വാർധക്യം ഒറ്റപ്പെടുത്താനുള്ളതല്ല; ചേർത്തുപിടിക്കാനുള്ളതാണ്

//വാർധക്യം ഒറ്റപ്പെടുത്താനുള്ളതല്ല; ചേർത്തുപിടിക്കാനുള്ളതാണ്
//വാർധക്യം ഒറ്റപ്പെടുത്താനുള്ളതല്ല; ചേർത്തുപിടിക്കാനുള്ളതാണ്
ആനുകാലികം

വാർധക്യം ഒറ്റപ്പെടുത്താനുള്ളതല്ല; ചേർത്തുപിടിക്കാനുള്ളതാണ്

സംവിധായകൻ കെ. ജി. ജോർജിന്റെ നിര്യാണത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്ന ചർച്ചയാണ് വയോധികരെ വീട്ടിൽ തന്നെ നിർത്തണോ അതോ വൃദ്ധസദനങ്ങളിലേക്ക് മാറ്റിപാർപ്പിക്കേണ്ടതുണ്ടോ എന്നത്. ‘വൃദ്ധസദനം’ എന്ന് പറയുമ്പോൾ അതിന് നിലവാരം കുറയുമെന്ന് തോന്നുന്നത് കൊണ്ടാവാം അസിസ്സ്റ്റട് ലിവിംഗ് (assisted living), റിടയർമെന്റ് ഹോം (retirement home), സീനിയർ ലിവിംഗ് കമ്മ്യൂണിറ്റീസ്, (senior living communities), സീനിയർറെസിഡൻസസ് (senior residence), തുടങ്ങിയ പേരുകളിലാണ് ചർച്ചകൾ നടക്കുന്നത്. ഒരാളുടെ ജീവിതം നിലനിർത്താൻ മറ്റൊരാളുടെ ജീവിതം ഹോമിക്കേണ്ടതുണ്ടോ എന്നതാണ് പരോക്ഷമായി ചർച്ചയുടെ കാതൽ.

സോ കാൾഡ് വൃദ്ധസദനങ്ങളിൽ നിന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് ഒരുപാട് വ്യതിരിക്തകളുണ്ട്. വൃദ്ധസദനം എന്ന് പറയുമ്പോൾനമ്മുടെ മനസ്സിൽ എത്തുന്ന കാഴ്ച്ചകൾ, സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് വൃദ്ധർ, അതിൽ കൂടുതലും കടുത്ത ശാരീരികഅസ്വസ്ത്ഥകൾ അനുഭവിക്കുന്നവർ, ഓർമക്കുറവും മാനസിക ദൗർബല്യങ്ങളും മൂലം പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നവർ, മുഷിഞ്ഞ വസ്ത്രം ധരിച്ചവർ, അറ്റകുറ്റപണികൾ നടക്കാത്ത പഴയ കെട്ടിടം, വൃത്തിഹീനമായ പരിസരം, സന്നദ്ധ സംഘടനകൾ നൽകുന്ന വസ്ത്രങ്ങളും ഭക്ഷണവും, സ്കൂൾ-കോളേജ് കുട്ടികളുടെ സന്ദർശനങ്ങൾ. എന്നാൽ മേൽപറഞ്ഞ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ഉത്തരാധുനിക വൃദ്ധസദനങ്ങളിൽ കാണാനാവുക, നക്ഷത്ര ഹോട്ടലുകളെ വെല്ലുന്നകെട്ടിടങ്ങൾ, പ്രൈവറ്റ് കോട്ടേജുകൾ, റെസ്റ്റോറന്റുകളിലെ പോലെ ഓരോ നേരവും വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, പരിചരിക്കാൻ പ്രൊഫഷനൽ ആയമാർ, നഴ്സുമാർ, ഡോക്ടർമാർ, വിനോദങ്ങൾക്കായി സിനിമാശാലകൾ, പാർക്കുകൾ, സ്വിമിംഗ് പൂളുകൾ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും. ഇത്രയും മികച്ച സൗകര്യം മാതാപിതാക്കൾക്ക് കൊടുക്കാൻ തയ്യാറാകുന്നത് തന്നെ വലിയ മഹത്വമായിട്ടാണ് പലരും അവതരിപ്പിക്കുന്നത്. ഇവരിൽ പലരും ധരിച്ചുവെച്ചിരിക്കുന്നത് വീടിനേക്കാൾ സൗകര്യംകുറഞ്ഞ സ്ഥലത്തേക്ക് വൃദ്ധരായവരെ മാറ്റുന്നതിനെയാണ് പഴയ തലമുറ എതിർത്തിരുന്നതും സമൂഹം മോശമായി ചിത്രീകരിച്ചിരുന്നതുമെന്നാണ്‌. പഞ്ചനക്ഷത്ര സൗകര്യത്തോടെ ഒരു വീട്ടിൽ അനുഭവിക്കന്നതിനേക്കാൾ സുഖാനുഭൂതികളോടെയും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും ലഭിക്കുമെങ്കിൽ അതിലെന്താണിത്ര പ്രശ്നമെന്ന ചിന്തയിലാണ്‌ പലരും.

ആരാണ്‌ വയോധികർ?

പ്രായം കൊണ്ട്‌ ശരാശരി മനുഷ്യായുസ്സിന്റെ എൺപത്‌ ശതമാനമെങ്കിലും പിന്നിട്ടവരെ പൊതുവെ വയോധികർ എന്ന് വിളിക്കും. ഓരോ സമൂഹത്തിലും ഇതിന്റെ നിർവചനം‌ വ്യത്യസ്തമാണ്‌. ഇൻഡ്യയിൽ നിയമപ്രകാരം അറുപത്‌ വയസ്സ്‌ പിന്നിട്ടവരെയാണ്‌ വയോധികർ അഥവാ സീനിയർ സിറ്റിസൺസ്‌ എന്ന് വിളിക്കുന്നത്‌.

എന്തുകൊണ്ട്‌ വയോധികർ ഭാരമാകുന്നു?

