‘ഏപ്രിൽഫൂള്‍’ എന്ന വിഡ്ഡിദിനം

//‘ഏപ്രിൽഫൂള്‍’ എന്ന വിഡ്ഡിദിനം
//‘ഏപ്രിൽഫൂള്‍’ എന്ന വിഡ്ഡിദിനം
ആനുകാലികം

‘ഏപ്രിൽഫൂള്‍’ എന്ന വിഡ്ഡിദിനം

പ്രിൽ ഒന്ന് ലോക വിഡ്ഡിദിനമായി ആചരിക്കപ്പെടുന്ന ദിവസമാണ്. തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതിൽ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഈ ദിവസത്തിൽ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു മുസ്‌ലിം ഈ ദിവസത്തെ എങ്ങനെ സമീപിക്കണം? നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകൾ ഈ ദിവസത്തെ കെങ്കേമമായി തന്നെ ആഘോഷിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. വിഡ്ഡിദിനത്തിന്‍റെ പൊരുളെന്ത് എന്നതിനെക്കുറിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന സാംസ്കാരിക ബോധത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇതിനുള്ള യഥാര്‍ത്ഥ കാരണം.

‘ഏപ്രിൽഫൂള്‍’ -ചരിത്ര വിശകലനം

ഏപ്രിൽ ഒന്നിനെ വിഡ്ഡിദിനമായി ആചരിച്ചു തുടങ്ങിയത് എന്നു മുതലാണ്? ചരിത്രത്തിന് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. 1582-ൽ ഫ്രാന്‍സിൽ ചാള്‍സ് ഒമ്പതാമന്‍റെ നേതൃത്വത്തിൽ കലണ്ടര്‍ പരിഷ്കരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഏറ്റവും കൂടുതൽ പ്രചാരം നേടിയ ചരിത്രം. 1582-ന് മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതൽ ഏപ്രിൽ 1 വരെയായിരുന്നു. ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതൽ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. വാര്‍ത്താ വിനിമയം വളരെ മന്ദഗതിയിലായിരുന്ന ആ കാലഘട്ടത്തിൽ സാധാരണക്കാരായ പലരും വിവരം ലഭിക്കാതെ ഏപ്രിൽ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിച്ചു. അങ്ങനെ ഏപ്രിൽ ഒന്നിന് പുതുവര്‍ഷം ആഘോഷിച്ച വിവരദോഷികളെക്കുറിച്ച് മറ്റുള്ളവര്‍ ‘ഏപ്രിൽ ഫൂള്‍’ എന്നു വിളിച്ചു തുടങ്ങി. പിന്നീടത് വിഡ്ഡികളുടെ ദിനമായി രൂപാന്തരം പ്രാപിച്ചു. പുതുവര്‍ഷാഘോഷത്തിനു കൃസ്തീയ വിശ്വാസവുമായി അഭേദ്യമായ ബന്ധങ്ങളുണ്ട്. എന്നാൽ ‘ഏപ്രിൽ ഫൂള്‍’ ആചരണത്തിനു പിന്നിൽ മറ്റു ചില അന്ധവിശ്വാസങ്ങളുടെ അകമ്പടി കൂടിയുണ്ട് എന്നത് പലരും മനസ്സിലാക്കാതെ പോയ ഒരു സത്യമാണ്.

