യുദ്ധങ്ങളിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയായിരുന്നില്ലേ നബി(സ)യുടെ ലക്‌ഷ്യം ?

/യുദ്ധങ്ങളിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയായിരുന്നില്ലേ നബി(സ)യുടെ ലക്‌ഷ്യം ?
/യുദ്ധങ്ങളിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയായിരുന്നില്ലേ നബി(സ)യുടെ ലക്‌ഷ്യം ?

യുദ്ധങ്ങളിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയായിരുന്നില്ലേ നബി(സ)യുടെ ലക്‌ഷ്യം ?

ല്ല. ലോകം മുഴുവൻ ഇസ്‌ലാമീകരിക്കുക എന്ന ഒരു ലക്‌ഷ്യം പ്രവാചകൻ ഉണ്ടായിരുന്നതായി വ്യക്തമാക്കുന്ന ആയത്തുകളോ ഹദീഥുകളോ ഒന്നുമില്ല.

യുദ്ധത്തിലൂടെയോ നിര്‍ബന്ധമോ ബലാല്‍ക്കാരമോ ചെലുത്തിക്കൊണ്ടോ സ്വീകരിക്കപ്പെടേണ്ടതല്ല മതവിശ്വാസമെന്നും സത്യവും അസത്യവും വിവേചിച്ച് മനസ്സിലാക്കിക്കൊടുക്കുകയാണ് പ്രബോധകനെന്ന നിലയില്‍ പ്രവാചകന്റെ ബാധ്യതയെന്നും അദ്ദേഹത്തിന് സ്വന്തമായി ആരെയും സന്മാര്‍ഗത്തിലാക്കുവാന്‍ സാധ്യമല്ലെന്നും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മനസ്സ് പാകപ്പെട്ടവരെ അതിലേക്ക് നയിക്കുന്നത് അല്ലാഹുവാണെന്നും വ്യക്തമാക്കുന്ന ഗ്രൻഥമാണ് ക്വുര്‍ആൻ. പ്രവാചകജീവിതത്തിലെപ്പോഴെങ്കിലും ആരെയെങ്കിലും നിർബന്ധിച്ച് ഇസ്‌ലാം സ്വീകരിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. പിന്നെയെങ്ങനെയാണ് യുദ്ധത്തിലൂടെ ലോകം മുഴുവന്‍ ഇസ്‌ലാം സ്വീകരിക്കുന്ന അവസ്ഥയുണ്ടാക്കുകയാണ് മുസ്‌ലിംകളുടെ ധര്‍മമെന്ന് പറയാനാവുക ?! ലോകത്തുള്ള മനുഷ്യരെല്ലാം സത്യസന്ദേശം സ്വീകരിക്കുന്ന സ്ഥിതി ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കുന്ന ക്വുര്‍ആനെങ്ങനെ അത്തരമൊരു സ്ഥിതി സംജാതമാക്കുന്നതിന് യുദ്ധത്തിലേര്‍പ്പെടണമെന്ന് അതിന്റെ അനുയായികളെ ആഹ്വാനം ചെയ്യാന്‍ കഴിയും? ഒരിക്കലും ഉണ്ടാവുകയില്ലെന്നുറപ്പുള്ള സാമൂഹ്യാവസ്ഥയുടെ സൃഷ്ടിയെ യുദ്ധലക്ഷ്യമായി നിര്‍ണയിക്കുന്ന അന്ധമായ ദര്‍ശനമല്ല ഇസ്‌ലാമെന്ന് അതിന്റെ അടിസ്ഥാനാദര്‍ശങ്ങളെങ്കിലും പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ലോകം മുഴുവന്‍ ഇസ്‌ലാമീകരിക്കുകയാണ് ഇസ്‌ലാമിന്റെ യുദ്ധലക്ഷ്യമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നര്‍ഥം.

മതവിശ്വാസത്തിന്റെ സ്വീകരണത്തിന്റെയും തിരസ്‌കരണത്തിന്റെയും മാനദണ്ഡമെന്തായിരിക്കണമെന്ന് വ്യക്തമായി പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. ഇവ്വിഷയമായി ഏറെ പ്രസിദ്ധമായ ക്വുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: ”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവെര നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.” (2:256,257)

