സമാശ്വാസത്തിന്റെ മധുരമന്ത്രം
പത്താണ്ടു മുമ്പൊരു ദിനം ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ജീപ്പിനുമേലെ റോഡ് വക്കില്‍നിന്ന് ഒരു മരം കടപുഴകി വീണു. അത് ജീപ്പിന്റെ മുകള്‍ഭാഗം തകര്‍ത്ത് എന്റെ നട്ടെല്ലില്‍ പതിച്ചു. പിന്നീടെപ്പോഴോ ബോധം തെളിയുമ്പോള്‍ കഴുത്തിനു കീഴെ ആസകലം തളര്‍ന്ന ഹതഭാഗ്യനായിത്തീര്‍ന്നിരുന്നു ഞാന്‍. ഈ സംഭവം എന്റെയും എന്റെ വീട്ടുകാരുടെയും സുമനസ്സുകളായ കൂട്ടുകാരുടെയും കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിച്ചു. പക്ഷേ അന്നുമിന്നും ഞാന്‍ വിശ്വസിക്കുന്നത് നിസ്സഹായരായ പാവം മനുഷ്യരുടെയും പിന്നെ എന്നെ പൂര്‍വസ്ഥിതിയിലേക്കു മടക്കിക്കൊണ്ടു വരാനാവാത്ത വൈദ്യശാസ്ത്രത്തിന്റെയും കണക്കുകൂട്ടലുകള്‍ മാത്രമാണ് തെറ്റിയതെന്നാണ്.
ഇങ്ങനെ ചില ജീവിതങ്ങള്‍ക്കുമേല്‍ വിധി ദുരന്തമായി പെയ്തിറങ്ങുമ്പോള്‍ അത് മറ്റു പല ജീവിതങ്ങള്‍ക്ക്, വെള്ളവും വളവും പ്രാണവായുവമായി മാറുന്നു. എന്നുവച്ചാല്‍ ദൃഷ്ടാന്തമായിത്തീരുന്നു. ചിലര്‍ സ്വാനുഭവത്തില്‍നിന്ന് തിരിച്ചറിവ് നേടുമ്പോള്‍ മറ്റുചിലര്‍ അപരന്റെ കഷ്ടതകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്നു. അല്ലെങ്കില്‍ അഴിച്ചുപണിയുന്നു. എന്റെ ജീവിതദൃഷ്ടാന്തം കണ്ട് പലരും അത്തരം അഴിച്ചുപണികള്‍ നടത്തുന്നു. ഈ തിരിച്ചറിവിന്റെ സാഫല്യത്തിലാണ് ഞാനെന്റെ ജീവിതത്തെ നോക്കിക്കാണുന്നത്.
കാരണം കഴുത്തിനു കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടുപോയ എന്റെ ചിന്താമണ്ഡലത്തില്‍ കാരുണ്യവാനായ നാഥന്റെ തെറ്റാത്ത കണക്കുകള്‍ തണലും തണുപ്പുമായി നിറഞ്ഞ് എന്നെ സമൂഹം ഇങ്ങനെ ആശ്വസിപ്പിക്കുന്നു. “ശുഷ്‌കമായ ഈ ജീവിതാവസ്ഥയ്ക്കു നിത്യമായ സ്വര്‍ഗത്തിലെ ശാന്തി നിനക്കുള്ളതാകുന്നു” എന്ന്. ആശ്വാസദായകന്റെ ഈ സമാശ്വാസം എന്റെ ഹൃദയത്തെ ശാന്തമാക്കുകയും മനസ്സിനെ ശക്തമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇനി എന്തൊക്കെയാവും എന്നെക്കൊണ്ട്, എന്തിനാകും എന്ന ചിന്തയിലേക്ക് എന്നെ നടത്തിക്കുന്നു.
