ഇന്നത്തെ സമൂഹത്തിൽ ബഹുഭാര്യാത്വം ഒരു തിന്മയല്ലേ?

/ഇന്നത്തെ സമൂഹത്തിൽ ബഹുഭാര്യാത്വം ഒരു തിന്മയല്ലേ?
/ഇന്നത്തെ സമൂഹത്തിൽ ബഹുഭാര്യാത്വം ഒരു തിന്മയല്ലേ?

ഇന്നത്തെ സമൂഹത്തിൽ ബഹുഭാര്യാത്വം ഒരു തിന്മയല്ലേ?

രു പാട് പ്രശ്നനങ്ങളുടെ പരിഹാരമായാണ് ഇസ്‌ലാം ബഹുഭാര്യത്വം അവതരിപ്പിക്കുന്നത്. അതിൽ വ്യയക്തിമായ പ്രയാസങ്ങളുണ്ട്; സാമൂഹികമായ പ്രശ്നങ്ങളുണ്ട്. ഈ   പ്രശ്‌നങ്ങള്‍ക്ക്  ഇസ്‌ലാമിന്റെ പക്കല്‍ കൃത്യമായ പരിഹാരമാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് ബഹുഭാര്യാത്വം. ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരുടെ പക്കലോ? പുരുഷലൈംഗീകതയുടെ സ്വാഭാവികതയായി ലൈംഗീകാശാസ്തജ്ഞന്മാർ പറയുന്ന ലൈംഗീകദാരിദ്ര്യം പോലെയുള്ള പ്രശ്നങ്ങൾക്ക് അവരുടെ പക്കലുള്ള പരിഹാരമെന്താണ്? യുദ്ധം മൂലം വിധവകളും അനാഥകളുമുണ്ടാകുന്ന സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ എന്തുപരിഹാരമാണ് ബഹുഭാര്യത്വ വിരോധികളുടെ പക്കലുള്ളത്?

സാംസ്കാരിക നായകന്മാരെന്നു പറയുന്നവരും മാധ്യമങ്ങളുമെല്ലാം ഈ രംഗത്ത് പലപ്പോഴും കാണിക്കുന്നത് ഇരട്ടമുഖമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കുറെ കാലമായി നട്ത്തുന്ന ചർച്ചകൾ ശ്രദ്ധിക്കുക. മാസങ്ങളായുള്ള ചര്‍ച്ച കുടുംബമെന്ന സ്ഥാപനത്തെ തകര്‍ക്കുന്നതങ്ങനെയെന്നതാണ്; ലൈംഗികതയെ വിവാഹത്തില്‍ നിന്നെങ്ങനെ വേര്‍പെടുത്താം എന്നാണ് ചർച്ചകളിൽ പലതിന്റെയും കാതൽ. കുടുംബബാഹ്യമായ ലൈംഗികതക്ക് അംഗീകാരം നല്‍കണമെന്ന രൂപത്തില്‍ സമൂഹത്തിന്റെ മനസാക്ഷിയെ വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടു കൂടി തന്നെ നിലനില്‍ക്കുന്ന പ്രസിദ്ധീകരണമാണ്  മാതൃഭൂമിയെന്ന് തോന്നിക്കുന്ന തരത്തിലാണ് അതില്‍ ലേഖനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീക്കും പുരുഷനും ലൈംഗിക പങ്കാളികള്‍ എത്രയുമാകാം എന്നാണ് പുരോഗമനക്കാർ എന്ന രൂപത്തിൽ പരിചയപ്പെടുത്തുന്നവരുടെ പക്ഷം. അങ്ങനെ പറയുന്ന ആനുകാലികം തന്നെ കിടപ്പറ പങ്കിടുന്നവരെ നിയമപരമായി ഭാര്യമാരാക്കുമ്പോള്‍ അതിനെതിരെ സംസാരിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? അത് രണ്ടും കൂടി എങ്ങനെയാണ് യോജിക്കുക.

