എന്തുകൊണ്ട് പ്രവാചകന്മാരായി സ്ത്രീകളെ അയച്ചില്ല ?

/എന്തുകൊണ്ട് പ്രവാചകന്മാരായി സ്ത്രീകളെ അയച്ചില്ല ?
/എന്തുകൊണ്ട് പ്രവാചകന്മാരായി സ്ത്രീകളെ അയച്ചില്ല ?

എന്തുകൊണ്ട് പ്രവാചകന്മാരായി സ്ത്രീകളെ അയച്ചില്ല ?

എന്തുകൊണ്ടാണ് അല്ലാഹു സ്ത്രീകളെ പ്രവാചകന്മാരായി നിയോഗിക്കാതിരുന്നത്? സ്ത്രീകളെ ഇസ്‌ലാം അവഗണിക്കുന്നുവെന്നതിന് ഇത് തന്നെ നല്ലൊരു തെളിവല്ലേ?

അൻസാർ .N

അല്ലാഹുവിന്റെ ചെയ്തികളിലെല്ലാം ന്യായവും കാരുണ്യവുമുണ്ടാവും എന്ന് മനസ്സിലാക്കുന്നവനാണ് മുസ്‌ലിം. പ്രസ്തുത ന്യായങ്ങൾ ചിലപ്പോൾ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. മനസ്സിലായാലും ഇല്ലെങ്കിലും മാനവികതക്കോ നീതിക്കോ നിരക്കാത്ത യാതൊന്നും അല്ലാഹുവിൽ നിന്നുണ്ടാവുകയില്ലെന്ന സത്യം മുസ്‌ലിംകളെല്ലാം ഉൾക്കൊള്ളുന്നു.

‘താങ്കൾക്കു മുമ്പ് പുരുഷന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല'(21:7) എന്ന് മുഹമ്മദ് നബി(സ)യെ അഭിസംബോധന ചെയ്തു കൊണ്ട് ഖുർആനിൽ അല്ലാഹു പറയുന്നതിൽ നിന്ന് ദൂത് നൽകിക്കൊണ്ട് ഒരു സ്ത്രീയെയും അല്ലാഹു അയച്ചിട്ടില്ലെന്ന് വ്യക്തമാവുന്നുണ്ട്. എന്നാൽ ചില സ്ത്രീകൾക്ക് അല്ലാഹു ബോധനം നൽകിയതായി ഖുർആൻ പറയുന്നുണ്ട്. യേശുമാതാവായ മറിയവും മോശെയുടെ മാതാവും ഉദാഹരണം. ഇതിൽ നിന്ന് വഹ്‌യ്‌ ലഭിച്ചവർ എന്ന നിലയിൽ അവരെ പ്രവാചകന്മാരായി (നബി) കണക്കാക്കാമെന്നും, സത്യമതപ്രബോധനമെന്ന ദൈവദൂതന്മാരുടെ (റസൂൽ) ദൗത്യം സ്ത്രീകളെ ഏൽപിച്ചിട്ടില്ലെന്നാണ് ഖുർആൻ(21:7) വ്യക്തമാക്കുന്നതെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അബുൽഹസൻ അശ്അരി, ഇമാം ഖുർത്തുബി, ഇമാം ഇബ്നു ഹസം (റ) എന്നിവർ ഈ അഭിപ്രായക്കാരാണ്. പ്രത്യേക സന്ദർഭത്തിൽ അല്ലാഹു ചില ബോധനങ്ങൾ നൽകിയെന്നല്ലാതെ മർയമിനും ആസ്യ(റ)ക്കുമൊന്നും പ്രവാചകത്വം നൽകിയെന്ന് പറയാൻ കഴിയില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. സത്യം അല്ലാഹുവിന്നറിയാം. സത്യമതപ്രബോധനമെന്ന ദൈവദൂതന്മാരുടെ (റസൂൽ) ദൗത്യം സ്ത്രീകളെ ഏൽപിച്ചിട്ടില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാരെല്ലാം ഒരേ അഭിപ്രായക്കാരാണ്.

എന്തുകൊണ്ടാണ് സ്ത്രീകളെ ദൈവദൂതന്മാരായി അല്ലാഹു തെരെഞ്ഞെടുക്കാതിരുന്നത് എന്ന് നമുക്കറിയില്ല; അത് അല്ലാഹുവിന്റെ യുക്തിയാണ്. നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ചിലവസ്തുതകൾ ഇങ്ങനെ സംക്ഷേപിക്കാം:

ഒന്ന്) പ്രവാചകത്വം വലിയൊരു ഉത്തരവാദിത്തമാണ്; ഏറെ ത്യാഗങ്ങളും പ്രയാസങ്ങളും ആവശ്യപ്പെടുന്ന ഒരു ഉത്തരവാദിത്തം. സ്ത്രീകൾക്ക് പ്രസ്തുത ഉത്തരവാദിത്തം നിർവഹിക്കുക ഏറെ പ്രയാസകരമായിരിക്കും. ബുദ്ധിമുട്ടുകൾ ഏറെ സഹിക്കേണ്ടി വരുന്ന ആ ഉത്തരവാദിതത്വം നിർവഹിക്കാൻ സ്ത്രീകളെ തെരെഞ്ഞെടുക്കാതിരിക്കുക വഴി അല്ലാഹു അവരോട് വലിയ കാരുണ്യമാണ് ചെയ്തിരിക്കുന്നത്.

