കുരിശുയുദ്ധങ്ങൾ ഇസ്‌ലാമിന്റെ യുദ്ധവെറിയിൽ നിന്നുണ്ടായതല്ലേ?

/കുരിശുയുദ്ധങ്ങൾ ഇസ്‌ലാമിന്റെ യുദ്ധവെറിയിൽ നിന്നുണ്ടായതല്ലേ?
/കുരിശുയുദ്ധങ്ങൾ ഇസ്‌ലാമിന്റെ യുദ്ധവെറിയിൽ നിന്നുണ്ടായതല്ലേ?

കുരിശുയുദ്ധങ്ങൾ ഇസ്‌ലാമിന്റെ യുദ്ധവെറിയിൽ നിന്നുണ്ടായതല്ലേ?

മുസ്ലിംകളുടെ യുദ്ധവെറിയല്ല, ശത്രുക്കളുടെ ഇസ്ലാം വിരോധത്തിന്റെ ക്രൂരമുഖമാണ് കുരിശുയുദ്ധങ്ങളിലൂടെ ലോകം കണ്ടത്. ഇസ്‌ലാമിനെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടോടെ ആയുധമെടുത്തവരെപ്പോലും മാനവികതയെന്തെന്ന് പഠിപ്പിക്കുവാൻ മുസ്ലിംകൾക്ക് ലഭിച്ച അവസരമായിരുന്നു കുരിശുയുദ്ധങ്ങൾ എന്ന് പറയുന്നതാവും ശരി. മതത്തിന്റെ പേരിൽ  ഏറ്റവും വലിയ നരനായാട്ട് നടന്നത് കുരിശു യുദ്ധങ്ങളോട് അനുബന്ധിച്ചായിരുന്നവെന്ന് സമ്മതിക്കുമ്പോൾ തന്നെ, അവയുടെ കാരണം തികച്ചും മതപരമായിരുന്നില്ലെന്ന വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്. തകർന്നുകൊണ്ടിരുന്ന ബൈസന്റൈൻ സാമ്രാജ്യം മതത്തെ ഉപയോഗപ്പെടുത്തി തങ്ങളുടെ അധികാരം സംരക്ഷിക്കാൻ നടത്തിയ പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങളിൽ കലാശിച്ചത്. ബൈസന്റൈൻ സാമ്രാജ്യത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉതതരവാദിത്തമായിക്കരുത്തിയ കത്തോലിക്കാ സഭ മുസ്ലിംകൾക്കും മുസ്ലിം നാടുകൾക്കുമെതിരെ കൊലവിളി നടത്താൻ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുകയായിരുന്നു.

ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സിയോസ് ഒന്നാമന്‍, അന്നത്തെ മാര്‍പാപ്പയായിരുന്ന പോപ്പ് അര്‍ബന്‍ രണ്ടാമന് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ നിന്ന് തുടങ്ങുന്നു കുരിശുയുദ്ധങ്ങളുടെ ചരിത്രം. 1071 ആഗസ്ത് 26ന് നടന്ന മാന്‍സികെര്‍ട്ട് യുദ്ധത്തില്‍ സില്‍ജൂക്ക് തുര്‍ക്കികള്‍ ബൈസന്റയിന്‍ സൈന്യത്തെ തുരത്തുകയും അനത്തോളിയ, അര്‍മേനിയ തുടങ്ങിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു പ്രസ്തുത കത്ത്. 1095 നവംബര്‍ 18 മുതല്‍ 28 വരെ ഫ്രാന്‍സിലെ ക്ലെര്‍മണ്ടില്‍ വെച്ചു നടന്ന സഭാധ്യക്ഷന്‍മാരുടെ സമ്മേളനത്തില്‍, 27ാം തിയതി പോപ്പ് തന്നെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ നടത്തേണ്ട യുദ്ധത്തെക്കുറിച്ച് സംസാരിക്കുകയും സദസ്സിനെ ആവേശഭരിതരാക്കി പ്രചോദിപ്പിക്കുകയും ചെയ്തു. ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങള്‍ ഭരിക്കുന്ന അറബികളും തുര്‍ക്കികളുമാകുന്ന മുസ്‌ലിംകള്‍ പ്രാകൃതരാണെന്നും അതുകൊണ്ടു തന്നെ അവരെ തുരത്തേണ്ടത് ലോകത്തെങ്ങുമുള്ള ക്രൈസ്തവരുടെ ഉത്തരവാദിത്തമാണെന്നും ഇത് ക്രിസ്തുവിന്റെ കല്‍പനയാണെന്നും പ്രാകൃതരായ മുസ്‌ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്ക് ഉടനടി പാപമോചനം ലഭിക്കുമെന്നും പിശാചുക്കളെ (demons) ആരാധിക്കുന്നവരുടെ മേല്‍ സര്‍വശക്തനായ ദൈവെത്ത പൂജിക്കുന്നവരുടെ ആധിപത്യത്തിനു വേണ്ടിയുള്ള നമ്മുടെ യുദ്ധത്തില്‍ ദൈവസഹായമുണ്ടാകുമെന്നും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ യുദ്ധം ചെയ്തിരുന്നവരെല്ലാം അവ നിര്‍ത്തി കാടന്‍മാര്‍ക്കെതിരെ(barbarians)യുള്ള ഈ യുദ്ധത്തിനു വേണ്ടി ഐക്യപ്പെടണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.(1)

മാര്‍പാപ്പയുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1096 ആഗസ്ത് 15ന് ഫ്രാന്‍സില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായി സന്യാസിയായ പത്രോസിന്റെ (Peter the hermit) നേതൃത്വത്തില്‍ 35000ത്തോളം വരുന്ന വലിയൊരു ക്രൈസ്തവസംഘം കോണ്‍സ്റ്റന്റിനോപ്പിളിലേക്ക് മാര്‍ച്ച് ചെയ്തു. വഴിയില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കിയും സാധാരണക്കാരെ ക്രൂരമായി പീഡിപ്പിച്ചും കൊണ്ടാണ് കുരിശുപടയാളികള്‍ മുന്നോട്ടു നീങ്ങിയത്. മൈല്‍ഗ്രേഡില്‍ വെച്ച് ഹംഗറിക്കാരുമായി അവര്‍ ഏറ്റുമുട്ടി; സ്‌പ്രെയറിലും മോംസിലും മെയിന്‍സിലുമുള്ള ജൂതന്‍മാരെ കൂട്ടക്കൊല നടത്തി. 1092ലെ മലിക്ഷാ ഒന്നാമന്റെ മരണത്തിന് ശേഷം ശിഥിലമായ സില്‍ജൂക്ക് തുര്‍ക്കി സാമ്രാജ്യത്തിന്റെ പതിതാവസ്ഥയെ മുതലെടുത്ത് കുരിശ് യോദ്ധാക്കള്‍ മുസ്‌ലിം നാടുകളിലേക്ക് ഇരച്ചു കയറുകയും അവിടങ്ങളില്‍ ക്രൂരതകൊണ്ട് സംഹാരതാണ്ഡവമാടുകയും ചെയ്തു. ക്രിസ്താബ്ദം 638ല്‍ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലം മുതല്‍ മുസ്‌ലിംകള്‍ ഭരിച്ചിരുന്ന ജറൂസലേം അങ്ങനെ 1099 ജൂലൈ 15ന്, ഫാത്വമിയ്യാക്കളുടെ കൈകളില്‍ നിന്ന് കുരിശുയോദ്ധാക്കള്‍ പിടിച്ചടക്കി.(2)

