ദഅ്‌വാനുഭവങ്ങൾ -9

//ദഅ്‌വാനുഭവങ്ങൾ -9
//ദഅ്‌വാനുഭവങ്ങൾ -9
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -9

രാഷ്ട്രീയാവബോധത്തിന്റെ ബിരുദകാലം (2)

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന 1980 ലെ അസംബ്ലി തെരെഞ്ഞെടുപ്പ് ആയപ്പോഴേക്ക് ഒരുവിധം രാഷ്ട്രീയാവബോധമെല്ലാം എന്നിലുണ്ടായിക്കഴിഞ്ഞിരുന്നു. ആ തെരെഞ്ഞെടുപ്പിൽ നിന്നായിരിക്കണം സാമുദായിക രാഷ്ട്രീയത്തിന്റെ രസതന്ത്രം കുറെയെല്ലാം മനസ്സിലായത്. മുസ്‌ലിംകൾക്കിടയിലെ അവാന്തരവിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും മത്സരവും എത്രതന്നെ രൂക്ഷമാണെങ്കിലും അത് ആരുടെയും രാഷ്ട്രീയാഭിമുഖ്യത്തെ ഒരിക്കലും ബാധിക്കാത്ത രൂപത്തിൽ കൈകാര്യം ചെയ്യാൻ മുസ്‌ലിം സംഘടനകൾക്ക് അറിയുമെന്ന് ഞാൻ പ്രയോഗികമായി മനസ്സിലാക്കിയ തെരെഞ്ഞെടുപ്പായിരുന്നു അത്.

ഇടതുപക്ഷസ്ഥാനാർത്ഥിയായിരുന്ന പരപ്പനങ്ങാടിയിലെ പ്രമുഖമായ മലയമ്പാട്ട് തറവാട്ടിലെ കിഴക്കിനിയകത്ത് കോയക്കുഞ്ഞി നഹ 1941 മുതൽ സജീവമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും അറിയപ്പെടുന്ന ഒരു സുന്നീനേതാവുകൂടിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് കെ. കെ. സദഖത്തുള്ള മൗലവിയുടെ നേതൃത്വത്തിൽ 1967ൽ വിഘടിച്ച് പോയ സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. പരപ്പനങ്ങാടി ഹൈദ്രൂസ് പള്ളിയുടെ കാര്യദർശി, മഞ്ചേരി ദാറുസ്സുന്ന അറബിക് കോളജ് ഭരണസമിതിയംഗം, വണ്ടൂർ ജാമിഅ വഹബിയ്യ കോളജ് ഭരണസമിതി അംഗം, സംസ്ഥാന ജംഇയ്യത്തുൽ ഉലമ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചയാളായിരുന്നു കോയക്കുഞ്ഞി നഹ. ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി അവുക്കാദർ കുട്ടി നഹയാകട്ടെ അറിയപ്പെട്ട മുജാഹിദ് പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായ സൂപ്പിക്കുട്ടി നഹയുടെ മകനും മകളുടെ ഭർത്താവുമായിരുന്ന മഹ്‌മൂദ്‌ നഹയായിരുന്നു പള്ളിയും മദ്രസയുമടക്കമുള്ള പരപ്പനങ്ങാടിയിലെ മുജാഹിദ് സ്ഥാപനങ്ങളുടെയെല്ലാം നേതൃത്വത്തിലുണ്ടായിരുന്നത്. പക്ഷെ, തെരെഞ്ഞെടുപ്പിൽ സുന്നി-മുജാഹിദ് ഭിന്നതകളൊന്നും ആരും പരിഗണിച്ചില്ല. സുന്നീ നേതാവും മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായ പൂക്കോയതങ്ങളുടെ നിർദേശപ്രകാരം തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ മത്സരിച്ച അവുക്കാദർകുട്ടി നഹ തന്നെയാണ് അത്തവണയും മഹാഭൂരിപക്ഷത്തോടെ വിജയിച്ചത്. ആദർശപരമായ അഭിപ്രായവ്യത്യാസങ്ങൾ അവ ചർച്ച ചെയ്യേണ്ട വേദികളിൽ ചർച്ച ചെയ്യുകയും സമുദായത്തിന്റെ പൊതുവായ നന്മക്ക് വേണ്ടി രാഷ്ട്രീയമായ ഏകകമായി നിലനിൽക്കുകയും ചെയ്യുകയെന്ന മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്രത്തെക്കുറിച്ച കൃത്യമായ അറിവ് നൽകിയ തെരെഞ്ഞെടുപ്പായിരുന്നു അത്.

