ദഅ്‌വാനുഭവങ്ങൾ -12

//ദഅ്‌വാനുഭവങ്ങൾ -12
//ദഅ്‌വാനുഭവങ്ങൾ -12
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -12

മുജാഹിദ് പ്രസ്ഥാനത്തോടുള്ള ഇഷ്ടം (ഭാഗം -3)

എന്റെ ഇസ്‌ലാമികവ്യക്തിത്വത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ച പ്രധാനപ്പെട്ട രണ്ട് പണ്ഡിതന്മാരും – അവറാൻ മൗലവിയും ചെറിയമുണ്ടം അബ്ദുൽ മദനിയും സംഘടനാ നേതൃരംഗത്ത് സജീവമായി ഉള്ളവരായിരുന്നില്ല. പരപ്പനങ്ങാടിയിലെ ഇസ്‌ലാഹി ചലനങ്ങളിൽ സജീവസാന്നിധ്യമായിരുന്ന സമയത്തും അവറാൻ മൗലവി സംഘടനയുടെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങുന്നയാളായിരുന്നില്ല. ചെറിയമുണ്ടമാകട്ടെ, പരിചയപ്പെടുന്ന നാൾ മുതൽ മരണം വരെ ശബാബിന്റെ മുഖ്യപത്രാധിപരായി സേവനമനുഷ്ടിച്ചയാളായിരുന്നുവെങ്കിലും സംഘടനാപരമായ പ്രധാനപ്പെട്ട മറ്റു നേതൃസ്ഥാനങ്ങളിലൊന്നുമുണ്ടായിരുന്നില്ല. എന്നാൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ മുതൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനരംഗങ്ങളിൽ സജീവമാണ് ഞാൻ. പരപ്പനങ്ങാടിയിലെ ഐ എസ് എം നേതൃത്വത്തിലുണ്ടായിരുന്ന ഇ. ഒ. അബ്ദുൽ ഹമീദും ടി. പി. അലിയുമാണ് ആ രംഗത്തെ എന്റെ ആദ്യകാല മാർഗ്ഗദർശികൾ. ഉപദേശങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും താക്കീതുകളിലൂടെയുമെല്ലാം എന്നിലെ സംഘടനാപ്രവർത്തകനെ ഊതിക്കാച്ചിയെടുത്തത് ഞങ്ങൾ അലി സാഹിബ് എന്ന് വിളിക്കുന്ന ടി.പി. അലിയും പരപ്പനങ്ങാടിയെന്ന ഗ്രാമത്തിൽ ഒതുങ്ങുമായിരുന്ന എന്റെ കൈപിടിച്ച് നടത്തിയും മുകളിലുള്ളവരെ പരിചയപ്പെടുത്തിയും പ്രോത്സാഹനങ്ങൾ നൽകിയും പ്രസ്ഥാനഗോവണിയിലെ പടികൾ കയറാൻ പര്യാപതമാക്കിയത് ഹമീദാക്ക എന്ന് വിളിക്കുന്ന ഇ. ഒ. അബ്ദുൽ ഹമീദുമായിരുന്നു. അവരോടൊപ്പം സംഘടനാരംഗത്ത് കൈപിടിച്ച് നടത്താൻ ആത്മസുഹൃത്തുക്കളായിരുന്ന മുസ്തഫാകമാലിനേയും സി. എ. ശുക്കൂറിനെയും പോലെയുള്ള പലരുമുണ്ടായിരുന്നു. ആ ഗോവണിയിലൂടെ കയറിയാണ് അന്തമാനിൽ പോകുന്നതിന് മുമ്പ് എം.എസ്.എമ്മിന്റെ ജില്ലാ പ്രസിഡണ്ട് വരെയും മടങ്ങിയ ശേഷം ഐ. എസ്‌. എമ്മിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് വരെയുമായിത്തീർന്നത്.