ഒന്നാമത്തെ കുരിശുയുദ്ധത്തിനു മുതല്‍ കൂട്ടക്കൊലകളുടെയും ക്രൂരതകളുടെയും ചരിത്രമാണ് പറയാനുള്ളത്. പടയാളികളെ മാത്രമായിരുന്നില്ല കുരിശുയോദ്ധാക്കള്‍ കൊന്നൊടുക്കിയത്; പ്രത്യുത സാധാരണക്കാരെക്കൂടിയായിരുന്നു. കുരിശുയുദ്ധത്തിനു മുമ്പ് ജറൂസലേം നഗരത്തിന്റെ ജനസംഖ്യ എഴുപതിനായിരമായിരുന്നെങ്കില്‍ യുദ്ധം കാരണത്താല്‍ അത് മുപ്പതിനായിരമായി ചുരുങ്ങിയെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നുണ്ട്.(3) നഗരത്തിലെ പകുതിയിലധികം പേരെയും കുരിശുയോദ്ധാക്കള്‍ കൊന്നുവെന്നര്‍ഥം.

മസ്ജിദുല്‍ അഖ്‌സയുടെ ഉള്ളില്‍ അഭയം തേടിയവരെയൊ സ്ത്രീകളേയൊ കുട്ടികളെയൊ അവര്‍ വെറുതെ വിട്ടില്ല. കണ്ണില്‍ കണ്ട എല്ലാവരെയും അവര്‍ കൊന്നൊടുക്കി. സിനഗോഗുകള്‍ക്കകത്ത് ജൂതന്മാര്‍ ഒളിച്ചപ്പോള്‍ അവരെ അതിനുള്ളിലിട്ട് പൂട്ടി അവര്‍ സിനഗോഗുകള്‍ക്ക് തീ വെച്ചു. യുദ്ധത്തില്‍ ബന്ദികളായി പിടിച്ചവരെയെല്ലാം കുരിശുദ്ധോക്കള്‍ കൂട്ടക്കൊല ചെയ്തു. തലകളുടെയും കൈകളുടെയും കാലുകളുടെയും  കൂമ്പാരങ്ങളായിരുന്നു ജെറുസെലേം നഗരത്തിലെന്നും അവയ്ക്കിടയിലൂടെ ഒരു പരവതാനിയില്‍ എന്നതുപോലെ നടന്നുല്ലസിക്കുകയായിരുന്നു കുരിശുദ്ധോക്കളെന്നും ”നമുക്ക് വേണ്ടി കര്‍ത്താവ് ഈ ദിവസം ഒരുക്കിത്തന്നിരിക്കുന്നത് ആഹ്ലാദിക്കുവാനും സന്തോഷം പങ്കിടാനുമാണ്” എന്നു പ്രഖ്യാപിച്ച കുരിശുയോദ്ധാവായ അഗ്വിലേഴ്‌സ്‌കാരന്‍ റെയ്മണ്ട് രേഖപ്പെടുത്തുന്നുണ്ട്.(4) കുരിശു യുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ട ലത്തീന്‍ ദിനവൃത്താന്തമായ ജെസ്റ്റ ഫ്രാന്‍ കോറം (Gesta Fran corum- ഫ്രാങ്കകളുടെ ചെയ്തികള്‍)യിലെ വരികള്‍ കാണുക: ”നമ്മുടെയാളുകള്‍ സോളമന്റെ ദേവാലയത്തിനടുത്തുവെച്ചുപോലും ആളുകളെ വെറുതെ വിട്ടില്ല. അവരെയെല്ലാം കൂട്ടക്കൊല ചെയ്തു. നെരിയാണിവരെ മുങ്ങുന്ന രക്തപ്പുഴയിലൂടെ നീന്തിയാണ് അവരിതെല്ലാം ചെയ്തത്. പ്രാകൃതന്‍മാരെ കീഴടക്കിയതിനു ശേഷം നമ്മുടെ ആള്‍ക്കാര്‍ അവരിലെ സ്ത്രീകളെയും കുട്ടികളെയുമടക്കം എല്ലാവരെയും ബന്ദികളാക്കി. ഓരോരുത്തരും ഇഷ്ടപ്രകാരം ബന്ദികളെ കൊല്ലുകയോ അടിമകളാക്കിത്തീര്‍ക്കുകയോ ചെയ്തു”.(5)

