ദൈവവുമായുള്ള ഹൃദയബന്ധം
പ്രിയപ്പെട്ട ഉമ്മര്‍ക്ക,
പരമകാരുണികനായ പ്രപഞ്ചനാഥന്റെ അണമുറിയാത്ത കാരുണ്യവും അനുഗ്രഹവും നിങ്ങള്‍ക്കും കുടുംബത്തിനും മേല്‍ സദാ വര്ഷിക്കുമാറാകട്ടെയെന്നു പ്രാര്‍ത്ഥന.
അങ്ങനെ എന്നെത്തേടി ആ അതിഥി പതിവുപോലെ മൂന്നാം വര്‍ഷവുമെത്തി. മുമ്പ് ഞാനെഴുതിയത് ഓര്‍മയുണ്ടോ? ആവോ. വലിയ കണ്ണുകളുള്ള, തല ഇടത്തോട്ടു സദാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മൂങ്ങപ്പക്ഷി. സന്ധ്യാസമയം മഗ്രിബിനോടനുബന്ധിച്ച് സൂ സൂ എന്ന ചൂളം വിളികേട്ട് ഭാര്യയോട് ഞാന്‍ പറഞ്ഞു. നമ്മുടെ അതിഥിയെ ഒന്ന് എനിക്കു കാണിച്ചുതരാന്‍. വിധിയുടെ ചക്രക്കസേരയില്‍ എന്നെ ഒരാളുടെ സഹായത്തോടെ അവള് ഇരുത്തി, വീല്‍ചെയര്‍ തള്ളി മുറ്റത്തേക്കിറക്കി. ജനലിനുമുകളില് കൂടുപോലെ സൗകര്യമുളള സ്ഥലത്ത് രണ്ടു വലിയ മൂങ്ങകള്‍ കുഞ്ഞിനു കാവല്നില്ക്കുന്നു. മനോഹരവും അത്ഭുതവുമുള്ളവയുമായ അവയുടെ തലയും കണ്ണുകളും. കാക്കകള്‍ ഇവയെ സദാ ശല്യം ചെയ്തുകൊണ്ടിരിക്കും. കാക്കകള്‍ ഇവയെ കൊത്തി വിധിയുടെ കിടക്കയില്‍ കമഴ്ന്നു കിടന്ന് കാണത്തക്കവിധത്തില്‍ ജനാലയിലൂടെ ഞാന്‍ നോക്കിക്കാണുന്ന മരത്തില്‍ ചെന്നുകൊണ്ടാക്കും. കുഞ്ഞു വലുതായാല്‍ അവ തിരിച്ചുപോകും. ഇത്ര കൃത്യമായി വര്‍ഷാവര്‍ഷം ഈ മൂങ്ങകള്‍ക്ക് ഈ കഴുത്തിനു കീഴെ പൂര്‍ണമായും തളര്ന്നവന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നവനാരാണ്? ഈ അപൂര്‍വകാഴ്ച എന്നെപ്പോലുള്ള ഒരുവന് കാണാന്‍ കഴിയുമോ? ആര്‍ക്കും കാണാന്‍ കഴിയും, ഈ മഹാപ്രപഞ്ചത്തിലെ ജീവജാലങ്ങളെയൊക്കെ തീറ്റിപ്പോറ്റുന്നവന്റെ സമക്ഷത്തിലുള്ളതില് മനസ്സും ദൃഷ്ടിയുമര്പ്പിച്ച് പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് നോക്കുന്ന ഏതൊരാള്‍ക്കും പടച്ചതമ്പുരാനെ കാണാം. അല്ലാഹുവുമായി ഹൃദയം ബന്ധിതമാകുമ്പോള്‍ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങള്‍ക്കൊപ്പം ഒരു ‘അശു’ ആയിത്തീരുന്നു! ക്വുര്‍ആനിന്റെ തണലില്‍ അയച്ചുതന്നതിന് ഇരുലോകത്തും നിങ്ങള്‍ക്കും കുടുംബത്തിനും എടുത്താല്‍ പൊന്താത്ത പ്രതിഫലം നല്കട്ടെയെന്ന് ഉള്ളറിഞ്ഞു പ്രാര്‍ത്ഥിക്കുന്നു.
അഞ്ചുനേരം കൃത്യമായി നമസ്കരിക്കുകയും സുന്നത്തും ഹജ്ജും ചെയ്തവരുമായ ആളുകള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ രോഗംകൊണ്ടും പ്രായം കൊണ്ടും അല്ലാഹു പരീക്ഷിക്കുമ്പോള്‍ സിദ്ധന്മാരുടെയും സ്വാമിമാരുടെയും അടുത്തുപോകുന്ന കാഴ്ച എന്നെ വേദനിപ്പിക്കുകയാണ്. വളരെ കൃത്യമായി നമസ്കരിക്കുകയും പടച്ചവനെ ഭയക്കുകയും ചെയ്യുന്ന ഒരു വ്യക്തി – എനിക്കദ്ദേഹത്തെ കുഞ്ഞുന്നാളിലേ അറിയാം – അദ്ദേഹം ഇടയ്ക്കിടെ എന്നെ സന്ദര്‍ശിക്കാറുണ്ട്. ഈയിടെ സന്ദര്നവേളയിലെന്നോട് ദുഃഖം കനത്ത മുഖത്തോടെ ചോദിച്ചു: “എണീറ്റ് നടക്കാന്‍ കഴിയില്ലേ?” ഞാന്‍ പറഞ്ഞു: “ജീവിതത്തിലൊരിക്കലും കഴിയില്ല. ലോകത്തൊരിടത്തും ഈ രോഗത്തിന് ചികിത്സയില്ല.” മനസ്സ് തളരാതെയുള്ള മറുപടികേട്ട് എന്നോടദ്ദേഹം പറഞ്ഞു: “മുത്തുപേട്ട(തമിഴ്നാട്)യില്‍ പോയി ഒന്നു പ്രാര്ത്ഥിച്ചുനോക്കുക.” എന്റെ ചെറിയ അറിവ് വച്ച് ഞാനദ്ദേഹത്തോട് ഇസ്ലാമിലെ ഏകദൈവത്തെക്കുറിച്ചും അഞ്ചുനേരം നമസ്കാരത്തെക്കുറിച്ചും പ്രത്യേകം എടുത്തുപറഞ്ഞുകൊടുത്തു. അദ്ദേഹം വളരെ സംതൃപ്തനായാണ് മടങ്ങിപ്പോയത്.