ബിരുദപഠനകാലത്താണ് മുജാഹിദ് വിദ്യാർത്ഥി സംഘടനാരംഗത്ത് ഏറ്റവും സജീവമായിരുന്നത്. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായതും സംസ്ഥാന പ്രവർത്തകസമിതി അംഗമായതുമെല്ലാം അക്കാലത്താണ്. 1983 ൽ എംഎസ്എം സംസ്ഥാന സമിതി ഇഖ്‌റഅ്‌ മാസിക ആരംഭിച്ചപ്പോൾ മുതൽ അതിന്റെ സ്ഥിരം എഴുത്തുകാരനായി. പി. ഹാറൂൺ, നല്ലളം നാസർ എന്നിവർ പ്രസിഡണ്ടും ജനറൽ സിക്രട്ടറിയുമായിരുന്ന കമ്മറ്റി ആരംഭിച്ച ഇഖ്‌റഇന്റെ പിന്നണിയിൽ പ്രധാനമായും പ്രവർത്തിച്ചിരുന്നത് അബൂബക്കർ നന്മണ്ടയും പി. കെ. മുഹമ്മദ് സുഹൈലുമായിരുന്നു. കെ.എൻ.എമ്മിന്റെയും കെ.എ.ടി.എഫി(കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ) ന്റെയും നേതാവായിരുന്ന പി കെ അഹമ്മദലി മദനിയുടെ മകനായ സുഹൈൽ ഞങ്ങളുടെ അടുത്ത പ്രദേശമായ ചെമ്മാട്ടുകാരനായിരുന്നതിനാൽ മേഖലാ- ജില്ലാ കമ്മറ്റികളിലെ സജീവസാന്നിധ്യമായിരുന്നു. പിഎസ്എംഒ കോളേജിലെ എം.എസ്.എം പ്രവർത്തങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഞങ്ങൾ മൂന്നു പേരിലൊരാളായ സുഫ്‌യാൻ അബ്‌ദുസ്സലാമിന്റെ ജ്യേഷ്ഠസഹോദരൻ കൂടിയായിരുന്നതിനാൽ സുഹൈലുമായി വളരെ അടുത്ത ബന്ധം പുലർത്തുവാൻ എനിക്ക് അവസരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങിക്കൊണ്ടാണ് ഇഖ്‌റഇൽ എഴുതാൻ തുടങ്ങിയത്. ആദ്യമായെഴുതിയ ലേഖനം പ്രസിദ്ധീകരിച്ച് വന്നപ്പോഴുണ്ടായ സന്തോഷം ഇന്നും ഓർക്കുന്നുണ്ട്. ‘വാലറ്റു പോയ പരിണാമവാദം’ എന്നായിരുന്നു തലക്കെട്ട്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ആനുകാലിക സംഭവങ്ങളെന്തെങ്കിലും ഉണ്ടാവുമ്പോൾ അതുമായി ബന്ധപ്പെട്ട ലേഖനമെഴുതണമെന്ന് സുഹൈൽ നിർബന്ധിക്കും. അതിന്നായി ആ വിഷയം പഠിക്കും. സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ കാര്യമാത്രപ്രസക്തമായ അവബോധമുണ്ടാവുന്നത് ഈ പഠനങ്ങൾ വഴിയാണ്. അതോടൊപ്പം ഭാഷാപ്രയോഗങ്ങൾ മനസ്സിലാക്കുന്നതിനും എഴുത്തിൽ ഒഴുക്കുണ്ടാകുന്നതിനും ഈ പഠനങ്ങളും എഴുത്തും നിമിത്തമായി. ഇഖ്‌റഇൽ നിന്ന് തുടങ്ങിയ എഴുത്ത് മെല്ലെ ശബാബിലെക്കും സൽസബീലിലേക്കും ചന്ദ്രികയിലേക്കുമെല്ലാം നീണ്ടു. എഴുത്ത് ആരംഭിച്ച സമയത്തെ എം. എം. അക്ബർ പരപ്പനങ്ങാടിയെന്ന തൂലികാനാമത്തിന്റെ വാലു മുറിച്ച് എം. എം. അക്ബർ എന്നാക്കിയത് ശബാബിന്റെ പത്രാധിപരായിരുന്ന ഇ. കെ. എം. പന്നൂരാണ്. മേലേവീട്ടിൽ മുഹമ്മദ് അക്ബർ എന്നതിന്റെ ചുരുക്കമാണ് എം. എം. അക്ബർ.

ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വം എങ്ങനെയാകണെമെന്ന് പഠിപ്പിച്ചതാരാണെന്ന് ചോദിച്ചാൽ ഞാൻ പറയുക കെ. പി. മുഹമ്മദ് മൗലവിയെന്നാണ്. 1971മുതൽ 1996 ജനുവരി 26 ന് ഇഹലോകവാസം വെടിയുന്നത് വരെ നീണ്ട കാൽ നൂറ്റാണ്ട് കാലം‌ കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ ജനറൽ സിക്രട്ടറിയായി പ്രവർത്തിച്ച നേതാവ്. അരീക്കോട്, എടവണ്ണ, തിരൂരങ്ങാടി, പുളിക്കൽ, കോഴിക്കോട് തുടങ്ങിയ മലബാർ പ്രദേശങ്ങളിലും കൊച്ചി പോലെയുള്ള ചില നഗരങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന മുജാഹിദ് പ്രസ്ഥാനത്തിന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും അയൽ പ്രദേശങ്ങളായ മംഗലാപുരത്തും കോയമ്പത്തൂരുമെല്ലാം വേരുകളും ശാഖകളുമുണ്ടായത് അദ്ദേഹത്തിന്റെ ചടുലമായ നേതൃപാടവത്തിന് കീഴിലാണ്. പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയുടെയും പ്രതാപത്തിന്റെയുമൊക്കെ ശില്പിയായിരുന്നു കെപിയെന്ന് വിളിക്കപ്പെടുന്ന അദ്ദേഹമെന്ന് പറഞ്ഞാൽ തെറ്റാവുകയില്ല. കെഎൻഎം ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ കേരള അറബിക് പ്രചാര സഭ ജനറല്‍ സെക്രട്ടറി, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍, അന്‍സ്വാറുല്ലാ സംഘം സാരഥി, ‘അല്‍ ബുശ്‌റ’ അറബി മാസികയുടെ എഡിറ്റര്‍, കേരള ഹജ്ജ് കമ്മിറ്റി അംഗം, അല്‍മനാര്‍ മാസികയുടെ എഡിറ്റര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരളം ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, ജാമിഅ സലഫിയ്യ വൈസ് ചാന്‍സലര്‍ തുടങ്ങിയ അദ്ദേഹം വഹിച്ച സ്ഥാനങ്ങൾ ആ മഹാമനുഷ്യന്റെ അർപ്പണബോധത്തെയും സമുദായത്തോടുള്ള ഗുണകാംക്ഷയെയും വെളിപ്പെടുത്തുന്നുണ്ട്. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിന്റെയും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവിയും പറപ്പൂർ കുഞ്ഞിമുഹമ്മദ് മദനിയും കൂടി തയ്യാറാക്കിയ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയുടെയും പരിശോധന നിർവ്വഹിച്ചത് അദ്ദേഹമാണ്. എ. പി. അബ്ദുല്‍ ഖാദര്‍ മൗലവിയും കെപിയും സംയുക്തമായി എഴുതിയ ‘തഖ്‌ലീദ് ഒരു പഠനം’ രണ്ടുപേരുടെയും പാണ്ഡിത്യത്തിന്റെ ആഴം വെളിവാക്കുന്നതാണ്. അതും ‘ഇബാദത്തും ഇത്വാഅത്തും, അത്തവസ്സുൽ, അൽ ഇസ്തിഗാസ, സൂഫിസം’ എന്നീ കെപിയുടെ സ്വതന്ത്രകൃതികളും വായിച്ചാൽ കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റ് മതസംഘടനകളിൽ നിന്ന് മുജാഹിദ് പ്രസ്ഥാനം വേറിട്ട് നിൽക്കുന്നതിന്റെ ആദർശപരമായ അടിത്തറയെന്താണെന്ന് ആർക്കും മനസ്സിലാവും. ഇസ്‌ലാമിലെ ദായധനവിതരണക്രമത്തെപ്പറ്റി സരളവും സമഗ്രവുമായി വിവരിക്കുന്ന ‘മുസ്‌ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍’ എന്ന കൃതി കൂടി കെ. പി. മുഹമ്മദ് ബിൻ അഹ്മദ് എന്ന തൂലികാനാമത്തിൽ എഴുതുന്ന അദ്ദേഹത്തിന്റേതായുണ്ട്.