സോളമന്റെ ദേവാലയത്തില്‍ വെച്ച് നടന്ന കൂട്ടക്കൊലയെപ്പറ്റി ചര്‍ട്രസുകാരനായ ഫുള്‍ച്ചര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ”ഈ ദേവാലയത്തില്‍വെച്ച് മാത്രം പതിനായിരം പേര്‍ കൊല്ലപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കണ്ടിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരുടെ ചോരയാല്‍ ഞങ്ങളുടെയെല്ലാം കണങ്കാലുകള്‍ ചുവന്നത് നിങ്ങള്‍ക്ക് കാണാമായിരുന്നു. സ്ത്രീകളെയും കുട്ടികളെയുമടക്കം ഒരാളെയും ഞങ്ങള്‍ വെറുതെ വിട്ടില്ല”.(6)

ദേവാലയത്തിലും സോളമന്റെ വരാന്തയിലുംകൂടി അവരുടെ മുട്ടുവരെ നിറഞ്ഞ ചോരയിലൂടെ ചോരപൂരണ്ട കടിഞ്ഞാണ്‍ പിടിച്ച് ജനം സവാരി നടത്തി(7)യെന്ന കുരിശുയോദ്ധാവിന്റെ ദൃക്‌സാക്ഷ്യം സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്. സിനഗോഗുകള്‍ക്കകത്ത് അഭയം പ്രാപിച്ച ജൂതന്‍മാരെ അതിനുള്ളില്‍ പൂട്ടിയിട്ട് അതിന് തീക്കൊളുത്തിയശേഷം അഗ്നിസ്ഫുലിംഗങ്ങള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ അതിനുചുറ്റും ആനന്ദനൃത്തമാടിക്കൊണ്ട് കുരിശുയോദ്ധാക്കള്‍ പാടി. ‘ക്രിസ്തുവേ… നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു; നീയാണ് ഞങ്ങളുടെ വെളിച്ചം. നീയാണ് ഞങ്ങളുടെ ദിശ; നീയാണ് ഞങ്ങളുടെ സ്‌നേഹം.'(8)

ഒന്നാമത്തെ കുരിശുയുദ്ധത്തോടെ മുസ്‌ലിം ലോകത്തിെന്റ അന്നത്തെ ദൗര്‍ബല്യം മനസ്സിലാക്കിയ കുരിശു പടയാളികള്‍ അര്‍ബന്‍ രണ്ടാമന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് മുസ്‌ലിം ലോകത്ത് നടത്തിയ ക്രൂരതകളുടെ ഭീതിപ്പെടുത്തുന്ന കഥകളാണ് ഓരോ കുരിശു യുദ്ധത്തിനും പറയാനുള്ളത്. നിയമങ്ങളോ നീതിയോ ധാര്‍മികതയോയില്ലാത്ത കാടന്‍ യുദ്ധങ്ങളാണ് കുരിശുയുദ്ധക്കാര്‍ നടത്തിയത്. ഇവയാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ ശവശരീരങ്ങളെ കുരിശു പടയാളികള്‍ വികൃതമാക്കി. എട്ടും പൊട്ടും തിരിച്ചറിയാത്ത പൈതങ്ങളെപ്പോലും കൊല്ലുന്നതില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുവാന്‍ ‘ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ചു കൊടുക്കണം’ എന്ന ബൈബിള്‍ പാഠത്തിെന്റ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കുന്ന വരെന്ന് അവകാശപ്പെടുന്ന സഭാനേതൃത്വം സന്നദ്ധമായില്ല. ക്രിസ്തുവിന്റെ പേരില്‍ ആരോപിക്കപ്പെട്ട, അദ്ദേഹത്തിന്റേതല്ലാത്ത ഉപദേശം അപ്രായോഗികവും അക്രമികളെ സഹായിക്കുന്നതുമാണെന്ന വസ്തുതക്ക് സഭാനേതൃത്വം തന്നെ സ്വയം തെളിവായിത്തീരുകയായിരുന്നു എന്നു പറയുന്നതാവും ശരി. അതല്ലായിരുന്നുവെങ്കില്‍ ഈ കുരിശുയുദ്ധങ്ങളുടെ പേരില്‍ ഏഴു നൂറ്റാണ്ടുകള്‍ക്കു ശേഷം ലോകത്തെ പരമോന്നത ക്രിസ്ത്യാനിക്ക് കുമ്പസരിക്കേണ്ടി വരികയില്ലായിരുന്നല്ലോ!

