നബിചരിത്രത്തിന്റെ ഓരത്ത് -5

//നബിചരിത്രത്തിന്റെ ഓരത്ത് -5
//നബിചരിത്രത്തിന്റെ ഓരത്ത് -5
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -5

Print Now
ചരിത്രാസ്വാദനം

ആനപ്പട

യമന്‍ അന്ന് അബിസീനിയന്‍ ഭരണത്തിന്‍ കീഴിലായിരുന്നു. ചക്രവര്‍ത്തി നേഗസിന്റെ പ്രതിനിധിയായി അബ്രഹ യമന്‍ ഭരിച്ചു. രാജപ്രതിനിധിയെങ്കിലും ജനങ്ങള്‍ രാജാവ് എന്നുതന്നെ അബ്രഹയെ വിളിച്ചു.

സന്‍ആയില്‍ അതിമനോഹരമായൊരു ക്രിസ്ത്യന്‍ ദേവാലയം പണിതതോടെ ജനമനസ്സില്‍ അബ്രഹയോടുള്ള ആദരവും ബഹുമാനവും പുതിയ ഉയരങ്ങള്‍ തേടി. അത്രക്ക് മനോഹരവും ബൃഹത്തുമായൊരു സൗധം യമന്‍ ദേശക്കാരാരും മുമ്പു കണ്ടിട്ടില്ല, കേട്ടിട്ടു പോലുമില്ല. ഷേബാ രാജ്ഞിയുടെ പരിത്യക്ത കൊട്ടാരത്തിന്റെ അവശേഷങ്ങളില്‍ നിന്നാണ് വെണ്ണക്കല്ലുകളെത്തിയത്. കോണ്‍സ്റ്റാന്റിനോപ്ളില്‍ നിന്ന് വിദഗ്ധ തൊഴിലാളികള്‍ വന്നെത്തി. വെള്ളിക്കുരിശും സ്വര്‍ണക്കുരിശും സ്ഥാപിതമായി. രത്‌നഖചിതമായ ദാരുശില്‍പ്പങ്ങള്‍ ദേവാലയത്തിന്റെ മുക്കുമൂലകൾക്ക് അലങ്കാരം തീർത്തു.

നിര്‍മാണം പൂര്‍ത്തിയായ ശേഷം അബ്രഹ നേഗസിനെഴുതി, “തിരുമനസ്സിനു വേണ്ടി അടിയൻ ദേവാലയം പണിതു. മുമ്പൊരു ചക്രവർത്തിക്കും ഇതു പോലൊന്ന് ആരും പണിതു നല്‍കിയിട്ടില്ല. അറബി തീര്‍ത്ഥാടകരുടെ ശ്രദ്ധയും ഭക്തിയും ഈ ദേവാലയത്തിലേക്ക് തിരിച്ചുവിട്ടല്ലാതെ അടിയനിനി വിശ്രമമില്ല.”

പുകയുന്ന ധൂമക്കുറ്റികളില്‍ നിന്നുയര്‍ന്ന സുഗന്ധം കാറ്റിലേറി സന്‍ആക്കു ചുറ്റും പരിമളം പരത്തി. പുതിയ ദേവാലയം സന്ദര്‍ശിക്കാനും അവിടെ പ്രാര്‍ത്ഥന നടത്താനും രാജാവിന്റെ ആളുകള്‍ നാടുനീളെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തതോടെ ഹിജാസിലെയും നജ്ദിലെയും അറബ് ഗോത്രങ്ങളൊന്നടങ്കം പ്രകോപിതരായി.

