വാതന്ത്രത്തെ ഇല്ലാതാക്കുകയും, മനുഷ്യനെ ബന്ധനസ്ഥനാക്കുകയും ചെയ്യുകയാണ് മതങ്ങൾ ചെയ്യുന്നതെന്ന് ഇവർ കൊട്ടിഘോഷിക്കാറുണ്ട്.
യഥാർത്ഥത്തിൽ ഇസ്‌ലാമിലെ അനുഷ്ഠാന കർമ്മങ്ങൾ മുഴുവൻ മനുഷ്യന്റെ സംസ്‌കരണത്തിന് വേണ്ടിയുള്ളതാണ്. ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല’ എന്ന വിശ്വാസം എല്ലാ അന്ധ വിശ്വാസങ്ങളിൽ നിന്നും മനുഷ്യരെ സംസ്ക്കരിക്കുമ്പോൾ നമസ്ക്കാരവും, നോമ്പും ശാരീരികവും മാനസികവുമായ സംസ്ക്കരണം സാധ്യമാക്കുന്നു. സകാത് സാമ്പത്തികമായ സംസ്ക്കരണം ഉന്നം വെക്കുമ്പോൾ, ഹജ്ജ് എല്ലാ വിധ സാമൂഹിക സംസ്ക്കരണത്തിലേക്കും മനുഷ്യരെ നയിക്കുന്നു. ആധുനിക ശാസ്ത്ര യുഗത്തിൽ പോലും മനുഷ്യർ കൊണ്ട് നടക്കുന്ന എല്ലാ ജാതീയതയുടെയും, തൊട്ടുകൂടായ്മയുടെയും ദേശ വേഷങ്ങളുടെ അതിർ വരമ്പുകളെ ഹജ്ജ് ഇല്ലാതാക്കുന്നു.

ഇസ്‌ലാമിന്റെ സംസ്‌കരണത്തിന് വേണ്ടിയുള്ള ആരാധന കർമ്മങ്ങളെ പോലും പല യുക്തി രഹിത വാദികളും വിമർശിക്കാറുണ്ട്. കൊള്ളക്കാരും, കള്ളന്മാരുമായ മരുഭൂയിൽ ജീവിച്ചിരുന്ന അക്ഷരാഭ്യാസമില്ലാത്ത അപരിക്ഷ്ക്കൃത ജനങ്ങളെ പരീക്ഷ്ക്കരിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു ഇസ്‌ലാമിലെ ആരാധന കർമ്മങ്ങൾ, ശാസ്ത്രവും, ബുദ്ധിയും, യുക്തിയും വികസിച്ച ഇന്ന് അതിന്റെയൊന്നും ആവശ്യമില്ലെന്ന് അവർ ജല്പിക്കാറുണ്ട്.
സത്യസന്ധമായി ഇതിനെ വിലയിരുത്തുമ്പോൾ ബോധ്യമാവുന്ന ചില കാര്യങ്ങളുണ്ട്. പൗരാണിക കാല ഘട്ടം മുതൽ ഇന്ന് വരെ മനുഷ്യന്റെ ശാരീരിക ഘടനയിലോ, മാനസിക തലങ്ങളിലോ മാറ്റങ്ങളില്ല. പൗരാണിക മനുഷ്യന് വിശക്കുന്നത് പോലെ ഇന്നിന്റെ മർത്യനും വിശക്കുന്നു. വ്യഭിചരിക്കണമെന്നും, ലഹരി ഉപയോഗിക്കണമെന്നും, കൊല നടത്തണമെന്നുമുള്ള മനുഷ്യന്റെ അന്നത്തെ മനസ്സിനും ഇന്നത്തെ മനസ്സിനും മാറ്റമില്ല. ഇന്ന് ബുദ്ധിപരമായ വളർച്ചയിലൂടെ അതിനുളള സൗകര്യവും, സന്ദർഭങ്ങളും അവൻ വികസിപ്പിച്ചെടുത്തു എന്നുള്ളത് മാത്രമാണ് വ്യത്യാസമായി നിലനിൽക്കുന്നത്.

ഇസ്‌ലാം നൂറ്റാണ്ടുകൾക്ക് മുമ്പ് വൈയക്തിക, കുടുംബ, സാമൂഹിക സംസ്‌കരണത്തിന് മുന്നോട്ടു വെച്ചിട്ടുള്ള മാനദണ്ഡങ്ങൾ അന്ന് പ്രസക്തമായത് പോലെ തന്നെ ഇന്നും പ്രസക്തമാണ്. കുടിൽ മുതൽ കൊട്ടാരം വരെയുള്ള
മനുഷ്യന്റെ ജീവിതം എളുപ്പമുള്ളതാക്കാനാണ് അള്ളാഹു ഉദ്ദേശിക്കുന്നത്. അല്ലാതെ ഇവർ വാദിക്കുന്നത് പോലെ പ്രയാസപ്പെടുത്താനല്ല.

