വിശ്വാസമാണെനിക്ക് തുണ ! -21

//വിശ്വാസമാണെനിക്ക് തുണ ! -21
//വിശ്വാസമാണെനിക്ക് തുണ ! -21
സർഗാത്മക രചനകൾ

വിശ്വാസമാണെനിക്ക് തുണ ! -21

Print Now
കൂട്ടലും കിഴിക്കലും

പ്രിയപ്പെട്ട കുഞ്ഞബ്ദുള്ള സാഹിബിന് അല്ലാഹുവിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ട്…
അവിടെ നിന്നും അയച്ച കാര്‍ഡ് കിട്ടിയതിന്റെ പിറ്റേന്നു തന്നെ ഞെരിഞ്ഞില്‍, തേങ്ങാ കാതല്‍, തഴുതാമ എന്നിവ വാങ്ങിച്ചു. ചെറൂള കിട്ടിയില്ല. അതുകൊണ്ട് ഈ മൂന്ന് സാധനങ്ങള്‍ ഇട്ട് തിളപ്പിക്കുന്ന വെളളമാണ് ഇപ്പോള്‍ കുടിക്കുന്നത്. ഏതാണ്ട് 10 ഗ്ലാസ് വെളളം കുടിക്കുന്നുണ്ട്. മൂത്രത്തിന്റെ പ്രശ്‌നം 100 ശതമാനം ഇതുവരെ മാറിയിട്ടില്ല. മൂത്രത്തിലെ പഴുപ്പ് കുറഞ്ഞു. പക്ഷേ, പൂര്‍ണനിയന്ത്രണം കിട്ടുന്നില്ല.

അതുപോലെ കൈയുടെ പ്രശ്‌നവും അങ്ങനെത്തന്നെ. അങ്ങോട്ട് പഴയപോലെ എഴുതാനാവുന്നില്ല. ദിവസവും ഒരു പേജ് എങ്കിലും എഴുതണമെന്ന് കരുതും. പക്ഷേ മടിയാണ്. എല്ലാം ക്ഷമയോടെ നേരിടാം. ഒരു പക്ഷേ പരലോകത്ത് നമ്മെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങളായിരിക്കും. ഇന്‍ശാ അല്ലാഹ്. ഒന്നുമില്ലെങ്കിലും, അല്ലാഹു അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടിത്തിലെങ്കിലും നമ്മെയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍.

നന്മനിറഞ്ഞ ദിനങ്ങളെ വളരെ സന്തോഷത്തോടെ നോക്കിക്കാണുമ്പോഴും ഹൃദയത്തില്‍ ഒരു വിങ്ങല്‍. ആരും കാണാത്ത, ആര്‍ക്കും മനസ്സിലാകാത്ത ഒരു കരച്ചില്‍. അല്ലേ സാഹിബേ? എങ്കിലും നമ്മളും ജീവിക്കുന്നു. ഒച്ചിനെപ്പോലെ…

പിന്നെ, എന്റെ സഹോദരി ‘റൂ’വിനോട് പറയാനുളളത് ആശ്വാസവാക്കുകള്‍ക്കപ്പുറത്താണ്. ജീവിതയാഥാര്‍ഥ്യങ്ങളെന്നറിഞ്ഞ് കൊണ്ടുതന്നെ പറയട്ടെ, ക്ഷമിക്കുക. എല്ലാം അല്ലാഹുവിന് വേണ്ടി. ക്ഷമിക്കുന്നവര്‍ക്ക് മഹത്തായ അനുഗ്രഹങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ആ അനുഗ്രഹ പ്രതീക്ഷയില്‍ ക്ഷമാപൂര്‍വ്വം നമുക്കും മുന്നോട്ടുതന്നെ പോകാം. അല്ലാഹു അനുഗ്രഹിക്കുന്നതുവരെ.