വിഗ്രഹാരാധകരായ അറബികള്‍ അബ്രഹയുടെയും നേഗസിന്റെയും അധികാരത്തെ മാനിച്ചു. അവരെ ആദരിച്ചു, അപദാനങ്ങള്‍ പാടി വാഴ്ത്തി. അബ്രഹ പണിത ആരാധനാലയത്തിന്റെ മനോഹാരിതയെയും വലിപ്പത്തെയും പ്രകീര്‍ത്തിച്ചു. എന്നാല്‍ അബ്രഹയുടെ മതം അവരുടെ ഹൃദയത്തിന്റെ അരികിൽ പോലും വന്നില്ല. അതുകൊണ്ടു തന്നെയാകാം പുതിയ ദേവാലയത്തിലെത്തി അര്‍ച്ചനകളര്‍പ്പിച്ച അറബികളില്‍ ഏറ്റവും കുറവ് ഹിജാസിൽ നിന്നും നജ്ദിൽ നിന്നുമുള്ളവരായിരുന്നു. അതേസമയം, അവരിലധികവും പാവങ്ങളും ദിവസത്തിന്റെ രണ്ടറ്റം തമ്മിൽ വലിച്ചു കെട്ടാൻ പ്രയാസപ്പെടുന്നവരും ആവശ്യമേറെയുള്ളവരുമായിരുന്നതുകൊണ്ട് അബ്രഹ അവരിലുള്ള പ്രതീക്ഷ കൈവിട്ടതുമില്ല. എന്നാൽ അദ്ദേഹത്തിന്റെ ആശക്കും ആവേശത്തിനും കടുത്ത ആഘാതമേല്‍പ്പിച്ചുകൊണ്ടാണ് അഭിശപ്തമായ ആ പുലരി ലോകത്തിനു നേരെ കണ്ണു തുറന്നത്. താന്‍ പണിത, തന്റെ ഹൃദയത്തില്‍ കുടിയിരുത്തിയ ദേവാലയം ആരോ ശവം കൊണ്ടുവന്നിട്ട് മലീമസമാക്കിയിരിക്കുന്നു. വാര്‍ത്തകേട്ട് അബ്രഹയുടെ നാഡികളഖിലവും കോപത്താൽ വലിഞ്ഞു മുറുകി.

കാര്യക്കാരായ നേതാക്കളെയും പുരോഹിതരെയും വിളിച്ചു വരുത്തി അബ്രഹ കൂടിയാലോചനകള്‍ നടത്തി. നേതാക്കളിലാരോ പറഞ്ഞു, ”തിഹാമയില്‍ നിന്നുള്ള അറബികളല്ലാതെ ഇപ്പണി ചെയ്യില്ല. അവര്‍ക്കവിടെ ഒരു ദേവാലയമുണ്ട്, കഅ്ബ എന്നു പേര്‍. അറബികളെല്ലാം തീര്‍ത്ഥാടനം നടത്തുന്നത് അവിടേക്കാണ്. പുതിയ ദേവാലയം വന്നതോടെ തങ്ങളുടെ പുരാതന ദേവാലയത്തിന്റെ പ്രാധാന്യവും മഹത്വവും ചുരുങ്ങിപ്പോകുമോ എന്നവര്‍ ആശങ്കപ്പെട്ടു കാണും. കുറയ്ഷ് ഗോത്രമാണ് ആ ഭവനത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും ബാധ്യതയായി ഏറ്റെടുത്തിട്ടുള്ളത്.

തന്റെ ദേവാലയം മലീമസമാക്കിയ അറബിയുടെ ദേവാലയം തകര്‍ത്തു മണ്ണോടു ചേർത്ത് അറബികള്‍ തന്റെ ദേവാലയത്തില്‍ ഉപാസനകളര്‍പ്പിച്ചു കണ്ടല്ലാതെ വിശ്രമമില്ലെന്ന് അബ്രഹ പ്രതിജ്ഞ ചെയ്തു.

ഹിജാസിലേക്കൊരു പടയോട്ടത്തിന് സന്നാഹങ്ങള്‍ സജ്ജമായി. അറബികള്‍ മുമ്പെങ്ങും ദര്‍ശിച്ചിട്ടില്ലാത്തവിധം ഒരു വന്‍ സൈന്യം മക്കയെ ലക്ഷ്യമാക്കി പടനീക്കമാരംഭിച്ചു. നേഗസ് ചക്രവര്‍ത്തി അയച്ചുകൊടുത്ത കരിവീരനെ മുന്നിൽ നടത്തി. മുമ്പോട്ടു നീങ്ങുന്തോറും സൈന്യത്തിന്റെ വണ്ണം പെരുകി. വര്‍ധിതാവേശത്തോടെ അബ്രഹ സൈന്യത്തെ ഉത്തരമാര്‍ഗത്തിലുടെ നയിച്ചു.