സമരങ്ങളോ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയമോ അനുവദിക്കുകയില്ലെന്ന കർക്കശമായ നിലപാടിലായിരുന്നു മാനേജ്‌മെന്റ് എങ്കിലും ഞങ്ങളുടെയൊന്നും പത്താം ക്ലാസ് പഠനത്തിന്റെ നിലവാരത്തെ ഗുണപരമായി മെച്ചപ്പെടുത്താനൊന്നും ആ കാർക്കശ്യത്തിന് കഴിഞ്ഞില്ല. അവയൊന്നും അനുവദിക്കാത്തതുകൊണ്ടുള്ള കൗമാരപ്രതിഷേധങ്ങൾ ലിസി ടീച്ചറുടെയും സുരേന്ദ്രൻ മാഷുടെയും കുട്ടിഹസൻ മാഷുടെയും ചിന്നമ്മ ടീച്ചറുടെയും അബൂബക്കർ മാഷുടെയും ജെയിംസ് മാഷുടെയും ജേക്കബ് ജോൺ മാഷുടെയും വിലാസിനി ടീച്ചറുടെയും ഇംഗ്ലീഷ്, മലയാളം സെക്കന്റ്, അറബി, ഹിന്ദി, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക് ക്ളാസുകളിലാണ് പ്രതിഫലിക്കുകയും പ്രതിധ്വനിക്കുകയും ചെയ്തത്. പാഠ്യേതരവിഷയങ്ങളിൽ പലതിലും സജീവമായിരുന്ന ഞങ്ങളിൽ പലരും പഠനത്തിൽ കാര്യമായ മികവ് പുലർത്തുന്നവരായിരുന്നില്ല. ഹെഡ് മാസ്റ്ററായിരുന്ന ആനന്ദ പൈ സാറിന്റെ കർക്കശമായ അച്ചടക്കനിയമങ്ങളിൽ പലതും ഞങ്ങൾക്ക് അരോചകമായിരുന്നത് കൊണ്ട് തന്നെ കാര്യമായി പാലിക്കപ്പെട്ടില്ല. എനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന ശാസ്ത്രപഠനം പോലും പരീക്ഷക്ക് വേണ്ടിയുള്ളതായിത്തീർന്നപ്പോൾ തീരെ വരണ്ടതായി മാറി. എസ്എസ്എൽസി എന്ന കടമ്പ വലിയ പരിക്കുകളൊന്നും കൂടാതെ കടന്നു കയറിയെങ്കിലും വീട്ടുകാരെ സംതൃപ്തമാക്കുന്നതായിരുന്നില്ല റിസൾട്ട്. പരീക്ഷാകേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രത്തോടുള്ള അഭിനിവേശത്തെ മൂല്യനിർണ്ണയം ചെയ്യാനാകാത്തതുകൊണ്ടാണെന്ന് തോന്നുന്നു അത്യാവശ്യം പോപ്പുലർ സയൻസ് പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്ന പലർക്കും ശാസ്ത്രവിഷയങ്ങളിൽ കാര്യമായ മാർക്കൊന്നും നേടാൻ കഴിയാതിരുന്നത്.

