പരീക്ഷണത്തെ അതിജീവിക്കുമ്പോള്‍
മഹാപരീക്ഷണത്തിലകപ്പെട്ട്, തല പറയുന്നത് അനുസരിക്കാത്ത ശരീരവുമായി അനുഭവിച്ച കഷ്ടപ്പാടുകള്‍, അനുഭവിക്കുന്ന വേദനകള്‍ എഴുതുന്നില്ല. എഴുതിയാല്‍ തീരുകയുമില്ല. ആധുനിക വൈദ്യശാസ്ത്രവും ഔഷധങ്ങളും എന്റെ തളര്‍ച്ച മാറ്റുന്നതുപോയിട്ട്, ഒരു ചെറുവിരല്‍ അനക്കിത്തരുന്നതിനുപോലും തീര്‍ത്തും പരാജയപ്പെട്ടപ്പോള്‍ ഞാന്‍ മനഃശാന്തി കണ്ടെത്തിയത് വിജ്ഞാന മഹാസാഗരമായ വിശുദ്ധ ക്വുര്‍ആനിലാണ്. ജീവിതയാത്രയിലേറെ ശക്തമായ തിരിച്ചടിയേറ്റ് ദിശാബോധം നഷ്ടപ്പെട്ട എന്നെ നേരായ പാതയിലേക്കു നയിച്ചത് ശാന്തിപാത്രമായ ക്വുര്‍ആനാണ്.
പിന്നെ പുസ്തകങ്ങളിലേക്ക് ഊര്‍ന്നിറങ്ങി. ജീവിതം പാഴാക്കിക്കളയാനുള്ളതല്ലെന്ന് എന്നെ പഠിപ്പിച്ചത് പുസ്തകങ്ങളാണ്. വൈകല്യം ഒന്നിന്റെയും അവസാനവാക്കല്ല. ഉയരങ്ങള്‍ കീഴടക്കാന്‍ ദൈവം നല്‍കുന്ന പരീക്ഷണമായി മാത്രമേ ഈ പരിമിതിയെ ഞാന്‍ കാണുന്നുള്ളൂ. പാഴാക്കുന്ന ഓരോ മിനിറ്റിനും കണക്കുബോധിപ്പിക്കാനിരിക്കെ വൈകല്യങ്ങളെ പരിമിതിയായി കാണാതെ, തളര്‍ന്ന ശരീരത്തിലെ ഇനിയും തളര്‍ന്നിട്ടില്ലാത്ത തലച്ചോറുപയോഗിച്ച്, വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് പറമ്പിലെ കൃഷിപ്പണികള്‍, തേങ്ങാക്കച്ചവടം, പുല്ലുകച്ചവടം എന്നിവയൊക്കെ ചെയ്യുന്നു. മഹാദുരിതങ്ങളുടെ നടുക്കയത്തിലൂടെ നീന്തുമ്പോഴും അവശതയിലും രോഗത്തിലും കണ്ണുംനട്ട് ഇതികര്‍ത്തവ്യതാമൂഢനായിരിക്കാതെ, മുമ്പിലുള്ള കര്‍ത്തവ്യത്തില്‍മാത്രം ശ്രദ്ധയൂന്നിക്കൊണ്ട് എന്റെ ജീവിതനൗക മുങ്ങാതെ ലക്ഷ്യത്തിലേക്ക് തുഴഞ്ഞുനീങ്ങാന്‍ കഴിയുന്നത് ദൈവം കനിഞ്ഞരുളി നല്‍കിയ ഈ മനക്കരുത്തുകൊണ്ടാണ്. സര്‍വസ്തുതിയും ദൈവത്തിനാകുന്നു.
എന്റെ അസുഖത്തെപ്പറ്റി ശരിക്കും ഞാന്‍ പഠിച്ചുകഴിഞ്ഞു; എങ്ങനെ ജീവിക്കണമെന്നും.
Traumatic tetraplegia c6 complete. ജീവിതാവസാനം വരെ എന്തിനും ഏതിനും പരസഹായമില്ലാതെ കഴിയാന്‍ പറ്റാത്ത അവസ്ഥ. ഇതു ദൈവം എനിക്കു നല്‍കിയ പരീക്ഷണം, അല്ലെങ്കില്‍ ശിക്ഷ എന്നു പറയാം.
വിശ്വമഹാകവി ഷേക്‌സ്പിയറുടെ പ്രസിദ്ധമായ നാടകത്തില്‍ ഡോക്ടര്‍ ലേഡി മാക്ബത്തിനോടു പറയുന്ന വാക്കുകള്‍ ഞാന്‍ കടമെടുക്കുകയാണ്:
“This disease is beyond my practise…. ‘more needs she the divine than the physician.”
“ഈ രോഗം എന്റെ ചികിത്സയ്ക്ക് അതീതമാണ്; അവള്‍ക്ക് വൈദ്യനേക്കാള്‍ അധികം ദൈവത്തെയാണാവശ്യം.”
സുഷുമ്‌നാനാഡിക്ക് ക്ഷതമേല്‍ക്കുമ്പോള്‍ മലമൂത്രങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവ് തലച്ചോറെന്ന പവര്‍ ഹൗസിന് നഷ്ടപ്പെടുന്നു. Cervical nerves, Thoracic nerves, Lumbar nerves- ഈ മൂന്നു ലെവലുകളില്‍ വരുന്നവര്‍ക്ക് കൈവിരലുകള്‍ ചലിപ്പിക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നു.