സന്‍ആക്ക് വടക്കുള്ള ചില ഗോത്രങ്ങളെങ്കിലും ചെറുത്തുനില്‍പ്പ് നടത്താതിരുന്നില്ല. യമനിലെ ജനങ്ങൾ ദൂനഫറിന്റെ നേതൃത്വത്തില്‍ തങ്ങളുടെ പുരാതനമായ ദൈവിക ഭവനത്തിന്റെ സംരക്ഷണത്തിനായി പൊരുതി. അവരെ പരാജയപ്പെടുത്താന്‍ രാജാവിനും സൈന്യത്തിനും അധികമൊന്നും വേണ്ടി വന്നില്ല. അവരുടെ നേതാവിനെ ബന്ദിയാക്കി സൈന്യത്തിന്റെ മുന്നില്‍ നടത്തിച്ചു. പിന്നീട് അത്തരമൊരു സാഹസത്തിന് മുതിര്‍ന്നത് തിഹാമയിലെ ഖസ്അം ഗോത്രമാണ്. സര്‍വ്വ സന്നാഹ സജ്ജമായിരുന്ന അബ്രഹയുടെ സൈന്യത്തിന് ഏതാനും നിമിഷങ്ങളേ ഖസ്അമിനെ പരാജയപ്പെടുത്തുവാനും അവരുടെ നേതാവ് നുഫൈല്‍ ബിന്‍ ഹബീബിനെ ബന്ദിയാക്കാനും ആവശ്യമായി വന്നുള്ളു. തകര്‍ക്കാനുദ്ദേശിക്കുന്ന മഹാദേവാലയത്തിലേക്ക് വഴി കാണിക്കുക എന്നതായിരുന്നു അബ്രഹ നുഫൈലിന് നിശ്ചയിച്ച മോചനദ്രവ്യം. അവിടുന്നങ്ങോട്ട് പറയത്തക്ക പ്രതിരോധങ്ങളൊന്നുമില്ലാതെ ആനക്കാര്‍ താഇഫിലെത്തി. ഹൃദയഹാരിയായ പച്ചപ്പുല്‍മേടുകളും പൂങ്കാവനങ്ങളും മുന്തിരി വള്ളികളും ഗിരിമാര്‍ഗങ്ങളില്‍ തങ്ങള്‍ക്കു സ്വാഗതമോതുന്നതായി സൈന്യത്തിനു തോന്നി. സക്വീഫ് ഗോത്രത്തിന്റെ നേതാക്കള്‍ അറബികളുടെ പാരമ്പര്യമനുസരിച്ച് രാജാവിനും സൈന്യത്തിനും ആതിഥ്യമരുളി. കഅ്ബയാണെന്ന് തെറ്റുധരിച്ച് തങ്ങളുടെ ദേവനായ ലാത്തയുടെ ക്ഷേത്രം അബ്രഹയുടെ സൈന്യം തകര്‍ത്തുകളയുമോ എന്നതായിരുന്നു അവരുടെ ഭയം. അവര്‍ അബ്രഹയെ കാര്യങ്ങള്‍ ധരിപ്പിച്ചു പൂര്‍ണ പിന്തുണയും അനുസരണയും വാഗ്ദാനം ചെയ്തു. മക്കയിലേക്കുള്ള വഴികാണിക്കാനായി ഗിരിമാര്‍ഗങ്ങള്‍ സുപരിചിതമായിരുന്ന അബൂറുഗാലിനെ ഒപ്പമയക്കുകയും ചെയ്തു.

വഴികാട്ടിയായി നുഫൈല്‍ കൂടെയുണ്ടായിരുന്നുവെങ്കിലും അബ്രഹ പുതിയ സഹായ ഹസ്തം തട്ടിമാറ്റിയില്ല, എന്നാല്‍ മക്കക്ക് രണ്ടുനാഴികയരികെ മുഗമ്മിസില്‍ വെച്ച് ബനുസക്വീഫിന്റെ സംഭാവനയായ വഴികാട്ടി, അബൂ റുഗാൽ മരണമടഞ്ഞു. (പിന്നീട് ആ വഴി കടന്നുപോയപ്പോഴെല്ലാം അറബികൾ അയാളുടെ കുഴിമാടത്തിനു നേരെ കല്ലെറിഞ്ഞുകൊണ്ടിരുന്നു.)