ആയുധങ്ങളെടുത്ത് ആളുകളെ കൂട്ടക്കൊല ചെയ്യുക മാത്രമാണ് യുദ്ധമെന്ന് പഠിച്ച കുരിശുയോദ്ധാക്കള്‍ക്ക് മാന്യമായി എങ്ങെന യുദ്ധം ചെയ്യണമെന്ന് പഠിപ്പിച്ചത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു. നീണ്ട രണ്ടു നൂറ്റാണ്ടു കാലത്തെ കുരിശുയോദ്ധാക്കളുടെ ദുര്‍ഭരണത്തില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയെയും ജറൂസലേമിനെയും മോചിപ്പിച്ചത് അദ്ദേഹത്തിന്റെ കീഴിലുള്ള അബ്ബാസിയ്യാ മുസ്‌ലിം പടയാളികളായിരുന്നു. 1187 ജൂലൈ 4 ന് ശനിയാഴ്ച നടന്ന ഹത്തീന്‍ യുദ്ധത്തില്‍ കുരിശു പടയാളികള്‍ പരാജയപ്പെടുകയും ജറൂസലേമിന്റെ അധികാരം സ്വലാഹുദ്ദീന്റെ കൈകളില്‍ വന്നു ചേരുകയും ചെയ്തു. കുരിശുയോദ്ധാക്കളുടെ നേതാക്കളായ ഗൈ രാജാവും സഹോദരങ്ങളുമടക്കം നിരവധിപേരെ ബന്ധികളാക്കി സ്വലാഹുദ്ദീനു മുന്നില്‍ ഹാജരാക്കപ്പെട്ടു. അവര്‍ക്കെല്ലാം തണുത്ത പാനീയം നല്‍കി സ്വീകരിക്കുവാനാണ് സ്വലാഹുദ്ദീന്‍ തന്റെ സേവകന്‍മാരോട് ആവശ്യപ്പെട്ടത്. സ്വലാഹുദ്ദീനെയും മുസ്‌ലിം പടയാളികളെയും വഞ്ചിച്ചതിന് രാജസഹോദരനായ റെയ്‌നാള്‍ഡും മറ്റു ചിലരും മാത്രമാണ് വധിക്കപ്പെട്ടത്. ഗൈ രാജാവടക്കമുള്ളവരെ ആദ്യം ജയിലിലടക്കുകയും പിന്നെ വെറുതെ വിടുകയുമാണ് ചെയ്തത്. കുരിശുയോദ്ധാക്കള്‍ ജറൂസലേമില്‍ നിന്ന് പുറത്താക്കിയ ജൂതന്‍മാരുടെ പിന്‍ഗാമികളെ വരുത്തി അവിടെ പുനരധിവസിപ്പിക്കുകയാണ് ഭരണമേറ്റെടുത്തയുടനെ സ്വലാഹുദ്ദീന്‍ ചെയ്തത്.(9) മനുഷ്യരക്തം നീന്തി രക്തദാഹം തീര്‍ക്കുകയും പൈതങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്ത് ജറൂസലേം പിടിച്ചടക്കിയവര്‍ക്ക് അതു തിരിച്ചുപിടിച്ചശേഷം യുദ്ധനേതൃത്വത്തിലുണ്ടായിരുന്നവര്‍ക്കടക്കം മാപ്പുനല്‍കി വിട്ടയച്ചുകൊണ്ട് എന്തായിരിക്കണം യുദ്ധമര്യാദയെന്ന് പഠിപ്പിക്കുന്നതായിരുന്നു സ്വലാഹുദ്ദീന്റെ നടപടി.

സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലേം പിടിച്ചടക്കിയതറിഞ്ഞ പോപ്പ് അര്‍ബന്‍ മൂന്നാമന്‍ മാര്‍പാപ്പ ഹൃദയാഘാതം മൂലം മരണെപ്പട്ടു.(10) ജറൂസലേം നഷ്ടപ്പെട്ടതറിഞ്ഞ ക്രിസ്ത്യന്‍ യൂറോപ്പ് ഞെട്ടി. പുതുതായി സ്ഥാനമേറ്റെടുത്ത പോപ്പ് ഗ്രിഗറി എട്ടാമന്‍ മാര്‍പാപ്പ ജറൂസലേമിന്റെ നഷ്ടം ക്രൈസ്തവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയാണെന്നും അതു തിരിച്ചുപിടിച്ചാല്‍ മാത്രമെ പ്രസ്തുത പാപങ്ങള്‍ക്ക് പരിഹാരമാവുകയുള്ളുവെന്നും പ്രഖ്യാപിച്ചു. പരസ്പരം യുദ്ധത്തിലായിരുന്ന ഇംഗ്ലണ്ടിലെ ഹെന്‍ട്രി രണ്ടാമനും ഫ്രാന്‍സിലെ ഫിലിപ്പ് രണ്ടാമനും വൈര്യങ്ങള്‍ വെടിഞ്ഞ് ഐക്യപ്പെടാനും സ്വലാഹുദ്ദീനെതിരെ ഒരുമിച്ച് പോരാടി ജറൂസലേം വീണ്ടെടുക്കുവാനും തിരുമാനിച്ചു. സലാദിന്‍ നികുതി(Saladin tithe)എന്ന പേരില്‍ രണ്ടു നാട്ടിലുമുള്ള പൗരന്‍മാരില്‍ നിന്ന് ചുങ്കംപിരിച്ച് യുദ്ധത്തിനുള്ള സമ്പത്ത് സമാഹരിച്ചു. 1189 ജൂലൈ 6ന് ഇംഗ്ലണ്ടിലെ രാജാവായ ഹെന്‍ട്രി രണ്ടാമന്‍ മരണപ്പെട്ടതോടെ യുദ്ധനേതൃത്വം മകന്‍ സിംഹഹൃദയനായ റിച്ചാര്‍ഡ് (Richard the lion-hearted) എന്നറിയപ്പെട്ട റിച്ചാര്‍ഡ് ഒന്നാമന്റെ ചുമതലയായിത്തീര്‍ന്നു. റിച്ചാര്‍ഡ് ഒന്നാമന്റെയും ഫിലിപ്പ് രണ്ടാമന്റെയും നേതൃത്വത്തിലുള്ള കുരിശുയോദ്ധാക്കളുടെ സൈന്യത്തോട് സ്വലാഹുദ്ദീന്‍ ജയില്‍ മോചിതനാക്കിയ ഗൈരാജാവും ഒന്നിക്കുകയും ഒരു വലിയ സൈന്യം സ്വലാഹുദ്ദീനെ ആക്രമിക്കാനെത്തുകയും ചെയ്തു. വഴിയില്‍വെച്ചു നടന്ന അക്രമങ്ങളിലൂടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള മുസ്‌ലിംകളെ കൊന്നുകൂട്ടിക്കൊണ്ടായിരുന്നു കുരിശ് സൈന്യം മുന്നേറിയത്. 1191 സെപ്റ്റംബര്‍ 7ന് ജറൂസലേം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോട സിംഹഹൃദയനായ റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തിനിലുള്ള അര്‍സൂഫില്‍ വെച്ച് സ്വലാഹുദ്ദീനോട് ഏറ്റുമുട്ടിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യംനേടാന്‍ കഴിഞ്ഞില്ല. നിരന്തമായി നടന്ന യുദ്ധങ്ങള്‍ക്ക് വിരാമമുണ്ടായത് 1192 സെപ്റ്റംബര്‍ 2ന് സ്വലാഹുദ്ദീനും റിച്ചാര്‍ഡും തമ്മിലുണ്ടാക്കിയ സന്ധിയോടു കൂടിയാണ്. ജറൂസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും എന്നാല്‍ നിരായുധരായ ക്രൈസ്തവരെ അവിടെയുള്ള ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നുമായിരുന്നു കരാര്‍.(11) പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മുമ്പും സ്വലാഹുദ്ദീന്‍ ക്രൈസ്തവെര വിലക്കിയിട്ടില്ല എന്നതുകൊണ്ടുതന്നെ കരാര്‍ വഴി കുരിശുയോദ്ധാക്കള്‍ക്ക് ഒന്നും നേടാനായില്ലെങ്കിലും, 1192 ഒക്‌ടോബര്‍ 9ന് റിച്ചാര്‍ഡ് ജറൂസലേമില്‍ നിന്ന് മടങ്ങിയത് യുദ്ധരംഗത്ത് പാലിക്കപ്പെടേണ്ട മര്യാദകളെന്തൊക്കെയാണെന്ന് പഠിച്ചുകൊണ്ടായിരുന്നു. ശത്രുവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് സഭയില്‍ നിന്ന് പഠിക്കാത്ത അദ്ദേഹത്തിന് അത് പഠിപ്പിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ യുദ്ധരംഗത്തെ വര്‍ത്തനങ്ങളായിരുന്നു.

