സകലകതും സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?

//സകലകതും സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?
//സകലകതും സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?
ആനുകാലികം

സകലകതും സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?

Print Now

ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്.

സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്കും നിരീശ്വര വിശ്വാസികള്‍ക്കും ദൈവം ഉണ്ടെന്ന് കേള്‍ക്കുന്നത് തന്നെ അത്തരം തോന്ന്യാസ യുക്തിവാദത്തിനുണ്ടാക്കുന്ന തലവേദനയാണ്.

എന്നിട്ടും ദൈവാസ്തിത്വത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഇത്തരം തത്വശാസ്ത്രപരമായ ന്യായങ്ങള്‍ക്കൊന്നും മറുപടി പറയാനോ ഖണ്ഡിക്കാനോ നിരീശ്വര മസ്തിഷ്ക വ്യായാമങ്ങള്‍ക്കൊന്നും കഴിയാത്തതിന്റെ ഒരു പ്രതിഫലനം മാത്രമാണ് “സകലതിനെയും സൃഷ്ടിക്കാന്‍ ദൈവം അനിവാര്യമാണെന്ന് സമ്മതിച്ചാല്‍ തന്നെ ആ ദൈവത്തെ ആരുണ്ടാക്കി” എന്ന ദുര്‍ബല മറുവാദം പറഞ്ഞൊഴിയാന്‍ നോക്കുന്നത്. അഥവാ നിരീശ്വരവാദമെന്നത് തങ്ങളുടെ അടിസ്ഥാന ആദര്‍ശമായ ദൈവമില്ലാ വാദത്തിന് തെളിവ് പറയാന്‍ ഇല്ലാത്ത അന്ധവിശ്വാസമാണെന്ന് മാത്രമല്ല ദൈവാസ്തിത്വത്തിന് തെളിവ് പറയുന്ന വാദങ്ങള്‍ക്ക് നേരെയുള്ള കണ്ണടച്ചിരുട്ടാക്കലും കൂടിയാണ്. വാസ്തവത്തില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ഇത്തരം പൊട്ടച്ചോദ്യങ്ങളെ മഹായുക്തിവാദമായി കൊണ്ടുനടക്കുന്നതില്‍നിന്ന് തന്നെ നിരീശ്വര വിശ്വാസികളുടെ മസ്തിഷ്‌ക ദുര്‍ബലതയും തത്വശാസ്ത്രപരമായ വിവരമില്ലായ്മയും മാത്രമാണ് പ്രകടമാകുന്നത്.

 1. ഒന്നാമതായി തുടക്കമോ ആരംഭമോ ഉള്ള ഒന്നിനേ ഒരു സ്രഷ്ടാവ് വേണ്ടൂ. കാരണം തുടക്കമുണ്ട് എന്ന് വരുന്നിടത്താണല്ലോ ആ തുടക്കത്തിനു കാരണമായ മറ്റൊന്നിനെ അന്വേഷിക്കേണ്ടി വരുന്നത്. തുടക്കമില്ലെങ്കില്‍ അങ്ങനെ തുടക്കത്തിനു കാരണമായ ഒരു ഹേതുവിനെ അന്വേഷിക്കേണ്ടതും ഇല്ല. ലളിതമായി പറഞ്ഞാല്‍ ജനനം ഉള്ളതുകൊണ്ട് മാത്രമാണല്ലോ ജന്മം തന്നവര്‍ ഉണ്ടാകുന്നത്. ജനനം എന്ന ഒന്നില്ലെങ്കില്‍ ജന്മം തന്നവരുമുണ്ടാകില്ല. ഈ സാമാന്യതത്വം വെച്ച് പരിശോധിച്ചാല്‍ സകല ഭൗതിക പ്രപഞ്ചത്തിനും ഒരു തുടക്കമുണ്ട്, ഉല്‍പത്തിയുണ്ട്. അഥവാ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിക്ക് ഹേതുവായ ഒരു സ്രഷ്ടാവ് ഉണ്ടാകണം.

ഇനി ദൈവത്തിന്റെ കാര്യമെടുത്താല്‍ തുടക്കമോ ആരംഭമോ ഇല്ലാത്ത എന്നെന്നും നിലനില്‍ക്കുന്ന ഒരസ്തിത്വമെന്നാണ് ദൈവത്തെ സംബന്ധിച്ച അടിസ്ഥാന നിര്‍വചനം തന്നെ പരിചയപ്പെടുത്തുന്നത്. അഥവാ തുടക്കമില്ലാത്ത ഒന്നിന് തുടക്കം കൊടുക്കാനോ സൃഷ്ടിക്കാനോ മറ്റൊരസ്തിത്വം ആവശ്യമില്ല. എന്നെന്നും നിലനില്‍ക്കുന്ന ഒരസ്തിത്വത്തെ പിന്നെ പ്രത്യേകിച്ചാരും സൃഷ്ടിക്കേണ്ടതായിട്ടില്ലെന്നത് സാമാന്യ യുക്തിയാണ്. ദൈവത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ഈ അടിസ്ഥാന വീക്ഷണങ്ങളെ ഒന്ന് യുക്തിപൂര്‍വം അവലോകനം ചെയ്താല്‍ തന്നെ പൊളിഞ്ഞു പോകുന്നതാണ് നിരീശ്വര വിശ്വാസികള്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുന്ന ഈ നാസ്തിക ചോദ്യമെന്നു ചുരുക്കം.വാസ്തവത്തില്‍ കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റിന്റെ പ്രാഥമിക വിശദീകരണം തന്നെ ദൈവത്തിന്റെ സ്രഷ്ടാവിനെ ചോദിക്കുന്ന ഈ സ്ഥിരം നാസ്തിക ചോദ്യത്തെ ഖണ്ഡിക്കുന്നുണ്ട്.

കോസ്‌മോളജിക്കൽ വാദത്തിന്റെ അടിസ്ഥാനരൂപം ഇങ്ങനെയാണ്.

a. ഉല്‍പത്തിയുള്ള ഏതൊന്നിനും പിറകില്‍ ഒരു കാരണമുണ്ട്.

b. പ്രപഞ്ചത്തിനൊരു ഉല്‍പത്തിയുണ്ട്.

c. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് കാരണമായ ഒരു ഹേതുവുണ്ട്.

ഈ അടിസ്ഥാന വാദങ്ങളൊന്നും തന്നെ സകലതിനും സ്രഷ്ടാവുണ്ട് എന്നു പറഞ്ഞല്ല തുടങ്ങുന്നത്. മറിച്ച് തുടക്കമുള്ള ഏതൊന്നിനും പിറകില്‍ ഒരു ഹേതുവുണ്ടെന്നാണ് അത് പറയുന്നത്.

അഥവാ തുടക്കമുള്ള സകല ഭൗതിക പ്രപഞ്ചത്തിനും പിറകില്‍ അതിന് ഹേതുവായി മറ്റൊന്ന് ഉണ്ടാകണം. എന്നാല്‍ തുടക്കമില്ലാത്ത/ജനിച്ചിട്ടില്ലാത്ത ഒരസ്തിത്വത്തിനെ ജന്മം നല്‍കാനും സൃഷ്ടിക്കാനും മറ്റൊരു ഹേതു ആവശ്യമില്ല. ഇത് സാമാന്യ യുക്തിബോധത്തില്‍ നിന്നുതന്നെ വ്യക്തമാണെങ്കിലും യുക്തിവാദികള്‍ എന്നു സ്വയം അവകാശപ്പെട്ടു നടക്കുന്നവര്‍ ഇതിനെയൊക്കെ ആനച്ചോദ്യങ്ങളായിക്കണ്ട് ആവര്‍ത്തിച്ചു പറഞ്ഞു നടക്കുന്നതാണ് കൗതുകകരം.