യുക്തിവാദികളുടെ ആനുകാലികമായ യുക്തിവിചാരം മാസികയില്‍ രസകരമായ ഒരു വൈരുദ്ധ്യമുണ്ടായി. ഒരു ലക്കം യുക്തിവിചാരം എഡിറ്റോറിയലില്‍ ലൈംഗികതയെ വിവാഹത്തില്‍ നിന്ന് വേര്‍പെടുത്തേണ്ടതുണ്ടെന്ന് ശക്തമായി വാദിച്ചു. അഥവാ വിവാഹേതരമായ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും അനുവദിക്കണമെന്നുമാണ് പത്രാധിപപക്ഷം. ഇതേ മാഗസിനിലെ അകത്തുള്ള ലേഖനം ‘ഇസ്‌ലാമിലെ ബഹുഭാര്യത്വം അപരിഷ്‌കൃതം’ എന്നു സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. എന്താണ് ഇതിനര്‍ഥം? എത്ര സ്ത്രീകളുമായും പുരുഷന് ബന്ധപ്പെടാം. പക്ഷെ, അവരെ നിയമപരമായി ഭാര്യമാരാക്കുന്നതാണ് തെറ്റ്. ഇതിന്റെ യുക്തിയും മാനവികതയും ധാര്‍മികതയും നമുക്ക് മനസ്സിലാകുന്നില്ല. ഇത് സ്ത്രീക്ക് അനുകൂലമാണോ? പ്രതികൂലമാണോ? ഫെമിനിസ്റ്റുകള്‍ മറുപടി പറയേണ്ടതാണ്. ഒരു പെണ്ണ് ഭാര്യയായിത്തീരുന്നതാണോ, അഭിസാരികയായിത്തീരുന്നതാണോ നല്ലത്? ഇസ്‌ലാമിന്റെ ഉത്തരം ഒന്നാമത്തേതാണ് നല്ലതെന്നാണ്. രണ്ടാമത്തേതാണ് ശരിയെന്ന് കരുതുന്നവര്‍ക്കത് സ്വീകരിക്കാം. ഇസ്‌ലാമിന് അവിടെ കൃത്യമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന്റെ കാതല്‍ പെണ്ണ് ഒരര്‍ഥത്തിലും പീഡിപ്പിക്കപ്പെട്ടുകൂടാ എന്നു തന്നെയാണ്.

ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം നിലനില്‍ക്കുമ്പോള്‍ ഒരാളുടെ കീഴിലുള്ള ഭാര്യമാരെല്ലാം പുരുഷന്റെ നിയമപരമായ ഇണകളാണ്. അതിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കും. ആ ഭാര്യമാര്‍ക്കും  കുഞ്ഞുങ്ങള്‍ക്കും അനന്തരാവകാശസ്വത്ത് ലഭിക്കും. എല്ലാ ഭാര്യമാര്‍ക്കും ലൈംഗിക സംതൃപ്തി അനുഭവിക്കാനുള്ള അവസരമുണ്ട്; അവകാശവുമുണ്ട്. അവരോട് അനീതിയോടു കൂടി ഒരു കാരണവശാലും പെരുമാറിക്കൂടാ. പിന്നെയെങ്ങനെയാണ് അത് മാനവിക വിരുദ്ധമാവുക? ഇത് മാനവികവിരുദ്ധമാണെന്ന് വാദിക്കുന്നവര്‍ തന്നെയാണ് ലൈംഗികതയുടെ ഉദാരീകരണത്തിന് വേണ്ടിയും ലൈംഗികതൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും കുടുംബബാഹ്യമായ ലൈംഗികതയുടെ അംഗീകാത്തിന് വേണ്ടിയും ശബ്ദമുയര്‍ത്തുന്നത്. ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കണമെന്ന് വാദിക്കുന്നവര്‍ ധാര്‍മികതയുടെ ആരാച്ചാര്‍മാരാണെന്ന വസ്തുതയാണ് നമുക്കിവിടെ ബോധ്യമാകുന്നത്.

