
ദുര
കുറയ്ഷികളിലെ വിവിധ വംശങ്ങളുടെ ഭാഗ്യനക്ഷത്രം ഇടക്കിടെ തെളിഞ്ഞും മങ്ങിയും നിന്നു. ഭാഗ്യം എന്നും ഒരു കൂട്ടരുടെ കൂടെ നിലകൊണ്ടില്ല; നിര്‍ഭാഗ്യവും അതെ. കുറയ്ഷ് എന്ന നിലയില്‍ അവരൊന്നായിരുന്നുവെങ്കിലും വിവിധ വംശങ്ങള്‍ക്കും ഉപഗോത്രങ്ങള്‍ക്കുമിടയില്‍ കിടമത്സരം നിലനിന്നുപോന്നു. പുതിയ പ്രവാചകന്റെ വരവോടെ കിടമത്സരം ശത്രുതക്ക് വഴിമാറി. ബനൂഹാഷിം, വിശ്വാസികളും അവിശ്വാസികളുമടക്കം, മുഹമ്മദിന് സഹായകമായ നിലപാടു കൈക്കൊണ്ടുവെങ്കില്‍ അബ്ദ്ശംസും മഖ്‌സൂമും പ്രവാചകനെതിരിൽ മുന്നണി ചമച്ചു.
അബ്ദ്ശംസും മഖ്‌സൂമുമാണ് ഇപ്പോള്‍ കുറയ്ഷികള്‍ക്കിടയിലെ ശാക്തിക സന്തുലിതത്വം നിലനിര്‍ത്തുന്നത്. അബ്ദ്ശംസ് വംശത്തിന്റെ നേതാക്കള്‍ റബീഅയുടെ മക്കളായ ഉത്ബയും ശെയ്ബയുമാണ്. അവരുടെ പിതൃവ്യന്‍ ഹര്‍ബിന്റെ മരണത്തിനുശേഷം പുത്രന്‍ അബൂസുഫ്‌യാനാണ് അബ്ദ്ശംസ് വംശത്തിന്റെ ഉപശാഖയായ ബനൂഉമയ്യയുടെ നേതൃസ്ഥാനത്തേക്കുയർന്നു വന്നത്. അബൂസുഫ്‌യാന്‍ വിവാഹം ചെയ്തിരിക്കുന്നതാകട്ടെ, ഉത്ബയുടെ മകള്‍ ഹിന്ദിനെയും.
പൊതുജീവിതത്തിലും വ്യാപാരത്തിലും അബൂസുഫ്‌യാന്‍ കൈവരിച്ച നേട്ടങ്ങളുടെ പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചത് ശ്രദ്ധയോടെയുള്ള അയാളുടെ ചുവടുവെപ്പുകളും അളന്നു തൂക്കിയുള്ള അഭിപ്രായ പ്രകടനങ്ങളുമായിരുന്നു.
വിള്ളലേല്‍ക്കാത്ത ക്ഷമയാല്‍ കവചിതനായി, കാലമെടുത്ത് അബൂസുഫ്‌യാന്‍ രൂപപ്പെടുത്തുന്ന നയങ്ങളും നിരീക്ഷണങ്ങളും നിമിത്തം മക്കയിലും പുറത്തും അയാളെക്കുറിച്ചുള്ള മതിപ്പ് കൂടിക്കൂടിവന്നു. അയാളുടെ കണ്ണും കാതും ഘ്രാണേന്ദ്രിയങ്ങളും സദാസജീവമായിരുന്നു.
ദീര്‍ഘനാളത്തെ കാത്തിരിപ്പുകൊണ്ട് ഒരു കാര്യം നേടിയെടുക്കാനാകുമെന്ന് തന്റെ കുശാഗ്ര ബുദ്ധികൊണ്ടയാള്‍ ഗണിച്ചെടുത്താല്‍ പിന്നെ കാത്തിരിപ്പായി, അബൂജഹ്‌ലിനെപ്പോലെ എടുത്തുചാട്ടമില്ല, അബൂലഹബിനെപ്പോലെ കോപാന്ധതയില്ല.
മുഹമ്മദിനോടും അയാളുടെ പുത്തൻവാദത്തോടുമുള്ള അബൂസുഫ്‌യാന്‍റെ തണുത്ത സമീപനരീതികള്‍ പലപ്പോഴും പത്‌നി ഹിന്ദിനെ ശുണ്ഠി പിടിപ്പിച്ചു. പക്ഷേ, തന്റെ തീരുമാനങ്ങള്‍ക്കെതിരില്‍ നീങ്ങാന്‍ വളരെ അപൂര്‍വമായേ അബൂസുഫ്‌യാന്‍ തന്റെ ഭാര്യയെ അനുവദിച്ചിരുന്നുള്ളൂ. കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന കൊണ്ട് ഹിന്ദിനെ അയാള്‍ വരച്ച വരയില്‍ നിര്‍ത്തി.