യുദ്ധരംഗത്തായിരിക്കുമ്പോള്‍ പോലും ശത്രുവിന്റെ മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സന്നദ്ധമായി. റിച്ചാര്‍ഡിന് പനിപിടിച്ചപ്പോള്‍ തന്റെ വൈദ്യനെ അയച്ച് ചികില്‍സിക്കുകയും മരുന്ന് നല്‍കുകയും നല്ല പഴങ്ങളും ശുദ്ധമായ തണുത്ത ജലവും കൊടുത്തയക്കുകയും ചെയ്തത് സ്വലാഹുദ്ദീനായിരുന്നു. യുദ്ധത്തിനിടയില്‍ റിച്ചാര്‍ഡിന് കുതിര നഷ്ടപ്പെട്ടപ്പോള്‍ പകരം രണ്ടു കുതിരകളെ നല്‍കിയതും അദ്ദേഹം തന്നെ. അതുകൊണ്ടു തന്നെ കുരിശുയോദ്ധാക്കള്‍ക്കിടയില്‍ പോലും  സ്വലാഹുദ്ദീന്‍ നായകനായിത്തീര്‍ന്നു. തന്റെ സേഹാദരിയും സിസിലിയിലെ രാജ്ഞിയുമായ ജോനിനെ സ്വലാഹുദ്ദീന്റെ സഹോദരന് വിവാഹം ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം ജറൂസലേം വിട്ടത്.(12) കാടനായി വന്നയാളെ മാന്യനായിത്തീര്‍ത്ത് തിരിച്ചയച്ചത് ശത്രുവിനെ സ്‌നേഹിക്കണമെന്ന പ്രവാചകന്‍മാരുടെ നിര്‍ദേശം യഥാവിധി പാലിക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തയ്യാറായതു കൊണ്ടായിരുന്നു.