 1. ദൈവാസ്തിത്വത്തെ സംബന്ധിച്ച അടിസ്ഥാന നിര്‍വചനം മാത്രമല്ല, പ്രപഞ്ചത്തിലെ കാര്യകാരണ ബന്ധങ്ങളുടെ ശൃംഖലയെ ഒരു വിശകലനത്തിനു വിധേയമാക്കിയാല്‍ തന്നെ കാര്യകാരണ ബന്ധങ്ങള്‍ക്കെല്ലാം തുടക്കമാകുന്ന ആദിഹേതുവായ എന്നെന്നും നിലനിന്നിരിക്കേണ്ട ഒരസ്തിത്വത്തിന്റെ നിലനില്‍പ് അനിവാര്യമാണെന്നു ബോധ്യമാകും. മുകളില്‍ പറഞ്ഞപോലെ ഉല്‍പത്തിയുള്ള ഏതിനും പിറകില്‍ മറ്റൊരു കാരണമുണ്ടാകും.

ഉദാഹരണത്തിന് നമ്മളുണ്ടാകാന്‍ നമ്മുടെ മാതാപിതാക്കളും അവര്‍ക്ക് കാരണമായി അവരുടെ മാതാപിതാക്കളും ഉണ്ടായിരിക്കുന്നതുപോലെ. പ്രപഞ്ചമൊട്ടാകെ ഇങ്ങനെ കാര്യകാരണ ബന്ധങ്ങളുടെ ശൃംഖല അനുസരിച്ചാണ് നിലനില്‍ക്കുന്നതുതന്നെ. ഈ കാര്യകാരണ ബന്ധങ്ങളുടെ ശൃംഖല അനാദിയായി പുറകോട്ടു നീളുന്നതും സാധ്യമല്ല. കാരണം അനാദിയായ കാര്യകാരണ ബന്ധത്തിന്റെ ശൃംഖലകളെ ഭേദിച്ച് ഒരു ഫലം ഉണ്ടാകില്ലല്ലോ!

ഉദാഹരണത്തിന് നിങ്ങള്‍ ഒരു പ്രവൃത്തി ചെയ്യാന്‍ പോകുന്നുവെന്നും അതിന് മറ്റൊരാളുടെ സമ്മതം വേണമെന്നും കരുതുക. അങ്ങനെ സമ്മതം തരുന്നതിന് അയാള്‍ക്ക് മറ്റൊരാളുടെ സമ്മതവും ആ സമ്മതം തരുന്ന വ്യക്തിക്ക് വേറൊരാളുടെ സമ്മതവും വേണമെന്നിങ്ങനെ ഈ ശൃംഖല അനന്തമായി പുറകോട്ടു പോകുന്നു എന്നുമിരിക്കട്ടെ. ഈ അവസ്ഥയില്‍ എന്നെങ്കിലും നിങ്ങള്‍ക്കാ പ്രവൃത്തി ചെയ്യാനുള്ള സമ്മതം വന്നെത്തുമോ? ഇല്ല എന്നാണുത്തരം.

അതുപോലെ പ്രപഞ്ചത്തിന് കാരണമായ ഒരസ്തിത്വത്തിന് പിറകില്‍ ഒരു കാരണവും ആ കാരണത്തിനു പിറകില്‍ മറ്റു കാരണവുമെന്നിങ്ങനെ ഈ ശൃംഖലയെ അനാദിയിലേക്ക് നീളുകയാണെങ്കിലും പ്രപഞ്ചമെന്ന ഫലം ഉണ്ടാകില്ല. എന്നാല്‍ നമുക്ക് മുന്നിൽ ഒരു പ്രപഞ്ചം നിലനില്‍ക്കുന്നുണ്ട്. അതിനര്‍ത്ഥം പ്രപഞ്ചത്തിനു പിറകില്‍ അനാദിയായ കാര്യകാരണ ബന്ധങ്ങളുടെ (cause and effect relationships) ശൃംഖല നിലനില്‍ക്കുക സാധ്യമല്ല എന്നതുകൊണ്ട് തന്നെ സകലതിന്റെയും സൃഷ്ടിപ്പിന് കാരണമായ കാര്യകാരണങ്ങള്‍ക്കെല്ലാം തുടക്കമാകുന്ന ആദിഹേതുവായ പ്രപഞ്ചേതരമായ ഒരസ്തിത്വം നിലനില്‍ക്കേണ്ടത് അനിവാര്യമാണ് എന്നുമാണ്. എന്നുവെച്ചാല്‍ അസ്തിത്വത്തില്‍ സ്വയം പര്യാപ്തമായ സൃഷ്ടിക്കപ്പെടാത്ത ഒരസ്തിത്വം പ്രപഞ്ചസൃഷ്ടിക്ക് പിറകില്‍ ഉണ്ടായിരിക്കണമെന്ന് തന്നെയാണ് ഇത്തരം യുക്തിപരമായ അവലോകനങ്ങൾ മനസ്സിലാക്കിത്തരുന്നത്.

 1. അരിസ്റ്റോട്ടിലിന്റെ വാദങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ദൈവമുള്ളതുകൊണ്ട് അത് ആരാലും സൃഷ്ടിക്കപ്പെടാത്ത അസ്തിത്വം ആയിരിക്കണം എന്നല്ല അദ്ദേഹം പറയുന്നത്. മറിച്ച് തത്വശാസ്ത്രപരമായ അപഗ്രഥനത്തിലൂടെ, പ്രകൃതിയെ വിലയിരുത്തുന്നതിലൂടെ സൃഷ്ടിക്കപ്പെടാത്ത ഉല്‍പത്തിയില്ലാത്ത ഒരസ്തിത്വം (In Aristotle’s words the purely actual actualizer) സര്‍വതിന്റെയും ഉല്‍പത്തിക്ക് നിദാനമായി നിലനിന്നിരിക്കേണ്ടതിന്റെ അനിവാര്യതയുണ്ടെന്ന യുക്തിപരമായ തത്വത്തിലൂടെ ദൈവത്തെ കണ്ടെത്തുകയാണ് അദ്ദേഹം.

അവ ഇങ്ങനെ സംഗ്രഹിക്കാം:-

a. മാറ്റങ്ങള്‍ എന്നത് പ്രപഞ്ചനിയമ വ്യവസ്ഥയുടെ തന്നെ ഒരു ഭാഗമാണ്.

b. വസ്തുക്കളില്‍ ലീനമായിരിക്കുന്ന ഗുണത്തിന്റെ അസ്തിത്വവല്‍ക്കരണമാണ് (actualization of potentiality) ഈ മാറ്റങ്ങള്‍.

c. അതുകൊണ്ട് സ്വയം നിലനില്‍പ്പില്ലാത്ത ഒന്ന് അതിന്റെ മുന്‍അവസ്ഥയിൽ അന്തര്‍ലീനമായിരിക്കുന്ന മാറ്റത്തിനുള്ള ത്വര കാരണമായി അസ്തിത്വം നേടുന്നത് പ്രപഞ്ച പ്രക്രിയയാണ്.

d. എന്നാല്‍ പ്രത്യക്ഷത്തില്‍ അസ്തിത്വമുള്ള ഒരു അവസ്ഥയുടെ പ്രവര്‍ത്തന ഫലമായല്ലാതെ ഒരു മാറ്റവും വെളിപ്പെടുന്നില്ല.

