സാന്ത്വനത്തിന്റെ സ്പര്‍ശം
പ്രിയപ്പെട്ട ഉമ്മര്‍ക്കാ,
അല്ലാഹുവിന്റെ മഹാപരീക്ഷണം പതിമൂന്നു വര്‍ഷത്തോടടുക്കുകയാണ്. കഴുത്തിന് കീഴ്പ്പോട്ട് മരിച്ച ശരീരവുമായി വേദന കടിച്ചുപിടിച്ചുകൊണ്ട് കിടക്കയില്‍ 13 വര്‍ഷങ്ങള്‍.
രണ്ടു വര്‍ഷം മുമ്പ് എന്റെ ശബ്ദം തീരെ നിന്നുപോയി. എന്തിനും ഏതിനും പരസഹായം വേണ്ടുന്ന ഈ അവസ്ഥയില്‍ എന്റെ കൈയും കാലും ചലനസ്വാതന്ത്ര്യവുമെല്ലാമായ ഭാര്യയെ യൂറിന്‍ ബോട്ടില്വെക്കാനും വെള്ളം കുടിപ്പിച്ചുതരുവാനും ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കണം. ശബ്ദം നിലച്ചുപോയപ്പോള്‍ ഞാന്‍ ആകെ ഭയന്നു കഷ്ടപ്പെട്ടു. കൈകാലുകളെ തളര്‍ത്തിയതുപോലെ എന്റെ ശബ്ദവും തളര്‍ത്തല്ലേ. മങ്ങാത്ത പ്രതീക്ഷയോടെ റബ്ബിനോട് കേണു. കൂരാക്കൂരിരുട്ടിലും കറുത്ത പാറയിലിരിക്കും കറുത്ത ഉറുമ്പിനെപ്പോലും കാണുന്ന പരമകാരുണികന് എന്റെ പ്രാര്‍ത്ഥന കേട്ടു. ശബ്ദം പതിയെ തിരിച്ചുകിട്ടി. ഇപ്പോഴുള്ള ഈ ആരോഗ്യാവസ്ഥ അങ്ങോളം നിലനിര്‍ത്തിത്തരുവാന്‍ നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുക.
13 വര്‍ഷത്തിനിടയ്ക്ക് ധാരാളം പുസ്തകങ്ങള്‍ വായിച്ചുപോയിരിക്കുന്നു. ‘ദാനധര്‍മങ്ങള്‍’ അതില്‍ നിന്നെല്ലാം അവതരണശൈലി കൊണ്ടും ലാളിത്യം കൊണ്ടും വേറിട്ടിരിക്കുന്നു. സാധാരണക്കാര്‍ക്കു വാര്‍ത്ത വായിച്ചു പഠിച്ചു മനസ്സിലാക്കുവാന്‍ ജീവിതത്തില്‍ താങ്കളുടെ ആ പുസ്തകം ഉപകരിക്കും. തീര്‍ച്ച. പത്തു കോപ്പിയുടെ രൂപ ഇതിലുണ്ട്. 20 കോപ്പി കൂടെ ഉടനെ കൊടുത്തയക്കുക. എല്ലാ ജില്ലകളിലുമുള്ള എന്റെ സുഹൃത്തുക്കള്‍ വഴി വില്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പ്രാര്‍ത്ഥിക്കുക.
അന്ത്യപ്രവാചകന്റെ (സ) ചര്യകള്‍ തെറ്റുകൂടാതെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.
പ്രതിസന്ധികളെ പ്രതീക്ഷയോടെ തരണം ചെയ്യാന്‍ മനക്കരുത്ത് പ്രദാനം ചെയ്യുന്ന പ്രപഞ്ചനാഥനെ സ്തുതിച്ചുകൊണ്ട് പ്രിയപ്പെട്ട ഉമ്മര്‍ക്കാ, നിങ്ങള്‍ക്കും കുടുംബത്തിനും ദൈവകാരുണ്യവും ദൈവാനുഗ്രഹവുമുണ്ടാകട്ടെ.