1987 ൽ കുറ്റിപ്പുറത്ത് വെച്ച് നടന്ന മൂന്നാം മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ചാണ് ഞാൻ കെപിയുമായി അടുത്ത് പരിചയപ്പെടുന്നത്. 1979 ൽ പുളിക്കൽ വെച്ച് നടന്ന ഒന്നാം മുജാഹിദ് സമ്മേളനത്തിന് ഉപ്പയോടൊപ്പമാണ് പോയത്. 1982 ൽ ഫറോക്കിൽ വെച്ച് നടന്ന രണ്ടാം സമ്മേളനത്തിന്റെ സദസ്സിലുണ്ടായിരുന്നുവെങ്കിലും അന്ന് സംഘടനാപ്രവർത്തനരംഗത്ത് സജീവമായിരുന്നില്ല. പ്രസ്‌തുത സമ്മേളനത്തിന് ശേഷം 1983 ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെയുള്ള തിയ്യതികളിൽ നടന്ന കൊട്ടപ്പുറം സംവാദം കഴിഞ്ഞതോടെയാണ് സംഘടനാരംഗത്ത് സജീവമാകുന്നത്. നാല് ദിവസങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന സംവാദം മൂന്നാം ദിവസം കലഹിച്ചു പിരിച്ചുവിടുമ്പോൾ ഞാനും പരപ്പനങ്ങാടിയിൽ നിന്ന് വാനിൽ സംവാദത്തിന് പോയവരോടൊപ്പം സദസ്സിലുണ്ടായിരുന്നു. തവസ്സുലും ഇസ്തിഗാസയുമായിരുന്നു സംവാദ വിഷയങ്ങൾ. മുജാഹിദ് പക്ഷത്തിനു വേണ്ടി സി. പി. ഉമർ സുല്ലമിയും സുന്നി പക്ഷത്തിനു വേണ്ടി അണ്ടോണ പികെഎം ബാഖവി, കാന്തപുരം എ. പി മുഹമ്മദ് മുസ്‌ലിയാർ, നാട്ടിക മൂസ മൗലവി എന്നിവരുമാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. ചോദ്യോത്തരങ്ങൾ കൈകാര്യം ചെയ്തത് സുന്നിപക്ഷത്തുനിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരും മുജാഹിദ് പക്ഷത്തുനിന്ന് എപി അബ്ദുൽ ഖാദർ മൗലവിയും ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുമായിരുന്നു. ഉപ്പയിൽ നിന്നും മദ്രസയിൽ നിന്നുമായി ലഭിച്ച മുജാഹിദ് ആദർശത്തിന്റെ മൂല്യം മനസ്സിലാവുകയും തൗഹീദീപ്രബോധനരംഗത്ത് കൂടുതൽ സജീവമാകേണ്ടതുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു സംവാദം. അതിന്ന് ശേഷമാണ് എം. എസ്. എമ്മിൽ കൂടുതൽ സജീവമാകുന്നത്. ആ സജീവതയാണ് കുറ്റിപ്പുറം സമ്മേളനത്തിൽ വളണ്ടിയറാകുന്ന വിതാനത്തിലേക്ക് എന്നെ കൊണ്ടുപോയത്. അതിന്റെ പ്രവർത്തനങ്ങൾക്കിടയിൽ എവിടെയോ വെച്ചാണ് കെപിയെ നേർക്കുനേർ പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ ഒരു വലിയൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു.