e. അതിനാല്‍ സംഭവിക്കുന്ന ഏതൊരു മാറ്റത്തിനും കാരണമായി ഒരു മുന്‍ അസ്തിത്വം നിലനില്‍ക്കണം എന്നതില്‍ നിന്നും ഏതൊരു മാറ്റവും ആ മാറ്റത്തിന് കാരണമായ അസ്തിത്വമുള്ള മറ്റൊന്നിനെ വെളിപ്പെടുത്തുന്നു എന്നു മനസ്സിലാക്കാം.

f. ഇങ്ങനെ ഒന്നിന് ഹേതുവായി മറ്റൊന്നും അതിനു ഹേതുവായി വേറെയൊന്നുമിങ്ങനെ നീളുപന്ന നിലനില്‍പുള്ള ഉണ്‍മകളുടെ ശൃംഖല അനന്തമായി പുറകോട്ട് പോവുക സാധ്യമല്ല. കാരണം അനന്തമായ കാര്യകാരണ ബന്ധങ്ങളെ താണ്ടി ഒരു ഫലം (effect) ഉണ്ടാവുക സാധ്യമല്ലല്ലോ.

g. അതിനാല്‍ ഈ ബന്ധങ്ങളുടെ പുറകോട്ടുള്ള ശൃംഖല എത്തിച്ചേരുന്ന സര്‍വതിന്റെയും ഉല്‍പത്തിക്കും പരിണാമത്തിനും ഹേതുവായ സ്വയം തന്നെ അസ്തിത്വവും നിലനില്‍പുമുള്ള ഒരു അസ്തിത്വം ആദികാരണമായി ഉണ്ടായിരിക്കണം.

h. ഇതില്‍ നിന്നും ഏതൊരു വസ്തുവിന് സംഭവിക്കുന്ന മാറ്റമോ വസ്തുക്കളുടെ നിലനില്‍പ് തന്നെയോ സൃഷ്ടിക്കപ്പെടാത്ത സ്വയം തന്നെ നിലനില്‍പുള്ള സര്‍വതിന്റെയും ഉല്‍പത്തിക്ക് ഹേതുവായി വര്‍ത്തിച്ച ഒരസ്തിത്വം ആദിയില്‍ ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യതയെ കാണിക്കുന്നു എന്നു മനസ്സിലാക്കാം.

i. സകലതിന്റെയും സൃഷ്ടിപ്പിന് നിദാനമായി വര്‍ത്തിച്ച ഏകമായ ഈയൊരസ്തിത്വത്തിന്റെ മാറ്റത്തിന് കാരണമായി മറ്റൊന്നും ഉണ്ടാവുക സാധ്യമല്ല.

അങ്ങനെ മാറ്റത്തിനു നിദാനമായി എന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് വേറെ അസ്തിത്വമുണ്ടെന്നു വരും. എന്നാല്‍ മറ്റൊന്നിനും നിലനില്‍പ്പില്ലാത്ത ഒരവസ്ഥയില്‍ അങ്ങനെ ഒന്ന് സാധ്യമല്ല.

അതുകൊണ്ട് തന്നെ ആദിഹേതുവായ ഈയൊരസ്തിത്വം സമയത്തിനും കാലത്തിനും അതീതമായി അനാദിയില്‍ നിലനില്‍ക്കുന്നു.

j. ഇത് തീര്‍ച്ചയായും പദാര്‍ത്ഥാതീതനായിരിക്കണം (immaterial). കാരണം ഒന്നാമതായി പദാര്‍ത്ഥപരമായ ഒന്നിന് നിലനില്‍ക്കാൻ സമയം ആവശ്യമാണ്. ആദിഹേതുവായൊരസ്തിത്വത്തിന്റെ കാര്യത്തില്‍ അത് സാധ്യമല്ലെന്നു നാം കണ്ടതാണ്. രണ്ടാമതായി പദാര്‍ത്ഥം മാറ്റത്തിനു വിധേയമാണ്. അതുകൊണ്ട് തന്നെ ഇത് ഐഹികമായ ദേഹിയായ ഒന്നാവുക സാധ്യമല്ല എന്നതിനാലിത് അഭൗതികമാണ്.

k. സര്‍വതിന്റെയും നിലനില്‍പ്പും മാറ്റവും അതിന് കാരണമാകുന്ന കാര്യകാരണ ശൃംഖലയും (cause and effect relationships) ഈയൊരസ്തിത്വത്തിലേക്ക് നീളുന്നതും അതിനാല്‍ നിയന്ത്രിതവുമാണ്. ആയതിനാല്‍ ആദിഹേതുവായ ഈയൊരസ്തിത്വത്തിനെ ആശ്രയിച്ചാണ് സകലതിന്റെയും നിലനില്‍പ്പ്. അഥവാ ഈ അസ്തിത്വം സര്‍വജ്ഞവും സര്‍വശക്തവുമാണ്. അതിനതീതമായ യാതൊന്നിനും പ്രപഞ്ചത്തില്‍ നിലനില്‍പ്പില്ല.

l. സര്‍വതിന്റെയും സൃഷ്ടിപ്പിനും നിലനില്‍പ്പിനും കാരണമായ സ്വയം തന്നെ അസ്തിത്വമുള്ള അനാദിയില്‍ നിലനില്‍ക്കുന്ന സ്ഥലകാലങ്ങള്‍ക്കതീതമായ അഭൗതികമായ സ്ഥായിയായ നിലനില്‍പ്പുള്ള ഏകമായ സര്‍വശക്തവും സര്‍വജ്ഞനുമായ ആദിഹേതുവായൊരസ്തിത്വം എന്നത് ദൈവാസ്തിത്വത്തിനു മാത്രമുണ്ടാകേണ്ട നിര്‍വചനങ്ങളും ഗുണങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.

m. ദൈവത്തിനുണ്ടാകേണ്ട ഗുണങ്ങളും നിര്‍വചനങ്ങളും അടങ്ങിയ ഒരസ്തിത്വം സകലതിന്റെയും സൃഷ്ടിപ്പിന് കാരണമായി ഉണ്ട്.

n. അതുകൊണ്ട് ദൈവമുണ്ട്.

ദൈവാസ്തിത്വത്തെ വളരെ ലളിതമായി ബോധ്യപ്പെടുത്തുന്ന ഈ വാദങ്ങളിലൂടെ സൃഷ്ടിക്കപ്പെടാത്ത എന്നാല്‍ സകലതിന്റെയും സൃഷ്ടിപ്പിന് കാരണമായി ഉണ്ടായിരിക്കേണ്ട ഒരസ്തിത്വത്തെയാണ് പ്രകൃതി തത്വങ്ങള്‍ വെളിപ്പെടുത്തുന്നത് എന്ന പരിസമാപ്തിയില്‍ നിന്നും ദൈവത്തെ കണ്ടെത്തുകയാണ് അരിസ്റ്റോട്ടില്‍ ചെയ്യുന്നത്. അഥവാ സൃഷ്ടിക്കപ്പെടാത്ത ഒരസ്തിത്വം പ്രപഞ്ചസൃഷ്ടിപ്പിനായി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്നത് പ്രകൃതി നിയമങ്ങള്‍ മനസ്സിലാക്കിത്തരുന്ന ബോധ്യമാണ്.

 1. ഇതിനോട് ദൈവാസ്തിത്വത്തെയും പദാര്‍ത്ഥ ലോകത്തെയും വിശദീകരിക്കുന്ന ക്വുര്‍ആൻ വചനങ്ങളെക്കൂടെ ചേര്‍ത്തുവായിച്ചാൽ സ്രഷ്ടാവിനെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം ഇത്തരം മറുചോദ്യങ്ങളെക്കൂടി ഖണ്ഡിക്കാന്‍ മാത്രം അജയ്യമാണെന്നത് ബോധ്യമാകും.