ഫ്രാന്‍സിൽ വിഡ്ഡിയാക്കപ്പെടുന്നവനെ _poisson da’vril_ (AprilFish) എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ കൂടിക്കലര്‍ന്ന ജ്യോതിഷ വീക്ഷണപ്രകാരം രണ്ട് മത്സ്യങ്ങളാൽ അടയാളം നൽകപ്പെട്ടിട്ടുള്ള മീനം (pisces) രാശിമണ്ഡലത്തിൽ നിന്നും സൂര്യന്‍ അകന്നു പോകുന്ന ദിവസമാണ് ഏപ്രിൽ ഒന്ന്. അന്നേ ദിവസം സുഹൃത്തുക്കളുടെ പിറകുവശത്ത് ചത്ത മത്സ്യത്തെ വെയ്ക്കുക എന്നത് ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന അവരുടെ ഒരു ആചാരമായിരുന്നത്രെ. ഒരു വിശ്വാസത്തിന്‍റെ ഭാഗമായി ആചരിക്കപ്പെട്ടിരുന്ന ഈ ആചാരം പിൽക്കാലത്ത് ചത്ത മത്സ്യത്തിന് പകരം മത്സ്യത്തിന്‍റെ കടലാസു രൂപങ്ങള്‍ വെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന ഒരു വിനോദമായി മാറുകയാണുണ്ടായത്. ചുരുക്കത്തിൽ ‘ഏപ്രിൽ ഫിഷ്’ എന്ന ജ്യോതിഷ ആചാരമാണ് പിന്നീട് ‘ഏപ്രിൽ ഫൂള്‍’ എന്ന’ വിനോദമായി മാറിയത്. ഈ ചരിത്ര വിശകലനത്തിൽ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്. വിശ്വാസപരമായും ആചാരപരമായും ഏപ്രിൽ ഫൂൾ എന്ന എപ്രിൽ ഒന്ന് ഇസ്‌ലാമിക വിശ്വാസത്തിന് തന്നെ എതിരാണ്. അല്ലാഹുവിന്‍റെ ഏകത്വത്തിൽ യഥാവിധി വിശ്വസിക്കുകയും സകലവിധ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരാകരിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിം ഈ ദിനത്തെ വര്‍ജജിക്കേണ്ടതാണ്.

ഈ ദിനത്തെ ഒരു മുസ്‌ലിം വിരുദ്ധ ദിനമായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. കാരണം സ്പെയിനിലെ മുസ്‌ലിം ആധിപത്യത്തിന്‍റെ അവസാനമായി അറിയപ്പെടുന്ന ഗ്രനാഡ (അന്തലൂസ്യ)യുടെ പതനം ഏപ്രിൽ ഒന്നിനായിരുന്നു. വിശ്വാസപരമായി തകര്‍ക്കാന്‍ സാധ്യമല്ലാതിരുന്ന മുസ്‌ലിംകളെ മദ്യവും മദിരാക്ഷിയും നൽകി സുഖലോലുപരാക്കി തന്ത്രപൂര്‍വ്വം ശത്രുക്കള്‍ തുരത്തുകയായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഈ സംഭവത്തിലൂടെ മുസ്‌ലിംകള്‍ വിഡ്ഡികളാക്കപ്പെട്ടുവെന്നും അതിന്‍റെ സന്തോഷത്തിലാണ് ഏപ്രിൽ ഒന്ന് വിഡ്ഡിദിനമായി ആചരിക്കപ്പെടുന്നതെന്നും പറയപ്പെടുന്നു.

അധര്‍മ്മങ്ങളെ സാധൂകരിക്കുന്ന വിഡ്ഡിദിനം

വിഡ്ഡിദിനത്തിൽ എത്ര കളവു പറഞ്ഞാലും കുഴപ്പമില്ല എന്നതാണ് പൊതുവിൽ പ്രചരിപ്പിക്കപ്പെട്ട ധാരണ. അതിന്‍റെ പേരിൽ എത്ര തന്നെ കുഴപ്പങ്ങളുണ്ടായാലും അവയെ ചോദ്യം ചെയ്യാന്‍ പോലും പാടില്ല എന്നാണ് പലരും മനസ്സിലാക്കി വരുന്നത്. എന്നാൽ കളവ് പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഇസ്‌ലാം അതിശക്തമായി തന്നെ വിരോധിക്കുന്നതായി കാണാം. അല്ലാഹുവിന്‍റെ യഥാര്‍ത്ഥ ദാസന്മാരെ വര്‍ണ്ണിക്കുന്നേടത്ത് അവന്‍ പറയുന്നു.

