അസ്ഥിരമായ ലോകത്ത്
ഒരു റോഡപകടത്തില്‍പെട്ട് നട്ടെല്ലാം സുഷുമ്‌നാനാഡിയും തകര്‍ന്ന് ടെട്രാപ്ലീജിയ (കഴുത്തിനു കീഴ്‌പ്പോട്ട് പൂര്‍ണമായും തളര്‍ന്ന അവസ്ഥ) എന്ന മാറാരോഗത്തിനടിമപ്പെട്ട്, നൂതന വൈദ്യശാസ്ത്രവും ഔഷധങ്ങളും പൂര്‍ണമായും കൈയൊഴിഞ്ഞ് ദീനക്കിടക്കയില്‍ ശൂന്യതയിലേക്കു നോക്കി നെടുവീര്‍പ്പിടുന്ന അവസരത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ തെളിച്ചമായി കടന്നുവന്നു. അറിവിന്റെ മഹാസാഗരമായ വിശുദ്ധ ക്വുര്‍ആന്‍ ജീവിതത്തിന്റെ നെഞ്ചോടുചേര്‍ത്തു പിടിച്ചപ്പോള്‍ മരിച്ചുപോയ വിരലുകള്‍ക്കിടയില്‍ പേന തിരുകി അല്ലാഹു എന്നെക്കൊണ്ടെഴുതിച്ചു. എന്നെ ചികിത്സിച്ച വെല്ലൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി, സമദുഃഖമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശയും പ്രത്യാശയും നല്‍കിക്കൊണ്ട് എഴുതിയും മനുഷ്യനൊരിക്കലും ഓര്‍ക്കാത്ത അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമായ ആരോഗ്യത്തെക്കുറിച്ച് കൈവിട്ടുപോയ എന്റെ ആരോഗ്യത്തിന്റെ അനുഭവത്തിലെഴുതിയും ദിവസങ്ങള്‍ കടന്നുപോകുന്നു.
പരിപാലകാ സത്യവിശ്വാസിയായി മരിപ്പിക്കണേ….
കാലത്തിന്റെ കറക്കം, ദുനിയാവിന്റെ വഞ്ചന, അടുത്തുവരുന്ന പരലോകം എന്നിവ എന്നെ സകലചിന്തകളില്‍ നിന്നും മുക്തനാക്കിയിരിക്കുന്നു. പരലോകത്ത് പരാജയപ്പെടുമോ എന്ന ഭീതി എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു. പരലോകം നന്നാക്കാനുള്ള ചിന്തയില്‍ മുഴുകിയിരിക്കുകയാണ് ഞാനിപ്പോള്‍. നിങ്ങള്‍ക്കായി കുറച്ചു കാര്യങ്ങള്‍ കുറിക്കുകയാണ്.
ദൈവത്തെ ഭയപ്പെടുക, അവന്റെ ആജ്ഞ അനുസരിക്കുക, അവന്റെ പാശം മുറുകെ പിടിക്കുക. അതിനേക്കാള്‍ ശക്തമായ പിടിക്കയറില്ല. മനസ്സിനെ സദുപദേശത്താല്‍ സജീവമാക്കുക. വിശ്വാസം ശക്തിപ്പെടുത്തുക, യുക്തിജ്ഞാനം കൊണ്ട് മനസ്സിനെ അലംകൃതമാക്കുക, മരണചിന്തയാല്‍ അതിനെ കീഴ്‌പ്പെടുത്തുക. സംഭവിക്കാനിരിക്കുന്ന പ്രയാസങ്ങളില്‍ സജീവമാവുക. കാലത്തിന്റെ കറക്കത്തില്‍ നശിച്ചുപോയവരെ പരിചയപ്പെടുത്തുക. അവരുടെ വാസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവരുപേക്ഷിച്ചുപോയ മണിമാളികയുടെ അവശിഷ്ടങ്ങള്‍ വീക്ഷിക്കുക. എന്നിട്ട് മനസ്സിനോന് ചോദിക്കൂ -അവരെന്താണ് ചെയ്തത്? എങ്ങോട്ടാണ് പോയത്? എവിടെയാണ് സ്ഥിരതാമസമാക്കിയത്? ഇനി മടങ്ങി വരുമോ? അവര്‍ വാസയോഗ്യമാക്കിയതെല്ലാം നശിച്ചു നാമാവശേഷമായതായി നിങ്ങള്‍ക്കിപ്പോള്‍ ബോധ്യമാകും. നിങ്ങളും ഒരു ദിവസം ഇങ്ങനെയായിത്തീരും. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് നോക്കുക:
“എത്രയെത്ര ആരാമങ്ങളും അരുവികളും കൃഷിയിടങ്ങളും മണിമേടകളുമാണ് അവര്‍ വിട്ടേച്ചു പോയത്.! അവർ ആസ്വദിച്ചു പോന്ന എന്തെന്ത് സർവൈശ്വര്യങ്ങൾ.! ഒക്കെയും അവർ പിറകിൽ വിട്ടേച്ചു പോയി. അതൊക്കെയും ഞാനും മറ്റൊരു ജനതയ്ക്ക് ഏൽപിച്ചുകൊടുത്തു. എന്നിട്ട്, ആ പോയവർക്ക് വേണ്ടി ആകാശവും ഭൂമിയും കരഞ്ഞില്ല. അവർക്ക് ഒരവധിയും നല്കപ്പെട്ടതുമില്ല.” (ദുഖാന്‍: 25-29)