ദൈവാസ്തിത്വത്തെ വളരെ ലളിതമായി വിശദീകരിക്കുന്ന സൂറത്തുല്‍ ഇഖ്‌ലാസിലെ വചനങ്ങള്‍ തന്നെ ദൈവം സമ്പൂര്‍ണമായ ഏകത്വമുള്ളവനാണെന്നും സകലതും അവനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും അവന് ജനനമോ തുടക്കമോ ഇല്ലെന്നും പറയുന്നതാണ്.

”ലം യലിദ്, വലം യൂലദ്”

അഥവാ തുടക്കമോ ജനനമോ ഇല്ലാത്തതാണ് ദൈവാസ്തിത്വം എന്നുപറഞ്ഞു കഴിഞ്ഞാല്‍ പിന്നെയവിടെ തുടക്കത്തിന് കാരണമായതാരെന്നോ ജന്മം നല്‍കിയതാരെന്നോ പോലുള്ള ചോദ്യത്തിന് പ്രസക്തി ഇല്ല.

കൂടാതെ മുകളില്‍ പറഞ്ഞതുപോലെ കാര്യകാരണ ബന്ധങ്ങളുടെ ശൃംഖല അനാദിയായി പുറകോട്ട് നീളുക സാധ്യമല്ല എന്നതുകൊണ്ട് തന്നെ ഈ ശൃംഖലകളെല്ലാം ചെന്നെത്തുന്ന അവയ്‌ക്കെല്ലാം കാരണമായ അവയെല്ലാം ആശ്രയിച്ചു നിലനില്‍ക്കുന്ന നിരാശ്രയനായ ഒരാദിഹേതു ഉറപ്പായും ഉണ്ടാകണം.

സൂറത്തുല്‍ ഇഖ്‌ലാസിലെ തന്നെ രണ്ടാമത്തെ വചനം പരിചയപ്പെടുത്തുന്നതുപോലെ:- ”അല്ലാഹു സ്സ്വമദ്”

-ദൈവം ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്. സമാനമായ നിലയില്‍ സൂറത്തുല്‍ ഇഖ്‌ലാസിലെ തന്നെ ആദ്യത്തെ വാക്യം ദൈവം സമ്പൂര്‍ണമായ ഏകത്വമുള്ളവനാണെന്ന് പരിചയപ്പെടുത്തുമ്പോള്‍ പദാര്‍ത്ഥലോകത്തെ ഇണാത്മകമായി മാത്രം നിലനില്‍പ്പുള്ളതായാണ് ക്വുര്‍ആൻ പറയുന്നത്.

(എല്ലാ വസ്തുക്കളിൽ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി -51:49)

(ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍ -36:36)

(എല്ലാ വസ്തുക്കളെയും ഇണകളായി സൃഷ്ടിക്കുകയും….. -43:13)

ശാസ്ത്രീയമായ പദാര്‍ത്ഥലോകത്തെ സംബന്ധിച്ച പഠനങ്ങള്‍ എടുത്തു വിശകലനം ചെയ്താല്‍ മൗലിക കണങ്ങളായ ആറ്റങ്ങള്‍ക്കകത്തു തന്നെ പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളും നെഗറ്റീവ് ചാര്‍ജുള്ള ഇലക്‌ട്രോണുകളും തമ്മിലുള്ള ഇണാത്മകമായ സംയമനമാണ് നിലനില്‍ക്കുന്നത്.

ഈ പദാര്‍ത്ഥത്തിന് തന്നെ പൂരകമായി എതിര്‍പദാര്‍ത്ഥം (Antimatter) വരെ ഉണ്ടാകാമെന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്.

അഥവാ സൃഷ്ടി പ്രപഞ്ചം ഒന്നടങ്കം വ്യത്യസ്തതരം ഗുണങ്ങളുടെ ഇണാത്മാകമായ സംയമനത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അങ്ങനെ വ്യത്യസ്തതരം പ്രകൃതങ്ങളെ ഉള്‍ച്ചേര്‍ത്തിക്കൊണ്ട് ഒരു വ്യവസ്ഥ ഉണ്ടാകാന്‍ സൃഷ്ടിക്കപ്പെടുക തന്നെ വേണം. എന്നാല്‍ ദൈവം സമ്പൂര്‍ണമായ ഏകത്വമെന്ന ഗുണമുള്‍ക്കൊള്ളുന്നതായതുകൊണ്ട് തന്നെ ബാഹ്യമായ ഒന്നിന്റെയും ഉള്‍ച്ചേര്‍ച്ചയോ സൃഷ്ടിയോ ദൈവാസ്തിത്വത്തിന് ആവശ്യമായി വരുന്നില്ല.

ഇത് ഇസ്‌ലാമികമായ ലോകവീക്ഷണത്തിന് അനുഗുണമായി മുസ്‌ലിം ലോകം വാദിക്കുന്നൊരു വാദഗതി പോലുമല്ല. മറിച്ച് വിവിധ ഘടകങ്ങളുടെ ഉള്‍ച്ചേര്‍ച്ചയോടെ മാത്രം മിശ്രിതമായി നിലനില്‍ക്കുന്ന പദാര്‍ത്ഥ ലോകത്തിന്റെ സൃഷ്ടിപ്പിന് അത്തരം മിശ്രിത ഗുണങ്ങള്‍ക്കെല്ലാം (Composite Nature) അതീതമായ സ്വയം തന്നെ സമ്പൂര്‍ണമായ ഏകത്വമുള്ള ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം അനിവാര്യമാണെന്ന അപഗ്രഥനത്തിലൂടെയാണ് നിയോ പ്ലാറ്റോണിക് വാദഗതികള്‍ ദൈവത്തെ സ്ഥാപിക്കുന്നതു തന്നെ.

അവയെ ഇങ്ങനെ സംഗ്രഹിക്കാം:-

a. നമുക്ക് അനുഭവവേദ്യമാകുന്ന സകലതും വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന് മിശ്രിത അവസ്ഥയില്‍ (Composite) ദ്രവ്യമായി നിലനില്‍ക്കുകയാണ്.

b. ഇങ്ങനെ വിവിധങ്ങളായവയുടെ ഒരു മിശ്രണത്തിന് നിലനില്‍ക്കണമെങ്കിൽ ഒരു നിശ്ചിത സമയത്ത് അത്തരമൊരു സമ്മിശ്രണം നടക്കണം.

c. അതിന് നിലനില്‍പ്പുള്ള ബാഹ്യമായ ഒരു കാരണം പ്രവര്‍ത്തിക്കണം.

d. ഈ ബാഹ്യകാരണവും വിവിധങ്ങളായവയുടെ ഉള്‍ച്ചേര്‍ച്ചയോടെ നിലനില്‍ക്കുന്ന ഒരു മിശ്രണമാണെങ്കില്‍ അതിന്റെ സമ്മിശ്രണത്തിനും കാരണമായ ഒരു മുന്‍അസ്തിത്വം ഉണ്ടാകണം.

e. ഇങ്ങനെ മിശ്രമായവയുടെ നിലനില്‍പ്പിന് ഹേതുവായി മറ്റൊരു മിശ്രഅവസ്ഥ പ്രവര്‍ത്തിക്കുന്ന ശൃംഖല അനാദിയായി പുറകോട്ട് പോകില്ല.

f. അതുകൊണ്ട് തന്നെ ഈ ശൃംഖലയ്ക്ക് തുടക്കമിടാന്‍ ആരംഭത്തില്‍ ഒരസ്തിത്വം നിലനിന്നിരിക്കേണ്ടതുണ്ട്.

