വിശ്വാസമാണെനിക്ക് തുണ ! -23

//വിശ്വാസമാണെനിക്ക് തുണ ! -23
//വിശ്വാസമാണെനിക്ക് തുണ ! -23
സർഗാത്മക രചനകൾ

വിശ്വാസമാണെനിക്ക് തുണ ! -23

Print Now
സ്‌നേഹപൂര്‍വം ഡോക്ടര്‍

പ്രിയപ്പെട്ട ശ്രീമാന്‍ കുഞ്ഞബ്ദുള്ള,

താങ്കള്‍ക്ക് കേന്ദ്ര ഗ്രാമീണ പുനരധിവാസ യോജന പ്രകാരമുള്ള സഹായം ലഭിക്കുവാന്‍ ആവശ്യമായ മെഡിക്കല്‍ ബോര്‍ഡ് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ലെങ്കില്‍, ഈ കത്ത് കിട്ടി, കഴിയുന്നതും വേഗം എന്നെ വന്നു കാണുക. മകനെയോ മറ്റോ അയച്ചാൽ മതി.

കേന്ദ്ര സര്‍വീസിലുള്ള ഓഫീസറായ ത്രേസ്യക്കുട്ടിയെ കണ്ടു. താങ്കളുടെ പ്രശ്‌നം സംസാരിച്ചിട്ടുണ്ട്. അവര്‍ വേണ്ടതു ചെയ്യും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ ബോര്‍ഡ്. അതിനുമുമ്പായി താങ്കള്‍ ആളെ അയക്കുക.

എന്ന് സ്‌നേഹപൂര്‍വം,
ഡോ. സി.കെ.എന്‍ പണിക്കര്‍

മറ്റുള്ളവര്‍ക്കുള്ള സഹായം

പ്രിയപ്പെട്ട കുഞ്ഞബ്ദുള്ള,

സ്‌നേഹപൂര്‍വം അയച്ച എഴുത്തിന് നന്ദി. ഞാന്‍ ഇതിനുമുമ്പ് കുഞ്ഞബ്ദുള്ളയ്ക്ക് എഴുതിയിട്ടുണ്ടായിരുന്നു. അതിന് ഒരു മറുപടിയും കിട്ടിയില്ല എന്നു തോന്നിയിട്ടും ഈ അവസരത്തില്‍ എനിക്ക് എഴുതിയല്ലോ. നിസ്സഹായാവസ്ഥയിലും അനേകരെ സഹായിക്കാനും എല്ലാവരുമായി ബന്ധപ്പെടാനും കുഞ്ഞബ്ദുള്ളയ്ക്ക് സാധിക്കുന്നത് ഒരു വലിയ കാര്യമാണ്. അല്ലാഹു കനിഞ്ഞ് അനുഗ്രഹിക്കട്ടെ. ഒന്നാം തീയതി ആസ്പയറിന്റെ മീറ്റിങ് ഉണ്ട്. കുഞ്ഞബ്ദുള്ളയുടെ എഴുത്ത് ഞാനവിടെ വായിക്കും. വീല്‍ചെയറിന്റെ കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യും. പുതുവര്‍ഷത്തില്‍ ഏറെ ആളുകളെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ.

ഫാദര്‍ തൈപ്പറമ്പില്‍

വിദ്യാര്‍ഥിയുടെ കത്ത്

സുഖമാണെന്നുള്ള വിശ്വാസത്തോടെയും അതിനായുള്ള പ്രാര്‍ത്ഥനയോടും കൂടി പ്രിയപ്പെട്ട കുഞ്ഞബ്ദുള്ളക്ക അറിയുവാന്‍ നൗഷാദ് എഴുതുന്നു.

കത്തയക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. എനിക്കും കൂട്ടുകാര്‍ക്കും സുഖം തന്നെ. ഇവിടെ ഇപ്പോള്‍ മഞ്ഞുകാലം തുടങ്ങുകയാണ്. Temperature is -1 to -4 °C ഡിസംബര്‍ അവസാനം മുതല്‍ ഏപ്രില്‍, മെയ് മാസം വരെ extreme തണുപ്പുകാലമാണ്. ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസ് വരെ പോകും. ഇപ്പോള്‍ കൂടുതല്‍ സമയവും ഹോസ്പിറ്റലില്‍ ചെലവഴിക്കുന്നു. ജൂലൈ അവസാനം എന്റെ കോഴ്‌സ് കംപ്ലീറ്റ് ആവും. അതുകഴിഞ്ഞ് നാട്ടില്‍ സ്‌ക്രീനിങ് ടെസ്റ്റ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്. പക്ഷേ, ഇതുവരെ അന്തിമതീരുമാനം ഒന്നും ആയിട്ടില്ല. നവംബര്‍ 30, ഡിസംബര്‍ 02 തീയതികളിലാണ് അതിനുവേണ്ടി ഡേറ്റ് നല്‍കിയിട്ടുള്ളത്. ആദ്യം അത് സെപ്റ്റംബര്‍ 26-19 തീയതികളിലായിരുന്നു. ഈ വര്‍ഷം കംപ്ലീറ്റ് ആയ വിദ്യാര്‍ഥികള്‍ സുപ്രീം കോര്‍ട്ടില്‍ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഡേറ്റ് ഇങ്ങനെ നീണ്ടുപോകുന്നു. ഞങ്ങള്‍ കഴിയുമ്പോഴേക്കും എന്തെങ്കിലും തീരുമാനമാവുമെന്ന് കരുതുന്നു.