കുറ്റിപ്പുറം സമ്മേളനം മുതൽ പാലക്കാട് സമ്മേളനം വരെയുള്ള കാലത്താണ് കെപിയുമായി ഏറെ അടുക്കുകയും അദ്ദേഹത്തിന്റെ നേതൃഗുണങ്ങൾ അനുഭവിക്കുകയും ചെയ്യാൻ അവസരങ്ങളുണ്ടായത്. ബാബരി മസ്ജിദിന്റെ പതനത്തിന് ശേഷം 1992 ഡിസമ്പർ 24, 25, 26, 27 തീയതികളിൽ നടന്ന നാലാം മുജാഹിദ് സമ്മേളനത്തിന്റെ സംഘാടനത്തിലെ ഇടപെടലുകൾ വഴി പ്രതിസന്ധിഘട്ടങ്ങളിൽ ഇസ്‌ലാമികനേതൃത്വം എങ്ങനെയാകണമെന്ന് കെ. പി അനുയായികളെ പഠിപ്പിക്കുകയായിരുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ നടന്ന സാഹചര്യത്തിൽ സമ്മേളനം നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെട്ട യുവനേതൃത്വത്തിലുള്ളവരടക്കമുള്ള അനുയായികൾക്ക് മുന്നിൽ ‘നാം സമ്മേളനം നടത്തുന്നത് ദഅ്‌വത്തിന് വേണ്ടിയാണ്; ദഅ്‌വത്ത് ഒരു അവസരത്തിലും നിർത്തിവെക്കാനാവുകയില്ല’ എന്ന് പ്രഖ്യാപിച്ച ആ നേതൃത്വം നൽകിയ പാഠം ഇന്ത്യൻ മുസ്‌ലിംകൾക്ക് അന്നും ഇന്നും എന്നും വെളിച്ചമാകുന്നതാണ്. മതത്തിന്റെ പേരിൽ വേലിക്കെട്ടുകളുണ്ടാക്കുവാൻ ചിലർ ശ്രമിക്കുന്ന അന്നത്തെ സാഹചര്യത്തിൽ സമ്മേളനപ്രമേയം ‘മതം മനുഷ്യസൗഹാർദ്ദത്തിന്’ എന്നാക്കിയത് വഴി മാറുന്ന പരിതഃസ്ഥിതികൾ അവ എത്ര തന്നെ പ്രതികൂലമാണെങ്കിലും എങ്ങനെ ദഅ്‌വത്തിന് അനുഗുണമാക്കിത്തീർക്കാമെന്ന് പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു നേതൃത്വം. മുസ്‌ലിംകൾക്ക് ജീവിക്കാനാവാത്ത വിധം അവർ ഇന്ത്യയിൽ അന്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്ന പ്രചാരണത്തെ തളളിക്കൊണ്ടുള്ള സമ്മേളനത്തോടനുബന്ധിച്ച നേതൃത്വത്തിന്റെ പ്രസ്താവന വൈചാരികമായി ഉമ്മത്തിനെ നയിക്കണെമെന്നാഗ്രഹിക്കുന്നവർക്ക് എന്നത്തേക്കുമുള്ള വഴികാട്ടിയാണ്. കെപിയിൽ നിന്ന് മുമ്പും ഇത്തരം പ്രസ്താവനകളുണ്ടായിട്ടുണ്ട്. 1991ആഗസ്ററ് രണ്ടിന് സദ്ദാം ഹുസൈനിന്റെ നേതൃത്വത്തിൽ ഇറാഖ് കുവൈറ്റിൽ അധിനിവേശം നടത്തുകയും അമേരിക്ക ഇറാഖിനെതിരെ നിലകൊള്ളുകയും ചെയ്തപ്പോൾ സമൂഹത്തിൽ പൊതുവെയും മുസ്‌ലിംകൾക്കിടയിൽ പ്രത്യേകിച്ചുമുണ്ടായിരുന്ന അമേരിക്കൻ വിരുദ്ധ വികാരത്താൽ സദ്ദാം നായകനായി വാഴ്ത്തപ്പെടുകയും തെറ്റായ ഈ പൊതുവികാരത്തിനെതിരെ സംസാരിക്കാൻ സമുദായ സംഘടനകളും മതനിരപേക്ഷകക്ഷികളുമെല്ലാം മടിച്ച് നിൽക്കുകയും ചെയ്ത സന്ദർഭത്തിൽ “സദ്ദാം അക്രമി” എന്ന് പരസ്യപ്രസ്താവന ഇറക്കുകയും ആ വിധത്തിൽ സമുദായത്തെ ബോധവൽക്കരിക്കുകയും ചെയ്ത നടപടി ഉദാഹരണം. ബഹുഭൂരിപക്ഷവും ശരിക്കെതിരെ നിലകൊള്ളുമ്പോഴും ശരിയോടൊപ്പം നിലനിൽക്കാനും അതുറക്കെ പറയാനും കഴിയണമെങ്കിൽ അസാമാന്യമായ ആർജ്ജവം വേണം. ഞാൻ കെപിയിൽ കണ്ട ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണം അതുതന്നെയാണ്.