ദിവസേന മൂന്നു പത്രങ്ങള്‍ വായിക്കുമ്പോള്‍ ഉറ്റുനോക്കുന്നത് തകര്‍ന്ന ശരീരവും തളരാത്ത തലച്ചോറുമായി ജീവിക്കുന്ന രണ്ട് അതുല്യ പ്രതിഭകളെക്കുറിച്ചാണ്. ഐന്‍സ്റ്റീനുശേഷം ലോകം കണ്ട ഏറ്റവും മികച്ച ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്, സൂപ്പര്‍മാന്‍ സിനിമകളില്‍ പാറിപ്പറുന്ന നടന്ന നടന്‍ ക്രിസ്റ്റഫര്‍ റീവ്.
ലോകോത്തര സ്ഥാപനമായ മിയാമി യൂണിവേഴ്‌സിറ്റിയില്‍ 12 ലാബുകളിലായി സ്‌പൈനല്‍കോര്‍ഡ് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍, സ്‌പൈനല്‍കോര്‍ഡ് പരുക്കുസംബന്ധമായി ഗവേഷണം നടത്തിയ ഡോ. ചാള്‍സ് ടാറ്റര്‍, മോണ്‍ട്രീറ്റ്‌സ് മെഹിലിലെ ഗവേഷകര്‍ ഡോ. ആല്‍ബര്‍ട്ട് ആഗ്‌നാവോ, റോബര്‍ട്ട് ഗില്‍ബ്രെയ്ത്ത് തുടങ്ങിയവര്‍ ഈ രംഗത്ത് അശ്രാന്തപരിശ്രമം നടത്തിയവരാണ്.
ശരീരത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത തലയും വച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനു സുഷുമ്‌നാനാഡീ പരുക്കുകാരുടെ കാര്യത്തില്‍ ഈ ശാസ്ത്രജ്ഞര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഒരു മനുഷ്യന്റെ ശരീരവും മറ്റൊരു മനുഷ്യന്റെ തലയും കൂട്ടിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമായേക്കും. കുരങ്ങന്‍മാരില്‍ പരീക്ഷിച്ചു വിജയിച്ച വിദ്യ മനുഷ്യരിലും പ്രായോഗികമാക്കാന്‍ ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നുണ്ടത്രേ. അമേരിക്കയിലെ പ്രശസ്ത മസ്തിഷ്‌ക ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. റോബര്‍ട്ട് വൈറ്റാണ് ഈ ദൗത്യത്തിന്റെ ഉപജ്ഞാതാവ്. ക്രിസ്റ്റഫര്‍ റീവും സ്റ്റീഫന്‍സുമൊക്കെ അനുഭവിച്ചതിനാല്‍ ഈ രംഗത്ത് കൂടുതല്‍ ഗവേഷണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
കിടക്കയില്‍ കമഴ്ന്നുകിടന്ന് ഇടതുകൈ മുട്ടിലൂന്നി, സ്പര്‍ശനശേഷി പോലുമില്ലാത്ത വലതുകൈവരിലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ചുകൊണ്ട് പേന തിരുകി എഴുതുമ്പോള്‍ കഴുത്തിനു കീഴെ ചലനമറ്റ അവസ്ഥപോലും ഞാന്‍ മറന്നുപോകുന്നു. മനസ്സിന് എന്തെന്നില്ലാത്ത സമാധാനം ലഭിക്കുന്നു. ഒരു വര്‍ഷത്തെ കഠിനമായ പ്രാര്‍ത്ഥനയും പ്രയത്‌നവും വഴിയാണ് വാക്കുകള്‍ വരികളിലാക്കി പ്രതികരിക്കുവാനുള്ള കഴിവ് സര്‍വശക്തന്‍ തന്നത്. ദൈവത്തിനു സ്തുതി.
ഇന്നത്തെ നിലയില്‍ നിന്ന് കൂടുതല്‍ സൗകര്യപ്രദമായ നിലയിലേക്ക് സുഖം തരാനും കൂടുതല്‍ ആത്മവിശ്വാസവും ധൈര്യവും മനക്കരുത്തും പ്രദാനം ചെയ്യാനും, നിഴല്‍പോലെ എന്റെ കൂടെനില്‍ക്കുന്ന ഭാര്യക്ക് എന്നെ ശുശ്രൂഷിക്കുന്നതില്‍ ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യാനും നിങ്ങളും കുടുംബവും പ്രാര്‍ത്ഥിക്കണം.
ആരോഗ്യത്തിന്റെ 80 ശതമാനം അല്ലാഹു നീക്കിക്കളഞ്ഞ എന്റെ കത്തിലെ ന്യൂനതകള്‍ ക്ഷമിക്കുക. രോഗവും പ്രയാസവും ദുഃഖവും ഒന്നുമില്ലാത്ത സ്വര്‍ഗം നല്‍കി അനുഗ്രഹിക്കാനും ഇവിടെ മനസമാധാനവും സ്വസ്ഥതയും നല്‍കി തുണയ്ക്കാനും പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട്….
ഇൻഷാ അല്ലാഹ്. ആമീൻ 🤲