നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 7

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 7
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 7
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 7

Print Now
മതത്തിന്റേതാണ് യുക്തി!

ദൈവത്തെക്കുറിച്ച തെറ്റായ സങ്കല്പങ്ങളും മതത്തിലെ ഏതെങ്കിലുമെല്ലാം തത്വങ്ങളുടെ പൊരുൾ മനസിലാകാത്തതുമൊന്നും ദൈവനിഷേധത്തിനുള്ള  യുക്തിപരമായ  കാരണമാവുകയില്ലെങ്കിലും യുക്തിവാദികളെന്ന് പറയുന്ന ഒരു വിധം എല്ലാവരുടെയും നിരീശ്വരത്വത്തിലേക്കുള്ള വഴി അവയായിരുന്നുവെന്നതാണ് വസ്തുത. ശ്രീനാരായണഗുരുവിന്റെ മരണരംഗം നേരിട്ട് കണ്ടതു കൊണ്ടാണ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള നിരീശ്വരവാദിയായത് എന്ന ചരിത്രം വായിക്കുമ്പോൾ യുക്തിവാദീ നേതാവായിത്തീർന്നയാൾ പോലും യുക്തിപരമായ അപഗ്രഥനം വഴിയല്ല ആ പാത  തെരെഞ്ഞെടുത്തത് എന്ന വസ്തുതയാണ് മനസ്സിലാവുന്നത്. നന്മയുടെ വ്യക്തിത്വമെന്ന് താൻ കരുതിയിരുന്ന ഗുരു പോലും മരണവേളയിൽ വേദനിച്ചു നിലവിളിക്കുന്നുവെങ്കിൽ, നല്ല മനുഷ്യരെപ്പോലും വേദനയില്ലാതെ മരിപ്പിക്കാനാകാത്ത ദൈവത്തെ എന്തിന് ആരാധിക്കണമെന്ന കൃഷ്ണപിള്ളയുടെ ചിന്തയിലെ ആ സന്ദർഭത്തിലുള്ള വൈകാരികത ആർക്കും മനസ്സിലാകും. പക്ഷെ, ആ വൈകാരികത ദൈവമില്ലെന്ന തീർപ്പിലെത്തുന്നതിന് ഒരാളെ പ്രേരിപ്പിക്കുന്നുവെങ്കിൽ, അത് യുക്തിപരമായി ന്യായീകരിക്കാനാവില്ല.

ഗുരുവിന്റെ മരണവേദനയുടെ കർതൃത്വം ദൈവത്തിൽ ആരോപിച്ച് കൊണ്ടാരംഭിക്കുന്ന ദൈവവിദ്വേഷമെന്ന വൈകാരികതീർപ്പ് ഏതൊരു ദൈവത്തിലാണോ താൻ തിന്മ ആരോപിച്ച് കൊണ്ട് ഒരു തീർപ്പിലെത്തിയത്  ആ ദൈവത്തെ തന്നെ നിഷേധിക്കുന്നത്തിലേക്ക് എത്തുന്ന പരിണാമഗുപ്തിയുടെ യുക്തിയെന്താണ്? താൻ കാണുന്നത് ആത്യന്തികമായ ഒരു തിന്മയാണ്; ആ തിന്മക്ക് കാരണം ദൈവമാണ്; അതിനാൽ ദൈവം തിന്മ നിറഞ്ഞവനാണ്; തിന്മ നിറഞ്ഞ ദൈവം കൊള്ളരുതാത്തവനാണ്; കൊള്ളരുതാത്ത ദൈവത്തെ നാം ആരാധിക്കേണ്ടതില്ല. താൻ അനുഭവിക്കുന്ന തിന്മയിൽ നിന്ന് ഒരാൾക്ക് എത്തിച്ചേരാവുന്ന തീർപ്പുകളുടെ യുക്തിയിലധിഷ്ഠിതമായ ശൃംഖലയിതാണ്. ഇതിലെ ഓരോ തീർപ്പുകൾക്കും യുക്തവും തൃപ്തവുമായ മറുപടികൾ നൽകുവാൻ ദൈവശാസ്ത്രജ്ഞർക്ക് കഴിയും. അവയൊന്നും പരിശോധിക്കുവാൻ ദൈവനിഷേധത്തിലെത്തുന്ന ദൈവവിദ്വേഷികൾ തയ്യാറാകാറില്ല. തിന്മകൾ ഉള്ളതിനാൽ തിന്മകളുടെ കാരണമായ ദൈവമേയില്ലെന്ന യുക്തിവിരുദ്ധമായ തീർപ്പിൽ മാത്രമാണ് അവർ എത്തിച്ചേരുന്നത്. അതാണ് അവരുടെ യുക്തി. പ്രസ്തുത യുക്തിയാണ് അവരുടെ ജ്ഞാനശാസ്ത്രത്തിന്റെ അടിത്തറ. നാസ്തികജ്ഞാനശാസ്ത്രത്തിന്റെ അടിത്തറ തന്നെ യുക്തിവിരുദ്ധമാണെന്ന് പറയുന്നത് അത് കൊണ്ടാണ്.

