ഭക്ഷണത്തിൽ തുപ്പുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല !!

//ഭക്ഷണത്തിൽ തുപ്പുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല !!
//ഭക്ഷണത്തിൽ തുപ്പുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല !!
ആനുകാലികം

ഭക്ഷണത്തിൽ തുപ്പുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല !!

ഫാഷിസം ഇന്ത്യയുടെ രാഷ്ട്രീയ ഭൂമിയിൽ തങ്ങളുടെ അധികാര ലക്ഷ്യങ്ങൾക്കായി, മുസ്‌ലിം വിരുദ്ധതയെ വെള്ളവും വളവും നൽകി വളർത്തുന്ന ത്വരിത യത്നത്തിലാണ്. വിധ്വേഷ രാഷ്ട്രീയത്തിന്റെ വളർച്ചക്ക് അനിവാര്യമായ “പ്രതിയോഗി”യെ കെട്ടിപ്പടുക്കാൻ കിട്ടുന്ന കച്ചിത്തുറു എല്ലാം വാരിക്കൂട്ടുന്ന തിരക്കിലാണവർ. ഒപ്പം അവസരസേവകരായ ശിങ്കിടിവൃന്ദത്തിന്റെ അപ്പോസ്തല പ്രവർത്തനങ്ങളും അരങ്ങു തകർക്കുന്ന ഈ കാലഘട്ടത്തിൽ ഇസ്‌ലാം-മുസ്‌ലിം ഭീതി ജ്വാലയായ് പടരുകയാണ്. അതിനേറ്റവും നല്ല ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞൊഴുകുന്ന ഈ വർഗീയ ഗരളം:

എന്തുകൊണ്ടാണ് മുസ്‌ലിംകൾ വിതരണത്തിനായി ഉണ്ടാക്കിവെച്ച ആഹാരത്തിൽ തുപ്പുന്നത്…..?!!!! ബ്രഡ് ആയാലും ബിരിയാണി ആയാലും….??!!!…
പൊതുവിതരണത്തിനായി തയ്യാറാക്കുന്ന ആഹാരത്തിൽ ഇവർ തുപ്പും… തുപ്പിയിരിക്കും… അത് നബിചര്യയാണ്…

ഈ വിഷയത്തിൽ ഇറങ്ങിയ വീഡിയോകൾ ഒറ്റപ്പെട്ടവയല്ല.. എല്ലാ മുസ്‌ലിം ഹോട്ടലുകളിലും കല്യാണങ്ങളിലും മറ്റും എല്ലാ ദിവസവും നടക്കുന്നത് തന്നെയാണ്.. ആഹാരത്തിൽ തുപ്പൽ.. അത് മറ്റുള്ളവരെ തീറ്റിക്കൽ… അള്ളാനുഗ്രഹം നേടിക്കൽ…

അടുത്ത തവണ ഹലാൽ ആഹാരം രുചിയോടെ മുസ്‌ലിം റസ്റ്റോറന്റിൽ നിന്ന് കഴിക്കുമ്പോൾ ഓർക്കുക… വെളുപ്പിന് പല്ലു പോലും തേക്കാത്ത ഈമാനുള്ള ഒരു മുസ്‌ലിം കുക്കിന്റെ തുപ്പലാണ് ആ ഭക്ഷണത്തിന്റെ രുചി…. !!!!!

ആരോഗ്യകരമായി ഇസ്‌ലാമിനെ നിരൂപണം ചെയ്യലൊ മുസ്‌ലിംകളുമായി സംവദിക്കലൊ ഒന്നുമല്ല ഈ സോഷ്യൽ മീഡിയ ഇസ്‌ലാമോഫോബിയ പ്രചാരകരുടെ ലക്ഷ്യമെന്നതിന് ഏറ്റവും മികച്ച തെളിവാണ് ഈ വെറുപ്പു മുറ്റിയ വരികൾ. മറിച്ച് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ ദ്രുവീകരണവും വർഗീയ പ്രചരണവും മാത്രമാണ് ഈ ‘സംഘ’ങ്ങളുടെ ഇംഗിതമെന്ന് സുതരാം വ്യക്തമാക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ അങ്ങേയറ്റം പ്രചരിപ്പിക്കപെടുന്ന ഈ പെരും നുണ. എല്ലാ സമുദായങ്ങളിലും നടന്നു വരുന്ന ഒരു അനാചാരത്തെ മുസ്‌ലിംകളിൽ മാത്രം പരിമിതപ്പെടുത്തിയും, ഒറ്റപ്പെട്ട സംഭവങ്ങളെ കുത്തിപ്പൊക്കി പൊതുവൽക്കരിച്ചും മുസ്‌ലിം സമുദായത്തെ അന്യവൽകരിക്കുക മാത്രമാണ് ഈ ‘സംഘ’ങ്ങളുടെ ലക്ഷ്യം. ഒരു കാലത്ത് ജർമൻ നാസികൾ ജൂത സമുദായത്തെ സാമൂഹികവും സാമ്പത്തികവുമായി ഒറ്റപ്പെടുത്തിയ അതെ മാതൃകയിലും ദിശയിലും തന്നെയാണ് മുസ്‌ലിംകളെയും ബഹിഷ്കരിക്കാനുള്ള ഈ വിളംബരം സഞ്ചരിക്കുന്നത്. മുസ്‌ലിം ഹോട്ടലുകളും ബേക്കറികളും ബഹിഷ്കരിക്കുക വഴി സാമ്പത്തിമായും, കല്യാണങ്ങളും വിരുന്നുകളും ബഹിഷ്കരിക്കുക വഴി സാമൂഹികമായും മുസ്‌ലിംകളെ ഉന്മൂലനാശത്തിലേക്ക് വലിച്ചിഴക്കാനാണ് ഈ വിധ്വേഷ പ്രചാരകർ അഹ്വാനം ചെയ്യുന്നത്. ഏതോ ഒരു മുസ്‌ലിം പുരോഹിതൻ തന്റെ ‘ഭക്തർക്ക്’ അവരുടെ ഭക്ഷണത്തിൽ ഊതി കൊടുക്കുന്ന ഒരു അനാചാരത്തിന്റെ ഒറ്റപ്പെട്ട വീഡിയൊ ആണ് ഒരു മഹാ സമൂഹത്തെ ഒന്നടങ്കം അപരവൽകരണത്തിന് കാരണമായി ഇവർ ഉന്നയിക്കുന്നത് !!