മുഗമ്മിസില്‍ വിശ്രമിച്ചുകൊണ്ട് മക്കയുടെ പ്രാന്തങ്ങളില്‍ പരിശോധന നടത്താനായി അബ്രഹ അയച്ച കുതിരക്കാർ ചതുഷ്പദങ്ങളടക്കം വഴിയില്‍ കണ്ട വസ്തുക്കളഖിലം പിടിച്ചെടുത്ത് അദ്ദേഹത്തിനെത്തിച്ചു കൊണ്ടിരുന്നു. അബ്ദുല്‍ മുത്തലിബിന്റെ ഇരുന്നൂറ് ഒട്ടകങ്ങളുമുണ്ടായിരുന്നു കൂട്ടത്തിൽ.

മുമ്പെങ്ങും കണ്ണുകൾ കണ്ടിട്ടില്ലാത്ത, കാതുകൾ കേട്ടിട്ടില്ലാത്ത പടയോട്ടത്തില്‍ ആശങ്കാകുലരായ മക്കക്കാര്‍ കുറയ്ഷികളുടെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടത്തി. പ്രതിരോധിക്കുന്നത് ബുദ്ധിയായിരിക്കില്ലെന്ന് തീരുമാനിച്ചു. അന്നേരം അവരുടെ നേതാവിനെത്തേടി അബ്രഹയുടെ ദൂതന്‍ മക്കയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

”ഞങ്ങള്‍ യുദ്ധത്തിനായി വന്നതല്ല. ദേവാലയം തകര്‍ക്കുക മാത്രമാണ് ലക്ഷ്യം. രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അബിസീനിയന്‍ താവളത്തില്‍ വരിക” – ദൂതന്‍ വിളിച്ചുപറഞ്ഞു.

അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അബ്ദുദ്ദാര്‍-അബ്ദു മനാഫ് വീടുകള്‍ക്കിടയില്‍ വീതിച്ചു നല്‍കിയിരുന്നുവെങ്കിലും ഔദ്യോഗികമായി അവര്‍ക്കൊരു നേതാവുണ്ടായിരുന്നില്ല. എന്നാൽ, ആരാണ് തങ്ങളുടെ നേതാവ് എന്ന കാര്യത്തില്‍ ജനങ്ങൾക്ക് സംശയമേതുമുണ്ടായിരുന്നില്ല. അവര്‍ രാജദൂതനെ അബ്ദുല്‍ മുത്തലിബിന്റെ വീട്ടിലേക്ക് തിരിച്ചുവിട്ടു. അബ്ദുല്‍ മുത്തലിബ് തന്റെ മകനുമൊത്ത് രാജാവ് പാർക്കുന്ന തമ്പിനു മുമ്പിലെത്തി. രാജദൂതന്‍ അറിയിച്ചു. “ഇത് അബ്ദുല്‍ മുത്തലിബ്, ഖുറയ്ഷ് ഗോത്രത്തിന്റെ തലയാൾ, വര്‍ത്തക പ്രമുഖന്‍, പ്രഭാവശാലി, സാത്വികന്‍… സമതലങ്ങളിലെ മനുഷ്യരെയും മലമുകളിലെ മൃഗങ്ങളെയും ഊട്ടുന്നവന്‍.”

കടന്നു ചെല്ലാൻ അബ്രഹ അനുമതി നല്‍കി. വയോധികന്റെ ഭാവവും ശാന്തപ്രകൃതവും മാന്യതയും അബ്രഹയുടെ കണ്ണുകളില്‍ ആദരം ജനിപ്പിച്ചു. സാദരം അദ്ദേഹത്തെ സ്വീകരിച്ചു. ഇരിപ്പിടത്തില്‍ നിന്നിറങ്ങിവന്ന് അബ്ദുല്‍ മുത്തലിബിനോടൊപ്പം പരവതാനിയിലിരുന്നു. “വയോധികന് എന്തെങ്കിലും പ്രത്യേകമായി ആവശ്യപ്പെടാനുണ്ടോ?” ദ്വിഭാഷി മുഖേന രാജാവ് ആരാഞ്ഞു. ”എന്റെ ഇരുന്നൂറ് ഒട്ടകങ്ങളെ ഇന്നലെ അങ്ങയുടെ സൈനികര്‍ പിടിച്ചുകൊണ്ടുപോന്നിട്ടുണ്ട്. അവ എനിക്ക് തിരിച്ചു നല്‍കണം”- അബ്ദുല്‍ മുത്തലിബ് ശാന്തനായി പ്രതിവചിച്ചു.