വിദ്യാഭ്യാസ, രാഷ്ട്രീയ, സൈനിക സംവിധാനങ്ങളൊക്കെ മുമ്പോട്ട് ഗമിക്കാനി കൃത്യമായ നിയമങ്ങളും, മാർഗ്ഗ ദർശനങ്ങളും അനിവാര്യമാണെന്നിരിക്കെ മനുഷ്യനെ സംസ്ക്കരിക്കാനായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിയമങ്ങളും, മാർഗ്ഗ ദർശനങ്ങളും എങ്ങിനെയാണ് കാലിക പ്രസക്തമല്ലാതാവുന്നത്.

മതത്തിനെയും, മത ചിഹ്നങ്ങളെയും വിമർശിച്ച് എങ്ങിനെയെങ്കിലും മതത്തിൽ നിന്നും ജനങ്ങളിൽ വെറുപ്പുണ്ടാക്കി, മതം ഒരു പ്രയാസമുള്ള സംഗതിയായി വരുത്തിത്തീർത്ത് ഒരു മത നിഷേധ സമൂഹത്തെ ഇവിടെ ഉണ്ടാക്കാനാണ് ഇക്കൂട്ടർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

മത നിഷേധ സമൂഹം എവിടെയൊക്കെ രംഗ പ്രവേശനം ചെയ്തിട്ടുണ്ടോ അവിടെ എല്ലാ വിധ സംസ്കരണ ചിന്തകളും വൃഥാവിലാവുന്ന കാഴ്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.

ലോകത്തെവിടെയെങ്കിലും യുക്തിവാദികൾ നടത്തുന്ന ഓർഫനേജുകളോ, വിധവാ സംരക്ഷണ സ്ഥാപനങ്ങളോ കാണാൻ സാധിക്കുമോ.?

മനുഷ്യന്റെ കണ്ണീരൊപ്പുന്ന എല്ലാ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മത വിശ്വാസികൾ ആണ് മുമ്പിലുള്ളത്.
അതിനുള്ള കാരണം മതമെന്നുള്ളത് മനുഷ്യന്റെ മാനവികതയെ ഉണർത്തുന്നത് കൊണ്ടാണ്. ഇസ്‌ലാം നിർദ്ദേശിക്കുന്ന മനുഷ്യന്റെ മാനവികതയെ ഉയർത്തി കൊണ്ട് വരാനുള്ള ഇത്തരത്തിലുള്ള സംസ്‌ക്കരണ മുറകൾ യുക്തിവാദികളിൽ കാണാൻ സാധിക്കില്ല. ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഓരോരുത്തർക്കും നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ മനുഷ്യർ തുനിഞ്ഞാൽ എന്താകും ഈ ലോകത്തിന്റെ അവസ്ഥ.
ഇസ്‌ലാം നിഷ്‌കർഷിക്കുന്ന സംസ്ക്കരണത്തിലൂടെ സ്ഫുടം ചെയ്തെടുത്ത മനസ്സിന്റെ ഉടമകൾക്ക് മാത്രമേ സമാധാനം അനുഭവിക്കാനും, മറ്റുള്ളവരെ അനുഭവിപ്പിക്കാനും സാധിക്കൂ എന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്.

2 Comments

 • മാഷാ അല്ലാഹ്.. 👍👍👍

  തിന്നുക കുടിക്കുക രമിക്കുക രസിക്കുക..
  എന്ന ജീവിതചര്യയിൽ..
  ജീവിക്കാൻ ശ്രമിക്കുന്നവർക്ക്..
  അത് പ്രചരിപ്പിക്കുന്നവർക്ക്..
  ഇസ്‌ലാം എന്ന് കേൾക്കുന്നതേ അലർജി ആയിരിക്കും..
  അതു കഴിഞ്ഞല്ലേ റമളാൻ വൃതം..

  “യുക്തിയില്ലാത്തവർ യുക്തിവാദികൾ..”
  മുതലയില്ലാത്ത കുളം മുതലക്കുളം..
  അതാണ്‌..
  യുക്തിയില്ലാവാദികൾ..

  Mansoor Ali 29.04.2020
 • Good

  Mohammed Anshif 04.05.2020

Leave a comment

Your email address will not be published.