ഏത് മത സമൂഹത്തിലാണ് ഇത്തരം അനാചാരങ്ങൾ നിലനിൽക്കാത്തത് ?! തുപ്പലും ഊതലുമെല്ലാം ദുരാചാരങ്ങളായി കൊണ്ടു നടക്കുന്ന പാമര പക്ഷം ഏത് മത വർഗ്ഗങ്ങളിലും ഉണ്ടെന്നിരിക്കെ അത് ഒരു സമുദായ ബഹിഷ്ക്കരണത്തിനുള്ള ചതിക്കുഴിയായി വെട്ടി രൂപപ്പെടുത്തുന്നതിലെ പ്രചോദനം ന്യൂനപക്ഷ അപരവൽകരണമല്ലാതെ മറ്റെന്താണ് ? ഇത്തരം അനാചാരങ്ങളിൽ നിന്ന് അജ്ഞരായ മുസ്‌ലിംകളെ കരകയറ്റാൻ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളും നേതാക്കളും അതിശക്തമായി വിപ്ലവം നയിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന് ആർക്കാണ് അറിയാത്തത് ?! അത്തരം അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു വിമർശകരുടെ ലക്ഷ്യമെങ്കിൽ ആ മാർഗത്തിൽ പതിറ്റാണ്ടുകളായി സമരം നടത്തുന്ന ഉൽപതിഷ്ണുക്കളായ മുസ്‌ലിംകളെ ഭൗതീകവും ബൗദ്ധീകവുമായി സഹായിക്കുകയല്ലെ വേണ്ടത്?! യുക്തിയുക്തം പരിഷകരിക്കേണ്ടതിന് പകരം സാധാരണക്കാരായ മുസ്‌ലിംകളുടെ ബേക്കറികളും ഹോട്ടലുകളും കല്യാണങ്ങളും വിരുന്നുകളുമെല്ലാം ബഹിഷ്ക്കരിക്കുന്നതിലേക്ക് കാര്യങ്ങളെ ദുർവ്യാഖ്യാനിച്ച് എത്തിച്ചതിലുള്ള ചേതോവികാരം ജുഗുപ്‌തസാവഹമാണ്. ഇങ്ങനെ ഭീതി പടർത്തുന്നതിനെ ‘ഇസ്‌ലാമോഫോബിയ’ എന്നല്ലാതെ മറ്റെന്തു സംജ്ഞയാണ് വിളിക്കപ്പെടേണ്ടത് ?!!

പൂജാവിധിയുടെ ഭാഗമായി, പൂജാദ്രവ്യങ്ങളിൽ ഉമിനീർ കലർത്തലൊ ഊതലൊ എല്ലാം ദുരാചാരങ്ങളായി പല മത സമൂഹങ്ങളിലേയും പാമര ജനങ്ങൾക്കിടയിലും നിലനിൽക്കുന്നുണ്ട് എന്നിരിക്കെ അത്തരം മത സമൂഹങ്ങളിലുള്ള സർവ്വരും എല്ലാ ഭക്ഷണത്തിലും തുപ്പി, നശിപ്പിക്കുന്നു എന്ന് ദുർവ്യാഖ്യാനിക്കാൻ വിമർശകർ മുതിരാത്തതെന്തെ? ഇരയായി മുസ്‌ലിം സമുദായത്തെ കിട്ടുമ്പോഴാണ് വിമർശകർക്ക് ഹരം. ഒരു സമുദായത്തെ അന്യാധീനപ്പെടുത്താൻ പടച്ചുണ്ടാക്കുന്ന ഇത്തരം അപവാദങ്ങൾ ജർമ്മർ നാസ്സികളെ പോലും നാണിപ്പിക്കുന്ന ‘സെമിറ്റിക്ക് വിരോധം’ (Antisemitism) ആണെന്നതിൽ സംശയമില്ല.

താജുല്‍ ഉലമ എന്നറിയപ്പെടുന്ന ഉള്ളാള്‍ തങ്ങളുടെ ഉറൂസിന്റെ (ആണ്ട്) ഭാഗമായി ഉള്ളാള്‍ ദർഗയിൽ പൂജാദ്രവ്യമായ ഭക്ഷണത്തിനായി എത്തിയവർക്ക് അവിടുത്തെ പൂജാവിധി പ്രകാരം ‘മന്ത്രിച്ച് ഊതിയ’ ഒരു കോര് ചോറ്, കലർത്തി നൽകുന്ന ഒരു ആചാര സദസ്സാണ് വിവാദങ്ങൾക്ക് നിദാനം. വിവാദ വീഡിയോയിൽ ഈ ‘അനാ’ചാരത്തിന് നേതൃത്വം വഹിച്ച ഫസൽ കോയമ്മ തങ്ങൾ, Alt ന്യൂസിന്റെ വക്താക്കളോട് താൻ ഭക്ഷണത്തിൽ തുപ്പുകയല്ല, മന്ത്രിച്ച് ഊതുകയാണ് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കോവിഡ് വ്യാപന കാലത്തിന് മുമ്പ് നിർമ്മിക്കപ്പെട്ട വീഡിയൊ, കോവിഡ് കാലത്തേത് എന്ന രൂപത്തിൽ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണുണ്ടായത് എന്ന വസ്തുത, International Fact-Checking Network ന്റെ പങ്കാളികൾ കൂടിയായ ആൾട്ട് ന്യൂസ് (Alt News) എന്ന വസ്തുതാ പരിശോധന വെബ്‌സൈറ്റ് വ്യക്തമാക്കുകയുണ്ടായി.
(https://www.altnews.in/fact-check-does-this-video-show-a-maulana-spitting-on-food/)

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉള്ളാള്‍ തങ്ങൾ ഉറൂസിൽ ഉള്ളാള്‍ തങ്ങളുടെ ദർഗയിൽ പ്രത്യേക ആചാരവിധിപ്രകാരം തയ്യാറാക്കിയ ഭക്ഷണത്തിനായി വന്ന സൂഫി സുന്നികളായ ഭക്തർ, അവരുടെ പ്രത്യേക വിശ്വാസത്തിന്റെ ഭാഗമായി കഴിക്കുന്ന മന്ത്രിച്ചൂതിയ പൂജാദ്രവ്യം ഉയർത്തിക്കാട്ടി മുസ്‌ലിംകളുടെ പൊതുവേദികളിൽ കച്ചവട സ്ഥാപനങ്ങളിലുമെല്ലാമുള്ള ഭക്ഷണത്തെ സംബന്ധിച്ചും വിമർശകർ അപവാദം പടച്ചുണ്ടാക്കിയതാണെന്നർത്ഥം. മന്ത്രിച്ചൂതൽ തുപ്പലാക്കി… ആണ്ടു നേർച്ചയിലെ പൂജാദ്രവ്യത്തെ ബേക്കറിയിലേക്കും ഹോട്ടലിലേക്കും കല്യാണങ്ങളിലേക്കും വലിച്ചു നീട്ടി… കോവിഡ് പൂർവ്വ സംഭവത്തെ കോവിഡാനന്തരമാക്കി… സംഭവത്തെ ദേശവിരുദ്ധ ഉപജാപവും കൊറോണാ ജിഹാദുമാക്കി. ദേശവിരുദ്ധതയിലും ജിഹാദി ഭീകരതയിലും കുറഞ്ഞ ഒരു തെറ്റും മുസ്‌ലിംകൾക്ക് ചെയ്യാനാകില്ല എന്ന അവസ്ഥയിലേക്ക് നാട് പരിണമിച്ചിരിക്കുന്നു. ഒരു മുസ്‌ലിമും ഒരു അമുസ്‌ലിമും റോഡിനരികിൽ മൂത്രമൊഴിച്ചാൽ അമുസ്‌ലിമിന്റേത് പൊതു വഴി മലിനീകരണം മാത്രവും… മുസ്‌ലിമിന്റേത് രാജ്യദ്രോഹവും പാക്കിസ്ഥാൻ ചാരവൃഷ്‌ടിയും ‘യൂറിനേഷൻ ജിഹാദു’മൊക്കെയായി പരിണമിക്കുന്നു. അമുസ്‌ലിംകൾ ഇരിക്കുകയും നടക്കുകയും ചെയ്യുന്ന ഇടങ്ങളിലെല്ലാം മലിനമാക്കുക എന്ന ഗൂഢ പദ്ധതിയുടെ ഭാഗമാണത് എന്ന് കൊട്ടിഘോഷിക്കപ്പെടുന്നു. അതിനാൽ മുസ്‌ലിംകളുള്ള ഇടങ്ങളിലും വഴികളിലും ഇരിക്കുകയൊ നടക്കുകയൊ ചെയ്യരുത്… ഇങ്ങനെ നീണ്ടു പോകുന്നു ഗൂഢാലോചന പ്രചാരണങ്ങൾ !!