“കളവിന് സാക്ഷി നിൽക്കാത്തവരും അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കിൽ മാന്യരായിക്കൊണ്ട് കടന്നു പോകുന്നവരുമാകുന്നു അവര്‍”. (ഖുര്‍ആന്‍ 25: 72)

മുഹമ്മദ് നബി (സ) ഇപ്രകാരം പറഞ്ഞതായി അബൂ ഹുറൈറ(റ)യിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്. സംസാരിക്കുമ്പോള്‍ കളവ് പറയുക, വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ ചതിക്കുക എന്നിവയാണത്”. (ബുഖാരി 31, മുസ്‌ലിം 59).

തമാശക്ക് വേണ്ടി എത്ര കളവുകളും പറയാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ കളവ് പറയുന്നതിനെ ന്യായീകരിക്കുന്നവരും ഇതു തന്നെയാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തിൽ കളവ് പറയുന്നത് തമാശയായിട്ടായാലും ഗൗരവത്തോടു കൂടിയായാലും പാപമാണ് എന്നാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. തമാശ പറയുന്നത് ഇസ്‌ലാം വിലക്കിയിട്ടില്ല. പ്രവാചകന്‍ (സ) അനുയായികളോടും വീട്ടുകാരോടുമൊക്കെ തമാശ പറഞ്ഞതായി കാണാം. പക്ഷെ സത്യത്തിന്‍റെയും സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ടുള്ള തമാശകളായിരുന്നില്ല പ്രവാചകന്‍റേത്.

ഇബ്നു ഉമര്‍ (റ) വിൽ നിന്ന്: പ്രവാചകന്‍ (സ) പറഞ്ഞു: “ഞാന്‍ തമാശ പറയാറുണ്ട്; പക്ഷെ ഞാന്‍ സത്യമായിട്ടല്ലാതെ ഒന്നും പറയാറില്ല.” (ത്വബ്റാനി – അൽകബീര്‍ 12/391 – സ്വഹീഹു ജാമിഅ് 2494- അൽബാനി).

ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്‍റെ പേടിയെ ആസ്വദിക്കുയും ചെയ്യുക എന്നതാണ് എപ്രിൽ ഫൂള്‍ വിനോദത്തിലെ പ്രധാന ഇനം. എന്നാൽ തിരുദൂതര്‍ (സ) പഠിപ്പിക്കുന്നതിങ്ങനെയാണ്.
അബ്ദുറഹ്’മാനുബ്നു അബീലൈല പറയുന്നു: പ്രവാചകാനുയായികള്‍ ഞങ്ങളോട് പറയുകയുണ്ടായി: ഒരിക്കൽ അവര്‍ പ്രവാചകന്‍റെ കൂടെ യാത്രയിലായിരിക്കെ, അവരിലൊരാള്‍ ഉറങ്ങിപ്പോയി. അവരിൽ ചിലര്‍ അയാളുടെ അമ്പുകള്‍ (തമാശയായി) മാറ്റി വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ അമ്പുകള്‍ കാണാതെ പരിഭ്രമിച്ചു. ഇതു കണ്ട് കൂടെയുള്ളവര്‍ ചിരിക്കാന്‍ തുടങ്ങി. പ്രവാചകന്‍ (സ) ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അവര്‍ പറഞ്ഞു. ഒന്നുമില്ല, ഞങ്ങള്‍ അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു. അയാള്‍ പേടിച്ചു പോയി. തിരുദൂതര്‍ (സ) പ്രതിവചിച്ചു. “ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ് 5004, സ്വഹീഹു ജാമിഅ് 7658 – അൽബാനി)

മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല തമാശ ആസ്വദിക്കേണ്ടത് എന്ന് ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു.
വിഡ്ഡിദിനത്തിൽ മറ്റൊരാളുടെ വസ്തുക്കള്‍ എടുത്തു വെച്ച് കുറേ നേരത്തേക്കെങ്കിലും അറിയാത്ത ഭാവം നടിച്ച് സ്വന്തം സഹോദരന്‍റെ വിഷമാവസ്ഥയെ ആസ്വദിക്കുന്നവന്‍ യഥാര്‍ത്ഥത്തിൽ സ്വയം വിഡ്ഡിയാവുക യാണ് ചെയ്യുന്നത്. പ്രവാചകന്‍ (സ) നൽകുന്ന താക്കീത് ശ്രദ്ധിക്കുക.