വയോധികന്റെ ആവശ്യം കേട്ട് അബ്രഹ സ്തബ്ധനായി. ”ഞാന്‍ നിങ്ങളെ കണ്ടപ്പോള്‍ വല്ലാതെ ആദരിച്ചുപോയി. ഇപ്പോള്‍ ആ ആദരം ഒട്ടും അവശേഷിക്കുന്നില്ല. ഞാന്‍ കരുതിയത്, ഞങ്ങള്‍ തകര്‍ക്കാന്‍ പോകുന്ന ദേവാലയത്തെക്കുറിച്ച് നിങ്ങളെന്നോട് സംസാരിക്കുമെന്നാണ്. അതാണ് നിങ്ങളുടെ മതം, നിങ്ങളുടെ പൂര്‍വീകരുടെ മതം, നിങ്ങളുടെ മഹത്വം, നിങ്ങളുടെ പൂര്‍വീകരുടെ മഹത്വം. എന്നിട്ടിപ്പോള്‍ നിങ്ങളെന്നോട് സംസാരിക്കുന്നതോ, നിങ്ങളുടെ ഇരുന്നൂറൊട്ടകങ്ങളെക്കുറിച്ചും!” രാജാവ് അത്ഭുതം കൂറി.

കുറയ്ഷികളുടെ നേതാവായ വയോധികന്‍ ശാന്തവും ഉറച്ചതും ആത്മവിശ്വാസം ദ്യോതിപ്പിക്കുന്നതുമായ സ്വരത്തില്‍ പറഞ്ഞു, ”ഞാന്‍ ഒട്ടകങ്ങളുടെ യജമാനന്‍, അക്കാര്യത്തില്‍ ഞാന്‍ സംസാരിക്കുന്നു, ദേവാലയത്തിന്റെ കാര്യം, അതിനൊരു യജമാനനുണ്ട്, അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും”.

”അവനും എന്നെ തടയില്ല” വിരൽത്തുമ്പുവരെ അഹങ്കാരം ഇറങ്ങി നിൽക്കുന്ന രാജാവ് പറഞ്ഞു.

”എങ്കില്‍ അങ്ങനെ”.
വയോധികന്‍ തിരിഞ്ഞുനടന്നു.

അബ്ദുല്‍ മുത്തലിബിന്റെ ഇരുന്നൂറ് ഒട്ടകങ്ങള്‍ അദ്ദേഹത്തിനു തന്നെ തിരിച്ചുനല്‍കാന്‍ രാജാവ് ഉത്തരവായി. ഇരുന്നൂറ് ഒട്ടകങ്ങളെയും വയോധികന്‍ കഅ്ബയിലേക്ക് നേര്‍ച്ചയാക്കി. വയോധികൻ കുറയ്ഷികള്‍ക്ക് നടുവില്‍ തിരിച്ചെത്തി എല്ലാവരോടും നഗരപ്രാന്തത്തിലെ കുന്നുകളിലേക്ക് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടു. ചിലർ കുടുംബാംങ്ങളുമായി കഅ്ബയിലെത്തി, കവാടത്തിലെ ലോഹക്കണ്ണി പിടിച്ച് നാഥനോട് പ്രാര്‍ത്ഥിച്ചു. വയോധികനും കുടുംബാംഗങ്ങളും മലനിരകളിലേക്ക് പിന്‍വാങ്ങി, അടിവാരത്തില്‍ നടക്കുക്കുന്നതെന്തെന്ന് വ്യക്തമായി കാണാവുന്ന വിധം കുന്നിനു മുകളിലൊരിടത്ത് നിലയുറച്ചു.