പിഎസ്എംഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. പത്താംക്ലാസുവരെയുള്ളതായിരുന്നു അന്നത്തെ സ്‌കൂൾ പഠനം. അത് കഴിഞ്ഞാൽ തുടർപഠനത്തിന് കോളേജിലേക്കോ പോളിടെക്‌നിക്കുകളിലേക്കോ ഐടിസിയിലേക്കോ എല്ലാം പോവുകയായിരുന്നു രീതി. കേരളത്തിലെ സർവ്വകലാശാലകളുടെ കീഴിലായിരുന്നു ബിരുദപഠനത്തിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ പ്രീഡിഗ്രി കോഴ്സ്. 1997- 98 അധ്യയനവർഷത്തോടെയാണ് Pre-degree Course (Abolition) Act, 1997 വഴി സർവ്വകലാശാലകളിൽ നിന്ന് ഈ ഇരുവർഷകോഴ്‌സ് എടുത്തുമാറ്റുകയും വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്ലസ് വൺ, പ്ലസ് ടു കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്തത്. പത്താം ക്ലാസ് കഴിഞ്ഞതോടെ കോളേജിലെത്തിയെങ്കിലും കോളജ് രാഷ്ട്രീയമോ മറ്റോ വേണ്ടത്ര പരിചയപ്പെടുവാൻ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. വിദ്യാർത്ഥികളുടെ ബാഹുല്യത്താൽ രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റുകളിലായി നടന്നിരുന്ന പ്രീഡിഗ്രി ബാച്ചുകളിൽ ഉച്ചക്ക് ശേഷമുള്ള ബാച്ചിലായിരുന്നു എന്നതായിരുന്നു പ്രധാനപ്പെട്ട കാരണം. ഡിഗ്രി ക്ളാസുകൾ നടന്നിരുന്നത് രാവിലെയായിരുന്നതിനാൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനങ്ങൾ ആ സമയത്തായിരുന്നു നടന്നിരുന്നത്. കാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ലെങ്കിലും ഇടതുപക്ഷത്തോടൊപ്പമായിരുന്ന അഖിലേന്ത്യാലീഗിന്റെയും ഐക്യമുന്നണിയോടൊപ്പമായിരുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെയും നിലപാടുകളെയും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദർശനത്തെയുമെല്ലാം കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചത് ഇക്കാലത്താണ്. വീട്ടിൽ വരാറുണ്ടായിരുന്ന ലീഗ് ടൈംസും അയല്പക്കമായ പുത്തൻപുരയിൽ വരാറുള്ള ചന്ദ്രികയുമായിരുന്നു അതിനുള്ള പ്രധാനപ്പെട്ട സ്രോതസ്സ്. ലീഗ് ടൈംസിൽ കെപി കുഞ്ഞി മൂസയും ചന്ദ്രികയിൽ റഹീം മേച്ചേരിയും അന്നെഴുതിയ ലേഖനങ്ങൾ അപഗ്രഥിച്ച് പഠിച്ചാൽ തന്നെ ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ദർശനമെന്താണെന്ന് മനസ്സിലാക്കാനാവുമെന്നാണ് എന്റെ അനുഭവം.

സയൻസും മാത്‌സുമടങ്ങുന്ന സെക്കന്റ് ഗ്രൂപ്പ് എടുത്തുകൊണ്ടുള്ള പ്രീഡിഗ്രി പഠനകാലത്ത് കോളേജ് രാഷ്ട്രീയത്തിൽ തീരെ സജീവമായിരുന്നില്ലെങ്കിലും ഇക്കാലത്താണ് മറ്റ് വിദ്യാർത്ഥി സംഘടനകളെപ്പറ്റി മനസ്സിലാക്കാൻ ശ്രമിച്ചത്. വേറിട്ട് നിൽക്കുന്ന മുദ്രാവാക്യങ്ങളുമായി കോളേജിൽ സജീവമായിരുന്ന സിമിയുടെ പ്രവർത്തനങ്ങൾ ആകർഷകമായിരുന്നതിനാൽ അതേക്കുറിച്ച് പഠിക്കാൻ കൂടുതലായി ശ്രമിച്ചിട്ടുണ്ട്. എന്റെ ചില സഹപാഠികൾ സിമിക്കാരായിരുന്നത് ഈ പഠനത്തെ സഹായിച്ചു. ഔദ്യോഗികമായ കീഴ്ഘടകമായിരുന്നില്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥിവിഭാഗമെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു സിമി അന്ന് പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച മൗലാനാ മൗദൂദിയുടെയും സയ്യിദ് ഖുത്ത്ബിൻറെയും മറ്റും കൃതികൾ മുമ്പ് തന്നെ വായിച്ചിട്ടുണ്ടായിരുന്നതിനാൽ ജമാഅത്തിനെക്കുറിച്ച് ഏകദേശമായ ധാരണ അന്നുണ്ടായിരുന്നു. അക്കാലത്തെ സിമി പ്രവർത്തകരുമായുള്ള ബന്ധത്തിലൂടെയാണ് അരീക്കോട്ടെ ഇസ്ലമിക് ഫൗണ്ടേഷൻ പ്രസ്സ് പുറത്തിറക്കിയ അലി ശരീഅത്തിയുടെയും മുർതസാ മുംതഹരിയുടെയും മറ്റും പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞത്. പ്രവർത്തനങ്ങളിലെ ആകർഷകത്വത്താൽ സിമിക്കാരുമായി ബന്ധപ്പെടുകയും അവർ നൽകിയ പുസ്തകങ്ങൾ വായിക്കുകയും അവരുടെ ആനുകാലികമായിരുന്ന വിവേകത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെ ആനുകാലികമായ പ്രബോധനത്തിന്റെയും സ്ഥിരവായനക്കാരനാവുകയുമെല്ലാം ചെയ്തിരുന്നെങ്കിലും അവരുടെയോ അന്ന് അവർ മാതൃസംഘടനയെപ്പോലെ പരിഗണിച്ചിരുന്ന ജമാഅത്തിന്റെയോ ആദർശമോ ദർശനമോ എന്നിൽ യാതൊരു മതിപ്പുമുളവാക്കിയിരുന്നില്ല. ജനാധിപത്യരാഷ്ട്രമായ ഇന്ത്യയിൽ മുസ്‌ലിംകൾക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല നിലപാട് മുസ്‌ലിം ലീഗിന്റേതാണ് എന്ന് തന്നെയാണ് ആ ചെറുപ്രായത്തിൽ എനിക്ക് തോന്നിയിരുന്നത്.