‘ഫുഡ് ജിഹാദ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച മറ്റൊരു വീഡിയോയുടെ ഉള്ളടക്കം, ലോകത്തെ ഏതോ ഒരു രാജ്യത്തെ ഏതൊ ഒരു കോണിൽ ഏതോ കാലത്ത്, റൊട്ടികട നടത്തുന്ന, ഒരു മുസ്‌ലിം തൊപ്പി ധാരിയായ കച്ചവടക്കാരൻ റൊട്ടി പാക്കറ്റിലിട്ട്, പാക്കറ്റ് വീർത്തു നിൽക്കാനായി അത് ഊതി വീർപ്പിച്ചതിന് ശേഷം റബ്ബർ ബാന്റ് കൊണ്ട് കെട്ടുന്ന രംഗമാണ്!!
(https://www.google.com/amp/s/m.thewire.in/article/media/fact-check-old-video-muslim-man-spitting-on-food-goes-falsely-viral-covid-19/amp)

അപ്പോഴേക്കും വർഗീയ കുന്തമുനകൾ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നേരെ ഉയർന്നു പൊങ്ങി !! അമുസ്‌ലിംകളെ മാലിന്യം തീറ്റിക്കാനും കൊറോണ പടർത്താനുമുള്ള ജിഹാദി ഗൂഢതന്ത്രമായി അതിനെ അട്ടിമറിച്ച് മലർത്തിയടിച്ചു. ഭക്ഷ്യ പദാർത്ഥങ്ങൾ കെട്ടി കൊടുക്കുന്ന കവർ ഊതി വീർപ്പിച്ച് റബ്ബർ ബാന്റിടുന്ന പതിവ് പല കച്ചവടക്കാർക്കും – ജാതി മത ഭാഷാ രാഷ്ട്ര ഭേദമന്യെ- ഉണ്ടെന്നത് ഒരു വസ്തുതയാണ്. അങ്ങേയറ്റം അനാരോഗ്യകരവും വൃത്തിഹീനവുമാണ് ഈ പ്രവർത്തനമെന്നതിൽ ഇരുപക്ഷമില്ല. എന്നാലും അതിനെ ഫുഡ് ജിഹാദും കൊറോണ ജിഹാദുമൊക്കെയായി കാണാൻ, മനസ്സിൽ തളം കെട്ടി കിടക്കുന്ന വർഗീയ വിധ്വേഷം അൽപമൊന്നും പോര.!!

ബീച്ചുകളിൽ, ഊതി വീർപ്പിച്ച കവറുകളിൽ, വെള്ളയും റോസും നിറത്തിലുള്ള പഞ്ഞി മിഠായി ഇവരൊന്നും ജീവിതത്തിലൊരിക്കലെങ്കിലും വാങ്ങി കഴിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ ഈയുള്ളവന് പ്രയാസമുണ്ട്. ആ പഞ്ഞി മിഠായി കവറിനെ വീർപ്പിച്ചു നിർത്തുന്ന കാർബൺഡൈഓക്സൈഡ് ഏത് മതക്കാരന്റെ ചങ്കിൽ തട്ടി വന്നതാണെന്ന് നോക്കാൻ നമ്മെ പഠിപ്പിച്ചവരേക്കാളും അപകടകരമായ ഒരു വിഷവും ആരും ‘തുപ്പു’ന്നില്ല !!

ലോകത്തെ ഓരോ മുക്കു മൂലകളിലുമുള്ള എല്ലാ സമൂഹങ്ങളിലും രാജ്യങ്ങളിലും (മത-മതേതര കാരണങ്ങൾ വാദിച്ച്) ഏതെങ്കിലും നിലയിൽ ‘ആചാരപരമായ തുപ്പൽ’ (ceremonial spitting) നിലനിൽക്കുന്നുവെന്ന്, നോർത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് റിലീജിയൻ ഫാക്കൽറ്റി അംഗവുമായിരുന്ന ഡോ. അലൻ എച്ച്. ഗോഡ്‌ബെ തന്റെ ഗവേഷണത്തിൽ വിശദീകരിക്കുന്നുണ്ട്.
ആഫ്രിക്കയിലെ ഉൻയോറൊയിൽ ഒരു കുഞ്ഞു ജനിച്ചാൽ ക്രിസ്തൻ പാതിരിയുടെ അടുക്കൽ കൊണ്ടുവരികയും പാതിരി ആ കുഞ്ഞിനെ ശരീരത്തിൽ തുപ്പി അനുഗ്രഹിക്കുകയും ചെയ്യുക ആചാരമാണ്.
നൂബകൾക്കിടയിൽ ഒരു കുഞ്ഞു ജനിച്ചാൽ കുഞ്ഞിനെ പുരോഹിതന്റെ അടുത്തു കൊണ്ടുവരികയും അദ്ദേഹം കുഞ്ഞിന്റെ നെഞ്ചിൽ തുപ്പുകയും ചെയ്യും. ചില ക്രിസ്ത്യൻ വൽകരണ ചടങ്ങുകളിൽ കുഞ്ഞും ബന്ധുക്കളും പുരോഹിതന് മുമ്പിൽ ഹാജരാക്കപ്പെടുകയും കോഴിയെ മുക്കി കുതിർത്ത വെള്ളം അവരെല്ലാവരുടേയും ശരീരത്തിൽ തളിക്കുകയും കുഞ്ഞിന്റെ മേൽ തുപ്പുകയും ചെയ്ത് അനുഗ്രഹിക്കുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. (The Monist: Page: 74)

അലക്സാണ്ടർ കുക്ക് (1564–1632), ‘Worke, more worke, and a little more worke for a masse-priest’ ൽ എഴുതുന്നു:
“പുരോഹിതൻ സ്നാനമേൽക്കാൻ വരുന്നവന്റെ ചെവിയിൽ വിരൽ ഇടുകയും അവന്റെ വായിലേക്ക് തുപ്പുകയും ചെയ്യുന്നു: അവന്റെ വിരലുകൾ ചെവിയിൽ വയ്ക്കുന്നത്, സ്നാനം സ്വീകരിക്കുന്ന വ്യക്തി ദൈവവചനം കേൾക്കാൻ അവന്റെ ചെവി എപ്പോഴും തുറന്നിരിക്കണമെന്ന് സൂചിപ്പിച്ച് കൊണ്ടാണ്. അവന്റെ വായിൽ തുപ്പൽ ഇടുന്നത് കൊണ്ട് അർത്ഥമാക്കുന്നത്, അവൻ വിശ്വാസത്തെക്കുറിച്ച് ഉച്ചേസ്ഥരം സംസാരിക്കണം എന്നാണ്, കാരണം തുപ്പൽ സംസാരത്തെ സഹായിക്കുന്നുവല്ലൊ.”