ഇവിടെ ഉമ്മയും ഞാനും ഭാര്യയും അങ്ങനെ ഇങ്ങനെ സാമ്പത്തികമായ കൂട്ടലും കിഴിക്കലും ഹരിക്കലുമായി സസുഖം വീഴുന്നു – അല്ല വാഴുന്നു, പുഞ്ചിരിയോടെ……….

എസ്.എം. സാദിഖ്

പ്രസരിപ്പിന്റെ കത്ത്

പ്രിയപ്പെട്ട ഉപ്പാ,

കത്തു കിട്ടി. ഒരുപാട് സന്തോഷം തോന്നുന്നു. വായിച്ചു കഴിഞ്ഞപ്പോ ഉപ്പാനെ കാണണം എന്നുതന്നെ. പക്ഷേ, ഇപ്പോഴൊന്നും പറ്റുമെന്നു തോന്നുന്നില്ല. ഇന്‍ശാ അല്ലാ, നമുക്കു നോക്കാം.

ഞാനാ കത്ത് വേറെയും രണ്ടുമൂന്നു പേര്‍ക്ക് കാണിച്ചുകൊടുത്തു. അവരും അത് തന്നെയാണ് പറഞ്ഞത്. ഉപ്പാന്റെ കത്തു വായിച്ചപ്പോ എനിക്കോര്‍മ വന്നത് നമ്മുടെ ചില പേഷ്യന്റ്‌സിനെയാണ്. നമുക്കു ഒരു അബ്ദുളള എന്ന ഒരു പേഷ്യന്റുണ്ടായിരുന്നു. വലിയ ദാനധര്‍മി…ആര്‍ക്കും അയാളുടെ നാടിനെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ അറിയില്ല. പെട്ടെന്നൊരു ദിവസം ഛര്‍ദ്ദിയുണ്ടായി. പിന്നീടു ശരീരം മുഴുവന്‍ തളര്‍ന്നു വീണു. നമ്മുടെ ആശുപത്രിയിലായി. നോക്കാനൊരു കുടുംബമോ….എന്തിന് ആത്മാര്‍ഥതയോടെ ഒന്നു കൂട്ടിരിക്കാന്‍പോലും ആരുമില്ല. പളളി കമ്മറ്റിയുടെ വകയായി 150 രൂപാ വ്യവസ്ഥയില്‍ 10 ദിവസത്തേക്ക് ഓരോരോ ആള്‍ വാടകയ്ക്കു നിക്കുമായിരുന്നു. പക്ഷേ ഒരു ആത്മാര്‍ഥതയുമില്ല. എല്ലാം കാണാനും കേള്‍ക്കാനും മാത്രമേ ആ പാവത്തിനു പറ്റുന്നുളളൂ. ചുമ്മാ വൈകുന്നേരങ്ങളില്‍ എന്തെങ്കിലും മിണ്ടാനും പറയാനും പോവുമായിരുന്നു. മറുപടിയൊന്നുമില്ലെങ്കിലും അയാള്‍ കണ്ണുകൊണ്ടു പ്രതികരിച്ചിരുന്നു.

മാസങ്ങളോളം അങ്ങനെ പോയി. ആരോഗ്യത്തില്‍ ചെറിയ വ്യത്യാസം കണ്ടുതുടങ്ങി. പെട്ടൊന്നൊരു ദിവസം ആരോ വന്നു. അയാളെ എങ്ങോ കൊണ്ടുപോയി. അതേപോലെത്തന്നെ നമുക്കിപ്പോഴും ഒരു Paraplegia Patient ഉണ്ട്. മരം വെട്ടാന്‍ കയറിയപ്പോ വീണുപോയതാണ്. ആറുമാസമായി നമ്മുടെ ആശുപത്രിയില്‍ അതേ ബെഡില്‍ അതേ കിടപ്പ്…ഇന്നുവരെ ഞാനയാളുടെ മുഖത്ത് വിഷാദം കണ്ടിട്ടേയില്ല. എപ്പോഴായാലും പ്രസരിപ്പുളള മുഖം. എനിക്കു തന്നെ അദ്ഭുതം തോന്നിയിട്ടുണ്ട്. എന്താ അദ്ദേഹത്തിന് മടുക്കുന്നില്ലേ എന്ന്. അതിലും കഷ്ടമായിരുന്നു എന്റെ പ്രായമുളള ഒരു 21 വയസ്സുകാരന്‍. എല്ലിന്റെ കാന്‍സര്‍. അത് എല്ലായിടത്തും വ്യാപിച്ചിരുന്നു. മരിക്കുന്നതുവരെയും അദ്ദേഹത്തിന് ഒരു സങ്കടവുമുണ്ടായിരുന്നില്ല. മരണത്തെ മുന്നില്‍ കണ്ടുകൊണ്ടു നോക്കി ചിരിക്കുമായിരുന്നു.