പ്രായം കൂടുന്തോറും കൂടിവരുന്ന ശാരീരിക പ്രശ്നങ്ങൾ, മനസ്സ്‌ എത്തുന്നിടത്ത്‌ ശരീരമെത്താത്ത അവസ്ഥ, പലതരം അസുഖങ്ങൾ, ദിനചര്യകൾ ചെയ്ത്‌ തീർക്കാൻ പോലും പരസഹായം വേണ്ടിവരുന്ന അവസ്ഥ, വാർദ്ധക്യത്തിൽ കണ്ടുവരുന്നപിടിവാശി, ശാരീരിക ശേഷി കുറഞ്ഞത്‌ മൂലം ഉടലെടുക്കുന്ന അപകർഷതാ ബോധം, മറ്റുള്ളവർക്ക്‌ താനൊരു ഭാരമായി മാറുമോയെന്ന അമിതമായ ഉത്‌ക്കണഠ, സാമ്പത്തികമായ പരാശ്രയത്വത്തിൽ നിന്നുണ്ടാകുന്ന സ്വയം മതിപ്പില്ലായ്‌മ തുടങ്ങി അനേകം സങ്കീർണ്ണമായ ശാരീരിക-മാനസിക വെല്ലുവിളികളിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ജീവിതത്തിന്റെ സായഹ്നമാണ്‌ വാർധക്യം.

ഈ സമയത്ത്‌ വാർധക്യത്തിലെത്തിയവരുടെ ഉറ്റവരായവർക്ക്‌‌ ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരുപാട്‌ സമയം ചെലവഴിക്കേണ്ടതായി വരുന്നു. പലപ്പോഴും പരിചരിക്കുന്ന ആളുടെ ക്ഷമയെ കടന്നാക്രമിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടാകും. സ്വയം പ്രാഥമിക കർമങ്ങൾ പോലും ചെയ്യാൻ കഴിയാത്തവരാണെങ്കിൽ മക്കൾക്ക്‌ തങ്ങളുടേതായ പലതും ത്യജിച്ചു കൊണ്ട്‌ തന്നെ വയോധികരുടെ കൂടെ നിൽക്കേണ്ടതായിട്ട്‌ വരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ്‌ പലരും ‌എന്ത്‌ കൊണ്ട്‌ ഇവരെ നല്ലൊരു റിട്ടയർമെന്റ്‌ ഹോമിൽ ആക്കിക്കൂടാ എന്ന് ചിന്തിക്കുന്നത്. പ്രത്യക്ഷത്തിൽ സമയമാണ്‌ പ്രശ്നമെങ്കിലും‌, ഈചിന്തയിലേക്ക്‌ നയിക്കുന്ന പരോക്ഷമായ മറ്റൊരു കാര്യം വയോധികർ കറവ വറ്റിയ പശുക്കളെ പോലെയാണെന്നതാണ്‌. മനുഷ്യവിഭവശേഷി എന്ന നിലയിൽ ഒരു വയോധികന്റെ ശരീരം കൊണ്ടോ ബുദ്ധി കൊണ്ടോ ഇനി ഒന്നും ഉത്പാദിക്കപ്പെടാനില്ല.

കരിയർ ഫോക്കസ്ഡ്‌ മക്കൾ

വൃദ്ധരായ മാതാപിതാക്കളുടെ മക്കൾക്ക്‌ സമയം എന്ത്‌ കൊണ്ട്‌ ഒരു പ്രശ്നമാകുന്നു എന്ന് അന്വേഷിച്ചാൽ ലഭിക്കുന്ന ഉത്തരം ഇന്നത്തെ ലോകക്രമം കരിയർ ഫോക്കസ്ഡ്‌ ആണെന്നതാണ്‌. ആണായാലും പെണ്ണായാലും താൻ ഇഷ്‌ടപ്പെടുന്ന കരിയറിൽ പരമാധി ഉയരത്തിലെത്താനുള്ള ത്വര. സ്വന്തമായി സമ്പാദിക്കാനുള്ള ശേഷി എത്രത്തോളം കൈവരിക്കുന്നുവോ അത്രയും താൻ പരാശ്രയമുക്തനാകുമെന്നും‌ (independent) ആകുമെന്ന് നവലിബറൽ പൊതുബോധം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ സുരക്ഷ (security) സമ്പത്തിൽ മാത്രമാണെന്നും സമ്പത്ത്‌ കുറയുന്തോറും നമ്മൾ അരക്ഷിതാവസ്ഥയിൽ(unsecured)‌ ആകുമെന്നുമുള്ള ഭീതി ഇത്‌ നമ്മിൽ ജനിപ്പിക്കുന്നു.

അത്‌ കൊണ്ട്‌ തന്നെ തന്റെ കരിയറിന്‌ മുന്നിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന ‌എന്തിനെയും തട്ടിമാറ്റാൻ ഇവർ ശ്രമിക്കും. ഭർത്താവിന്‌ ഭാര്യയും, ഭാര്യക്ക്‌ ഭർത്താവും, മാതാപിതാക്കൾക്ക്‌ മക്കളും എല്ലാം ഇങ്ങനെ തടസ്സമാകുമെങ്കിലും ഇവരൊന്നും വാർധക്യത്തിലെത്തിയിട്ടുള്ളവരല്ലാത്തതിനാൽ കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നില്ല. എന്നാൽ മക്കളുടെ കരിയറിന്‌ മുമ്പിൽ മാതാപിതാക്കൾ സൃഷ്ടിക്കുന്ന തടസ്സം ഇവിടെ പ്രശ്നവത്കരിക്കപ്പെടുന്നു. ഇതിനായി ലിബറൽ സൊസൈറ്റി തന്നെ കണ്ടെത്തുന്ന പരിഹാരമാണ്‌ പുതിയകാല വൃദ്ധസദനങ്ങളായ അസിസ്‌റ്റഡ്‌ ലിവിംഗ്‌ കമ്മ്യൂണിറ്റികൾ.