പിന്നെ അവിടുത്തെ വിശേഷങ്ങള്‍ എന്തൊക്കെയാണ്? UTI infection ന്റെ കാര്യത്തില്‍ improvement ഉണ്ടോ? Maximum control ചെയ്യാന്‍ ശ്രമിക്കണം. ഞാന്‍ ഇവിടെ PMR നെക്കുറിച്ച് അന്വേഷിക്കുന്നു. ഇവിടെനിന്ന് എന്റെ ഒരു പ്രൊഫസര്‍ പറഞ്ഞത് PMR centre for spinal cord injured persons Ukraine ലും ഇതുപോലെ ഒരു ഹോസ്പിറ്റല്‍ ഉണ്ട് എന്നാണ്. കൂടുതല്‍ വിവരം അറിയാന്‍ ശ്രമിക്കുന്നുണ്ട്.

വീട്ടില്‍ എല്ലാവര്‍ക്കും സുഖം തന്നെയെന്നു കരുതുന്നു. ഷഹീറിനോട് എന്റെ അന്വേഷണം പറയണം. ഞാന്‍ കത്തു ചുരുക്കുന്നു. വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.

മറുപടിയുടെ കൂടെ അങ്ങയുടെ Diagnosis and test results photocopy attach ചെയ്യാന്‍ അപേക്ഷിക്കുന്നു.

സ്‌നേഹത്തോടെ നൗഷാദ്, റഷ്യ.

മനക്കരുത്തിന്റെ ജീവിതം

അവ്യക്തത നിറഞ്ഞ ഈ വരികളിലൂടെ കണ്ണോടിക്കും എന്ന പ്രതീക്ഷയില്‍ മാന്യസുഹൃത്ത് കുഞ്ഞബ്ദുള്ള സാഹിബിന്,
ഞാന്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ചെറുവാടി സ്വദേശി അഹ്ദുറഹിമാന്‍. ഒന്നര വര്‍ഷം മുമ്പ് സൗദിയില്‍ പെട്ടെന്നുണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റു. കൈവിരലിനും കാലിനും സ്വാധീനം നഷ്ടപ്പെട്ടു. ആറു മാസത്തെ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തി ചികിത്സിച്ചു. കൈവിരലുകള്‍ക്ക് അല്‍പം ഭേദം ഉണ്ട്. മലവും മൂത്രവും പാസ്സ് ചെയ്യുന്നത് അറിയുന്നുണ്ട്.
കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വെച്ചാണ് താങ്കളെപ്പറ്റി അറിയാന്‍ ഇടയായത്. താങ്കള്‍ പണിക്കര്‍ സാറിനെഴുതിയ ലെറ്റര്‍ വായിക്കുകയും ചെയ്തു. ശാരീരിക അവശതകളെ വകവെക്കാതെ ബിസിനസ് ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ച താങ്കള്‍ക്ക് ആശംസകള്‍ നേരുന്നു. അതോടൊപ്പം താങ്കളുടെ ബിസിനസ് ശൃംഖലയെപ്പറ്റി ഒരു പൊതുവിവരണം അറിയാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ എസ്.ടി.ഡി ബൂത്തിന് ആസ്പയര്‍ എന്നു നാമകരണം ചെയ്തത് ഉചിതമായി. വീല്‍ചെയര്‍ അല്ലാതെ മറ്റുവല്ല വാഹനവും നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അസാമാന്യ മനക്കരുത്തുമായി കഴിയുന്ന നിങ്ങള്‍ക്ക് ഒരു ലെറ്റര്‍ വിടാന്‍ പണിക്കര്‍ സാര്‍ നിര്‍ബന്ധിക്കുകയായിരുന്നു.

എന്തൊക്കെയുണ്ട് താങ്കളുടെ കുടുംബത്തിലെ വിശേഷങ്ങള്‍? മകനെ ഒരിക്കല്‍ മംഗലാപുരത്ത് റെയില്‍വേ സ്റ്റേഷനില്‍വെച്ച് കണ്ടിരുന്നു. നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു തൗഫീഖ് നല്‍കട്ടെ. അല്ലാഹുവിന്റെ പരീക്ഷണം നന്മയക്കായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

അബ്ദുറഹിമാന്‍ ഇ.

സഹായത്തിനായൊരു കത്ത്

പ്രിയപ്പെട്ട കുഞ്ഞബ്ദുള്ളക്കാക്കക്ക്,

സുഖമെന്നു കരുതുന്നു. ഇക്കാക്കും കുടുംബത്തിനും സുഖത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് കുമാരന്‍ എഴുതുന്നു.

