വിശ്വാസമാണെനിക്ക് തുണ ! -16

//വിശ്വാസമാണെനിക്ക് തുണ ! -16
//വിശ്വാസമാണെനിക്ക് തുണ ! -16
കൗൺസിലിംഗ്

വിശ്വാസമാണെനിക്ക് തുണ ! -16

Print Now
എന്റെ ലോകം

പ്രിയപ്പെട്ട ഉമ്മര്‍ക്കാ,

സമയം വൈകുന്നേരം 4 മണി കഴിഞ്ഞുകാണും. വിധിയുടെ കിടക്കയില്‍ കമഴ്ന്നുകിടന്നു തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കുനോക്കി. (ഇതിലൂടെ നോക്കി കാണുന്നതാണ് എന്റെ ലോകം). കടവ് ഇറങ്ങി റോഡിലൂടെ ആളുകള്‍ നടന്നുപോകുന്നു. എങ്ങനെയാണ് ആളുകള്‍ സ്വയം നില്‍ക്കുകയും ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നത്!

ഞാനെന്റെ ഇരുകാലുകളും അനക്കാന്‍ തലച്ചോറിനോട് പറഞ്ഞുനോക്കി. തള്ളവിരല്‍ അനക്കാനായി ശ്രമം നടത്തി. ഒരു രക്ഷയുമില്ല. കാലിനുള്ളിലെ പൊള്ളുന്ന വേദന ദിവസേന വര്‍ധിക്കുകയല്ലാതെ കുറയുന്ന ലക്ഷണമില്ല. കഴിഞ്ഞ പത്തു വര്‍ഷമായി പറഞ്ഞറിയിക്കാനറിയാത്ത ഈ വേദന കടിച്ചുപിടിച്ചാണ് എന്റെ ഓരോ നിമിഷവും തള്ളി നീക്കുന്നത്. അല്ലാഹുവില്‍ ശരണം തന്നെ.

ഷംനാദിന്റെ കത്തുവായിച്ചു. ഏഴാമത്തെ വയസ്സില്‍ തുടങ്ങി 22 വയസ്സ് പിന്നിട്ടിട്ടും ഏകാന്തതയും കുത്തിനോവിക്കുന്ന അനുഭവങ്ങളും ശരീരമാസകലം വേദനയും പൊട്ടാന്‍ തുടങ്ങുന്ന ശരീരവും പേറി, എന്നിട്ടും റബ്ബില്‍ നിരശപ്പെടാതെ ഭരമേല്‍പ്പിക്കുന്ന ആ കുട്ടിയുടെ കത്തിലെ വാക്കുകള്‍ എന്റെ മനസ്സിനെ സമാധാനിപ്പിച്ചു. 34 വര്‍ഷമെങ്കിലും എന്റെ കൈകാലുകള്‍ക്ക് ഇഷ്ടത്തിനൊത്ത് ചലിപ്പിക്കാന്‍, ദാമ്പത്യജീവിതം ആസ്വദിക്കാന്‍, ദുനിയാവിന്റെ നിറം ഓടിനടന്നു കാണുവാനെങ്കിലും കഴിവുതന്ന പരമകാരുണികനെ കൂടുതല്‍ സ്മരിച്ചു.

ഇങ്ങനെ ചിന്തകള്‍ വട്ടമിട്ടു പറക്കുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്. എസ്.ടി.ഡിയാണെന്ന് മനസ്സിലായി. തള്ളവിരലില്‍ റിസീവര്‍ തൂക്കിപ്പിടിച്ച് ചെവിയില്‍ വച്ചു. (ഈ തള്ളവിരല്‍ കൊണ്ട് അല്ലാഹു എല്ലാം ചെയ്യിക്കുന്നു).

ഫോണിന്റെ അപ്പുറത്ത് സ്ത്രീശബ്ദമാണ്. “കുഞ്ഞബ്ദുള്ളയുടെ വീടാണോ?” “അതേ, കുഞ്ഞബ്ദുള്ളയാണ് സംസാരിക്കുന്നത്.” “ഇത് മാനന്തവാടിയില്‍ ഡോ. എ.കെ.അബ്ദുല്‍മജീദിന്റെ ഭാര്യയാണ്.” കൈവിട്ടുപോയ ആരോഗ്യവും വിശുദ്ധ ക്വുര്‍ആന്‍ എന്നില്‍ ചെലുത്തിയ സ്വാധീനവും ഒക്കെ ഉള്‍പ്പെടുത്തി ഞാനെഴുതിയ കത്ത് വായിച്ചു സമാധാനം ലഭിച്ച അവര്‍ എനിക്ക് മുമ്പില്‍ അവരുടെ മനസ്സ് തുറക്കുകയാണ്.