വൃദ്ധസദനങ്ങൾ ഉത്ഭവവും പരിണാമവും

‌പാശ്ചത്യൻ സംസ്കാരത്തിൽ ആംസ്‌ഹൗസ്‌ (alms house) എന്ന പേരിൽ ഉടലെടുത്ത സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരുടെ ആലയത്തിൽ നിന്നാണ്‌ വൃദ്ധസദനങ്ങളുടെ തുടക്കം. ബന്ധുക്കളായി ആരുമില്ലാത്തവർ, ശാരീരികമായി അധ്വാനിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവർ, ദാരിദ്ര്യം ബാധിച്ചവർ, വീട്‌ നഷ്ടപ്പെട്ടവർ, അനാഥർ, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അവഗണിക്കപ്പെട്ടവർ, തെരുവിൽ കഴിയുന്നവർ, വൃദ്ധർ എന്നിവർക്കായി തുടങ്ങിയ ചാരിറ്റി അടിസ്ഥാനത്തിലുള്ള സാമൂഹ്യസ്ഥാപനങ്ങളായിരുന്നു ആംസ്ഹൗസ്‌.

ക്രിസ്താബ്ദം 936 ൽ ഇംഗ്ലണ്ടിലെ യോർക്കിൽ, അന്നത്തെ രാജാവായിരുന്ന അതൽസ്റ്റാൻ, തെരുവിൽ കഴിഞ്ഞിരുന്നവർക്കും, വൃദ്ധർക്കും, ബലഹീനർക്കും വേണ്ടി പണികഴിപ്പിച്ചതാണ് ലോകത്തെ‌ ആദ്യത്തെ ആംസ്‌ഹൗസ്‌ എന്ന് കരുതപ്പെടുന്നു(1). ക്രമേണ അവഗണിക്കപ്പെടുന്ന വൃദ്ധർക്ക്‌ മാത്രമായി ഇത്തരം കേന്ദ്രങ്ങളുണ്ടായി തുടങ്ങി.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മദ്രാസ്സിൽ വെങ്കിടാഗിരി മഹാരാജാവ്‌ തുടക്കം കുറിച്ച സൗജന്യമായി കഞ്ഞിവിതരണം ചെയ്തിരുന്ന ഒരു സത്രമാണ്‌ ഇൻഡ്യയിലെ വൃദ്ധസദനങ്ങളുടെ ആദ്യകാലരൂപമായി അറിയപ്പെടുന്നത്‌. 1840 കളിൽ ഫ്രണ്ട്‌ ഇൻ നീഡ്‌ സൊസൈറ്റി ബാംഗ്ലൂർ കേന്ദ്രീകരിച്ച്‌ ഉപേക്ഷിക്കപ്പെട്ട വൃദ്ധർക്ക്‌ വേണ്ടിയുള്ള കെയർ ഹോമുകൾക്ക്‌ തുടക്കം കുറിച്ചു(2). ഇന്ന് രാജ്യത്ത്‌ ഏറ്റവും കൂടുതൽ വൃദ്ധസദങ്ങൾ ഉള്ളത്‌ കേരളിത്തിലാണ്‌. 2021 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ നിയമപ്രകാരം പ്രവർത്തിക്കുന്ന 620 വൃദ്ധസദനങ്ങളിലായി 30000 ത്തോളം പേർ കഴിയുന്നുണ്ട്‌. എന്നാൽ സർക്കാർരേഖകളിൽ പെടാത്ത ആയിത്തോളം വൃദ്ധസദനങ്ങൾ ഇതിനു പുറമെ പ്രവർത്തിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.(3)

ഈയടുത്ത കാലം വരെയും മാതാപിതാക്കളെ വൃദ്ധസദങ്ങളിലേക്കയക്കുന്നത്‌ സാമൂഹ്യമായ ഒരു തിന്മായായോ, അങ്ങേയറ്റംമോശമായ ഒരു പ്രവണതയായും നമ്മുടെ സമൂഹം കണ്ടിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികളും പുതിയ തലമുറയുടെചിന്താരീതികളും മാറിയിരിക്കുന്നു. തങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ വിദേശ നാടുകളിലേക്ക്‌ കുടിയേറുന്നവർക്ക്‌ മാതാപിതാക്കളെ ഇത്തരം കേന്ദ്രങ്ങളിലേക്കയക്കുന്നത്‌ ഒരു പ്രയാസമല്ലാതായിരിക്കുന്നു. അതുകൊണ്ട്‌ തന്നെ വൃദ്ധസദനങ്ങൾഒരു ചാരിറ്റി പ്രവർത്തനം എന്നതിൽ നിന്ന് മാറി പുതിയ കാലത്തെ ഒരു ബിസിനസ്സ്‌ മേഖല കൂടിയാണ്‌.

വൃദ്ധരുടെ എണ്ണം വർദ്ധിക്കുമ്പോൾ

എന്തുകൊണ്ടാണ് വൃദ്ധരുടെ എണ്ണം വർദ്ധിച്ചു വരികയും അവരെ പരിചരിക്കാൻ ആളില്ലാതാവുകയും ചെയ്യുന്നത്? യഥാർത്ഥത്തിൽ വൃദ്ധരുടെ എണ്ണം വർദ്ധിക്കുകയല്ല ചെയ്യുന്നത്, യുവാക്കളുടെ എണ്ണം കുറയുകയാണ്. ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിച്ച കുടുംബാസൂത്രണ പദ്ധതികളാണ് അതിൽ ഏറ്റവും പ്രധാനം. നമ്മുടെ ഒന്നോ രണ്ടോതലമുറ മുമ്പ് വരെ വിവാഹിതയായ ഒരു സ്ത്രീ ആറ് മുതൽ പന്ത്രണ്ട് കുട്ടികളെ വരെ പ്രസവിച്ചിരുന്നതായി നമുക്ക് കാണാം. ഒരുരാജ്യത്തിന്റെ ജനസംഖ്യയുടെ വിവിധ പ്രായക്കാർക്കിടയിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് കുറഞ്ഞപക്ഷം ഒരുസ്ത്രീ 2.1 കുട്ടികളെ പ്രസവിക്കണമെന്നതാണ് കണക്ക്. ഇതിനാണ് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (Total Fertility Rate) എന്ന്പറയുന്നത്. ശിശുമണങ്ങൾ, ശരാശരി പ്രായം, മരണ നിരക്ക്, കുടിയേറ്റം തുടങ്ങിയവയെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ഇത്കണക്കാക്കിയിട്ടുള്ളത്. നിലവിൽ ഇൻഡ്യയുടെ ടി.എഫ്.ടി 2.0 ആണ്. ഇതിൽ തന്നെ നഗര നിരക്ക് 1.6 ഉം, ഗ്രാമീണ മേഖലയിൽ 2.1 ഉം ആണ്(4). കേരളത്തിന്റെ ടി.എഫ്.ടി നിരക്ക് 1.8 ആണ്(5). അഥവാ ഒരു സ്ത്രീ ശരാശരി 2.1 കുട്ടികളെപ്രസവിക്കേണ്ടിടത്ത് 1.8 കുട്ടികളെ മാത്രമാണ് പ്രസവിക്കുന്നത്.