ഡോ. ചാൾസ് എലിയറ്റ്, Delineation of Roman Catholicism – ൽ (Page:125) രേഖപ്പെടുത്തി:
“പുരോഹിതൻ മറ്റൊരു ഭൂതോച്ചാടനം ചൊല്ലി, സ്നാനമേൽക്കുന്ന വ്യക്തിയുടെ ചെവിയിലും മൂക്കിലും അൽപം തുപ്പൽ കൊണ്ട് സ്പർശിച്ചു, ‘Ephphatha; അതായത്, നീ മധുര ഗന്ധത്തിലേക്ക് സ്വയം തുറക്കുക…’ ബധിരനും മൂകനുമായ മനുഷ്യനെ യേശു സുഖപ്പെടുത്തിയതിന്റെ മാതൃകയിൽ നിന്നാണ് ഈ ചടങ്ങ് എടുക്കപ്പെട്ടിരിക്കുന്നത്.”
(https://bit.ly/2Z7cBKw)

മാർട്ടിൻ ലൂഥർ, ബാപ്റ്റിസ്മൽ ബുക്ക്ലെറ്റിന്റെ (Taufbüchlein) 1523-ലെ പതിപ്പിന്റെ ഉപസംഹാരത്തിൽ ഇപ്രകാരം എഴുതി:
“കണ്ണിനു താഴെ ഊതുക, കുരിശ് കൊണ്ട് വരക്കുക, വായിൽ ഉപ്പ് ഇടുക, തുപ്പലും കളിമണ്ണും ചെവിയിലും മൂക്കിലും തേക്കുക, മാറിടത്തിലും തോളിലും എണ്ണ അഭിഷേകം ചെയ്യുക തുടങ്ങിയ ബാഹ്യമായ ക്രിയകളാണ് സ്നാനത്തിൽ ഏറ്റവും പ്രധാന്യം കുറഞ്ഞ ചടങ്ങ് എന്ന് ഓർക്കുക.
(From Leupold, Ulrich S., Luther’s Works: Liturgy and Hymns, 53:102)

പുരോഹിതൻ തുപ്പൽ കൊണ്ട് കുട്ടിയുടെ ചെവിയിലും മൂക്കിലും സ്പർശിക്കുന്നു. ഈ ആചാരത്തിന്റെ പ്രതീകാത്മകമായ അർത്ഥം ഇങ്ങനെ വിശദീകരിക്കപ്പെട്ടിരിക്കുന്നു (Cat. C. Trid.) “അന്ധന് കാഴ്ച തിരികെ ലഭിക്കാനായി, കർത്താവ് അവന്റെ കണ്ണുകളിൽ ഉമി നീര് ചേർത്ത കളിമണ്ണ് വിതറി എന്ന് സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്നതിനെ പിന്തുടർന്നു കൊണ്ട് പുരോഹിതൻ അവന്റെ മൂക്കിലും ചെവിയിലും തുപ്പൽ തേക്കുന്നു, ശേഷം അവനെ ഉടൻ തന്നെ സ്നാപനസ്ഥലത്തേക്ക് അയക്കുന്നു.”
(https://en.m.wikisource.org/wiki/Catholic_Encyclopedia_(1913)/Baptism)

ജൂതന്മാരുടെ തൽമൂദിലെ മൂന്ന് തൽമൂദ് ലഘുലേഖകളിൽ മൂന്നാമത്തേതായ ബാവ ബത്ര (Bava Basra 126), പിതാവിന്റെ ആദ്യജാതനായ കുഞ്ഞിന്റെ ഉമിനീരിന് അപാരമായ രോഗ ശമനശേഷിയുള്ളതാണെന്ന് വാദിക്കുന്നു.

ആചാരപരമായ പരിച്ഛേദനത്തിന്റെ മൂന്ന് ഭാഗങ്ങളിൽ ഒന്നാണ് അഗ്രചർമ്മം കീറലിനൊടുവിലെ ‘മെറ്റ്‌സിറ്റ്‌സ’ അഥവാ മുറിവിൽ നിന്ന് രക്തം വലിച്ചെടുക്കൽ. മെറ്റ്‌സിറ്റ്‌സ ഉത്ഭവിച്ചത് അഞ്ചാം നൂറ്റാണ്ടിലെ ബാബിലോണിയൻ തൽമൂദിൽ നിന്നാണ്, “അപകടം വരുത്താതിരിക്കാൻ” മെറ്റ്‌സിറ്റ്‌സ നടത്തണമെന്ന് തൽമൂദ് പ്രസ്‌താവിക്കുന്നു. മെറ്റ്‌സിറ്റ്‌സയ്‌ക്കിടെ, ‘മൊഹൽ’ (ചടങ്ങിന് നേതൃത്വം നൽകുന്ന വൈദ്യ പുരോഹിതൻ) വീഞ്ഞ് കുടിക്കുകയും ലിംഗത്തിന്റെ ഉൾപ്പെട്ട ഭാഗത്തേക്ക് ചുണ്ടുകൾക്ക് അകത്താക്കുകയും, ശേഷം വീഞ്ഞ് തുപ്പി കളയുകയും ചെയ്യുന്നു, ഈ നടപടി ആവർത്തിച്ചു കൊണ്ടിരിക്കും. 19-ആം നൂറ്റാണ്ട് വരെ ഈ ചടങ്ങ് ആചരിക്കപ്പെട്ടു കൊണ്ടിരുന്നു, ‘മൊഹെലി’ന്റെ വായ്ക്കും കുഞ്ഞിന്റെ ലിംഗത്തിനുമിടയിൽ ഇന്റർഫേസായി, ഗ്ലാസ് പൈപ്പറ്റ് പോലുള്ള ഒരു ഉപകരണം ഉപയോഗിക്കാമെന്ന് റബ്ബി മോസസ് ഷ്രെയ്‌ബർ വിധിക്കുന്നത് വരെ നേരിട്ട് വായ് കൊണ്ട്-ജനനേന്ദ്രിയം ഈമ്പുന്ന മെറ്റ്‌സിറ്റ്‌സയായിരുന്നു ജൂതന്മാർക്കിടയിൽ സാധാരണം.
(B. Gesundheit, G. Grisaru-Soen, D. Greenberg, O. Levtzion-Korach, D. Malkin, M. Petric, et al. Neonatal genital herpes simplex virus type 1 infection after Jewish ritual circumcision: modern medicine and religious tradition. Pediatrics;114: (2004), pp. e259-e263)

ഗുജറാത്തിലെ ഒരു സന്യാസി, ഭക്തർക്ക് വിതരണം ചെയ്യുന്ന “ജൂഡേ ലഡൂ” ഹിന്ദുക്കൾക്കിടയിൽ നിന്നുള്ള ഒരു ഉദാഹരണം മാത്രം. സ്വാമിയുടെ ഉമിനീരിൽ പൊതിഞ്ഞ ലഡൂ കഴിക്കാൻ തിങ്ങി കൂടിയ ഭക്തർക്ക് കോവിഡ് കാലത്തും നിരാശരാകേണ്ടിവന്നിരുന്നില്ല; സ്വാമി കഴിഞ്ഞ മാസം കോവിഡ് ബാധിതനായി മരണപ്പെടുന്നത് വരെ. തന്റെ പ്രസാദത്തിലൂടെ ഒരുപക്ഷേ ആയിരക്കണക്കിന് ആളുകളെ കോവിഡ് ബാധിപ്പിച്ചിരിക്കാം ഈ സന്യാസി.
(https://www.facebook.com/firstpostin/videos/737889067065255/)
(https://twitter.com/NadeemNusrath1/status/1290197065792774145?s=09)