സ്വതവേ സൗമ്യനും ശാന്തസ്വഭാവിയുമായിരുന്ന കെപി മുകളിൽ പറഞ്ഞതുപോലെയുള്ള സന്നിഗ്‌ധഘട്ടങ്ങളിൽ പ്രകടിപ്പിക്കാറുണ്ടായിരുന്ന ആത്മവീര്യം അപാരമാണ്. സമ്പത്തിനോ സ്ഥാനമാനങ്ങൾക്കോ ചുറ്റുമുള്ളവരുടെ ആശംസ-പ്രശംസാ വർത്തമാനങ്ങൾക്കോ കെടുത്താൻ കഴിയാത്ത ആത്മവീര്യം അദ്ദേഹത്തിലേതുപോലെ ഞാൻ നേർക്കുനേരെ മറ്റാരിൽ നിന്നും അനുഭവിച്ചിട്ടില്ല. 2002 ൽ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളർപ്പിലേക്ക് നയിച്ച സംഭവങ്ങൾ പുകഞ്ഞുകൊണ്ടിരുന്ന കാലത്ത് അദ്ദേഹവുമായി പല തവണ സ്വകാര്യമായി സംസാരിക്കാൻ കഴിഞ്ഞപ്പോഴുള്ളതാണ് വ്യക്തിപരമായ എന്റെ അനുഭവങ്ങൾ. കൂടെയുള്ളവരെക്കുറിച്ചെല്ലാം അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്ന് മനസ്സിലാക്കിത്തന്ന അഭിമുഖങ്ങൾ. കെപിയുടെ കാലത്ത് ജീവിച്ചിരുന്ന മുജാഹിദ് പ്രവർത്തകരെല്ലാം അനുസ്മരിക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ആത്മവീര്യം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 1982ല്‍ ഫറോക്കില്‍ വെച്ചു നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് സംഭവം. റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമിയുടെ പ്രതിനിധിയായി സമ്മേളനത്തിലേക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു ആദർശവൈരിയെ നിയോഗിക്കാന്‍ ശ്രമം നടന്നു. അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ സ്വീകരിക്കില്ലെന്നും സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനർ കൂടിയായിരുന്ന കെ പി നിലപാട് വ്യക്തമാക്കി. അദ്ദേഹത്തെ സ്വീകരിച്ചില്ലെങ്കില്‍ ഗൾഫിൽ നിന്ന് വന്ന പ്രതിനിധികളൊന്നും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും അവിടെ നിന്ന് സഹായങ്ങളൊന്നും ഇനി കെഎൻഎമ്മിന് ലഭിക്കില്ലെന്നും വന്ന ശൈഖുമാരിൽ ചിലർ ഭീഷണി മുഴക്കി. സ്ഫുടമായ അറബിഭാഷയിൽ ആത്മവീര്യത്തോടെയുള്ള കെപിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അറബികളുടെ സഹായം കണ്ട് തുടങ്ങിയതല്ല കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനം. അറബികള്‍ക്ക് മണ്ണിനടിയിൽ നിന്ന് എണ്ണ ലഭിക്കുന്നതിന് മുമ്പുതന്നെ കേരളത്തിന്റെ മണ്ണിൽ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്’. അറബി നാടുകളിൽ നിന്ന് കാര്യമായ സഹായങ്ങളൊന്നും ലഭിക്കാതിരുന്ന കാലത്തായിരുന്നു ഈ മറുപടിയെന്നത് ആ ആത്മവീര്യത്തിന്റെ ജാജ്ജ്വല്യമാണ് വെളിപ്പെടുത്തുന്നത്.