ലോകാടിസ്ഥാനത്തിൽ നോക്കുമ്പോഴും ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും കൈവരിച്ച രാജ്യങ്ങളിലാണ് ഏറ്റവുംകുറഞ്ഞ ഫെർട്ടിലിറ്റി റേറ്റ് രേഖപ്പെടുത്തുന്നത്. സൗത്ത് കൊറിയ, ഹോങ്കോങ്, സിംഗപ്പൂർ, ഇറ്റലി, സ്പെയിൻ, ജപ്പാൻ, പോളണ്ട്, പോർച്ചുഗൽ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ഇത് 1.5നും താഴെയാണ്. എന്നാൽ നൈജീരിയ, അങ്കോള, കോംഗോ, മാലി, ഉഗാണ്ട, സോമാലിയ, സുഡാൻ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിൽ ഇത് 4നും 5നും മുകളിലാണ്.(6)

ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് ശരാശരിയിലും താഴ്ന്നു പോകുന്നത് ബഹുമുഖമായ സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് കാരണമായിത്തീരും. അവയി ചിലത്:

1. ജനസംഖ്യാ നിരക്കിലുണ്ടാകുന്ന പതനം

2. യുവാക്കളുടെ ജനസംഖ്യയിലെ അഭൂതപൂർവമായ കുറവ്

3. വൃദ്ധരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധനവ്

4. മാനവ വിഭവശേഷിയിലെ കുറവ്

5. സാമ്പത്തികമായ തളർച്ച

ഒരു രാഷ്ട്രത്തിലെ ജനസംഖ്യ കുറഞ്ഞു വരുന്നത് യുവാക്കളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായിത്തീരുകയും, ആ രാജ്യത്തിനകത്തെ മാനവ വിഭവശേഷിയിൽ ദൗർലഭ്യം നേരിടുകയും രാജ്യത്തിനകത്ത് ബൗദ്ധികമായ വരൾച്ച അനുഭവപ്പെടുകയും, ഇത് ക്രിയാത്മകമായ വളർച്ചയെ തടയുകയും ഉല്പാദനങ്ങളെ കുറക്കുകയും മൂലം നികുതി ലഭ്യത താഴേക്ക് പോവുകയും, കയറ്റുമതി ഇടിയുകയും ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടതായിട്ട് വരികയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ തകരാറിലാക്കുകയും ചെയ്യും. മറ്റൊന്ന് കുറഞ്ഞ യുവാക്കളുള്ള അവസ്ഥയിൽ വൃദ്ധജനസംഖ്യ വർദ്ധിക്കുന്നത് മൂലം അവരെ പരിചരിക്കാൻ യുവാക്കൾക്ക് സമയവും സന്ദർഭവും തികയാതെ വരികയും സർക്കാർ വൃദ്ധർക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതായിട്ടും വരുന്നു. ഇത് സർക്കാരിന് അമിതമായ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്നു. ഈ പ്രശ്നങ്ങളുടെയെല്ലാം ജീവിക്കുന്ന ഉദാഹരണമാണ് ഇന്നത്തെ ജപ്പാൻ. ജപ്പാൻ എന്ന രാജ്യം തന്നെ ലോക ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുമോയെന്ന ഭീതിയിലാണ് മറ്റു ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

വാർധക്യത്തിന്റെ രസതന്ത്രം

ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങൾ ഒരു വ്യക്തിയിൽ വാർധക്യം മൂലം പ്രകടമാകുന്നു. എല്ലാ വ്യക്തികൾക്കും അവരുടെ കാലനുസൃത പ്രായം (chronological age) തന്നെയാകണം അവരുടെ ജൈവിക പ്രായവും (biological age) എന്ന് നിർബന്ധമില്ല. വ്യത്യസ്തമായ ഘടകങ്ങളെ ആശ്രയിച്ച് ഇതിൽ മാറ്റങ്ങളുണ്ടാകും. നല്ല വ്യായാമവും, നല്ല ഭക്ഷണ ശീലവും, നല്ലചിന്തകളും കൈമുതലായുള്ളവർക്ക് പൊതുവെ അവരുടെ ജൈവിക പ്രായം കാലാനുസൃത പ്രായത്തേക്കാൾ കുറവായിരിക്കും. എന്നുവെച്ചാൽ നല്ല പ്രായമുണ്ടെങ്കിലും പ്രവർത്തനമികവിലും ചിന്തയിലും ഇവർ യുവാക്കളെപോലെയായിരിക്കുമെന്ന് സാരം.