19-9ന് എഴുതിയ എഴുത്ത് ഇന്നലെയാണ് കിട്ടിയത്. വീല്‍ചെയറില്‍ ഇരിക്കുന്ന എന്റെയടുത്ത് വന്ന് ചലനമറ്റ കൈവിരലുകളില്‍ പിടിച്ച് ‘ബാപ്പ, ഞാന്‍ പോകട്ടെ, എന്ന് എന്റെ മോന് എന്നോട് യാത്ര ചോദിച്ചപ്പോള്‍ അണപൊട്ടി ഒഴുകിയിരുന്ന ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് എന്റെ തളര്‍ന്ന കൈ അവന്റെ ചുമലില്‍ തട്ടി, മോന് നന്നായി പഠിച്ചുവാ’ എന്നു പറഞ്ഞു. ബാഗും പെട്ടിയുമൊക്കെ എടുത്ത് ജ്യേഷ്ഠന്റെ കൂടെ വണ്ടിയില്‍ കയറിപ്പോകുന്നത് കണ്ണില്‍നിന്ന് മറയുന്നതുവരെ നോക്കിനിന്നു.
അന്നു രാത്രി എന്റെ മനസ്സ് കടിഞ്ഞാണില്ലാതെ പിറകോട്ട് പാഞ്ഞു. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് എം.ഇ.എസ്.ആര്.ആര് സ്കൂളില്‍ ഇന്ന് ചലനമറ്റ കാലുകൊണ്ട് നടന്ന്, കൈപിടിച്ചു നടന്ന് വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങിച്ചുകൊടുത്തു ഹോസ്റ്റലില്‍ കൊണ്ടാക്കി. ‘ആപ്പാ’എന്നുവിളിച്ചുകൊണ്ട് എന്റെ പിറകെ വന്നു. വാര്ഡന് വന്ന് അവനെ പിടിച്ചുകൊണ്ടു പോകുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞു. അന്ന് കരഞ്ഞത് മനസ്സിനകത്തു നിന്നായിരുന്നില്ല. ഇന്നെന്റെ മോന് പടിയിറങ്ങുമ്പോള്‍ അവന്റെ കൈ പിടിച്ചുനടക്കുവാന് കഴിവില്ലെന്നോര്‍ത്ത് ചുടുകണ്ണീര് ധാരധാരയായി ഒഴുകുകയായിരുന്നു. അവന്റെ മനസ്സിലെ തീ ഇതിലും എത്രയോ ഇരട്ടിയായിരിക്കും. അല്ലാഹുവില്‍ത്തന്നെ ശരണം. പടച്ചവന്റെ കാരുണ്യത്തെയും സ്നേഹത്തെയുംപറ്റി അളവറ്റ പ്രതീക്ഷ പുലര്‍ത്തുന്നവനെങ്കിലും ഞാന്‍ പലപ്പോഴും ഇതെന്ത് ജീവിതം? ഇത് എന്നാണ് ഒടുങ്ങുന്നത്? ഇങ്ങനെയും മനുഷ്യരെ പരീക്ഷിക്കുമോ? സ്വര്‍ഗം, നരകം ഇത്യാദി ഉണ്ടോ? തുടങ്ങി അനാവശ്യചോദ്യങ്ങളും ചിന്തകളുമായി വെറിപിടിച്ച മനസ്സും പേറി, തിരയടങ്ങാത്ത മനസ്സുമായി കഴിയുമ്പോള്‍ വന്ന താങ്കളുടെ കത്ത് ഈയുള്ളവന് ലഭിച്ചിട്ടുള്ള എല്ലാ കത്തുകളുടെയും രാജാവാകുന്നു.