ചുറ്റുപാടുമുളള ബെഡ്ഡിലെ പേഷ്യന്റ്‌സ് ചെറിയ ചെറിയ കാര്യങ്ങള്‍ക്കു സ്വന്തം വിധിയെ ശപിക്കുമ്പോള്‍ ഞാന്‍ അന്തംവിടാറുണ്ട്. ഉപ്പ പറഞ്ഞത് എത്ര ശരിയാണ്. തന്നെക്കാളും താഴെ ഉളളവരെക്കുറിച്ചു ചിന്തിക്കാത്തതുകൊണ്ടാണ് നമ്മുടെ എല്ലാ അസംതൃപ്തിയും വേവലാതിയും. ഉപ്പാന്റെ കത്തും ലേഖനവും വായിച്ചപ്പോ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം. ഇനിയും ഇനിയും എഴുതണം. ഈ കത്തുകള്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. അതുപോലെ മറ്റുളളവര്‍ക്കും ഉപകരിക്കട്ടെ.

ഉപ്പ പറഞ്ഞ ഷംനാദ് ഇല്ലേ, ഇതുവരെ കണ്ടിട്ടില്ലെങ്കിലും എനിക്കെന്തോ ഒരു സ്‌നേഹം തോന്നുന്നു….

ഇനി ഒരു കത്തെഴുതുകയാണെങ്കില്‍….ചുമ്മാ പറയണം. എന്റെയും ദുആ അവനുണ്ടെന്ന്. അവനൊരു കത്തെഴുതാമെന്നു കരുതിയതാണ്…. പക്ഷേ, എന്തെഴുതും എന്നാലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല. മാത്രവുമല്ല, സമയക്കുറവും ഒരു വലിയ പ്രശ്‌നമാണ്.

കത്തെഴുതി തുടങ്ങുമ്പോള്‍ ഇത്രയും എഴുതാന്‍ പറ്റുമെന്നു കരുതിയതല്ല. കാരണം, കത്തെഴുതി തീരെ പരിചയമില്ല. എങ്കിലും എഴുതി പൊലിപ്പിക്കാന്‍ ഞാന്‍ കഴിഞ്ഞേ വേറെ ആരും ഉളളൂ എന്നു നമ്മുടെ മലയാളം ടീച്ചര്‍ സ്‌കൂളിലുളളപ്പോ പറയാറുണ്ടായിരുന്നു.

പറഞ്ഞു പറഞ്ഞു നോമ്പുകാലവും ദാ… വന്നപോലെ പോവുന്നു. ഉമ്മയാണെങ്കില്‍ എന്നെ എവിടെയും വിടില്ല. മംഗലാപുരത്തു നിന്നു മെലിഞ്ഞുവരുന്ന എന്നെ ഇവിടെ എത്തിയാല്‍. തീറ്റിച്ചു തീറ്റിച്ച് കുറഞ്ഞ സമയം കൊണ്ടു ഒരു ഗുണ്ടുമണിയാക്കും….അതാണ് എന്റെ ഉമ്മ.