വാർധ്യകത്തിലേക്ക് കടക്കുന്നതോടു കൂടി എപിസോഡിക് മെമ്മറി (episodic memory), കഴിഞ്ഞകാല സംഭവം, അനുഭവം, തുടങ്ങിയവയുടെ വിവരങ്ങൾ എപ്പോൾ, എവിടെ, എങ്ങനെ, ആര്, എന്തൊക്കെ എന്ന് വ്യക്തമായി ഓർമ്മിച്ചെടുക്കാനുള്ള കഴിവ്, സെമന്റിക് മെമ്മറി (semantic memory) അനുഭവ ജ്ഞാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരാൾ ആർജ്ജിച്ചെടുക്കുന്ന പൊതുവിജ്ഞാനങ്ങളുടെ വസ്തുതകൾ, വിവരങ്ങൾ എന്നിവ സൂക്ഷിച്ച് വെയ്ക്കാനുള്ള കഴിവ്, എന്നിവ കുറഞ്ഞു വരും(7). ഈ രണ്ട് ഓർമ്മകളും കുറഞ്ഞ ആളുകളോട് ഇടപഴകുന്നത് സാധാരണ ഒരു വ്യക്തിയോട് ഇടപഴകുന്നതിനേക്കാൾ സമയമെടുക്കുന്ന പ്രവർത്തനമായിരിക്കും. ആയതിനാൾ തന്നെ യുവാക്കളായ ആളുകൾക്ക് നല്ല ക്ഷമയുണ്ടെങ്കിൽ മാത്രമേ വയോധികരുമായി സൗമ്യമായി സംവദിക്കാനുള്ള ശേഷിയുണ്ടാവുകയുള്ളൂ.

വാർധക്യം മസ്തിഷ്ക സങ്കോചത്തിന് (brain shrink) കാരണമാകും(8). പ്രീ ഫ്രന്റൽ കോർടെക്സ്, സെറിബെല്ലം, ഹിപ്പൊകാമ്പസ് തുടങ്ങിയ മസ്തിഷക കേന്ദ്രങ്ങളെ ഇത് കൂടുതൽ ബാധിക്കുന്നതായി കാണുന്നു. ഒരു മനുഷ്യ മസ്തിഷ്കം വികാസം പ്രാപിക്കുമ്പോൾ ആദ്യം വളർച്ചയിലെത്തുന്നത് ഒക്സിപിറ്റൽ കോർടെക്സ് (occipital cortex) എന്ന തലയുടെ പിൻഭാഗമാണ്. നമുക്ക് കാഴ്ച്ച സമ്മാനിക്കുന്നതും, കാണുന്ന വസ്തുക്കളെയും വ്യക്തികളെയും തിരിച്ചറിയാനും, വസ്തുവിന്റെ നീളം, ആഴം, വിസ്തൃതി, അകലം തുടങ്ങിയവ തിട്ടപ്പെടുത്താനും നമ്മെ പ്രാപ്തമാക്കുന്നത് ഒക്സിപിറ്റൽ കോർടെക്സാണ്. അവസാനമായി വളർച്ചയിലെത്തുന്ന ഭാഗമാണ് പ്രീ ഫ്രന്റൽ കോർടെക്സ് (pre-frontal cortex). നമ്മുടെ നെറ്റിയുടെ ഭാഗത്തുള്ള മസ്തിഷ്കാവരണമാണ് ഇത്. ഈ ഭാഗമാണ് വരും വരായ്കകളെ കുറിച്ച് ചിന്തിച്ച് തീരുമെടുക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. വികാരങ്ങൾക്ക് അടിമപ്പെടാതെ ചിന്തിക്കാനും, പ്രവർത്തിക്കാനും നമ്മെ സഹായിക്കുന്നതും ഈ ഭാഗമാണ്. ഇത് പൂർണ്ണവളർച്ചയിലെത്തുന്നത് ഏകദേശം ഇരുപത്തിയഞ്ച് വയസ്സോടു കൂടി മാത്രമാണ്. എന്നാൽ വാർധക്യം പ്രാപിക്കുമ്പോൾ ആദ്യം സങ്കോചം സംഭവിക്കുന്നതും ഈ ഭാഗത്തിനായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു(9). പ്രീ ഫ്രന്റൽ കോർടെക്സിന് വാർധക്യത്തിൽ സങ്കോചം സംഭവിക്കുന്നത് മൂലം പ്രായാധിക്യമുള്ളവരിൽ വൈകാരികമായ ചിന്തകൾ കൂടൂകയും, യുക്തിരഹിതമായി കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങുകയും, പിടിവാശി കൂടുകയും ചെയ്യുന്നത് കാണാവുന്നതാണ്. അതേസമയം സെറിബെല്ലത്തിന്റെ സങ്കോചം ശരീരത്തിന്റെ സമതുലനാവസ്ഥയെ തകരാറിലാക്കുകയും, ശരീരത്തിന്റെചലനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. നടക്കാനും ഇരിക്കാനുമെല്ലാം ഇത് പ്രയാസം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ വാർധക്യത്തിൽ പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം വേണ്ടതായി വരുന്നു.

പ്രായാധിക്യം മൂലം മസ്തിഷ്കത്തിനകത്തെ നാഡീകോശത്തിൽ ഉദ്പാതിക്കപ്പെടുന്ന രാസപദാർഥങ്ങളിലും വ്യതിയാനങ്ങൾ സംഭവിക്കുന്നു. പ്രധാനമായും ബാധിക്കുന്നത് ഡോപമിൻ, സെറോട്ടോനിൻ എന്നീ നാഡീ രാസപദാർഥങ്ങളെയാണ്(neurotransmitter). ഡോപമിൻ ഏറ്റവും കൂടുതൽ ഉദ്പാതിപ്പിക്കപ്പെടുന്നത് കൗമാരകാലത്താണ്. ഇഷ്ടപ്പെട്ട വസ്തു സ്വന്തമാക്കാനും, സ്വന്തമാക്കിയത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദവും അനുഭൂതിയും നമുക്ക് അനുഭവഭേദ്യമാക്കുന്നതും, വസ്തുക്കളോട് അമിതമായ ആസക്തി തോന്നിക്കുന്നതും, ഈ നാഡീരാസപദാർഥമാണ്. പ്രായം കൂടുന്തോറും ഡോപമിൻ അളവ് കുറഞ്ഞു കൊണ്ടിരിക്കും(10). ഓരോ പത്ത് വർഷത്തിലും പത്ത് ശതമാനം ഡോപമിൻ അളവ് കുറയുന്നു എന്നാണ് കണക്ക്. ഒരു നിശ്ചിത അളവിലും ഡോപമിൻ താഴുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് പാർക്കിൻസൺസ് പോലെലെയുള്ള അസുഖങ്ങളുടെയെല്ലാം പ്രധാന കാരണം. എന്നാൽ ഇത് നിശ്ചിത അളവിലും കൂടുന്നതാകട്ടെ, സ്കിസോഫ്രീനിയ പോലെയുള്ള മാനസിക വിഭ്രാന്തിയും ഉണ്ടാക്കും. വാർധക്യത്തിൽ യുവാക്കളെ പോലെ ആവേശമില്ലാതെ, റിസ്ക് എടുക്കാതെ, മനസ്സെത്തുന്നിടത്ത് ശരീരമെത്താതെ സാവധാനം കാര്യങ്ങൾ ചെയ്തു കൊണ്ട് പോകുന്നത് ഇതുമൂലമാണ്.