അബ്ദുല്ലാഹിബ്നു സാഇബ് അൽ യസീദ് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും പിതാമഹനിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകന്‍ (സ) പറയുന്നതായി കേട്ടു. “നിങ്ങളിലൊരാളും അയാളുടെ സഹോദരന്‍റെ സാധനങ്ങള്‍ തമാശയായിട്ടോ അല്ലാതെയോ എടുക്കരുത്. തന്‍റെ സഹോദരന്‍റെ ഒരു വടി ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അയാളത് തിരിച്ചു കൊടുക്കട്ടെ.’ (അബൂദാവൂദ് 5003, സ്വഹീഹു ജാമിഅ് 7578 – അൽബാനി).

കളവ് പറയൽ ഇന്നൊരു കലയായി അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും കളവ് പറയൽ മത്സരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെടുന്നു എന്നത് എത്രമാത്രം ഗൗരവമുള്ളതാണ് എന്ന് പലരും ചിന്തിക്കാറില്ല. തമാശക്ക് വേണ്ടിയല്ലേ?, അതിലെന്താണ് ഇത്ര കുഴപ്പം, സത്യമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയല്ലേ? എന്നൊക്കെ ചോദിച്ച് അത്തരം കാര്യങ്ങളെ ന്യായീകരിക്കുന്നവരുണ്ട്. അവരോട് പ്രവാചകന്‍ (സ) പറയുന്നു.

മുആവിയത്തുബ്നു ഹൈദ(റ)യിൽ നിന്ന്: പ്രവാചകന്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു. “ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി സംസാരിക്കുകയും കളവ് പറയുകയും ചെയ്യുന്നവന് നാശം; അവന്ന് നാശം.” (തിര്‍മിദി 235, അബൂദാവൂദ് 4990).

എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ മാതാപിതാക്കള്‍ അവരുടെ താൽപര്യങ്ങള്‍ക്കായി ചെറിയ ചെറിയ കളവുകള്‍ പറഞ്ഞ് കബളിപ്പിക്കാറുണ്ട്. ആരും അത്ര ഗൗരവത്തോടു കൂടി അതിനെ കാണാറില്ല എന്നതാണ് വസ്തുത. പക്ഷെ ഈ ഹദീസ് ശ്രദ്ധിക്കുക. അബൂഹുറൈറ(റ)യിൽ നിന്ന്: പ്രവാചകന്‍ (സ) പറഞ്ഞു. “ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് ‘ഇവിടെ വരൂ, ഇത് നീ എടുത്തോ’ എന്നു പറയുകയും, ഒന്നും നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അതൊരു കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് 4991 – സ്വഹീഹു ജാമിഅ് 1319 – അൽബാനി).

അനുവദിക്കപ്പെട്ട കളവുകള്‍

എങ്കിലും കളവ് പറയുന്നത് അനുവദിക്കപ്പെട്ട ചില സന്ദര്‍ഭങ്ങളുണ്ട്. 1, യുദ്ധം. 2, ഭിന്നിച്ച് നിൽക്കുന്ന രണ്ടാളുകള്‍ക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക. 3, സ്നേഹവും സൗഹൃദവും നില നിര്‍ത്തുന്നതിനായി ഒരാള്‍ ഭാര്യയോട് പറയുന്നത്. എന്നിവയാണ് പ്രസ്തുത സന്ദര്‍ഭങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളിലും അല്ലാഹുവിലുള്ള ഭയഭക്തി നിലനിര്‍ത്തി അവനെ സൂക്ഷിച്ചു കൊണ്ടായിരിക്കണം പെരുമാറേണ്ടത്.