ഈ വചനങ്ങളുടെ അവതരണ പശ്ചാത്തലംകൂടി പരിശോധിച്ചാല്‍ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആശയത്തോട് ഇസ്‌ലാം എങ്ങനെ പ്രതികരിക്കുന്നുവെന്ന് സുതരാം വ്യക്തമാവും. ഏതെങ്കിലും സ്ത്രീകള്‍ക്ക് മക്കളുണ്ടായിട്ടില്ലെങ്കില്‍ തങ്ങള്‍ക്ക് കുഞ്ഞുണ്ടായാല്‍ അവനെ യഹൂദനാക്കി വളര്‍ത്താമെന്ന് നേര്‍ച്ചയാക്കുന്ന സ്രമ്പദായമുണ്ടായിരുന്നു, യഥ്‌രിബ് വാസികള്‍ക്കിടയില്‍. ജൂതന്മാരായ ബനൂ നദ്വീര്‍ ഗോത്രക്കാരെ മദീനയില്‍ നിന്ന് നാടുകടത്തിയപ്പോള്‍ അവരോടൊപ്പം ഇങ്ങനെ ജൂതന്മാരായിത്തീര്‍ന്ന ചില അന്‍സ്വാരി സ്ത്രീകളുടെ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അവര്‍ പ്രവാചകനോട് പറഞ്ഞു: ദൈവദൂതരേ, അവര്‍ ഞങ്ങളുടെ മക്കളാണ്. അവരെ ഞങ്ങള്‍ ജൂതന്മാരോടൊപ്പം പറഞ്ഞയക്കുകയില്ല. ഈ സന്ദര്‍ഭത്തിലാണ് ഭമതത്തില്‍ ബലാല്‍ക്കാരമില്ല’ എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കപ്പെട്ടതെന്ന് ഇബ്‌നു അബ്ബാസില്‍ നിന്ന് സ്വീകാര്യമായ പരമ്പരയോടെ (സ്വഹീഹ്) സുനനു അബീദാവൂദില്‍ ഉദ്ധരിച്ചിട്ടുണ്ട്.(സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്‌) സ്വേച്ഛപ്രകാരമല്ലാതെ ജൂതമതം സ്വീകരിക്കേണ്ടിവന്ന സ്വന്തം മക്കളെപ്പോലും നിര്‍ബന്ധപൂര്‍വം ഇസ്‌ലാം സ്വീകരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ മാതാക്കളെ നിഷ്‌കര്‍ഷിക്കുന്ന ക്വുര്‍ആന്‍ നിര്‍ബന്ധ മതപരിവര്‍ത്തനമെന്ന ആശയത്തെ ഒരു തരത്തിലും അംഗീകരിക്കുകയില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം യുദ്ധംചെയ്യാന്‍ പറയുന്നത് ലോകത്തുള്ള മനുഷ്യരെയെല്ലാം മുസ്‌ലിംകളാക്കുന്നതിന് വേണ്ടിയാണെന്ന വിമര്‍ശനം ശുദ്ധഭോഷ്‌ക്കാണ്.

മതത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുകയും, ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിച്ചുകൊണ്ട് സ്വസ്ഥമായി ജീവിക്കുകയും ആ മാര്‍ഗം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനുള്ള സ്വാതന്ത്ര്യം നിേഷധിക്കപ്പെടുകയും ചെയ്യുമ്പോള്‍ മര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനും വേണ്ടി നടത്തുന്നതാണ് ഇസ്‌ലാം അനുവദിച്ച യുദ്ധം. ഇത്തരം സാഹചര്യങ്ങളില്‍ സായുധമായി പ്രതികരിക്കാതിരുന്നാല്‍ പിന്നെ എങ്ങനെയാണ് സത്യമതത്തിന് നിലനില്‍പുണ്ടാവുക? യുദ്ധം അനുവദിച്ച ഇസ്‌ലാമിന്റെ നടപടി തെറ്റായിപ്പോയെന്ന് പറയുന്നവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എന്ത് പരിഹാര മാര്‍ഗമാണ് നിര്‍ദേശിക്കുവാനുള്ളത്? യുദ്ധം അനുവദിക്കുക മാത്രമല്ല, ആരോട് എപ്പോള്‍ എങ്ങനെയെല്ലാം യുദ്ധംചെയ്യണമെന്നു കൂടി കൃത്യവും വ്യക്തവുമായി ഇസ്‌ലാം മുസ്‌ലിംകളെ പഠിപ്പിച്ചിട്ടുണ്ട് . ദൈവിക മാര്‍ഗദര്‍ശനപ്രകാരം അവര്‍ മുന്നേറിയപ്പോള്‍ മതത്തിന്റെ പേരിലുള്ള മര്‍ദനങ്ങള്‍ക്ക് അറുതി വരുത്തുവാനും ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയുന്ന സ്ഥിതി ഉണ്ടാക്കുവാനും അല്ലാഹുവിന്റെ നാം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഫിത്‌ന(പീഢനം) ഇല്ലാതെയാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടി മാത്രമായിത്തീര്‍ക്കുകയുമായിരുന്നു അവരുടെ യുദ്ധലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടുന്നത് വരെ അവര്‍ യുദ്ധം ചെയ്തു. മുസ്‌ലിമായിപ്പോയെന്ന കാരണത്താല്‍ മാത്രം മനുഷ്യര്‍ പീഡിപ്പിക്കപ്പെട്ടിരുന്ന അവസ്ഥക്ക് വിരാമമായി. മുസ്‌ലിമായി ജീവിക്കുവാനും സത്യമതപ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായി. പ്രസ്തുത സ്വാതന്ത്ര്യമുപയോഗിച്ച് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് സത്യമതത്തിന്റെ സന്ദേശം പ്രസരിപ്പിക്കുവാന്‍ അവര്‍ പരിശ്രമിച്ചു. നമസ്‌ക്കാരത്തിനായി ക്ഷണിക്കുന്ന ബാങ്ക്‌വിളി മുഴങ്ങാത്ത ഒരു നിമിഷം പോലും ഭൂഗോളത്തിലില്ലാത്ത സ്ഥിതി സംജാതമായത് അങ്ങനെയാണ്.

print