പി.പി സ്വാമി എന്നറിയപ്പെടുന്ന ശ്രീ പുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജ് അടക്കം ഗുജറാത്തിലെ പത്ത് സന്യാസിമാർ കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെടുകയും തുടർന്ന് പി.പി സ്വാമി മരണപ്പെടുകയും ചെയ്തു. സ്വാമി വായിൽ വെച്ച് ഉമിനീർ നനച്ച ലഡുവായിരുന്നു ഭക്തർക്ക് വിതരണം ചെയ്യപ്പെട്ടിരുന്ന പ്രസാദം. ഇതു വഴി നിരവധി സ്വാമിമാർക്കും ഭക്തർക്കും കോവിഡ് പകർത്തുന്നതിനും കൂടി പി.പി സ്വാമി കാർമ്മികത്വം വഹിക്കുകയുണ്ടായി.
(https://www.arre.co.in/coronavirus/priest-gujarat-godman-covid-19-prasad-with-saliva/)

വിവാദങ്ങളില്ല, രാജ്യദ്രോഹമില്ല, അന്യമത ഉപജാപ ആരോപണങ്ങളൊന്നുമില്ല. സാമുധായിക ബഹിഷ്കരണങ്ങളൊ ഐത്ത ആഹ്വാനങ്ങളൊ ഇല്ല !!

ഏതെങ്കിലും മുസ്‌ലിം മൊല്ല തന്റെ കുഞ്ഞാടുകൾക്കായി മന്ത്രിച്ച് ഊതി വെള്ളം കൊടുക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളുന്നവർ കേക്കിൽ മെഴുകുതിരി കത്തിച്ചു വെച്ച് ഊതി പാറിച്ച കഷ്ണങ്ങൾ ആഹ്ളാദത്തോടെ പങ്കിടാറുണ്ട്.
എന്ന് വേണ്ട ഗോമൂത്രം ആർത്തിയോടെ കുടിക്കുന്നവരും (https://youtu.be/D4QBjXydTkQ), ചാണകം ഭക്തിയോടെ തിന്നുന്നവരും (http://malayalam.news18.com/news/buzz/video-of-a-doctor-eating-cow-dung-goes-viral-in-social-media-km-474433.html) ചാണകത്തിൽ കുളിക്കുന്നവരുമൊക്കെ (https://youtu.be/BwEY_cGyoLM) (https://youtu.be/AnR6tNSLbOw) ശുചിത്വശാസ്‌ത്ര പണ്ഡിതരായി രൂപാന്തരപ്പെടുന്നു. ഇതൊക്കെ കാണുന്നവരിൽ ആരും സാധാരണക്കാരനായ ഒരു ഹിന്ദുവിന്റെ ഹോട്ടലിലെ ഭക്ഷണത്തിൽ തുപ്പൽ പ്രസാദമൊ ഗോമൂത്രമൊ ചാണകപ്പൊടിയൊ കലർത്തിയിട്ടുണ്ടാവുമോ എന്ന ഭീതിപ്പെടാത്തതെന്ത് ?! ‘ഇന്ത്യക്കാർ ചാണക ഭോജികളാണെന്ന’ തലക്കെട്ടിൽ ഈ വീഡിയോകൾ വിദേശ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ദേശവിരുദ്ധതയുടെ ഒരു സൂചന പോലും ആർക്കും ലഭിക്കുന്നില്ല. കൂടി വന്നാൽ ഒന്ന് ചിരിച്ചു തള്ളുകയല്ലാതെ അതിനപ്പുറം കാടുകയറാൻ ആരും മെനക്കെടാറില്ല.!

മറുപടിയിലേക്ക് വരാം. ഈ ന്യൂനപക്ഷ വിധ്വേഷ പ്രചാരകർ ബോധപൂർണ്ണം മറച്ചു പിടിക്കുന്ന ചില വസ്തുതകൾ ഹ്രസ്വമായി രേഖപ്പെടുത്തട്ടെ:

1. ഭക്ഷണത്തിൽ ക്വുർആനൊ മറ്റെന്തെങ്കിലുമൊ മന്ത്രിച്ച് ഊതുന്നതൊ തുപ്പുന്നതൊ അനാചാരമാണ്. അഥവാ ഭക്ഷണത്തിലൊ പാനീയത്തിലൊ മന്ത്രിച്ചൂതുന്നതൊ തുപ്പുന്നതൊ, വിശ്വാസികൾ പുലർത്തേണ്ട ഒരു പൊതു ആചാരമൊ പുണ്യകർമ്മമൊ ആയി ഇസ്‌ലാം (അഥവാ ക്വുആനൊ സ്വഹീഹായ ഹദീസുകളൊ) എവിടെയും പഠിപ്പിച്ചിട്ടില്ല. എന്നല്ല, ഭക്ഷണ പാനീയങ്ങളിൽ തുപ്പുന്നതും ഊതുന്നതും വൃത്തികേടും വിരോധിക്കപ്പെട്ടതുമായാണ് പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്.

നബി (സ) പറഞ്ഞു:

(نهى أن يتنفس في الإناء أو ينفخ فيه)

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: “പാത്രത്തിൽ ഊതുന്നതും ഉമിനീർ ചീറ്റുന്നതും തീർച്ചയായും പ്രവാചകൻ (സ) നിരോധിച്ചിരിക്കുന്നു.” (തുർമുദി: 1810, അബൂദാവൂദ്: 3240, സ്വഹീഹുൽ ജാമിഅ്: 6820)

ഇമാം ശൗകാനി (റ) പറഞ്ഞു: പാത്രത്തിൽ ചീറ്റുക എന്നതിലെ ‘പാത്ര’ത്തിൽ, ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമായ പാത്രങ്ങളെല്ലാം ഉൾപ്പെടുന്നു… കാറ്റ് ചീറ്റുമ്പോൾ വെള്ളത്തെ അശുദ്ധമാക്കുന്ന വൃത്തികേടുകൾ വഹിക്കുന്ന ഉമിനീരും തുപ്പലുമെല്ലാം മിക്കവാറും അവയിൽ കലരാതിരിക്കില്ല. ചൂടാറ്റാൻ പോലും ഊതാൻ പാടില്ല. ചൂട് ആറിയതിന് ശേഷമാണ് ഭക്ഷണപാനീയങ്ങൾ കഴിക്കേണ്ടത്.
(നൈലുൽ ഔത്വാർ: 8/221)

ഇമാം മുനാവി തന്റെ ‘ഫൈദുൽ കദീറി’ലും (6/346) ഇതു തന്നെ സൂചിപ്പിക്കുന്നു.

ഇബ്നു ഹജർ പറഞ്ഞു: ഊത്തിനേക്കാൾ ശക്തമാണ് ചീറ്റൽ. ഈ രണ്ട് കാര്യങ്ങളും വെറുക്കപ്പെട്ടതാണ്.

