മാനവികതക്ക് വേണ്ടിയുള്ള യുദ്ധമാണ് ഇസ്‌ലാം പഠിപ്പിച്ചത്!

/മാനവികതക്ക് വേണ്ടിയുള്ള യുദ്ധമാണ് ഇസ്‌ലാം പഠിപ്പിച്ചത്!
/മാനവികതക്ക് വേണ്ടിയുള്ള യുദ്ധമാണ് ഇസ്‌ലാം പഠിപ്പിച്ചത്!

മാനവികതക്ക് വേണ്ടിയുള്ള യുദ്ധമാണ് ഇസ്‌ലാം പഠിപ്പിച്ചത്!

ഭരണാധികാരം ഒരു ഉത്തരവാദിത്തമാണെന്നും അതിന്റെ നിര്‍വഹണം എങ്ങനെയായിരുന്നുവെന്ന വിഷയത്തില്‍ ഭരണാധികാരികള്‍ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ നേരിടുമെന്നും പഠിപ്പിച്ച ആദർശമാണ് ഇസ്‌ലാം. സുഖിക്കുവാനുള്ള മാർഗ്ഗമല്ല, പ്രത്യുത അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ട വലിയ ഉത്തരവാദിത്തമാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഭരണാധികാരം. വലിയൊരു ഉത്തരവാദിത്തമാണ് അധികാരമെന്ന് പഠിപ്പിക്കപ്പെടുമ്പോള്‍ ഭരണനിര്‍വഹണരംഗത്തെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണമെന്നുകൂടി വ്യക്തമാക്കേണ്ട ചുമതല അങ്ങനെ പഠിപ്പിക്കുന്നവര്‍ക്കുണ്ട്. യുദ്ധം അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍ അത് നടത്തേണ്ടതെങ്ങനെയെന്ന് അവസാനനാളു വരെയുള്ളവരെയെല്ലാം പഠിപ്പിക്കുകയെന്ന ദൗത്യം നിര്‍വഹിക്കേണ്ടയാളാണ് അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ).

തിന്മയെ കൈകൊണ്ട് തടുക്കാനാകുമെങ്കില്‍ അങ്ങനെതന്നെ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ച പ്രവാചകന്‌(സ), ഒരു ഭരണാധികാരിയെന്ന നിലയില്‍ എങ്ങനെയാണ് തിന്മകളെ കൈകൊണ്ട് പ്രതിരോധിക്കേണ്ടത് എന്നുകൂടി പ്രായോഗികമായി പഠിപ്പിക്കേണ്ടതുണ്ട്. ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് തന്റെ ഭരണപ്രദേശത്ത് നടക്കുന്ന തിന്മകളെ എങ്ങനെ കൈകൊണ്ട് തടുക്കാമെന്ന് കാണിച്ചുതന്നതോടൊപ്പംതന്നെ തന്റെ പൗരന്മാര്‍ക്കും നാടിനുമെതിരെയുള്ള അതിക്രമങ്ങളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നുകൂടി സൈനികനീക്കങ്ങളിലൂടെയും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലൂടെയും അദ്ദേഹം  അനുയായികളെ തെര്യപ്പെടുത്തി. അങ്ങനെ, ജീവിതത്തിന്റെ എല്ലാ രംഗങ്ങളെയും മാനവവല്‍ക്കരിക്കേണ്ടത് എങ്ങനെയെന്ന് മുഹമ്മദ് നബി(സ) മനുഷ്യരെ പഠിപ്പിച്ചു. ‘തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു’ (ക്വുര്‍ആന്‍ 68:4) എന്നും ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മഹത്തായ മാതൃകയുണ്ട്’ (33:21) എന്നുമുള്ള അല്ലാഹുവിന്റെ വചനങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട് താനുള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും പ്രസ്തുത ആദര്‍ശത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെട്ട രാഷ്ട്രസംവിധാനത്തെയും തകര്‍ക്കുവാനുദ്ദേശിച്ച് യുദ്ധത്തിന് വരുന്നവരോടും അതിന് കോപ്പുകൂട്ടുന്നവരോടും എങ്ങനെ പ്രതികരിക്കണമെന്ന വിഷയത്തിലുള്ള മഹത്തായ മാതൃകയാണ് താന്‍ നയിച്ച യുദ്ധങ്ങളിലൂടെയും സൈനിക നടപടികളിലൂടെയും പ്രവാചകന്‍ല മാനവരാശിക്ക് മുമ്പില്‍വെച്ചത്.