ഷാജിറും മെലിഞ്ഞു കാണുമല്ലോ…? ആദ്യമായി മാറിനില്‍ക്കുകയല്ലേ, കുറച്ചു കഴിയുമ്പോ ശരിയാവും…വീട്ടിലെങ്ങനെയാണെന്നറിയില്ല. യേനപോയയിലെ ഷാജിര്‍ ഒരു പാവമാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്…. ശകലം അനുസരണക്കേടും മടിയും ഉണ്ടെന്നുളള ഒരു കുഴപ്പമേ അവനും കാണുന്നുളളൂ. എങ്കിലും അവന്‍ നന്നാവും. അവനെകുറിച്ച് ഉപ്പ പേടിക്കുക ഒന്നും വേണ്ട. എല്ലാമൊന്നു പരിചയിച്ചുവന്നാല്‍ അവന്‍ ആരെക്കാളും ഉഷാറാവും. സീനിയേഴ്‌സ് അവിടെ അവനു വലിയ ജാടയാണോ എന്നു സംശയം പറയും. പലപ്പോഴും പാവമാണെന്നു പറഞ്ഞു ഞാന്‍ ഒഴിവാക്കും. അല്‍പ്പസ്വല്‍പ്പം റാഗിങ് എന്തായാലുമുണ്ടാവും. എങ്കിലേ ഷാജിറിനെപ്പോലെയുളളവര്‍ മനസ്സുറയ്ക്കുകയുളളൂ… എല്ലാ വര്‍ഷവും ഉളള പതിവാണ്. അതുകൊണ്ട് ഉപ്പ പേടിക്കുകയേവേണ്ട…അപകടം ഒന്നുമുണ്ടാവില്ല…

എന്റെ സെക്കന്റ് ഇയര്‍ യൂണിവേഴ്‌സിറ്റിക്ക് ഇനി രണ്ടു മൂന്നു മാസങ്ങളേയുളളൂ… പഠിച്ചു തുടങ്ങിയതേയുളളൂ. എങ്ങനെയെങ്കിലും പാസാകണം. ദുആ ചെയ്യണം.

ഇത്രയുമായപ്പോഴേക്കും ഉപ്പയ്ക്കു തോന്നിക്കാണും ഞാനെന്തു മഹാകത്തിയാണെന്ന്. പക്ഷേ, പണ്ടത്തെ അത്രയുമില്ല ഇപ്പോള്‍… കോളേജില്‍ എത്തിയേ പിന്നെ നല്ല നിയന്ത്രണമുണ്ട്. അല്ലെങ്കിലും വാ തോരാതെ സംസാരിക്കുന്നത് അത്ര നല്ല ഗുണമല്ലല്ലോ….ഉമ്മയും എന്നെ ഈ കാര്യത്തില്‍ ഉപദേശിക്കാറുണ്ട്.
എന്തു വിശേഷമുണ്ടെങ്കിലും എഴുതണം…..ഒരുപക്ഷേ എനിക്കു കൃത്യമായി മറുപടി അയക്കാന്‍ പറ്റിയെന്നു വരില്ല. അതൊരിക്കലും സാരമാക്കരുത്.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോ എനിക്കുതന്നെ ക്ഷീണമാകുന്നു. അപ്പോ പിന്നെ ഉപ്പാന്റെ കാര്യം പറയാനില്ല…

കത്തേതായാലും പോസ്റ്റ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു….മാറ്റി ഒന്നു കൂടെ വൃത്തിയായി കാര്യങ്ങളെ കുറേ കൂടെ ചെറുതാക്കാം എന്നു തീരുനാനിച്ചതാ. പിന്നെ കരുതി വേണ്ടാ എന്ന്….

ഇനി അധികം മുന്നോട്ടു പോകുന്നില്ല. ഇവിടെ ഞാന്‍ പിടിച്ചുനിര്‍ത്തുകയാണ്.

ഷെമീര്‍ ഇസ്മായില്‍

No comments yet.

Leave a comment

Your email address will not be published.