പരുക്കന്‍ പ്രതലങ്ങളില്‍ തട്ടിയമര്‍ന്ന് ഞെരിയുന്ന ജീവിതയാഥാര്ത്ഥ്യങ്ങളില്പ്പെടുമ്പോള് ദുര്‍ഘട, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അതിജീവനത്തിന്റെ പ്രവാചകവചനങ്ങള്‍ എറിഞ്ഞുതന്ന് എന്നെ ചിന്തിപ്പിക്കുകയും മനസ്സിനെ എങ്ങനെ സംസ്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യാമെന്ന് വെളിപ്പെടുത്തിത്തരുകയും ചെയ്തതോടൊപ്പം താങ്കളില്‍നിന്ന് പ്രവഹിക്കുന്ന വരികള്‍ ദുഃഖദുരിതയാതനകളില് എരിപൊരി കൊള്ളുന്ന ഈ അവസരത്തില്‍ മനസ്സിനെ ശാന്തമാക്കുന്നതായിരുന്നു. (അല്ലാഹു ഒരായിരം അനുഗ്രഹങ്ങള്‍ നിങ്ങളുടെയും കുടുംബത്തിന്റെയും മേല്‍ ചൊരിയട്ടെ.)
10 വര്‍ഷത്തെ കോഴിക്കോട്ടെ വ്യാപാരജീവിതത്തിനിടയില് ധാരാളം പേരെ പരിചയപ്പെടാനും (തങ്ങളുമാരുള്പ്പെടെ) അടുത്തിടപെടുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അവര്ക്കൊന്നുമില്ലാത്തത് താങ്കള്‍ക്കുണ്ട്. അത് മാതൃകാപരമാണ്. തഖ്വയിലധിഷ്ഠിതമാണ്. അല്ലാഹു പൂര്‍ണാര്‍ത്ഥത്തില്‍ അടുക്കുമ്പോള്‍ കൈവരുന്ന പ്രകാശമാണ്.
ഇന്ന് ഞാന്‍ താങ്കളുടെ പരിപക്വമായ ശാന്തിയിലേക്കും ക്ഷമയിലേക്കും പ്രതീക്ഷയിലേക്കും എന്റെ മനസ്സിനെയും കൂട്ടിക്കെട്ടി, ആത്മാവിന്റെ വെളിച്ചത്തിലേക്ക്, തിരിച്ചറിവുകളിലേക്ക് എന്റെ മനസ്സിന്റെ ജാലകം തുറക്കുന്നു. അവിടെ ഞാനും കാണുന്നു, അല്ലാഹുവിന്റെ തണല്‍ ലഭ്യമാവാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുന്നു. കാരുണ്യവാനായ റബ്ബിന്റെ തണല്‍ നമുക്കേവര്‍ക്കും ലഭ്യമാവട്ടെ (ആമീന്‍).
കരഞ്ഞ കണ്ണുകളും കരുവാളിച്ച മുഖവുമായി ഇത്രയധികം മനസ്സിടുങ്ങി എന്നെ ഭാര്യ മുമ്പെങ്ങളും കണ്ടിരുന്നില്ല. എന്റെടുത്ത് ഇരുന്ന് അവളെന്നോട് ചോദിച്ചു: “എന്താണ് മനസ്സിനിത്ര വിഷമം?” മറുപടി പറയാന്‍ വിഷമിക്കുമ്പോഴാണ് എന്റെ രണ്ടാമത്തെ മകന് നിങ്ങളുടെ എഴുത്ത് കൊണ്ടുത്തരുന്നത്. ഞാന്‍ വായിക്കുമ്പോള്‍ ഭാര്യ എന്നോട് പറഞ്ഞു, ഉറക്കെ വായിക്കുവാന്‍. വേദനാസ്വരത്തില് വായിച്ചുകഴിഞ്ഞ് ഞാന്‍ അവളുടെ മുഖത്തു നോക്കിയപ്പോള്‍ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നതാണ് കണ്ടത്. വിതുമ്പിക്കൊണ്ട് അവള് പറഞ്ഞു:
“തമ്പുരാനേ, ഈ മഹാമനസ്സിനുടമയ്ക്ക് ദുനിയാവിലും ആഖിറത്തിലും നന്മ ചൊരിയണേ, നാഥാ! ‘എന്നെ’പ്പോലുള്ളവരെ സാന്ത്വനിപ്പിക്കുവാനും കണ്ണുനീരൊപ്പുവാനും ദുഃഖങ്ങള്‍ പങ്കിടുവാനും സഹായിക്കുവാനും സന്ദര്‍ശിക്കുവാനും സന്നദ്ധനാവുന്നതിന് അര്‍ഹമായ പ്രതിഫലം നീ നല്കേണമേ?”
