ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -11

//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -11
//ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -11
ആനുകാലികം

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -11

(The problem of evil and sufferings)

ദൈവം പിശാചിനെ എന്തിന് സൃഷ്ടിച്ചു ?!

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണവും ദോഷവുമാണ് (Evil) പിശാചുക്കളും, അവരുടെ നേതാവായ ഇബ്‌ലീസും. അപരരെ തിന്മക്ക് പ്രേരിപ്പിക്കുക എന്നത് ജീവിത ദൗത്യമായി സ്വയം ഏറ്റെടുത്തവരാണ് ഇബ്‌ലീസും ശൈത്വാൻമാരും. ഈ അർത്ഥത്തിൽ ശൈത്വാൻ (Devil) എന്നത് ഒരു വിശേഷണമാണ്. മനുഷ്യരെ വഴിതെറ്റിക്കുക, ദുർമന്ത്രങ്ങൾ നടത്തുക എന്നത് ജീവിത ലക്ഷ്യമായി തിരഞ്ഞെടുത്തവരാണ് അവർ. ഒപ്പം ഇവരുടെ അസ്തിത്വം ജീവിത “പരീക്ഷണത്തെ” അർത്ഥവത്താക്കുന്നു. അതിശക്തമായ പ്രലോഭനങ്ങളെ പോലും പരിത്യജിച്ച് കൊണ്ടുള്ള നന്മകൾക്ക് മാറ്റ് കൂടുന്നു. നന്മകളുടെ തിരഞ്ഞെടുപ്പിന് മൂല്യമുണ്ടാവുന്നു. തിന്മകൾ പ്രലോഭനപരമോ പ്രചോദനാത്മകമോ അല്ലെങ്കിൽ നന്മ ഒരാൾ തിരഞ്ഞെടുക്കുന്നതിൽ എന്ത് മൂല്യവും മേന്മയുമാണുണ്ടാവുക?!

ഇനി, പിശാച് എന്ന പരീക്ഷണത്തെ മറ്റൊരു തലത്തിൽ വീക്ഷിക്കാം. പിശാച് എന്ന സങ്കൽപ്പം മനുഷ്യനെ Indirect ആയി നന്മയിലേക്ക് നയിക്കുകയും തിന്മയിൽ നിന്ന് അകറ്റുകയും ചെയ്യുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്കെന്ത് തോന്നും?! യഥാർത്ഥ്യം അതു തന്നെയാണ്. ഈ വാദം അൽപ്പം വിശദീകരണമർഹിക്കുന്നു:

പിശാച് എന്ന സങ്കല്പത്തിൽ വിശ്വസിക്കുന്നതിലൂടെ മനുഷ്യർക്ക് ധാർമികമായി വ്യുല്പന്നമാകുന്ന സൂക്ഷ്മമായ ചില ഗുണഗണങ്ങളുണ്ട്. ഈ മേഖലയെ ഒരു വിശ്വാസിയുടെ ജീവിത ഫിലോസഫിയിലൂടെ നമുക്കൊന്ന് വീക്ഷിച്ചു നോക്കാം.

ആത്യന്തികമായി നമ്മൾക്ക് തിന്മ തോന്നിപ്പിക്കുകയും ചീത്ത ചിന്തകൾ മനസ്സിലിട്ടു തരുകയും അതിലൂടെ ദുഷ്കർമിയായി മനുഷ്യരെ മാറ്റുകയുമാണല്ലോ പിശാചിന്റെ പദ്ധതി. ഒരു ചുവട് പിന്നിലേക്ക് വെച്ചു ചിന്തിച്ചു നോക്കാം. മനുഷ്യരായ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ചീത്തയും അധാർമികവുമായ ചിന്തകൾ കടന്നു വരുക സ്വാഭാവികമാണല്ലോ, ഇങ്ങനെ സംഭവിക്കുമ്പോൾ രണ്ടു തരം വിധികളിലേക്ക് അല്ലെങ്കിൽ രണ്ടു ദിശയിലുള്ള ധാർമിക ചുവടു വെപ്പിലേക്ക് ഒരു മനുഷ്യന്റെ മനസ്സ് തിരിയുന്നു.

ഒന്ന്: ഇത്രയും അധാർമികമായ ജീർണ്ണിച്ച ചിന്തകൾ എന്റെ മനസ്സിലുണ്ട് എങ്കിൽ തീർച്ചയായും ഞാൻ ഒരു മോശം മനുഷ്യൻ തന്നെയാണ്.

