മലക്കുകളെ അള്ളാഹു ആശ്രയിക്കുന്നുണ്ടോ ?

/മലക്കുകളെ അള്ളാഹു ആശ്രയിക്കുന്നുണ്ടോ ?
/മലക്കുകളെ അള്ളാഹു ആശ്രയിക്കുന്നുണ്ടോ ?

മലക്കുകളെ അള്ളാഹു ആശ്രയിക്കുന്നുണ്ടോ ?

ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ് അല്ലാഹുവെന്ന് ഖുർആൻ പറയുന്നു. എന്നാൽ മലക്കുകളെ അല്ലാഹു ആശ്രയിക്കുന്നുണ്ട് താനും. വഹ്‌യ്‌ എത്തിക്കാൻ മലക്ക് വേണം അല്ലാഹുവിന്; മറ്റു പല കാര്യങ്ങൾക്കും അല്ലാഹുവിന് മലക്കുകളുടെ സഹായം വേണം. പിന്നെയെങ്ങനെ അല്ലാഹു ആരെയും ആശ്രയിക്കുന്നില്ല എന്ന് പറയും?

അഫ്‌സൽ അബ്ദുൽ ലത്തീഫ്

അല്ലാഹുവിന്റെ പേരുകളിലൊന്നാണ് സ്വമദ്. ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനും ഒന്നിന്റെയും ആശ്രയമാവശ്യമില്ലാത്തവനും എന്നാണ് സ്വമദ് എന്ന പദത്തിന്റെ വിവക്ഷ. മലക്കുകളും മനുഷ്യരുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഓരോ സൃഷ്ടികൾക്കും അല്ലാഹു നിശ്ചയിച്ച ചില ദൗത്യങ്ങളുണ്ട്. ആ ദൗത്യങ്ങൾ നിർവഹിക്കുകയാണ് ആ സൃഷ്ടികളുടെ ഉത്തരവാദിത്തം. തങ്ങളെ അല്ലാഹു ഏല്പിച്ച ദൗത്യങ്ങൾ നിർബന്ധിതമായി അനുസരിക്കുന്നവരാണ് മലക്കുകൾ. വ്യത്യസ്ത കാര്യങ്ങൾക്കായി അല്ലാഹു നിശ്ചയിച്ച അവന്റെ സൃഷ്ടികളാണവർ. അവരെ അല്ലാഹു ആശ്രയിക്കുകയല്ല ചെയ്യുന്നത്, അവർ അല്ലാഹുവെ ആശ്രയിക്കുകയാണ്. അവയ്ക്ക് അസ്തിത്വം നൽകിയതും ദൗത്യം നൽകിയതും അത് നിർവഹിക്കാനാവശ്യമായ കഴിവുകളും പാടവവുമെല്ലാം നൽകിയതും അല്ലാഹുവാണ്. അവയെല്ലാം നൽകിയത് പ്രസ്തുത ദൗത്യം നിർവഹിക്കുവാനുള്ള സംവിധാനം എന്ന നിലയ്ക്കാണ്. പിന്നെയെങ്ങനെയാണ് അല്ലാഹു അവരെ ആശ്രയിക്കുന്നുവെന്ന് പറയുക?! തേങ്ങയുണ്ടാവുന്നതിനു വേണ്ടി അല്ലാഹുവുണ്ടാക്കിയ സംവിധാനമായ തെങ്ങിനെ തേങ്ങയുണ്ടാക്കുവാൻ അല്ലാഹു ആശ്രയിക്കുന്നതെന്തിനാണ് എന്ന് ചോദിക്കുന്നത് പോലെ ബാലിശമാണ് മലക്കുകളെ അല്ലാഹു ആശ്രയിക്കുന്നതെന്തിനാണ് എന്ന ചോദ്യവും. പ്രവാചകന്മാർക്ക് വഹ്‌യ്‌ എത്തിക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട മലക്കിനെ അതിന്നായി അല്ലാഹു തന്നെ സൃഷ്ടിച്ചതായിരിക്കെ അല്ലാഹു അതിനെ ആശ്രയിക്കുന്നുവെന്ന് കരുതുന്നത് തന്നെ വിവരക്കേടാണ്. ദൈവദൂതന്മാർക്ക് വഹ്‌യ് എത്തിക്കുന്നതിനായി അല്ലാഹു ഉണ്ടാക്കിയ സംവിധാനമാണ് മലക്ക്. തന്റെ ദൗത്യനിർവഹണത്തിനായി മലക്ക് അല്ലാഹുവിനെയാണ് ആശ്രയിക്കുന്നത് എന്നർത്ഥം.

print