പ്രവാചകനോടുള്ള ശത്രുതയില്‍ അബൂജഹ്‌ലിനും വളരെ വളരെ താഴെയാണ് അബൂസുഫ്‌യാന്റെ സ്ഥാനം, അങ്ങാടിയിൽ വെച്ച് തിരുദൂതർ ആക്രമിക്കപ്പെട്ട പല സന്ദർഭങ്ങളിലും അദ്ദേഹം അബൂസുഫ്‌യാന്റടുത്ത് അഭയം തേടി.
ഇത് ചിലപ്പോഴൊക്കെ കുടുംബ കലഹത്തിന് കാരണമാവുകയും ചെയതിട്ടുണ്ട്. വളരെയൊന്നും പഴക്കമില്ലാത്ത ഒരു സംഭവമുണ്ട്. മുഹമ്മദിന്റെ ഇളയ പുത്രി ഫാത്വിമ ചെറിയ കുട്ടിയാണ്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അവളെ കണ്ടമാത്രയിൽ വിദ്വേഷത്തിന്റെ വിറ കയറിയ അബൂജഹ്ൽ ചെന്ന് മുഖത്തടിച്ചു. അപമാനത്താലും വേദനായാലും പുളഞ്ഞ ഫാത്വിമയെ കൂട്ടി അബൂസുഫ്‌യാൻ അബൂജഹ്‌ലിന്റെ അടുത്തെത്തി അവളോട് അബൂജഹ്‌ലിനെ തിരിച്ചടിക്കാനാവശ്യപ്പെട്ടു.
മകൻ മുആവിയ സഞ്ചരിച്ചിരുന്ന കഴുതപ്പുറത്തു നിന്ന് അയാളെ ഇറക്കി തിരുദൂതരെ അതിനുമേൽ കയറ്റിയ ഭർത്താവിനു നേരെ തട്ടിക്കയറിയ ഹിന്ദിനോട്, “അങ്ങനെ പറയരുത്, നമ്മുടെ കൂട്ടത്തിലെ ഏറ്റവും പവിത്രമായ മനസ്സിനുടമയാണദ്ദേഹം.” എന്ന് അബൂസുഫ്‌യാൻ മറുപടി നൽകി.
പ്രവാചകനോടുള്ള കുറയ്ഷി നേതാക്കളുടെ സമീപനം പ്രതിജനഭിന്നമായിരുന്നുവെങ്കിലും ഇസ്‌ലാമിനോടുള്ള കടുത്ത നിലപാടില്‍ അവര്‍ ഏകകണ്ഠരായിരുന്നു. ജീവിതത്തിന്റെ വര്‍ണാഭമായ പൂവാടികളിലും ഹരിതാഭമായ
പുൽമേടുകളിലും വ്യാപരിക്കുന്നവരായിരുന്നുവല്ലോ അവര്‍.
മിക്കവാറും എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിത വിജയം കൈവരിച്ചവരാണ്. യുവാക്കള്‍ക്കാണെങ്കില്‍, ഇത് ജീവിതത്തിന്റെ ആദ്യ ചുവടുകൾ മാത്രമെന്ന തരത്തിലുള്ള ഒരു പ്രതീക്ഷ അവരെ ചൂഴ്ന്നു നില്‍ക്കുന്നുമുണ്ട്. ലാഭവും വിജയവും കൊയ്യാനുള്ള പുതിയ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുന്നത് ഓരോ അറബിയും കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരിക്കുന്നു.
അറേബ്യക്കാകമാനം സ്വീകരിക്കാവുന്ന മാതൃകായോഗ്യമായ ഒരു നേതൃത്വം രൂപപ്പെടുത്തിയെടുക്കുന്നതിനെക്കുറിച്ച് ഓരോ അറബിയുടെയും ബോധമണ്ഡലം സജീവമാണ്. സമ്പത്ത് സ്വയം ഒരു മഹത്വമല്ല, അത് ലക്ഷ്യത്തിലേക്കുള്ള അനേക മാര്‍ഗങ്ങളില്‍ ഒന്നുമാത്രമേ ആകുന്നുള്ളു. സംരക്ഷകനായോ സഖ്യക്കാരനായോ ഒരു വലിയ മനുഷ്യനെ അവര്‍ക്ക് ഇപ്പോള്‍ ലഭിക്കേണ്ടതുണ്ട്. അയാള്‍ക്ക് അറബികളെ പ്രതിസന്ധികളില്‍ നയിക്കാനും വിജയത്തിലേക്ക് തെളിക്കാനും സാധിക്കണം. ഒന്നാന്തരം സഖ്യകക്ഷികളെ നേടിയെടുക്കാന്‍ അയാള്‍ പ്രാപ്തനായിരിക്കണം.