കെപിയുടെ നേതൃപാടവത്തിന്റെ ആഴവും പരപ്പും വ്യക്തിപരമായി അനുഭവിക്കാൻ കഴിഞ്ഞ ഒരു സന്ദർഭം കൂടി കുറിക്കട്ടെ. ഞാൻ എം. എസ്. എം മലപ്പുറം വെസ്റ്റ് ജില്ലാ സിക്രട്ടറിയായിരുന്ന സന്ദർഭത്തിലാണത്. പുതുമയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന ആവേശവുമായി നടക്കുന്ന കാലം. ഞങ്ങളുടെ തലച്ചോറിലുദിച്ച ‘വർഗ്ഗീയത വളർത്തുന്ന പാഠപുസ്തകങ്ങൾക്കെതിരെ’ എന്ന തലക്കെട്ടിലുള്ള കാമ്പയിൻ സംസ്ഥാനകമ്മിറ്റി ഏറ്റെടുക്കുകയും സംസ്ഥാനത്തുടനീളം കാമ്പയിൻ പ്രോഗ്രാമുകൾ നടന്നു വരികയും ചെയ്യുകയാണ്. കാമ്പയിനിനോടനുബന്ധിച്ച് തിരൂരിൽ വെച്ച് ഒരു ജാഥ നടത്താൻ ജില്ലാ കമ്മറ്റി തീരുമാനിക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്തു; പ്ലെക്കാർഡുകളുയർത്തി നിശബ്ദമായി ജാഥ നടത്താനായിരുന്നു പദ്ധതി. പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അന്നുവരെ ജാഥകളൊന്നും നടന്നിട്ടില്ലാത്തതിനാൽ അതൊരു പുതുമയുള്ള പരിപാടിയായി വിലയിരുത്തപ്പെടുമെന്ന് കരുതി. ജാഥ പരസ്യമായതോടെ അന്നത്തെ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റായിരുന്ന സൈദ് മൗലവി അറിയുകയും അതിനെ വിമർശിക്കുകയും അടുത്ത ഖുത്ബ അതേക്കുറിച്ചുള്ള വിമർശനത്തോടെയായിരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തത് അറിഞ്ഞു. ഞാനും പികെ. മുഹമ്മദ് സുഹൈലും കൂടി വെള്ളിയാഴ്ച അതി രാവിലെ തന്നെ സൈദ് മൗലവിയുടെ വീട്ടിലെത്തി. അദ്ദേഹം രാഷ്ട്രീയക്കാരുടെ ശൈലി നമുക്ക് വേണ്ടെന്ന് ഗുണദോഷിച്ചുവെങ്കിലും പ്രകടനത്തിൽ വാഹനഗതാഗതത്തിന് യാതൊരു വിധ തടസ്സവുമില്ലാതെ ശ്രദ്ധിക്കാമെന്ന ഉറപ്പിൽ ഖുത്ബയിൽ വെച്ച് വിമർശിക്കില്ലെന്ന് സമ്മതിക്കുകയും കെപിയുടെ സമ്മതമുണ്ടങ്കിൽ മാത്രം നടത്താൻ അനുവദിക്കുകയും ചെയ്തു. ഞങ്ങൾ കെപിയുടെ അടുത്തെത്തി. പ്രബോധനം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന പുതുമയുള്ള എല്ലാ നല്ല പരിപാടികളും ആവശ്യമാണെന്നും എന്നാൽ ഇതുവരെ മുജാഹിദുകൾ പ്രകടനം നടത്താത്തതിനാൽ അതൊരു നയപരമായ വിഷയമാണെന്നും അത്തരം വിഷയങ്ങളിൽ നേതൃത്വത്തിന്റെ സമ്മതമില്ലാതെ ഒരു ജില്ലാ കമ്മറ്റി തീരുമാനമെടുത്തത് ശരിയായില്ലെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. നേതൃത്വം പറഞ്ഞാൽ ഞങ്ങൾ നിർത്തിവെക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു. തീരുമാനിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്ത സ്ഥിതിക്ക് അത് നടക്കട്ടെയെന്ന് സമ്മതിക്കുകയും വാഹനഗതാഗതത്തിന് തടസ്സമോ പൊതുജനങ്ങൾക്ക് പ്രയാസമോ ഇല്ലാതെയായിരിക്കണം നടക്കേണ്ടതെന്ന് ശക്തമായി നിഷ്കർഷിക്കുകയും ചെയ്തു. ഞങ്ങൾ സമ്മതിച്ചു. അച്ചടക്കത്തോടെ പ്രകടനം ആസൂത്രണം ചെയ്തതിനാൽ എവിടെയും ഗതാഗതതടസ്സങ്ങളില്ലാതെ അത് നടന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തുകയും കണ്ണുകളെ ഈറനണിയിപ്പിക്കുകയും ചെയ്തത് പ്രകടനം നടക്കുമ്പോഴുള്ള കെപിയുടെ നടപടിയാണ്. തിരൂരിലെ ഓരോ ജങ്ഷനിലും പ്രകടനമെത്തുമ്പോൾ അവിടെ കെപിയും അദ്ദേഹത്തിന്റെ വെളുത്ത അംബാസഡർ കാറുമുണ്ടായിരുന്നു. ഗതാഗത തടസ്സമില്ലാതെ പ്രകടനം നടക്കുവാനും ജങ്ഷനുകൾ കടന്നുപോകുമ്പോൾ എവിടെയും തടസ്സങ്ങൾ ഉണ്ടാകാതിരിക്കുവാനുമുള്ള സംവിധാനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം ഞങ്ങൾക്ക് മുമ്പിലെത്തുകയായിരുന്നു ചെയ്തിരുന്നത്. പുതുതലമുറയിലുള്ളവരെ തെറ്റുകൾ ബോധ്യപ്പെടുത്തി തിരുത്തുകയും അബദ്ധങ്ങളിൽ പെടാത്തവിധം അവരെ കൈപിടിച്ച് നടത്തുകയും ചെയ്ത കെപിയെ പോലെയുള്ളവരിൽ നിന്നല്ലാതെ ആരിൽ നിന്നാണ് നാം നേതൃപാടവം പഠിക്കേണ്ടത്?!