ദൈവിക മാര്‍ഗദര്‍ശനപ്രകാരം ജീവിച്ച് ശാന്തിയും മരണാനന്തരം ശാന്തിയുടെ ഭവനവും നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അത് സഹജീവികള്‍ക്ക് പറഞ്ഞുകൊടുക്കുവാനായി ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരെ ജീവിക്കുവാൻ അനുവദിക്കുകയില്ലെന്ന് നിശ്ചയിച്ചുറച്ച് അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൈകൊണ്ട് തടയേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകവഴി ഒരു ഭരണാധികാരിയുടെ ദൗത്യനിര്‍വഹണം എങ്ങനെയെന്ന് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു അദ്ദേഹം. ശാന്തമായ ഭൗതികജീവിതം നയിച്ച് ശാന്തിയുടെ ശാശ്വത ഭവനത്തിലെത്തിച്ചേരുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരുടെ മുമ്പില്‍ വിഘ്‌നങ്ങളുണ്ടായിക്കൂടായെന്ന് നിഷ്‌കര്‍ഷിക്കുകയും ഉണ്ടാകുന്ന വിഘ്‌നങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുകവഴി ‘ലോകര്‍ക്ക് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല’ (21:107)യെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം അന്വർത്ഥമാക്കുക കൂടിയാണ് മുഹമ്മദ് നബി(സ) ചെയ്തത്.

നിയമം നടപ്പാക്കുകയാണ് ഭരണാധികാരിയുടെ ധര്‍മം. പൗരന്മാര്‍ക്ക് അടിസ്ഥാനപരമായ അഞ്ച് അവകാശങ്ങളുണ്ടെന്നും അവ സംരക്ഷിക്കുവാനാവശ്യമായ നിയമങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും ക്വുര്‍ആനിലും ഹദീഥുകളിലുമുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ അവയില്‍നിന്ന് നിയമങ്ങള്‍ നിര്‍ധരിച്ച് വിശദീകരിച്ച കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മതം, ജീവന്‍, മനസ്സ്, അഭിമാനം, സ്വത്ത് എന്നീ അഞ്ച് അടിസ്ഥാന കാര്യങ്ങളുടെ സംരക്ഷണമാണ് നിയമത്തിന്റെ ധര്‍മം (മഖാസിദശ്ശരീഅ:). മനുഷ്യനും അവന്റെ സ്രഷ്ടാവും തമ്മിലുള്ള ബന്ധമായിരിക്കണം അവന്റെ ജീവിത നിലപാടുകളെ മൊത്തത്തില്‍ നിര്‍ണയിക്കേണ്ടത് എന്നതുകൊണ്ടുതന്നെ ദൈവിക മതം അനുധാവനം ചെയ്യുവാനുള്ള അവന്റെ അവകാശവും സ്വാതന്ത്ര്യവുമാണ് നിയമംമൂലം സംരക്ഷിക്കപ്പെടേണ്ട ഒന്നാമത്തെ കാര്യമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. കൊല, പീഡനം, ഭീതി, പട്ടിണി എന്നിവയുടെ ഭീഷണിയില്ലാതെ ജീവിക്കുവാന്‍ ഓരോ പൗരനും കഴിയണമെന്നതാണ് രണ്ടാമത്തെ കാര്യം. ലഹരി ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന മാനസിക സ്ഥിരതയില്ലായ്മ, കളവ്, പരദൂഷണം, തെറ്റായ ആരോപണങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന മാനസികസംഘര്‍ഷം തുടങ്ങിയവ ഇല്ലാതെയാക്കുകയാണ് നിയമത്തിന്റെ മൂന്നാമത്തെ ധര്‍മം. അഭിമാനവും അസ്തിത്വവും സംരക്ഷിക്കപ്പെടും. ഒരു സാമൂഹ്യ സംവിധാനത്തിന്റെ നിലനില്‍പാണ് നിയമത്തിന്റെ നാലാമത്തെ ധര്‍മം. കൊള്ള, ചൂഷണം, തകര്‍ച്ച, വഞ്ചന എന്നിവയില്‍നിന്ന് മുക്തമായ ഒരു സാമ്പത്തികക്രമത്തിന്റെ നിലനില്‍പാണ് അഞ്ചാമത്തേത്. ഈ അഞ്ച് കാര്യങ്ങളും നിര്‍വഹിക്കുവാന്‍ പര്യാപ്തമായ, ക്വുര്‍ആനും പ്രവാചകചര്യയും വരച്ചുകാണിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുകയാണ് ഭരണാധികാരിയുടെ ഉത്തരവാദിത്തം. പ്രമാണങ്ങളില്‍ നേര്‍ക്കുനേരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ മനസ്സിലാക്കുവാനും ഇല്ലാത്തവ അവയുടെ വെളിച്ചത്തില്‍ നിര്‍ധരിച്ചെടുക്കുവാനുമുള്ള അറിവ് അയാള്‍ക്കില്ലെങ്കില്‍, ഇക്കാര്യത്തിന് പണ്ഡിതന്മാരുടെ സഹായത്തോടെയാണ് അയാള്‍ ഭരണം നിര്‍വഹിക്കേണ്ടത്.