ജീവിതത്തിന്റെ മറ്റു രംഗങ്ങളിലേതു പോലെത്തന്നെ യുദ്ധരംഗത്തും പ്രവാചകന്‍മാര്‍ പഠിപ്പിച്ച സമാധാന സന്ദര്‍ഭത്തിലും യുദ്ധരംഗത്തുമെല്ലാം പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണെന്ന് അദ്ദേഹം പഠിപ്പിച്ചു തരികയും പ്രായോഗികമാക്കി കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. പീഡനങ്ങള്‍ സഹിച്ച് പ്രബോധനം ചെയ്യുമ്പോയും ആദര്‍ശജീവിതത്തിന് നിവൃത്തിയില്ലാതെ പാലായനം ചെയ്യുമ്പോഴും വിവിത സമുദായങ്ങള്‍ ജീവിക്കുന്ന നാട് ഭരിക്കേണ്ടിവരുമ്പോഴും ഭരണാധികാരിയായി ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുമ്പോഴും യുദ്ധത്തില്‍ ജയിക്കുമ്പോയും ശത്രുരാജ്യങ്ങളോട് സന്ധിയുണ്ടാക്കുമ്പോഴും ശത്രുരാജ്യത്തിനുമേല്‍ അധിശത്വം ലഭിക്കുമ്പോഴുമെല്ലാം എങ്ങനെ പെരുമാറണമെന്ന് അദ്ദേഹം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട് യുദ്ധരംഗവും സമാധാനരംഗവുമെല്ലാം മാനവവല്‍ക്കരിക്കുവാന്‍ ആ ജീവിതം തന്നെയാണ് മനുഷ്യര്‍ മാതൃകയാക്കേണ്ടത്. എല്ലാ രംഗത്തുമുള്ള സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണല്ലോ നബിനിയോഗമുണ്ടായിട്ടുള്ളത്. ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രവാചകന്മാരെല്ലാം പഠിപ്പിച്ച പാതയിലേക്കുള്ള തിരിച്ചുപോക്കാണ് വേണ്ടതെന്നും അതുവഴി മാത്രമെ ശത്രുതയുടെ മാറ്റുരയ്ക്കപ്പെടുന്ന രണഭൂമിയെപ്പോലും മാനവവല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് കുരിശുയുദ്ധഭൂമിയിൽ വെച്ച് മുസ്ലിംകൾ ശത്രുക്കളെ പഠിപ്പിച്ചത്.

  1. Medieval Source book: Urban II (1085 – 1099) Speech at Counsil of Clerm-ont, 1095 (www.fordham-edu/halsall/source/urban 2-5 verntml.
  2. Thomas Asbridge: The Crusades. The Authoritative History of the war for
    the Holy Land, Chicago, 2010.
  3. Michael D Hull: First Crusade: Siege of Jerusalem, June 1999, Military
    History Magazine (www..historynet.com)
  4. Ibid
  5. Gesta Francorum” (fodham.edu/halsall/source/gesta-ede-asp
  6. Fulcher of chartresa: The siege of the city of Jerusalem; Gesta francorum (fordham.edu)
  7. Benjamin 2 Kedar & Jonathan SC: In the Crusades, New York 2004, Vol 3, page 65
  8. David A Rausch: A Legacy of Hatred: Why Christians Must not forget the Holocaust, Chicago, 1984, Page 63.
  9. Crusades’ Encyclopaedia Brittanica, Online edition, brittanica.com
  10. Pope Urban III”, Encyclopaedia of Keywords, Keg 1(keywen.com)
  11. Thomas Madden: The New Concise History of the Crusades, Mary Land,
    2006, Page 90-98
  12. James Reston Jr: Richard the Lionheart and Saladin in the third crusade, Harpswell, 2002 Page 358-378
print