രണ്ട്) സ്ത്രീശരീരം പൊതുവിൽ പുരുഷന്മാരെ ലൈംഗീകമായി പ്രചോദിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കുമെല്ലാം ദൈവികസന്ദേശം പകർന്നു നൽകുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കേണ്ടവർക്ക് തങ്ങളുടെ പ്രബോധിതരുടെ തൃഷ്ണയോടെയുള്ള പെരുമാറ്റം ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും.

മൂന്ന്) പ്രവാചത്വം പോലെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നവർക്ക് അവധാനതയോടെയും ബുദ്ധിപൂർവ്വകമായും പല തീരുമാനങ്ങളും സ്വയം എടുക്കേണ്ടി വരും. അതിന്ന് അപാരമായ യുക്തിബോധമാണാവശ്യം. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങളും അവയിലുണ്ടാവും. വികാരപ്രധാനമായ സ്ത്രൈണപ്രകൃതിക്ക് അതിന് കഴിഞ്ഞുകൊള്ളണമെന്നില്ല.

നാല്) മതപരമായ കർമങ്ങൾക്ക് നേതൃത്വം വഹിക്കേണ്ടവരാണ് പ്രവാചകന്മാർ. ആർത്തവവും പ്രസവവും പോലെയുള്ള സ്ത്രീഅവസ്ഥകളിൽ അതിന്ന് അവർക്ക് കഴിയില്ല. അവരിൽ പ്രവാചകത്വമെന്ന ബാധ്യത ഏൽപ്പിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ അവരുടെ സ്ത്രൈണപ്രകൃതിയോട് ചെയ്യുന്ന ക്രൂരതയായിത്തീരും.

അഞ്ച്) സ്ത്രീകളുടെ പ്രകൃതിപരമായ ചോദനയാണ് മാതൃത്വം. മക്കളെ വളർത്തുകയും അവർക്ക് ശാരീരികവും വൈകാരികവുമായ ആരോഗ്യം നൽകുകയും ചെയ്യുവാനാവശ്യമായ അനുകൂലനങ്ങളെല്ലാം പടക്കപ്പെട്ടിരിക്കുന്നത് സ്ത്രീശരീരത്തിലാണ്. പ്രവാചകത്വമേൽപ്പിക്കപ്പെട്ടാൽ സ്ത്രീകൾക്ക് തങ്ങളുടെ മക്കളോടും ഇണകളോടുമുള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അത് പ്രയാസകരമായിതത്തീരും.

പ്രവാചകത്വത്തിന് സ്ത്രീകളെ പരിഗണിക്കാത്ത അല്ലാഹുവിന്റെ നടപടി അവളോടുള്ള അവഗണനയല്ല, അവളുടെ പ്രകൃതിയോടുള്ള ആദരവും കാരുണ്യവുമാണ് സൂചിപ്പിക്കുന്നത് എന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. ആത്മീയമായ ഔന്നത്യത്തിന്റെ കാര്യത്തിലാണെങ്കിൽ സ്ത്രീക്ക് പുരുഷനെപ്പോലെയോ അതിനേക്കാളധികമോ ഉയരാൻ കഴിയുമെന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നുണ്ട്. സകല സത്യവിശ്വാസികൾക്കുമുള്ള മാതൃകകളായി ഖുർആൻ വരച്ചു കാണിച്ചത് രണ്ട് സ്ത്രീകളെയാണ്. (66:11,12). ഫറോവയുടെ പത്നിയും യേശുവിന്റെ മാതാവും പുരുഷ-സ്ത്രീ വ്യത്യാസമില്ലാതെ സകല സത്യവിശ്വാസികൾക്കുമുള്ള മാതൃകയാണെന്ന് ഖുർആൻ പറയുമ്പോൾ ആത്മീയമായി അവർക്ക് എത്രയും ഉയരാൻ കഴിമെന്നു തന്നെയാണ് അത് വ്യക്തമാക്കുന്നത്. സ്ത്രീകളിൽ നിന്ന് പ്രവാചകന്മാരെ തെരെഞ്ഞെടുക്കാതിരുന്നത് അവർക്ക് ആത്മീയമായ ഔന്നത്യം നിഷേധിച്ചതുകൊണ്ടല്ല, പ്രത്യുത അവർക്കത് പ്രയാസകരമാണ് എന്നതുകൊണ്ടായിരിക്കാം എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

print