g. ആ ആരംഭ അസ്തിത്വവും വിവിധ വസ്തുക്കളുടെ സമന്വയത്തിലൂടെ നിലനിന്നിരിക്കേണ്ട ഒന്നാണെങ്കില്‍ ആ സമന്വയത്തിന് കാരണമായ മറ്റൊന്ന് ഉണ്ടെന്നും ഒരു നിശ്ചിത സമയത്ത് ആ സമ്മിശ്രണം നടന്നതാണെന്നും വരും. അത് അതിനു കാരണമായ ബാഹ്യമായി മറ്റൊരു സമ്മിശ്ര ഹേതുവിലേക്കാണ് നീളുക. അതുകൊണ്ട് മറ്റുള്ളവയുടെ സമന്വയത്തിനും ഉല്‍പത്തിക്കും നിദാനമായി പ്രവര്‍ത്തിച്ച ഈ ആദിഅസ്തിത്വം മറ്റൊന്നിന്റെയും സമ്മിശ്രണമോ പദാര്‍ത്ഥമോ ആകാന്‍ കഴിയില്ല.

h. അതിനാല്‍ ഈ ആദി അസ്തിത്വം മറ്റൊന്നിന്റെയും മിശ്രണാവസ്ഥ അല്ലാത്ത (Non composite) സ്വയം തന്നെ സമ്പൂര്‍ണ ഏകത്വമുള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം.

ശേഷം സകലതിന്റെയും സൃഷ്ടിപ്പിന് നിദാനമായി നിലനിന്നിരിക്കേണ്ട സമ്പൂര്‍ണ ഏകത്വമുള്‍ക്കൊള്ളുന്ന ഈയൊരസ്തിത്വത്തിന് ദൈവത്തിന് ഉണ്ടായിരിക്കേണ്ട സകല ഗുണങ്ങളും അനിവാര്യമാണെന്നും അതുകൊണ്ട് ദൈവിക ഗുണവിശേഷങ്ങളുള്ള ഈ ആദി അസ്തിത്വം തന്നെയാണ് ദൈവമെന്നും സ്ഥാപിച്ചാണ് ദൈവത്തെ സംബന്ധിച്ച നിയോ പ്ലാറ്റോണിക് വാദങ്ങള്‍ പിന്നീട് പുരോഗമിക്കുന്നത്.

ഇവിടെയും ഈ വാദങ്ങളൊന്നും ദൈവമുള്ളത് കൊണ്ട് അത് ഏകമായ ഒരസ്തിത്വമായിരിക്കണം എന്നല്ല പറഞ്ഞു സ്ഥാപിക്കാന്‍ നോക്കുന്നത്. മറിച്ച് തത്വശാസ്ത്രപരമായി പ്രകൃതിയെ വിശകലനം ചെയ്യുമ്പോള്‍ സ്വയം തന്നെ സമ്പൂര്‍ണ ഏകത്വമുള്‍ക്കൊള്ളുന്ന ഒരുണ്‍മ ആദിയില്‍ നിലനില്‍ക്കേണ്ടതുണ്ട് എന്ന അനിവാര്യത ബോധ്യമാകുന്നതില്‍ നിന്നും ദൈവത്തെ മനസ്സിലാക്കുകയും അതിനെ ദൈവിക വിശേഷണമായി എണ്ണുകയുമാണ് ഇത്തരം അപഗ്രഥനങ്ങള്‍ ചെയ്യുന്നത്.

സകല പദാര്‍ത്ഥ പ്രപഞ്ചവും മിശ്രിത അവസ്ഥയില്‍ നിലനില്‍ക്കുന്നവ ആയതുകൊണ്ടുതന്നെ ആ മിശ്രിതങ്ങള്‍ക്ക് ഹേതുവുണ്ടാകണമെന്നും തുടക്കമുണ്ടാകണമെന്നും അതിനാല്‍ ഈ പദാര്‍ത്ഥ ഗുണങ്ങളില്‍ നിന്നും വിഭിന്നമായി തുടക്കമില്ലാത്ത സമ്മിശ്രണം അല്ലാത്ത സമ്പൂര്‍ണ ഏകത്വമുള്‍ക്കൊള്ളുന്ന ഒരസ്തിത്വം ആദിയില്‍ ഉണ്ടയിരിക്കേണ്ടതുണ്ടെന്ന് പറയുന്ന ഈ വാദങ്ങളെല്ലാം സകലതിന്റെയും സൃഷ്ടിപ്പിന് കാരണമായി സൃഷ്ടിക്കപ്പെടാത്ത ഒരസ്തിത്വം ഉണ്ടായിരിക്കല്‍ അനിവാര്യമാണെന്നു തന്നെയാണ് വെളിപ്പെടുത്തുന്നത്.

തത്വശാസ്ത്രപരവും യുക്തിപരവുമായ ഈ വാദങ്ങളിലൊന്നും വിവരമില്ലാത്തവര്‍ക്ക് സൃഷ്ടാവിനെ സൃഷ്ടിച്ചതാരാണെന്ന് ചോദിച്ചുകൊണ്ടേ ഇരിക്കാം…

അറ്റമില്ലായ്മയുടെ അറ്റമെവിടെയാണെന്ന് ചോദിക്കുന്നതുപോലെ.

പ്രപഞ്ചത്തിന് സൃഷ്ടാവ് വേണോ?

തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനായിരിക്കുന്നു പ്രാചീനകാലം മുതല്‍ ഭൗതികവാദികള്‍ക്ക് താല്‍പര്യം. കാരണം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്നു വന്നു കഴിഞ്ഞാല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നും ആ സൃഷ്ടിപ്പിന് കാരണമായ ഒരു ദൈവമുണ്ടെന്നും പറയാന്‍ ന്യായമുണ്ടെന്നു വരും. കൂടാതെ പദാര്‍ത്ഥ പ്രപഞ്ചത്തിനുതന്നെ ഉല്‍പത്തി കുറിക്കാന്‍ കാരണമായി മറ്റെന്തെങ്കിലും ഉണ്ട് എന്നു പറയുന്നത് പദാര്‍ത്ഥലോകത്തിനതീതമായ മറ്റെന്തൊക്കെയോ ഉണ്ടാകാം എന്നു സമ്മതിക്കലാണ്.

ഇതൊന്നുമൊരിക്കലും പദാര്‍ത്ഥമാത്രവാദികളായ ഭൗതികവാദികള്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ പ്രപഞ്ചാരംഭമില്ലെന്നു പറയുന്ന സ്റ്റഡി സ്റ്റേറ്റ് തിയറികള്‍ പോലുള്ളവയില്‍ വിശ്വസിക്കാനായിരുന്നു ഭൗതികവാദികള്‍ക്ക് താല്‍പര്യം.

പക്ഷേ പിന്നീട് ലഭിച്ച ശാസ്ത്രീയ തെളിവുകളൊന്നും ഭൗതികവാദത്തിന് അത്ര അനുകൂലമായവ അല്ലായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകാം എന്ന അനുമാനത്തിലേക്ക് ആദ്യമെത്തുന്നത് ഐന്‍സ്റ്റീൻ തിയറികളുടെ ഗണിതശാസ്ത്ര വ്യാഖ്യാനങ്ങളില്‍ നിന്നായിരുന്നു.

എന്നാല്‍ 1929ല്‍ എഡ്‌വിൻ ഹബ്ബ്ള്‍ തന്റെ ടെലിസ്‌കോപ്പിലൂടെ ഗ്യാലക്‌സികളില്‍നിന്നും ചുവപ്പുനീക്കം എന്ന പ്രതിഭാസം കണ്ടെത്തുകയും ഇതില്‍നിന്നും അകലെയുള്ള ഗ്യാലക്‌സികൾ നമ്മില്‍നിന്നും അകന്നുപോവുകയാണെന്നും അതിനര്‍ത്ഥം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നതിനും നിരീക്ഷണാത്മകമായ തെളിവ് ശാസ്ത്രലോകത്തിനു ലഭിച്ചു.