രണ്ട്: ഞാനൊരു നല്ല മനുഷ്യൻ ആണ്, എങ്കിൽ എന്റെ മനസ്സിൽ കടന്നു വരുന്ന ഈ ചിന്തകൾ ജീർണ്ണതയാകാൻ അല്ലെങ്കിൽ അധാർമികതയാകാൻ യാതൊരു വഴിയുമില്ല. അതിനാൽ ഞാൻ ചിന്തിക്കുന്നത് എനിക്ക് പ്രാവർത്തികമാക്കാം.

ഈ രണ്ടു രീതിയിലുള്ള ചിന്തകളും അപകടകരമാണ് എന്നതിന് പുറമെ പിശാചിനെ സംബന്ധിച്ച സങ്കൽപ്പം ഉൾക്കൊള്ളുന്നതിലൂടെ ഇല്ലാതെയാകുന്നു. ഒന്നാമതായി തന്റെ മോശം ചിന്തകളിലൂടെ അല്ലെങ്കിൽ മനസ്സിൽ കടന്നു വരുന്ന ദുഷ്ചിന്തകളിലൂടെ താൻ ദുഷിച്ചവനാണ് എന്ന സ്വയം വിധി ചർച്ചക്കെടുക്കാം. ഇത്തരമൊരു ചിന്ത രൂക്ഷമാകുന്നതിലൂടെ ആത്മാഭിമാനവും ആത്മവിശ്വാസവും അഹംബോധവും ഒരാൾക്ക് നഷ്‌ടപ്പെടുകയും അവയ്ക്ക് പകരം ആത്മനിന്ദയും ആത്മ ദ്രോഹവും എന്തിനേറെ ആത്മാഹുതിയിലേക്ക് അടക്കം ഒരാൾ വഴുതി വീഴുന്നു. ഇസ്‌ലാമിലെ സങ്കൽപ്പ പ്രകാരം ഇത് സംഭവിക്കുക അസാധ്യമാണ്. കാരണം തിന്മ ചിന്തിക്കുന്നത് സ്വമേധയാ തിന്മയല്ല എന്നാണ് ഇസ്‌ലാമിന്റെ സങ്കൽപം. പ്രത്യുത അത്തരം ചിന്തകൾ പ്രാവർത്തികമാക്കാത്തേടത്തോളം അവ നന്മയാണ് എന്നാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്.

ومَن هَمَّ بسَيِّئَةٍ فَلَمْ يَعْمَلْها، كَتَبَها اللَّهُ له عِنْدَهُ حَسَنَةً كامِلَةً، فإنْ هو هَمَّ بها فَعَمِلَها، كَتَبَها اللَّهُ له سَيِّئَةً واحِدَةً.

“ആരെങ്കിലും ഒരു തിൻമ വിചാരിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്താൽ അത് ഒരു പൂർണമായ നന്മയായി അല്ലാഹു രേഖപ്പെടുത്തുന്നതാണ്. ഇനി അവൻ ഒരു തിൻമ വിചാരിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അത് ഒരൊറ്റ തിന്മയായി അല്ലാഹു രേഖപ്പെടുത്തുകയും ചെയ്യും…..”

(സ്വഹീഹുൽ ബുഖാരി: 6491)

ومَن هَمَّ بسَيِّئَةٍ فَلَمْ يَعْمَلْها، لَمْ تُكْتَبْ
“”ആരെങ്കിലും ഒരു തിൻമ വിചാരിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്താൽ, അത് (തിന്മയായി) രേഖപ്പെടുത്തപ്പെടില്ല…”
(സ്വഹീഹു മുസ്‌ലിം: 130)

ഈ ഹദീസുകളുടെ വിശദീകരണമായി ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ രേഖപ്പെടുത്തിയ ശ്രദ്ധേയമായ ചില വസ്തുതകൾ ഉദ്ധരിക്കട്ടെ:

”വിധിരൂപമായ തീരുമാനം” (اﻹﺭاﺩﺓ اﻟﺠﺎﺯﻣﺔ) ഒരാളിൽ ഉണ്ടായാൽ തനിക്ക് കഴിയുന്ന അവസരം ലഭിച്ചാൽ അയാളത് പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ചിന്തകളാണ്. എന്നാൽ പ്രവർത്തിക്കാനുള്ള കഴിവും അവസരവും ഉണ്ടായിട്ടും ഒരാൾ ഒരു തിന്മ ചെയ്യുന്നില്ലെങ്കിൽ ആ തിന്മ ചെയ്യണമെന്ന അയാളുടെ ചിന്ത കേവല ചിന്ത മാത്രമാണ്, അത് ‘വിധിരൂപമായ തീരുമാനം’ എന്ന നിലയിലേക്ക് എത്തിയിട്ടില്ല. ആരെങ്കിലും ഒരു തിന്മ ‘ചിന്തിക്കുകയും’ അത് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അത് തിന്മയായി രേഖപ്പെടുത്തപ്പെടില്ല. ഇനി അയാൾ ആ തിന്മ ചെയ്യണമെന്ന ‘ചിന്ത’ ഉപേക്ഷിച്ചത് അല്ലാഹുവിന് വേണ്ടിയാണെങ്കിൽ അയാൾക്കത് പൂർണമായ ഒരു നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്.

അതുകൊണ്ടാണ് യൂസുഫ് നബിയുടേയും (അ) പ്രഭുപത്നിയുടേയും ‘ചിന്തകൾ’ അല്ലെങ്കിൽ ‘നിനവുകൾ’ രണ്ടും രണ്ടായി പരിഗണിക്കപ്പെട്ടത്. ഇമാം അഹ്‌മദ്‌ പറഞ്ഞത് പോലെ നിനവ് രണ്ട് രൂപത്തിൽ ഉണ്ടാവാം: സങ്കൽപ്പത്തിൽ ഒതുങ്ങുന്ന നിനവ്, ദൃഢനിശ്ചയം ചെയ്ത നിനവ്. യൂസുഫ് നബിയുടേയും(അ) ചിന്ത കേവലം സാങ്കൽപ്പികമായ ചിന്തയായിരുന്നു, അത് അദ്ദേഹം അല്ലാഹുവിനായി ഉപേക്ഷിച്ചു. അതിനാൽ തന്നെ പുകഴ്ത്തപ്പെടുകയും ചെയ്തു. എന്നാൽ പ്രഭുപത്നിയുടെ ചിന്ത ദൃഢനിശ്ചയത്തോടെയുള്ള ചിന്തയാണ്; അതിന്റെ സാക്ഷാൽകാരത്തിനായി കഴിയുന്ന അത്രയും അവർ പ്രവർത്തിക്കുകയും ചെയ്തു; പക്ഷെ അവർക്കത് പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ പോലും. (ഇത്തരം വിധിരൂപമായ തീരുമാനം നടക്കാതെ പോയി എന്നതുകൊണ്ട് ‘തിന്മ ചിന്തിക്കുകയും അത് പ്രവർത്തിക്കാതിരിക്കുകയും’ ചെയ്തവരുടെ കൂട്ടത്തിൽ ഒരാൾ ഉൾപ്പെടില്ല.)

ഉദ്ദേശത്തിന്റെ പേരിൽ ഒരാൾ ശിക്ഷിക്കപ്പെടും എന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാർ അതിനായി തെളിവുദ്ധരിച്ച ഹദീസ് ഇതാണ്: “രണ്ട് മുസ്‌ലിംകൾ വാളുമായി പരസ്പരം ഏറ്റുമുട്ടിയാൽ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. അപ്പോൾ അനുചരന്മാർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഈ കൊന്നവൻ (നരകത്തിലാവുന്നത് ഞങ്ങൾക്ക് മനസ്സിലായി) എന്നാൽ കൊല്ലപ്പെട്ടവന്റെ (നരകാവകാശത്തിനുള്ള) കാര്യമെന്താണ് ? നബി (സ) പറഞ്ഞു: അവൻ തന്റെ കൂട്ടുകാരനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നല്ലൊ…”
മറ്റൊരു നിവേദനത്തിൽ “അവൻ തന്റെ കൂട്ടുകാരനെ കൊല്ലാൻ അങ്ങേയറ്റം തൽപരനായിരുന്നല്ലൊ” എന്ന് വന്നിരിക്കുന്നു. ഇത്തരം ചിന്ത കേവലം സങ്കൽപ്പത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഇത് ഖണ്ഡിതമായ തീരുമാനമാണ്. പ്രവർത്തിക്കാൻ കഴിഞ്ഞാൽ പ്രാവർത്തികമാക്കപ്പെടുന്ന ചിന്ത; അതിനവന് സാധിച്ചില്ലെങ്കിലും. ഇവിടെ കൊല്ലപ്പെട്ടവൻ പ്രഭുപത്നിയുടെ അതേ അവസ്ഥയിൽ തന്നെയാണുള്ളത്.”