ഇബ്നുൽ മുഫ്‌ലിഹ് അൽ ഹമ്പലി പറയുന്നു: ഭക്ഷണ പാനീയങ്ങളിൽ ഉമിനീരോടെ ചീറ്റൽ വെറുക്കപ്പെട്ടിരിക്കുന്നു… ഇക്കാര്യത്തിൽ ഊതലും ചീറ്റലും മതം സമമായി കാണുന്നു.
(അൽ ആദാബുശ്ശറഇയ്യ: 3/167)

നബി (സ) പറഞ്ഞു:
(إذا شرب أحدكم فلا يتنفس في الإناء)

“നിങ്ങളിലാരെങ്കിലും വെള്ളം കുടിക്കുകയാണെങ്കിൽ ആ പാത്രത്തിൽ അവൻ ഊതരുത്.”
(സ്വഹീഹുൽ ബുഖാരി: 149, സ്വഹീഹു മുസ്‌ലിം: 3780)

ഇബ്നു ഹജർ പറഞ്ഞു: “വൃത്തിയിലും ശുദ്ധിയിലും അങ്ങേയറ്റം കാർക്കശ്യം പുലർത്തുക എന്ന ലക്ഷ്യത്തോടെ അന്ന പാനീയമര്യാദകളെ ക്രമീകരിക്കുകയാണ് വെള്ളത്തിൽ ഊതരുത് എന്ന വിലക്കിന്റെ ഉദ്ദേശ്യം. കാരണം ഊത്തിനൊപ്പം തുപ്പലും, കഫവും, ദുർവായുവുമെല്ലാം പുറപ്പെട്ടെന്നിരിക്കും. അപ്പോൾ അന്നപാനീയങ്ങൾ ദുർഗന്ധമുളവാക്കുന്നതൊ മലിനമൊ ഒക്കെയായി പരിണമിക്കും. ഇത് സ്വന്തത്തിനൊ മറ്റുള്ളവർക്കൊ ദോഷകരമായി മാറും.”
(ഫത്ഹുൽ ബാരി: 1:305)

2) പ്രവാചകൻ (സ) ഭക്ഷണത്തിലൊ വെള്ളത്തിലൊ തന്റെ ഉമിനീർ കലർത്തിയതായി ചില ഹദീസുകളിൽ വന്നിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും അതെല്ലാം അദ്ദേഹത്തിൽ പരിമിതമായ, ‘മുഅ്ജിസത്തി’ന്റെ ഭാഗം മാത്രമായാണ്. ദൈവദൂതന്മാരിലൂടെ – അവരുടെ പ്രവാചകത്വത്തിന് തെളിവും പിന്തുണയുമായി – ദൈവം പ്രകടിപ്പിക്കുന്ന ദിവ്യാത്ഭുതങ്ങളും അമാനുഷിക ദൃഷ്ടാന്തങ്ങളുമാണ് ‘മുഅ്ജിസത്’. സ്വഭാവികമായും അവ ദൈവദൂതന്മാരല്ലാതെ മറ്റാരിൽ നിന്നും പ്രകടമാവുകയൊ സാധ്യമാവുകയൊ ചെയ്യുകയില്ല. എന്ന് മാത്രമല്ല, ഇത്തരം ദിവ്യാത്ഭുതങ്ങളും അമാനുഷിക ദൃഷ്ടാന്തങ്ങളുമൊന്നും ദൈവദൂതന്മാരുടെ സ്വന്തം കഴിവിൽ പെട്ടതല്ലാത്തതിനാൽ തന്നെ അവയിൽ സ്വതന്ത്രമായ കൈകാര്യ കർതൃത്വമൊ വിനിയോഗമൊ ദൈവദൂതന്മാർ പോലും ഉടമപ്പെടുത്തുന്നില്ല എന്ന് ക്വുർആൻ അർത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നുണ്ട്:

“നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല…”
(പരിശുദ്ധ ക്വുർആൻ: 13:18)

“നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്‌… യാതൊരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍ അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌….”
(പരിശുദ്ധ ക്വുർആൻ: 40:78)

വസ്തുത ഇതായിരിക്കെ ദൈവദൂതന്മാരല്ലാത്ത മറ്റു മഹാന്മാർക്കൊ പുണ്യാളന്മാർക്കൊ ഇത്തരം ദിവ്യാത്ഭുതങ്ങൾ, തങ്ങളുടെ ഇഷ്ടാനുസാരം പ്രകടിപ്പിക്കാനൊ പ്രചരിപ്പിക്കുവാനൊ സാധ്യമല്ല. നജസ് (മലമൂത്രവിസർജ്യങ്ങൾ പോലെ) അല്ലാത്ത, ഉമിനീര് പോലെയുള്ള പ്രവാചകന്റെ (സ) ചില തിരുശേഷിപ്പുകൾക്ക് ദൈവീകമായ അനുഗ്രഹം ദൈവം അവൻ ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിൽ കനിഞ്ഞരുളിയിട്ടുണ്ട്.
[ലോകത്ത് മുഹമ്മദ് നബിയുടേതായി (സ) അറിയപ്പെടുന്ന ശേഷിപ്പുകളെ സംബന്ധിച്ച് ഗവേഷണം നടത്തിയവർ സംശയങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും മുക്തമായ നിലയിൽ പ്രവാചകന്റേതെന്ന് സ്ഥാപിതമായ ഒരു ശേഷിപ്പും ഇക്കാലഘട്ടത്തിൽ കണ്ടെത്താൻ സാധ്യമല്ല എന്ന് വ്യക്തമാക്കുന്നുണ്ട് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.
(അൽ ആസാറുന്നബവിയ്യ: അഹ്മദ് തൈയ്മൂർ പാശാ: 78)]

പ്രവാചകാനുചരന്മാർ അങ്ങേയറ്റം വിശന്നുവലഞ്ഞ സന്ദർഭത്തിൽ, അടുപ്പത്ത് ഒരു ചെറു പാത്രത്തിൽ വേവുന്ന ഭക്ഷണത്തിൽ പ്രവാചകൻ (സ) തുപ്പുകയും, ആധിക്യത്തിനായി പ്രാർത്ഥിക്കുകയും, ആ തുപ്പുനീരിലൂടെ പ്രകടമായ ‘മുഅ്ജിസത്തി’ലൂടെ ഭക്ഷണം വർധിക്കുകയും ആയിരങ്ങൾ വിശപ്പടക്കുകയും ചെയ്തതായി സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. (സ്വഹീഹുൽ ബുഖാരി: 3876)

وَهُمْ أَلْفٌ فَأُقْسِمُ بِاللَّهِ لَقَدْ أَكَلُوا حَتَّى تَرَكُوهُ وَانْحَرَفُوا وَإِنَّ بُرْمَتَنَا لَتَغِطُّ كَمَا هِيَ وَإِنَّ عَجِينَنَا لَيُخْبَزُ كَمَا هُوَ

ഒരു ചെറു പാത്രത്തിൽ നിന്ന് ആയിരം പേർ ഭക്ഷിച്ചുവെന്ന ദിവ്യാൽഭുതം പ്രവാചകാനുചരൻ ജാബിർ അത്ഭുത ചകിതനായി ഹദീസിലൂടെ പങ്കു വെക്കുന്നുണ്ട്.

مِن أيِّ شيءٍ تَعجبُ؟! ما كانتْ تُمَدُّ إلَّا مِن ها هنا- وأَشارَ بِيدِه إلى السَّماءِ.