മുജാഹിദ് വിദ്യാർഥിപ്രസ്ഥാനത്തോട് പ്രത്യേകിച്ചും അതിന്റെ മാതൃസംഘടനയായ കെഎൻഎമ്മിനോട് പൊതുവെയുമുള്ള എന്റെ ഇഷ്ടത്തിന്റെ വേരുകൾ അതാണ് ഇസ്‌ലാമികപ്രബോധനരംഗത്തേക്ക് എന്നെ കൈപിടിച്ച് വളർത്തിക്കൊണ്ടുവന്നത് എന്നതിലാണ് സ്ഥിതി ചെയ്യുന്നത്. അഗതാക്രിസ്റ്റിയുടെ ഡിറ്റക്റ്റീവ് നോവലുകളിലും തിക്കോടിയന്റെ നാടകങ്ങളിലും സി. രാധാകൃഷ്ണന്റെ നോവലുകളിലും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലും കടമ്മനിട്ടയുടെ കവിതകളിലും വീക്കെഎന്നിന്റെ ആക്ഷേപഹാസ്യങ്ങളിലുമെല്ലാം തളച്ചിടപ്പെട്ട് ജീവിതം തള്ളിനീക്കുമായിരുന്ന ഒരാളെ സത്യമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവനാക്കിത്തീർത്തതിനോടുള്ള കടപ്പാടാണ് സംഘടനയോടുള്ള എന്റെ ഇഷ്ടം. ആദർശത്തിൽ നിന്ന് സംഘടനയിലേക്കല്ല, സംഘടനയിൽ നിന്ന് ആദർശത്തിലേക്കാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ, ശരിയാണെന്ന് ബോധ്യമുള്ള ആദർശം നൽകിയതിന് പോലും സർവ്വശക്തന്റെ അനുഗ്രഹവും തിരുദൂതരുടെ സന്ദേശങ്ങളും കഴിഞ്ഞാൽ ഞാൻ കടപ്പെട്ടിരിക്കുന്നത് സംഘടനയോടാണ്. അതുകൊണ്ട് തന്നെ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് എന്ത് കിട്ടുമെന്നല്ല, അതിന്ന് എന്ത് കൊടുക്കാൻ കഴിയുമെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളത്; പ്രസ്ഥാനവുമായുള്ള ബന്ധത്തിൽ ഒരിക്കലും നിരാശ തോന്നാതിരിക്കുന്നത് ഈയൊരു നിലപാടുള്ളതുകൊണ്ടാണെന്ന് ഞാൻ കരുതുന്നു. ഭിന്നതകളും പിളർപ്പുകളുമുണ്ടായി പിരിഞ്ഞ് പോകുന്നവരിൽ പലരും ഇഷ്ടക്കാരായിരുന്നിട്ടും പ്രസ്ഥാനത്തിന് ഗുരുതരമായ ആദർശവ്യതിയാനങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ സംഘടനയോടൊപ്പം തന്നെ നിൽക്കുകയെന്ന നിലപാടെടുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ആരുടെയെങ്കിലും പെരുമാറ്റങ്ങളോ ദുഷ്‌ചെയ്‌തികളോ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഒന്നും തന്നെ പ്രസ്ഥാനബന്ധത്തെ ദോഷകരമായി ബാധിക്കാതിരിക്കുന്നതും അതിനോടുള്ള ഈ ഇഷ്ടം കൊണ്ടാണ്. അത് മരണം വരെ നിലനിൽക്കണമെന്നാണ് ആഗ്രഹഹിക്കുന്നത്; പ്രാർത്ഥിക്കുന്നതും അതിന്ന് വേണ്ടി തന്നെ !!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.