പ്രഗത്ഭരായ പല ഭൗതികവാദികൾക്കും നിരീശ്വരത്വത്തിന്റെ ഈ ജ്ഞാനശാസ്ത്രപരിമിതി മനസ്സിലായിരുന്നുവെന്ന് വേണം പറയാൻ. അതുകൊണ്ടായിരിക്കണം  ഞങ്ങളൊന്നും നിരീശ്വരവാദികളല്ല, പ്രത്യുത ആജ്ഞേയവാദി (agnostic) കളാണെന്ന് അവർ ആണയിട്ടു കൊണ്ടിരുന്നത്. ലോകത്തെങ്ങുമുള്ള ദൈവനിഷേധികൾക്ക് ആവേശകരമായ പ്രചോദനം നൽകിക്കൊണ്ട് 1924 ൽ പുറത്തിറങ്ങിയ ‘ഞാൻ എന്ത് കൊണ്ട് ഒരു കൃസ്ത്യാനിയല്ല’ (Why I am not a Christian?)(50) എന്ന കൃതിയുടെ കർത്താവായ ബർട്രൻഡ് റസ്സൽ പോലും അവസാനം പറഞ്ഞത് താൻ ആജ്ഞേയവാദിയാണെന്നാണ്. ‘ജനങ്ങൾക്കിടയിൽ ദൈവനിഷേധിയായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെങ്കിലും ദൈവമില്ലെന്ന് നിർണ്ണിതമായി സ്ഥാപിക്കുവാൻ കഴിയുന്ന തെളിവുകളൊന്നുമില്ലാത്തതിനാൽ തത്വശാസ്ത്രചർച്ചകളിൽ ആജ്ഞേയവാദിയായി അറിയപ്പെടാനാണ് തനിക്കിഷ്ടം’ എന്ന് റസ്സലിന് പറയേണ്ടി വന്നത് യുക്തിയുടെ ഭൂമികയിൽ നിന്നുകൊണ്ട് ദൈവനിഷേധത്തിന് നില നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായതുകൊണ്ടായിരിക്കണം. ‘ഞാനൊരു ദൈവനിഷേധിയാണോ, അതല്ല ആജ്ഞേയവാദിയോ? പുതിയ ആശയസംഹിതകളുടെ അഭിമുഖത്തിൽ സഹിഷ്ണുതക്കുവേണ്ടിയുള്ള ഒരു അഭ്യർത്ഥന” ( Am I An Atheist Or An Agnostic?; A Plea For Tolerance In The Face Of New Dogmas) എന്ന തലക്കെട്ടിൽ 1947 ൽ അദ്ദേഹമെഴുതിയ ചെറുലേഖനത്തിലുള്ളതാണ്(51) ഈ ജാമ്യമെടുക്കൽ. ‘ഞാൻ എന്ത് കൊണ്ട് ഒരു കൃസ്ത്യാനിയല്ല’യുടെ രചനക്കുശേഷമുള്ള   കാൽ നൂറ്റാണ്ടുകൾക്കിടയിൽ ശാസ്ത്രരംഗത്തും തത്വശാസ്ത്രരംഗത്തുമുണ്ടായ ആശയവിപ്ലവങ്ങൾ അഭിമുഖീകരിക്കുവാൻ  ഭൗതികവാദികൾക്ക് ആത്മവിശ്വാസമില്ലാതായതിന്റെ പ്രതിഫലനമാണ് റസ്സലിന്റെ ഈ വചനങ്ങളിൽ തെളിഞ്ഞു കാണുന്നതെന്നു പറഞ്ഞാൽ തെറ്റാവുകയില്ല. 1927 മാർച്ച് ആറാം തിയതി  ലണ്ടനിലെ ബത്തർസിയ ടൗൺഹാളിൽ വെച്ച്, തന്റെ  അമ്പതുകളുടെ  യുക്തിയുടെ വെളിച്ചത്തിൽ, ദൈവവിശ്വാസികളുടെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ട് താൻ പ്രസംഗിച്ച കാര്യങ്ങളിൽ മിക്കതും തനിക്ക് എഴുപത്തിയഞ്ച് ആകുന്നതിനിടയിൽ നടന്ന ശാസ്ത്രീയപഠനങ്ങൾ അപ്രസക്തമാക്കിക്കളഞ്ഞിട്ടുണ്ടെന്ന് റസ്സലിന് മനസ്സിലായിട്ടുണ്ടാകണം. ആപേക്ഷികതാ സിദ്ധാന്തവും മഹാവിസ്ഫോടന സിദ്ധാന്തവും ക്വാണ്ട സിദ്ധാന്തവും അനിശ്ചിതത്വ സിദ്ധാന്തവുമെല്ലാം ഭൗതികവാദത്തിന്റെ യുക്തിപരികല്പനയുടെ കടയ്ക്കാണല്ലോ കത്തി വെച്ചത്; യുക്തിക്ക് അപ്രമാദിത്വം കല്പിച്ചുകൊണ്ടുള്ള ക്ലാസിക്കൽ ദൈവനിഷേധത്തിന്റെ കടയ്ക്ക്.