ഇങ്ങനെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നതാണെങ്കില്‍ ഇന്നലെകളില്‍ പ്രപഞ്ചത്തിന്റെ വലുപ്പം ഇതിലും ചെറുതായിരിക്കണമല്ലോ. ഇങ്ങനെ കാലങ്ങള്‍ പിറകോട്ട് പോയാല്‍ സര്‍വതും ഒന്നിച്ചുചേര്‍ന്നിരുന്ന ഒരു സിംഗുലാരിറ്റി അവസ്ഥയില്‍ എത്തും. അഥവാ സര്‍വ പ്രപഞ്ചത്തിനും ഒരു സിംഗുലാരിറ്റി അവസ്ഥയില്‍ നിന്നുള്ള തുടക്കമുണ്ട്. കൂടാതെ പ്രപഞ്ചത്തിന്റെ ആരംഭദിശകളിലെ താപനിലയെ മനസ്സിലാക്കിത്തരുന്ന കോസ്മിക് ബേക്ക് ഗ്രൗണ്ട് റേഡിയേഷനുകളും പ്രപഞ്ചാരംഭത്തിനുള്ള തെളിവുകളാണ്.

അഥവാ പ്രപഞ്ചത്തിനൊരു ഉല്‍പത്തി ഉണ്ടെന്ന കാര്യം ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. ഉല്‍പത്തി ഉണ്ടെങ്കില്‍ ഉല്‍പത്തിക്കു കാരണമായ സ്രഷ്ടാവും ഉണ്ടായിരിക്കണം എന്ന തത്വശാസ്ത്രപരമായ വാദങ്ങളെ ശരിവെക്കുന്നതുതന്നെയാണ് ഈ ശാസ്ത്രവീക്ഷണങ്ങളെല്ലാം.

അതുകൊണ്ട് തന്നെ പ്രപഞ്ചാരംഭമുണ്ടെന്ന സത്യത്തെ നിരാകരിക്കാന്‍ കഴിയില്ലെന്നു വന്ന ഭൗതികവാദികളുടെ പുതിയ ന്യായം ദ്രവ്യത്തെയോ എനര്‍ജിയെയോ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന ഊര്‍ജസംരക്ഷണ നിയമത്തെ ഉദ്ദരിച്ചുകൊണ്ട് ദ്രവ്യത്തെ നിര്‍മിക്കാൻ കഴിയില്ലെങ്കില്‍ സൃഷ്ടി കഴിയില്ല എന്നാണര്‍ത്ഥം. അതിനാല്‍ തന്നെ പ്രപഞ്ചത്തില്‍ ഒരു സ്രഷ്ടാവിനും സ്ഥാനമില്ല എന്ന വാദമാണ്.   വാസ്തവത്തില്‍ യുക്തിപരമായോ ആധുനിക ശാസ്ത്രത്തിന്റെ തന്നെയോ അടിസ്ഥാനത്തില്‍ ഒരു നിലനില്‍പ്പും ഇല്ലാത്തൊരു ദുര്‍ബലവാദം മാത്രമാണിത്.

 1. ഊര്‍ജസംരക്ഷണ നിയമം (Law of conservation of energy) പറയുന്നത് ഭൗതിക പ്രപഞ്ചത്തിനകത്ത് ഭൗതിക നിയമങ്ങളനുസരിച്ച് ഊര്‍ജത്തെയോ ദ്രവ്യത്തെയോ പുതുതായി നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും പ്രകൃതി വ്യവസ്ഥ അങ്ങനെയാണ് സ്ഥാപിതമായിരിക്കുന്നത് എന്നുമാണ്. അങ്ങനെ ഭൗതിക നിയമമനുസരിച്ച് നമുക്ക് ദ്രവ്യത്തെയോ പുതുതായി നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നുപറഞ്ഞു കഴിഞ്ഞാല്‍ അതിനര്‍ത്ഥം പ്രകൃതി നിയമവ്യവസ്ഥക്ക് കീഴൊതുങ്ങി ജീവിക്കുന്ന നമ്മളെക്കൊണ്ട് ഒന്നിനെയും സൃഷ്ടിക്കാന്‍ കഴിയില്ല എന്നും സൃഷ്ടിപ്പ് എന്നത് ദൈവത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കഴിവാണെന്നുമാണ്. അതല്ലാതെ നമുക്കൊന്നിനെയും സൃഷ്ടിക്കാന്‍ കഴിയില്ല അതുകൊണ്ട് ദൈവത്തിനും സൃഷ്ടിക്കാന്‍ കഴിയില്ല എന്നു വാദിക്കുന്നവര്‍ വാസ്തവത്തില്‍ ചെയ്യുന്നത് ന്യായവൈകല്യങ്ങളെ ഉപാസിച്ച് സ്വന്തം മസ്തിഷ്‌കത്തെ വഞ്ചിക്കുകയാണ്. ഇത്തരം ന്യായവൈകല്യങ്ങളിലൂടെ (Logical fallacies) വേണമെങ്കില്‍ മനുഷ്യന് പറക്കാന്‍ കഴിയില്ല അതുകൊണ്ട് പറവകള്‍ക്കും പറക്കാന്‍ കഴിയില്ല എന്നപോലത്തെ വാദങ്ങളൊക്കെ പറയാം. പറയുന്നത് വിഡ്ഡിത്തമാണെന്ന് സ്വയം തിരിയാത്തവര്‍ക്ക് എന്തും പറയമാല്ലോ…
 2. വാസ്തവത്തില്‍ ഭൗതിക ശാസ്ത്രരംഗത്ത് ക്വാണ്ടം ഫിസിക്‌സിന്റെയെല്ലാം ഉല്‍പത്തിയോടുകൂടെ തന്നെ ദ്രവ്യത്തിനും ഊര്‍ജത്തിനും തുടക്കവും ഒടുക്കവും ഉണ്ടാകരുതെന്ന നാസ്തികരുടെ പ്രത്യാശ അസ്ഥാനത്തായിരിക്കുന്നു എന്നതാണ് വസ്തുത. ആധുനിക നിരീക്ഷണങ്ങളനുസരിച്ച് പ്രപഞ്ചത്തിന്റെ ജ്യോമട്രി പരന്നാണ് ഇരിക്കുന്നതെന്നും ഒരു പരന്ന പ്രപഞ്ചത്തിന്റെ മുഴുവന്‍ എനര്‍ജി നില (Total Energy) പൂജ്യമായിരിക്കുമെന്നതിനാല്‍ നമ്മുടെ പ്രപഞ്ചമൊന്നാകെ നിലനില്‍ക്കുന്നത് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും ആണെന്ന നിഗമനത്തിലാണ് ഇന്നത്തെ ശാസ്ത്രലോകം.

പിണ്ഡമുള്ള ഏതൊരു വസ്തുവിലും അടങ്ങിയിരിക്കുന്ന ഊര്‍ജം പോസിറ്റീവ് എനര്‍ജിയും അതിനു തതുല്യമായ അളവില്‍ നിലനില്‍ക്കുന്ന Gravitational potential energy നെഗറ്റീവുമാണ് ഭൗതികശാസ്ത്രമനുസരിച്ച്. ഇവയുടെ ഒരു വിഭജിത രൂപം മാത്രമാണ് നാം അനുഭവിക്കുന്ന പ്രപഞ്ചം. അഥവാ ഒരു പൂജ്യം എനര്‍ജി യൂണിവേഴ്‌സിനെ ഒരു ശുദ്ധശൂന്യമായ അവസ്ഥയില്‍ നിന്നും സൃഷ്ടിക്കാം ഊര്‍ജസംരക്ഷണ നിയമങ്ങളെ ഖണ്ഡിക്കാതെ തന്നെ.