ശക്തനായ നായകന്റെ സ്ഥാനത്ത് കാണുന്ന ശൂന്യതയാണ് അബൂസുഫ്‌യാന്റെ പദ്ധതികളെ മുമ്പോട്ടു നീക്കിയത്. സമൂഹ ഗാത്രത്തിന്റെ നെഞ്ചില്‍ ചെവി ചേര്‍ത്തുവെച്ച് മിടിപ്പുകള്‍ക്ക് കാതോര്‍ത്ത് അയാള്‍ കാത്തിരുന്നു. എത്രകാലം കാത്തിരിക്കാനും അയാള്‍ തയ്യാറാണ്. “അങ്ങിനെയെങ്കില്‍ അയാള്‍ ലക്ഷ്യം നേടുക തന്നെ ചെയ്യും.” അബൂസുഫ്‌യാനെ അറിയാവുന്നവര്‍ അടക്കം പറഞ്ഞു.
കുറയ്ഷികളുടെ നേതൃത്വമേറ്റെടുത്തു കൊണ്ട് റോമായോടും പേര്‍സ്യയോടും വിലപേശുന്ന ആനന്ദദായിയായ ഒരു വരുംകാലത്തിന് അബൂസുഫ്‌യാൻ മനസ്സില്‍ അടിത്തറ പാകി. ആ വിചാരം അയാളുടെ ഏകാന്ത നിമിഷങ്ങളെ തരളമാക്കി.
പകല്‍ക്കിനാക്കളിലൊതുങ്ങുന്നതല്ല അബൂസുഫ്‌യാന്റെ പദ്ധതികള്‍. അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ അയാള്‍ എന്നേ ആരംഭിച്ചുകഴിഞ്ഞു. ജാഹിലീ കാലത്തിന്റെ അനുകൂലമായ സാഹചര്യങ്ങളുപയോഗപ്പെടുത്തി അയാള്‍ നടത്തിയ നിരവധി വിവാഹങ്ങളോരോന്നും ആ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. ആണ്‍മക്കളെക്കൊണ്ട് വിവാഹം കഴിപ്പിച്ചപ്പോഴും പെണ്‍മക്കളെ വിവാഹം ചെയ്തയച്ചപ്പോഴും ഈ ലാക്ക് അയാളുടെ മുമ്പില്‍ തിങ്ങിയ സാന്നിധ്യമായി നിലകൊണ്ടു. അങ്ങനെ
അധൃഷമായ ബന്ധുത്വത്തിന്റെ ബലിഷ്ഠമായ ഒരു വല വളരെക്കാലത്തെ ക്ഷമാപൂര്‍വ്വമായ നീക്കങ്ങളിലൂടെ അബൂസുഫ്‌യാന്‍ നെയ്‌തെടുത്തു.
ധനം തീര്‍ച്ചയായും തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. പക്ഷേ ഒരു സമൂഹം മുഴുവന്‍ മാതൃകാ പുരുഷനെന്ന നിലയില്‍ നേതൃപദവിയിലിരുത്തിയ ഒരാളില്‍ കാണപ്പെടേണ്ട ഒരുപാടു ഗുണങ്ങളുണ്ട്. അവ പൂര്‍ത്തീകരിക്കണം. ഉദാരതയും ദീനാനുകമ്പയുമാണ് പട്ടികയില്‍ മുകളില്‍ നില്‍ക്കുന്നത്.
ദൈവത്തില്‍ നിന്ന് പ്രീതി ലഭിക്കണമെന്ന ലക്ഷ്യം ഇവിടെ വിദൂര സാന്നിധ്യമായിപ്പോലുമില്ല. തങ്ങളുടെ നേതാവ് കരുണാര്‍ദ്ര മനസ്‌കനാണെന്ന് സ്തുതിക്കപ്പെടണം. അറേബ്യയിലെ, സാധിക്കുമെങ്കില്‍ അതിനുമപ്പുറത്തെ, ജനങ്ങളെല്ലാം വലിയവായില്‍ തന്റെ സ്തുതിഘോഷണം നടത്തണം. കാലത്തിന്റെ കാലുഷ്യത്തിനുള്ള മറുമരുന്നായി താന്‍ വാഴ്ത്തപ്പെടണം. മനസ്സലിവുകളുടെ നടുനായകനായി സ്വയം കാണിച്ചുകൊടുക്കണം. അങ്ങനെയങ്ങനെ തന്റെ ശബ്ദതരംഗങ്ങളിലെ സൂക്ഷ്മമായ വ്യതിരേകങ്ങള്‍ക്കനുസരിച്ച് അറബികളൊന്നടങ്കം ചാടിയെഴുന്നേല്‍ക്കുകയും അടിച്ചിരുത്തപ്പെടുകയും വേണം.