അടുത്ത പ്രഭാതത്തില്‍ അബ്രഹയുടെ പട മക്കയിലേക്ക് നീങ്ങി. ഏതാനും നാഴിക നേരത്തിനുശേഷം അറബികളുടെ ചിരന്തനമായ ദേവഭവനം ധൂളികളായി മാറുന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ സൈന്യം സന്‍ആയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. സൈന്യത്തിനു മുമ്പിലായി നടക്കുന്നത് നന്നായി ചമയിച്ചൊരുക്കിയൊരു കരിവീരൻ. പാപ്പാന്‍ ഉനൈസ് ആനയെ മക്കയുടെ ഭാഗത്തേക്ക് തിരിച്ചുനിര്‍ത്തി. അര്‍ധമനസ്സോടെ സൈന്യത്തിന്റെ വഴികാട്ടിയായി വര്‍ത്തിച്ചിരുന്ന ഖസ്അം ഗോത്രത്തലവന്‍ നുഫൈല്‍, ഉനൈസിനോടൊപ്പം നടന്ന് ആനക്ക് നല്‍കിവരാറുള്ള നിര്‍ദേശങ്ങളില്‍ ചിലതെല്ലാം ഹൃദിയസ്ഥമാക്കിയിരുന്നു. ഉനൈസ് തന്റെ ആനക്കൊപ്പം സൈന്യം സഞ്ചരിക്കുന്നില്ലേ എന്നുറപ്പുവരുത്താനായി പിറകോട്ടുപോയ തക്കത്തില്‍ നുഫൈല്‍ ആനയുടെ ചെവി നിവർത്തിപ്പിടിച്ച് എന്തോ പറഞ്ഞു. നിര്‍ദേശം ചെവിയില്‍ പതിഞ്ഞതും ആന മുട്ടുകുത്തി. ഉനൈസ് ഓടിയെത്തി ആനയെ എഴുന്നേല്‍പ്പിക്കാനായി പഠിച്ച പണികളെല്ലാം പയറ്റി. മറ്റെല്ലാ നിര്‍ദേശങ്ങള്‍ക്കും മേല്‍ ശക്തമായ നിര്‍ദ്ദേശമായി നുഫൈലിന്റെ നിര്‍ദ്ദേശം ആനയുടെ ചെവിയില്‍ പതിഞ്ഞുതന്നെ കിടന്നു. ആന എഴുന്നേറ്റില്ല, ഒരടി നീങ്ങിയില്ല. ഉനൈസിന്റെ തലയില്‍ ഒരു പുതിയ അടവ് തെളിഞ്ഞുവന്നു. സൈന്യത്തെ മുഴുക്കെ യമന്റെ ഭാഗത്തേക്ക് തിരിച്ചുനിര്‍ത്തി ഏതാനും ചുവട് മാര്‍ച്ച് ചെയ്യിച്ചു. ആന എഴുന്നേറ്റ് സൈനികരുടെ കൂടെ നടക്കാനാരംഭിച്ചു. പ്രതീക്ഷയോടെ സൈന്യം കഅ്ബയുടെ ഭാഗത്തേക്കു തന്നെ തിരിഞ്ഞു. ആനയും തിരിഞ്ഞു. പക്ഷെ മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞതും ആന പഴയപടി മുട്ടുകുത്തി പണിമുടക്കി. മക്കയുടെ ദിശയില്‍ നിന്ന് മാറ്റി യമനിന്റെയും ശാമിന്റെയും ഭാഗത്തേക്ക് സൈന്യം ചുവടു വെച്ചപ്പോള്‍ ആന എഴുന്നേറ്റ് ഉത്സാഹപൂര്‍വം നടന്നു. വീണ്ടും മക്കയിലേക്ക്, വീണ്ടും പഴയപടി മുട്ടുകുത്തല്‍…