ഇതുപോലെ കുറവ് വരുന്ന മറ്റൊരു നാഡീ രാസപദാർഥമാണ് സെറോടൊണിൻ. സെറോടോണാണ് നമ്മുടെ മനസ്സിന് സംതൃപ്തിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നത്. എന്തെങ്കിലും സ്വന്തമാക്കുമ്പോഴല്ല, ആർക്കെങ്കിലും എന്തെങ്കിലും ദാനമായിനൽകുമ്പോഴും, ഏതെങ്കിലും വ്യക്തിയെ സഹായിക്കുമ്പോഴും, രോഗിയെ സന്ദർശിക്കുമ്പോഴും, സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും, മനസ്സിന് ഇണങ്ങിയ അടുത്ത ആളുകളുമായി ഉള്ളുതുറന്ന് സംസാരിക്കുമ്പോഴും നമുക്ക് ഉണ്ടാകുന്ന മനസ്സ് നിറഞ്ഞ സംതൃപ്തദായകമായ അനുഭൂതിയുണ്ടാവുന്നത് സെറോടോണിൻ മൂലമാണ്. സെറോടോണിൻ കുറവ് കടുത്ത വിഷാദരോഗത്തിലേക്കും, മാനസിക സംഘർഷത്തിലേക്കും നയിക്കും. വയോധികർക്ക് സംതൃപ്തി നൽകാൻ കഴിയുന്ന ഫലപ്രദമായ മാർഗമാണ് അവർക്ക് ഇഷ്ടപ്പെട്ട അവരുടെ ഉറ്റവരുടെ കൂടെ സമയം ചെലവഴിക്കുന്നതും, സംസാരിക്കുന്നതും, കളിക്കുന്നതുമെല്ലാം.

വാർധക്യത്തിൽ എത്തിയവർ ആഗ്രഹിക്കുന്നത്‌

വാർധക്യത്തിൽ എത്തിയവരുടെ സന്തോഷത്തെ കുറിച്ച് നടത്തിയ നിരവധി പഠനങ്ങളുണ്ട്. അതിൽ തന്നെ പുരോഗമന വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്കിടയിലും മക്കളോടൊപ്പം വീട്ടിൽ കഴിയുന്നവർക്കിടയിലും നടത്തിയ താരതമ്യ പഠനങ്ങളും ഉണ്ട്. വീടുകളിൽ കഴിയുന്നവർ വൃദ്ധസദനങ്ങളിൽ കഴിയുന്നവരേക്കാൾ 79.96% സന്തോഷവാന്മാരായി കാണുന്നുവെന്ന് ഇന്റർനാഷണൽ സോഷ്യൽ വർക്ക് ജേർണലിൽ (International social work journal) 2016ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നു(11). ഇതേ പഠനത്തിൽ തന്നെ പറയുന്ന മറ്റൊരു കാര്യം മനസ്സിന്റെ സന്തോഷം ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്നതാണ്. മാത്രവുമല്ല മക്കളാൽ സന്ദർശിക്കപ്പെടുന്ന വയോധികരായ മാതാപിതാക്കൾ മക്കളാൽ സന്ദർശിക്കപ്പെടാത്ത വയോധികരായ മാതാപിതാക്കളെക്കാൾ കൂടുതൽ സന്തോഷവാന്മാരാണെന്നും പഠനം പറയുന്നു.

വീടുകളിൽ കഴിയുന്ന വയോധികർ കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത് അവർ കൂടുതൽ സമയം പേരക്കുട്ടികളുടെ കൂടെ ചെലവഴിക്കുന്നതും, അവർ ഇഷ്ടത്തോടെ ചെയ്യുന്ന പാചകം, പറമ്പിലെജോലികൾ, വായന, ആരാധനാലങ്ങൾ സന്ദർശിക്കൽ, വിനോദയാത്ര പോകൽ തുടങ്ങിയവയാണ്. ദി ഇന്റർനാഷണൽ ജേർണൽ ഓഫ് ഇൻഡ്യൻ സൈക്കോളജി (The international journal of Indian psychology) യിൽ 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്, വീടുകളിൽ കഴിയുന്ന വയോധികർ വൃദ്ധസദനങ്ങളിൽ കഴിയുന്നവരേക്കാൾ 46.12% ഗുണമേന്മയുള്ള ജീവിതം നയിക്കുന്നുവെന്നാണ്(12).

മനുഷ്യന് പ്രായം കൂടിവരുമ്പോൾ, തനിക്ക് പരിഗണന കിട്ടുന്ന അടുത്ത ബന്ധങ്ങളെ ചേർത്തുനിർത്താനുള്ള ത്വരയുണ്ടാകും. മരണം കൊണ്ടോ, അകലം കൊണ്ടോ നഷ്ടമാകുന്ന ഇത്തരം ബന്ധങ്ങൾ മൂലം വാർധക്യത്തിൽ ഏകാന്തത അനുഭവിക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലേക്കും നയിക്കുമെന്ന് ആൻ ഇന്റർനാഷണൽ ജേർണൽ ഓഫ് മിഡ്‌ലൈഫ്‌ ഹെൽത്ത് ആൻഡ് ബിയോണ്ട് (An international journal of midlife health and beyond) ൽ 2020 സെപ്തംബറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടികാണിക്കുന്നു(13).