അറബികള്‍ക്ക് അവരാഗ്രഹിക്കുന്ന സംരക്ഷണം നല്‍കുന്ന കാര്യത്തില്‍, മികച്ച സഖ്യം രൂപപ്പെടുത്തുന്ന കാര്യത്തില്‍, അഥവാ, മറ്റേതെങ്കിലും അഭിലാഷം സാക്ഷാത്ക്കരിക്കാൻ, അതിരും എതിരുമില്ലാത്ത അധികാരകേന്ദ്രമായി വളര്‍ന്നുവരാന്‍ സൂക്ഷ്മമായ കരുനീക്കങ്ങളാണ് അബൂസുഫ്‌യാന്‍ നടത്തിയത്. അതിനായി കുലധര്‍മ്മത്തിന്റെ അടിതെറ്റാത്ത പാതയിലൂടെ സഞ്ചരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. താന്‍ ജീവിച്ചിരിക്കുമ്പോഴും തന്റെ മരണത്തിനുശേഷവും ജനങ്ങള്‍ തന്നെ വാഴ്ത്തുകയും തന്റെ ചെയ്തികളെ പ്രശംസിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയെന്നാല്‍ ഈ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കുമത്. ആദരത്തിനപ്പുറം അമരത്വവും അതു സമ്മാനിക്കും.
അബൂസുഫ്‌യാന്‍ മാത്രമല്ല അറബികളുടെ അനിഷേധ്യ നേതൃത്വമാഗ്രഹിക്കുന്നത്. മുഗീറയുടെ പുത്രന്‍ വലീദും അക്കൂട്ടത്തിലൊരാളാണ്. അബൂസുഫ്‌യാനെപ്പോലെ കണക്കുകൂട്ടിയുള്ള നീക്കങ്ങളൊന്നും അയാള്‍ നടത്തുന്നില്ലെന്നുമാത്രം. നേതൃത്വത്തിനും പദവിക്കുമായുള്ള അവരുടെ ദുര അവരില്‍ ഒരുതരം ആത്മസംതൃപ്തി സൃഷ്ടിച്ചു. അതാകട്ടെ, ലൗകിക ജീവിതത്തിന്റെ പൊങ്ങച്ചങ്ങളെ, അവരുടെ ജീവിതത്തില്‍ അവര്‍ക്ക് എല്ലാം നേടിക്കൊടുത്തുവെന്നവര്‍ കരുതുന്ന പൊങ്ങച്ചങ്ങളെ, വലിച്ചെറിയാനാഹ്വാനം ചെയ്യുന്ന ഒരു സന്ദേശത്തിനുനേരെ കാതുകളുടെ വായ്‌മുഖം വലിച്ചടക്കാൻ അവരെ നിര്‍ബദ്ധരാക്കി.
അറേബ്യ ഇപ്പോഴുള്ളതുപോലെ എത്രകാലം നിലനില്‍ക്കും എന്നതിനെ ആശ്രയിച്ചാണ് അവരുടെ അമരത്വ സ്വപ്നം വിടരുന്നതും കരിയുന്നതും. അറബി മൂല്യങ്ങള്‍ ഭൂതകാലത്തെ സജീവമാക്കിയതുപോലെ ഭാവിയെയും താങ്ങിനിര്‍ത്തിയെങ്കില്‍ മാത്രമേ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.
എങ്കിലും, അബൂസുഫ്‌യാനാകട്ടെ, വലീദാകട്ടെ, വ്യത്യസ്ത അളവിലാണെങ്കില്‍ക്കൂടി സൂക്ഷ്മവേദിയായ മനസ്സുകള്‍ക്കുടമകളായിരുന്നു. കുര്‍ആനിന്റെ ഭാഷാ സൗന്ദര്യത്തില്‍, അര്‍ത്ഥഗാംഭീര്യത്തില്‍ എല്ലാം തങ്ങള്‍ക്കുണ്ടായ അത്ഭുതം മറച്ചുവെക്കാനവര്‍ക്കായില്ല. ദിവ്യവെളിപാടുകള്‍ക്കിടയിലെ ആശയ സ്ഫുലിംഗങ്ങള്‍ വജ്ര സമാനം അവരുടെ മനസ്സിലേക്ക് പാളിക്കേറി. ”ഈ അധോജീവിതം നേരമ്പോക്കും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം; അതാണ് ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍.”
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)
No comments yet.