ബഹുഭാര്യത്വ വിരോധികളുടെ ആത്യന്തികലക്ഷ്യം ഇസ്‌ലാമികസമൂഹത്തില്‍ നിലനില്‍ക്കുന്ന ശക്തമായ പാരസ്പര്യത്തിലധിഷ്ഠിതമായ കുടുംബമെന്ന സ്ഥാപനം തകര്‍ക്കുകയാണ്. അത് തകര്‍ത്തുകഴിഞ്ഞാല്‍ മാത്രമേ മുസ്‌ലിംകളെ കൂടി തങ്ങള്‍ക്കാവശ്യമായ ലൈംഗിക ഉദാരീകരണത്തിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. ഇതാണ് ഏറ്റവും അടിസ്ഥാനപരമായ ലക്ഷ്യം. വിവാഹവും കുടുംബവും തകര്‍ത്തു കഴിഞ്ഞാല്‍ ലൈംഗിക ഉദാരീകരണമാണ് പകരമായി വരുന്നത്. ഫ്രീസെക്‌സിനെക്കുറിച്ച വില്‍ഹം റീഹിന്റെ സങ്കല്‍പത്തിന്റെ പ്രയോഗവല്‍ക്കരണം. എന്നാല്‍ സ്വതന്ത്ര ലൈംഗികതക്കു മുമ്പില്‍ ഇസ്‌ലാമിക നിയമങ്ങള്‍ ശക്തമായ പ്രതിരോധനം തീര്‍ത്ത് നിലകൊള്ളുന്നു. ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ടി വരികയാണെങ്കില്‍, അതിനവന്റെ പ്രകൃതി അനിവാര്യമാക്കുന്നുവെങ്കില്‍ അവന് വിവാഹം കഴിക്കാനുള്ള അവസരമുണ്ട്. അങ്ങനെയുള്ളവരുടെ മുമ്പില്‍ വിവാഹത്തിന്റെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ പിന്നീടുള്ള മാര്‍ഗം സ്വതന്ത്രലൈംഗികതയുടേതാണ്.  ലൈംഗിക അരാജകത്വത്തിന് കേരളത്തെ മാര്‍ക്കറ്റാക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം.

ബഹുഭാര്യത്വത്തെ എതിര്‍ക്കുമെന്ന് പുരോഗമനം പറയുന്ന അതേ ആളുകള്‍ തന്നെയാണ് ഇന്ത്യയില്‍  സ്വവര്‍ഗരതി നിയമം മൂലം അനുവദിക്കേണ്ടതുണ്ടെന്ന് പറയുന്നതും. സ്വവര്‍ഗരതി എന്നു പറഞ്ഞാലെന്താണ്? പുരുഷന്മാര്‍ക്ക് പുരുഷന്മാരുമായി ബന്ധപ്പെടാനുള്ള അവസരമാണത്; സ്ത്രീകള്‍ക്ക് സ്ത്രീകളുമായി ബന്ധപ്പെടാനുള്ള അവസരമാണ്. ഒരു പുരുഷന് എത്ര പുരുഷന്മാരുമായും ബന്ധപ്പെടാം; പക്ഷെ, അയാള്‍ ഒന്നിലധികം സ്ത്രീകളെ നിയമാനുസൃതമായ ഇണകളായി സ്വീകരിച്ചുകൂടാ. ഇതാണോ പുരോഗമനവാദം? ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ലൈംഗിക ഉദാരീകരണത്തിന് മുസ്‌ലിംങ്ങളെയടക്കം സജ്ജമാക്കുക എന്നതാണ് ബഹുഭാര്യത്വവിരോധനത്തിന്റെ ലക്ഷ്യമെന്നാണ്. ഇസ്‌ലാം പഠിപ്പിക്കുന്ന ബഹുഭാര്യത്വമാകട്ടെ, എല്ലാ കാലത്തും നന്മകൾ മാത്രമേയുണ്ടാക്കൂ. അധാര്മികതകളില്ലാത്ത സമൂഹത്തിന്റെ സൃഷ്ടി ഉദ്ദേശിച്ച് കൊണ്ടുള്ള അനുവാദങ്ങളിലൊന്നാണത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