അഥവാ ഭൗതികശാസ്ത്ര നിയമങ്ങള്‍ അനുസരിച്ചുപോലും പ്രപഞ്ചത്തിന്റെയും ദ്രവ്യത്തിന്റെയും സൃഷ്ടിപ്പ് സംഭവ്യമായ കാര്യം തന്നെയാണ്. അതിന് ദ്രവ്യവും ഊര്‍ജവും പൂജ്യമായ ഒരവസ്ഥയില്‍ നിന്നും അവയെ സൃഷ്ടിച്ചു സംവിധാനിക്കാന്‍ അവിടെ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു മാത്രം!

പ്രപഞ്ചം സൃഷ്ടിയോ?

സൃഷ്ടി എന്നത് കഴിഞ്ഞുപോയ ഒന്നായതുകൊണ്ട് തന്നെ നേരില്‍കണ്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്നു വാശിപിടിക്കുന്നവര്‍ക്ക് അതൊരിക്കലും ബോധ്യപ്പെടുത്തി കൊടുക്കുക സാധ്യമല്ല. എന്നാല്‍ സൃഷ്ടി എന്താണെന്നും സൃഷ്ടിക്കപ്പെട്ട ഒന്നിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏതെല്ലാമാണെന്നും മനസ്സിലാക്കുന്നവര്‍ക്ക് അതിന്റെ യുക്തിപരമായ അവലോകനത്തില്‍ നിന്നു തന്നെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്നും വായിച്ചെടുക്കാന്‍ കഴിയും.

സൃഷ്ടിക്കപ്പെട്ട ഒന്നിനുണ്ടായിരിക്കേണ്ട ഗുണങ്ങളെ പ്രപഞ്ചവുമായി ഇങ്ങനെ താരതമ്യം ചെയ്യാം

 1. സൃഷ്ടിക്കപ്പെടുന്ന ഏതൊന്നിനും ഒരു ഉല്‍പത്തിയുണ്ടാകും. പ്രപഞ്ചത്തിനും ഉല്‍പത്തിയുണ്ട്. അതുകൊണ്ട് തന്നെ പ്രപഞ്ചവും സൃഷ്ടിക്കപ്പെടാതണെന്നു പറയാന്‍ ന്യായമുണ്ട്.
 2. പ്രപഞ്ചം സൃഷ്ടിയല്ലെങ്കില്‍ യാദൃശ്ചികതയുടെ ഒരു വികൃതമായ ഉല്‍പന്നം മാത്രമായിരിക്കണമത്. എന്നാല്‍ നാം കാണുന്ന പ്രപഞ്ചം അനേകം പ്രകൃതി നിയമങ്ങളാല്‍ ആസൂത്രിതമാണ്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയുന്നതിന് മാത്രമേ ഇത് തെളിവാകുന്നുള്ളൂ.
 3. സൃഷ്ടിക്കപ്പെടുന്ന ഏതൊരു സംവിധാനവും (System) ഉദ്ദേശ്യലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ചില ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടി സംവിധാനം നടക്കുമ്പോള്‍ മാത്രമാണല്ലോ ആ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായ ഫലം ആ സംവിധാനത്തില്‍ നിന്നുമുണ്ടാകുന്നത്.
  പ്രപഞ്ചത്തിന്റെ കാര്യമെടുത്താല്‍ അടിസ്ഥാന കണികകളും മൗലിക ബലങ്ങളും എല്ലാം കൃത്യമായിട്ടൊരു മേഖലയില്‍ ഉദ്ദേശ്യപൂര്‍വമായ ഒരു ജോലി നിറവേറ്റുന്നതിന്റെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്ന സകലതും തന്നെ. സ്‌ട്രോങ് ന്യൂക്ലിയര്‍ ഫോഴ്‌സ് ഒരു ആറ്റം ന്യൂക്ലിയസ്സിനുള്ളില്‍ പ്രോട്ടോണ്‍ കണികകളെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഇലക്‌ട്രോ മാഗ്‌നറ്റിക് ഫോഴ്‌സ് ഇലക്‌ട്രോണിക് ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പിടിച്ചുനിര്‍ത്തുന്നു. ഈ പദാര്‍ത്ഥ അവസ്ഥയെ സ്തൂല ലോകത്ത് ഒരുമിപ്പിച്ചു നിര്‍ത്തുക എന്നതാണ് ഗ്രാവിറ്റി ചെയ്യുന്ന ധര്‍മം. ഇങ്ങനെ ഓരോന്നും അവയുടെ മേഖലയില്‍ ഒതുങ്ങി നിന്ന് സ്ഥായിയായ ജോലി നിറവേറ്റുന്നതിന്റെ ഫലമാണ് നാം കാണുന്ന പ്രപഞ്ചം. ഇതെല്ലാം തെളിയിക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങളടങ്ങിയ (Purpose ) ഒരു പ്രപഞ്ച സൃഷ്ടിയെയാണ്.
 4. പ്രപഞ്ചത്തില്‍ കാണുന്ന പരസ്പര സന്തുലിതത്വം ഒരിക്കലും യാദൃശ്ചികത കൊണ്ട് സാധ്യമല്ല. മറിച്ച് ഒരു സംവിധാനത്തില്‍ കാണപ്പെടുന്ന പരസ്പര സന്തുലിതമായ ആസൂത്രണം അതിനു പിറകിലെ ബുദ്ധിപൂര്‍വമായ സൃഷ്ടിപ്പിനെയാണ് കാണിക്കുന്നത്. നമ്മുടെ പ്രപഞ്ച സംവിധാനത്തിനെ വിശകലന വിധേയമാക്കിയാല്‍ ഇവിടെ സ്‌പേസിനെ വികസിപ്പിക്കുക എന്ന ധര്‍മം നിറവേറ്റുന്നത് ഡാര്‍ക് എനര്‍ജിയും ഈ വികാസ വേഗതയ്ക്ക് തടയിടുന്നതും കുറയ്ക്കുന്നതും ഗ്രാവിറ്റിയുമാണ്. അഥവാ ഡാര്‍ക് എനര്‍ജി Accelerator എന്നവണ്ണം പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കുമ്പോള്‍ ഗ്രാവിറ്റേഷണല്‍ ഫോഴ്‌സ് ഒരു Brake ആയി പ്രവര്‍ത്തിക്കുന്നു. ഇന്നു നാം കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗ്യാലക്‌സികളുമെല്ലാം നിലനില്‍ക്കുന്നെങ്കില്‍ അത് ഡാര്‍ക് എനര്‍ജിയുടെയും ഗ്രാവിറ്റിയുടെയും സ്‌പേസിലെ സന്തുലിതമായ പ്രവര്‍ത്തന ഫലമാണ്.