പാരമ്പര്യത്തിൽ നിന്നും പഠനങ്ങളിൽ നിന്നും മുസ്‌ലിം ലീഗിന്റെ ആശയങ്ങളോടും ദർശനത്തോടും ഇഷ്ടം തോന്നിയിരുന്നെങ്കിലും ലീഗിലെ ഭിന്നത എന്നെപ്പോലെ ഇരു ലീഗുകളിലുമുള്ള പലരുടെയും മനസ്സിനെ വേദനിപ്പിച്ചിരുന്ന കാര്യമായിരുന്നു. അഖിലേന്ത്യാലീഗുമായുള്ള വൈകാരികമായ ബന്ധത്തിന് കാരണമായ രണ്ട് പേരുടെയും മരണം നടന്നത് എന്റെ പ്രീഡിഗ്രി കാലത്താണ്. 1983 സെപ്റ്റംബർ ആറിന് ആപ്പ അഡ്വ: മൊയ്തീൻ കുട്ടി ഹാജിയും നവംബര്‍ അഞ്ചിന് ആദർശരാഷ്ട്രീയത്തിന്റെ ആൾരൂപമായി ഞങ്ങളെല്ലാം കണ്ടിരുന്ന എം. കെ. ഹാജിയും മരണപ്പെട്ടതോടെ ആ വൈകാരികബന്ധം സ്വാഭാവികമായും കുറഞ്ഞു. എം.കെ. ഹാജിയുടെ മരണത്തിന് മുമ്പ് തന്നെ 1983 സെപ്റ്റംബർ 28 ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ വക്താവും കേരളത്തിന് ലീഗ് സംഭാവന ചെയ്ത ശക്തനായ രാഷ്ട്രീയനേതാവുമായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബ് മൂന്നാം കരുണാകരൻ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരിക്കെ മരണപ്പെട്ടിരുന്നു. മുസ്‌ലിം ലീഗുകളുടെ ഐക്യം അതിയായി ആഗ്രഹിച്ചിരുന്ന നേതാക്കളുടെ മരണം രണ്ട് വിഭാഗം അണികൾക്കിടയിലും എങ്ങനെയെങ്കിലും ഐക്യം നടന്നിരുന്നെങ്കിൽ എന്ന ചിന്തയുണ്ടാക്കി. ലീഗുകൾ രണ്ടും യോജിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന എന്നെപ്പോലെയുള്ളവർക്ക് സമാശ്വാസമായത് എ. കെ. കാദർ കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ ഇടയ്ക്കിടക്ക് ഐക്യചർച്ചകൾ നടന്നുകൊണ്ടിരുന്നതാണ്. ചെറിയ ചെറിയ വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ഐക്യചർച്ചകൾ പരാജയപ്പെടുന്ന വാർത്തകൾ വലിയ വേദനയുണ്ടാക്കുമായിരുന്നു.