ശാന്തമായ ദൈവവിശ്വാസത്തിന്റെ പിന്‍ബലത്താല്‍ പ്രാര്‍ത്ഥനയിലൂടെയും ഇച്ഛാശക്തിയില്‍ ബന്ധിതമായ പ്രവര്‍ത്തനത്തിലൂടെയും ഞാനെന്റെ തളര്‍ന്നുപോയ കൈകളിലെ തളര്‍ന്ന വിരലുകള്‍ക്കിടയില്‍ പേന തിരുകി വിവരണാതീതമായ പ്രയാസത്തോടെ കമഴ്ന്നുകിടന്ന് ആയാസപ്പെട്ട് അക്ഷരങ്ങള്‍ കുത്തിവരയ്ക്കാന്‍ തുടങ്ങി. നാളുകള്‍ക്കുശേഷം അവ്യക്തമായ വരകളും കുറികളും അക്ഷരങ്ങളുടെ ചെറുരൂപങ്ങളായി വളര്‍ച്ച പ്രാപിച്ചു. വേദനയുടെയും യാതനയുടെയും എല്ലാ അംശങ്ങളും അനുഭവിച്ചുകൊണ്ട് ഞാന്‍ നിരന്തരം എഴുതാന്‍ ശ്രമിച്ചു. ഇതെല്ലാം ദൈവം തമ്പുരാന്റെ തെറ്റാത്ത കണക്കുകളാണെന്ന ഉള്‍വിളി എന്നെ നിരാശയ്ക്ക് അടിമപ്പെടുത്തിയില്ല. അങ്ങനെ മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്നവിധം എന്റെ അക്ഷരങ്ങള്‍ തെളിഞ്ഞു. അഞ്ചും ആറും പേജുകളുള്ള കത്തുകള്‍ കണ്ട് ആളുകള്‍ ഇന്നും അത്ഭുതപ്പെടുന്നുണ്ട്. കൈകള്‍ രണ്ടും തളര്‍ന്നുപോയ ഒരു മനുഷ്യനാണോ ഇതെഴുതുന്നത് എന്ന അത്ഭുതം. തങ്ങളുടേതിനേക്കാള്‍ നല്ല കൈയക്ഷരമെന്ന് ആരോഗ്യമുള്ളവരുടെ സാക്ഷ്യപത്രങ്ങള്‍. ഞാന്‍ കാരുണ്യവാനായ രക്ഷിതാവിന് നന്ദി പറയുന്നു -എല്ലായ്‌പ്പോഴും ഇങ്ങനെയെങ്കിലും എന്നെ പ്രവര്‍ത്തനിരതനാക്കുന്നതില്‍.
തുടര്‍ന്ന് ഞാന്‍ റോഡപകടം, ഉയരത്തില്‍ നിന്നുള്ള വീഴ്ച എന്നിവമൂലം നട്ടെല്ലും സുഷുമ്‌നാ നാഡിയും തകര്‍ന്ന് (കഴുത്തിനു കീഴെ പൂര്‍ണമായും സ്തംഭിച്ച അവസ്ഥ, അരയ്ക്കുകീഴെ സ്തംഭിച്ച അവസ്ഥ) ചലനസ്വാതന്ത്ര്യം നഷ്ടമായ അനേകം രോഗികള്‍ക്കും എസ്.സി.ഐ രോഗികള്‍ക്കും മനശാന്തി നഷ്ടപ്പെട്ട മനുഷ്യര്‍ക്കുമായി നൂറുകണക്കിനു കത്തുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും എഴുതുന്നു. അത്തരം കത്തുകളില്‍ ഞാന്‍ പ്രാര്‍ത്ഥനയെക്കുറിച്ചും ക്ഷമയെക്കുറിച്ചും ദൈവത്തിന്റെ തണലിനെക്കുറിച്ചും എഴുതുന്നു. അങ്ങനെ നിത്യജീവിതാനുഭവത്തിന്റെ തീക്ഷ്ണതയില്‍ അനുഭവവേദ്യമാകുന്ന സമാശ്വാസത്തിന്റെ മധുരമന്ത്രം ദൈവത്തിന്റെ പേരില്‍ പലര്‍ക്കും ഞാന്‍ പകരുന്നു.
നാല്
No comments yet.