ഇവിടെ ഗ്രാവിറ്റിയുടെ അളവ് ലേശം കൂടുതലായി പോയിരുന്നു എങ്കില്‍ പദാര്‍ത്ഥത്തിന്റെ Mutual gravity കൊണ്ട് പ്രപഞ്ചാരംഭത്തോടെ തന്നെ വികാസത്തിനു വിപരീത ദിശയില്‍ കൂടിച്ചേര്‍ന്ന് ഒരു Big Crunch ഓടു കൂടെ പ്രപഞ്ചം അവസാനിച്ചൊടുങ്ങുമായിരുന്നു. ഇനി ഡാര്‍ക് എനര്‍ജിയുടെ അളവായിരുന്നു കൂടുതലെങ്കില്‍ പ്രപഞ്ചം അതിദ്രുതം വികസിച്ച് ഒന്നും മറ്റൊന്നിനോടും കൂടിച്ചേരാത്ത വിരസമായ അവസ്ഥയിലുള്ളൊരു പ്രപഞ്ചമാകുമായിരുന്നു. അവിടെയും ഒരു നക്ഷത്രമോ ഗ്രഹങ്ങളോ ഗ്യാലക്‌സികളോ നിലനില്‍ക്കില്ല. ഇവിടെയെല്ലാം ഗ്രാവിറ്റിയൊരു ബ്രേക്കായും ഡാര്‍ക് എനര്‍ജി ആക്‌സിലേറ്ററായും പ്രവര്‍ത്തിച്ച് സ്‌പേസിന്റെ വികാസത്തെ നിലനില്‍പിനനുകൂലമാക്കുന്നു എന്നു മാത്രമല്ല അവയുടെ മൂല്യങ്ങള്‍ പോലും വളരെ ആസൂത്രിതമാണ്.സൃഷ്ടിക്കപ്പെട്ട ഒരു വൃക്ഷത്തില്‍ മാത്രമേ വ്യത്യസ്തമായ രണ്ടു ബലങ്ങള്‍ പരസ്പരാശ്രിതത്തോടും സന്തുലനത്തോടും ഒരുമിച്ചു പ്രവര്‍ത്തിച്ച് പ്രയോജിതമായൊരു ഫലത്തിനു നിധാനമാവുകയുള്ളൂ.

5. ഒന്നിന്റെ നിലനില്‍പിന് മറ്റൊരു ഘടകം അനിവാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ രണ്ടിനെയും ഉള്‍ചേര്‍ത്തുകൊണ്ട് ഒരു സംവിധാനം നിലവില്‍ വരാന്‍ ബുദ്ധിപൂര്‍വമായ സൃഷ്ടികര്‍മം അതിനു പിറകില്‍ ആവശ്യമാണെന്നതുറപ്പാണ്. ഉദാഹരണത്തിന്, ഒരു പൂട്ടും അതിനനുയോജ്യമായ കീയും നിലനില്‍ക്കുന്നവെങ്കില്‍ പരസ്പര ബന്ധിതമായ അവയുടെ സൃഷ്ടിക്കു പിറകില്‍ ഒരു മൂന്നാം കക്ഷി ഉണ്ടായിരിക്കുമെന്നത് നിസ്സംശയമാണ്.

സമാനമായ നിലയില്‍ പദാര്‍ത്ഥ പ്രപഞ്ചത്തെയും ഒരു വിശകലനത്തിനു വിധേയമാക്കിയാല്‍ അവയുടെ സൃഷ്ടിപ്പിനു കാരണമായ ഒരു ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരിക്കണമെന്നത് അനിവാര്യമാണ്. ഉദാഹരണമായി ദ്രവ്യത്തെ തന്നെയെടുക്കാം. നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊന്നുമാണ് ദ്രവ്യമെന്നതാണ് ദ്രവ്യത്തെ സംബന്ധിച്ച അടിസ്ഥാന വിശദീകരണം തന്നെ. ഇവിടെ ദ്രവ്യത്തിന് നിലനില്‍ക്കാനായി സ്‌പേസ് ഉണ്ടായിരിക്കേണ്ടതുണ്ടെന്നത് അനിവാര്യതയാണ്. എന്നാല്‍ പരസ്പരം നിലനില്‍ക്കല്‍ അനിവാര്യമായ ദ്രവ്യത്തിന് പക്ഷേ ആ അനിവാര്യത മനസ്സിലാക്കാനോ സ്‌പേസിനെ സൃഷ്ടിക്കാനോ ഉള്ള കഴിവില്ല താനും. എങ്കില്‍ ദ്രവ്യത്തെയും അതിനു നിലനില്‍ക്കാന്‍ അനിവാര്യമായി വേണ്ട സ്‌പേസിനെയും ഒരുമിച്ച് നിര്‍മിക്കാന്‍ ദൈവമെന്നൊരു മൂന്നാം കക്ഷി ദ്രവ്യഇതരമായി ഉണ്ടായിരിക്കണം എന്നതും നിസ്സംശയമാണ്.

ശാസ്ത്രീയവും യുക്തിപരവും തത്വശാസ്ത്രപരവുമായ ഈ അവലോകനങ്ങളില്‍ നിന്നെല്ലാം ബോധ്യമാവുക സൃഷ്ടിക്കപ്പെടാത്ത ഒരു ആദി അസ്തിത്വം പ്രപഞ്ചസൃഷ്ടിക്ക് പിറകില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതുണ്ടെന്നാണ്. പക്ഷേ അത് മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിപരമായ പ്രപഞ്ചാന്വേഷണങ്ങള്‍ ആവശ്യമാണ്. ഏതൊന്ന് ഉണ്ട് എന്നു മനസ്സിലാക്കാനും സമര്‍ത്ഥിക്കാനും ഇത്തരം പ്രാപഞ്ചിക അറിവുകളും യുക്തിബോധവും തത്വശാസ്ത്രപരമായ അവലോകനങ്ങളും മനുഷ്യനനിവാര്യമായി വരും. ഇത്തരം മസ്തിഷ്‌ക വ്യായാമങ്ങളില്‍ നിന്നും അന്വേഷണ ത്വരയില്‍ നിന്നും രക്ഷപെടാന്‍ പിന്നെയൊരേയൊരു വഴിയേ ഉള്ളൂ. അന്വേഷിക്കാനായി അങ്ങനെ യാതൊന്നും ഇല്ലായെന്ന് അന്ധമായി പറയുക. അങ്ങനെയൊരു അന്ധമായ ഇല്ലാ വാദം പറയുന്നവര്‍ക്ക് അന്വേഷണങ്ങളുടെയോ ഗവേഷണങ്ങളുടെയോ ആവശ്യം പിന്നെയില്ലല്ലോ! ജീവിതം മുഴുവന്‍ അന്ധമായ ഒരു ഇല്ലാ വാദത്തില്‍ വിശ്വസിച്ച് അതിനപ്പുറം ചിന്തിക്കാന്‍ കൂട്ടാക്കാതെ ഭൗതികതയില്‍ മാത്രം അഭിരമിച്ച് ജീവിതം തീര്‍ക്കാം. ദൈവാസ്തിത്വത്തിന്റെ കാര്യത്തില്‍ നിരീശ്വര വിശ്വാസികള്‍ ചെയ്യുന്നതിതാണ്. അന്ധമായി ഒരു ഇല്ലാ വാദത്തില്‍ വിശ്വസിച്ച് മനുഷ്യന്റെ അന്വേഷണ ബുദ്ധിയെക്കൊല്ലുന്ന നിരീശ്വര വിശ്വാസം അക്ഷരാര്‍ത്ഥത്തില്‍ തന്നെ മസ്തിഷ്‌ക മരണമാണെന്ന് ചുരുക്കം. ഈ നിരീശ്വര അന്ധവിശ്വാസത്തിൽ നിന്നും ഭിന്നമായി സ്വതന്ത്രമായി കാര്യങ്ങളെ പഠിക്കുന്ന ആർക്കും സ്രഷ്ടാവിന്റെ അസ്തിത്വം നിസ്സംശയം ബോധ്യമാകും എന്നുറപ്പാണ്…

3 Comments

 • Good writing with deep thoughts and evidence..

  falalur rahman 10.04.2019
 • ماشاءالله

  abduljaleel Eriyadan 12.04.2019
 • ماشاءاللہ

  ansar ali 14.04.2019

Leave a comment

Your email address will not be published.