1985 ഏപ്രിൽ 23 ന് ജസ്റ്റിസ് വൈ. വി. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ മുഹമ്മദ് ഖാൻ-ഷാബാനു കേസിലെ വിധിയെ തുടർന്നുണ്ടായ ശരീഅത്ത് വിവാദമാണ് മുസ്‌ലിം ലീഗുകളെ ഐക്യപ്പെടുത്തിയത്. ശരീഅത്ത് തിരുത്തണമെന്നും ഏകസിവിൽ കോഡ് നടപ്പാക്കണമെന്നുമുള്ള വാദവുമായി കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയും അതിന്റെ നേതാവായിരുന്ന ഇ. എം. എസ്. നമ്പൂതിരിപ്പാടും വന്നതോടെ ശരീഅത്ത് സംരക്ഷണത്തിനായി മുസ്‌ലിം സംഘടനകളെല്ലാം ഒന്നിക്കുകയും അഖിലേന്ത്യാലീഗിന് ഇടതുമുന്നണിയിൽ തുടരാൻ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. ഇന്ത്യയിൽ നിലനിൽക്കുന്ന ശരീഅത്ത് സംരക്ഷിക്കണമെന്ന ഇന്ത്യൻ മുസ്‌ലിംകളുടെ പൊതുവികാരത്തിനെതിരെ നിലനിൽക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വിച്‌ഛേദിച്ച് അഖിലേന്ത്യാ ലീഗ് നിരുപാധികം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ലയിക്കുവാൻ തീരുമാനിച്ചത് വലിയ സന്തോഷമുണ്ടാക്കിയ രാഷ്ട്രീയസംഭവങ്ങളിലൊന്നായിരുന്നു. ശരീഅത്ത് വിശദീകരണ യോഗങ്ങളിൽ ശ്രോതാവായും സംരക്ഷണറാലികളിൽ അണിനിരന്നും മുസ്‌ലിം ലീഗ് ഐക്യസമ്മേളനങ്ങളിൽ പങ്കെടുത്തും കൊണ്ടാണ് ദിശാബോധത്തോടെയുള്ള രാഷ്ട്രീയപ്രവർത്തങ്ങളിലേക്ക് കടക്കുന്നത്. അതുവരെയുള്ള രാഷ്ട്രീയം വൈകാരികമായിരുന്നെങ്കിൽ പ്രീഡിഗ്രി കാലം കഴിയുന്നതോടെ അത് വൈചാരികവും ബോധപൂർവ്വവുമായിക്കഴിഞ്ഞിരുന്നുവെന്ന് പറയാം.