യുക്തിബോധത്തെ അംഗീകരിക്കേണ്ടിടത്തെല്ലാം അംഗീകരിക്കുകയെന്നതാണ് മതത്തിന്റെ യുക്തി. യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത മേഖലകളുണ്ടെന്ന് മതം മുമ്പേ പറഞ്ഞതാണ്; ഇന്നത് ഭൗതികശാസ്ത്രവും അംഗീകരിക്കുന്നു. ‘ക്വാണ്ടം ഭൗതികം’ മനസ്സിലായി എന്ന് പറയുന്നവർക്ക് അത് ഒന്നും മനസ്സിലായിട്ടില്ല (If you think you understand quantum mechanics, you don’t understand quantum mechanics) എന്ന ഭൗതികശാസ്ത്രജ്ഞന്മാർ പറയുമ്പോൾ ശാസ്ത്രത്തിന്റെ മേഖലയിൽ തന്നെ യുക്തിക്ക് അതീതമായ കാര്യങ്ങൾ ഉണ്ട് എന്ന വസ്തുത(52) അവർ അംഗീകരിക്കുന്നുവെന്നാണർത്ഥം. ഭൗതികലോകത്തുപോലും യുക്തിക്ക് അതീതമായ കാര്യങ്ങളുണ്ടെങ്കിൽ ആധ്യാത്മികലോകത്തെക്കുറിച്ച സകല അറിവുകളും മനുഷ്യയുക്തിക്കു വഴങ്ങണമെന്ന് വാശി പിടിക്കുന്നതെങ്ങനെ ശാസ്ത്രീയവും യുക്തിപരവുമാകും?!

