ഖുർആൻ ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ?

/ഖുർആൻ ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ?
/ഖുർആൻ ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ?

ഖുർആൻ ബഹുഭാര്യാത്വത്തെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ ?

ഖുര്‍ആനില്‍ തന്നെ ബഹുഭാര്യത്വത്തെ നിരുത്സാഹപ്പെടുത്തുന്ന, അത് ഒരിക്കലും സാധ്യമല്ലെന്ന് വ്യക്തമാക്കുന്ന വചനങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ഏകപത്‌നീവ്രതത്തെയാണ്; ബഹുഭാര്യത്വത്തെയല്ല  അംഗീകരിക്കുന്നതെന്നും ചിലര്‍ വാദിക്കാറുണ്ട്. അടിസ്ഥാനരഹിതമാണ് ഈ വാദം.  സൂറത്തുന്നിസാഇലെ 129-ാമത്തെ വചനത്തിന്റെയടിസ്ഥാനത്തിലാണ് ഈ വാദം ഉന്നയിക്കപ്പെടുന്നത്. പ്രസ്തുത വചനം യഥാര്‍ഥത്തില്‍ എന്താണ് വ്യക്തമാക്കുന്നതെന്ന് അത്  കൃത്യമായി പരിശോധിച്ചാല്‍ തന്നെ നമുക്ക് മനസ്സിലാകും.

”നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ഖുര്‍ആന്‍ 4:129)

ഇങ്ങനെയാണ് പരിശുദ്ധഖുര്‍ആന്‍ പറയുന്നത്. തുല്യനീതി എന്നുള്ളത് കൊണ്ടുള്ള വിവക്ഷ എല്ലാ അര്‍ഥത്തിലുമുള്ള നീതി പാലിക്കലാണ്. ഒരാളുടെ കീഴില്‍ രണ്ടു ഭാര്യമാരുണ്ടാകുമ്പോള്‍ ഒരുവളോട് കൂടുതല്‍ ഇഷ്ടമുണ്ടാകാം. ഇഷ്ടം മാനസികമായ ഒരു പ്രതിഭാസമാണ്. ആ ഇഷ്ടം നിങ്ങളുടെ പെരുമാറ്റങ്ങളെ ഒരര്‍ഥത്തിലും സ്വാധീനിക്കരുതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആയത്ത് പൂര്‍ണമായും വായിക്കാതെ അതിന്റെ  ആദ്യഭാഗം മാത്രം വായിക്കുന്നതിനാലാണ് കുഴപ്പമുണ്ടാകുന്നത്. നിങ്ങള്‍  നിങ്ങള്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചു കൂടെന്നല്ല. മറിച്ച്, തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെന്നാണ് ഈ ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നത്. എല്ലാ അര്‍ഥത്തിലുമുള്ള നീതി  മനുഷ്യരെന്ന നിലക്ക് സാധ്യമല്ലാത്ത കാര്യമാണ്. നിങ്ങളുടെ മനസ്സ് എപ്പോഴും നിങ്ങളുടെ അധീനത്തില്‍ മാത്രമല്ല ഉണ്ടാവുക. സ്വാഭാവികമായും രണ്ടാളുകളുടെയും പ്രതികരണങ്ങളുടെ വ്യത്യാസമനുസരിച്ച് നിങ്ങളുടെ മനസ്സില്‍  ഇഷ്ടവും ഇഷ്ടക്കേടുകളും ഉണ്ടാകാം. അവരുടെ സ്വഭാവവും കൂടി ബന്ധപ്പെട്ടുകൊണ്ടാണിതുണ്ടാകുന്നത്. അങ്ങനെ ഒരാളോട് ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായാലും  നിങ്ങള്‍ ഒരാളെ കെട്ടിയിട്ടതുപോലെയാക്കരുത്. ആ പ്രയോഗം വളരെ കൃത്യമാണ്; ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ പോലും ഒരാളെ മാത്രം പരിഗണിച്ച്, മറ്റൊരാളെ പരിഗണിക്കാതിരിക്കുന്ന സ്ഥിതിയുണ്ടാവാന്‍ പാടില്ല. ഖുര്‍ആന്‍ പറയുന്നത് അതാണ്.

റസൂൽ (സ) യാണല്ലോ ഖുര്‍ആന്‍ വിശദീകരിച്ചുതരേണ്ടത്. നിങ്ങള്‍ക്കൊരിക്കലും നീതിപുലര്‍ത്താന്‍ സാധ്യമല്ലെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍, അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും വിവാഹം ചെയ്തുകൂടാ എന്നാണെന്ന് മനസ്സിലാക്കി ബഹുഭാര്യത്വത്തില്‍ നിന്ന് നബി (സ)ഒഴിഞ്ഞു നിന്നിട്ടില്ല. ഇതില്‍ നിന്ന് സഹാബികളാരും തന്നെ അങ്ങനെ മനസ്സിലാക്കിയിട്ടില്ല. പ്രവാചകനില്‍ നിന്ന് മതം പഠിച്ച ആദിമതലമുറക്കാരാരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഭാര്യമാരോട് തുല്യനീതി പുലര്‍ത്താന്‍ നമുക്ക് ഒരിക്കലും സാധ്യമല്ല; അതുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു തരുന്നത് നമ്മള്‍ മറ്റൊരു വിവാഹം ചെയ്യാന്‍ പാടില്ല എന്നാണ് എന്ന് കരുതി ഏകപത്‌നീവ്രതത്തിലേര്‍പ്പെട്ടതായി കാണുന്നില്ല. ഖുര്‍ആനിലെ ആയത്ത് എന്ത് വിവക്ഷിക്കുന്നുവെന്നത് ആ ആയത്തില്‍ നിന്നു തന്നെ വ്യക്തമാണ്. റസൂലുള്ള (സ) യുടെ വിശദീകരണത്തില്‍ നിന്നും സഹാബിമാരുടെ പ്രയോഗവല്‍ക്കരണത്തില്‍ നിന്നുമത് സ്പഷ്ടമാണ്. അതില്‍ നിന്നും വ്യത്യസ്തമായി പരിശുദ്ധഖുര്‍ആനെ സ്വന്തം ഇഷ്ടമനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് ഖുര്‍ആന്‍ ഉദ്ദേശിക്കാത്ത ഒരര്‍ഥത്തിലേക്ക് ഈ വചനത്തെ വ്യാഖ്യാനിച്ച് കൊണ്ടുപോകുന്നത് ഏതായിരുന്നാലും ശരിയല്ല.

print