ശരീഅത്ത് വിശദീകരണ സമ്മേളനങ്ങളാൽ മുഖരിതമായ സാമൂഹ്യാന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് ഡിഗ്രി പഠനത്തിനായി വീണ്ടും പി. എസ്. എം. ഒ കോളേജിലെത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളും പഠിക്കാൻ യഥേഷ്ടം സമയമാവശ്യമുള്ളതുമായ ഫിസിക്സ് മെയിനും മാത്‍സും കെമിസ്ട്രിയും സബ്ബും എടുത്തുകൊണ്ടാണ് ബിരുദപഠനത്തിന് ചേർന്നതെങ്കിലും കാമ്പസിലെ വിദ്യാർത്ഥിരാഷ്ട്രീയത്തിലും മതപ്രവർത്തനങ്ങളിലും സജീവമാകുവാൻ അക്കാലത്ത് സമയം കണ്ടെത്തിയിരുന്നു. മുസ്‌ലിം ലീഗ് ഐക്യപ്പെട്ടത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകാൻ വലിയ പ്രേരണയായി. ഡിഗ്രി കാലമായപ്പോഴേക്ക് മുസ്‌ലിം ലീഗ്- മുജാഹിദ് ദ്വയത്തിലുള്ള രണ്ട് പേരെ, സുഫ്‌യാൻ അബ്‌ദുസ്സലാമിനെയും പി. ഒ. ഉമർ ഫാറൂഖിനെയും, ആത്മസുഹൃത്തുക്കളായി ലഭിച്ചത് ഈ സജീവതക്ക് ആക്കം കൂട്ടി. ഞങ്ങളുടെയെല്ലാം നേതൃത്വത്തിൽ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ കാമ്പസിൽ വെച്ച് നടത്തിയ ഒരു ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ചാണ് അവിടെ ഹിസ്റ്ററി ബിഎക്ക് പുതുതായി ചേർന്ന, പിൽക്കാലത്ത് എംഎൽഎയും മന്ത്രിയുമായിത്തീർന്ന കെ.ടി. ജലീലിനെ പരിചയപ്പെടുന്നത്. ആ റാലിയിൽ അന്ന് പ്രസംഗിച്ചത് ആയിടെ സിമി വിട്ട് മുസ്‌ലിം ലീഗിൽ പ്രവർത്തിക്കാനാരംഭിച്ചിരുന്ന അബ്ദുസ്സമദ് സമദാനിയായിരുന്നു. സിമിയുടെ സജീവപ്രവർത്തകനും പ്രസംഗകനുമായിരുന്ന കെ. ടി. ജലീലുമായുള്ള സൗഹൃദം വളർന്നത് ആശയസംവാദങ്ങളിലേർപ്പെട്ടുകൊണ്ടാണ്. കോളേജ് ചെയർമാൻ സ്ഥാനത്തേക്കുള്ള സിമിയുടെ സ്ഥാനാർത്ഥിയായി ജലീൽ മത്സരിച്ചപ്പോൾ തന്റെ പ്രസംഗപാടവം കൊണ്ട് വിദ്യാർത്ഥികളെ കയ്യിലെടുക്കാൻ മിടുക്കനായ അദ്ദേഹത്തെ തോൽപ്പിക്കുവാനും എം.എസ്. എഫ് സ്ഥാനാർഥിയായ അബ്ദുൽ സലാമിനെ വിജയിപ്പിക്കാനും വേണ്ടിയുള്ള തന്ത്രങ്ങൾ മെനയാൻ എം. എസ്. എഫ് നേതൃത്വത്തോടൊപ്പം ഞങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ സൗഹൃദത്തിന് യാതൊരു കോട്ടവുമുണ്ടാക്കിയിരുന്നില്ല. എന്റെ ഡിഗ്രിക്കാലത്തിന് ശേഷമാണ് അദ്ദേഹം സിമിയിൽ നിന്ന് പുറത്താവുകയും പിഎസ്എംഒയിൽ ചെയർമാനാവുകയും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ സജീവമാവുകയുമെല്ലാം ചെയ്തത്; ലീഗിൽ നിന്ന് പുറത്ത് പോവുകയും ഇടതുപക്ഷത്തെത്തുകയും എംഎൽഎയും മന്ത്രിയുമെല്ലാമായതുമെല്ലാം പിൽക്കാലത്താണല്ലോ. ഡിഗ്രി പഠനകാലത്തിനിടയ്ക്കാണ് എംകോം പഠനത്തിന് പിഎസ്എംഒ യിലെത്തിയ അഡ്വ: എൻ. ഷംസുദ്ദീനുമായും സൗഹൃദമുണ്ടാകുന്നത്. അവിടെ നിന്നുള്ള രാഷ്ട്രീയപ്രവർത്തങ്ങളിലൂടെ എം എസ് എഫ് നേതൃത്വത്തിലെത്തിയ അദ്ദേഹം ഇതെഴുതുമ്പോൾ എം.എൽ. എ യായി സേവനമനുഷ്ഠിക്കുകയാണ്.