പൗരന്മാരുടെ മതം, ജീവന്‍, മനസ്സ്, അഭിമാനം, സ്വത്ത് എന്നിവയുടെ സംരക്ഷണത്തിനാവശ്യമായ നിയമങ്ങള്‍ സ്വന്തം നാട്ടിലെ പൗരന്‍മാരുടെ മേല്‍ മാത്രമെ നടപ്പാക്കുവാന്‍ ഭരണാധികാരിക്ക് കഴിയുകയുള്ളൂ. ഇവയെ ചോദ്യം ചെയ്യുന്നത് മറ്റൊരു നാട്ടുകാരാണെങ്കില്‍ പ്രസ്തുത നാട്ടിലെ അധികാര സ്ഥാപനങ്ങളിലൂടെ മാത്രമെ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ. ഇസ്‌ലാമിക സമൂഹത്തിലെ പൗരന്‍മാരുടെ മതവും ജീവനും മനസ്സമാധാനവും അഭിമാനവും സ്വത്തുമെല്ലാം അപകടപ്പെടുത്തുവാന്‍ അന്യനാട്ടില്‍ അവിടുത്തെ അധികാരസ്ഥാപനങ്ങളുടെ സമ്മതത്തോടെയോ നേതൃത്വത്തിലോ ശ്രമം നടക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ അതിനെ പ്രതിരോധിച്ചുകൊണ്ട് പൗരന്‍മാരുടെ അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണാധികാരിയുടെ ഉത്തരവാദിത്തമാണ്. സമാധനപൂര്‍ണമായ മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഇക്കാര്യത്തിനുവേണ്ടി അനിവാര്യമെങ്കില്‍ ആയുധമെടുക്കണമെന്നുതന്നെയാണ് ഇസ്‌ലാം ഭരണാധികാരികളോട് അനുശാസിക്കുന്നത്. യുദ്ധം ജിഹാദായിത്തീരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

മുസ്‌ലിംകളുടെ മതത്തിനും ജീവനും മനസ്സമാധാനത്തിനും അഭിമാനത്തിനും സ്വത്തിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ശത്രുക്കള്‍ സമരസജ്ജരാകുമ്പോള്‍ അതിനെ പ്രതിരോധിച്ച് പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവരുടെ ഭരണാധികാരിയാണ് യുദ്ധം ചെയ്യേണ്ടത്. നിയമനിര്‍വഹണത്തിലൂടെ ഭരിക്കുന്ന നാടിനകത്ത് അടിസ്ഥാനാവകാശങ്ങളുടെ സംരക്ഷണത്തിനാവശ്യമായ സംവിധാനമുണ്ടാക്കേണ്ട ഉത്തരവാദിത്തം ആരുടെ മേലാണോ ബാധ്യതയായിട്ടുള്ളത് അവരുടെമേല്‍തന്നെയാണ് അയല്‍നാട്ടില്‍നിന്ന് ഈ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അത് നീക്കുവാനാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവുമുള്ളത്. അതിന് സമാധാനസന്ധിയാണ് ആവശ്യമെങ്കില്‍ അതും സായുധസമരം അനിവാര്യമാണെങ്കില്‍ അതും ചെയ്യേണ്ടത് ഭരണാധികാരിയാണ്. യുദ്ധമാണ് വേണ്ടതെന്ന് അയാള്‍ തീരുമാനിക്കുകയും സായുധ ജിഹാദിന് സന്നദ്ധമാകുവാന്‍ പൗരന്‍മാരോട് ആവശ്യപ്പെടുകയും ചെയ്താല്‍ അതിന് സന്നദ്ധമാവുകയാണ്  അതിന് സാധിക്കുന്നവരുടെ ബാധ്യത. ഭരണാധികാരി  നയിക്കുന്നതോ ആഹ്വാനം നടത്തുകയോ ചെയ്യുന്ന യുദ്ധത്തില്‍ അണിചേരുക മാത്രമാണ് പൗരന്‍മാര്‍ ചെയ്യുന്നത് എന്നര്‍ഥം.

സാമ്രാജ്യത്വ സംസ്ഥാപനത്തിനും അധീശത്വത്തിനും അങ്ങനെയുള്ള സുഖലോലുപമായ ജീവിതത്തിനും വേണ്ടിയുള്ള യുദ്ധമെന്ന സങ്കല്പത്തെ മാറ്റിയെഴുതിയ മുഹമ്മദ് നബി(സ), മാനവികതക്ക് ‌ വേണ്ടി എങ്ങനെ യുദ്ധം ചെയ്യാമെന്നാണ് ലോകത്തെ പഠിപ്പിച്ചത്. അടിച്ചമർത്തപ്പെട്ടവയുടെ വിമോചനത്തിനും ആദർശമനുസരിച്ച് ജീവിക്കുവാനുള്ള അവകാശത്തിനും വേണ്ടിയുള്ളതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന യുദ്ധം. മനുഷ്യാവകാശങ്ങളുടെ സംസ്ഥാപനത്തിന് വേണ്ടി നടത്തുന്ന, ഇസ്‌ലാമിലെ യുദ്ധസങ്കൽപം പൂർണമായും മാനവികമാണെന്ന് പറയുന്നത് അത് കൊണ്ടാണ്.

print