അസ്മാഅ് ബിൻത് യസീദിൽ നിന്ന്: അല്ലാഹുവിന്‍റെ തിരുദൂതര്‍ (സ) പറഞ്ഞു. “മൂന്നു സന്ദര്‍ഭങ്ങളിലല്ലാതെ കളവ് പറയുന്നത് അനുവദിക്കപ്പെട്ടിട്ടില്ല. ഒരാള്‍ തന്‍റെ ഭാര്യയെ പ്രീതിപ്പെടുത്താന്‍ വേണ്ടി പറയുന്നത്, യുദ്ധത്തിൽ, ആളുകള്‍ക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനു വേണ്ടി പറയുന്നത്.” (തിര്‍മിദി1939, സ്വഹീഹു ജാമിഅ് 7723 – അൽബാനി).

തമാശക്ക് വേണ്ടി കളവ് പറയാമായിരുന്നെങ്കിൽ അനുവദിക്കപ്പെട്ട കളവുകളുടെ കൂട്ടത്തിൽ പ്രവാചകന്‍ (സ) അതു കൂടി എടുത്തു പറയുമായിരുന്നു.

അവസാനമായി…

സുഹൃത്തുക്കളെ, ജീവിതം ഗൗരവമുള്ളതാണ്. കളിയും ചിരിയും തമാശയുമൊക്കെ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തെ മുഴുവന്‍ കളി തമാശയായി നാം കാണരുത്. വിനോദങ്ങളിൽ അനുവദിക്കപ്പെട്ടവയിൽ നമുക്കേര്‍പ്പെടാം. വിരോധിക്കപ്പെട്ടവയിൽ നിന്നും പാടെ മാറി നിൽക്കുക. ജീവിതത്തിന്‍റെ പൊലിമയിൽ നാം സ്വയം വിഡ്ഡികളാവാതിരിക്കുക.

“ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, ഒരു പിതാവിനും തന്‍റെ പുത്രന് ഒന്നും ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത, ഒരു പുത്രനും തന്‍റെ പിതാവിന് ഒന്നും ചെയ്തുകൊടുക്കാന്‍ സാധിക്കാത്ത ദിവസത്തെ സൂക്ഷിക്കുക. അല്ലാഹുവിന്‍റെ വാഗ്ദത്തം സത്യമാണ്. ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. മഹാവഞ്ചകനായ പിശാച് അല്ലാഹുവിൽ നിന്ന് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”
(ഖുര്‍ആന്‍ 31:33)

print

2 Comments

  • അവസരോചിത ലേഖനം. വിജ്ഞാനപ്രദം. ലേഖകനും സ്നേഹസംവാദത്തിനും ആശംസകൾ

    Kabeer M. Parali 01.04.2020
  • അസ്സലാമു അലൈക്കും,
    ഏപ്രിൽ ഫൂളിന്റ് പേരിൽ എത്ര കോമാളിത്ത ങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിലും നടന്ന് കൊണ്ടിരുന്നത്.അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുവാൻ വിവിധ ചാനലുകളിലും പത്രങ്ങളിലും ഉള്ള അനുസ്മരണ പരിപാടികളും .ഈ കൊറോണ എന്ന മഹാമാരി പടർന്ന് പിടിച്ചിരിക്കുന്ന അവസ്ഥയിൽ April 01 ലെ മനുഷ്യത്വ രഹിതമായ അന്ധവിശ്വാസത്തെ തുറന്ന ചർച്ചക്ക് ഇടയാക്കിയ പ്രിയ സുഹൃത്തിനും,സ്നേഹ സംവാദം വെബ്‌സിനും ഹൃദയത്തിൽ കുറിച്ച നന്ദി അറിയിക്കുന്നു… എല്ലാവരെയും നാഥൻ തുണക്കട്ടെ…. ആമീൻ..

    Rashid vm 01.04.2020

Leave a Reply to Kabeer M. Parali Cancel Comment

Your email address will not be published.