പ്രാര്‍ത്ഥനകളില്‍ ഞാനറിയാതെ ആദ്യം കടന്നുവരുന്നത് ഇത്തരമൊരവസ്ഥ ആര്‍ക്കും കൊടുക്കരുതേ എന്നാണ്.
മൂസാ നബിയോട് ഫറോവയുടെ മഹാസാമ്രാജ്യവുമായി ഏറ്റുമുട്ടാന്‍ അല്ലാഹു കല്പിച്ചപ്പോള് അദ്ദേഹം പറഞ്ഞു: “നാഥാ അവര്‍ തള്ളിക്കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എന്റെ മനസ്സിടുങ്ങിപ്പോകുന്നു.” ഈ സന്ദര്‍ഭത്തില്‍ മൂസാ (അ) പ്രാര്‍ത്ഥിച്ചു: “നാഥാ എന്റെ മാറിടം വിശാലമാക്കിത്തരണമേ, എന്റെ ദൗത്യം എളുപ്പമാക്കിത്തരണമേ…”
ഇരുപത്തിയെട്ടും മുപ്പതും വര്‍ഷം പിന്നിട്ട എന്നെപ്പോലുള്ളവരെ പരിചയപ്പെടുമ്പോള്‍ എന്റെ മനസ്സിടറിപ്പോകുന്നതായി ഞാന്‍ ഭയപ്പെടുന്നു. വരാന്‍ പോകുന്ന Pressure sore നെക്കുറിച്ചുള്ള ചിന്ത മനസ്സിലേക്കു കടന്നുവരുമ്പോഴൊക്കെ (ഈയടുത്ത് മേപ്പയ്യൂര്‍ ഒരു Quadriplegia പേഷ്യന്റിന്റെ മരണം അതിദാരുണമായിരുന്നു. കിടക്കപ്പുണ്ണു പിടിച്ച് അദ്ദേഹത്തിന്റെ ശരീരമാസകലം പൊട്ടിയൊലിച്ച് മെഡിക്കല്‍ കോളേജില്‍നിന്ന് തിരിച്ചയച്ച ശരീരം പുഴു നിറഞ്ഞിരുന്നു. ആ രോഗിയുടെ അന്ത്യരംഗം കണ്ടുനില്ക്കാന് കഴിയാത്തതായിരുന്നു. ആ വീട്ടിലേക്ക് പോകുന്നവരൊക്കെ മൂക്കുപൊത്തുമായിരുന്നു.)
ഞാന്‍ ഉള്ളുരുകി, ഉള്ളുലഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. റബ്ബുല്‍ ആലമീനായ തമ്പുരാനേ, എന്റെ മാറിടം വിശാലമാക്കിത്തരണമേ, എന്റെ ദൗത്യം എളുപ്പമാക്കിത്തരണമേ.
അല്ലാഹുവിനോട് എന്റെ ഭയാശങ്കകള്‍ നീക്കിത്തരുവാനും പ്രതികൂല ചിന്തകള്‍കൊണ്ട് മനസ്സ് നിറയ്ക്കാതെ അനുകൂലമായ ചിന്തകള്കൊണ്ടുമാത്രം മനസ്സിന്റെശ്രദ്ധ തിരിച്ചുവിടുവാനും ഞങ്ങള്‍ രണ്ടുപേര്‍ക്കും, പ്രത്യേകിച്ച് ഭാര്യക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം.
അല്ലാഹുവിന്റെ എല്ലാ പരീക്ഷണങ്ങളിലും പൂര്‍ണവിജയം കൈവരിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മെയും കുടുംബത്തെയും ഉള്‍പ്പെടുത്തുമാറാകട്ടെ. (ആമീന്‍)
ഇനിയും സുദീര്‍ഘമായി എഴുതുക.
സുഖത്തിനും ഐശ്വര്യത്തിനുമായി പ്രാര്‍ത്ഥിച്ചുകൊണ്ട് കത്ത് ചുരുക്കുന്നു.
No comments yet.