എം.ബി.ബി.എസ് പാസായതിനുശേഷം ഡോ. മജീദ് മൂന്നു വര്‍ഷം മാനന്തവാടിയില്‍ ജോലിചെയ്യവേ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (ജീവിക്കുന്ന ഐന്‍സ്റ്റീന്‍ എന്നറിയപ്പെടുന്ന സ്റ്റീഫന്‍ ഹോക്കിങിന്റെ അതേരോഗം) പിടിപെട്ടു. സംസാരശേഷി നഷ്ടപ്പെട്ടു. നാഡീവ്യൂഹം ആകെത്തകര്‍ന്ന് ആഹാരംപോലും കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. രണ്ട് ചെറിയ ദോശ കഴിക്കാന്‍ ഒന്നര മണിക്കൂറിലധികം സമയമെടുക്കും. എല്ലാറ്റിനും ആള്‍സഹായം, എന്നെപ്പോലെ. അരമണിക്കൂര്‍ അവര്‍ എന്നോട് സംസാരിച്ചു. എക്സ്റ്റന്‍ഷന്‍ ഫോണില്‍ ഡോക്ടര്‍ ഇതെല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. തീര്‍ച്ചയായും എന്നെ നേരില്‍ക്കാണാന്‍ വരുമെന്ന് പറഞ്ഞുകൊണ്ടാണ് ഫോണ്‍ വെച്ചത്. പരസഹായമില്ലാതെ സംസാരിക്കുവാനും ആഹാരം സുഗമമായി ചവച്ചിറക്കാനും കഴിവിനെക്കുറിച്ച് ഓര്‍ക്കുവാനും അങ്ങനെ റബ്ബിനെ കൂടുതല്‍ സ്മരിക്കുവാനും ഡോക്ടറുടെ രോഗാവസ്ഥ സഹായിച്ചു.

‘ക്വുര്‍ആന്റെ തണലില്‍’ ദിവസേന വായിച്ചുപോകുമ്പോള്‍ പ്രതിസന്ധികളെ പ്രതീക്ഷയോടെ തരണം ചെയ്യുവാനുള്ള മനക്കരുത്തും എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുവാനുള്ള ആത്മധൈര്യവും ലഭിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ രോഗങ്ങള്‍ക്കും പരീക്ഷണത്തിന്റെ തീച്ചൂളയില്‍ അകപ്പെട്ടവര്‍ക്കും ശമനൗഷധമാണ് ‘ക്വുര്‍ആന്റെ തണലില്‍’. സുദീര്‍ഘമായ പരീക്ഷണങ്ങളെ തുടര്‍ന്ന് പ്രവാചകന്‍മാര്‍ നിരാശരാവുമ്പോള്‍, അല്ലാഹുവിന്റെ നടപടിക്രമം ഓര്‍മിപ്പിച്ചുകൊണ്ടും പ്രതീക്ഷിക്കപ്പെടുന്ന മോചനമാര്‍ഗത്തെക്കുറിച്ച് പ്രത്യാശയുടെ വെള്ളിരേഖകള്‍ കാണിച്ചുകൊണ്ടുമുള്ള ദൈവികരീതിയാണിത്. അത്തരം ഒരു സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുകയും ആ അന്തരീക്ഷത്തില്‍ ജീവവായു ശ്വസിക്കുകയും ചെയ്യുമ്പോള്‍ വിശ്വാസിയുടെ ഹൃദയംപോലും ഉപേക്ഷിച്ചുപോയേക്കാവുന്നതാണ് അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും പ്രത്യാശയും! എന്നാല്‍ പരിശുദ്ധ ക്വുര്‍ആനിന്റെ ഉദ്‌ബോധനം വരുന്നതോടെ ദൈവികചര്യ ഓര്‍മവരുകയും അകലെ പ്രത്യാശയുടെ രജതരേഖ തെളിയുകയും ചെയ്യും. യൂസുഫ് നബിയുടെ ചരിത്രം ‘ക്വുര്‍ആനന്റെ തണലില്‍’ വിവരിക്കുന്നത് എത്ര ഹൃദ്യമാണ്, മനോഹരമാണ്! ഈ പുസ്തകമെത്തിച്ചുതന്ന നിങ്ങള്‍ക്കും കുടുംബത്തിനും അല്ലാഹുവിന്റെ അണമുറിയാത്ത കാരുണ്യവും സ്‌നേഹവും സദാ വര്‍ഷിക്കുമാറാകട്ടെ എന്ന് ഉള്ളറിഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു.