മറ്റൊരു സംഭവം നോക്കുക. കുറച്ചുദിവസം മുമ്പ് രാവിലെ ഭാര്യയുടെ ഉമ്മയുടെ അനിയത്തിയുടെ ഫോണ്‍, ഉടനെത്തന്നെ ഭാര്യയുടെ വീട്ടിലെത്താന്‍. ഉമ്മയ്ക്ക് വല്ല അസുഖവും പറ്റിയോ എന്നു കരുതി ഭാര്യ ഉടനെ ബേജാറായി അവളുടെ ഉമ്മയെ വിളിച്ചു. എന്തുവിശേഷം എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ത്തന്നെ വരണമെന്ന് പറഞ്ഞു. എന്തിനാണെന്ന് ഞാന്‍ ഭാര്യയോട് തിരക്കി. അവള് വ്യക്തമായ മറുപടി പറഞ്ഞില്ല. എന്നെയും തനിച്ചാക്കി എന്തിനാണെന്ന് ഞാന്‍ വീണ്ടും തിരക്കി. ഒടുവില്‍ ഭാര്യ സത്യം പറഞ്ഞു. മേപ്പയ്യൂരിലുള്ള ഒരു സിദ്ധന്റെ (മൊല്ലാന്) അടുക്കല്‍ ഉമ്മയുടെ അനുയത്തിയുടെ കൂടെ പോകാനാണ്. എന്റെ അളിയന് മാസ്റ്റര്‍ക്ക് 29 വയസ്സായിട്ടും പെണ്ണ് ശരിയാകുന്നില്ല. പിന്നെ എന്റെ അവസ്ഥയ്ക്ക് കാരണവും മൂത്ത അളിയന്റെ ഭാര്യ പിണങ്ങി നില്ക്കുന്നതും – ഇതിന്റെയൊക്കെ കാരണം സിദ്ധനോട് ആരായാന്‍. ഞാനാകെ ചൂടായി, നിങ്ങളയച്ച കത്തുകളൊക്കെ കാണിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുത്തു. അല്‍ഹജ്ജ് 73, അന്കബൂത്ത് 41 എന്നീ വചനങ്ങളുടെ അര്‍ത്ഥവും ഭാര്യയെ ധരിപ്പിച്ചു. അവസാനം അവള് തന്നെ ഉമ്മയെ വിളിച്ച് ഈ കാര്യത്തിന് വരില്ലെന്നു തറപ്പിച്ചു പറഞ്ഞു. നിധിപോലെ ഇന്നും ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ കത്തുകള്‍ ഇടയ്ക്ക് മറിച്ചുനോക്കും, ഈമാന്‍ (വിശ്വാസം) ഉറപ്പിക്കാന്‍, അല്ലാഹുവില്‍ ഭരമേല്പ്പിക്കാന് ആ എഴുത്തുകള്‍ എന്നെ സഹായിക്കുന്നു. അല്ലാഹു നാളെ പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ.
എന്റെ അനുജന് മാസ്റ്ററുടെ കൂടെ ഒരു യുവസുഹൃത്ത് വന്നു പരിചയപ്പെട്ടു. ജ്യോത്സ്യത്തിന്റെ പണിയാണെന്ന് പറഞ്ഞു. ജ്യോത്സ്യത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും എല്ലാം തന്നെ സ്ഥിരമായി ജ്യോത്സ്യന്മാരെ കാണാറുണ്ടായിരുന്നുവത്രെ! സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റു മരിക്കുമെന്ന് എന്തുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ജ്യോത്സ്യന് പറയാനായില്ല? അവന് ഉത്തരം മുട്ടി. അവസാനം അവനെന്നോട് പറഞ്ഞു. എന്റെ കസ്റ്റമര്‍മാരില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്ന്. മൊല്ലാക്കമാരുമായി ബന്ധമുണ്ടെന്നും ഗര്‍ഭിണിയായ മുസ്ലിം യുവതിയുടെ ബാധ ഒഴിപ്പിച്ച് സുഖപ്പെടുത്തിയതും മറ്റുമൊക്കെ. വടകര താഴെ അങ്ങാടിയില്‍ അവന് ധാരാളം മുസ്ലിം കസ്റ്റമേഴ്സ് ഉണ്ട്. അത്ഭുതകഥകള്‍ പ്രചരിപ്പിച്ച് ആളുകളെ സിദ്ധന്മാരിലേക്ക് ആകര്‍ഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്? പണ്ഡിതന്മാര് ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണ്?
സിദ്ധന്മാരുടെ അടുത്തുപോയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ചും ക്വുര്‍ആനിലൂടെ പുഞ്ചിരിച്ചുകൊണ്ട് ഒരെഴുത്തു പ്രതീക്ഷിക്കുന്നു.
No comments yet.