ആധ്യാത്മികലോകത്തെക്കുറിച്ച അറിവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്  മതം മനുഷ്യരോട് സംസാരിക്കുന്നത്. കേവലയുക്തിക്ക് മാത്രമായി നിഗമനങ്ങളിലെത്താൻ കഴിയാത്ത ലോകമാണത്. അതിനെക്കുറിച്ചറിയാവുന്നവനിൽ നിന്നുള്ള അറിവിനെ മാത്രമാണ് ആ ലോകത്തെക്കുറിച്ച അറിവിന് ആശ്രയിക്കേണ്ടത് എന്ന് മതം പറയുമ്പോൾ അതാണ് അതിന്റെ യുക്തി. വെളിപാടുകൾ നൽകുന്ന അറിവുകളെല്ലാം കേവല യുക്തിക്ക് ദഹിക്കണമെന്ന വാദം യുക്തിരഹിതമാണെന്ന് പറയുന്നത് അത് രണ്ടും രണ്ട് മേഖലകളെക്കുറിക്കുന്നതാണ് എന്നതുകൊണ്ടാണ്. യുക്തിബോധത്തിന് വിഹരിക്കാൻ കഴിയുന്നിടത്തെല്ലാം അതിനെ വിഹരിക്കാൻ അനുവദിക്കുകയും അതിന് കഴിയാത്തിടത്ത് ആധ്യാത്മികജ്ഞാനത്തിന്റെ സ്രോതസ്സായ വെളിപാടുകളെ  മാത്രം ആശ്രയിക്കുകയും ചെയ്യുകയെന്നതാണ് മതത്തിന്റെ യുക്തി. വെളിപാടുകൾ എന്ന അവകാശപ്പെടുന്നവയെയെല്ലാം കണ്ണുമടച്ച് സ്വീകരിക്കണമെന്നല്ല മതം പറയുന്നത്. നിഷ്‌കൃഷ്ടമായ അന്വേഷണത്തിലൂടെയും യുക്തിയുപയോഗിച്ചുള്ള അപഗ്രഥനങ്ങളാലും വെളിപാടുകളെന്ന് ബോധ്യം വന്നവയെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നാണ്. വെളിപാടുകളുടെ സ്വീകാര്യതയെക്കുറിച്ച മതത്തിന്റെ നിലപാടോ വെളിപാടുകളെന്ന് ബോധ്യം വന്ന സ്രോതസ്സുകൾ നൽകുന്ന വിവരങ്ങൾ ആധ്യാത്മിക ജ്ഞാനത്തിന്റെ കാര്യത്തിൽ ചോദ്യം ചെയ്യാതെ സ്വീകരിക്കണമെന്ന നിഷ്കർഷയോ യുക്തിവിരുദ്ധമാണെന്ന് പറയാൻ നാസ്തികരുടെ പക്കൽ മാനദണ്ഡങ്ങളൊന്നുമില്ല. മതത്തിന്റെ ജ്ഞാനശാസ്ത്രം കുറ്റമറ്റതാണെന്നാണ് ഇതിനർത്ഥം.

നാസ്തികത ആരംഭിക്കുന്നത് ബോധ്യമില്ലായ്മയിൽ നിന്നാണെങ്കിൽ  മതം ആരംഭിക്കുന്നത് ബോധ്യത്തിൽ നിന്നാണ്. ഇസ്‌ലാമിലെ ഏതെങ്കിലുമൊരു കാര്യം ബോധ്യപ്പെടാത്തതുകൊണ്ട് മുസ്‌ലിം നാസ്തികനും ക്രിസ്തുമതത്തിലെ എന്തെങ്കിലും മനസ്സിലാകാത്തതുകൊണ്ട് ക്രിസ്ത്യൻ നാസ്തികനുമുണ്ടാകുന്നു. ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മതം. അത് ആരംഭിക്കുന്നത് തികഞ്ഞ ബോധ്യത്തിൽ നിന്നാണ്. ഹിന്ദുമതം തെറ്റാണെന്ന് മനസ്സിലായത് കൊണ്ടല്ല ഹിന്ദു മാതാപിതാക്കളുടെ മകനായി പിറന്ന ഒരാൾ മുസ്‌ലിമാകുന്നത്. ഇസ്‌ലാമാണ് സത്യമെന്ന് ബോധ്യപ്പെടുന്നത് കൊണ്ടാണ്. ഏത് മതത്തിന്റെ കാര്യത്തിലാണെങ്കിലും ഇതാണ് ശരി; ഇതാണ് ശരിയാകേണ്ടത്. (ഭൗതികമായ ലക്ഷ്യങ്ങളോട് കൂടിയ മതം മാറ്റം ഇവിടെ നമ്മുടെ ചർച്ചാവിഷയമല്ല; ദാർശനികമായ മാറ്റം മാത്രമാണ് വിവക്ഷ)