ഇക്കയുടെ കൈകൊണ്ട് കിട്ടിയ തുണിക്കുപ്പായം ഞാന്‍ ഉപയോഗിച്ച് പുതുമ തീരും മുമ്പേ എനിക്ക് വീണ്ടും ഒരു ജോഡി കൂടി കിട്ടിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. പിന്നെ ഞാന്‍ പെരുന്നാളിന് ഒരു എഴുത്ത് അയച്ചിരുന്നു. അത് കിട്ടിക്കാണും എന്ന് കരുതുന്നു. പിന്നെ എനിക്ക് ഒരു മൊബൈല്‍ ഫോണ്‍ കിട്ടി. എന്റെ അമ്മയുടെ അനുജത്തിയുടെ മകന്‍ തന്നു. അത് കിട്ടിയ ഇന്ന് ആദ്യം വിളിച്ചത് പിന്നെ കാക്കാനേയുമാണ്. അതുകൊണ്ട് കാക്കാന്റെ സുഖവിവരം ചോദിക്കാന്‍ വിട്ടുപോയി. ഞാന്‍ ആദ്യമായിട്ടാണ് ഫോണില്‍ക്കൂടി സംസാരിക്കുന്നത്. എന്റെ മനസ്സില്‍ ദിവസവും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വഴിതേടുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി ഒരു തൊഴില്‍ കിട്ടാന്‍ പല വഴിയും തിരഞ്ഞിട്ടും ഇന്നുവരെ ശരിയായില്ല. പെയ്ന്‍ ആന്റ് പാലിയേറ്റീവും ഈ കാര്യത്തില്‍ പിറകിലാണ്. അവര്‍ മെഡിസിന്‍ കവര്‍ ഒട്ടിക്കുന്ന പണിതരാം എന്നു പറഞ്ഞ് മൂന്നു തവണ കൊണ്ടുതന്നു. ഞാന്‍ അതെല്ലാം ഒട്ടിച്ചു. അത് കൊണ്ടുപോകാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. തൊഴിലിനുള്ള പദ്ധതി ഒന്നും ഇല്ലാത്ത അവസ്ഥയില്‍ അവരും വിഷമിക്കുന്നു. ഞാന്‍ കാക്കാനെ വിളിച്ച് ചോദിച്ചപ്പോള്‍ റോട്ടറി ക്ലബ്ബിന്റെ കാര്യവും കോഡൂര്‍ മുസ്തഫയുടെ കാര്യവും പറഞ്ഞു. എനിക്ക് ലോട്ടറി വില്‍പന നോക്കാന്‍ ആഗ്രഹമുണ്ട്. അതിന് ഒരു സ്‌കൂട്ടര്‍ കിട്ടുന്നതിന് കാക്കാന്റെ സഹായവും ആവശ്യപ്പെടുന്നതില്‍ ഒന്നും വിഷമിക്കരുത്. കാരണം ശരീരം കൊണ്ട് എന്നെക്കാളും ബുദ്ധിമുട്ടും വിഷമവുമാണ് നിങ്ങള്‍ അനുഭവിക്കുന്നത് എന്ന് എനിക്ക് അറിയാം. അതുകൊണ്ട് കാക്കയുടെ അറിവില്‍ എങ്ങനെയെങ്കിലും കിട്ടാന്‍ പറ്റുമോ? നിങ്ങള്‍ പറയുന്ന ഏതു വഴിയും ഞാന്‍ സ്വീകരിക്കും. എന്റെ കൈയില്‍ 10 പൈസ ഇല്ല.

ഇവിടെ എനിക്ക് വേണ്ടി ഒരു വഴി പറഞ്ഞുതരാന്‍ പറ്റിയ ആരും ഇല്ല തന്നെ. പഞ്ചായത്തില്‍നിന്ന് പല ആനുകൂല്യങ്ങളും കൊടുക്കുന്ന വിവരം അറിഞ്ഞ് ഞാന്‍ വീല്‍ചെയറിന് അപേക്ഷിച്ചിട്ട് ഒരു വിവരം ഇതുവരെ കിട്ടിയിട്ടില്ല. ഇങ്ങനെയാണ് എന്റെ വിധിയുടെ പോക്ക്. പാപി ചെന്നിടം പാതാളം എന്ന ചൊല്ല് എന്റെ കാര്യത്തില്‍ നൂറുശതമാനവും ശരി തന്നെയെന്ന് പലപ്പോഴും അനുഭവപ്പെടുന്നു. എനിക്ക് വേണ്ടി പടച്ചവനെ വിചാരിച്ച് ഒരു വണ്ടിക്കുവേണ്ടി കാക്ക അന്വേഷിച്ചിട്ട് എന്തെങ്കിലും മാര്‍ഗം ഉണ്ടെങ്കില്‍ എനിക്ക് അറിയിച്ചുതരണം. കാക്ക വിചാരിച്ചാല്‍ എനിക്ക് വണ്ടി കിട്ടും എന്നാണ് എന്റെ ഉറച്ച വിശ്വാസം.

കുമാരന്‍

No comments yet.

Leave a comment

Your email address will not be published.