പൊടുന്നനെ പടിഞ്ഞാറെ ആകാശം ഇരുണ്ടു. ഭീമാകാരമായ കറുകറുത്ത മേഘക്കൂട്ടം കടലിന്റെ ഭാഗത്തുനിന്ന് മക്കയുടെ നേരെ പാറിയടുത്തു. ഇരുണ്ട മേഘമാലകള്‍ മക്കയെ മൂടാന്‍ അധികം സമയമെടുത്തില്ല. മലമുകളില്‍ നിന്ന് വീക്ഷിച്ചിരുന്നവര്‍ക്ക് രംഗം വ്യക്തമായി വരുന്നു. വിചാരിച്ചതുപോലെ കരിമുകിലായിരുന്നില്ല അത്, അബാബീൽ പക്ഷികളുടെ ഭീമന്‍കൂട്ടങ്ങള്‍. അവയ്ക്ക് പക്ഷികളുടെ കൊക്കുകളും നായ്ക്കളുടെ കാലുകളുമുണ്ടായിരുന്നു. കൊക്കുകളിലും കാലുകളിലും കരുതിയിരുന്ന പയര്‍ മണിയേക്കാള്‍ വലുതും കടലമണിയേക്കാള്‍ ചെറുതുമായിരുന്ന കല്ലുകള്‍ കൊണ്ട് സൈന്യത്തിനു മേല്‍ കല്‍വര്‍ഷം നടത്തി. കല്ലുകള്‍ എത്ര ചെറുതായിക്കോട്ടെ, ഭാഗ്യവിഹീനനൊരുത്തന്റെ ശരീരത്തില്‍ പതിഞ്ഞതും അയാള്‍ നിലത്തു കുഴഞ്ഞുവീണു. സൈന്യം ചിതറിയോടി. കുഞ്ഞു പക്ഷികള്‍ അവരെ പിന്തുടര്‍ന്നാക്രമിച്ചു. തങ്ങളണിഞ്ഞ ഇരുമ്പു മേലങ്കികളെപ്പോലും തുളച്ചു കയറി കല്ലുകള്‍ സൈനികരുടെ ശരീരങ്ങളെ ചളിപ്പിച്ചു. ഒരു കല്ലു പോലും ലക്ഷ്യം കാണാതെ പോയതുമില്ല. ആര്‍പ്പുവിളികളും ജീവനു വേണ്ടിയുള്ള ആര്‍ത്തനാദങ്ങളും അബൂ കുബൈസിന്റെ ചരിവുകളിൽ തട്ടി പ്രതിധ്വനിച്ചു. കല്ലുകൊണ്ട ശരീരങ്ങള്‍, സാവധാനം അല്ലെങ്കിൽ ശീഘ്രം, ചാണകം പോലെ അളിഞ്ഞു.

എല്ലാ സൈനികര്‍ക്കും കല്‍വര്‍ഷം ഏറ്റിരുന്നില്ല. അബാബീലുകളുടെ ആരവങ്ങള്‍ നിലച്ചശേഷം പരിക്കേല്‍ക്കാതിരുന്ന ചിലര്‍ ഒരാളെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നത് കണ്ട് ആരോ ചോദിച്ചു. ”അതാര്? അയാളുടെ അവയവങ്ങളോരോന്ന് ഉതിര്‍ന്ന് വീഴുന്നല്ലോ, ഓരോ അവയവത്തോടുമൊപ്പം ചലവും നൂലിഴകളായി നിലംതൊടുന്നുണ്ട്. അയാള്‍ കടുത്ത വേദന അനുഭവിക്കുന്നുണ്ടാകണം.”

തിരക്കില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞ അത്ഭുതഗ്രസ്തമായ കണ്ണുകൾ വിടർത്തി ദൃക്സാക്ഷി പറഞ്ഞു,
”അത് അബ്രഹ”
സന്‍ആയില്‍ തിരിച്ചെത്തി അധികം താമസിയാതെ അബ്രഹ ഹൃദയം പൊട്ടി മരിച്ചു.

നുഫൈലിനെന്തു സംഭവിച്ചു?
എല്ലാവരും ആനയെ തിരിച്ചുവിടുന്നതില്‍ വ്യാപൃതരായ തക്കം നോക്കി നുഫൈല്‍ മക്കക്കാര്‍ നിലയുറപ്പിച്ചിരുന്ന മലമുകളിലേക്ക് രക്ഷപ്പെട്ടിരുന്നു.

(ഇത് ചരിത്രരേഖയല്ല, ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്.)

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • ജ്ജ്ജ്ജ് z3 ജ, x,, est ZZ cc, s,zzsrf

    77 ZZ kiz* 24.09.2022

Leave a comment

Your email address will not be published.