“ഇവര്‍ കാണുന്നില്ലല്ലോ! ഇവര്‍ക്കുമുമ്പ് നാം തകര്‍ത്തുകളഞ്ഞ സമുദായങ്ങളെത്രയെത്ര! എന്നിട്ട് ആ പോയവരാരും ഇവരിലേക്ക് തിരിച്ചുവരുന്നില്ലല്ലോ.?” (യാസീന്‍: 31)
അതിനാല്‍ സ്വഭാവം സംസ്‌കരിക്കുക. ദുനിയാവിനു പകരം ആഖിറത്തിനെ വില്‍ക്കാതിരിക്കുക. നന്മയുടെ പ്രബോധകരാവുക. തിന്മയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക. ദൈവദാസരോടൊപ്പം ചലിക്കുക. ആരുടെ കയ്യിലാണ് മരണം, അവന്റെ കയ്യില്‍ തന്നെയാണ് ജീവിതവും എന്ന് നന്നായി മനസ്സിലാക്കുക. ജീവന്‍ നല്‍കുന്നവന്‍ തന്നെയാണ് അത് ഒടുക്കുന്നവനും. പ്രയാസങ്ങള്‍ നല്‍കുന്നവന്‍ തന്നെയാണ് അതില്‍നിന്ന് രക്ഷപെടുത്തുന്നവനും. അതിനാല്‍ മരണവും ജീവിതവും അവന് സമര്‍പ്പിക്കുക. അല്ലാഹുവിനെക്കുറിച്ച് മുഹമ്മദ് (സ) പഠിപ്പിച്ചതുപോലെ മറ്റാരും പഠിപ്പിച്ചിട്ടില്ല. അതിനാല്‍ മാര്‍ഗദര്‍ശകനും നേതാവുമായ നബിതിരുമേനിയെ അംഗീകരിക്കുക. എങ്കില്‍ പരലോകവിജയം സുനിശ്ചിതം. ദുനിയാവിനെ വിശകലനം ചെയ്തവര്‍ അതുമായി വേര്‍പെടേണ്ടി വരുമല്ലോ എന്നാലോചിച്ച് വെപ്രാളപ്പെടുകയില്ല. ഉണങ്ങിവരണ്ട കൃഷിയോഗ്യമല്ലാത്ത ഭൂമിയില്‍നിന്ന് ഹരിതാഭയാര്‍ന്ന ലോകത്തേക്കു യാത്രതിരിച്ചവരെപ്പോലെയാണവര്‍. വഴിമധ്യേയുള്ള വിഷമങ്ങള്‍ അവര്‍ സഹിക്കുന്നു. പട്ടിണിയും ദാഹവും അവരെ ചകിതരാക്കുകയില്ല. തങ്ങളുടെ സ്വന്തക്കാരുടെ വേര്‍പാട് അവര്‍ സഹിക്കുന്നു. വിഷമങ്ങളെ അവര്‍ കാണുകയില്ല. അവരുടെ ഓരോ കാല്‍വെപ്പും പ്രതീക്ഷാനിര്‍ഭരമാണ്. എന്നാല്‍ ദുനിയാവിനോട് ഒട്ടിപ്പിടിച്ചിരിക്കുന്നവര്‍ക്ക് വേര്‍പാട് അസഹ്യമാണ്. ഹരിതാഭമായ ഭൂമിയില്‍നിന്ന് വറ്റിവരണ്ട കൃഷിയോഗ്യമല്ലാത്ത പ്രദേശത്തേക്ക് യാത്ര തിരിച്ചവരെപ്പോലെയാണവര്‍. അട്ടഹസിച്ചുപോകും. കാരണം, അവര്‍ ഈ ദുനിയാവിനെ അവരുടെ യഥാര്‍ത്ഥ ജീവിതസങ്കേതമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഭയങ്കരമായ ഒരു കിടങ്ങുണ്ട്. കൃശഗാത്രനായ മനുഷ്യന്‍ അത് വേഗം തരണം ചെയ്യുന്നു. തടിച്ചുകൊഴുത്ത മനുഷ്യന്റെ കാലുകള്‍ കുടുങ്ങിപ്പോവുന്നു. നിങ്ങള്‍ക്ക് ആ കിടങ്ങ് തരണം ചെയ്യേണ്ടതുണ്ട്. അതിനുശേഷം സ്വര്‍ഗമോ നരകമോ ആണ്. മരണത്തിനുശേഷം ദുഃഖിക്കാതിരിക്കാന്‍ നിങ്ങളുടെ സങ്കേതം ഇപ്പോള്‍തന്നെ ശരിപ്പെടുത്തുക. നിങ്ങള്‍ ദുനിയാവിനുവേണ്ടിയല്ല, ആഖിറത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്. നിങ്ങളിപ്പോഴുള്ളത് അസ്ഥിരമായ ഒരു ലോകത്താണ്. ഇത് പരലോകവിജയത്തിന് തയ്യാറുള്ള സ്ഥലവുമാണ്. മരണം നിങ്ങളെ പിന്തുടരുന്നു. നിങ്ങളെത്ര ഓടിയാലും രക്ഷപെടുക സാധ്യമല്ല. ഒരുനാള്‍ മരണം പിടികൂടുകതന്നെ ചെയ്യും.
നല്ല ഹൃദ്യമായ വരികൾ വായിക്കുന്നവനെ ചിന്തിപ്പിക്കുമെന്നുറപ്പ്. ഇൻഷാ അല്ലാഹ്