പ്രകടനങ്ങളിലും അണിയറയിലും സജീവമായിരുന്ന മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ബിരുദവർഷങ്ങൾ കഴിഞ്ഞശേഷം തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകുവാൻ കഴിഞ്ഞിട്ടില്ല; ഡിഗ്രി കഴിഞ്ഞയുടനെയുണ്ടായ അന്തമാൻ യാത്രയായിരുന്നു പെട്ടെന്നുള്ള പ്രധാന കാരണം. അന്തമാനിലെത്തിയ ശേഷമാണ് ഹിന്ദുത്വത്തെയും ഫാഷിസത്തെയും താരതമ്യം ചെയ്ത് പഠിക്കാൻ ശ്രമിക്കുന്നത്. ശബാബിൽ ഖണ്ഡശ്ശയായി ‘ഫാഷിസം വളരുന്ന വഴി’, എന്ന ലേഖനപരമ്പരയും പ്രബോധനത്തിൽ ‘ഹിന്ദുവർഗ്ഗീയത: ചരിത്രവും ദർശനവും’ എന്ന ലേഖനവുമെല്ലാം എഴുതുന്നത് ഈ താരതമ്യപഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. കമ്മ്യൂണിസത്തെയും ഹൈന്ദവദർശനത്തെയുമെല്ലാം കുറിച്ച കാര്യമായ വായനകൾ നടക്കുന്നതും അന്തമാൻ കാലത്താണ്. അവയുടെ ഫലമാണ് ‘മുതലാളിത്തം മതം മാർക്‌സിസം’, ‘ഹൈന്ദവത: ധർമ്മവും ദർശനവും’ എന്നീ കൃതികൾ. എന്റെ മേഖല തെരെഞ്ഞെടുപ്പ് രാഷ്ട്രീയമല്ല, സാംസ്കാരിക രാഷ്ട്രീയമാണെന്ന് തീരുമാനിക്കുന്നത് ഹിന്ദുത്വത്തെയും ഫാഷിസത്തെയും കുറിച്ച പഠനങ്ങളുടെ വെളിച്ചത്തിലാണ്. അതേക്കുറിച്ചും അന്തമാനിൽ നിന്നുള്ള രാഷ്ട്രീയമായ ഇടപെടലുകളെയും അവ നൽകിയ തിരിച്ചറിവുകളെയും കുറിച്ചും പിന്നീട് എഴുതാം. ബഹുസ്വരതയുടെ ഇഴകളാൽ നൂൽക്കപ്പെട്ട നമ്മുടെ നാടിന്റെ സംസ്കാരത്തെ തകർക്കുവാനുള്ള കോപ്പുകളുടെ ബീജങ്ങൾ പാകുവാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലെന്നും അവയ്ക്കുള്ള വെള്ളവും വളവുമായി വർത്തിച്ചത് എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ സഹായിച്ച പഠനങ്ങളായിരുന്നു അവയെന്ന് മാത്രം ഇവിടെ സൂചിപ്പിക്കുന്നു. തെറ്റിദ്ധാരണകളുണ്ടാക്കി വെറുപ്പുൽപ്പാദിപ്പിക്കുകയും അതിലൂടെ ധ്രുവീകരണം സാധ്യമാക്കുകയും ചെയ്‌തുകൊണ്ടാണ് നമ്മുടെ ബഹുസ്വരസംസ്കാരത്തെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലായതോടെയാണ് ഈ തെറ്റിദ്ധാരണകൾ തിരുത്താൻ ശ്രമിക്കുന്നത് നാടിനെ സ്നേഹിക്കുന്നവർ നിർവ്വഹിക്കേണ്ട വലിയൊരു രാഷ്ട്രീയദൗത്യമാണെന്ന ബോധമുണ്ടാവുന്നത്. ഈ ബോധത്തിന്റെ വെളിച്ചത്തിലാണ് വെറുപ്പുൽപ്പാദനത്തിനെതിരെയുള്ള സാംസ്കാരികരാഷ്ട്രീയത്തിലാണ് ഇനിയുള്ള എന്റെ സേവനമെന്ന് തീരുമാനിക്കുന്നത്. സ്നേഹസംവാദങ്ങളുടെ സംഘാടനം മുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിർമ്മാണം വരെ പിന്നീട് നടന്ന പ്രവർത്തനങ്ങളിലെല്ലാം ധ്രുവീകരണത്തിനെതിരെയുള്ള ഈ സാംസ്കാരികരാഷ്ട്രീയം കൂടിയുണ്ട്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • വായനാസുഖം നൽകുന്ന എഴുത്ത്.ഓ മ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പിന്നീട്
    പ്രസിദ്ധീകരിക്കുമെന്ന് വിചാരിക്കുന്നു….

    തൻസീർ. എ 08.09.2023

Leave a comment

Your email address will not be published.