ചുരുക്കത്തിൽ വൃദ്ധരായവർ അവരുടെ അവസാനകാലത്ത് ആഗ്രഹിക്കുന്നത് പഞ്ചനക്ഷത്ര സമാനമായ ആഡംബര കമ്മ്യൂണിറ്റിയിൽ ജീവിച്ച് സിനമ ആസ്വദിച്ചും, സ്വിമ്മിംഗ് പൂളിൽ നീന്തിക്കളിച്ചും, ഇഷ്ടം പോലെ വൈവിധ്യമാർന്ന ഭക്ഷണം രുചിച്ചും, ചുറ്റിനും പരിചാരകരുമായി കഴിയാനല്ല. അവർ ആഗ്രഹിക്കുന്നത് അവരുടെ മക്കളുടെയും പേരക്കുട്ടികളുടെയും കൂടെകഴിഞ്ഞ് അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുകൊണ്ട്, തനിക്ക് ചെയ്യാവുന്ന വീട്ട് പണികളൊക്കെ ചെയ്ത്, അയൽവാസികളും സുഹൃത്തുക്കളുമൊക്കെയായി സൗഹൃദം പങ്കുവെച്ച്, ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിച്ച്, കുടുംബത്തോടൊപ്പം വിനോദയാത്രയൊക്കെ ചെയ്ത് ജീവിക്കാനാണ്. വയോധികർ ആഗ്രഹിക്കുന്ന ജീവിതം അവർക്ക് നൽകാൻ മക്കൾക്ക് വേണ്ടത് കനം കൂടിയ സമ്പത്തല്ല, ഐശ്വര്യമുള്ള മനസ്സാണ്.

മതങ്ങൾക്ക് പറയാനുള്ളത്

പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതിന് മഹത്തായ പ്രതിഫലം നിശ്ചയിച്ചു കൊണ്ടാണ് മതങ്ങൾ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നത്. അവരെ പരിഗണിക്കാത്ത സന്താനങ്ങൾക്കാകട്ടെ കടുത്ത ശിക്ഷയെ കുറിച്ച് താക്കീത് ചെയ്യുന്നതായും പറയുന്നത് നമുക്ക് കാണാം.

ബൈബിൾ പഴയ നിയമത്തിലെ ചില വചനങ്ങൾ ശ്രദ്ധിക്കുക,

“ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.” (സദൃശ്യവാക്യങ്ങൾ 20 : 20)

“നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു” (സദൃശ്യവാക്യങ്ങൾ 23: 22)

“അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.” (ലേവ്യ പുസ്തകം 20: 9)

“നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (ആവർത്തനം 5: 16)

“നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറപ്പാട് 20: 12)

ബൈബിൾ പുതിയ നിയമത്തിലെ ചില വചനങ്ങൾ;

“അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.” (മത്തായി 15: 4)

“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.” (എഫെസ്യർ 6: 2-3)

ഹിന്ദുമത ഗ്രന്ഥങ്ങളിലെ ചില വചനങ്ങൾ നോക്കുക;

“മക്കളുടെ പ്രസവസമയത്ത് രക്ഷിതാക്കൾ കടന്നുപോയ കഷ്ടപ്പാടുകൾക്ക് നൂറ് വർഷത്തെ പ്രത്യുപകാരങ്ങൾ കൊണ്ട് പോലും നികത്താനാവാത്തതാണ്” (മനുസ്മൃതി 2: 227)

“ഒരു മതാചാര്യൻ അധ്യാപകനേക്കാൾ പത്തിരട്ടി പ്രാധാന്യമർഹിക്കുന്നു; ഒരു പിതാവ് മതാചാര്യനേക്കാൾ നൂറ് ഇരട്ടി പ്രാധാന്യമർഹിക്കുന്നു; ഒരു മാതാവ് പിതാവിനേക്കാൾ ആയിരമിരട്ടി വിലമതിക്കുന്നു” (മനുസ്മൃതി 2: 145)

ഇസ്‌ലാമിൽ സർവലോകരക്ഷിതാവായ അല്ലാഹു കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ നന്ദി കാണിക്കേണ്ടത് മാതാപിതാക്കളോടാണ്,

അല്ലാഹു ഖുർആനിൽ പറയുന്നു “മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ്‌ (നിന്റെ) മടക്കം.” (ഖുർആൻ 31: 14)

“തന്‍റെ മാതാപിതാക്കളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു.” (ഖുർആൻ 46: 15)

“തന്‍റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു.” (ഖുർആൻ 29:8)

“നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.” (ഖുർആൻ 4:36)

യേശു ക്രിസ്തുവിന്റെ മാതാവായ മറിയമിനോടുള്ള പെരുമാറ്റത്തെ കുറിച്ച് യേശു തന്നെ പറയുന്നതായി ഖുർആനിൽ ഇങ്ങനെ കാണാം,

“( അവന്‍ എന്നെ ) എന്‍റെ മാതാവിനോട്‌ നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.” (ഖുർആൻ 19: 32)

മുകളിൽ നമ്മൾ സൂചിപ്പിച്ച വാർധക്യത്തിന്റെ എല്ലാ അവസ്ഥകളെയും ഉൾക്കൊണ്ടുകൊണ്ട് ഖുർആൻ നമ്മളോട് കൽപ്പിക്കുന്നത്നോക്കുക,

“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.” (ഖുർആൻ 17: 23)

വാർധക്യത്തിലെ പെരുമാറ്റങ്ങൾ മക്കളുടെ ക്ഷമയെ അങ്ങേയറ്റം പരീക്ഷിക്കുന്നതായിരിക്കുമെന്നും, അത്തരം സന്ദർഭങ്ങളിൽ അവരോട് കയർത്തു സംസാരിക്കാനോ, ‘ഛെ’ എന്ന് അറിയാതെ പോലും നമ്മുടെ വായയിൽ നിന്ന് വന്ന് പോകരുതെന്നും ഖുർആൻ താക്കീതു നൽകുന്നു. എന്നിട്ട് പറയുന്നു, പ്രായാമായ നിന്റെ മാതാപിതാക്കളെ നീ പക്ഷികൾ ചിറകുകൊണ്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ കാരുണ്യം കൊണ്ട് നീ അവർക്ക് വൈകാരികമായ സുരക്ഷയൊരുക്കുക, എന്നിട്ട് അവർക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുക.

“കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.” (ഖുർആൻ 17: 24)

യുവാക്കളോട്

വൃദ്ധരെ സംരക്ഷിക്കാൻ പുതിയ കാലത്തിനനുയോജ്യമായ ആലയങ്ങൾ ഉയർന്നുവരണമെന്ന് ആവശ്യമുന്നയിക്കുന്നത് വൃദ്ധരല്ല, യുവാക്കളും മധ്യവയസ്കരുമാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കായി സ്ത്രീകൾ സംസാരിക്കുന്ന ലോകത്ത്, യുവാക്കളുടെ പ്രശ്നങ്ങൾക്കായി യുവാക്കൾ തന്നെ മുന്നോട്ട് വരുന്ന ലോകത്ത് വൃദ്ധർക്ക് അങ്ങനെയൊരു വാർധക്യകാല ആലയം ആവശ്യമുണ്ടെങ്കിൽ അത് അവർ തന്നെ പറയട്ടെ. ലിബറൽ പുരോഗമന ആശയങ്ങളുടെ കുത്തൊഴുക്കിൽ സ്വാർത്ഥരായിമാറിയ നമ്മുടെ ആവശ്യങ്ങൾക്ക് മുമ്പിൽ അപകർഷതാബോധം പേറി നടക്കുന്ന വന്ദ്യവയോധികരായ മാതാപിതാക്കളോട് പുരോഗമന വൃദ്ധസദനങ്ങളിലേക്ക് മാറാനുള്ള ആശയം മുന്നോട്ട് വെക്കുമ്പോൾ അവർ അതിന് നിന്നു തരുന്നത് നിങ്ങളുടെ സ്വപ്നങ്ങൾക്ക് അവർ ഒരു തടസ്സമായി മാറുമോയെന്ന ഭയം കൊണ്ടാണ്. അതിനെ അവരുടെ ഇഷ്ടവും താത്പര്യവുമായിവ്യാഖ്യാനിക്കുന്നത് നമ്മുടെ ന്യായീകരണം മാത്രമാണ്.

പണം കൊടുത്താൽ കിട്ടുന്ന ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അവർക്ക് സന്തോഷം പകരുമെന്ന മൂഡവിശ്വാസം നമുക്ക് മാത്രമേയുള്ളൂ. പ്രായമായ മാതാപിതാക്കൾക്ക് സന്തോഷം നൽകുന്നത് എന്തൊക്കെയെന്ന് മുകളിൽ നാം സൂചിപ്പിച്ചുവല്ലോ. നാം ചിന്തിക്കുന്നത് സാമ്പത്തികമായ ആശ്രയത്വത്തിൽ (financial dependency) വയോധികരായ മാതാപിതാക്കളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാമെന്നാണ്. എന്നാൽ ഒരു പഠനവും പ്രായമായ മതാപിതാക്കൾക്ക് സമ്പത്തുകൊണ്ടുള്ള ആഡംബരം സന്തോഷം നൽകുന്നതായി കാണുന്നില്ല. അവർക്ക് വേണ്ടത് വൈകാരികമായ ആശ്രയത്വമാണ് (emotional dependency). അതിന് അവർക്ക് നൽകേണ്ടത് പണം കൊണ്ട് തൂക്കിനോക്കാൻ കഴിയാത്ത നമ്മുടെ സമയവും, സ്നേഹവും, സ്പർശനവും ആണ്.

കുറിപ്പുകൾ

1. https://britishheritage.com/travel/history-britiains-almshouses-visit
2. The non governmental organisation’s commitment to the elderly in India, Maneeta Sawhney, Institute of Economic Growth, University Enclave, Delhi
3. New Indian Express, 1 Oct 2021
4. National Family Health Survey (NFHS-5) 2019 – 21, Ministry of Health & Family Welfare, Government of India
5. National Family Health Survey – 5, 2019-20, State Fact Sheet, Kerala. Ministry of Health and Family Welfare
6. https://www.cia.gov/the-world-factbook/field/total-fertility-rate/country-comparison/
7. Peters, Ageing and the brain, Postgraduate Medical Journal, 2006 Feb; 82(964): 84-88
8. Ibid
9. https://www.brainfacts.org/thinking-sensing-and-behaving/aging/2019/how-the-brain-changes-with-age083019#:~:text=improve%20cognitive%20function.-,Chemical%20Changes,receptors%20to%20bind%20the%20neurotransmitter
10. R Peters, Ageing and the brain, Postgraduate Medical Journal, 2006 Feb; 82(964): 84-88
11. Neocleous & Apostolou, Happiness in and out of nursing homes: The case of Cyprus. International Social Work, 2016, Vol. 59(4) 533-544
12. Dr. Farhat Jabin, An Empirical Study to Measure the Quality of Life and Happiness among Elders Residing in Family and Old Age Home, The International Journal of Indian Psychology, Volume 9, Issue 4, Oct-Dec 2021
13. Bert N Uchino and Karen S Rook, Emotions, Relationships, Health and Illness into Old Age, Maturitas; An international journal of midlife health and beyond, Volume 139, P42-48, Sep 2020.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • very good

    Fasalu Rahman 16.10.2023

Leave a comment

Your email address will not be published.