ഒരാൾ മുസ്‌ലിമാകുമ്പോൾ ആദ്യമായി ചെയ്യുന്നത് രണ്ട് സാക്ഷ്യവചനങ്ങൾ ഉരുവിടുകയാണ്. “അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” ഈ സാക്ഷ്യവചനങ്ങൾ ഉൾക്കൊണ്ട് പ്രഖ്യാപിച്ചല്ലാതെ ആർക്കും മുസ്‌ലിമാകാൻ കഴിയില്ല. ഈ സാക്ഷ്യവചനങ്ങൾ ബോധ്യത്തെക്കുറിക്കുന്നു. അല്ലാഹു മാത്രമേ ആരാധ്യനായി ഉള്ളൂവെന്ന് ബോധ്യപ്പെടാത്ത  ഒരാൾക്കും ഹിന്ദുമതം തെറ്റാണെന്ന് എത്ര നന്നായി ബോധ്യപ്പെട്ടാലും മുസ്‌ലിമാകാൻ കഴിയില്ല. ഒപ്പം മുഹമ്മദ് നബി(സ) ദൈവദൂതനാണെന്ന ബോധ്യം കൂടിയുണ്ടാവണം. ബോധ്യത്തോട്‌ കൂടി ഒരു ആദർശം സ്വീകരിക്കുകയെന്നതാണ് യുക്തി. മതം മനുഷ്യയുക്തിയെ സംതൃപ്തമാക്കുന്നത് അങ്ങനെയാണ്. നാസ്തികതയ്ക്കാകട്ടെ, ഒന്നും ബോധ്യപ്പെടാനില്ല. മതത്തിലെ ഏതെങ്കിലുമൊരു ആദർശം തെറ്റാണെന്ന ബോധ്യം മാത്രമാണ് ഒരാളെ ദൈവനിഷേധിയാക്കുന്നതെങ്കിൽ അത് തികച്ചും യുക്തിവിരുദ്ധമായ ഒരു തീരുമാനമാണ്. നാസ്തികത, അത് പഴയതാണെങ്കിലും പുതിയതാണെങ്കിലുമെല്ലാം, യുക്തിവിരുദ്ധമായ തീരുമാനത്തിൽ നിന്ന് തുടങ്ങി യുക്തിവിരുദ്ധമായ ജ്ഞാനശാസ്ത്രത്താൽ സ്ഥാപിക്കപ്പെടുന്ന യുക്തിരഹിതമായ ആശയമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

References:

50. Bertrand Russell: Why I Am Not a Christian: And Other Essays on Religion and Related Subjects, New York, 1967, Pages 3-13

51.Bertrand Russell: “Am I An Atheist Or An Agnostic? A Plea For Tolerance In The Face Of New Dogmas” (1947).  http://scepsis.net/eng/articles/id_6.php

52. ക്വാണ്ടം ഇലക്ട്രോ ഡൈനാമിക്സിലെ ഗവേഷണങ്ങൾക്ക് 1965ൽ നോബൽ സമ്മാനം ലഭിച്ച റിച്ചാർഡ് ഫിലിപ്സ് ഫൈൻമാൻ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നത്.

3 Comments

 • Well written..
  Jazakumullah

  Muhammed Zakir 26.03.2019
 • വളരെ പ്രസക്തവും നവനാസ്തികർ അവഗണിക്കാൻ ആഗ്രഹിക്കുന്നതുമായ കാര്യം

  Muhammed Zakir 26.03.2019
 • Masha Allah .. A complete break down of Atheism

  Adel 26.04.2019

Leave a comment

Your email address will not be published.