ഒരു കലത്തിൽ നിന്നും, പത്തുപേർ പത്തുപേർ വീതം രാത്രി വരെ സുഭിക്ഷമായി ഭക്ഷണം കഴിച്ചതായി പ്രവാചക ശിഷ്യൻ സമുറത്തിബ്നു ജുന്ദുബ് പറഞ്ഞപ്പോൾ ചിലർ ചോദിച്ചു: എവിടെ നിന്നാണ് ഭക്ഷണം ഇത്രയും വർധിച്ചത് ?! അപ്പോൾ സമുറ ആകാശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു: എന്തിനാണ് നിങ്ങൾ അത്ഭുതപ്പെടുന്നത് ?! അതാ, അവിടെ (ദൈവത്തിൽ) നിന്നാണ് അവ വർധിച്ചു കൊണ്ടിരുന്നത്.
(തഖ്‌രീജു മിശ്കാതിൽ മസ്വാബീഹ്: 5871)

ഇമാം ബൈഹക്വി തന്റെ ‘ദലാഇലുന്നുബുവ്വ’ (പ്രവാചകത്വത്തിന്റെ ദൃഷ്ടാന്തങ്ങൾ) എന്ന ഗ്രന്ഥത്തിൽ
ﺑﺎﺏ ﻣﺎ ﻇﻬﺮ ﻓﻲ اﻟﻄﻌﺎﻡ اﻟﺬﻱ ﺩﻋﻲ ﺇﻟﻴﻪ ﺃﻳﺎﻡ اﻟﺨﻨﺪﻕ ﻣﻦ اﻟﺒﺮﻛﺔ ﻭﺁﺛﺎﺭ اﻟﻨﺒﻮﺓ
‘പ്രവാചകത്വത്തിന്റെ തെളിവുകളിൽ പെട്ടതാണ് ഖന്ദക്ക് ദിവസങ്ങളിൽ ഭക്ഷണത്തിൽ പ്രകടമായ വർദ്ധനവ്’ എന്ന അധ്യായത്തിലാണ് ചർച്ചാ വിഷയകമായ ഹദീസ് ഉദ്ധരിക്കുന്നത്.
(ദലാഇലുന്നുബുവ്വ: 3:422)

പ്രവാചകത്വത്തിന്റെ അടയാളങ്ങൾ ഉള്ളടങ്ങുന്നതും മഹത്തരമായ മുഅ്ജിസത്തുകളെ സംബന്ധിച്ച് സൂചിപ്പിക്കുന്നതുമാണ് ഈ ഹദീസ് എന്ന് ഇമാം നവവി രേഖപ്പെടുത്തുന്നു.
(ശർഹു മുസ്‌ലിം: 13:217, 218)

പ്രവാചക ശിഷ്യൻ അലിക്ക്(റ) കണ്ണിൽ രോഗം ബാധിച്ച സന്ദർഭത്തിൽ പ്രവാചകൻ (സ) തന്റെ തുപ്പുനീര് അദ്ദേഹത്തിന്റെ കണ്ണിൽ ചാലിച്ച് രോഗ ശമനത്തിനായി പ്രാർത്ഥിച്ചതായും ഹദീസിൽ വന്നിട്ടുണ്ട്.
ﻓﺒﺮﺃ ﺣﺘﻰ ﻛﺄﻥ ﻟﻢ ﻳﻜﻦ ﺑﻪ ﻭﺟﻊ
“ഒരു രോഗം തന്നെ ഉണ്ടായിരുന്നില്ല എന്ന കണക്കെ രോഗം ബേധമായി” എന്നാണ് തുടർന്നുകൊണ്ട് പ്രവാചകാനുചരന്മാർ പ്രസ്ഥാവിക്കുന്നത്.”
(സ്വഹീഹുൽ ബുഖാരി: 3701)

ഇമാം ശൗകാനി പറഞ്ഞു: “പ്രവാചകനിലൂടെ സംഭവിച്ച പ്രത്യക്ഷമായ’മുഅ്ജിസത്തു’കളിൽ പെട്ടതാണ് ഉമിനീരു കൊണ്ടുണ്ടായ ഈ രോഗശമനം.”
(നൈലുൽ ഔത്വാർ: 8:36 )

ദൈവദൂതന്മാരിലൂടെ – അവരുടെ പ്രവാചകത്വത്തിന് തെളിവും സഹായവുയുമായി – ദൈവം പ്രകടിപ്പിക്കുന്ന ദിവ്യാത്ഭുതങ്ങളും അമാനുഷിക ദൃഷ്ടാന്തങ്ങളുമാണ് ‘മുഅ്ജിസത്’ എന്നും അവ ദൈവദൂതന്മാരല്ലാതെ മറ്റാരിൽ നിന്നും പ്രകടമാവുകയൊ സാധ്യമാവുകയൊ ചെയ്യുകയില്ലെന്നും സൂചിപ്പിച്ചുവല്ലൊ. അതുകൊണ്ട് തന്നെ മുഹമ്മദ് നബിയുടെ (സ) ഉമിനീരിനൊ മറ്റു ചില ശേഷിപ്പുകൾക്കൊ ഉള്ളതായ ഈ സവിശേഷത അദ്ദേഹത്തിന്റെ സമുദായത്തിൽ ലോകാവസാനം വരെ ഒരു മഹാനും അവകാശപ്പെടാൻ സാധ്യമല്ല. പ്രവാചക ശിഷ്യന്മാർ പോലും അത്തരമൊരു സവിശേഷത അവകാശപ്പെടുകയൊ വാദിക്കുകയൊ ചെയ്തിട്ടില്ല. അവരാരും പരസ്പരം മന്ത്രിച്ച് ഊതിയതൊ തുപ്പിയതൊ ആയ ഭക്ഷണ പാനീയങ്ങൾ കഴിക്കുകയൊ മറ്റുള്ളവരെ കഴിപ്പിക്കുകയൊ ചെയ്തിട്ടില്ല. തങ്ങളുടെ ശേഷിപ്പുകൾക്കും ഉച്ചിഷ്ടങ്ങൾക്കും ഏതെങ്കിലും വിധത്തിൽ പവിത്രതയൊ പ്രത്യേകതയൊ ഉണ്ടെന്ന് പൂർവ്വസൂരികളായ സച്ഛരിതർ ആരും വാദിച്ചിട്ടില്ല. ഇമാം ശാത്വിബി പറഞ്ഞു: പ്രവാചകന്റെ (സ) മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുചരന്മാരിൽ ആരും തന്നെ അവരുടെ ശിഷ്ടങ്ങൾ കൊണ്ട് അനുഗ്രഹം പരസ്പരം എടുക്കുകയൊ അവരുടെ ഇളതലമുറക്കാരായ മറ്റാരെയെങ്കിലും അനുഗ്രഹം എടുക്കാൻ അനുവദിക്കുകയൊ ചെയ്തിട്ടില്ല. അബൂബക്കറിനേക്കാൾ(റ) ഉത്തമനായ മറ്റാരെയും തന്റെ ശിഷ്യന്മാരിൽ പ്രവാചകൻ (സ) വിട്ടേച്ചു പോയിട്ടില്ല. പ്രവാചകന്റെ(സ) ഖലീഫ (പ്രതിനിധി) ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശേഷിപ്പുകളെ അനുഗ്രഹമെടുക്കാനായി മുസ്‌ലിംകൾ സ്വീകരിച്ചിട്ടില്ല. അബൂബക്കറിന്(റ) ശേഷം മുസ്‌ലിം സമുദായത്തിലെ ഏറ്റവും ഉത്തമനായിരുന്നു ഉമർ (റ). ശേഷം ഉസ്മാൻ (റ)… ശേഷം അലി (റ)… ശേഷം സർവ്വ പ്രവാചകാനുചരന്മാരും. അവരാരും തന്നെ തങ്ങളുടെ ശിഷ്ടങ്ങൾ കൊണ്ട് അനുഗ്രഹം പരസ്പരം എടുക്കുകയൊ അവരുടെ ഇളതലമുറക്കാർക്ക് അനുഗ്രഹം എടുക്കാൻ അനുവദിക്കുകയൊ ചെയ്തതായി സ്വഹീഹായ ഒരു നിവേദനത്തിലൂടെയും സ്ഥാപിതമായിട്ടില്ല… ഇക്കാര്യത്തിൽ അവരിൽ നിന്നും ഇജ്മാഅ് (ഏകാഭിപ്രായം) സ്ഥാപിതമായതാണ്.” (അൽ ഇഅ്തിസ്വാം: 8:2-9) എന്ന് മാത്രമല്ല “മന്ത്രിക്കാൻ ആവശ്യപ്പെടാത്തവരും തങ്ങളുടെ രക്ഷിതാവായ ദൈവത്തിൽ ഭരമേൽപ്പിക്കുന്നവരുമാണ് സ്വർഗത്തിൽ വിചാരണയും ശിക്ഷയുമില്ലാതെ പ്രവേശിക്കുന്ന എഴുപതിനായിരത്തിൽ ഉൾപ്പെടുക” (സ്വഹീഹുൽ ബുഖാരി: 5705, 6472, സ്വഹീഹു മുസ്‌ലിം: 218, സ്വഹീഹു ഇബ്നുഹിബ്ബാൻ: 6084) എന്നും നബി (സ) തന്റെ അനുചരന്മാരെ പഠിപ്പിച്ചു.