നാലു മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിക്കുക, ILC കൈയില്‍ ഗ്ലൗസിട്ട് മലദ്വാരത്തിനുള്ളില്‍ Dulcolax Suppositer വെക്കുക. ജനനേന്ദ്രിയത്തില്‍ യൂറിന്‍ബാഗ് കണക്ട് ചെയ്തിട്ടുള്ള കോണ്ടം അതീവ ശ്രദ്ധയുപയോഗിച്ച് കോട്ടണ്‍ കയറുകൊണ്ട് കെട്ടുക. എന്തിനും ഏതിനും പരസഹായം തേടുന്ന എന്റെ ഈ അവസ്ഥയില്‍ ഭാര്യക്കല്ലാതെ മറ്റാര്‍ക്കും ഈ മൂന്ന് ജോലികളും, പ്രത്യേകിച്ചും സപ്പോസിറ്റര്‍ വെക്കുന്നത് ഇത്ര പെര്‍ഫെക്റ്റ് ആയിട്ട്, ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ, ഉത്തരവാദിത്തത്തോടെ (അല്ലാഹുവിനെ) ഭയന്ന് ചെയ്യുവാന്‍ ആവില്ല. ഒരുനേരം പോലും വിശ്രമമില്ലാതെ, സഹായിക്കാനാളില്ലാതെ കഴിഞ്ഞ പത്തു വര്‍ഷമായി എന്റെ കൈയും കാലും ചലനസ്വാതന്ത്ര്യവുമെല്ലാമായ ഭാര്യ എന്നെ പരിചരിക്കുന്നു. രാത്രിയുടെ നിശബ്ദതയില്‍ ഞാന്‍ റബ്ബിനോട് കേഴും: തമ്പുരാനേ, ജീവിതാന്ത്യം വരെ അവളെ എന്റെ കൂടെ നിര്‍ത്തണേ, നാളെ സ്വര്‍ഗത്തില്‍ തുണയായി അവളെത്തന്നെ തരണേ എന്ന്. ദുആ ചെയ്യുക.

ഷഹീറിന്റെ കാര്യത്തില്‍ എനിക്കും ഭാര്യക്കും ടെന്‍ഷനുണ്ട്. ഇയര്‍ ഔട്ട് ആകുമോ എന്ന്. മൂന്നു പേപ്പര്‍ ബാക്കിയടക്കം 11 പേപ്പറില്‍ 10 എണ്ണമേ അവനെഴുതിയിട്ടുള്ളൂ. ഏഴു പേപ്പര്‍ കിട്ടിയില്ലെങ്കില്‍ ഔട്ടാകും. നന്നായെഴുതിയെങ്കിലും അവന് ആശങ്കയുണ്ട്. ഏഴു പേപ്പറെങ്കിലും കിട്ടുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം.

പിന്നെ കച്ചവടമൊക്കെ എങ്ങനെ പോകുന്നു? നല്ല നിലയില്‍ മുന്നോട്ടുപോകുവാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ഭാര്യാസന്താനങ്ങളെ അല്ലാഹു കണ്‍കുളിര്‍ക്കെ കാട്ടിത്തരട്ടെ. അവന്റെ ഇഷ്ടവും സ്വര്‍ഗവും ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

സ്‌നേഹിക്കുവാനും പരിചരിക്കുവാനും മാത്രമറിയുന്ന എന്റെ സഹധര്‍മിണിക്കുവേണ്ടി ദുആ ചെയ്യണമെന്ന അപേക്ഷയോടെ.

No comments yet.

Leave a comment

Your email address will not be published.