(മജ്മൂഉൽ ഫതാവാ: ഇബ്നു തൈമിയ: 2:436, രിസാലതുൽ അർശിയ്യ)

ഇബ്നു അബ്ദുൽ ബിർറും മറ്റു പലരും ഇക്കാര്യത്തിൽ ഏകാഭിപ്രായം (ഇജ്‌മാഅ്) ഉദ്ധരിക്കുകയുണ്ടായി. ഒരാൾ തിന്മ ചെയ്യാനുദ്ദേശിച്ചാൽ; ഒന്നുകിൽ അല്ലാഹുവെ ഭയന്നും ഭക്തി ദീക്ഷിച്ചും അത് പ്രവർത്തിക്കുന്നത് അയാൾ ഉപേക്ഷിച്ചു എന്ന് വരാം. അതല്ലെങ്കിൽ മറ്റു വല്ല കാരണങ്ങളാലൊ ഉപേക്ഷിച്ചുവെന്നും വരാം. അല്ലാഹുവെ ഭയന്നും ഭക്തി ദീക്ഷിച്ചുമാണ് അത് പ്രവർത്തിക്കുന്നത് അയാൾ ഉപേക്ഷിച്ചതെങ്കിൽ അയാൾക്ക് പൂർണമായ ഒരു നന്മ രേഖപ്പെടുത്തപ്പെടും; ഹദീസ് സ്പഷ്ടമായി പറഞ്ഞതു പോലെ. മറ്റൊരു ഹദീസിൽ ഇപ്രകാരം അല്ലാഹു പറയുമെന്ന് വന്നിരിക്കുന്നു “അവന് അത് ഒരു നന്മയായി രേഖപ്പെടുത്തു. തീർച്ചയായും എന്റെ കാരണത്താലാണ് അവനത് ഉപേക്ഷിച്ചത്. ഇനി അല്ലാഹുവിനു വേണ്ടിയല്ലാതെ മറ്റു വല്ല കാരണത്താലുമാണ് അയാൾ അത് ഉപേക്ഷിക്കുന്നതെങ്കിൽ അയാൾക്കത് (നന്മയായി പരിഗണിക്കപ്പെടില്ലെങ്കിലും) തിന്മയായി രേഖപ്പെടുത്തപ്പെടില്ല; ഹദീസിൽ വ്യക്തമാക്കപ്പെട്ടതു പോലെ.”
(മജ്മൂഉൽ ഫതാവാ: ഇബ്നു തൈമിയ: 10:413)

ചുരുക്കത്തിൽ ‘വിധിരൂപമായ തീരുമാനം’ അല്ലാത്ത കേവല ചിന്തകൾ, മനസ്സിൽ പതഞ്ഞു പൊന്തുന്ന ഹീനമായ നിനവുകൾ കൊണ്ടു മാത്രം ഒരാൾ പാപിയാകുന്നില്ല. അത് പിശാചിൻ്റെ കുതന്ത്രങ്ങളിൽ ഒന്നു മാത്രമായേ കണക്കാക്കേണ്ടതുള്ളു. തെല്ലൊന്നുമല്ല ഈ സങ്കല്പം മനുഷ്യർക്ക് ആശ്വാസമേകുക എന്നതിൽ സംശയമില്ല. മനസ്സിൽ അടിക്കടി അലയടിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ചിന്തകൾ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും തച്ചു തകർക്കുക വഴി അപകടകരമായ ജീവിത പാതകളിലേക്ക് വ്യതിചലിക്കുക എന്നത് ഒരു സാധാരണ പ്രതിഭാസമാണ്. ചിലരുടെ ഈ ചിന്തകൾ ആത്മനിയന്ത്രണം വിട്ട് എല്ലാ തിന്മകളിലേക്കും വഴി വിട്ട ജീവിതത്തിലേക്കും കൂപ്പു കുത്താൻ ചിലരെ പ്രേരിപ്പിക്കുന്നു. മറ്റു ചിലരെയാകട്ടെ ആത്മഹിംസയിലേക്കും ആത്മപീഡനങ്ങളിലേക്കും ആത്മനിന്ദയിലേക്കും എന്തിനേറെ ആത്മഹത്യയിലേക്ക് പോലും നയിക്കുന്നു.

print

No comments yet.

Leave a comment

Your email address will not be published.