പിൽകാലക്കാരായ ചില പുരോഹിത ചൂഷകവൃന്ദം മതത്തെ കച്ചവടവൽക്കരിക്കാനായി സമുദായത്തിൽ കൂട്ടി ചേർത്ത അനാചാരങ്ങളാണ് ഇത്തരം മന്ത്രിച്ചൂതിയ പൂജാദ്രവ്യങ്ങൾ. മുഹമ്മദ് നബി (സ), ദൈവത്തിൽ നിന്നുള്ള മുഅ്ജിസത്തിലൂടെ ഭക്ഷണം വർധിപ്പിച്ച് പാവപ്പെട്ട ആയിരങ്ങളുടെ വിശപ്പടക്കുകയും രോഗം മാറ്റുകയും ചെയ്തപ്പോൾ പ്രതിഫലമായി ഒന്നും കൈപ്പറ്റിയിരുന്നില്ല. ഇന്ന് മന്ത്രിച്ചൂത്തും പൗരോഹിത്യ മന്ത്രതന്ത്രങ്ങളും പൂജാവിധികളുമൊക്കെ കച്ചവടമായി പരിണമിച്ചിരിക്കുന്നു; മുസ്‌ലിംകൾക്കിടയിലും ഇതര മതസമൂഹങ്ങൾക്കിടയിലും ഒരു പോലെ. ഇത്തരം അനാചാരങ്ങൾ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് വ്യാജ മരുന്നുകച്ചവടത്തിനു കാരണം വൈദ്യശാസ്‌ത്രമാണെന്നും മാരകായുധങ്ങൾക്ക് കാരണം യന്ത്രശാസ്‌ത്രമാണെന്നും എന്നും പോലെ ഭോഷത്തമാണ്.

3) ഏത് മത പ്രമാണങ്ങളിലാണ് തുപ്പുനീരും, ഉമിനീരുമെല്ലാം ഉപയോഗിക്കുന്നതിനെ സംബന്ധിച്ച പരാമർശങ്ങളില്ലാത്തത് എന്ന് ഇസ്‌ലാമിനു മേൽ കുതിര കയറുന്നതിന് മുമ്പ് വിവർശകർ ഒന്ന് വ്യക്തമാക്കേണ്ടതുണ്ട്. മുഹമ്മദ് നബിക്ക്(സ) നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ യേശു തുപ്പുനീരു കൊണ്ട് ചികിത്സിച്ചതായി ബൈബിളിൽ പുതിയ നിയമത്തിൽ പോലും പരാമർശിക്കുന്ന ഒട്ടനവധി വചനങ്ങൾ വിമർശകർ ഏത് മാളത്തിലാണ് ഒളിപ്പിച്ചു വെക്കുക !?:

“ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ
കണ്ണിന്മേൽ പൂശി. “നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക” എന്നു അവനോടു പറഞ്ഞു;
ശിലോഹാം എന്നതിന്നു അയക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണു
കാണുന്നവനായി മടങ്ങിവന്നു.”
(ബൈബിൾ: യോഹന്നാൻ: 9:6)

“അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ
മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു… ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി
സംസാരിച്ചു.”
(ബൈബിൾ: മാർക്കോസ്: 7: 32-35)

“അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു
അവനെ തൊടേണമെന്നു അപേക്ഷിച്ചു. അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: “നീ വല്ലതും കാണുന്നുണ്ടോ” എന്നു ചോദിച്ചു.”
(ബൈബിൾ: മാർക്കോസ്: 8: 23)

ഈ ദിവ്യാത്ഭുതങ്ങൾക്ക് എന്ത് മറുപടിയാണ് ക്രിസ്ത്യൻ സമൂഹത്തിന് പറയാനുള്ളത്, അതു തന്നെ പ്രതിവചിക്കുവാനുള്ള അവകാശം മുസ്‌ലിം സമുദായത്തിനില്ലെ?!

ഇനി ഹൈന്ദവ ദർശനങ്ങളിലൂടെ കണ്ണോടിക്കുമ്പോഴും ഒരു നിഷ്പക്ഷമതിക്ക് ദർശിക്കാൻ കഴിയുന്ന കാഴ്ച്ച തെല്ലും വ്യത്യസ്ഥമല്ല. അഥർവ്വവേദ സംഹിത നിഷ്കർഷിക്കുന്ന സുഖകരൗഷധങ്ങളിലും ‘തുപ്പുനീരിന്റെ നനവ്’ അനുഭവവേദ്യമാണ് എങ്കിലും അത്തരം വരികളൊന്നും വിമർശകരെ തെല്ലും അലട്ടുന്നില്ല !

‘ചികിത്സകൻ ശരീരത്തിലെ ചലക്കുരുകളുടെ മുകളിൽ, അരച്ച ഇത്തളൊ നായയുടെ വായ് നീരൊ വെച്ച് പുരട്ടുകയും അട്ട, ഈച്ച തുടങ്ങിയവയെ കൊണ്ട് അവ കടിപ്പിക്കണമെന്നും’ (അഥർവ്വവേദ സംഹിത: 6:83) ‘വ്രണങ്ങളിൽ പൊടിച്ച കല്ലുപ്പ് തേച്ച് അതിൻമേൽ തുപ്പണമെന്നും’ (അഥർവ്വവേദ സംഹിത: 6:83, കൗസിക സൂത്ര: 31:11-15) നിഷകർഷിക്കപ്പെട്ടിരിക്കുന്നു.
(MEDICINE IN THE VEDA: RELIGIOUS HEAUNG IN THE VEDA: Kenneth G Zysk: Page: 84,85.  MOTILAL BANARSIDASS PUBLISHERS PRIVATE LIMITED • DELHI: First Indian Edition Delhi, 1996)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.